ജീവിതം ദുഷ്കരം ആയിരിക്കുമ്പോൾ
ജീവിതത്തിന്റെ കഠോര യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിതമായപ്പോൾ എനിക്കു തീരെ പ്രായം കുറവായിരുന്നു. ഇന്നു ലോകത്തിലെ ജീവിതം തികച്ചും അനീതി നിറഞ്ഞതാണെന്ന എന്റെ അഭിപ്രായത്തോടു നിങ്ങൾ യോജിച്ചേക്കാം. ഒടുവിൽ നമുക്കെല്ലാവർക്കും അങ്ങനെതന്നെയാണ്. നമുക്കെല്ലാം രോഗം ബാധിക്കുന്നു. വലിയ തരത്തിലുള്ള രോഗമൊന്നും കൂടാതെതന്നെ ചുരുക്കം ചിലർ വളർന്നുവലുതായേക്കാം എന്നതു സത്യമാണ്, എന്നാൽപ്പോലും നാമെല്ലാം മരണത്തെ അഭിമുഖീകരിക്കുന്നു.
മരിക്കുന്നതിനെക്കുറിച്ചു ഞാൻ വേണ്ടതിലധികം ചിന്തിക്കാറുണ്ട്. അത് എന്തുകൊണ്ടെന്നു ഞാൻ വിശദീകരിക്കാം, എനിക്കു സംഭവിച്ച കാര്യത്തിൽനിന്ന് ഒരു വിധത്തിൽ എങ്ങനെ പ്രയോജനം നേടിയെന്നും.
എനിക്ക് ഒമ്പതു വയസ്സുണ്ടായിരുന്നപ്പോൾ
1968 സെപ്ററംബറിൽ അഞ്ചു മക്കളിൽ ഏററവും ഇളയ കുട്ടിയായി ന്യൂയോർക്കിലെ ബ്രുക്ക്ളിനിൽ ഞാൻ ജനിച്ചു. പിതാവ് ശാരീരിക വൈകല്യമുള്ളയാളായിരുന്നു. ഞങ്ങളെ പോററാൻ മാതാവ് ഒരു കാഷ്യറായി ജോലി ചെയ്തിരുന്നു. എനിക്ക് ഒമ്പതു വയസ്സായപ്പോൾ എന്റെ ഉദരത്തിന്റെ ഒരു വശം വീർത്തിരിക്കുന്നതായി അമ്മ കണ്ടുപിടിച്ചു. അടുത്തുള്ള ആശുപത്രിയിലേക്ക് അമ്മ എന്നെ കൊണ്ടുപോയി. ഡോക്ടർ ഒരു വലിയ മാംസപിണ്ഡം സ്പർശിച്ചറിഞ്ഞു, ഏതാനും ദിവസങ്ങൾക്കകം എന്നെ കിങ്സ് കൗണ്ടി ആശുപത്രിയിൽ അഡ്മിററു ചെയ്തു.
മമ്മി പോയിക്കഴിഞ്ഞപ്പോൾ ഞാൻ പേടിച്ചു കരഞ്ഞു. അടുത്ത ദിവസം ഇളംനീല വസ്ത്രങ്ങളണിഞ്ഞ രണ്ടുപേർ എന്നെ സ്ട്രെച്ചറിൽ ഓപ്പറേഷൻ മുറിയിലേക്കു കൊണ്ടുപോയി. റിക്കവറി റൂമിൽവെച്ച് ഉണരുന്നതിനു മുമ്പ് ഞാൻ അവസാനം കണ്ടതായി ഓർക്കുന്നത് എന്റെ തലയ്ക്കുമീതെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിൽക്കുന്നതും വായ്ക്കുമീതെ എന്തോ വെച്ച് മൂടുന്നതുമായിരുന്നു. ഒരു വിമ്സ് ട്യൂമറും (ഒരുതരം കാൻസർ) ഒരു വൃക്കയും എന്റെ കരളിന്റെ ഒരു ഭാഗവും ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു.
ഇൻറൻസീവ് കെയർ യൂണിററിൽ ഞാൻ അഞ്ചാഴ്ച കിടന്നു. ഓരോ ദിവസവും ഡോക്ടർമാർ എന്റെ മുറിവിലെ ഡ്രസ്സിങ് മാററിക്കെട്ടി. മുറിവിൽ ഒട്ടിച്ചുവച്ചിരുന്ന ടേപ്പ് പറിച്ചെടുക്കുമ്പോൾ ഞാൻ നിലവിളിക്കുമായിരുന്നു. എന്റെ വേദന കുറയ്ക്കാൻവേണ്ടി ഡോക്ടർമാർ ആരോ ഒരാളെ കൊണ്ടുവന്ന് എന്റെ ശ്രദ്ധ മററു കാര്യങ്ങളിലേക്കു തിരിച്ചുവിടുമായിരുന്നു. വന്ന ആ മനുഷ്യൻ തവളകളെക്കുറിച്ച് എന്നോടു ധാരാളം സംസാരിച്ചതായി ഞാൻ ഓർക്കുന്നുണ്ട്.
ഇൻറൻസീവ് കെയർ യൂണിററിൽനിന്നു പുറത്തുവന്നശേഷം നാലാഴ്ച കൂടി ഞാൻ ആ ആശുപത്രിയിൽ കിടന്നു. ആ സമയത്ത് എനിക്കു റേഡിയേഷൻ ചികിത്സ ആരംഭിച്ചിരുന്നു. അവ വേദനാജനകമായിരുന്നു—റേഡിയേഷൻ നിമിത്തമല്ല—വയററത്ത് ഓപ്പറേഷൻ ചെയ്തതിന്റെ ഉണങ്ങാത്ത മുറിവുമായി ഞാൻ കമിഴ്ന്നു കിടക്കേണ്ടിയിരുന്നതുകൊണ്ട്. തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ചവരെ എല്ലാ ദിവസവും റേഡിയേഷൻ ചികിത്സ നടത്തിയിരുന്നു.
1977 നവംബർ അവസാനം ഞാൻ ആശുപത്രിയിൽനിന്നു പോന്നു. ആശുപത്രിയിൽ കിടന്നിരുന്നില്ലെങ്കിലും അതിനുശേഷവും എനിക്ക് റേഡിയേഷൻ ലഭിച്ചുകൊണ്ടിരുന്നു. ഈ ചികിത്സകൾ കഴിഞ്ഞപ്പോൾ, എനിക്ക് കീമോതെറാപ്പി ചെയ്യാൻ തുടങ്ങി. തിങ്കളാഴ്ചമുതൽ വെള്ളിയാഴ്ചവരെ എല്ലാ ദിവസവും അതിരാവിലെ എഴുന്നേററ് ശക്തിയുള്ള മരുന്നു കുത്തിവെക്കാൻ ഞാൻ ആശുപത്രിയിൽ പോകേണ്ടിയിരുന്നു. ഡോക്ടർ ഒരു ഞരമ്പിനകത്തേക്ക് സൂചി കുത്തിക്കടത്തിയിട്ട് മരുന്ന് നേരിട്ട് അതിലേക്കു തള്ളിക്കയററുമായിരുന്നു. സൂചി എനിക്കു ഭയമായിരുന്നതിനാൽ ഞാൻ കരയുമായിരുന്നു, എന്നാൽ സുഖം പ്രാപിക്കുന്നതിന് അത് അനുഭവിച്ചേ പററൂ എന്ന് മമ്മി എന്നോടു പറഞ്ഞു.
