ലോകത്തെ വീക്ഷിക്കൽ
ദൈവദൂഷണപരമായ ടയറുകൾ?
മുസ്ലീങ്ങൾ വ്രണിതരായി എന്ന കാരണത്താൽ ജപ്പാനിലെ യോക്കോഹാമയിലുള്ള ഒരു വലിയ ടയർ കമ്പനി വാഹനങ്ങളുടെ ഒരു പ്രത്യേകപരമ്പരയിലുള്ള ടയറിന്റെ നിർമ്മാണം നിർത്തിവെച്ചു. ടയർ പ്രതലത്തിൻമേലുള്ള അടയാളരീതിക്ക് “അള്ളാഹ്” എന്ന അറബിവാക്കുമായി സാമ്യമുണ്ട് എന്നു മുസ്ലീങ്ങൾ പരാതിപ്പെട്ടു. കമ്പനി ഇസ്ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയ്ക്ക് ഒരു ക്ഷമാപണം നടത്തുകയും പരമാവധി ഡ്രൈവിങ്സുരക്ഷിതത്വം ലഭിക്കാനായി കമ്പ്യൂട്ടറാണ് അത്തരം പ്രതലത്തിനു രൂപംകൊടുത്തതെന്നു വിശദീകരിക്കുകയും ചെയ്തു എന്ന് ആസാഹി ഈവനിങ് ന്യൂസ് പ്രസ്താവിച്ചു. യാതൊരുവിധ വ്രണപ്പെടുത്തലോ അള്ളാഹുവിനു നേരെ ദൂഷണമോ ഉദ്ദേശിച്ചിരുന്നില്ല. ഇസ്ലാമികരാജ്യങ്ങളിൽ കമ്പനി ആ ടയറുകൾ തിരിച്ചെടുക്കുകയോ മാററിക്കൊടുക്കുകയോ ചെയ്യുന്നു. (g93 3/8)
ഒരു നല്ല ബിസിനസ്
അർജൻറീനയിൽ മൃഗബലിയേയും നരബലിയേയുംകുറിച്ചുള്ള റിപ്പോർട്ടുകൾ ആളുകളെ പരിഭ്രാന്തരാക്കിയിരിക്കുന്നു. ക്ലാരിൻ എന്ന പത്രം പറയുന്നതനുസരിച്ച് അർജൻറീനയിൽ 5,000 മതവിഭാഗങ്ങളുണ്ട്. അവയിലധികവും ആത്മവിദ്യയിലും സാത്താന്യാരാധനയിലും നിഗൂഢാചാരത്തിന്റെ വ്യത്യസ്തരൂപങ്ങളിലും ആശ്രയിക്കുന്നു. ഈ മതവിഭാഗങ്ങളിൽ പലതിലും വിഗ്രഹങ്ങളുടെ ഉപയോഗത്തിനു പ്രമുഖ സ്ഥാനമുണ്ട്. ബ്യൂനസ്സ് അയറിസിൽ ഭൂതങ്ങളുടെ വിഗ്രഹങ്ങളിരിക്കുന്ന അതേ ഷെൽഫിൽ തന്നെ യേശുക്രിസ്തുവിന്റെയും കത്തോലിക്കാ “വിശുദ്ധൻമാരു”ടെയും വിഗ്രഹങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതു കാണുന്നത് ഒരു അസാധാരണകാഴ്ച്ചയല്ല. ജനപ്രീതിയാർജ്ജിച്ച ഒരു വിഗ്രഹം അറിയപ്പെടുന്നതു “ദുഷ്ടദൈവങ്ങൾക്കിടയിൽ ഏററവും ഭയങ്കരനും മഹാനേതാവുമായ ലൂസിഫർ” എന്നാണ്. ഈ സാത്താന്യവിഗ്രഹങ്ങളുടെ വിതരണക്കാർ കത്തോലിക്കാവിഗ്രഹങ്ങളും വിതരണംചെയ്യുന്നതായി ക്ലാരിൻ ശ്രദ്ധയിൽപ്പെടുത്തുന്നു. കത്തോലിക്കാവിഗ്രഹങ്ങളുടെയും സാത്താന്യവിഗ്രഹങ്ങളുടെയും വില്പന ഒരു “നല്ല ബിസിനസ്” ആണെന്ന് ഒരു കടയുടമ സമ്മതിച്ചുപറഞ്ഞു. (g93 2/22)
പുരാതന ഈജിപ്ററിലെ മയക്കുമരുന്നുകൾ
