കരുതലുള്ള ജനം
ലോകവ്യാപകമായി 69,000-ത്തിലധികം സഭകളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന നാല്പതു ലക്ഷത്തിലധികംവരുന്ന ബൈബിൾ വിദ്യാർത്ഥികളുടെ ഒരു അന്തർദ്ദേശീയ സംഘടനയാണു യഹോവയുടെ സാക്ഷികൾ. ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെപ്പററി കൂടുതലായി പഠിക്കുന്നതിന് ആളുകളെ സഹായിക്കാൻ സാക്ഷികൾ സമർപ്പിതരാണെന്നു മാത്രമല്ല അവർ യേശുക്രിസ്തു കല്പിച്ചപ്രകാരം പരസ്പരം സ്നേഹിക്കയും ചെയ്യുന്നു. (യോഹന്നാൻ 13:34, 35) ഈ സ്നേഹം പ്രായോഗിക വിധങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്നു.
ഉദാഹരണത്തിന്, കുറച്ചുനാളുകൾക്കു മുമ്പ് ഒരു ശനിയാഴ്ച്ച രാവിലെ 6 മണിക്കു കാലിഫോർണിയയിൽ സാൻ മാർക്കോസ് സഭയിലെ 30 സാക്ഷികൾ പ്രഭാതഭക്ഷണത്തിനായി ഒരുമിച്ചുകൂടി. അവരുടെ മനസ്സിൽ ഒരു പ്രത്യേക പദ്ധതിയുണ്ടായിരുന്നു—വീടിന്റെ അററകുററപ്പണികൾ നിർവ്വഹിക്കുന്നതിൽ സഹായം ആവശ്യമുള്ള സഭാംഗങ്ങളെ സഹായിക്കുക.
അത്തരം ആവശ്യമുണ്ടായിരുന്നവരിൽ ചിലർ മാതാവോ പിതാവോ മാത്രമായവരും വിധവമാരും പ്രായംചെന്ന ദമ്പതികളുമായിരുന്നു. വീടിന്റെ മേൽക്കൂരയുടെ അററകുററപ്പണികൾ, സ്വകാര്യപാത കീലിടൽ, വീടിനു വെളിയിലെ സുരക്ഷാലൈററുകൾ പിടിപ്പിക്കൽ, ഗാരേജിനു കതകുകൊളുത്തൽ, പെയിൻറടിക്കൽ, ചെടികൾ കത്രിച്ചു വെടിപ്പാക്കൽ എന്നിവയും മററുമാണ് ഇവരുടെ ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നത്. ആവശ്യങ്ങൾ തിരിച്ചറിഞ്ഞു സാധനസാമഗ്രികൾ വാങ്ങിയപ്പോൾ ഒരു മാസത്തിനു മുമ്പു തന്നെ ജോലിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
നിശ്ചയിച്ചിരുന്ന ശനിയാഴ്ച്ച പ്രഭാതഭക്ഷണത്തിനിടയിൽ അവസാന ഒരുക്കങ്ങളും നടത്തി. ജോലിക്കായുള്ള ടീമുകളെ തിരിക്കുകയും ഓരോന്നിനും നിശ്ചിതനിയമനങ്ങൾ കൊടുക്കുകയും ചെയ്തു. ഉച്ചഭക്ഷണം ഉൾപ്പെടെ മററു ലഘുഭക്ഷണങ്ങളെല്ലാം സ്ത്രീകൾ തയ്യാറാക്കി. ആ ദിവസത്തെ വേല അററകുററപ്പണികൾ നിർവഹിക്കപ്പെട്ട വീട്ടുകാരുടെമേൽ മാത്രമല്ല, സഭയിലെ ഓരോരുത്തരുടെമേലും ഒരു അത്ഭുതകരമായ ഫലമുളവാക്കി. (g93 2/22)