പ്രവർത്തനങ്ങൾ ആസക്തമായിത്തീരുമ്പോൾ
വസ്തുക്കളോടുള്ള ആസക്തിയും പ്രവർത്തനങ്ങളോടുള്ള ആസക്തിയും, ഒരേ പാളത്തിൽ, ഒരേ ദിശയിൽ ഓടുന്ന രണ്ടു ട്രെയിനുകൾ പോലെയാണ്.a രണ്ടിനും ഒരേ ലക്ഷ്യവും ഉദ്ദേശ്യവുമാണുള്ളത്. അതായത്, മാനസികാവസ്ഥകൾക്കു മാററം വരുത്തുകയും വേദനാകരമായ വികാരങ്ങളെ മറച്ചുവയ്ക്കുകയും ചെയ്യുക എന്നത്. പ്രവർത്തനങ്ങളോടുള്ള ആസക്തിയുടെ ചില ഉദാഹരണങ്ങൾ നമുക്കു പരിശോധിക്കാം.
ജോലിയോടുള്ള ആസക്തി
ജോലിയോടുള്ള ആസക്തി ആദരണീയമായ ഒരു ആസക്തിയെന്നു വിളിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, ജോലിയിൽ ആസക്തരായവർ നല്ല ജോലിക്കാരാണ്. എന്നാൽ, അവരുടെ ഉള്ളിൽ ചാരിതാർഥ്യബോധം തോന്നാതിരുന്നേക്കാം. ജോലിക്കു വേദനാകരമായ തോന്നലുകളിൽനിന്നു ശ്രദ്ധയകററുന്ന ഒന്നോ അംഗീകാരത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹമോ ആയിത്തീരാൻ കഴിയും.
സ്കേററിങ് നടത്തുന്ന ഒരുവനെ വെള്ളത്തിൽ മുങ്ങിച്ചാകാതെ മഞ്ഞുപാളി സംരക്ഷിക്കുന്നു; തൊഴിലിനോട് ഉൻമത്തനായ ഒരുവനെ വികാരങ്ങളിൽ മുങ്ങിച്ചാകുന്നതിൽനിന്നു പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നു. ജോലിയോട് ആസക്തിയുള്ള ഒരുവനു സ്കേററിങ് നടത്തുന്ന ഒരുവനെപ്പോലെ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കാനാകും. എന്നാൽ അതെല്ലാം പുറമേ മാത്രമാണ്. പലപ്പോഴും ഉള്ളിൽ മറഞ്ഞുകിടക്കുന്നത് എന്താണ്? മാനസികാരോഗ്യ ഉപദേഷ്ടകയായ ലിൻഡ ററി. സാൻഫോർഡ് ഇപ്രകാരം എഴുതുന്നു: “ജോലിയോട് ആസക്തിയുള്ള ഒരു വ്യക്തി ജോലിയിൽ പൂർണമായി ആമഗ്നമാകാതിരിക്കുമ്പോൾ അവനോ അവളോ വിഷാദം, ഉത്കണ്ഠ, കോപം, നിരാശ, ശൂന്യത എന്നിവയുടെ ഭയങ്കരമായ വികാരങ്ങളാൽ അടിച്ചൊഴുക്കപ്പെടുന്നു.”
ജോലിയോട് ആസക്തിയുള്ള അനേകരുടെയും ആഴത്തിൽ പതിഞ്ഞ പ്രേരണാഘടകം അതൊരു ദീർഘകാല സ്വഭാവവിശേഷമാണെന്നു സൂചിപ്പിക്കുന്നു. സാധ്യതയനുസരിച്ച് അത് ഒരുവൻ വളർന്നുവന്ന വിധത്തിലാണു വേരൂന്നിയിരിക്കുന്നത്. ഒരു സ്ത്രീയുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു, അവളെ നമുക്കു മേരി എന്നു വിളിക്കാം. ആറു വയസ്സുള്ളപ്പോൾ മുതൽ പാചകവും ഗൃഹജോലിയും ചെയ്ത് മദ്യാസക്തനായ തന്റെ അച്ഛന്റെ സ്നേഹം നേടാൻ അവൾ ശ്രമിച്ചു. അവൾ പറയുന്നു: “അതു നിർബന്ധമായിത്തീർന്നു. കൂടുതൽ ചെയ്താൽ അല്ലെങ്കിൽ ഏറെ മെച്ചമായി ചെയ്താൽ അദ്ദേഹം എന്നെ സ്നേഹിക്കുമെന്നു ഞാൻ വിചാരിച്ചു. എന്നാൽ എനിക്കു തിരികെ ലഭിച്ചതോ വിമർശനം മാത്രവും.”
ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ ഈ തെററായ ചിന്തയോട് മേരി ഇപ്പോഴും മല്ലിടുന്നു. “ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് എനിക്കു തോന്നുന്നു. ഞാൻ സ്നേഹം നേടേണ്ടതാണെന്ന്, എന്തെങ്കിലും നേടാത്തപക്ഷം ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. സാമൂഹിക കൂടിവരവുകളുടെ സമയത്ത് ആഹാരമുണ്ടാക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്തുകൊണ്ട് ഞാൻ തളരുന്നു. അതു ഞാൻ ചെയ്യുന്നത്, അവിടെ ആയിരിക്കാനുള്ള എന്റെ അവകാശം നേടാൻ ശ്രമിക്കുന്നതു പോലെയാണ്” എന്ന് അവൾ തുറന്നുപറയുന്നു.
മേരിയെപ്പോലുള്ളവർക്ക്, ജോലിയെ സംബന്ധിച്ച സമനിലയോടെയുള്ള ഒരു വീക്ഷണം അത്യാവശ്യമാണ്. കഠിനാധ്വാനത്തെ ബൈബിൾ പ്രശംസിക്കുന്നു. (സദൃശവാക്യങ്ങൾ 6:6-8; 2 തെസ്സലൊനീക്യർ 3:10, 12) യഹോവയാം ദൈവംതന്നെ ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു. (സങ്കീർത്തനം 104:24; യോഹന്നാൻ 5:17) എന്നാൽ അവിടുന്ന് ഒരിക്കലും അനിയന്ത്രിതമായി വേല ചെയ്യുന്നവനല്ല. തന്റെ സൃഷ്ടിക്രിയകൾ നല്ലത് എന്നു യഹോവ കണ്ടു. അവ പൂർത്തിയായപ്പോൾ മാത്രമല്ല, സൃഷ്ടി പ്രക്രിയകൾ നടന്നുകൊണ്ടിരുന്ന സമയത്തുപോലും.—ഉല്പത്തി 1:4, 12, 18, 21, 25, 31; താരതമ്യം ചെയ്യുക: സഭാപ്രസംഗി 5:18.
അതുപോലെ യഹോവയാം ദൈവത്തിന്റെ വിദഗ്ധ വേലക്കാരനായ അവിടുത്തെ പുത്രൻ യേശുവും തന്റെ വേലയിൽ വ്യക്തിപരമായ സംതൃപ്തി പ്രതിഫലിപ്പിച്ചു. (സദൃശവാക്യങ്ങൾ 8:30, 31) തന്നോടൊത്തു പ്രവർത്തിക്കുന്നതിൽ തന്റെ അനുഗാമികളും ഉൻമേഷം കണ്ടെത്തുമെന്ന് യേശു വാഗ്ദത്തം ചെയ്തു. അവരൊന്നിച്ച് മുന്തിയ പ്രാധാന്യമുള്ള ഒരു വേലയിൽ പങ്കുപററി. എന്നാൽ വിശ്രമിക്കുന്നതിൽനിന്ന് ഇത് അവരെ തടഞ്ഞില്ല.—മത്തായി 11:28-30; മർക്കൊസ് 6:31; താരതമ്യം ചെയ്യുക: സഭാപ്രസംഗി 4:6.
നിങ്ങളുടെ മൂല്യം കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നുവെന്നോ സ്നേഹിക്കണമെങ്കിൽ അത് ആർജിക്കണമെന്നോ ഒരുപക്ഷേ മാതാപിതാക്കളിലൊരാൾ സൂചിപ്പിച്ചേക്കാം. യഹോവയുടെ വീക്ഷണമനുസരിച്ച് നല്ല മാതാപിതാക്കൾ അങ്ങനെ ചെയ്യുകയില്ല എന്നറിയുന്നതിൽ നിങ്ങൾക്ക് ആശ്വാസം തോന്നും. അവിടുത്തെ വചനം ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുൻമേഷരാകും [“തങ്ങൾ അപ്രധാനരായി അവർക്കു തോന്നും,” ദി ആംപ്ലിഫൈഡ് ബൈബിൾ].” (കൊലൊസ്സ്യർ 3:21, പി.ഒ.സി. ബൈബിൾ) സ്നേഹത്തിനു യോഗ്യത നേടുന്നതുവരെ അതു കൊടുക്കാതിരിക്കുന്നവനല്ല യഹോവ. അവിടുത്തെ സ്നേഹിക്കാനും സേവിക്കാനും തുടങ്ങിയശേഷം മാത്രം നൽകുന്ന ഒന്നല്ല അവിടുത്തെ സ്നേഹം. തീർച്ചയായും, അവിടുന്ന് ‘നമ്മെ ആദ്യം സ്നേഹിച്ചു’ എന്ന് ബൈബിൾ നമ്മോടു പറയുന്നു. അതേ, “നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ” നമ്മെ സ്നേഹിക്കുന്നതിൽ ദൈവം മുൻകൈ എടുത്തു. (1 യോഹന്നാൻ 4:19; റോമർ 5:6-8) മാത്രമല്ല, യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള നമ്മുടെ ആത്മാർഥ ശ്രമങ്ങളെ അവിടുന്ന് വിമർശിക്കുന്നില്ല. അതുകൊണ്ട്, അവിടുത്തോടുള്ള നമ്മുടെ സേവനം അവിടുത്തോടുള്ള സ്നേഹത്തിന്റെ ആത്മാർഥമായ ഒരു പ്രകടനമായിത്തീരുന്നു.
