ന്യൂക്ലിയർ അവശിഷ്ടം—മാരകമായ ചപ്പുചവർ
ഈ ലോകത്തിൽ ജീവിതത്തെ വീർപ്പുമുട്ടിക്കുന്നത് ഗാർഹികചപ്പുചവറിന്റെ അപകടം മാത്രമല്ല. അത് വളരെ വലുതും മാരകവുമായ അവശിഷ്ടപ്രശ്നത്തിങ്കൽ അപ്രധാനമായി മങ്ങിപ്പോകുകയാണ്. മനുഷ്യൻ ന്യൂക്ലിയർ ആയുധങ്ങൾ നിർമ്മിക്കാനും വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ആററത്തെ ഉപയുക്തമാക്കാൻ ആദ്യമായി പഠിച്ചതുമുതൽ ഈ പദ്ധതികൾ ഉളവാക്കുന്ന അത്യധികം റേഡിയോ ആക്ററിവതയുള്ള ന്യൂക്ലിയർ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിന് സാദ്ധ്യതയുള്ള ഏററം സുരക്ഷിതമായ രീതികൾ സംബന്ധിച്ച് കുഴപ്പത്തിലായിരിക്കുകയാണ്.
ഈ മാരകമായ അവശിഷ്ടത്താൽ വരുവാനുള്ള തലമുറകളിൽ ആളുകളും പരിസ്ഥിതിയും മലിനപ്പെടാതെ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിൽ സഹസ്രലക്ഷക്കണക്കിനു രൂപാ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനു വർഷങ്ങളിൽ റേഡിയോ ആക്ററിവതയുള്ള അവശിഷ്ടങ്ങൾക്ക് സകല ജീവികൾക്കും മാരകമായി സ്ഥിതിചെയ്യാൻ കഴിയുമെന്നുള്ളതുകൊണ്ട് തീർച്ചയായും ഒരു പ്രയാസമേറിയ കൃത്യം തന്നെ!
അപകടകരമായ വസ്തുക്കൾ വീര്യം കുറഞ്ഞ് നിരുപദ്രവകരമായിത്തീരുമെന്നുള്ള വിശ്വാസത്തിൽ ഈ അവശിഷ്ടത്തിലധികവും ദശാബ്ദങ്ങളിൽ കേവലം സ്ഥലത്തുതന്നെയുള്ള കുഴികളിലോ ഊറൽ തടങ്ങളിലോ ഇട്ടിരുന്നു. നാം കാണാൻപോകുന്നതുപോലെ വിപത്ക്കരമായ ഫലങ്ങളോടുകൂടിയ ഒരു അഭ്യൂഹമായിരുന്നു അത്. ദശലക്ഷക്കണക്കിന് ഗ്യാലൻ വരുന്ന ഉന്നതതല റേഡിയോ ആക്ററീവ് അവശിഷ്ടങ്ങൾ ഭീമാകാരമായ ഭൂഗർഭ ററാങ്കുകളിൽ സംഭരിക്കപ്പെട്ടു; മററ് അവശിഷ്ടങ്ങൾ വീപ്പകളിൽ അടച്ച് മുദ്രവെച്ച് മുകളിൽ നിലത്ത് ശേഖരിച്ചുവെക്കപ്പെട്ടു. അത് അപകടകരമെന്നു തെളിഞ്ഞ മറെറാരു നിർമ്മാർജ്ജന രീതിയായിരുന്നു.
ഈ ന്യൂക്ലിയർ അവശിഷ്ടം വളരെ അപകടകരവും മാരകവുമായതിനാൽ അതിനെ ബാഹ്യാകാശത്തിലേക്ക് എയ്തുവിടുന്നതുമുതൽ ധ്രുവ ഹിമമൂടികൾക്കടിയിൽ തട്ടുന്നതുവരെ സകലവും ശാസ്ത്രജ്ഞൻമാർ പരിഗണിച്ചു. അവശിഷ്ടം നിറച്ച പെട്ടികൾ വടക്കൻ പസഫിക് സമുദ്രത്തിൽ ഇടുന്നതിന്റെ ആശാസ്യതയെക്കുറിച്ചും ഗവേഷണം നടക്കുന്നുണ്ട്. അവിടെ അത് സമുദ്രതട്ടിലെ ചെളിയിൽ 30 അടി ആഴത്തിൽ തുളച്ചിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. “കരക്കോ വെള്ളത്തിലോ സമുദ്രജലത്തിനടിയിലോ നാം കൈകാര്യംചെയ്യേണ്ട വസ്തു നമുക്ക് ഈ ഗ്രഹത്തിലുണ്ട്. നമുക്കുള്ളത് അതുമാത്രമാണ്” എന്ന് വുഡ്സ്ഹോൾ ഓഷ്യാനോഗ്രാഫിക്ക് ഇൻസ്ററിററ്യൂഷന്റെ പ്രസിഡണ്ട് പറയുകയുണ്ടായി.