“മ്യൂനിച്ചിലെയും ഉൾമിലെയും (ജർമ്മനി) സർവ്വകലാശാലകളിലെ ശാസ്ത്രജ്ഞൻമാർ ഈജിപ്ഷ്യൻ മമ്മികളിൽ ഹാഷിഷിന്റെയും കോക്കയിനിന്റെയും നിക്കോട്ടിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നു” എന്നു ഫ്രാങ്ക്ഫുർട്ടർ ആൾജെമൈന സൈതുങ് എന്ന പത്രം റിപ്പോർട്ടുചെയ്യുന്നു. പൊ. യു. മു. 1070-നും പൊ. യു. 395-നുമിടയിലുള്ള അനേകം മമ്മികളിൽനിന്നെടുത്ത എല്ലിന്റെയും തലമുടിയുടെയും ശരീരകലകളുടെയും സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചു. പുരാതന ഈജിപ്ററിലെ ജീവിതത്തെക്കുറിച്ച് ഈ ശാസ്ത്രീയകണ്ടെത്തലുകൾ നമ്മളോട് എന്താണു പറയുന്നത്? “കരയുന്ന കുഞ്ഞുങ്ങളെ സാന്ത്വനപ്പെടുത്താൻവരെ ഈജിപ്ററുകാർ വ്യക്തമായും മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു” എന്നു പത്രം പറയുന്നു. ശാസ്ത്രജ്ഞൻമാർക്ക് അത് എങ്ങനെ അറിയാം? ഈച്ചവിസർജ്ജ്യവും പോപ്പിച്ചെടിവിത്തും കൂട്ടിച്ചേർത്ത മിശ്രിതം ഒരു ശക്തമായ മയക്കുമരുന്നാണെന്ന് ഒരു ഓലയെഴുത്തു വിവരിക്കുന്നു. (g93 3/8)
“ഈച്ചകളില്ലാത്ത നഗരം”
ചൈനയിലെ ബെയ്ജിങിലുള്ള നിവാസികൾ വീടുകളിലെ ഈച്ചശല്ല്യത്തിനെതിരെ സർവ്വശക്തിയുമുപയോഗിച്ചു പോരാടുമെന്നു പ്രഖ്യാപിച്ചിരിക്കുന്നതായി ഇൻറർനാഷണൽ ഹെറാൾഡ് ട്രൈബൂൺ റിപ്പോർട്ടുചെയ്യുന്നു. “ഈച്ചകളില്ലാത്ത ഒരു നഗരം ഉണ്ടാക്കുകയാണു ഞങ്ങളുടെ ലക്ഷ്യം” എന്ന് ഒരു ഉയർന്ന ആരോഗ്യവകുപ്പു ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. “എന്നാൽ ഞങ്ങൾ ഈച്ചകളെ കൊല്ലുക മാത്രമല്ല ചെയ്യുന്നത്. വൃത്തിയുള്ള നഗരങ്ങൾ ഉണ്ടാക്കാനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.” “ആളുകളെ സംഘടിപ്പിക്കാനുള്ള” ഒരു യജ്ഞത്തിൽ, ഉദ്യമം അറിയിച്ചുകൊണ്ടു പൗരൻമാർ ബാനറുകൾ പതിക്കുകയും ഇരുപതു ലക്ഷം ലഘുലേഖകൾ വിതരണംനടത്തുകയും ചെയ്തു. പ്രഖ്യാപനത്തെ തുടർന്നുള്ള ഒരു പ്രത്യേക “പ്രതിരോധ വാര”ത്തിൽ നഗരവാസികൾക്ക് ഏകദേശം 15 ടൺ കീടനാശിനികളും 2 ലക്ഷം കീടനശീകരണോപകരണങ്ങളും വിതരണം ചെയ്തു. അടുത്തമാസം മറെറാരു പ്രതിരോധ വാരത്തിൽ പ്രായമേറിയവരുടെയും കൊച്ചുകുട്ടികളുടെയും 1,000 സംഘങ്ങൾ 8,000 കിലോഗ്രാം വിഷവുമായി ഈച്ചകൾക്കെതിരെ പോരാടി. ജൂണിൽ ബെയ്ജിങിന്റെ ചില ഭാഗങ്ങളിൽ ഈച്ചകളുടെ തള്ളിക്കയററം ഓരോ മുറിയിലും 33 എന്ന ഉയർന്ന സംഖ്യയിലെത്തിയിരുന്നു. ഈച്ചകളുടെ വ്യാപനം ഓരോ 100 മുറികൾക്കും രണ്ട് എന്ന തോതിൽ കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. (g93 3/8)
