ഒഴിവാക്കാവുന്ന ഉല്പന്നങ്ങൾ ഒഴിവാക്കാൻ കഴിയാത്ത ചപ്പുചവറായിത്തീരുന്നു
ചപ്പുചവർ പ്രസിസന്ധിയെയും അതിനു സംഭാവനചെയ്യുന്ന ഘടകങ്ങളെയും അവഗണിക്കുന്നത് വേണ്ടാത്തത് എറിഞ്ഞുകളയുന്ന ജനസമുദായത്തിന്റെ നടപടികളെ അവഗണിക്കലാണ്. ദൃഷ്ടാന്തത്തിന്, അടുക്കളയിൽ കടലാസുകൊണ്ടുള്ള തൂവാല തുണികൊണ്ടുള്ളവയെക്കാൾ അഭികാമ്യമാണെന്ന് നിങ്ങൾ കണ്ടെത്തുന്നുവോ? നിങ്ങൾ ഭക്ഷണവേളയിൽ തുണിത്തൂവാലക്കു പകരം കടലാസ്തൂവാല ഉപയോഗിക്കുന്നുവോ? നിങ്ങളുടെ ശിശുക്കൾക്ക് ഇപ്പോഴും ഡയപ്പർ (ഉടുതുണി) ഉപയോഗിക്കണമെങ്കിൽ നിങ്ങൾ തുണിക്കു പകരം കടലാസ് ഉപയോഗിക്കുന്നുവോ? ഉപയോഗത്തിനുശേഷം എറിഞ്ഞുകളയാവുന്ന റേസറുകളും ക്യാമറാകളും വാങ്ങാതിരിക്കാൻ കഴിയാത്തവിധം അത്ര സൗകര്യപ്രദമാണെന്ന് നിങ്ങൾ കണ്ടെത്തിയിരിക്കുന്നുവോ? ഇന്നത്തെ അധികം ചെറുപ്പക്കാർ ഒരു ഫൗണ്ടൻപേന കൊണ്ട് എഴുതിയിട്ടില്ല. അവയുടെ സ്ഥാനത്ത് എറിഞ്ഞുകളയാവുന്നതോ എറിഞ്ഞുകളയാവുന്ന റിഫില്ലുകളോടുകൂടിയതോ ആയ ബോൾപോയിൻറുപേനകൾ ദീർഘനാളായി ഉപയോഗത്തിൽവന്നിരിക്കുകയാണ്. ബിസിനസുകാർ ആയിരക്കണക്കിന് ബോൾപോയിൻറുകൾ ഓർഡർചെയ്യുന്നു. പരസ്യക്കാർ അവ ദശലക്ഷക്കണക്കിന് കൊടുക്കുന്നു.
ഓർഡറനുസരിച്ച് ചായയും കാപ്പിയും കൊളാകളും പാലും പെട്ടെന്നുണ്ടാക്കിക്കൊടുക്കുന്ന ഹാംബേർഗ്ഗറുകളും മേലാൽ കടലാസ്കപ്പിലോ കടലാസ് ട്രേകളിലോ അല്ല കൊടുക്കുന്നത്. പോളിസ്ററിറിൻ പാത്രങ്ങൾ അവയെ പഴയതാക്കിയിരിക്കുന്നു. പ്ലാസ്ററിക്ക് കൊണ്ടുള്ള കത്തികളും ഫോർക്കുകളും കരണ്ടികളും ഉണ്ട്, എല്ലാം ഒന്നുപയോഗിച്ചുകഴിഞ്ഞ് ചവററുകുട്ടയിൽ ഇടേണ്ടത്. എറിഞ്ഞുകളയാവുന്ന സൗകര്യങ്ങളുടെ എണ്ണവും വൈവിദ്ധ്യവും അനന്തമാണ്. ഖര പാഴ്വസ്തുക്കളുടെ ന്യൂയോർക്ക് സ്റേറററ് ഡിവിഷൻ ഡയറക്ടർ “നമ്മൾ എറിഞ്ഞുകളയുന്ന ഒരു സമുദായമായിരിക്കുന്നു” എന്നാണ് പറഞ്ഞത്. “നമ്മുടെ രീതികൾ നാം കേവലം മാറേറണ്ടിയിരിക്കുന്നു.”