കീമോതെറാപ്പി ചികിത്സയ്ക്കു ഭയങ്കരമായ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. അവ എനിക്ക് ഓക്കാനം വരുത്തി, മിക്കപ്പോഴും ഞാൻ ഛർദിക്കുകയും ചെയ്തു. എന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞു, എന്റെ മുടിയെല്ലാം കൊഴിഞ്ഞുപോയി.
രോഗത്താൽ നിയന്ത്രിത
തുടർന്നു വന്ന വസന്തത്തിലെ ഈസ്ററർ ഞായറാഴ്ച ഞങ്ങൾ പള്ളിയിൽ പോകാനൊരുങ്ങുകയായിരുന്നു, അപ്പോൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവു നിമിത്തം എന്റെ മൂക്കിൽനിന്നു രക്തമൊലിക്കാൻ തുടങ്ങി. എന്റെ മാതാപിതാക്കൾ അവർക്കാവതെല്ലാം ചെയ്തു, എന്നിട്ടും രക്തം നിന്നില്ല. വലപോലുള്ള തുണികൊണ്ട് എന്റെ മൂക്ക് മൂടിക്കെട്ടി ഡോക്ടർമാർ രക്തപ്രവാഹം നിർത്തി, അപ്പോൾ രക്തം വായിൽക്കൂടി വരാൻ തുടങ്ങി. രക്തം പോയതുകൊണ്ട് ഞാൻ വളരെ തളർന്നിരുന്നതിനാൽ എന്നെ ആശുപത്രിയിൽ അഡ്മിററു ചെയ്തു. എനിക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ എന്നെ സന്ദർശിക്കുന്നവർ കയ്യുറകളും മുഖംമൂടിയും വസ്ത്രത്തിനുമീതെ ഒരു ഗൗണും ധരിക്കേണ്ടിയിരുന്നു. ഒരാഴ്ചകൊണ്ട് എന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂടി, അതുകൊണ്ട് ഞാൻ ആശുപത്രി വിട്ടുപോന്നു.
ഉടനെതന്നെ കീമോതെറാപ്പി വീണ്ടും തുടങ്ങി. എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല, അതിനാൽ വാസ്തവത്തിൽ വളരെ വിഷമം തോന്നുകയും ചെയ്തു. എന്റെ കൂട്ടുകാരോടൊത്തു സഹവസിക്കാനും അവരോടൊത്തു വെളിയിൽ കളിക്കാനും എനിക്കു സാധിക്കുന്നില്ലല്ലോ എന്നോർത്ത്. വീട്ടിലിരുത്തി എന്നെ പഠിപ്പിച്ചു, കാരണം എനിക്ക് കീമോതെറാപ്പി നടത്തുമ്പോഴോ നടത്തിക്കഴിഞ്ഞ ഉടനെയോ സ്കൂളിൽ പോകാൻ പാടില്ല എന്നു ഡോക്ടർമാർ വിചാരിച്ചു.
സാധാരണ ചെയ്തിരുന്നതുപോലെ ആ വേനൽക്കാലത്ത് ജോർജയിലുള്ള എന്റെ വല്യപ്പനെയും വല്യമ്മയെയും ചെന്നുകാണാൻ ഞാനാഗ്രഹിച്ചു. എന്നാൽ പോകാൻ എന്നെ അനുവദിച്ചില്ല. ഏതായാലും, കാൻസർ രോഗികൾക്കു ന്യൂജേഴ്സിയിലുള്ള ഒരു വിനോദ പാർക്കിൽ പോകാനുള്ള ക്രമീകരണങ്ങൾ ആശുപത്രി ഒരുക്കി. അതിനുശേഷം, ഞാൻ ക്ഷീണിച്ചവശയായെങ്കിലും അത് എനിക്കു വളരെയധികം ഇഷ്ടമായി.
1978-ന്റെ ഒടുവിൽ ഞാൻ കീമോതെറാപ്പി പൂർത്തിയാക്കിയെങ്കിലും ഭവനവിദ്യാഭ്യാസം തുടർന്നു—മൊത്തം മൂന്നിലധികം വർഷങ്ങൾ. 1981 ജനുവരിയിൽ ഞാൻ സ്കൂളിലേക്കു തിരിച്ചുവന്നു. ദീർഘകാലം വീട്ടിൽവെച്ചു പഠിച്ചതുകൊണ്ട് സ്കൂളുമായി പൊരുത്തപ്പെടാൻ അപ്പോൾ എനിക്കു കഴിഞ്ഞില്ല. ചിലപ്പോൾ എന്റെ ക്ലാസ്സ് മുറി കണ്ടെത്താൻ കഴിയാതെ എനിക്കു വഴിതെററിപ്പോകുമായിരുന്നു. എന്നാൽപ്പോലും, എനിക്കു സ്കൂൾ വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും, സംഗീതവും ടൈപ്പിങും ജിംനേഷ്യത്തിലെ പരിശീലനവും. ചില കുട്ടികൾ സൗഹൃദമനസ്കരായിരുന്നു. പക്ഷേ, മററു ചിലർ എന്നെ കളിയാക്കുമായിരുന്നു.
ഒരു തിരിച്ചടി
“നീ ഗർഭിണിയാണോ?” എന്നു കുട്ടികൾ എന്നോടു ചോദിക്കുമായിരുന്നു. കാരണം എന്റെ വയറ് വീർത്താണിരുന്നത്. ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും വയറ് വീർത്തിരിക്കുന്നതിന്റെ കാരണം എന്റെ കരൾ വീണ്ടും വളരുന്നതാണെന്നും ഡോക്ടർ എന്നോട് പറഞ്ഞു. എന്നിരുന്നാലും, മാർച്ചിൽ എന്നെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഡോക്ടർ എന്നെ ആശുപത്രിയിൽ കിടത്തി. ഞാൻ കരയാൻ തുടങ്ങി—രണ്ടര മാസം മാത്രമേ സ്കൂളിൽ പോകാൻ എനിക്കു കഴിഞ്ഞുള്ളൂ.