ഇപ്പോൾ, കൂടുതൽ സുരക്ഷിതവും സ്ഥിരവുമായ നിർമ്മാർജ്ജനരീതി കണ്ടെത്താൻകഴിയുന്നതുവരെയുള്ള ഒരു താത്ക്കാലിക പരിഹാരമായി ഈ റേഡിയോ ആക്ററീവ് പദാർത്ഥം അടച്ചുപൂട്ടിയ കെട്ടിടങ്ങൾക്കുള്ളിൽ വെള്ളംനിറച്ച കുളങ്ങളിൽ ശേഖരിച്ചിരിക്കുകയാണ്. ദൃഷ്ടാന്തത്തിന്, കാനഡായിലെ ഒന്റേറിയോയിൽ 16 ന്യൂക്ലിയർ റിയാക്ടറുകളുണ്ട്, അവ ഇപ്പോൾത്തന്നെ 7,000ത്തിൽപരം ടൺ ന്യൂക്ലിയർ അവശിഷ്ടം ഉല്പാദിപ്പിച്ചിരിക്കുന്നു, ഇപ്പോൾ അവ അങ്ങനെയുള്ള പാത്രങ്ങളിൽ ശേഖരിച്ചുവെച്ചിരിക്കുകയാണ്. ബ്രിട്ടനും അതിന്റെ അവശിഷ്ടം എന്തു ചെയ്യണമെന്നുള്ള കുഴപ്പിക്കുന്ന പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ്. ഇപ്പോൾ ഉന്നതതല അവശിഷ്ടം ഭൗമോപരിതലത്തിലെ സ്ഥാനങ്ങളിൽ സൂക്ഷിക്കുകയാണ്. ലീക്ക് ചെയ്യുകയില്ലാത്ത ഭൂഗർഭസ്ഥാനങ്ങൾ കണ്ടുപിടിച്ച് പരീക്ഷിക്കാൻ കഴിയുന്നതുവരെ ഈ നയം തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഫ്രാൻസും ജർമ്മനിയും ജപ്പാനും അവയുടെ ന്യൂക്ലിയർ അവശിഷ്ട പ്രശ്നത്തെ നേരിടാൻ ശ്രമിക്കുകയാണ്.
“ഐക്യനാടുകളിലെ ഔദ്യോഗിക നയം ഏററം സുരക്ഷിത രീതി വരണ്ടതും ഉറപ്പുള്ളതും ശൂന്യവുമായ ഏതെങ്കിലും ആഴമുള്ള ഭൂഗർഭ സൂക്ഷിപ്പുസ്ഥലത്ത് കുഴിച്ചിടുകയാണ് എന്നതാണ്. എന്നാൽ സ്ഥാനം കണ്ടെത്തുന്നത് പ്രയാസമാണെന്ന് തെളിയുകയാണ്” എന്ന് ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടചെയ്തു. തീർച്ചയായും പ്രയാസം. ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് അത് ഈ വസ്തു 10,000 വർഷത്തേക്ക് സുരക്ഷിതമായി വെക്കാൻകഴിയുന്ന വരണ്ടതും ഉറപ്പുള്ളതുമായ സ്ഥാനമായിരിക്കണം. ഈ അണുകാവശിഷ്ടത്തിൽ കുറെ കണക്കാക്കപ്പെട്ട പ്രകാരം 2,50,000 വർഷം മാരകമായി തുടർന്നേക്കാമെങ്കിലും 10,000 വർഷം കൊണ്ട് വളരെയധികം ഭൂഗർഭപരമായ മാററങ്ങൾ നടക്കാമെന്നുള്ളതിനാൽ “അതിലും ദീർഘിച്ച ആസൂത്രണത്തിന് ശ്രമിക്കുന്നതിൽ കാര്യമില്ല” എന്ന് വിദഗ്ദ്ധൻമാർ വിശ്വസിക്കുന്നു. “ഒരു ആയിരം വർഷം മുമ്പോട്ടുള്ള ഒരു പദ്ധതിയെക്കുറിച്ച് സംസാരിക്കാൻപോലും കഴിയുന്ന ഒരു കണക്കാക്കൽമാതൃക ഭൂമുഖത്തുള്ളതായി എനിക്കറിയില്ല” എന്ന് ഒരു വികിരണവിദഗ്ദ്ധൻ പറഞ്ഞു. “10,000 വർഷം വരുന്ന ഭാവിയിലെ ഒരു ആരോഗ്യാപകടത്തെക്കുറിച്ച് സംസാരിക്കാൻ പ്രയാസ”മാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുംവിപത്ത്!