ഗ്ലാസിനു പകരമുള്ള പ്ലാസ്ററിക്ക് പാൽക്കുപ്പികളെക്കുറിച്ചെന്ത്? തുകലിനും റബറിനും പകരം പ്ലാസ്ററിക്ക്കൊണ്ടുള്ള ഷൂസിനെ സംബന്ധിച്ചോ? വെള്ളം പുറത്തുകളയുന്ന സ്വാഭാവിക നാരിനുപകരം പ്ലാസ്ററിക്കുകൊണ്ടുള്ള മഴക്കോട്ടോ? പ്ലാസ്ററിക്കുകളുടെ യുഗത്തിനു മുമ്പ് ലോകത്തിന് എങ്ങനെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് ചില വായനക്കാർ അതിശയിച്ചേക്കാം. വലിപ്പംകൂടിയ പാത്രങ്ങളിലെ ഉല്പന്നങ്ങളുടെ നിരകൾ ഒന്നിനുപിറകേ ഒന്നായി സൂപ്പർമാർക്കററുകളിലെയും പാക്കററുകളിലുള്ള സാധനങ്ങൾ വിൽക്കുന്ന മററുള്ളടങ്ങളിലെയും ഷെൽഫുകളിൽ നിങ്ങളുടെ നേരെ അലറിവിളിക്കുന്നതും കാണുക. സഹസ്രലക്ഷക്കണക്കിന് പേജുകൾ വരുന്ന കടലാസ് പുറന്തള്ളുന്ന കമ്പ്യൂട്ടറുകളുടെ യുഗം ഇപ്പോൾത്തന്നെ പർവതസമാനമായിത്തീർന്നിരിക്കുന്ന കടലാസ് കൂനയെ പെരുപ്പിക്കുന്നു.
വർദ്ധിച്ചുവരുന്ന ഈ പ്രശ്നത്തിൽനിന്ന് കുറച്ച് ആശ്വാസം കിട്ടാൻ നാം എത്രത്തോളം അസൗകര്യം പൊറുക്കാൻ സന്നദ്ധരാണ്? അമേരിക്കക്കാർ മാത്രം കണക്കാക്കപ്പെട്ടപ്രകാരം പുറന്തള്ളാവുന്ന 4.3 ദശലക്ഷം പേനകളും 5.4 ദശലക്ഷം റേസറുകളും ഒരു ശരാശരി ദിവസം ചവററുകുട്ടയിൽ തള്ളുന്നുണ്ടെങ്കിലും ഈ ജനസമുദായം പ്ലാസ്ററിക്കുകളുടെയും ഉന്നത സാങ്കേതികവിദ്യയുടെ ഉപേക്ഷണീയ വസ്തുക്കുളടെയും മുമ്പത്തെ കാലത്തേക്ക് ഒരു അരനൂററാണ്ട് പിന്നോട്ടുപോകാൻ സാദ്ധ്യതയില്ല, ഈ സൗകര്യങ്ങൾക്ക് നാം കൊടുക്കുന്ന വില വമ്പിച്ചതാണെങ്കിലും.
ശിശുക്കളുടെ പുറന്തള്ളാവുന്ന ഡയപ്പറുകളെ സംബന്ധിച്ചും ഇതുതന്നെ പറയാവുന്നതാണ്. “കണക്കനുസരിച്ച് 2.8 ദശലക്ഷം ടൺ മലവും മൂത്രവും അടങ്ങിയ 1,600 കോടി ഡയപ്പറുകൾ ഓരോ വർഷവും രാഷ്ട്രത്തിനു ചുററും കുറഞ്ഞുകൊണ്ടിരിക്കുന്ന കുപ്പകളിലേക്ക് മറിക്കപ്പെടുന്നു”വെന്ന് ദി ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. ഉപേക്ഷിക്കപ്പെട്ട 42,75,000ത്തിൽപരം ഡയപ്പറുകൾ കണ്ണുതുറപ്പിക്കാൻ പര്യാപ്തമായിരിക്കാം. “നാം പുനർവിനിയോഗിക്കാവുന്ന ഒരു ഉല്പന്നത്തെക്കാൾ ചെലവേറുന്നതും പരിസ്ഥിതിപരമായി കൂടുതൽ അപകടകരവും പുതുക്കാവുന്നതല്ലാത്ത വിഭവങ്ങളെ ഉപയോഗിച്ചുതീർക്കുന്നതുമായി പുറന്തള്ളാവുന്ന ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ ഒരു തികഞ്ഞ ദൃഷ്ടാന്തമാണിത്” എന്ന് പാഴായ ഖരവസ്തുക്കൾസംബന്ധിച്ചുള്ള ഒരു വാഷിംഗ്ടൺ വിദഗ്ദ്ധൻ പറയുകയുണ്ടായി. തങ്ങളുടെ ശിശുക്കളുടെ ഉടുതുണികൾ അലക്കുന്നതിന്റെയോ സാധനങ്ങൾ എത്തിച്ചുതരുന്ന ഒരു സേവനത്തെ പിന്താങ്ങുന്നതിന്റെയോ അസൗകര്യങ്ങൾ പൊറുക്കാൻ മാതാപിതാക്കൾ സന്നദ്ധരാണോ? പുറന്തള്ളാവുന്ന ഡയപ്പറുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് അനേകർക്ക് ചിന്തിക്കുകതന്നെ സാദ്ധ്യമല്ല.
