വസ്തുക്കളോടുള്ള ആസക്തിയെ ജയിച്ചടക്കൽ
ഒരു ആസക്തി വിട്ടുകളയുക എന്നത് വളർന്നുവന്ന വീട് വിട്ടുപോകുന്നതു പോലെയാണ്. വീട് പഴഞ്ചനും ജീർണിച്ചതുമാണെങ്കിൽപ്പോലും അത് വിട്ടുപോകുന്നതു വിഷമകരമാണ്. അതു നിങ്ങളുടെ ഭവനമായിരുന്നു.
ആസക്തിയുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, ആസക്തി നിങ്ങളുടെ വൈകാരിക ഭവനമായിരിക്കാനിടയുണ്ട്. അടുക്കും ചിട്ടയുമില്ലാത്തതായിരുന്നെങ്കിലും അതു സുപരിചിതമാണ്. “മത്തുപിടിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. സമചിത്തത അസാധാരണവും” എന്ന് പൂർവസ്ഥിതി പ്രാപിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തനായ ചാൾസ് പറയുന്നു. ആസക്തിയിൽനിന്നു വിട്ടുപോരുന്നത് വിഷമകരമായിരിക്കും. എന്നാൽ അതു ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്.
ആസക്തിയുളവാക്കുന്ന വസ്തുക്കളിൽനിന്നുa വർജിച്ചിരിക്കുക എന്നതാണ് ആദ്യ പടി. കാലവിളംബം വരുത്തുകയോ കേവലം അളവു കുറയ്ക്കുകയോ അല്ല വേണ്ടത്. എല്ലാ ശേഖരവും ബന്ധപ്പെട്ട സാമഗ്രികളും സത്വരം നീക്കം ചെയ്യുക. നിർത്തിയതിന്റെ ചില ദോഷഫലങ്ങൾ കുറച്ചു കാലത്തേക്കു തുടർന്നുണ്ടാകും. ചിലപ്പോൾ വൈദ്യമേൽനോട്ടത്തിൻ കീഴിൽ അത് ഏററവും നന്നായി ചികിത്സിക്കാവുന്നതാണ്. ഇത് ആയുഷ്കാല വർജനത്തിന്റെ തുടക്കമാണ്. എന്നാൽ അത് അസാധ്യമാണെന്നു ചിന്തിക്കരുത്. സാധ്യമായ ഒരു ലക്ഷ്യം വച്ചുകൊണ്ടു തുടങ്ങുക: ഒരു മാസത്തേക്ക്, ഒരാഴ്ചത്തേക്ക്, അല്ലെങ്കിൽ ഒരു ദിവസത്തേക്ക് വർജിച്ചിരിക്കുക. ഓരോ കാലയളവിന്റെയും ഒടുവിൽ അവയിലേക്കു മടങ്ങുന്നതിനുപകരം നിങ്ങളുടെ ദൃഢതീരുമാനം പുതുക്കുക.
ആസക്തമായ പെരുമാററത്തിനു മാററം വരുത്തുന്നതിൽ ഒരു തുടക്കം മാത്രമാണിത്. “ആത്മാവിലെയും ജഡത്തിലെയും സകല കൻമഷവും [“മാലിന്യവും,” NW] നീക്കി” നമ്മെത്തന്നെ ശുദ്ധീകരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 7:1) ആസക്തി ജഡത്തിന്റെ മാലിന്യത്തെക്കാൾ കവിഞ്ഞതാണ്. അത് ആത്മാവിനെയും അഥവാ മാനസിക ചായ്വിനെയും മലിനമാക്കുന്നു. ജഡത്തിലും ആത്മാവിലും പൂർവസ്ഥിതി പ്രാപിക്കാൻ എന്തിനു നിങ്ങളെ സഹായിക്കാനാകും?
