ബൈബിളിന്റെ വീക്ഷണം
സമ്മർദത്തെ തരണം ചെയ്യാൻ എന്തിനു സഹായിക്കാൻ കഴിയും?
നിങ്ങൾ സമ്മർദത്തിന് ഇരയാണോ? ആണെങ്കിൽ നിങ്ങളെപ്പോലെ അനേകരുണ്ട്. ഇവ “ഇടപെടാൻ പ്രയാസകരമായ ദുർഘടസമയങ്ങ”ളാണ്, ഏതു പ്രായത്തിലും ജീവിതതലത്തിലും ഉള്ളവർക്കു സമ്മർദമുണ്ട്. (2 തിമോത്തി 3:1, NW) പകുതിയിലധികം പേരും ഡോക്ടർമാരെ കാണുന്നത് സമ്മർദത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തമാണെന്നു ചില വിദഗ്ധർ അവകാശപ്പെടുന്നു.
എന്നാൽ സമ്മർദം അതിൽത്തന്നെ മോശമായ ഒരു സംഗതിയല്ല. സമ്മർദത്തിനു ചികിത്സിക്കുന്ന ഒരു ക്ലിനിക്ക് ഡയറക്ടർ ഇപ്രകാരം പറയുന്നു: “വാസ്തവത്തിൽ, നമുക്കതു പ്രചോദനവും ഉത്സാഹവും കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള ഊർജവും പ്രദാനം ചെയ്യുന്നു. അതു കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ നാമത് ആസ്വദിക്കും.”
അതേസമയം തന്നെ സമ്മർദത്തിന് സംഹാരകവും വിനാശകരവുമായിരിക്കാൻ കഴിയും. നിങ്ങളുടെ കാര്യത്തിൽ സമ്മർദം പ്രശ്നങ്ങൾ വരുത്തിക്കൂട്ടുന്നെങ്കിലോ? അതിന്റെ വിനാശക ഫലങ്ങൾ പരമാവധി കുറയ്ക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ബൈബിൾ ജ്ഞാനത്തിൽ അധിഷ്ഠിതമായ ഏതാനും നിർദേശങ്ങൾ ഇതാ.
അമിതമായ പ്രതീക്ഷകൾ ഒഴിവാക്കുക
“ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:12) പ്രതീക്ഷകൾ പൂവണിയാതെ പോകുമ്പോൾ സമ്മർദം വളരെ ശക്തമായിത്തീരാം. നമ്മുടെ പ്രതീക്ഷകളെ അവാസ്തവികമായി നാം ഉയരത്തിൽ പ്രതിഷ്ഠിക്കുമ്പോൾ സമ്മർദം ഉണ്ടാകുമെന്നുള്ളതിനു രണ്ടുപക്ഷമില്ല.
ഉദാഹരണത്തിന്, സന്തുഷ്ടി ഭൗതിക വസ്തുക്കൾ സ്വരുക്കൂട്ടുന്നതിലാണ് ആശ്രയിച്ചിരിക്കുന്നതെന്നു വിശ്വസിക്കാൻ തക്കവണ്ണം പരസ്യമാധ്യമങ്ങൾ അനേകരെയും കബളിപ്പിച്ചിരിക്കുന്നു. ഒരുവൻ തന്റെ പരിധിയിലൊതുങ്ങാത്ത സംഗതികൾ കാംക്ഷിക്കുമ്പോൾ, അതിന്റെ അനന്തരഫലങ്ങൾ സമ്മർദവും നൈരാശ്യവുമായിരിക്കാം. അതുകൊണ്ട്, ബൈബിൾ ഈ ബുദ്ധ്യുപദേശം നൽകുന്നു: “ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” (1 തിമൊഥെയൊസ് 6:8) അതേ, നിങ്ങൾ സ്വന്തമാക്കാനാഗ്രഹിക്കുന്നതരം കാറോ വീടോ ഫർണീച്ചറോ ഇല്ലെങ്കിൽപ്പോലും നിങ്ങൾക്ക് ഉള്ള കാര്യങ്ങളെ വിലമതിക്കുക. ഭൗതികമായുള്ള പ്രതീക്ഷകളെ പരിമിതമായി നിർത്തുക.