ഉപയോഗിച്ചശേഷം എറിഞ്ഞുകളയാവുന്ന ഡയപ്പറുകൾ പരിസ്ഥിതിവാദികൾക്ക് മുഴു ചപ്പുചവർപ്രശ്നത്തിന്റെയും പ്രതീകമായിത്തീർന്നിരിക്കുന്നു. “1961-ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ശേഷം നിർമ്മിക്കപ്പെട്ടിട്ടുള്ള സകല പ്ലാസ്ററിക്ക് ഡയപ്പറുകളും ഇപ്പോഴും ഉണ്ടെന്നുള്ളതാണ് ഏറെ മോശം; അവ ജീർണ്ണിക്കാൻ ഏതാണ്ട് 500 വർഷം വേണം” എന്ന് യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് എഴുതുന്നു.
എന്നിരുന്നാലും, നാം നമ്മുടെ ശീലങ്ങൾക്ക് മാററംവരുത്തുന്നില്ലെങ്കിൽ നാം നമ്മുടെ സ്വന്തം ചപ്പുചവറുകളിൽ കുഴിച്ചുമൂടപ്പെട്ടേക്കാമെന്ന് പരിസ്ഥിതിവിദഗ്ദ്ധരും ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരും പറയുന്നു. ആധുനിക ഉപേക്ഷണീയ ഉല്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഒരു അനുഗ്രഹമായിരിക്കാം, എന്നാൽ അവ ഭൂമിയിലെ ചപ്പുചവർനിർമ്മാർജ്ജനസ്ഥലങ്ങൾക്ക് ഒരു ബോംബാണ്. പുറന്തള്ളപ്പെട്ട പ്ലാസ്ററിക്കുകളുടെ ആയുസ്സിന് അറുതി കാണാനില്ല. പരമ്പരാഗത ജ്ഞാനത്തിനു വിരുദ്ധമായി ഓരോ ദിവസവും അമേരിക്കക്കാർ പുറത്തുകളയുന്ന 16 കോടി കിലോഗ്രാം കടലാസും ലോകവ്യാപകമായി അറിയപ്പെടാത്ത ടണ്ണിലുള്ള കടലാസും കുപ്പകളിൽ ടൺകണക്കിന് ചപ്പുചവറുകൾക്കടിയിൽപോലും വർഷങ്ങളോളം അഴുകി അപ്രത്യക്ഷപ്പെടാതിരിക്കുന്നു. കുപ്പകളിൽനിന്ന് കുഴിച്ചെടുത്ത വർത്തമാനപ്പത്രങ്ങൾ 35-ൽപരം വർഷങ്ങൾ അടിയിൽകിടന്ന ശേഷവും അവ പ്രസിദ്ധപ്പെടുത്തിയ ദിവസത്തേതുപോലെ വായിക്കാവുന്നവയായിരുന്നു.