തുടർച്ചയായ ശ്രമം അനിവാര്യം
“ആസക്തി മുഴു വ്യക്തിത്വത്തിന്റെയും ഒരു ക്രമഭംഗമാണ്” എന്നു ഡോ. റോബർട്ട് എൽ. ഡ്യൂപോൺട് പറയുന്നു. അതുകൊണ്ട് ആസക്തിയെ ജയിച്ചടക്കുന്നതിന് മുഴു വ്യക്തിയെത്തന്നെയും കണക്കിലെടുക്കേണ്ടതുണ്ട്. അതു മൊത്തം മൂല്യാവബോധത്തെയും മാറേറണ്ടതുണ്ട്. ഇതിനു സമയമാവശ്യമാണ്. പൂർവസ്ഥിതി പ്രാപിക്കുന്നതിനു കുറുക്കുവഴികളൊന്നുമില്ല. പെട്ടെന്നു സൗഖ്യമാകുമെന്ന് ആരെങ്കിലും വിചാരിച്ചാൽ ആ ശീലത്തിലേക്കു പൊടുന്നനെ മടങ്ങാനേ ഇടയാക്കുകയുള്ളൂ.
ശരിയായതു ചെയ്യുന്നതിനുള്ള പോരാട്ടം തുടരേണ്ട ഒന്നാണ്. ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന [“നിരന്തര പോരാട്ടത്തിലുള്ള,” ഫിലിപ്സ്] വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു.” (റോമർ 7:23) ക്രിസ്ത്യാനികൾ “വിശുദ്ധിയെ തികെച്ചുകൊ”ള്ളണമെന്നും അദ്ദേഹം എഴുതി. (2 കൊരിന്ത്യർ 7:1) ഇവിടത്തെ “തികെച്ചുകൊൾക” എന്ന പദം “സമ്പൂർണമായ വിശുദ്ധി ക്ഷണനേരംകൊണ്ട് ആർജിക്കുന്നതിനെയല്ല, പിന്നെയോ തുടർച്ചയായ ഒരു പ്രക്രിയ”യെയാണ് പരാമർശിക്കുന്നതെന്ന് പുതിയ നിയമത്തിലെ പദചിത്രങ്ങൾ എന്ന [ഇംഗ്ലീഷ്] പുസ്തകം അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ആസക്തിയെ ജയിച്ചടക്കുക എന്നതു ക്രമാനുഗതമായ ഒരു സംഗതിയാണ്.
കാരണം കണ്ടെത്തൽ
അനേകരെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞകാലത്തെ വേദനാജനകമായ സംഭവങ്ങളെ കുഴിച്ചുമൂടാനുള്ള ഒരു ശ്രമമാണ് ആസക്തി. ജാനസ് ഇപ്രകാരം പറയുന്നു: “ബുളിമിയ [ആഹാരം കഴിക്കുന്നതിലെ ഒരുതരം ക്രമക്കേട്] ഓർമകളിൽനിന്ന് എന്നെ അകററിനിർത്തി. അത് അതിജീവിക്കാനുള്ള എന്റെ വിദ്യയായിത്തീർന്നു.” ജാനസിനെ സംബന്ധിച്ചിടത്തോളം ഭൂതകാലത്തെ വിസ്മരിച്ചത് അവളുടെ ആസക്തിക്കു സ്ഥായീഭാവം നൽകുകയാണു ചെയ്തത്. എന്നാൽ അവളുടെ പെരുമാററത്തിന്റെ കാരണങ്ങളെ മനസ്സിലാക്കിയപ്പോൾ അത് ആസക്തമായ പെരുമാററത്തിനു മാററം വരുത്താൻ ജാനസിനെ സഹായിച്ചു.
ചിലർ മുൻകാല ശീലങ്ങൾക്കു മാററം വരുത്തുന്നു. കഴിഞ്ഞകാല സംഭവങ്ങളെ പരിശോധിക്കാതെതന്നെ വിജയപ്രദമായി അവയെ തരണം ചെയ്യാൻ അവർ പ്രാപ്തരാണ്. എന്നാൽ മററു ചിലരുടെ കാര്യത്തിൽ കഴിഞ്ഞകാല സാഹചര്യത്തിൽ വേരൂന്നിയ വികാരങ്ങൾ തുടർന്നും ആസക്തമായ വാഞ്ഛയ്ക്കു വളമേകുന്നതായി കാണുന്നു. “ദൈവമേ, എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ” എന്നെഴുതിയ സങ്കീർത്തനക്കാരനായ ദാവീദിനു തോന്നിയതുപോലെ അവർക്കു തോന്നിയേക്കാം.—സങ്കീർത്തനം 139:23, 24.
