യുവജനങ്ങൾ ചോദിക്കുന്നു. . .
ഡാഡി മരിക്കേണ്ടിവന്നത് എന്തുകൊണ്ട്?
കരുത്തനും ആരോഗ്യവാനുമായി അറിയപ്പെട്ടിരുന്ന ആലിന്റെ പിതാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോൾ എല്ലാവരും അതിശയിച്ചുപോയി. എങ്കിലും ഡാഡി ഉടൻതന്നെ വീട്ടിൽതിരിച്ചെത്തുമെന്ന് ആലിന് പൂർണവിശ്വാസമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നില പെട്ടെന്നു മോശമായി, അദ്ദേഹം മരിച്ചു. “ഇത്രയും ശക്തനായ ഒരാൾ മരിച്ചുപോയെന്ന് എനിക്കു വിശ്വസിക്കാനായില്ല,” ആൽ വിലപിച്ചു.
കിമ്മിന്റെ പിതാവ് സ്നേഹമയിയായ ഒരു ക്രിസ്തീയ മനുഷ്യനായിരുന്നു. വിട്ടുമാറാത്ത ഒരു ആരോഗ്യപ്രശ്നം മൂലം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ടുള്ളതാണ്. എന്നാൽ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരുന്നതായി തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം കുളിമുറിയിൽ വീണു. “ഡാഡി മരിച്ചുപോയെന്ന് കണ്ടയുടനെ എനിക്കു മനസ്സിലായി,” കിം ഓർമിക്കുന്നു. “ചെയ്തു പരിചയമില്ലെങ്കിലും സിപിആർ (cardiopulmonary resuscitation) രീതിയിലൂടെ ഡാഡിയെ രക്ഷപ്പെടുത്താൻ എന്റെ അമ്മയും സഹോദരനും കിണഞ്ഞു ശ്രമിച്ചു. ഞാൻ എന്റെ മുറിയിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ പ്രാർഥിച്ചു: ‘യഹോവേ, ഇതു സംഭവിക്കരുതേ. ഡാഡിയെ ജീവിക്കാൻ അനുവദിക്കണമേ!’ എന്നാൽ ഡാഡിക്കു ബോധം വീണില്ല, ഒരിക്കലും.”
ഈ ലോകത്തിലെ ഒരു കഠിന യാഥാർഥ്യമാണ് മരണം. ബൈബിൾ പറയുന്നു: “എല്ലാററിന്നും ഒരു സമയമുണ്ടു . . . ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 2) നിങ്ങൾ ഒരു ക്രിസ്ത്യാനിയായാണ് വളർത്തപ്പെട്ടിരിക്കുന്നതെങ്കിൽ ആളുകൾ മരിക്കുന്നതിന്റെ കാരണം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാന പ്രത്യാശ എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കലുകൾ നിങ്ങൾക്ക് അറിയാമായിരിക്കും.a
എന്നിരുന്നാലും, മാതാവിന്റെയോ പിതാവിന്റെയോ നഷ്ടം നിങ്ങളെ തളർത്തിക്കളഞ്ഞേക്കാം. അത് നിങ്ങളുടെ ജീവിതത്തിലെ ഏററവും പ്രയാസകരമായ അനുഭവങ്ങളിലൊന്നാണ്. അത് നിങ്ങൾ ഉപേക്ഷിക്കപ്പെട്ടവരും അരക്ഷിതരും ആണെന്നു തോന്നാൻ ഇടവരുത്തുന്നു. ശാരീരികമായും വൈകാരികമായും നിങ്ങൾ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഒരളവുവരെ സ്വാതന്ത്ര്യമുണ്ടെങ്കിലും പല കാര്യങ്ങളിലും നിങ്ങൾക്കു മാതാപിതാക്കളെ ആവശ്യമുണ്ട്.b
അപ്പോൾ, മാതാപിതാക്കളെ മരണത്തിൽ നഷ്ടമാകുമോ എന്നതാണ് ഒരു കൗമാരപ്രായക്കാരന്റെയോ കൗമാരപ്രായക്കാരിയുടെയോ ഏററവും വലിയ ഭയം എന്ന് ഒരു സർവേ വെളിപ്പെടുത്തിയത് അതിശയമല്ല. ഒരു യുവതി ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “സത്യം പറഞ്ഞാൽ മിക്കപ്പോഴും എന്റെ മാതാപിതാക്കൾ ഒരു ശല്യമാണ്. എങ്കിലും അവർക്ക് എന്തെങ്കിലും സംഭവിക്കുന്നത് കാണാൻ എനിക്കു വയ്യ. അതിനെക്കുറിച്ച് ഞാൻ ഉത്കണ്ഠപ്പെടുന്നു.”—അമേരിക്കൻ കൗമാരപ്രായക്കാരന്റെ രഹസ്യജീവിതം (ഇംഗ്ലീഷ്).
അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളിൽ ആരെങ്കിലും മരിച്ചുപോകുമ്പോൾ നിങ്ങൾ വൈകാരികമായി സ്തംഭിച്ചുപോകുന്നത് അതിശയമല്ല. ആദ്യം കുറഞ്ഞത് കരയാൻ പോലും വയ്യാത്തവിധം നിങ്ങൾ വല്ലാതെ തരിച്ചുപോയേക്കാം. ഇത് അസാധാരണമല്ല. വലിയ സമ്മർദത്തിൻ കീഴിലായിരുന്നപ്പോൾ സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു.” (സങ്കീർത്തനം 38:8) കുടുംബത്തിലെ മരണവും സങ്കടവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “അടികൊണ്ട് ആഴത്തിൽ മുറിവുണ്ടാകുകയോ അസ്ഥി പൊട്ടുകയോ ചെയ്യുമ്പോൾ ശരീരത്തിന് ഞെട്ടലുളവാകുന്നു. ഈ ഞെട്ടൽ [പെട്ടെന്നുള്ള] ആഘാതത്തിന്റെ അതിവേദന അറിയാതിരിക്കാനുള്ള ഒരു സംരക്ഷണോപാധി ആണ്. സങ്കടവും ഏറെക്കുറെ അതേരീതിയിലാണ് പ്രവർത്തിക്കുന്നത്.” എന്നാൽ, ആദ്യമുണ്ടായ ആ ഞെട്ടൽ പോയിക്കഴിയുമ്പോൾ എന്താണു സംഭവിക്കുക?
‘എനിക്കു വല്ലാത്ത കോപം തോന്നുന്നു’
ഒരു കൊച്ചു പെൺകുട്ടി മരിച്ചുപോയപ്പോൾ “എല്ലാവരും . . . കരകയും മുറയിടുകയും“ ചെയ്തതായി ലൂക്കൊസ് 8:52-ൽ നാം വായിക്കുന്നു. അതെ, മരണം പ്രിയപ്പെട്ട ഒരാളെ ആക്രമിക്കുമ്പോൾ ദുഃഖത്തിന്റെയും കുററബോധത്തിന്റെയും ഭയത്തിന്റെയും എന്തിന് കോപത്തിന്റെപോലും ശക്തമായ വികാരങ്ങൾ ഒന്നിച്ച് അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രമാണ്.