അക്രമം പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ ഫലം
ബ്രസ്സീലിയൻ മാസികയായ വേയ്ഷാ നടത്തിയ ഒരു അഭിമുഖത്തിൽ, അക്രമം ചിത്രീകരിക്കുന്ന വിനോദപരിപാടികൾ പ്രേക്ഷകരുടെമേൽ എന്തു ഫലം ഉളവാക്കിയേക്കാം എന്നു സിനിമാ സംവിധായകനായ സ്ററീവൻ സ്പീൽബർഗിനോടു ചോദിച്ചു. സ്പീൽബർഗ് ഇപ്രകാരം പറഞ്ഞു: “സിനിമകളിലോ ടിവി പരിപാടികളിലോ അക്രമം വീക്ഷിക്കുന്നതു പ്രേക്ഷകരെ അവർ കാണുന്നത് അനുകരിക്കാൻ ഉത്തേജിപ്പിക്കുന്നു, അതാകട്ടെ യഥാർത്ഥസംഭവങ്ങളോ ടിവി വാർത്തയോ കാണുമ്പോൾ ഉണ്ടാകുന്നതിനെക്കാൾ വളരെ കൂടുതലായിരിക്കയും ചെയ്യും. പ്രകാശമാനമായ അന്തരീക്ഷത്തിലും വർണ്ണപ്പൊലിമയാർന്ന രംഗസംവിധാനത്തിലും സ്ലോ മോഷനിലും സിനിമകളിൽ അക്രമത്തെ ശൂരഭാവമുള്ളതാക്കിക്കൊണ്ട് ചിത്രീകരിക്കുന്നു. എന്നാൽ വാർത്തയിലാണെങ്കിൽ, അക്രമം എത്രഘോരമാകാം എന്നതിനെക്കുറിച്ചു പൊതുജനത്തിനു സാമാന്യം മെച്ചപ്പെട്ട ഒരു അവബോധം ഉണ്ട്, ചലച്ചിത്രങ്ങളിൽ ഇല്ലാത്ത ലക്ഷ്യങ്ങളോടെയാണ് അത് ഉപയോഗിക്കപ്പെടുന്നതും. എന്നാൽ അതു ചലച്ചിത്രങ്ങളുടെ കാര്യത്തിൽ ഇല്ലതാനും.” രക്തച്ചൊരിച്ചിലും അക്രമവും വളരെ ഏറെ പ്രദർശിപ്പിക്കുന്നതിനാൽ, തന്റെ പ്രശസ്തിയാർജ്ജിച്ച സിനിമകളിൽ ചിലതു (ജാവ്സ്, ദി ഇൻഡിയാന ജ്യോൺസ് പരമ്പര) കാണുവാൻ അദ്ദേഹത്തിന്റെ യുവമകനെ അദ്ദേഹം ഇതുവരെ അനുവദിച്ചിട്ടില്ലെന്നുകൂടെ സ്പീൽബർഗ് തുടർന്നു പറയുന്നു. (g93 3/8)
“സമൃദ്ധിയുടെ വിരോധാഭാസം”
സ്വിററ്സർലണ്ടിലെ ജനീവയിൽ ഈയിടെ നടന്ന ഒരു യോഗത്തിൽ ഐക്യരാഷ്ട്രസഭയുടെ രണ്ട് ഏജൻസികൾ “ലോകവ്യാപകമായ വികലപോഷണത്തിനെതിരായി കൈക്കൊണ്ടിട്ടുള്ള വളരെ ബൃഹത്തായ പ്രതിരോധനടപടികളിൽ ഒന്നി”ൽ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്നു പ്രഖ്യാപിച്ചു. ഭക്ഷ്യ-കാർഷിക സംഘടനയും ലോകാരോഗ്യ സംഘടനയും അവർ “സമൃദ്ധിയുടെ വിരോധാഭാസം” എന്നു