ആളുകളെ സംബന്ധിച്ച അമിത പ്രതീക്ഷകളും സമ്മർദം കൈവരുത്തിയേക്കാം. ഉദാഹരണത്തിന്, ഒരു തൊഴിലുടമയ്ക്കോ മേൽനോട്ടക്കാരനോ തന്റെ അധികാരത്തിൻ കീഴിലുള്ളവരിൽനിന്നു സാമാന്യ തൊഴിൽനിലവാരം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്, എന്നാൽ അവരിൽനിന്നു പൂർണത പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമായിരിക്കും. ബ്രസീലിലെ ഒരു ഫാക്ടറി സൂപ്പർവൈസറായ കാർലോസ് പറയുന്നത് കേൾക്കൂ: “ആളുകൾ എങ്ങനെയായിരിക്കുന്നുവോ അങ്ങനെതന്നെ അവരെ അംഗീകരിക്കേണ്ടതുണ്ട്. അവർക്കു നൽകാൻ കഴിയുന്നതിലധികം പ്രതീക്ഷ വച്ചുപുലർത്തുകയാണെങ്കിൽ, അത് സകലരെയും അസന്തുഷ്ടരാക്കിക്കൊണ്ടു സമ്മർദം വർധിപ്പിക്കും.”—താരതമ്യം ചെയ്യുക: യിരെമ്യാവു 17:5-8.
ദുഷ്കരമായ ലാക്കുകളിൽനിന്ന് ഉളവാകുന്ന സമ്മർദത്തെ നിയന്ത്രിക്കുക
‘നേട്ടങ്ങൾ കൈവരിക്കുന്നതിനെ മാത്രം ചുററിപ്പററിയുള്ളതും മത്സരപൂർവകവുമായ ഒരു മനോഭാവം ഹൃദ്രോഗം ഉണ്ടാകുന്നതിലെ അപകടകരമായ ഒരു ഘടകമാണ്’ എന്ന് പ്രസ്താവിച്ചുകൊണ്ട് ലാററിനമേരിക്ക ഡെയ്ലി പോസ്ററ് സമ്മർദത്തിന്റെ മറെറാരു സ്രോതസ്സ് വെളിപ്പെടുത്തുന്നു. ചെറുപ്പക്കാരനായ ഒരു അക്കൗണ്ടൻറ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഓഫീസിലായിരിക്കുമ്പോൾ എന്റെ ഏതെങ്കിലും തരത്തിലുള്ള ബലഹീനത വെളിപ്പെടുത്താൻ എനിക്കു വളരെ വിമ്മിട്ടവും ഭയവുമാണ്. ഞാൻ വളരെ കഠിനമായി അധ്വാനിക്കാറുണ്ട്, എന്നാൽ മററുള്ളവരുടെ അംഗീകാരം കിട്ടാത്തപ്പോൾ നിരാശ തോന്നുകയും ചെയ്യുന്നു.”
അംഗീകാരത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള അത്തരം വാഞ്ഛയെ സംബന്ധിച്ചു ശലോമോൻ ഇപ്രകാരം പറഞ്ഞു: “സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മററവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.”—സഭാപ്രസംഗി 4:4.
ജോലിയിലെ പുരോഗതിയുടെയോ അംഗീകാരത്തിന്റെയോ കാര്യമെടുക്കുമ്പോൾ ‘വേഗതയുള്ളവർ എപ്പോഴും ഓട്ടത്തിൽ നേടുന്നില്ല’ എന്നതാണു വസ്തുത. (സഭാപ്രസംഗി 9:11) ബ്രസീലിലെ ഒരു ഓഫീസ് ജീവനക്കാരിയായ മാരിയ അതിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒരാൾക്കു കഴിവുണ്ടായിരിക്കാം, എന്നാൽ സാഹചര്യങ്ങൾ, ഒരുപക്ഷേ പക്ഷപാതം പോലും, ജോലിക്കയററത്തെ തടഞ്ഞേക്കാം.”—താരതമ്യം ചെയ്യുക: സഭാപ്രസംഗി 2:21; 10:6.