പുനഃചക്രണത്തിന്റെ പ്രശ്നം
ചപ്പുചവർ കൈകാര്യംചെയ്യുന്നതിന് നാലു മാർഗ്ഗങ്ങളേ ഉള്ളുവെന്ന് എഴുതപ്പെട്ടിരിക്കുന്നു. “അതു കുഴിച്ചുമൂടുക, അതു ദഹിപ്പിക്കുക, അത് പുനഃചക്രണംചെയ്യുക—അല്ലെങ്കിൽ ആദ്യംതന്നെ അത്രത്തോളം ഉണ്ടാക്കാതിരിക്കുക.” നഗരകുപ്പകളിൽ ഇടുന്ന ചപ്പുചവർ അതിനടുത്തു പാർക്കേണ്ടവർക്ക് ഹാനികരമായ ഒരു പീഡയാണെന്നുമാത്രമല്ല, ഒരു ആരോഗ്യാപകടംപോലുമായിത്തീരാൻ കഴിയും. കുപ്പകളിൽ പാഴ്വസ്തുക്കൾ ദ്രവിക്കുമ്പോൾ അത് മീതേയ്ൻ എന്നു വിളിക്കപ്പെടുന്ന നിറവും മണവുമില്ലാത്ത ഒരു കത്തുന്ന വാതകം ഉല്പാദിപ്പിക്കുന്നു. നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ മീതേയ്ൻ കുപ്പയിൽനിന്ന് മണ്ണിനടിയിലൂടെ ദേശാടനംചെയ്യുകയും സസ്യങ്ങളെ നശിപ്പിക്കുകയും സമീപപ്രദേശത്തുള്ള കെട്ടിടങ്ങളിലേക്ക് കടക്കുകയും കത്തുന്നപക്ഷം സ്ഫോടനംചെയ്യുകയും ചെയ്യും. ചില കേസുകളിൽ മരണം സംഭവിച്ചിട്ടുണ്ട്. അപകടകരമായ രാസവസ്തുക്കൾ മണ്ണിനടിയിലൂടെ അരിച്ചിറങ്ങുകയും മമനുഷ്യന്റെ ജലസഞ്ചയത്തെ ദുഷിപ്പിക്കുകയും ചെയ്യുമ്പോൾ ഭൂഗർഭജലസംഭരണികൾ അഥവാ ജലഭരങ്ങൾ ഭീഷണിപ്പെടുത്തപ്പെടുന്നു.
വിശേഷാൽ പത്രക്കടലാസ് പുനഃചക്രണം നടത്തുന്നതിലെ പ്രശ്നം വമ്പിച്ച അമിത ലഭ്യതയാണ്. “പാഴായിപ്പോയിരിക്കുന്ന വർത്തമാനപ്പത്രത്തിന്റെ കണക്ക് ഒരു സർവകാല റെക്കോർഡാണ്” എന്ന് അമേരിക്കൻ പേപ്പർ ഇൻസ്ററിററ്യൂട്ടിന്റെ വക്താവ് പറയുകയുണ്ടായി. “മില്ലുകൾക്കും പേപ്പർവ്യാപാരികൾക്കും തങ്ങളുടെ വെയർഹൗസുകളിൽ ഒരു ദശലക്ഷം ടണ്ണിൽ കൂടുതൽ വർത്തമാനപ്പത്രമുണ്ട്, അത് ഒരു വർഷത്തെ ഉല്പാദനത്തിന്റെ മൂന്നിലൊന്നിനെ പ്രതിനിധാനംചെയ്യുന്നു. വെയർഹൗസിലെ സ്ഥലസൗകര്യം പൂർണ്ണമായും നിറയുന്ന ഒരു ഘട്ടം വരുന്നു.” ഈ കടലാസ് കൂനയുടെ ഒരു പരിണതഫലമെന്ന നിലയിൽ, ഒരു വർഷം മുമ്പ് ടണ്ണിന് 40 ഡോളർ കിട്ടുമായിരുന്ന തങ്ങളുടെ പേപ്പറിന് അനേകം നഗരങ്ങൾ നഗരകുപ്പയിൽ ദഹിപ്പിക്കുന്നതിനോ മറിക്കുന്നതിനോ വേണ്ടി കൊണ്ടുപോകാൻ ടണ്ണിന് 25 ഡോളർ കോൺട്രാക്ററർമാർക്ക് ഇപ്പോൾ കൊടുക്കുന്നു.
പ്ലാസ്ററിക്കുകളെ സംബന്ധിച്ച് എന്തു പറയാം? “പ്ലാസ്ററിക്ക്വ്യവസായം പുനഃചക്രണത്തെ പിന്തുണക്കാൻ വെപ്രാളപ്പെടുന്നുണ്ട്, അല്ലാത്തപക്ഷം ഏറെയും അതിന്റെ ധാരാളമായ ഉത്പന്നങ്ങൾ നിരോധിക്കപ്പെട്ടേക്കാമെന്ന ഭയത്താൽതന്നെ” എന്ന് യൂ.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പറയുകയുണ്ടായി. ദൃഷ്ടാന്തത്തിന്, പ്ലാസ്ററിക്ക് കുപ്പികൾ പോളിയെസ്ററർ പരവതാനികൾ നിർമ്മിക്കുന്നതിനുള്ള നാരുകളായും പാർക്കാസുകൾ നിറക്കാനുള്ള വസ്തുവായും മററനേകം വസ്തുക്കളായും മാററാൻ കഴിയും. എന്നാൽ ആ വ്യവസായം അതിന്റെ വിപണിയിൽ താത്പര്യമെടുക്കുന്നത് നന്നായിരിക്കും. ചില സ്ഥലങ്ങൾ ഇപ്പോൾത്തന്നെ ചില്ലറ ഭക്ഷ്യവില്പനസ്ഥലങ്ങളിൽ സകല പോളിസ്ററിറിൻ, പിവിസി (പോളിവിനൈൽ ക്ലോറൈഡ്) ഉല്പന്നങ്ങളുടെ ഉപയോഗവും വില്പനയും നിരോധിച്ചുകൊണ്ട് നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. നിരോധനങ്ങളിൽ പ്ലാസ്ററിക്ക് പലവ്യഞ്ജനസഞ്ചികളും പോളിസ്ററിറിൻ കപ്പുകളും മാംസട്രേകളും ഫാസ്ററ്ഫുഡ് ഹാംബേർഗ്ഗറുകൾ വെക്കാനുള്ള പോളിസ്ററിറിൻ പാത്രങ്ങളും ഉൾപ്പെടുന്നു.
