ആർ കുരുങ്ങുന്നു, എന്തുകൊണ്ട്?
ഒരുവൻ കാർ ഹൈവേയിലൂടെ ഓടിച്ചുകൊണ്ടിരിക്കേ എഞ്ചിനുള്ളിൽനിന്ന് ഒരു പ്രത്യേകതരം കടകടശബ്ദം കേൾക്കുന്നു. അയാൾ എങ്ങനെ പ്രതികരിക്കും? ബോണററ് തുറന്നു കുഴപ്പമെന്താണെന്നു നോക്കുമോ? അതോ ഒച്ച കേൾക്കാതിരിക്കാൻ കാറിലെ റേഡിയോയുടെ ശബ്ദം കൂട്ടുമോ?
അതിന്റെ ഉത്തരം സുവ്യക്തമാണ്. എന്നാൽ ആസക്തരായ ആളുകൾ തെററായ തീരുമാനമെടുക്കുന്നു—തങ്ങളുടെ കാറിന്റെ കാര്യത്തിലല്ല, പിന്നെയോ ജീവിതത്തിന്റെ കാര്യത്തിൽ. വ്യക്തിപരമായ പ്രശ്നങ്ങളെ വിജയപ്രദമായി തരണം ചെയ്യുന്നതിനു പകരം മയക്കുമരുന്നുകൾ, ലഹരിപദാർഥം, ഭക്ഷണം തുടങ്ങിയ പദാർഥങ്ങൾക്ക് അടിമപ്പെടുകവഴി അത്തരം പ്രശ്നങ്ങളെ മറക്കാൻ ഒട്ടനവധി പേർ ശ്രമിക്കുന്നു.
താൻ ആസക്തിയുള്ള ഒരാൾ ആണോ എന്ന് ഒരുവന് എങ്ങനെ തിട്ടപ്പെടുത്താൻ കഴിയും? ഇപ്രകാരമാണ് ഒരു ഡോക്ടർ അതിനെ വിശദീകരിക്കുന്നത്: “അടിസ്ഥാനപരമായി, ഒരു മയക്കുമരുന്ന് ഉപയോഗിക്കുന്നത് അല്ലെങ്കിൽ ഒരു പ്രവർത്തനത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും എന്നിട്ടും നിങ്ങൾ അതു ചെയ്യുന്നതു തുടരുകയുമാണെങ്കിൽ അത് ഒരു ആസക്തിയാണ്.”
സ്ഥിതി ഇതായിരിക്കുമ്പോൾ, മിക്കപ്പോഴും ഒരുവന്റെ ഉള്ളിൽത്തന്നെ കൂടുതൽ ഗൗരവമായ കുഴപ്പമുണ്ട്. ആസക്തമായ പെരുമാററത്തിനു മാററം വരുത്തുന്നതിന് ആ കുഴപ്പമെന്തെന്നു പരിശോധിക്കേണ്ടതുണ്ട്.
മയക്കുമരുന്നുകളും ലഹരിപദാർഥവും
മയക്കുമരുന്നുകളുടെയും ലഹരിപദാർഥത്തിന്റെയും പിടിയിലാകാൻ ഒരുവനെ ഇടയാക്കുന്നത് എന്താണ്? തരപ്പടിക്കാരുടെ സമ്മർദവും ജിജ്ഞാസയും ഒട്ടുമിക്കപ്പോഴും പ്രബലമായ ഒരു പങ്കു വഹിക്കുന്നു, പ്രത്യേകിച്ച് യുവജനങ്ങളുടെ കാര്യത്തിൽ. തീർച്ചയായും, അനേകമാളുകളും ആസക്തരായിത്തീരുന്നതിന്റെ കാരണം ലഹരിപദാർഥവും മയക്കുമരുന്നുകളും ദുരുപയോഗം ചെയ്യുന്നവരുമായുള്ള മോശമായ സഹവാസമാണ്. (1 കൊരിന്ത്യർ 15:33) അവസാനവർഷ ഹൈസ്കൂൾ വിദ്യാർഥികളിൽ 41 ശതമാനം പേർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും കുടിച്ചുകൂത്താട്ടത്തിന് പോകുന്നതായി ഒരു യു.എസ്. സർവേ വെളിപ്പെടുത്തിയതിന്റെ കാരണം ഇതു വിശദീകരിക്കും.