പറയുന്നതിനെ തരണം ചെയ്യാനുള്ള നടപടികൾ എടുക്കുമെന്നു പറഞ്ഞതായി പാരീസ് ദിനപത്രമായ ലാ മോന്ത് റിപ്പോർട്ടുചെയ്യുന്നു. മുഴു മനുഷ്യകുടുംബത്തിന്റെയും പോഷകാവശ്യങ്ങൾ നിറവേററാൻ ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ഭൂമി ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും, ഈ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലുള്ള വിതരണം നടക്കുന്നില്ല. ആഫ്രിക്കയിൽ നാലു കോടി ആളുകളുടെ ജീവനെയാണു ക്ഷാമം ദിനമ്പ്രതി ഭീഷണിപ്പെടുത്തുന്നത്. വികലപോഷണം 19 കോടി 20 ലക്ഷം കുട്ടികളെ ബാധിക്കുന്നു, അതിൽ 40,000 കുട്ടികൾ ഓരോ ദിവസവും മരിക്കുകയും ചെയ്യുന്നു. (g93 2/22)
അമൂല്യമായ ഈയം
രണ്ടായിരം വർഷം മുമ്പു സാർദീനീയയുടെ തീരത്തു മുങ്ങിയ ഒരു റോമൻ ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയ ഈയക്കട്ടകൾ “അമൂല്യമായ” ഒന്നാണ് എന്ന് ഇററാലിയൻ ദിനപത്രമായ ഇൽ മെസ്സാജാരു പ്രസ്താവിക്കുന്നു. ഈ ചരക്കിന്റെ ലക്ഷ്യസ്ഥാനമെന്നു കരുതപ്പെടുന്ന പുരാതന റോമിൽ, ഈ ലോഹം “പൈപ്പുകളും വിളക്കുവാനുള്ള ഉപകരണങ്ങളും തൂക്കുകട്ടകളും നിർമ്മിക്കാൻ” വിലപ്പെട്ടതായിരുന്നിരിക്കാം. എന്നാൽ ശാസ്ത്രജ്ഞൻമാർ ഈ കണ്ടെത്തലിനെ അതിലും കൂടുതൽ മൂല്യമുള്ളതായി കരുതുന്നു. ഈയക്കട്ടകൾ കോസ്മിക്രശ്മികളുടെ പ്രവർത്തനഫലങ്ങളിൽനിന്നും “ഒരു കനത്ത മൺപുതപ്പിനാൽ” സംരക്ഷിക്കപ്പെട്ടു കടലിനടിത്തട്ടിൽ കിടന്നിരുന്നതിനാൽ, ഇത്രയും കാലംകൊണ്ടു രാദശക്തിയുടെ (Radioactivity) അവസാന കണികയും നഷ്ടപ്പെട്ടിരിക്കുന്നു. മററുള്ള സ്ഥലങ്ങളിൽ കണ്ടെത്താൻ കഴിയാത്ത അത്തരം ശുദ്ധഈയം തങ്ങളുടെ പരീക്ഷണശാലകളിൽ അതിസൂക്ഷ്മമായ അളവുകൾ എടുക്കുമ്പോൾ അതിനെ ബാധിക്കാത്ത സുരക്ഷാകവചങ്ങൾ ഉണ്ടാക്കാൻ ഗവേഷണ ഭൗതികശാസ്ത്രജ്ഞർക്കു മതിക്കാനാവാത്ത മൂല്യമുള്ളതാണ്. (g93 3/8)
വൃദ്ധരോടുള്ള ബഹുമാനം കുറയുന്നു