ശാസ്ത്രജ്ഞൻമാർ ആററത്തിന്റെ രഹസ്യങ്ങളുടെ കുരുക്കഴിച്ചപ്പോൾ തങ്ങൾ നേരിടാൻ ഒരുങ്ങിയിട്ടില്ലാഞ്ഞ ഒരു പുതിയ അസാധാരണ പ്രതിഭാസത്തെയാണ് അവർ അഴിച്ചുവിട്ടത്—തുടർന്നുവരാനിരുന്ന മാരകമായ മലിനീകരണ പേടിസ്വപ്നം. അപകടസാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പു ലഭിച്ചശേഷവും ഗവൺമെൻറുദ്യോഗസ്ഥൻമാർ മനഃപൂർവം മുന്നറിയിപ്പുകളെ അവഗണിച്ചു. ആണവായുധങ്ങളുണ്ടാക്കുന്നതിനുള്ള പ്രാപ്തിയും വസ്തുക്കളും നേടിയതോടെ അവ രാഷ്ട്രങ്ങളുടെ മുൻഗണന ആയിത്തീരവേ, ജനങ്ങളുടെ ആരോഗ്യത്തോടും ജീവനോടും പരിസ്ഥിതിയുടെ ഗുണത്തോടുമുള്ള പരിഗണന ഉപേക്ഷിക്കപ്പെട്ടു. മാരകമായ അവശിഷ്ടം കൈകാര്യംചെയ്യുന്നതിന് വികലമായ നടപടികളാണ് ഉപയോഗിക്കപ്പെട്ടത്. ദൃഷ്ടാന്തത്തിന്, ഒരു ആണവായുധശാലയിൽ “മൻഹാട്ടനെ 12 മീററർ ആഴത്തിൽ മുക്കാൻ പര്യാപ്തമായ 75,000 കോടിയിൽപരം ലിററർ അപകടകരമായ അവശിഷ്ടം അടയാളപ്പെടുത്താത്ത കുഴികളിലോ പരന്ന തടാകങ്ങളിലോ ഒഴിക്കപ്പെട്ടു”വെന്ന് 1989 മാർച്ചിലെ യൂ.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് എഴുതി. “വിഷജന്യമായ ഊറൽ കുറഞ്ഞപക്ഷം 260 ചതുരശ്ര കിലോമീററർ ഭൂഗർഭജലത്തെ മലിനീകരിച്ചിരിക്കുന്നു. ഏതാണ്ട് 17 കോടി ലിററർ ഉന്നതതല റേഡിയോ ആക്ററീവ് വിസർജ്ജ്യം ഭീമാകാരമായ ഭൂഗർഭ ററാങ്കുകളിൽ ശേഖരിച്ചുവെച്ചിരിക്കുകയാണ്. ഈ ററാങ്കുകളിൽനിന്ന് ഒലിച്ചിറങ്ങിയ പ്ലൂട്ടോണിയത്തിൽനിന്ന് 50ൽപരം നാഗസാക്കി-വലിപ്പത്തിലുള്ള ബോംബുകൾ നിർമ്മിക്കാൻ കഴിയും” എന്ന് മാസിക പറയുകയുണ്ടായി. ഈ സ്ഥലം വൃത്തിയാക്കുന്നതിന് 6,500 കോടി ഡോളർ ചെലവു വരുമെന്ന് കണക്കാക്കപ്പെടുന്നു.