എന്നാൽ, ദുരുപയോഗവും ആസക്തിയും തമ്മിൽ വ്യത്യാസമുണ്ട്. വസ്തുക്കൾ ദുരുപയോഗം ചെയ്യുന്ന പലരും ആസക്തരല്ല.a ഇവർക്കു ദുരുപയോഗം നിർത്താനും അതിലേക്കു മടങ്ങാനുള്ള ഒരു പ്രേരണ ഇല്ലാതിരിക്കാനും കഴിയും. എന്നാൽ ആസക്തരെ സംബന്ധിച്ചിടത്തോളം, അവർക്ക് അതു നിർത്താനാവില്ല. കൂടുതലായി, ഒരിക്കൽ തങ്ങൾക്കു ലഭിച്ചിരുന്ന മാനസിക സുഖത്തെ മനോവേദന മൂടിക്കളയുകയും ചെയ്യുന്നു. “ആസക്തിയുടെ ഏതോ ഘട്ടത്തിൽ അവർ സ്വയം വെറുക്കാൻ തുടങ്ങുന്നു. ആസക്തിക്ക് അവരുടെമേലുള്ള പിടി അവരെ കഠിനമായി പീഡിപ്പിക്കാനും തുടങ്ങുന്നു. ഇതാണ് ആസക്തരുടെ പൊതുവായ രീതി” എന്ന് ആസാക്ഷികൾ എന്ന [ഇംഗ്ലീഷ്] ഗ്രന്ഥം വിശദമാക്കുന്നു.
ലഹരിപദാർഥത്തെയോ മയക്കുമരുന്നുകളെയോ ആശ്രയിക്കുന്ന പലരും വൈകാരിക വിഷമഘട്ടങ്ങളിൽനിന്നു രക്ഷപെടാനുള്ള പഴുതുകളായാണ് അവ ഉപയോഗിക്കുന്നത്. അത്തരം വിഷമഘട്ടങ്ങൾ ഇന്നു സർവസാധാരണമാണ്. ഇതു വാസ്തവത്തിൽ നമ്മെ അമ്പരപ്പിക്കരുത്, കാരണം ഈ നാളുകളെ ഈ വ്യവസ്ഥിതിയുടെ “ഇടപെടാൻ പ്രയാസമുള്ള ദുർഘട സമയങ്ങ”ളുള്ള “അന്ത്യനാളുക”ളായി ബൈബിൾ തിരിച്ചറിയിക്കുന്നു. മനുഷ്യർ ‘പണസ്നേഹികളും ഉദ്ധതരും അവിശ്വസ്തരും ഭയങ്കരൻമാരും വഞ്ചകരും ഗർവിനാൽ ചീർത്തവരും’ ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമോത്തി 3:1-4, NW) ഈ സ്വഭാവവിശേഷങ്ങൾ ആസക്തി ഉളവാകുന്നതിനു പററിയ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
കഴിഞ്ഞകാലത്ത് സൂസന് അനുഭവപ്പെട്ട ദുഷ്പെരുമാററത്തിന്റെ ഫലമായാണ് അവൾക്കു വൈകാരിക പ്രതിസന്ധി ഉണ്ടായത്. അതുകൊണ്ട് അവൾ കൊക്കെയ്ൻ എന്ന മയക്കുമരുന്നിൽ അഭയം തേടി. “അത് എനിക്ക് നിയന്ത്രണത്തിന്റെയും ആത്മാഭിമാനത്തിന്റെയും പൊള്ളയായ ഒരു തോന്നൽ പ്രദാനം ചെയ്തു. എനിക്കു സാധാരണ തോന്നാതിരുന്ന ഒരു ശക്തി കിട്ടിയതായി തോന്നി” എന്നവൾ പറയുന്നു.
ആസക്തരായ കൗമാരപ്രായത്തിലുള്ള ആൺകുട്ടികളെക്കുറിച്ചു നടത്തിയ ഒരു പഠനം അവരിൽ മൂന്നിലൊരു ഭാഗത്തിലധികം പേരും ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. മദ്യാസക്തരും പ്രായപൂർത്തിയെത്തിയവരുമായ 178 സ്ത്രീകളെക്കുറിച്ചു നടത്തിയ മറെറാരു പഠനം, അവരിൽ 88 ശതമാനം പേർ ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിലുള്ള കടുത്ത ദുഷ്പെരുമാററത്തിനു വിധേയരായിരുന്നതായി കണ്ടെത്തി. സഭാപ്രസംഗി 7:7-ൽ [NW] ബൈബിൾ ഇപ്രകാരം പറയുന്നു: “വെറും പീഡനം ജ്ഞാനിയെ ഭ്രാന്തമായി പ്രവർത്തിക്കാൻ ഇടയാക്കിയേക്കാം.” ഭയങ്കരമായ ചില ജീവിതാനുഭവങ്ങൾ നിമിത്തം വൈകാരികമായി കഷ്ടത അനുഭവിക്കുന്ന ഒരു വ്യക്തി പിൽക്കാലത്ത് ആശ്വാസത്തിനു വേണ്ടി വകതിരിവില്ലാതെ മയക്കുമരുന്നുകളിലേക്കോ ലഹരിപദാർഥത്തിലേക്കോ തിരിഞ്ഞേക്കാം.