കോപം വരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ മാതാപിതാക്കൾ ഉള്ളപ്പോൾ നമുക്ക് സുരക്ഷിതത്വവും ഭദ്രതയും തോന്നുന്നു. എന്നാൽ അവരിലൊരാൾ മരിച്ചുപോകുമ്പോൾ പേടിയും ആരുമില്ല എന്ന തോന്നലും ഉണ്ടാകുന്നതു സ്വാഭാവികമാണ്. മാതാവോ പിതാവോ നിങ്ങളെ അറിഞ്ഞുകൊണ്ടു വിട്ടുപോയതാണെന്നല്ല. മറിച്ച് മരണം നമ്മുടെ ശത്രുവാണ്. (1 കൊരിന്ത്യർ 15:26) മരണം പ്രിയപ്പെട്ട ഒരാളുടെ ജീവനെ കൈവശപ്പെടുത്തുമ്പോൾ ഉണ്ടാക്കുന്ന നഷ്ടം തികച്ചും യഥാർഥവും വേദന അനിഷേധ്യവുമായിരിക്കും. 18 വയസ്സുകാരി വെൻഡി അതു സംബന്ധിച്ച് എന്താണു പറയുന്നതെന്നു നോക്കൂ: “എന്റെ പിതാവ് മരിച്ചുപോയപ്പോൾ ഞാൻ ഈ ലോകത്തിൽ ഒററയ്ക്കാണെന്ന് എനിക്കു തോന്നുകയും ഭയം അനുഭവപ്പെടുകയും ചെയ്തു. എന്നെ സഹായിക്കാൻ തക്കവണ്ണം പിതാവ് എന്റെകൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്.” സ്നേഹം, പിന്തുണ, പ്രബോധനം എന്നിങ്ങനെ നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്കു കോപം തോന്നിയേക്കാം. അത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഉദാഹരണത്തിന്, ഡെബി എന്ന പെൺകുട്ടിക്ക് അവളുടെ അമ്മാവനോട് വലിയ അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അവൾ ഇപ്രകാരം എഴുതി: “നല്ലവനും അതിയായി സ്നേഹിക്കപ്പെടുന്നവനും യഹോവയെ സ്നേഹിച്ചിരുന്നവനും ആയ ഒരാൾ അത്രയും കഷ്ടപ്പെടുകയും ഇത്രമാത്രം അതിവേദനപ്പെട്ടു മരിക്കുകയും ചെയ്യേണ്ടിവന്നത് ഒട്ടും നന്നായില്ല. ഞാൻ ഒരു ക്രിസ്ത്യാനിയായി വളർത്തപ്പെട്ടവളാണ്, ആളുകൾ പ്രായം ചെന്ന് മരിക്കുന്നതിന്റെയും നല്ല ആളുകൾ കഷ്ടപ്പെടുന്നതിന്റെയും കാരണം അറിയുകയും ചെയ്യാം, എങ്കിലും എന്നെ ബാധിച്ച കോപ വികാരങ്ങളെ നേരിടാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ.”
ചിലർക്കാണെങ്കിൽ മരിച്ചുപോയ മാതാവിനോടോ പിതാവിനോടോ പോലും ദേഷ്യം തോന്നിയേക്കാം. കൊച്ചു വിക്ടോറിയ ഇപ്രകാരം സമ്മതിക്കുന്നു: “എന്റെ വല്യപ്പച്ചൻ കഴിഞ്ഞവർഷം മരിച്ചുപോയി. മരിച്ചതുകൊണ്ട് അദ്ദേഹത്തോട് എനിക്കു വല്ലാത്ത കോപമായിരുന്നു. കോപം പോയപ്പോൾ എനിക്കു വല്ലാത്ത ദുഃഖവും തോന്നി.” വാസ്തവത്തിൽ, ചിലർക്കു ദൈവത്തോടുപോലും കോപം തോന്നിയിട്ടുണ്ട്. ഹൃദയസ്തംഭനംമൂലം പെട്ടെന്നു പിതാവിനെ നഷ്ടമായ 14 വയസ്സുകാരി ടെറി സമ്മതിച്ചു പറഞ്ഞു: “ദൈവത്തിന്റെ കാര്യം ഓർക്കുമ്പോൾ എനിക്കു ഭ്രാന്തു പിടിക്കുന്നു. എന്റെ ഡാഡി മരിക്കേണ്ടിവന്നതെന്തുകൊണ്ടാണ്, അതും ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും എനിക്ക് അദ്ദേഹത്തെ ഇത്രമാത്രം ആവശ്യമായിരിക്കയും ചെയ്യുന്ന ഈ സമയത്ത്?”