ഏഷ്യയിലെ വൃദ്ധജനങ്ങളുടെ സംഖ്യ ഗണ്യമായി വർദ്ധിക്കുകയാണ്. ജപ്പാനിൽ 65-ഉം അതിനുമുകളിലും പ്രായമായവരുടെ എണ്ണം അടുത്ത 30 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ 1 കോടി 55 ലക്ഷത്തിൽനിന്നു 3 കോടി 20 ലക്ഷമായി ഉയരുമെന്നു ചിലർ പ്രതീക്ഷിക്കുന്നു. ഏഷ്യാവീക്ക് പറയുന്നതനുസരിച്ച്, 2020-ാമാണ്ടാകുമ്പോഴേയ്ക്കും 4 ജപ്പാൻകാരിൽ ഒരാൾവീതം വാർദ്ധക്യത്തിൽ എത്തിയിരിക്കും. “സിംഗപ്പൂർനിവാസികളിൽ 9 ശതമാനത്തിൽ കൂടുതൽ അവരുടെ 60-ാമത്തെ ജൻമദിനത്തിലെത്തിക്കഴിഞ്ഞു. ഈ നൂററാണ്ടു തീരുമ്പോഴേയ്ക്കും ഏകദേശം 15 ലക്ഷം മലേഷ്യക്കാർ പ്രായമായവരുടെ നിരയിലെത്തും,” എന്നും ഏഷ്യാവീക്ക് കൂട്ടിച്ചേർത്തു. ഈ വർദ്ധനവു സംഭവിക്കുന്നതോ വൃദ്ധരെ പരിപാലിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും പഴയ പാരമ്പര്യങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരു സമയത്തും. സിംഗപ്പൂരിലെ വൃദ്ധജനങ്ങളുടെ ഒരു വക്താവായ ഹെൻറി ലിം ഇങ്ങനെ പ്രസ്താവിച്ചു: “പ്രായമേറിയവരോടുള്ള ബഹുമാനം കുറയുന്നതിന്റെ ഒരു പ്രവണതയുണ്ട്.” യുവജനങ്ങൾക്കു പലപ്പോഴും “ജടനായ്ക്കൾക്കുവേണ്ടി ചെലവഴിക്കാൻ സമയമുണ്ട്, എന്നാൽ അവരുടെ മാതാപിതാക്കൾക്കുവേണ്ടി അത്രയുമില്ല,” എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. (g93 2/22)
കുട്ടികളെക്കൊണ്ടു തൊഴിൽ ചെയ്യിക്കുന്നു
“ബ്രസ്സീലിയൻ കുട്ടികൾക്കും യുവാക്കൾക്കും എൺപതുകൾ അനുകൂലമായിരുന്നില്ല എന്നു ഫൗണ്ടേഷൻ ഓഫ് ബ്രസ്സിലിയൻ ഇൻസ്ററിററ്യൂട്ട് ഓഫ് ജിയോഗ്രെഫി ആൻറ് സ്ററാററിസ്ററിക്സ് നിഗമനംചെയ്യുന്നു,” എന്നു സ്സോർണാൽ ദാ താർദ റിപ്പോർട്ടുചെയ്യുന്നു. പഠനം വെളിപ്പെടുത്തിയതനുസരിച്ച് 5.97 കോടി കുട്ടികളിൽ 3.2 കോടിയും പ്രതിശീർഷവാർഷിക വരുമാനം ഏകദേശം 40 യു. എസ്. ഡോളർ എന്ന കുറഞ്ഞ വേതനത്തിന്റെ പകുതിയിലും കുറവായ കുടുംബങ്ങളിൽനിന്നുള്ളവരാണ്. സ്കൂളിൽ പോകുന്നതിനുപകരം, 10-നും 14-നും ഇടയ്ക്കു പ്രായമുള്ള ഒരു കോടിയോളംവരുന്ന ബ്രസ്സീലിയൻ കുട്ടികളുടെ 17.2 ശതമാനം അവരുടെ കഷ്ടപ്പെടുന്ന കുടുംബങ്ങളെ ഭൗതികമായി സഹായിക്കാൻ തൊഴിൽ ചെയ്യുന്നു. അതിന്റെ ഫലമോ? “ദാരിദ്ര്യത്തിന്റെ വർദ്ധനവും ശാശ്വതീകരണവുമാണ് അതിന്റെ ഫലം. വേണ്ടുവോളം വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് കുട്ടിക്ക് അവന്റെ സാമൂഹ്യസ്ഥിതിക്കു മാററംവരുത്തുവാൻ യാതൊരവസരവുമില്ല” എന്നു മാനവസമുദായശാസ്ത്രജ്ഞയായ റോസ റിബേയ്റോ പറഞ്ഞു. (g93 3/8)