എന്നാൽ മയക്കുമരുന്നുകളും ലഹരിപദാർഥവും കൂടാതെ ആസക്തിയുളവാക്കുന്ന മററ് സംഗതികളുമുണ്ട്.
ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾ
ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾ (ചില വിദഗ്ധർ അവയെ ആസാക്ഷികൾ എന്നു വിളിക്കുന്നു) ചിലപ്പോൾ അസുഖകരമായ തോന്നലുകളിൽനിന്നു ശ്രദ്ധയകററാനുള്ള ഒരു മാർഗമായി വർത്തിക്കുന്നു. ദൃഷ്ടാന്തത്തിന്, ചിലർ അമിത തൂക്കത്തെ വ്യക്തിപരമായ നൈരാശ്യങ്ങൾക്കുള്ള ഒരു ബലിയാടായി ഉപയോഗിക്കുന്നു. “എന്റെ ജീവിതത്തിലെ ഏതു കുഴപ്പത്തിനും കാരണം എന്റെ വണ്ണമാണെന്നു പറയാമല്ലോ എന്നോർത്തു ഞാൻ വണ്ണം വെച്ചിരിക്കുന്നതാണ് നല്ലത് എന്നു ചിലപ്പോൾ വിചാരിക്കും. അങ്ങനെയാകുമ്പോൾ ആരെങ്കിലും എന്നെ ഇഷ്ടപ്പെടാതിരുന്നാൽ, എന്റെ തൂക്കത്തെ എനിക്ക് എപ്പോഴും കുററപ്പെടുത്താൻ കഴിയും” എന്നു ജെന്നി പറയുന്നു.
മററുള്ളവരെ സംബന്ധിച്ചിടത്തോളം ആഹാരം നിയന്ത്രണത്തിന്റെ വ്യാജമായ ഒരു തോന്നൽ പ്രദാനം ചെയ്യുന്നു.b ഒരു വ്യക്തിക്ക് എന്തെങ്കിലും അധികാരം തോന്നുന്ന ഒരേയൊരു മണ്ഡലം ഭക്ഷണം മാത്രമായിരിക്കാം. ഭക്ഷണം കഴിക്കുന്നതിൽ ക്രമക്കേടുകളുള്ള പലർക്കും തങ്ങൾക്ക് എന്തോ കുറവുള്ളതായി തോന്നുന്നു. ആത്മമൂല്യത്തിന്റെ തോന്നലുകൾ വളർത്തിയെടുക്കുന്നതിന് ആഹാരത്തിനു വേണ്ടിയുള്ള ശരീരത്തിന്റെ വാഞ്ഛയെ കീഴടക്കാൻ അവർ കഠിനശ്രമം ചെയ്യുന്നു. ഒരു സ്ത്രീ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ സ്വശരീരത്തെ സ്വന്തം സാമ്രാജ്യമാക്കുകയാണ്. അവിടെ നിങ്ങളാണ് ഏകാധിപതി, സമ്പൂർണ അധികാരമുള്ള സ്വേച്ഛാധിപതി.”
മേൽ പരാമർശിച്ച അനുഭവങ്ങൾ ഒരുപ്രകാരത്തിലും മയക്കുമരുന്നുകൾ, ലഹരിപദാർഥം, ഭക്ഷണം എന്നിവയോടുള്ള ആസക്തിയെ സംബന്ധിച്ച സമ്പൂർണ വിശദീകരണമല്ല. അനേകം ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിരിക്കാം. ചിലർ മററുള്ളവരെക്കാൾ ആസക്തിക്കു കൂടുതൽ അധീനരാകാൻതക്കവണ്ണം അവരുടെ ജീനുകൾപോലും കാരണമാകാമെന്നു ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. “നാം കാണുന്നത് വ്യക്തിത്വം, പരിസ്ഥിതി, ജീവശാസ്ത്രം, സാമൂഹിക സ്വീകാര്യക്ഷമത എന്നീ കാര്യങ്ങളുടെ ഒരു പരസ്പര പ്രവർത്തനമാണ്. ഒരു ഘടകത്തെ മാത്രം നോക്കി വിഡ്ഢികളാകാൻ നാം ആഗ്രഹിക്കുന്നില്ല” എന്ന് നാഷണൽ ഇൻസ്ററിററ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസിലെ ജാക്ക് ഹെനിങ്ഫീൽഡ് പറയുന്നു.