‘എനിക്ക് ഇപ്പോൾ വല്ലാത്ത കുററബോധം തോന്നുന്നു’
മാതാപിതാക്കളിലാരെങ്കിലും മരിക്കുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ഒരു പ്രതികരണമാണ് കുററബോധം. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 3:23) അതിന്റെ ഫലമായി, മിക്ക കൗമാരപ്രായക്കാരും മാതാപിതാക്കളുമായി ഇടയ്ക്കിടയ്ക്ക് ഏററുമുട്ടുന്നു. എന്നാൽ അവരിൽ ആരെങ്കിലും മരിക്കുമ്പോൾ ആ പഴയ ഏററുമുട്ടലുകളും വാദപ്രതിവാദങ്ങളും തീരാദുഃഖത്തിന്റെ ഒരു ഉറവിടമായിത്തീരുന്നു.
പരസ്പരം സ്നേഹിക്കുന്നവരുടെ ഇടയിൽപ്പോലും ചിലപ്പോഴൊക്കെ ഭയങ്കരമായ പൊരുത്തക്കേടുണ്ടായേക്കാം എന്നോർമിക്കുന്നതു നന്നായിരിക്കും. യുവതിയായ എലീസ ഇപ്രകാരം സമ്മതിച്ചു: “ഞാൻ എന്റെ അമ്മയെ സ്നേഹിച്ചു, അമ്മ എന്നെയും സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയാം. എന്നാൽ അവർക്കു രോഗം പിടിപെടുന്നതിനു മുമ്പുള്ള ഏതാനും മാസങ്ങളിൽ ഞങ്ങൾക്കു പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു കാര്യവുമില്ലാത്തതായി ഇപ്പോൾ തോന്നുന്ന സംഗതികൾക്കുവേണ്ടിയാണ് ഞാൻ അന്ന് അമ്മയോടു കോപിച്ചിരുന്നത്. എന്നാൽ അന്ന് അവയൊക്കെ എനിക്കു വലിയ സംഗതികളായിരുന്നു. ഒരിക്കൽ എനിക്ക് അമ്മയോട് വല്ലാത്ത കോപം തോന്നിയിട്ട് മുകളിലുള്ള എന്റെ മുറിയിലേക്കു പാഞ്ഞുചെന്നതും അവിടെയിരുന്ന് രഹസ്യമായി, അമ്മ മരിച്ചുപോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചതും ഞാൻ ഇപ്പോഴും ഓർക്കുന്നു. മമ്മി രോഗം പിടിപെട്ട് പെട്ടെന്നു മരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ പറഞ്ഞുതീർക്കാത്ത ഈ വികാരങ്ങളെല്ലാം എന്റെ മനസ്സിൽ തിങ്ങിക്കൂടി. ഇപ്പോൾ എനിക്ക് വല്ലാത്ത കുററബോധം തോന്നുന്നു.” നിങ്ങൾ എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നിങ്ങൾക്ക് എന്തൊക്കെ തോന്നിയിട്ടുണ്ടെങ്കിലും മാതാപിതാക്കളുടെ മരണത്തിനു കാരണക്കാർ നിങ്ങളല്ല. അതു നിങ്ങളുടെ കുററമായിരുന്നില്ല.
ദുഃഖത്തിന്റെ വേദന
ഇതൊക്കെയാണെങ്കിലും, നിങ്ങൾക്ക് തീവ്രവ്യഥയും ദുഃഖവും തോന്നുന്നുണ്ടായിരിക്കാം. ബൈബിൾ കാലങ്ങളിലെ വിശ്വസ്തരായ സ്ത്രീ പുരുഷൻമാരും അത്തരം വികാരങ്ങൾ അനുഭവിച്ചിരുന്നു എന്നറിയുന്നതിൽ ആശ്വാസം കണ്ടെത്തുക. യോസേഫിനു തന്റെ പ്രിയങ്കരനായ പിതാവിനെ മരണത്തിൽ നഷ്ടമായപ്പോൾ അവൻ “തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.” (ഉല്പത്തി 50:1) സുഹൃത്തായ ലാസർ മരിച്ചപ്പോൾ യേശുക്രിസ്തു “കണ്ണുനീർ വാർത്തു.”—യോഹന്നാൻ 11:35.