വികാരങ്ങളെ കൈകാര്യം ചെയ്യൽ
ഇരുട്ടുള്ള ഒരു കെട്ടിടത്തിൽനിന്ന് നിങ്ങൾ എപ്പോഴെങ്കിലും നേരിട്ടു വെയിലത്തേക്ക് ഇറങ്ങിയിട്ടുണ്ടോ? പെട്ടെന്നുള്ള തീവ്രപ്രകാശം കാരണം നിങ്ങൾ അറിയാതെ പിന്നോട്ടു പോകുന്നു. സമാനമായി, ആസക്തികളെ തരണം ചെയ്തുതുടങ്ങുമ്പോൾ നിങ്ങൾ പെട്ടെന്നും വേദനാജനകമാംവിധവും ഒരു കൂട്ടം വികാരങ്ങളാൽ ആക്രമിക്കപ്പെടുന്നതായി മനസ്സിലാക്കിയേക്കാം. ദീർഘകാലം ഗുപ്തമായി കിടന്നിരുന്ന സ്നേഹം, ദേഷ്യം, ദുരഭിമാനം, അസൂയ, ഭയം, നീരസം തുടങ്ങിയവയും മററു ചില വികാരങ്ങളും ഇപ്പോൾ തീവ്രമായി പ്രത്യക്ഷപ്പെടുന്നു.
വസ്തുക്കളുടെ ദുരുപയോഗമെന്ന സുപരിചിതമായ അന്ധകാരത്തിലേക്കു തിരികെ പോകാൻ ഉത്കണ്ഠയുടെ വികാരങ്ങൾ നിങ്ങളോടു പറഞ്ഞേക്കാം. എന്നാൽ നിങ്ങൾ വികാരങ്ങളിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. അവ നിങ്ങളെ സംബന്ധിച്ചിടത്തോളം വിവരങ്ങളുടെ സഹായകമായ ഒരു ഉറവിടമായിരിക്കാവുന്നതാണ്. പലപ്പോഴും എന്തിനോ ശ്രദ്ധ ആവശ്യമാണ് എന്നതിന്റെ ഒരു സൂചന മാത്രമാണ് വികാരങ്ങൾ. അതുകൊണ്ട് ആവശ്യമെങ്കിൽ നിങ്ങളുടെ വികാരങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തുനോക്കുക. അവ നിങ്ങളോട് എന്താണു പറയുന്നത്? ലഭിക്കുന്ന സന്ദേശം അവ്യക്തമായിരിക്കുകയോ വികാരങ്ങൾ ആകുലപ്പെടുത്തുന്നതായി തോന്നുകയോ ചെയ്യുന്നെങ്കിൽ പക്വതയുള്ള ഒരു സുഹൃത്തിനോട് അവ തുറന്നുപറയുക. (ഇയ്യോബ് 7:11) നിങ്ങളുടെ വികാരങ്ങളെ നിങ്ങൾ ഒററയ്ക്കു നേരിടേണ്ടതില്ല.—താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 12:25.
വികാരങ്ങൾ അവശ്യം നിങ്ങളുടെ ശത്രുക്കളല്ല എന്ന് ഓർമിക്കുക. യഹോവയാം ദൈവത്തിനുതന്നെ തീവ്രമായ വികാരങ്ങളുണ്ട്. ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനും അങ്ങനെതന്നെ. (ഉല്പത്തി 1:26; സങ്കീർത്തനം 78:21, 40, 41; 1 യോഹന്നാൻ 4:8) സൂര്യപ്രകാശം പെട്ടെന്നു കണ്ണു മഞ്ചിക്കുന്നതുപോലെ, വികാരങ്ങൾ ആദ്യം വേദനാകരമായിരിക്കാം. എന്നാൽ ക്രമേണ അവ സൂര്യപ്രകാശംപോലെ മാർഗനിർദേശത്തിന്റെയും ചൂടിന്റെയും ഒരു ഉറവിടമായിത്തീരും.