ബയോപ്സി നടത്തി കരളിലുണ്ടായിരുന്ന ഒരു മുഴയിൽനിന്ന് ഒരു മാംസക്കഷണം മുറിച്ചെടുത്തു. ഈ പ്രക്രിയക്കുശേഷം ഞാനുണർന്നപ്പോൾ ആദ്യമായിക്കണ്ടത് എന്റെ മമ്മിയെയായിരുന്നു. മമ്മി കരയുകയായിരുന്നു. എനിക്കു വീണ്ടും കാൻസർ പിടിപെട്ടിരിക്കുന്നെന്നും നീക്കം ചെയ്യാൻ കഴിയാത്തവിധം മുഴയുടെ വലിപ്പം കൂടുതലാണെന്നും അതു ചുരുക്കുന്നതിന് എനിക്കു കീമോതെറാപ്പി ആവശ്യമാണെന്നും മമ്മി എന്നോടു പറഞ്ഞു. എനിക്കപ്പോൾ 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
കീമോതെറാപ്പി ആശുപത്രിയിൽവെച്ചാണ് നടത്തിയത്. അതായത് അതിനു വേണ്ടി ഏതാനും ആഴ്ചകൾ കൂടുമ്പോൾ ഒന്നോ രണ്ടോ ദിവസം ഞാൻ ആശുപത്രിയിൽ കിടക്കണമായിരുന്നു. സാധാരണപോലെ എനിക്ക് ഓക്കാനവും ഛർദിയും ഉണ്ടായി. ആഹാരത്തിനു രുചി തോന്നിയില്ല, എനിക്കെന്റെ തലമുടിയെല്ലാം നഷ്ടമായി. 1981-ലുടനീളം കീമോതെറാപ്പി തുടർന്നു. അതിനിടെ, ഏപ്രിലിൽ എന്റെ ഭവനവിദ്യാഭ്യാസം വീണ്ടും ആരംഭിച്ചു.
1982-ന്റെ ആരംഭത്തിൽ ശസ്ത്രക്രിയയ്ക്കു വേണ്ടി എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഞാൻ വളരെ ബലഹീനയായിരുന്നു. അതുകൊണ്ട് തൂക്കം നോക്കുന്നതിനു പോലും നേഴ്സുമാർ എന്നെ സഹായിക്കേണ്ടിവന്നു. കീമോതെറാപ്പി മുഴയുടെ വലിപ്പം കുറച്ചിരുന്നു, അതുകൊണ്ട് കരളിന്റെ മറെറാരു ഭാഗത്തോടൊപ്പം അതു നീക്കം ചെയ്യാൻ ഓപ്പറേഷൻ ചെയ്ത ഡോക്ടർമാർക്കു കഴിഞ്ഞു. വീണ്ടും രണ്ടു മാസത്തോളം ഞാൻ ആശുപത്രിയിൽ കഴിയേണ്ടതായി വന്നു. 1982-ന്റെ പകുതിയായപ്പോഴേക്കും എനിക്കു കീമോതെറാപ്പി വീണ്ടും തുടങ്ങി. അത് 1983-ന്റെ ആരംഭഘട്ടംവരെ തുടർന്നു.
ഈ സമയത്ത് ഞാൻ ദുഃഖിതയായിരുന്നു, കാരണം എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. എന്റെ തലമുടി വീണ്ടും വരാൻ തുടങ്ങിയപ്പോൾ എനിക്കു സന്തോഷം തോന്നി. ജീവനോടിരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയായിരുന്നു.
ഒടുവിൽ, തിരികെ സ്കൂളിലേക്ക്
1981-ൽ ഞാൻ പഠിച്ച അതേ ക്ലാസ്സിനോടൊപ്പം ഹൈസ്കൂളിൽനിന്നു ബിരുദമെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്റെ ഭവനാധ്യാപകൻ ചെയ്തു. അതിൽ ഞാൻ അതിരററ സന്തോഷമുള്ളവളായിരുന്നു; എന്റെ സ്നേഹിതരെ കാണാനും പുതിയ സ്നേഹിതരെ നേടാനും കഴിഞ്ഞതു വളരെ സന്തോഷകരമായിരുന്നു. 1984-ലെ ബിരുദദാനദിവസം ഞാൻ എന്റെ സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ചിത്രങ്ങളെടുത്തു. ഈ പ്രത്യേക അവസരത്തിന്റെ ഓർമയ്ക്കായി എന്റെ കുടുംബാംഗങ്ങൾ എന്റെ ചിത്രങ്ങളുമെടുത്തു.
ആ വേനൽക്കാലത്ത് ഞാൻ എന്റെ വല്യപ്പന്റെയും വല്യമ്മയുടെയും അടുത്തുപോയി വേനൽക്കാലമധികവും അവരോടൊത്തു ചെലവഴിച്ചു. ആഗസ്ററ് അവസാനം ഞാൻ മടങ്ങിവന്നപ്പോൾ, സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്നതിനുള്ള സമയമായിരുന്നു. അതേ, ഞാൻ ഒടുവിൽ സ്കൂളിലേക്കു തിരികെ പോകുകയായിരുന്നു. എനിക്ക് അതിരററ ആഹ്ലാദമായിരുന്നു!
മതത്തെ സംബന്ധിച്ചു ജിജ്ഞാസുവാകുന്നു
മററു കുട്ടികളിൽനിന്നു വ്യത്യസ്തരായിരുന്നു ഡോണും ക്രേയ്ഗും. ഞാൻ അവരിലേക്ക് ആകർഷിതയായി. എന്നാൽ, ഞാൻ അവർക്കു ക്രിസ്തുമസ്സ് സമ്മാനങ്ങൾ കൊടുത്തപ്പോൾ, അവർ ആ വിശേഷദിവസം ആഘോഷിക്കുന്നില്ലെന്ന് എന്നോടു പറഞ്ഞു. “നിങ്ങൾ യഹൂദരാണോ?” ഞാൻ ചോദിച്ചു. തങ്ങൾ യഹോവയുടെ സാക്ഷികളാണെന്നും ക്രിസ്തുമസ്സ് വാസ്തവത്തിൽ ക്രിസ്തീയമല്ലെന്നും ക്രേയ്ഗ് വിശദീകരിച്ചു. ആ വിഷയത്തെക്കുറിച്ചു വായിക്കാനായി അവൻ എനിക്ക് ഏതാനും വീക്ഷാഗോപുരം, ഉണരുക! മാസികകൾ തന്നു.
വളരെ വ്യത്യസ്തമെന്നു തോന്നിയ അവരുടെ മതം സംബന്ധിച്ചു ഞാൻ ആകാംക്ഷയുള്ളവളായിത്തീർന്നു. പള്ളിയിൽപ്പോയപ്പോൾ കേട്ട അതേ കാര്യം തന്നെയായിരുന്നു ഞങ്ങൾ വീണ്ടും വീണ്ടും കേട്ടത്: ‘യേശുക്രിസ്തുവിൽ വിശ്വസിച്ച് സ്നാപനമേൽക്കുക, അപ്പോൾ നിങ്ങൾ സ്വർഗത്തിൽ പോകും.’ എന്നാൽ അതു വളരെ എളുപ്പമാണെന്നു തോന്നി. കാര്യങ്ങൾ വളരെ എളുപ്പമായിരിക്കണമെങ്കിൽ ഒന്നുകിൽ ഒരുവൻ ഒരു പ്രതിഭയായിരിക്കണം, അല്ലെങ്കിൽ എന്തോ കുഴപ്പമുണ്ടായിരിക്കണം എന്ന ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. ഞാനൊരു പ്രതിഭയല്ലെന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ട് സഭ പഠിപ്പിക്കുന്ന കാര്യത്തിൽ എന്തോ കുഴപ്പമുണ്ടായിരിക്കുമെന്ന് ഞാൻ നിഗമനം ചെയ്തു.