മാതാപിതാക്കളിൽ ആരുടെയെങ്കിലും മരണത്തിൽ വിലപിക്കുന്ന ഒരാൾ ഇടയ്ക്കിടയ്ക്ക് ദുഃഖത്തിൽ ആഴ്ന്നുപോകുന്നത് സ്വാഭാവികമാണ്. തന്റെ ദുഃഖത്തെക്കുറിച്ചു വർണിക്കുമളവിൽ സങ്കീർത്തനക്കാരൻ സ്വയം ഇപ്രകാരം ഉപമിച്ചു: “അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.” (സങ്കീർത്തനം 35:14) “വ്യസനം കാരണം” നിങ്ങൾക്ക് “ഉറക്കം”പോലും “വരാതാ”യേക്കാം. (സങ്കീർത്തനം 119:28, NW) വിശപ്പു കെട്ടുപോകയും സ്കൂളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പെട്ടെന്നു ബുദ്ധിമുട്ടു തോന്നുകയും ചെയ്തേക്കാം. നിങ്ങൾ വിഷാദമൂകരാകുകപോലും ചെയ്തേക്കാം.
നിങ്ങൾക്കു സഹായമോ പിന്തുണയോ നൽകാൻ കഴിയാത്തവിധം നിങ്ങളുടെ ജീവിച്ചിരിക്കുന്ന മാതാവോ പിതാവോ ഉടപ്പിറന്നോരോ അവരവരുടെ ദുഃഖത്തിൽ അത്യന്തം ആമഗ്നരായിരിക്കാം. ഇതു കാര്യങ്ങളെ ഒന്നുകൂടി വഷളാക്കും. കിം ഇപ്രകാരം അനുസ്മരിക്കുന്നു: “ഡാഡിയുടെ ശവസംസ്കാരത്തിനു ശേഷം ഞങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ ശ്രമിച്ചു. മമ്മിയായിരുന്നു ഇപ്പോൾ കുടുംബത്തിന്റെ ശിരസ്സ്. എന്നാൽ കുടുംബ ബൈബിളധ്യയനത്തിനിടയിൽ പോലും മമ്മി പൊട്ടിക്കരഞ്ഞുപോകുന്ന സമയങ്ങളുണ്ടായിരുന്നു. രാത്രിയിൽ മമ്മി ഡാഡിയുടെ പേരു വിളിച്ചു കരയുന്നത് എനിക്കു കേൾക്കാമായിരുന്നു.”
ആശ്വാസം കണ്ടെത്തൽ
പ്രവാചകനായ യിരെമ്യാവ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ശമനമില്ലാത്ത ദുഃഖത്തിലാണു ഞാൻ; കദനഭാരം ഹൃദയത്തെ മഥിക്കുന്നു.” (ജറെമിയാ 8:18, പി.ഒ.സി. ബൈബിൾ) വേദന ഒരിക്കലും മാറുകയില്ലെന്നും നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “സർവ്വാശ്വാസവും നല്കുന്ന ദൈവം . . . വാഴ്ത്തപ്പെട്ടവൻ. . . . ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.” (2 കൊരിന്ത്യർ 1:3, 4) തന്റെ എഴുതപ്പെട്ട വചനമായ ബൈബിളിന്റെ താളുകളിലൂടെയാണ് ദൈവം ഈ ആശ്വാസം മുഖ്യമായും പ്രദാനം ചെയ്യുന്നത്. അതുകൂടാതെ, ആവശ്യമായ സഹായവും പിന്തുണയും നൽകാനായി അവന്റെ ആത്മാവിന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കാനും കഴിയും.