നിങ്ങളുടെ പ്രതീക്ഷകൾ മിതമായി നിർത്തുകയും നിങ്ങളുടെ പരിമിതികൾ തിരിച്ചറിയുകയും ചെയ്യുക. ഉന്നമനത്തിനു വേണ്ടി മാത്രം പ്രയത്നിക്കുന്നതിനുപകരം ജോലി കൈവരുത്തുന്ന സന്തോഷത്തിനു വേണ്ടി പ്രവർത്തിക്കുക. (സഭാപ്രസംഗി 2:24) നേട്ടങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചു മാത്രം എപ്പോഴും ചിന്തിക്കുന്ന വ്യക്തിക്കു ജീവിതത്തിലെ സന്തോഷത്തിലധികവും നഷ്ടമാകുന്നു, മാത്രമല്ല അത്തരമൊരുവൻ വിജയിക്കാനുള്ള സ്വന്തം ശ്രമങ്ങളെപ്പോലും തുരങ്കം വയ്ക്കുംവിധം വളരെ പിരിമുറുക്കമുള്ളവനായിത്തീരാനിടയുണ്ട്. ഡോ. ആർനൊൾഡ് ഫോക്സ് ഇപ്രകാരം ബുദ്ധ്യുപദേശിച്ചു: “നിങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ ഏററവും മികച്ചവനായിത്തീരാനുള്ള ലക്ഷ്യം വളരെ നല്ലതാണ്, എന്നാൽ ആ ഒരു ചിന്ത മാത്രം നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കരുത്. സ്നേഹപ്രകടനങ്ങൾ, ചിരി, ജീവിതത്തിലെ സന്തോഷം തുടങ്ങിയവയെ അവഗണിച്ചാൽ, അഥവാ ജീവിതം ആസ്വദിക്കാൻ മറന്നുപോകത്തക്കവണ്ണം വിജയം നേടാനുള്ള ശ്രമത്തിൽ കുടുങ്ങിപ്പോയാൽ നിങ്ങൾ സമ്മർദം സ്വയം വലിച്ചുവയ്ക്കുകയായിരിക്കും.”
നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ
ജീവിതത്തിന്റെ അനുദിന സമ്മർദങ്ങളുടെ പിരിമുറുക്കത്തോടു ചെറുത്തുനിൽക്കാവുന്ന മറെറാരു വിധം നർമരസം നട്ടുവളർത്തുക എന്നതാണ്. (സഭാപ്രസംഗി 3:4) സന്തോഷപൂരിതമായ ഒരു മനോഭാവം ഉണ്ടായിരിക്കുന്നതിനു നിങ്ങൾ ഒരു വലിയ തമാശക്കാരൻ ആയിരിക്കേണ്ടതില്ല. “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.”—സദൃശവാക്യങ്ങൾ 17:22.
കാര്യങ്ങൾ ചെയ്തുതീർക്കാതെ നാളെ, നാളെ എന്നു നീട്ടിവെക്കുന്ന രീതി നിങ്ങൾക്കുണ്ടോ? കാലക്രമത്തിൽ, ഈ നീട്ടിവെപ്പ് സമ്മർദത്തെ കുറയ്ക്കുന്നതിനു പകരം കൂട്ടുകയേ ഉള്ളൂ. ബൈബിൾ ഇപ്രകാരം ഉപദേശിക്കുന്നു: “നിന്റെ ജോലിയിൽ ഉഴപ്പരുത്.” (റോമർ 12:11, NW) നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക എഴുതി തയ്യാറാക്കുകയോ മനസ്സിൽ കുറിച്ചിടുകയോ ചെയ്യുക. (സദൃശവാക്യങ്ങൾ 21:5) അതിനുശേഷം ആദ്യമേ ചെയ്യേണ്ട കാര്യങ്ങൾ ഏവയെന്നു തിട്ടപ്പെടുത്തുക—എന്നിട്ട് അവ ചെയ്തുതുടങ്ങുക.