രോഗികളോടു ഭയം
ന്യൂയോർക്ക് ടൈംസ പറയുന്നപ്രകാരം, രോഗികളിൽനിന്നു രോഗം പകരുമെന്ന ഭയം ആരോഗ്യരക്ഷാപ്രവർത്തകരുടെ പെരുമാററത്തെ സാരമായി ബാധിക്കുന്നുണ്ടാകാം. രോഗികളെ ശുശ്രൂഷിക്കുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾകൊണ്ടു യാദൃച്ഛികമായി തങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പോറലോ മുറിവോ മൂലം എയ്ഡ്സ് അല്ലെങ്കിൽ ഹെപ്പറൈറററിസ് പിടിപെടുമെന്നുള്ള ഭയം പല ഡോക്ടർമാർക്കുമുണ്ട്. വ്യക്തമായും ഈ ഭയം അടിസ്ഥാനരഹിതമായതല്ല. ക്ഷയരോഗികളെ സ്ഥിരമായി ചികിത്സിക്കുന്ന 60 ശതമാനത്തോളം ഡോക്ടർമാർക്ക് ആ രോഗം ബാധിക്കുകയുണ്ടായെന്നു ന്യൂയോർക്ക് സിററിയിലെ ഒരു ആശുപത്രിയിൽ നടത്തിയ പഠനം വെളിപ്പെടുത്തി. കൂടാതെ ഓരോ വർഷവും 12,000-ത്തോളം ആരോഗ്യരക്ഷാപ്രവർത്തകർക്ക് അവരുടെ രോഗികളിൽനിന്നു ഹെപ്പറൈറററിസ് പിടിപെടുന്നു. എയ്ഡ്സ് എന്ന പകർച്ചവ്യാധി തുടങ്ങിയതുമുതൽ ഐക്യനാടുകളിൽ 47-ഓളം ആരോഗ്യരക്ഷാപ്രവർത്തകർക്ക് അവരുടെ രോഗികളിൽനിന്നു തന്നെ രോഗബാധയുണ്ടായിട്ടുണ്ട്. (g93 2/22)
അടയ്ക്കയും അർബുദവും
“മുറുക്കണോ മുറുക്കാതിരിക്കണോ . . . അതാണു പ്രശ്നം.” അടയ്ക്ക ചവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിരിക്കുന്നതു പാപ്പുവാ ന്യൂഗിനിയിലെ ഒരു വർത്തമാനപത്രമായ പോസ്ററ്-കുറിയറിലാണ്. അടയ്ക്ക ചവയ്ക്കുന്നവരെ ചികിത്സിച്ചു പരിചയമുള്ള ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായ ഡോ. ബാരി മിൽറോയ് ഇപ്രകാരം നിരീക്ഷിച്ചിരിക്കുന്നു: “പാപ്പുവ ന്യൂഗിനിയിലെ രണ്ടു പ്രധാന പ്രശ്നങ്ങൾ ദേശവ്യാധിയായ മലമ്പനിയും വായിലെ അർബുദവുമാണെന്നു തോന്നുന്നു. ഇതിൽ രണ്ടാമത്തേതാകട്ടെ അടയ്ക്ക ചവയ്ക്കലിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.” മുറുക്ക് ശീലമാക്കിയിരിക്കുന്നവരിൽ യുവപ്രായക്കാർ പോലുമുണ്ട്. ‘ഒരാൾ മുറുക്കുകയാണെങ്കിൽ അയാൾക്ക് അർബുദം പിടിപെടുമോ എന്നതല്ല, പിന്നെയോ എപ്പോൾ പിടിപെടും എന്നതാണു പ്രശ്നം,’ എന്നു ഡോ. മിൽറോയ് പ്രസ്താവിച്ചു. അത്തരക്കാർ മുറുക്ക് നിർത്തുന്നില്ലെങ്കിൽ, “വൈദ്യശാസ്ത്രപരമായി കാര്യമായ സഹായമൊന്നും അവർക്കു ലഭിക്കാനില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (g93 2/22)