ക്രമേണ ഉച്ചഭക്ഷണത്തിനു സ്കൂൾ വിടുന്ന സമയത്ത് ക്രേയ്ഗ് എന്നെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. ഒരിക്കൽ അവൻ യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിന് എന്നെ ക്ഷണിച്ചു, ഞാൻ പോകുകയും ചെയ്തു. ക്രേയ്ഗിനെ കണ്ടപ്പോൾ അവന്റെയും അവന്റെ കുടുംബത്തിന്റെയും കൂടെ ഇരുന്നു. ഞാൻ കണ്ട കാര്യം—പല വർഗത്തിൽപ്പെട്ട ആളുകൾ ഐക്യത്തോടെ ഒന്നിച്ച് ആരാധിക്കുന്നത്—എന്നിൽ വളരെ മതിപ്പുളവാക്കി. ഞാൻ കേട്ട കാര്യവും എന്നിൽ വളരെയധികം മതിപ്പുളവാക്കി.
ക്രേയ്ഗും ഞാനും പുതിയ ക്ലാസ്സുകളിൽ പ്രവേശിച്ചപ്പോൾ ഞങ്ങൾക്കു മേലാൽ ഒന്നിച്ചു ബൈബിൾ പഠിക്കാൻ കഴിഞ്ഞില്ല, കാരണം ഞങ്ങളുടെ ഉച്ചഭക്ഷണസമയങ്ങൾ ഒരു നേരത്തായിരുന്നില്ല. ക്രേയ്ഗിന്റെ അമ്മയ്ക്ക് എന്നോടൊപ്പം പഠിക്കാൻ കഴിയുമോ എന്നറിയാൻ അവർ എന്റെ മമ്മിക്കു ഫോൺ ചെയ്തു. എന്നാൽ മമ്മി സമ്മതിച്ചില്ല. പിന്നീട്, ക്രിസ്തീയ യോഗങ്ങൾക്കു പോകാൻ മമ്മി എന്നെ അനുവദിച്ചു. അതുകൊണ്ട് ഫോൺ ഡയറക്ടറിയിൽ ലിസ്ററ് ചെയ്തിരുന്ന നമ്പരിൽ ഞാൻ ഒരു രാജ്യഹാളിലേക്കു വിളിച്ചു, അങ്ങനെ യോഗസമയം ഞായറാഴ്ച രാവിലെ 9:00-നാണെന്നു മനസ്സിലാക്കി. യോഗദിവസത്തിന്റെ തലേന്ന് 30 കെട്ടിടസമുച്ചയങ്ങൾ പിന്നിട്ട് വഴി തിട്ടപ്പെടുത്താൻ ഞാൻ രാജ്യഹാളിലേക്കു നടന്നു.
പിറേറന്നു രാവിലെ ഞാൻ അവിടെ ചെന്നപ്പോൾ മറേറതെങ്കിലും രാജ്യഹാളിൽനിന്നു വന്നതാണോ എന്ന് ഒരു മനുഷ്യൻ എന്നോടു ചോദിച്ചു. രാജ്യഹാളിൽ ആദ്യമായി വരുന്നതാണെന്നും മുമ്പു കുറേക്കാലം ബൈബിൾ പഠിച്ചിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കൂടെ ഇരിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. ഇവിടത്തെ യോഗങ്ങൾ പള്ളിയിലേതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. ചോദ്യോത്തര സെഷന്റെ സമയത്ത് ഉത്തരം പറയാൻ പലരും എത്ര ഉത്സാഹമുള്ളവരാണെന്നു കണ്ട് ഞാൻ അമ്പരന്നു. കൊച്ചുകുട്ടികൾ പോലും ഉത്തരം പറഞ്ഞു. ഞാനും എന്റെ കയ്യുയർത്തി ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു. ആ സമയം മുതൽ ഞാൻ തുടർന്ന് യോഗങ്ങൾക്കു സംബന്ധിക്കുകയും ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ പുരോഗതി നേടുകയും ചെയ്തു.
മറെറാരു തിരിച്ചടി
ഹൈസ്കൂളിലെ എന്റെ അവസാനവർഷക്കാലത്ത് 1986 ഡിസംബറിൽ ഞാൻ ഒരു പതിവു വൈദ്യപരിശോധനയ്ക്കായി പോയി. വലത്തെ ശ്വാസകോശത്തിൽ എന്തോ കണ്ട് ഡോക്ടർ സംശയിച്ചു. അതുകൊണ്ട്, വേറേ എക്സ്റേകൾ എടുക്കുന്നതിനു വേണ്ടി എന്നെ തിരിച്ചുവിളിച്ചു. സുനിശ്ചിതമായി എന്തോ കുഴപ്പമുണ്ടെന്ന് അവ വെളിപ്പെടുത്തിയപ്പോൾ ഞാൻ കരയാൻ തുടങ്ങി.
എനിക്ക് ഒരു ബയോപ്സി നടത്തി; എന്റെ ശ്വാസകോശത്തിൽനിന്ന് ഡോക്ടർ ഒരു സൂചികൊണ്ട് മുഴയുടെ ഒരു ഭാഗമെടുത്തു. ആ മുഴ കാൻസറായിരുന്നു. വാസ്തവത്തിൽ അവ മൂന്നു മുഴകളായിരുന്നു, എന്റെ ഹൃദയധമനികളുടെ അടുത്തുള്ള ഒരു വലുതുൾപ്പെടെ. ഡോക്ടറുമായുള്ള ഒരു ചർച്ചയ്ക്കുശേഷം, ഓപ്പറേഷനു മുമ്പായി മുഴകളുടെ വലിപ്പം കുറയ്ക്കുന്നതിനു പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു കീമോതെറാപ്പി മരുന്നുകൾ കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പാർശ്വഫലങ്ങൾ പഴയതുപോലെ തന്നെയുണ്ടാകുമായിരുന്നു—മുടി മുഴുവൻ പോകും, ഓക്കാനം, ഛർദി, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയൽ തുടങ്ങിയവ.