ഈ ദിവ്യാശ്വാസം തേടുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ അസ്ഥാനത്തുള്ള കോപത്തെ അനുവദിക്കരുത്. നീതിമാനായ ഇയ്യോബ് തന്റെ വേദനാജനകമായ നഷ്ടങ്ങൾക്കു ദൈവത്തെ കുററപ്പെടുത്തിക്കൊണ്ടു തെററു ചെയ്തു. അദ്ദേഹം കയ്പോടെ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ സമാധാനത്തോടെ വസിക്കുകയായിരുന്നു, എന്നാൽ ദൈവം എന്നെ പിടലിക്കു പിടിച്ച് അടിച്ച് ഞെരുക്കിക്കളഞ്ഞു.” (ഇയ്യോബ് 16:12, 13, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) എന്നാൽ ഇയ്യോബിനു തെററുപററി. ദൈവമായിരുന്നില്ല, സാത്താനായിരുന്നു ഇയ്യോബിന്റെ പ്രശ്നങ്ങളുടെ ഉറവിടം. “ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല” എന്ന് യുവാവായ എലീഹൂവിന് ഇയ്യോബിനെ ഓർപ്പിക്കേണ്ടി വന്നു. പിന്നീട് ഇയ്യോബ് തന്റെ പരുക്കൻ പ്രസ്താവനകളെല്ലാം പൂർണമായും പിൻവലിക്കുകയുണ്ടായി.—ഇയ്യോബ് 34:12; 42:6.
അതുപോലെ, കാര്യങ്ങളെ കൂടുതൽ സന്തുലിതമായ ഒരു വീക്ഷണഗതിയിൽനിന്നു കാണാൻ മറെറാരാളുടെ സഹായം നിങ്ങൾക്ക് ആവശ്യമായിരുന്നേക്കാം. കിം ഇപ്രകാരം അനുസ്മരിക്കുന്നു: “യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:20 എന്നിങ്ങനെയുള്ള തിരുവെഴുത്തുകൾ ഞങ്ങളുമായി പങ്കുവെച്ചുകൊണ്ട് പ്രായംചെന്ന ഒരു ക്രിസ്തീയ മൂപ്പൻ പുനരുത്ഥാന പ്രത്യാശയെക്കുറിച്ച് ഞങ്ങളെ ഓർപ്പിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘നിങ്ങളുടെ പിതാവ് മടങ്ങിയെത്തും. എന്നാൽ പറുദീസയിൽവെച്ചു നിങ്ങൾക്ക് അദ്ദേഹത്തെ കാണണമെങ്കിൽ നിങ്ങൾ വിശ്വസ്തരായി നിലകൊള്ളണം.’ ഞാൻ അത് ഒരിക്കലും മറക്കില്ല! മരണം മനുഷ്യനെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ പിതാവിന്റെ മരണത്തിൽ ദൈവത്തിനു യാതൊരു കൈയുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
തിരുവെഴുത്തുപരമായി കാര്യങ്ങളെ ന്യായവാദം ചെയ്തത് കിമ്മിന്റെ വേദനയെ തത്ക്ഷണം മായിച്ചുകളഞ്ഞില്ല. എന്നാൽ അതൊരു തുടക്കമായിരുന്നു. വേദനയ്ക്കും ദുഃഖത്തിനും പരിഹാരം കണ്ടെത്താനുള്ള ശ്രമം നിങ്ങൾക്കും തുടങ്ങാം. ഇതു നിങ്ങൾക്ക് കൃത്യമായി എങ്ങനെ ചെയ്യാൻ കഴിയും എന്നതായിരിക്കും ഈ പരമ്പരയിലെ ഞങ്ങളുടെ അടുത്ത ലേഖനത്തിന്റെ വിഷയം.
[അടിക്കുറിപ്പുകൾ]
a കൂടുതലായ വിവരങ്ങൾക്കുവേണ്ടി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം കാണുക.
b മുത്തശ്ശീമുത്തശ്ശൻമാർ, ആൻറിമാർ, അമ്മാവൻമാർ എന്നിങ്ങനെ തങ്ങൾ വിശേഷിച്ച് അടുത്ത ബന്ധം ആസ്വദിച്ചിരുന്ന മററുള്ള ബന്ധുക്കളെ മരണത്തിൽ നഷ്ടപ്പെട്ട യുവാക്കൾക്കും ഈ ചർച്ച ബാധകമാണ്.
[26-ാം പേജിലെ ചിത്രം]
മാതാവിന്റെയോ പിതാവിന്റെയോ മരണം ജീവിതത്തിലെ ഏററവും വിഷമകരമായ അനുഭവങ്ങളിൽ ഒന്നായിരിക്കാൻ കഴിയും