പ്രശ്നം പരിഹരിക്കൽ
വലിച്ചുകെട്ടി നിർത്തിയിരിക്കുന്ന ഒരു കയറിൻമേൽ നടക്കുന്നത് ഉയരങ്ങളെ ഭയപ്പെടുന്ന ഒരു വ്യക്തിക്ക് അത്യന്തം ഭീതിജനകമാണ്. പൂർവസ്ഥിതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ആസക്തന് ജീവിതം, വലിച്ചുകെട്ടി നിർത്തിയിരിക്കുന്ന കയറിൻമേലുള്ള ഭീതിപ്പെടുത്തുന്ന ഒരു നടത്തംപോലെ തോന്നാം. അതുപോലെ, സമചിത്തതയുടെ ഉന്നതമായ ഉത്തരവാദിത്വങ്ങൾ ഉയരങ്ങളുടെ ഒരു ഭയം ഉളവാക്കിയേക്കാം. പരാജയപ്പെടുമെന്ന തോന്നൽ ഇങ്ങനെ ന്യായവാദം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം: ‘ഏതായാലും ഞാൻ വീഴാൻ പോകുകയാണ്, എന്നാൽ അത് എന്തുകൊണ്ട് ഇപ്പോഴായിക്കൂടാ?’
എന്നാൽ ഓർമിക്കുക, പ്രശ്നങ്ങൾ എന്നു പറയുന്നതു വ്യക്തിയുടെമേലുള്ള ആക്രമണങ്ങളല്ല. കൈകാര്യം ചെയ്യേണ്ടിയിരിക്കുന്ന സാഹചര്യങ്ങൾ മാത്രമാണ് അവ. അതുകൊണ്ട് പരിഭ്രാന്തരാകാതിരിക്കുക. ഒരു സമയത്ത് ഒന്ന് എന്ന കണക്കിൽ നിങ്ങളുടെ പ്രശ്നങ്ങളെ നേരിടുക. അവയെ ശരിയായ സ്ഥാനത്തു നിർത്താൻ ഇതു നിങ്ങളെ സഹായിക്കും.—1 കൊരിന്ത്യർ 10:13.
ആത്മമൂല്യം
പൂർവസ്ഥിതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മദ്യാസക്തയായ മരിയണിന്, ആത്മമൂല്യം കുറവാണ് എന്ന തോന്നലിനെ കൈകാര്യം ചെയ്യേണ്ടിയിരുന്നു. “എന്റെ യഥാർഥ സ്ഥിതി മററുള്ളവരെ അറിയിച്ചാൽ അവർ എന്നെ ഇഷ്ടപ്പെടുകയില്ലെന്ന് എന്റെ മനസ്സ് എപ്പോഴും പറയുന്നു” എന്ന് അവൾ പറയുന്നു.
ആസക്തിയുടെ പിടി പൊട്ടിച്ചെറിയുന്നതിന് ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ മൂല്യത്തെക്കുറിച്ച് നിങ്ങൾ പഠിക്കേണ്ടത് ആവശ്യമാണ്—ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായി. നിങ്ങളുടെ ജീവിതം ആസക്തിമൂലം ആകമാനം തകർന്നിരിക്കുന്നെങ്കിൽ ഇതു ദുഷ്കരമാണ്. എന്തിനു നിങ്ങളെ സഹായിക്കാനാകും?
വിഷാദമഗ്നർക്ക് ആശ്വാസം പ്രദാനം ചെയ്യുന്ന ഒരു പുസ്തകമാണ് ബൈബിൾ. നല്ല ആത്മാഭിമാനം വളർത്തിയെടുക്കാൻ അതിനു നിങ്ങളെ സഹായിക്കാനാകും. (സങ്കീർത്തനം 94:19) ഉദാഹരണത്തിന്, മനുഷ്യർ “തേജസ്സും ബഹുമാനവും” അണിയിക്കപ്പെട്ടവരാണെന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ഭയജനകമായ ഒരു വിധത്തിൽ എന്നെ നിർമിച്ചിരിക്കുന്നു.” (സങ്കീർത്തനം 8:5; 139:14, NW) നല്ല ആത്മമൂല്യത്തിന്റെ എത്ര സുന്ദരമായ ആശയപ്രകടനങ്ങൾ!