ഐക്യനാടുകളിലെ മുനിസിപ്പൽ ഖര പാഴ്വസ്തുക്കളുടെ 75 ശതമാനം പുനഃചക്രണം നടത്താവുന്നതാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും പൊതുജനങ്ങളുടെ അനാസ്ഥയും സാങ്കേതികവിദ്യയുടെ കുറവും നിമിത്തം ഈ നേട്ടം ഇപ്പോൾ കൈവരിച്ചിട്ടില്ല. “പുനഃചക്രണം വളരെ അപകടകരമായ ഒരു ഘട്ടത്തിലേക്കു കടക്കുകയാണ്” എന്ന് ഒരു പുനഃചക്രണവിദഗ്ദ്ധൻ പറയുകയുണ്ടായി. ഒട്ടേറെ ഗവൺമെൻറുകൾക്ക് കുമിഞ്ഞുകൂടലിൽനിന്ന് കരകയറുന്നതിൽ പ്രയാസമനുഭവപ്പെടാൻ പോകുകയാണ്.”
വലിയ മുനിസിപ്പൽ ചൂളയിൽ ചപ്പുചവർ ദഹിപ്പിക്കുന്നതാണ് പരിഹാരമെന്ന് ചില ഉദ്യോഗസ്ഥൻമാർ പറയുന്നു. എന്നാൽ ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. പ്ലാസ്ററിക്കുകളുടെയും മററ് ചപ്പുചവറുകളുടെയും ദഹിപ്പിക്കൽ ഡയോക്സിൻ ഉൾപ്പെടെയുള്ള വിഷമയമായ രാസവസ്തുക്കൾ വായുവിലേക്ക് പുറത്തുവിടുന്നുവെന്ന് പരിസ്ഥിതിവാദികൾ മുന്നറിയിപ്പുനൽകുന്നു. “ഒരു ചൂളയെക്കുറിച്ച് ഒരു ഡയോക്സിൻഫാക്റററിയെന്ന് നിങ്ങൾക്ക് വിചാരിക്കാൻ കഴിയും” എന്ന് ഒരു പ്രസിദ്ധ പരിസ്ഥിതിവാദി പറഞ്ഞു. “ചൂളകൾ മിക്കപ്പോഴും ഈയത്താലും കാഡ്മിയത്താലും മലിനമാക്കപ്പെട്ട ടൺകണക്കിന് ചാമ്പലും ഉളവാക്കുന്നു” എന്ന് ന്യൂസ്വീക്ക് മാസിക റിപ്പോർട്ടുചെയ്തു. ചൂളകൾ നിർമ്മിക്കാനുള്ള നിർദ്ദിഷ്ട സ്ഥലങ്ങൾക്കടുത്തു വസിക്കുന്ന പൗരൻമാരിൽനിന്ന് മുറവിളി കേൾക്കാൻ കഴിയും. ആരും തന്റെ പരിസരത്ത് അവ ആഗ്രഹിക്കുന്നില്ല. അവ ആരോഗ്യത്തിനും പരിസ്ഥിതിക്കും അപകടകരമായ ഭീഷണിയായി വീക്ഷിക്കപ്പെടുന്നു. അങ്ങനെ ചപ്പുചവർ പ്രതിസന്ധി വ്യാപിക്കുന്നതിൽ തുടരുകയാണ്. ആർക്കെങ്കിലും പരിഹാരമുണ്ടോ? (g90 9⁄22)