ആദ്യം ഞാൻ വിഷാദമഗ്നയായിരുന്നു. പിന്നീട് ഞാൻ യഹോവയോടു വളരെയധികം പ്രാർഥിക്കാൻ തുടങ്ങി, അത് എന്നെ ശക്തീകരിച്ചു. പഠനം പൂർത്തിയാകുന്നതിന് ആറു മാസം പോലുമില്ലായിരുന്നു. എന്റെ അധ്യാപകർ വളരെ അനുകമ്പയും ധാരണയുമുള്ളവരായിരുന്നു; ഡോക്ടറുടെ സർട്ടിഫിക്കററ് കൊടുക്കാനും വിട്ടുപോയ ഭാഗങ്ങൾ പഠിക്കാനും മാത്രമേ അവർ എന്നോട് ആവശ്യപ്പെട്ടുള്ളൂ.
പഠനം എളുപ്പമായിരുന്നില്ല
എനിക്കു തീരെ സുഖമില്ലാതിരുന്നപ്പോൾ ക്ലാസ്സിലെ ഗൃഹപാഠം ചെയ്തുതീർക്കുക എന്ന വെല്ലുവിളിക്കു പുറമേ എന്റെ മുടി കൊഴിയാനും തുടങ്ങി. ഞാനൊരു വെപ്പുമുടി വാങ്ങിവെച്ചപ്പോൾ എന്റെ മുടി മഹത്തരമാണെന്നു സഹപാഠികൾ പറഞ്ഞു—അതു വെപ്പുമുടിയാണെന്ന് അവർക്കു മനസ്സിലായില്ല. എന്നാൽ, ഒരു ആൺകുട്ടിക്കു മനസ്സിലായി. ഞാൻ ഓരോ പ്രാവശ്യവും ക്ലാസ്സിൽ കയറുമ്പോൾ അവൻ ബ്ലാക്ക്ബോർഡിൽ “വെപ്പുമുടി” എന്ന വാക്ക് എഴുതുമായിരുന്നു, എന്നിട്ട് അവനും കൂട്ടുകാരും എന്നെ കളിയാക്കിച്ചിരിക്കുമായിരുന്നു. അവരുടെ പരിഹാസം എന്നെ വിഷാദമഗ്നയാക്കി.
പിന്നീട്, ഒരു ദിവസം കുട്ടികൾ തിങ്ങിനിറഞ്ഞ ഒരു ഇടനാഴിയിൽവെച്ച് പിന്നിൽനിന്ന് ആരോ എന്റെ തലയിൽനിന്ന് വെപ്പുമുടി എടുത്തുമാററി. ഞാൻ വേഗം തിരിഞ്ഞ് അതു പിടിച്ചുവാങ്ങി. ഡസ്സൻകണക്കിനു കുട്ടികൾ എന്റെ മൊട്ടത്തല കണ്ടപ്പോൾ എനിക്കു വളരെ വിഷമം തോന്നുകയും ചെയ്തു. ഞാനൊരു സ്റെറയർകെയ്സിൽ പോയിരുന്ന് കരഞ്ഞു. സംഭവിച്ച കാര്യത്തിൽ കുട്ടികൾക്കു ഖേദമുണ്ടായിരുന്നുവെന്ന് അടുത്ത ദിവസം ചില കുട്ടികളുടെ മുഖത്തുനിന്ന് എനിക്കു മനസ്സിലായി. എന്റെ തലയിൽനിന്ന് വെപ്പുമുടി എടുത്തു മാററാൻവേണ്ടി ഒരു പെണ്ണ് ഒരുത്തന് പണം നൽകിയതായി സഹപാഠികൾ എന്നോടു പറഞ്ഞു.
രക്തം സംബന്ധിച്ച നിലപാട് എളുപ്പമല്ല
കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കെ എന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെയധികം കുറഞ്ഞു. കാര്യങ്ങളെ ഏറെ വഷളാക്കുമാറ് എന്റെ മൂക്കിൽനിന്നു രക്തമൊലിക്കുമായിരുന്നു, ചിലപ്പോൾ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം. ഞാൻ സ്നാപനമേററിരുന്നില്ല, എന്നിരുന്നാലും ഉറച്ച ഒരു നിലപാടു സ്വീകരിക്കുകയും യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നനിലയിൽ ഞാൻ രക്തം സ്വീകരിക്കുകയില്ല എന്നു പറയുകയും ചെയ്തു. (പ്രവൃത്തികൾ 15:28, 29) ഞാൻ മരിക്കാൻ അവളാഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറയാൻ എന്റെ ഏററവും മൂത്ത ചേച്ചി അവരുടെ ഒരു മകളെ പ്രോത്സാഹിപ്പിച്ചു. പരിഭ്രാന്തനായ പിതാവ് ഞാൻ രക്തം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ രക്തപ്പകർച്ച സ്വീകരിച്ചാൽ ദൈവം എന്നോട് ക്ഷമിക്കുമെന്ന് മമ്മി എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
അതേസമയം, രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നതിനാൽ എനിക്കു ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഉണ്ടാകാനിടയുണ്ടെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിന്നതിനാൽ, ഞാൻ മരിക്കുന്നപക്ഷം അവർ അതിന് ഉത്തരവാദികളായിരിക്കുകയില്ല എന്നു പ്രസ്താവിക്കുന്ന ഒരു പ്രമാണപത്രത്തിൽ അവർ എന്നെക്കൊണ്ട് ഒപ്പിടുവിച്ചു. പെട്ടെന്നുതന്നെ ഞാൻ സുഖം പ്രാപിച്ചു, വീട്ടിൽ തിരികെയെത്തി, സ്കൂളിൽ പോകാനും തുടങ്ങി. എന്നിരുന്നാലും, എന്റെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായിരുന്നതിനാൽ, കീമോതെറാപ്പിക്കു പകരം എനിക്കു റേഡിയേഷൻ ചികിത്സ വേണമെന്നു ഡോക്ടർമാർ തീരുമാനിച്ചു. 1987 ഏപ്രിൽ അവസാനംമുതൽ ജൂൺ ആദ്യംവരെ എല്ലാ ദിവസവും ക്ലാസ്സിനുശേഷം എനിക്ക് ഈ ചികിത്സ ലഭിച്ചു.
സ്കൂൾ പാസ്സാകലും പിന്നെ സ്നാപനവും
സ്കൂൾ സർട്ടിഫിക്കററുദാന ചടങ്ങ് ഒരു പ്രത്യേക അവസരമായിരുന്നു. കടയിൽ പോയി വസ്ത്രങ്ങൾ വാങ്ങാൻ ചേച്ചി എന്നെ സഹായിച്ചിരുന്നു, ഞാൻ ഒരു പുതിയ വെപ്പുമുടിയും വാങ്ങിച്ചിരുന്നു. മമ്മിയും എന്റെ രണ്ടു സഹോദരിമാരും സ്കൂൾ സർട്ടിഫിക്കററുദാന ചടങ്ങിന്റെ അവസരത്തിൽ ഉണ്ടായിരുന്നു. അതിനുശേഷം, ഞങ്ങളൊന്നിച്ച് ആഹാരം കഴിക്കാൻ പോയി, അതു സ്മരണീയമായ ഒരു കാര്യമാണ്.