ന്യൂക്ലിയർ അവശിഷ്ടം വെക്കാൻ നിർമ്മിച്ച ചില ററാങ്കുകൾ റേഡിയോ ആക്ററീവ്ചൂടിനാൽ വളരെ ചൂടുപിടിച്ച് പൊട്ടി. 2 ദശലക്ഷം ലിററർ റേഡിയോ ആക്ററീവ് അവശിഷ്ടം നിലത്തേക്ക് ചോർന്നുവെന്ന് കണക്കാക്കപ്പെടുന്നു. പരിസ്ഥിതിസംരക്ഷണ ഏജൻസി കുടിവെള്ളത്തിന് അനുവദിച്ചിരിക്കുന്ന പരിധിയുടെ ആയിരം മടങ്ങായ ഒരു തലംവരെ കുടിവെള്ളം റേഡിയോ ആക്ററീവ് സ്ട്രോണ്ടിയം-90നാൽ മലിനീകരിക്കപ്പെട്ടു. മറെറാരു ആണവായുധ പ്ലാൻറിൽ “42 ദശലക്ഷം ലിററർ യുറേനിയം ഉൾക്കൊണ്ടിരുന്ന അവശിഷ്ട കുഴികളിൽനിന്നുള്ള റേഡിയോ ആക്ററീവ് പദാർത്ഥങ്ങൾ . . . ഒരു ജലഭരത്തിലേക്ക് ഒലിച്ചിറങ്ങുകയാണ്, ഈ സ്ഥാപനത്തിന് 0.8 കിലോമീററർ തെക്കുള്ള കിണറുകളെ ദുഷിപ്പിക്കുകയും ചെയ്തിരിക്കുന്നു”വെന്ന് ദി ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. വാഷിംഗ്ടൺ സംസ്ഥാനത്ത് സഹസ്രലക്ഷക്കണക്കിന് ഗ്യാലൻ മലിനജലം നിലത്തേക്കൊഴിക്കപ്പെട്ടുവെന്നും റേഡിയോ ആക്ററീവ് ട്രൈററിയത്തിന്റെ ഒരു നിരന്തര നീരൊഴുക്ക് കൊളംബിയാനദിയിലേക്ക് പ്രവഹിക്കുകയാണെന്നും കൂടെ പത്രം റിപ്പോർട്ടുചെയ്തു.
ഇഡാഹോയിൽ പ്ലൂട്ടോണിയത്തിന്റെ കണികകൾ റേഡിയോ ആക്ററീവ് വേയ്സ്ററ് മാനേജ്മെൻറ് കോംപ്ലക്സിലെ ആഴം കുറഞ്ഞ കുഴികളിൽനിന്ന് പുറത്തുപോയിട്ടുണ്ട് എന്ന് ദി ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. “അവ ആയിരക്കണക്കിന് സതേൺ ഇഡാഹോ നിവാസികൾക്ക് ജലവിതരണംനടത്തപ്പെടുന്ന വിസ്തൃതമായ ഒരു ഭൂഗർഭജല റിസേർവൊയറിലേക്ക് പാറയടുക്കുകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്.” ഈ മാരകമായ വസ്തു 70 മീററർ ആഴത്തിൽ തുളച്ചിറങ്ങിയിരിക്കുകയാണ്, ജലഭരത്തോട് ഏതാണ്ട് പകുതിദൂരം സമീപിച്ചിരിക്കുന്നുവെന്നും പത്രം പറയുകയുണ്ടായി.
നദികളിലേക്കും നീരൊഴുക്കുകളിലേക്കും ഒഴുകിയിരിക്കുന്നതും വായുവിലേക്ക് പായിക്കപ്പെട്ടിരിക്കുന്നതുമായ ഈ പ്ലൂട്ടോണിയം എത്ര മാരകമാണ്? “പ്ലൂട്ടോണിയം റേഡിയോ ആക്ററിവതയുള്ളതായി 2,50,000 വർഷം നിലനിൽക്കുന്നുവെന്നും ഉച്ഛ്വസിക്കുകയോ വിഴുങ്ങപ്പെടുകയോ ചെയ്താൽ സൂക്ഷ്മാണുക്കൾ പോലും മാരകമായിരിക്കാൻ കഴിയുമെന്നും ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. “പ്ലൂട്ടോണിയംപൊടിയുടെ തരിയെങ്കിലും അകത്തേക്ക് വലിക്കുന്നത് ക്യാൻസറിനിടയാക്കിയേക്കാം” എന്ന് ന്യൂസ്വീക്ക് മാസിക പറയുകയുണ്ടായി.