എന്നാൽ, നിങ്ങളുടെ അത്യുത്തമ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടുപോലും പിരിമുറുക്കമോ സമ്മർദമോ അനുഭവപ്പെടുന്നെങ്കിലെന്ത്? ചിന്താഗതിക്കു മാററം വരുത്താൻ നിങ്ങൾ നല്ലൊരു ശ്രമം നടത്തേണ്ടതുണ്ടായിരിക്കാം. കഴിഞ്ഞകാല തെററുകളിൽ മനസ്സു വ്യാപൃതമാകുവാൻ അനുവദിക്കരുത്. അത് ഇപ്പോഴുള്ള സമ്മർദത്തെ വർധിപ്പിക്കുകയേ ഉള്ളൂ. 19-ാം നൂററാണ്ടിലെ ഒരു തത്ത്വചിന്തകൻ ഇപ്രകാരം എഴുതി: “നാം ഭൂതകാലത്തേക്കു പിന്തിരിഞ്ഞു നോക്കിയാലേ ജീവിതത്തെ മനസ്സിലാക്കാൻ കഴിയൂ; എന്നാൽ ജീവിക്കേണ്ടത് ഭാവിയെ മനസ്സിൽ കരുതിക്കൊണ്ടായിരിക്കണം.” തെററുകളിൽനിന്നു നമുക്കു പഠിക്കാൻ കഴിയും, എങ്കിലും നമ്മുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളാണു ഭാവിയെ രൂപപ്പെടുത്തുന്നത്.
“എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ” എന്നു യഹോവയോടു പ്രാർഥിച്ചപ്പോൾ സമ്മർദം അകററാനുള്ള അത്യുത്തമ മാർഗത്തിലേക്കു ദാവീദ് രാജാവു വിരൽ ചൂണ്ടുകയായിരുന്നു. (സങ്കീർത്തനം 25:17) അതേ, തന്റെ ഉത്കണ്ഠകൾ ലഘൂകരിച്ചുകിട്ടാൻ ദാവീദ് ദൈവത്തിങ്കലേക്കു നോക്കി. ദൈവവചനം വായിക്കാനും അതിനെക്കുറിച്ചു ധ്യാനിക്കാനും സമയമെടുക്കുന്നെങ്കിൽ, നിങ്ങൾക്കും അതുപോലെതന്നെ ദൈവത്തോടു കൂടുതൽ അടുത്തായിരിക്കുന്നതായി തോന്നും. ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ നിങ്ങൾ വിലമതിക്കാൻ ഇടയായിത്തീരുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അവന്റെ താത്പര്യങ്ങളെ ഒന്നാമതു വെക്കാൻ നിങ്ങൾ പ്രേരിതരാകും. അത് അനാവശ്യമായ അനേകം ഉത്കണ്ഠകളിൽനിന്നു നിങ്ങൾക്ക് ആശ്വാസം കൈവരുത്തുകയും ചെയ്യും. (മത്തായി 6:31, 33) ഒരു സമയത്ത് ഒരു ദിവസത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ പഠിക്കുക. നാളത്തെ ഉത്കണ്ഠകളെ ഇന്നത്തേതിനോട് എന്തിനു കൂട്ടണം? യേശു ഇങ്ങനെ പറഞ്ഞു: “നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.”—മത്തായി 6:34.
[15-ാം പേജിലെ ആകർഷകവാക്യം]
“ഒരാൾക്കു കഴിവുണ്ടായിരിക്കാം, എന്നാൽ സാഹചര്യങ്ങൾ, ഒരുപക്ഷേ പക്ഷപാതം പോലും, ജോലിക്കയററത്തെ തടഞ്ഞേക്കാം”
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Metropolitan Museum of Art, Funds given by the Josephine Bay Paul and C. Michael Paul Foundation, Inc., and the Charles Ulrick and Josephine Bay Foundation, Inc., and the Fletcher Fund, 1967.