ആ സമയത്ത് എനിക്ക് കീമോതെറാപ്പിയോ റേഡിയേഷൻ ചികിത്സയോ ഉണ്ടായിരുന്നില്ല. എന്നാൽ ഏതാനും വാരങ്ങൾക്കുശേഷം, മറെറാരാവർത്തി കീമോതെറാപ്പിക്കു വേണ്ടി ആശുപത്രിയിലേക്കു ചെല്ലാൻ ഡോക്ടർ ഫോൺ വിളിച്ചുപറഞ്ഞു. ആശുപത്രിയിൽ പോകാൻ ഞാൻ ആഗ്രഹിച്ചില്ല, കാരണം ഒരാഴ്ച കഴിയുമ്പോൾ ന്യൂയോർക്ക് നഗരത്തിലെ യാങ്കി സ്റേറഡിയത്തിൽ യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്ററ് കൺവെൻഷനു ഞാൻ പോകാനിരിക്കുകയായിരുന്നു. ഏതായാലും സമ്മേളനത്തിനു പൊയ്ക്കൊള്ളാനും അതിനുശേഷം ചികിത്സ സ്വീകരിച്ചുകൊള്ളാനും മമ്മി എന്നോടു പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു.
സമ്മേളനസമയത്ത് ഞാൻ അതിരററ സന്തോഷമുള്ളവളായിരുന്നു. കാരണം, 1987 ജൂലൈ 25-ന്, ശനിയാഴ്ച, ഞാൻ സ്നാപനമേൽക്കാൻ പോകുകയായിരുന്നു. സ്നാപനസ്ഥലമായ ഓർക്കാഡ് ബീച്ചിലേക്കു പോയപ്പോൾ ഞങ്ങൾക്കു പൊലീസ് അകമ്പടിയുണ്ടായിരുന്നു. സ്നാപനത്തിനുശേഷം ആ ദിവസത്തെ ശേഷിച്ച സമ്മേളന പരിപാടികൾക്കായി ഞാൻ സ്റേറഡിയത്തിലേക്കു മടങ്ങിപ്പോന്നു. അന്നു വൈകുന്നേരം എനിക്കു വളരെ ക്ഷീണം തോന്നിയിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഞാൻ തയ്യാറായി കൺവെൻഷന്റെ അവസാനദിവസത്തെ പരിപാടികളിലും സംബന്ധിച്ചു.
രക്തം സംബന്ധിച്ച പ്രശ്നത്തെ വീണ്ടും അഭിമുഖീകരിക്കുന്നു
അടുത്ത ദിവസം ഉച്ചതിരിഞ്ഞ് എന്നെ ആശുപത്രിയിലാക്കി. എനിക്കപ്പോൾ [39 ഡിഗ്രി സെൽഷ്യസ്] പനിയുണ്ടായിരുന്നു. വൃക്കയ്ക്ക് അസുഖം ബാധിച്ചിരുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെയധികം കുറവായിരുന്നു. രക്തപ്പകർച്ചയ്ക്കു സമ്മതിക്കുന്ന ഒരു പ്രമാണപത്രത്തിൽ ഞാൻ ഒപ്പിടാത്തപക്ഷം കോടതി ഉത്തരവ് വാങ്ങി നിർബന്ധപൂർവം എന്നിൽ രക്തം കുത്തിവെക്കുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തി. എനിക്കു വളരെ ഭയം തോന്നി. എന്റെ കുടുംബാംഗങ്ങളും എന്റെമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു; എനിക്കു രക്തം തരാമെന്ന് എന്റെ ചേച്ചി എന്നോട് വാഗ്ദാനം ചെയ്യുകപോലും ചെയ്തു, എന്നാൽ വേണ്ട എന്ന് ഞാൻ ചേച്ചിയോടു പറഞ്ഞു.
ദൃഢമായി നിൽക്കാൻ എന്നെ സഹായിക്കണമേയെന്നു ഞാൻ യഹോവയോട് വളരെയധികം പ്രാർഥിച്ചു. സന്തോഷകരമെന്നു പറയട്ടെ, എന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയരാൻ തുടങ്ങി, രക്തം സ്വീകരിക്കാനുള്ള സമ്മർദവും നിലച്ചു. എനിക്കു തുടർന്നും കീമോതെറാപ്പി ആവശ്യമായിരുന്നെങ്കിലും നല്ല അവസ്ഥയിലുള്ള ഞരമ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ തോളെല്ലിനു താഴെയായി ഡോക്ടർ ചെറിയൊരു ദ്വാരമുണ്ടാക്കി. അതിലൂടെ ഒരു ഉപകരണം കടത്തി മരുന്നു നൽകാനായിരുന്നു അതുണ്ടാക്കിയത്.
എന്റെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ, അടിയന്തിര സാഹചര്യത്തിലല്ലാതെ താൻ രക്തമുപയോഗിക്കില്ലെന്നു ഡോക്ടർ പറഞ്ഞു. അതിനു സമ്മതിക്കാൻ മമ്മി എന്നോടു പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് ഞാൻ സമ്മതിച്ചു. എന്നാൽ പിന്നീട് എനിക്കു വളരെ വിഷമം തോന്നി, കാരണം ഫലത്തിൽ രക്തം സ്വീകരിക്കാൻ ഞാൻ സമ്മതിക്കുകയായിരുന്നു. അതുകൊണ്ട് ഉടൻതന്നെ രക്തം ഉപയോഗിക്കില്ലെന്ന് എനിക്ക് ഉറപ്പു തരുന്ന ഒരു സർജനെ ഞാൻ അന്വേഷിക്കാൻ തുടങ്ങി. ആ അന്വേഷണം ആശാരഹിതമാണെന്നു തോന്നിയെങ്കിലും ഞാൻ ഒടുവിൽ ഒരാളെ കണ്ടെത്തി. 1988 ജനുവരിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
ഞാൻ ജീവിച്ചിരിക്കുമെന്നു ഡോക്ടർ എനിക്കു യാതൊരു ഉറപ്പും തന്നില്ല. വാസ്തവത്തിൽ ഓപ്പറേഷനു തലേന്നു രാത്രി അദ്ദേഹം എന്റെ മുറിയിൽ വന്ന് ഇങ്ങനെ പറഞ്ഞു: “നടപടികളെടുക്കാൻ ഞാൻ ശ്രമിക്കാം.” എനിക്കു ഭയം തോന്നി; എനിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നിരുന്നാലും, മൂന്നു മുഴകളും ശ്വാസകോശത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വിജയകരമായി നീക്കം ചെയ്തു. ഒരാഴ്ചയേ എനിക്ക് ആശുപത്രിയിൽ കഴിയേണ്ടിവന്നുള്ളൂ എന്നതു ശ്രദ്ധേയമാണ്. വീട്ടിൽവെച്ച് രണ്ടര മാസംകൊണ്ട് സുഖമായതിനുശേഷം എനിക്കു വീണ്ടും കീമോതെറാപ്പി തുടങ്ങി. അതിനും സാധാരണ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു.