ടെലിവിഷൻ ആസക്തി
അളവിൽക്കവിഞ്ഞ് ടിവി കാണുന്നതിനെ ആസക്തിയെന്നു ചിലർ വിളിക്കുന്നു. “മയക്കുമരുന്നുകളോ ലഹരിപദാർഥമോ പോലെതന്നെ ടെലിവിഷൻ കാഴ്ച അതിന്റെ ഭാഗഭാക്കാകുന്ന ഒരുവനെ യഥാർഥ ലോകത്തെ വിസ്മരിക്കാനും സുഖലോലുപവും കർമരഹിതവുമായ ഒരു മാനസികാവസ്ഥയിൽ കടക്കാനും ഇടയാക്കുന്നു” എന്ന് മേരി വിൻ ദ പ്ലഗ്-ഇൻ ഡ്രഗ്ഗിൽ പ്രസ്താവിക്കുന്നു.
തീർച്ചയായും, ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് താത്കാലികമായി ശ്രദ്ധ പതറിക്കപ്പെടുന്നത് തെററല്ല. എന്നാൽ ചില നിരീക്ഷകർ ഒരിക്കലും യഥാർഥ്യത്തിലേക്കു തിരിച്ചുവരാറില്ല. ടെലിവിഷൻ സെററ് പൊട്ടിപ്പോയപ്പോൾ പൊടുന്നനെ ടിവി കാണാൻ കഴിയാതെവന്ന ഒരു ഭർത്താവ് ഇപ്രകാരം തുറന്നുപറഞ്ഞു: “ആ വർഷങ്ങളിലെല്ലാം എന്റെ മനസ്സ് പൂർണമായും നിർജീവമായിപ്പോയതുപോലെ എനിക്കു തോന്നുന്നു. ഞാൻ അതിനോട് ഒട്ടിച്ചേർന്നുപോയി, ഒരുപ്രകാരത്തിലും അതിൽനിന്നു വിട്ടുപോരാൻ എനിക്കു കഴിഞ്ഞില്ല.” കൈ എന്നു പേരുള്ള ഒരു യുവപ്രായക്കാരൻ സമാനമായ അനിയന്ത്രിത പ്രേരണാശക്തിയെ വർണിക്കുന്നു: “ഞാൻ ടെലിവിഷൻ കാണുന്ന അത്രയും സമയം അതു കാണാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ എനിക്കു നിയന്ത്രിക്കാനാവുന്നില്ല. അത് എന്നെ നിയന്ത്രിക്കുന്നു.”
അളവിൽക്കവിഞ്ഞ് ടിവി കാണുന്നത് ചിന്താപ്രാപ്തിയെ മുരടിപ്പിക്കുന്നു. ധ്യാനനിരതമായ വിചിന്തനം നടത്താൻ ബൈബിൾ ശുപാർശ ചെയ്യുന്നു. അതിനു കുറച്ച് ഏകാന്തത ആവശ്യമാണ്. (യോശുവ 1:8; സങ്കീർത്തനം 1:2, 3; 145:5; മത്തായി 14:23; ലൂക്കൊസ് 4:42; 5:16; 1 തിമൊഥെയൊസ് 4:15) ഇതു പലരെയും ഭയപ്പെടുത്തുന്നു. നിശബ്ദത അവരെ പൊതിയുമ്പോൾ അവർ അങ്ങേയററം ഭയവിഹ്വലരാകുന്നു. തങ്ങളുടെ സ്വന്തം ചിന്തകളുമായി ഏകാന്തരായി കഴിയാൻ അവർ ഭയപ്പെടുന്നു. ശൂന്യത നികത്താൻ അവർ ഭ്രാന്തമായി എന്തിനുവേണ്ടിയും പരതുന്നു. ടിവി പെട്ടെന്നുള്ള ഒരു പരിഹാരമാർഗമായിത്തീരുന്നു. എന്നാൽ, ഏററവും മെച്ചമായിരിക്കുമ്പോൾ പോലും ടിവി യാഥാർഥ്യത്തിൽനിന്ന് ഒരുവനെ അകററുകയാണു ചെയ്യുന്നത്.