നിങ്ങളുടെ ശരീരത്തെ വിലയേറിയതായി കണക്കാക്കുക. ‘ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ, എന്നാൽ അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നത്’ എന്ന തിരുവെഴുത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ അതിനെ പരിപാലിക്കും. (എഫെസ്യർ 5:29) അതേ, ആസക്തിയിൽനിന്നു പൂർവസ്ഥിതി പ്രാപിക്കുന്നതിന്റെ വെല്ലുവിളിയെ നിങ്ങൾക്കു നേരിടാൻ കഴിയും.b
എന്നിരുന്നാലും, ആസക്തിയിൽ വളരെയധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കാം. മയക്കുമരുന്ന്, ലഹരിപദാർഥം, ഭക്ഷണം എന്നിവയിലുള്ള ആസക്തി അതേ ഉദ്ദേശ്യത്തോടെയും അർപ്പണബോധത്തോടെയും മററു പ്രവർത്തനങ്ങളിലും കാട്ടാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ചിലത് ഇനി പരിചിന്തിക്കപ്പെടും.
[അടിക്കുറിപ്പുകൾ]
a ഭക്ഷണം കഴിക്കുന്നതിൽ ക്രമക്കേടുകളുള്ളവർക്കു തീർച്ചയായും ആഹാരം വർജിക്കാൻ സാധ്യമല്ല. എന്നാൽ, ഭാവമാററം വരുത്താനുള്ള ഒരുപാധിയായി ഭക്ഷണത്തെ ഉപയോഗിക്കാതിരിക്കാൻ അവർക്കു കഴിയും. അമിതമായി ഭക്ഷണം കഴിക്കൽ, ഭക്ഷണം കഴിക്കാതിരിക്കൽ, മനഃപൂർവമുള്ള വയറിളക്കൽ, ആഹാരത്തെക്കുറിച്ച് അമിതമായി ചിന്തിച്ചുകൊണ്ടിരിക്കൽ തുടങ്ങിയവയ്ക്കു പകരം ന്യായമായ ഒരു ഭക്ഷണക്രമം കൈക്കൊള്ളാവുന്നതാണ്.
b വർജനവും പൂർവസ്ഥിതി പ്രാപിക്കുന്നതിലെ പുരോഗതിയും നിലനിർത്തുന്നതിന്, ചിലർ പുനരധിവസിപ്പിക്കൽ പരിപാടിയുടെ സഹായം തേടിയിട്ടുണ്ട്. അത്തരം പരിപാടികൾ നൽകുന്ന അനേകം ചികിത്സാ കേന്ദ്രങ്ങളും ആശുപത്രികളും മററു സഹായ ഉറവിടങ്ങളുമുണ്ട്. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സയെ പിന്താങ്ങുന്നില്ല. ബൈബിൾ തത്ത്വങ്ങളനുസരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവർ, തിരുവെഴുത്തു തത്ത്വങ്ങളെ വിട്ടുവീഴ്ച ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാതിരിക്കുന്നതിനു സൂക്ഷ്മത പുലർത്താനാഗ്രഹിക്കും.
[6-ാം പേജിലെ ആകർഷകവാക്യം]
“പൂർവസ്ഥിതി പ്രാപിക്കുന്നത് ഏറെയും [ഒരുവന്റെ] മൊത്തം മൂല്യാവബോധത്തിനു മാററം വരുത്തുന്ന ഒരു സംഗതിയാണ്.”—ഡോ. റോബർട്ട് എൽ. ഡ്യൂപോൺട്.
[7-ാം പേജിലെ ചിത്രം]
ആസക്തിയുളവാക്കുന്ന വസ്തുക്കളിൽനിന്നു വർജിച്ചിരിക്കലാണ് ആദ്യ പടി
[8-ാം പേജിലെ ചിത്രം]
വികാരങ്ങൾ നിങ്ങളെ ആകുലപ്പെടുത്തുമ്പോൾ അവ ആരോടെങ്കിലും തുറന്നുപറയുക