ഈ സമയമായപ്പോഴേക്കും എന്റെ പിതാവിനും കാൻസർ രോഗം ബാധിച്ചിരുന്നു. കുറേ മാസങ്ങൾക്കുശേഷം ഒരു രാത്രി കിടപ്പുമുറിയിൽ അദ്ദേഹം മരിച്ചുകിടക്കുന്നതാണു മമ്മി കണ്ടത്. അദ്ദേഹത്തിന്റെ മരണശേഷം, ഞാനൊരു തൊഴിൽ പരിശീലന സ്കൂളിൽ പോകാൻ തുടങ്ങി. അവിടെവെച്ച് സെക്രട്ടറിയൽ പരിശീലനമാണു ഞാൻ ഏറെറടുത്തത്. ആരോഗ്യപരമായ കാര്യത്തിലും പഠിക്കുന്ന കാര്യത്തിലും ആത്മീയ കാര്യത്തിലും ഞാൻ നല്ല നിലയിലായിരുന്നു. ഒരു സഹായപയനിയർ (താത്കാലിക മുഴുസമയ ശുശ്രൂഷക) എന്നനിലയിൽ ഞാൻ പ്രവർത്തിക്കുകപോലും ചെയ്തിരുന്നു.
മറെറാരു തിരിച്ചടികൂടി
1990 ഏപ്രിലിൽ ജോർജയിലെ ഓഗസ്ററയിൽവെച്ചു നടന്ന എന്റെ ഏററവും മൂത്ത സഹോദരന്റെ വിവാഹത്തിൽ ഞാൻ സംബന്ധിച്ചു. അവിടെ ആയിരുന്നപ്പോൾ എന്റെ സഹോദരൻ എന്നോടു പറഞ്ഞു: “നിന്റെ കാല് വാസ്തവത്തിൽ വലുതാണ്.”
“ഇത് എന്താണെന്നാണു വിചാരിക്കുന്നത്?” ഞാൻ ചോദിച്ചു.
“എനിക്കറിയില്ല,” അദ്ദേഹം ഉത്തരം പറഞ്ഞു.
“സാധ്യതയനുസരിച്ച് അതൊരു ട്യൂമറാണ്,” ഞാൻ പറഞ്ഞു.
ന്യൂയോർക്ക് നഗരത്തിൽ തിരിച്ചുവന്നശേഷം, ഞാൻ ഡോക്ടറുടെ പക്കൽ പോയി. ശരീരത്തിന്റെ ആ ഭാഗം മരപ്പിച്ച് ഒരു ബയോപ്സി നടത്തി. അപ്പോൾ മനസ്സിലായി ഇടത്തെ കാലിന്റെ ചെറുവണ്ണയിൽ മറെറാരു വിമ്സ് ട്യൂമർ ഉണ്ടെന്ന്. അത് അസ്ഥിയെ ബാധിച്ചിരുന്നില്ല എന്ന് പരിശോധനകൾ വെളിപ്പെടുത്തി, എന്നാൽ നീക്കം ചെയ്യാൻ കഴിയാത്തവിധം വളരെ വലുതായിരുന്നു. അതുകൊണ്ട് സാധാരണപോലെ കീമോതെറാപ്പി നടത്തി.
കുറേ കഴിഞ്ഞപ്പോൾ എനിക്കു ഛർദി നിർത്താൻ കഴിഞ്ഞില്ല; എന്റെ കുടൽ അടഞ്ഞുപോയിരുന്നു. അടിയന്തിരമായി നടത്തിയ ഒരു ഓപ്പറേഷൻ അതു നീക്കം ചെയ്തു. എന്നാൽ, എന്റെ കുടലുകൾ വളഞ്ഞുതിരിഞ്ഞുപോയിരുന്നു, അതുകൊണ്ട് വേറൊരു ഓപ്പറേഷൻ ആവശ്യമായി വന്നു. എന്റെ ഹീമോഗ്ലോബിന്റെ അളവ് ഏതാണ്ട് നാലായി കുറഞ്ഞു, അതുകൊണ്ട് ഡോക്ടർ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “നീ രക്തം സ്വീകരിച്ചേ പററൂ. നീ മരിക്കാൻ പോകുകയാണ്. ഒരുപക്ഷേ നീ ഈ രാത്രികൂടി ജീവിച്ചിരിക്കാൻ സാധ്യതയില്ല.” ശ്മശാനത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമായിരുന്നു ഞാൻ അന്നു കണ്ട പേടിസ്വപ്നം.
ട്യൂമർ നീക്കം ചെയ്യാൻതക്കവണ്ണം ഒക്ടോബർ മാസത്തോടെ ഞാൻ സുഖം പ്രാപിച്ചു. അവർ എന്റെ കാൽവണ്ണയുടെ ഏതാണ്ട് 70 ശതമാനവും നീക്കം ചെയ്തു. ഞാൻ ഇനി നടക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു. എന്നാൽ ന്യൂയോർക്ക് നഗരത്തിൽ യാത്ര ചെയ്യുന്നതിനു ഞാൻ നടക്കേണ്ടിയിരുന്നു, അതുകൊണ്ട് ചികിത്സയും നിശ്ചയദാർഢ്യവും നിമിത്തം ഞാൻ നടക്കാൻ തുടങ്ങി—ആദ്യം ഒരു വാക്കറിന്റെ സഹായത്തോടെ, പിന്നീട് ക്രച്ചസ്സിൽ, പിന്നെ ഒരു ചൂരൽവടിയൂന്നി. ഒടുവിൽ എന്റെ കാലിൽ ഒരു ബ്രെയ്സ് പിടിപ്പിച്ചു. അപ്പോൾ, വീടുതോറുമുള്ള ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാൻ തക്കവണ്ണം കൈകൾ സ്വതന്ത്രമായി. കീമോതെറാപ്പി നടത്തിക്കൊണ്ടിരുന്നപ്പോൾ എന്റെ തൂക്കം 27 കിലോഗ്രാമായി കുറഞ്ഞു; 155 സെൻറിമീററർ ഉയരമുള്ള എന്റെ സാധാരണ തൂക്കം 54 കിലോഗ്രാമിനടുത്താണ്. എന്റെ തൂക്കം കൂടുകയും കാൽ വളരുകയും ചെയ്തപ്പോൾ, ഡോക്ടർമാർ കാലിലെ ബ്രെയ്സിന്റെ വലിപ്പം വർധിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ എനിക്കു സാധാരണ തൂക്കമായപ്പോൾ അവർ എനിക്കു വേണ്ടി പുതിയ ഒന്ന് ഉണ്ടാക്കി.