വിദഗ്ദ്ധരായ കള്ളനോട്ടടിക്കാർ
“സംശയിക്കാത്ത ഒരു കച്ചവടക്കാരനോ ഒരു ബാങ്ക് ക്യാഷ്യറോപോലും കള്ളനോട്ടുകൾ ശ്രദ്ധിക്കാതെപോകുന്നത് ഒരു സംഗതി. ഫെഡറൽ റിസർവിലെ നോട്ടു കൈകാര്യംചെയ്യുന്ന അതിസങ്കീർണ്ണമായ ഉപകരണത്തെ കബളിപ്പിക്കുകയെന്നതു തികച്ചും മറെറാരു സംഗതിയുമാണ്,” എന്നു വാൾ സ്ട്രീററ് ജേർണെൽ പറയുന്നു. എന്നിരുന്നാലും യു. എസ്. നോട്ടുകളിലേക്ക് ആരോ ഉണ്ടാക്കിവിടുന്ന 100 ഡോളറിന്റെ നോട്ടുകൾ അതാണു ചെയ്യുന്നത്. “അസാധാരണമാംവിധം മികച്ചത്” എന്നു പറയാവുന്ന കള്ളനോട്ടുകൾ മുഴുഭൂമിയിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ഉയർന്ന മുദ്രണരീതിയും ചെമന്നതും നീലയുമായ നാരുകൾക്കൊണ്ടു ബാഹ്യ അടയാളം നൽകുന്ന തുണി ചേർത്ത കടലാസും സവിശേഷമായ കാന്തികമഷിയും ഉപയോഗിക്കുന്ന ദുഷ്ക്കരമായ അച്ചടിരീതി എല്ലാം അതിവിദഗ്ദ്ധമായി പകർത്തിയിരിക്കുന്നു. കൈമാററംചെയ്യുന്ന കള്ളനോട്ടുകൾക്കു ബാങ്കുകളിൽനിന്നു നഷ്ടം ഈടാക്കുന്ന സാധാരണ നടപടിക്കുപകരം, യു. എസ്. ഗവൺമെൻറു തന്നെ നഷ്ടം ഏറെറടുക്കുന്നു, കാരണം കള്ളനോട്ടുകൾ അത്രയ്ക്കു മികച്ചതാണ്. ഈ വ്യാജനോട്ടുകൾ ഏതെങ്കിലും തീവ്രവാദിസംഘത്തിന്റെയോ വിരോധമുള്ള ഏതെങ്കിലും വിദേശ ഗവൺമെൻറിന്റെയോ വേലയായിരിക്കുമെന്നു ചില അധികാരികൾ സംശയിക്കുന്നു. (g93 2/22)
ആസ്മാഹേതുവായ മരണങ്ങൾ വർദ്ധിക്കുന്നു
“ആസ്മാ രോഗബാധയാൽ (ജർമ്മനിയിൽ) മരിക്കുന്നവരുടെ എണ്ണം വിസ്മയാവഹമായി വർദ്ധിച്ചിരിക്കുന്നു,” എന്നു സീധോയ്ച്ച സൈതുങ് എന്ന ദിനപത്രം പ്രസ്താവിച്ചു. ജർമ്മൻ റെസ്പിരേറററി ട്രാക്ട് ലീഗ് എന്ന സംഘടന പറയുന്നതനുസരിച്ചു, 1991-ൽ ശ്വാസോച്ഛ്വാസ സംബന്ധമായ അസുഖങ്ങളാൽ ആ രാജ്യത്ത് 5,000-ത്തിലധികം ആളുകൾ മരിച്ചു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ മദ്ധ്യത്തിൽ ആ സംഖ്യ ഓരോ വർഷവും ഏകദേശം 2,000 പേരായിരുന്നു. ജർമ്മനിയിൽ അലർജിയുള്ള 2 കോടി ആളുകളിൽ, മൂന്നിൽ ഒന്നു ശ്വാസോച്ഛ്വാസ സംബന്ധമായ അലർജിമൂലമാണ് കഷ്ടപ്പെടുന്നത്. (g93 2/22)