നിർബന്ധപൂർവമുള്ള ചൂതാട്ടം
ചൂതാട്ടം വേരൂന്നിയിരിക്കുന്നത് അത്യാഗ്രഹത്തിലാണ്. എന്നാൽ നിർബന്ധപൂർവമായ ചൂതാട്ടം പണമുണ്ടാക്കുന്ന ഒരു കാര്യത്തെക്കാൾ കവിഞ്ഞ ഒന്നാണ്.b “യാഥാർഥ്യത്തിൽനിന്നു രക്ഷപെടാൻ ‘പൂസാകേണ്ടത്’ എനിക്ക് ആവശ്യമായിരുന്നു. അതു കൃത്യമായും മയക്കുമരുന്ന് കഴിക്കുന്നതുപോലെയാണ്” എന്നാണു നൈജൽ പറയുന്നത്. നിർബന്ധ ചൂതാട്ടക്കളിക്കാരനെ സംബന്ധിച്ചിടത്തോളം, ചൂതാട്ടപ്രക്രിയതന്നെ മിക്കപ്പോഴും ഒരു പ്രതിഫലമാണ്. പരിണതഫലങ്ങൾക്കു പ്രസക്തിയില്ല. നൈജലിനു സ്നേഹിതരെ നഷ്ടമായി. മററുചിലർക്കു തങ്ങളുടെ കുടുംബങ്ങളെ നഷ്ടപ്പെടുന്നു. പലർക്കും തങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുന്നു. ഫലത്തിൽ എല്ലാവർക്കും പണം നഷ്ടമാകുന്നു. ആരും ചൂതാട്ടം നിർത്തുന്നില്ല, കാരണം ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രധാനം. കളിക്കുന്ന ആ പ്രക്രിയ ആണ് മാനസികാവസ്ഥയെ മാററിമറിക്കുന്നതും മയക്കുമരുന്നു പോലെതന്നെ ഒരു ഉന്നതഭാവം ഉളവാക്കുന്നതും.
ജീവിതപ്രശ്നങ്ങളിൽനിന്നു ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന ഒന്നായിരിക്കാം ചൂതാട്ടം. എന്നാൽ അതു പ്രശ്നങ്ങളെ അകററിക്കളയുന്നില്ല. ഗുരുതരമായി മുറിവേററ ഒരു മനുഷ്യന് വേദനാസംഹാരിയെക്കാളധികം ആവശ്യമാണ്. അയാളുടെ മുറിവുകൾ ചികിത്സിക്കേണ്ടതുണ്ട്. ഒരു വ്യക്തിയെ ചൂതാട്ടത്തിലേക്കു നയിച്ചിട്ടുള്ള മുറിവുകളുണ്ടെങ്കിൽ അയാൾ അവയെ തിരിച്ചറിയുകയും ചികിത്സിക്കുകയും വേണം. അതിനു ധൈര്യമാവശ്യമാണ്. എന്നാൽ ഒടുവിൽ അതു പ്രതിഫലദായകമാണ്.
രക്ഷപെടുക
ഏതുതരം ആസക്തിയിൽനിന്നും മോചനം നേടുന്നതിന്, ആസക്തിക്കു പലപ്പോഴും പ്രേരകമായി വർത്തിക്കുന്ന ആന്തരിക വേദനയെ അവഗണിക്കാവുന്നതല്ല. ആസക്തിയുള്ള വ്യക്തി ഈ പ്രശ്നത്തിന്റെ മൂലകാരണത്തെ ചികിത്സിക്കാൻ ശ്രമിക്കണം. ഇതൊരു വെല്ലുവിളിയാണ്. “മദ്യവും മയക്കുമരുന്നും 30 വർഷം നിരന്തരം ഉപയോഗിച്ചശേഷം അതു പെട്ടെന്നങ്ങു നിർത്താനാവില്ല. പ്രത്യേകിച്ചും നിങ്ങളുടെ ആസക്തി ആഴമായ ഒരു പ്രശ്നത്തെ മറച്ചിരുന്നെങ്കിൽ” എന്ന് ഒരു മുൻ ആസക്തൻ പറയുന്നു.