ജീവിതം പിന്നെയും ദുഷ്കരംതന്നെ
1992-ലെ വേനൽക്കാലമായപ്പോഴേക്കും ഞാൻ എന്റെ സാധാരണ അവസ്ഥയിൽ എത്തിച്ചേർന്നു. സഹായ പയനിയറിങ് ചെയ്യുന്നതിനു വേണ്ടി ഞാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. നവംബറിൽ എനിക്കൊരു കത്തു കിട്ടി, അതെന്നെ അതീവ സന്തുഷ്ടയാക്കി. എന്റെ ജീവിതാനുഭവം മററുള്ളവർക്ക് ഒരു പ്രോത്സാഹനമായിരിക്കുമെന്ന് അതു വ്യക്തമാക്കി, അങ്ങനെ അത് ഉണരുക!യിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി വിവരിക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടു. തൊട്ടടുത്ത വാരം എന്റെ ആഹ്ലാദം നിരാശയായിത്തീരുകയാണ് ചെയ്തത്.
പതിവുപോലെയുള്ള ഒരു എക്സ്റേ പരിശോധന കുഴപ്പമൊന്നുമില്ലാത്ത എന്റെ ശ്വാസകോശത്തിൽ ട്യൂമറുകൾ ഉള്ളതായി വെളിപ്പെടുത്തി. എനിക്കു കരച്ചിലടക്കാനായില്ല. ഒരു വൃക്ക, കരളിന്റെ കുറേ ഭാഗം, ഇടത്തെ ശ്വാസകോശത്തിന്റെ മുക്കാൽഭാഗം, ഒരു കാലിന്റെ ഭാഗം, എന്നിവ എനിക്കു നഷ്ടപ്പെട്ടിരുന്നു. ഇവയുമായി പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞിരുന്നു. എന്നാൽ രണ്ടു ശ്വാസകോശങ്ങളും നഷ്ടമായാൽ ആർക്കും അതിജീവിക്കാൻ കഴിയില്ലല്ലോ. വീണ്ടും എന്നെ ആശ്വസിപ്പിക്കാൻ എന്റെ കുടുംബാംഗങ്ങളും സ്നേഹിതരും എത്തി, ഒരിക്കൽക്കൂടി ഈ രോഗത്തോടു പൊരുതാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു.
ട്യൂമറുകളുടെ വലിപ്പം ചുരുക്കാൻ കീമോതെറാപ്പി ആരംഭിച്ചു. ശ്വാസകോശത്തിനു കുഴപ്പമൊന്നും കൂടാതെ അതു നീക്കം ചെയ്യാൻ കഴിയുമെന്ന് ഒരു ഡോക്ടർ കരുതി. 1993 മാർച്ചിൽ ഞാൻ ഓപ്പറേഷനു വിധേയയായി. അവർ കേവലമൊന്നു കീറിനോക്കിയശേഷം തുന്നിക്കൂട്ടുക മാത്രമാണ് ചെയ്തതെന്നു പിന്നീടു ഞാൻ മനസ്സിലാക്കി. ശ്വാസകോശം നീക്കം ചെയ്യാതെ അവർക്കു ട്യൂമറുകൾ നീക്കം ചെയ്യാനാകില്ലായിരുന്നു. അതുകൊണ്ട് ആ ട്യൂമറുകളെ കൊന്നൊടുക്കാനുള്ള ഒരു ശ്രമത്തിൽ അന്നുമുതൽ എനിക്ക് അതിശക്തിയുള്ള കീമോതെറാപ്പിയാണ് തരുന്നത്.
എന്റെ ചിന്തകളിലേക്കു മരണം എന്തുകൊണ്ടാണ് കടന്നുവരുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? എന്റെ ജീവിതം ആയാസരഹിതമായിരുന്നെങ്കിൽ, നാം മരിക്കുന്നതെന്തുകൊണ്ടെന്നും ഭാവി സംബന്ധിച്ച എന്തു പ്രത്യാശയാണുള്ളതെന്നും ഞാൻ വളരെ ആഴമായി ചിന്തിക്കുമായിരുന്നോ? എനിക്ക് ഉറപ്പില്ല. എന്നാൽ, എനിക്ക് ഒന്ന് ഉറപ്പാണ്, ഇപ്പോൾ നാം ജീവിച്ചിരിക്കുന്നതോ മരിക്കുന്നതോ അല്ല, പിന്നെയോ നമുക്കു നിത്യജീവൻ തരാൻ കഴിയുന്നവനായ യഹോവയാം ദൈവത്തിന്റെ അനുഗ്രഹം നാം പ്രാപിക്കുമോ ഇല്ലയോ എന്നതാണ് പ്രധാനം. അവന്റെ പുതിയ ലോകത്തിലെ ജീവന്റെ പ്രത്യാശയെക്കുറിച്ചു ചിന്തിക്കുന്നതും എന്റെ എല്ലാ ഭാരങ്ങളും അവന്റെമേലിടുന്നതും എന്റെ പ്രത്യാശ പങ്കിടുന്ന സ്നേഹിതരോടൊത്തു കഴിയുന്നതും അതിജീവിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.—സങ്കീർത്തനം 55:22; വെളിപ്പാടു 21:3, 4.
മററു ചെറുപ്പക്കാർക്ക് ആരോഗ്യമുള്ളതിൽ ഞാൻ സന്തുഷ്ടയാണ്. ഞാൻ പറഞ്ഞ കഥ അത് ഉപയോഗിക്കാൻ, വ്യർഥമായ കാര്യങ്ങളിലല്ല, പിന്നെയോ യഹോവയുടെ സേവനത്തിൽ ഉപയോഗിക്കാൻ അവരിലനേകരെയും പ്രേരിപ്പിക്കുമെന്നു ഞാൻ പ്രത്യാശിക്കുകയാണ്. ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നുമെന്നേക്കും നല്ല ആരോഗ്യം ആസ്വദിക്കാൻ കഴിയുന്നത് എത്ര മഹത്തരമായിരിക്കും! അവിടെ ഡോക്ടർമാരുടെയും ആശുപത്രികളുടെയും സൂചികളുടെയും ട്യൂബുകളുടെയും ആവശ്യമുണ്ടായിരിക്കയില്ല—രോഗഗ്രസ്തവും മരിച്ചുകൊണ്ടിരിക്കുന്നതുമായ ഈ പഴയ ലോകത്തെ മനസ്സിലേക്കു വരുത്തുന്ന യാതൊന്നും അവിടെ ഉണ്ടായിരിക്കയില്ല.—കാത്തി റോബേഴ്സൺ പറഞ്ഞപ്രകാരം.
[21-ാം പേജിലെ ചിത്രം]
ഹൈസ്കൂളിൽനിന്ന് എനിക്കു സർട്ടിഫിക്കററ് ലഭിച്ചപ്പോൾ
[23-ാം പേജിലെ ചിത്രം]
ന്യൂയോർക്കിൽ നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിലെ ഭക്ഷ്യസേവനവിഭാഗത്തിൽ സഹായിക്കുന്നു