വാസ്തവം എന്തായിരുന്നാലും, ആസക്തനായ യാതൊരു വ്യക്തിയും—ആ വ്യക്തിയുടെ ആസക്തിക്കുള്ള കാരണം എന്തുതന്നെയായിരുന്നാലും—ശാരീരികമായോ വൈകാരികമായോ നാശത്തിനു വിധിക്കപ്പെട്ടിട്ടില്ല. സഹായം ലഭ്യമാണ്.
[അടിക്കുറിപ്പുകൾ]
a ആസക്തിയിലേക്കു നയിച്ചാലും ഇല്ലെങ്കിലും ലഹരിപദാർഥത്തിന്റെയോ മററു മയക്കുമരുന്നുകളുടെയോ ദുരുപയോഗം തീർച്ചയായും മലിനപ്പെടുത്തുന്നതാണ്, ക്രിസ്ത്യാനികൾ അതു വർജിക്കണം.—2 കൊരിന്ത്യർ 7:1.
b ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 1990 ഡിസംബർ 22-ലെയും 1992 ഫെബ്രുവരി 22-ലെയും ഉണരുക!യുടെ [ഇംഗ്ലീഷ്] ലക്കങ്ങളിൽ കാണാവുന്നതാണ്.
[5-ാം പേജിലെ ചതുരം]
ആസക്തിയുടെഒരു ലോകവ്യാപക ബാധ
◼ 14-നും 65-നും ഇടയിൽ പ്രായമുള്ള 8 പേരിൽ ഒരാൾ മദ്യാസക്തനാണെന്ന് മെക്സിക്കോയിലെ ഒരു സർവേ വെളിപ്പെടുത്തി.
◼ ജപ്പാനിൽ ഭക്ഷണം കഴിക്കുന്നതിൽ ക്രമക്കേടുകളുള്ളവർ കൂടിവരുന്നതായി സാമൂഹിക പ്രവർത്തകയായ സരിത ബ്രോഡെൻ റിപ്പോർട്ടു ചെയ്യുന്നു. അവർ ഇപ്രകാരം പറയുന്നു: “1940-നും 1965-നും ഇടയിൽ ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകൾ കുത്തനെ ഉയർന്നു. അതിന്റെ ഫലമായി 1965-നും 1981-നും ഇടയിൽ, ആശുപത്രിയിൽ കിടത്തിയും അല്ലാതെയും ചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തിൽ ഒരു വർധനവുണ്ടായി. എന്നിരുന്നാലും, 1981 മുതൽ അനോറെക്സിയയിലും ബുളിമിയയിലും നാടകീയമായ വർധനവുണ്ടായിട്ടുണ്ട്.”
◼ ചൈനയിൽ ഹെറോയിൻ ഉപയോഗിക്കുന്നവരുടെ സംഖ്യ കുതിച്ചുയരുന്നതായി തോന്നുന്നു. കുൺമിങ് മയക്കുമരുന്നു ദുരുപയോഗ ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡോ. ലീ ജിയാൻഹ്വാ പറയുന്നത് ഇപ്രകാരമാണ്: “ഹെറോയിൻ അതിർത്തിപ്രദേശത്തുനിന്ന് ഉൾപ്രദേശത്തേക്കും ഗ്രാമപ്രദേശത്തുനിന്നു നഗരങ്ങളിലേക്കും പ്രായം കുറഞ്ഞവരിലേക്കും എത്തിച്ചേർന്നിരിക്കുന്നു.”
◼ സ്വിററ്സർലണ്ടിലെ സൂറിച്ചിൽ, പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഒരു പൊതു മയക്കുമരുന്നു വിപണി നിരാശയിലാണു കലാശിച്ചത്. “ഇടപാടുകാരെ കണ്ടെത്തുമെന്നാണു ഞങ്ങൾ വിചാരിച്ചത്, പക്ഷേ ഞങ്ങൾ വിജയിച്ചില്ല” എന്ന് ഡോ. ആൽബർട്ട് വൈററ്സ്റെറൻ പറയുന്നു. അവർ വിദൂരത്തുനിന്നു മയക്കുമരുന്ന് ഇടപാടുകാരെയും ഉപഭോക്താക്കളെയും ആകർഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വിലപിക്കുന്നു.