ന്യൂക്ലിയർ അവശിഷ്ടത്തിന് ആളുകളുടെമേലുള്ള സത്വരവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള ഫലങ്ങൾ അറിയപ്പെടുന്നില്ല. അവ ഒരിക്കലും അറിയപ്പെടാതിരുന്നേക്കാം. എന്നിരുന്നാലും ഒരു ആണവശാലക്കടുത്ത് പല മൈലുകൾക്കുള്ളിൽ പാർത്തവരിൽ 162 ക്യാൻസർ കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ. വെള്ളം കുടിക്കാൻ ആളുകൾക്ക് ഭയമാണ്, ഭയം വർദ്ധിക്കുകയുമാണ്. “അവർക്ക് ആറു മുതൽ 200 വരെ കൂടുതലായ ക്യാൻസർ കേസുകൾ ഉണ്ടാകാൻ പോകുകയാണെന്ന്” ഒരു യൂണിവേഴ്സിററി ഡോക്ടറും ആണവശാലാജോലിക്കാരുടെ ഒരു കൺസൽററൻറും പറഞ്ഞു. “അവർക്കെല്ലാം പേടിയാണ്. തങ്ങൾക്ക് തങ്ങളുടെ പരിസ്ഥിതിയുടെയും ജീവിതത്തിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ വിചാരിക്കുന്നു.”
അങ്ങനെ അവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അനേകം നൂററാണ്ടുകൾക്കുമുമ്പ് യഹോവയുടെ ഒരു വിശ്വസ്ത പ്രവാചകൻ ഇങ്ങനെ പറയുകയുണ്ടായി: “യഹോവേ, ഭൗമികമനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്ക് നന്നായി അറിയാം. തന്റെ ചുവടു നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) തീർച്ചയായും ഈ വാക്കുകൾ സത്യമാണെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു—ഈ അന്ത്യനാളുകളിൽ നാടകീയമായി അങ്ങനെതന്നെ. വർദ്ധിച്ചുവരുന്ന ചപ്പുചവർ പ്രതിസന്ധി തന്റെ ചുവടുകളെ ജ്ഞാനപൂർവം നയിക്കുന്നതിനുള്ള മമനുഷ്യന്റെ അനേകം പരാജയങ്ങളിലൊന്നുമാത്രമാണ്.
എന്നിരുന്നാലും, നിരാശപ്പെടേണ്ടയാവശ്യമില്ല. പെട്ടെന്നുതന്നെ ഇപ്പോഴത്തെ വ്യവസ്ഥിതി നീക്കംചെയ്യപ്പെടുമെന്നും സ്രഷ്ടാവിനാൽ ഒരു പുതിയലോകം ആനയിക്കപ്പെടുമെന്നും ബൈബിൾപ്രവചനം വ്യക്തമായി പ്രകടമാക്കുന്നു. മനുഷ്യൻ ഭൂമിയോടും തന്നോടുതന്നെയും ചെയ്തുകൊണ്ടിരിക്കുന്നതിനെ അവൻ വളരെ ദീർഘകാലം പൊറുക്കുകയില്ല, എന്നാൽ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.” (വെളിപ്പാട് 11:18) അതിനുശേഷം, സ്രഷ്ടാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ഭൂമിയെ ഉചിതമായി പരിപാലിക്കാനും അതിലെ വിഭവങ്ങളെ ജ്ഞാനപൂർവം വിനിയോഗിക്കാനും മനുഷ്യർ പഠിക്കും.—സങ്കീർത്തനം 37:34; 2 പത്രോസ് 3:10-13. (g90 9⁄22)
[9-ാം പേജിലെ ആകർഷകവാക്യം]
ന്യൂക്ലിയർ അവശിഷ്ടത്തിന് 2,50,000 വർഷം മാരകമായി സ്ഥിതിചെയ്യാൻകഴിയും
[10-ാം പേജിലെ ആകർഷകവാക്യം]
“പ്ലൂട്ടോണിയംപൊടിയുടെ ഒരു തരിയെങ്കിലും അകത്തേക്കു വലിക്കുന്നത് ക്യാൻസറിനിടയാക്കിയേക്കാം”