എന്നാൽ ആസക്തിയിൽനിന്നു മോചനം നേടുന്നത് ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്. നേരത്തെ പരാമർശിച്ച നിർബന്ധ ജോലിക്കാരിയായ മേരി അതിനെ ശരിക്കും വർണിക്കുന്നു. അവൾ പറയുന്നു: “വർഷങ്ങളായി നേരിടാൻ ഭയപ്പെട്ടിരുന്ന കാര്യങ്ങളിൽനിന്നു ഞാൻ ഓടിയകലുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ കാര്യങ്ങളെ ഞാൻ നേരിട്ടിരിക്കുന്നു. അവ എത്ര ചെറുതായിത്തീർന്നിരിക്കുന്നുവെന്നത് വിസ്മയാവഹമാണ്.”
ആസക്തിയെ വിജയപ്രദമായി തരണം ചെയ്തിട്ടുള്ള അനേകരുടെയും അനുഭവം ഇതാണ്. “നാശകരമായ ശീലങ്ങളുടെ അടിമകൾ” ആയിരിക്കുന്നതിനു പകരം, ആസക്തിയെ ജയിച്ചടക്കുകയെന്ന വെല്ലുവിളിയെ വിജയപ്രദമായി നേരിടാൻ “സാധാരണയിൽ കവിഞ്ഞ ശക്തി”ക്കു വേണ്ടി അവർ പ്രാർഥിച്ചിരിക്കുന്നു.—2 പത്രോസ് 2:19, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ; 2 കൊരിന്ത്യർ 4:7, NW.
[അടിക്കുറിപ്പുകൾ]
a ആസക്തി എന്ന് എന്തിനെ വിളിക്കാൻ കഴിയും എന്തിനെ വിളിക്കാൻ കഴിയില്ല എന്നതു സംബന്ധിച്ച് വളരെയധികം തർക്കമുണ്ട്. ആസക്തിയുളവാക്കുന്ന പ്രവർത്തനങ്ങളെ “നിർബന്ധ പ്രേരണാഘടകങ്ങൾ” എന്നു വിളിക്കാൻ ചിലർ ഇഷ്ടപ്പെടുന്നു. വൈകാരികമായി “രക്ഷപെടാനുള്ള പഴുതുകൾ” എന്നനിലയിലാണ് ആസക്തികളുടെ പങ്കിനെക്കുറിച്ച് ഈ ലേഖനങ്ങളിൽ ഞങ്ങൾ ഗവേഷണം നടത്തിയിരിക്കുന്നത്. രക്ഷപെടാനുള്ള പഴുതുകളായി പ്രവർത്തനങ്ങളെ ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ട്, ഇവിടെ അവയെ “ആസക്തികൾ” എന്നു ഞങ്ങൾ വിളിക്കുകയാണ്.
b ജോലി, ടിവി കാഴ്ച എന്നിവയിൽനിന്നു വ്യത്യസ്തമായി, ക്രിസ്ത്യാനികൾ എല്ലാത്തരം ചൂതാട്ടവും പൂർണമായി ഒഴിവാക്കുന്നു. (താരതമ്യം ചെയ്യുക: യെശയ്യാവു 65:11.) കൂടുതൽ വിവരങ്ങൾക്കു വേണ്ടി, 1992 ജൂൺ 8-ലെ [ഇംഗ്ലീഷ്] ഉണരുക!യുടെ 3-11 പേജുകൾ കാണുക.
[9-ാം പേജിലെ ആകർഷകവാക്യം]
‘ആസാക്ഷികൾ എന്ന പദപ്രയോഗം എല്ലാത്തരം നിർബന്ധ പെരുമാററത്തിനും ബാധകമാക്കാവുന്നതാണ്.’—ഡോ. ജെ. പാട്രിക് ഗാനൺ.
[10-ാം പേജിലെ ചിത്രം]
ജോലിയോട് ആസക്തനായ ഒരുവനെ സംബന്ധിച്ചിടത്തോളം, ജോലി കുടുംബത്തെക്കാൾ പ്രധാനമായി തോന്നുന്നു
[10-ാം പേജിലെ ചിത്രം]
ചൂതാട്ടത്തിന് ഒരുവന്റെ മാനസികാവസ്ഥയെ മാററിമറിക്കാനും മയക്കുമരുന്നുപോലെ ഒരു ഉൻമത്താവസ്ഥയ്ക്ക് ഇടയാക്കാനും കഴിയും