യുവജനങ്ങൾ എന്ന പുസ്തകത്തോടുള്ള വായനക്കാരുടെ പ്രതികരണം
തങ്ങൾ കുഴപ്പത്തിലാണെന്ന് ചിലർ വിചാരിച്ചു. “ഞങ്ങളുടെ നടത്ത സംബന്ധിച്ച് അവർ ഞങ്ങളെ ബുദ്ധിയുപദേശിക്കാനാഗ്രഹിക്കുന്നുവെന്ന് ഞാൻ വിചാരിച്ചു,” ഷെരഡാ എന്നു പേരുള്ള 15 വയസ്സുകാരി പറഞ്ഞു. മററുള്ളവർക്കു കേവലം ഭയമായിരുന്നു. തിമൊഥെയോസ് എന്നു പേരുള്ള 10 വയസ്സുകാരൻ ബ്രിട്ടീഷ് പയ്യൻ അനുസ്മരിക്കുന്നു: “എന്റെ മമ്മിയുടെയും ഡാഡിയുടെയും അടുക്കൽനിന്ന് ഞാൻ മാറിയിരിക്കണമെന്ന് മനസ്സിലാക്കിയപ്പോൾ പോകാൻ ഞാൻ ആഗ്രഹിച്ചില്ല.” ഉത്ക്കണ്ഠക്കു കാരണമെന്തായിരുന്നു? യഹോവയുടെ സാക്ഷികളുടെ 1989ലെ “ദൈവികഭക്തി” ഡിസ്ട്രിക്ററ് കൺവെൻഷന്റെa വെള്ളിയാഴ്ച രാവിലെ വേർതിരിച്ചിട്ടിരിക്കുന്ന ഒരു ഭാഗത്ത് 10നും 19നുമിടക്കു പ്രായമുള്ള യുവജനങ്ങൾ ഇരിക്കണമെന്ന് ഒരു പ്രഖ്യാപനംചെയ്യപ്പെട്ടു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം പ്രകാശനംചെയ്യുകയും സന്നിഹിതരായിരുന്ന സകല യുവജനങ്ങൾക്കും സൗജന്യമായി വിതരണംചെയ്യുകയും ചെയ്തപ്പോൾ ഏതു ഭയവും നീക്കപ്പെട്ടു. പ്രതികരണങ്ങളോ?
“എനിക്ക് വാക്കുകൾ ഇല്ലായിരുന്നു; എന്റെ മുഖത്തുകൂടെ കണ്ണുനീർ ഒഴുകി.”—മൈക്ക്
“പുസ്തകത്തിലെ ഗംഭീരമായ വിവരങ്ങൾ കണ്ടപ്പോൾ എന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. അത് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽനിന്ന് യുവജനങ്ങൾക്കു ലഭിച്ച ഒരു സമ്മാനമായിരുന്നുവെന്ന വസ്തുത അവർ നമുക്കുവേണ്ടി എത്രയധികം കരുതുന്നുവെന്നതിന്റെ ഒരു ദൃഷ്ടാന്തമായിരുന്നു.”—പതിനെട്ടു വയസ്സുകാരി മാർഗി.
അടുത്ത കാലത്തു പിതാവു മരിച്ച നവൊമി എന്നു പേരുള്ള ഒരു പത്തുവയസ്സുകാരി ഈ പുസ്തകം കിട്ടിയതിനെ വിശേഷാൽ വിലമതിച്ചു. അവൾ ഇങ്ങനെ അനുസ്മരിക്കുന്നു: “ഞങ്ങളുടെ കുടുംബം ഡാഡിയെക്കൂടാതെ പോയ ആദ്യത്തെ വലിയ സമ്മേളനം ഇതായിരുന്നു. ആദ്യദിവസം എനിക്ക് വലിയ സങ്കടമായിരുന്നു. എന്നാൽ പുതിയ ലോകത്തിൽ ഞങ്ങൾക്ക് ഡാഡിയെ തിരികെ കിട്ടുന്നതുവരെ നമ്മുടെ സഹോദരൻമാരും നമ്മുടെ സ്വർഗ്ഗീയപിതാവായ യഹോവയും നമ്മെ പരിപാലിക്കുന്നുവെന്നറിഞ്ഞത് എന്നെ സന്തുഷ്ടയാക്കി.”
ഈ പുസ്തകത്തിൽ 1982 മുതൽ 1989 വരെ ഉണരുക! മാസികയിൽ പ്രത്യക്ഷപ്പെട്ട “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങളുടെ ഏതാണ്ട് പകുതി സംഗൃഹീത രൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പത്തു വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന 39 അദ്ധ്യായങ്ങളുണ്ട്. (അടുത്ത പേജിലെ ചതുരം കാണുക.) ഒരു ഒതുക്കമുള്ള പുസ്തകത്തിൽ ഈ വിവരങ്ങളെല്ലാം കിട്ടുന്നതിന്റെ മൂല്യമെന്താണ്? ഒരു യുവാവ് ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു പ്രശ്നത്തിൽ സഹായത്തിനായി ഞാൻ മിക്കപ്പോഴും വിലപ്പെട്ട ‘യുവജനങ്ങൾ ചോദിക്കുന്നു . . . ’ ലേഖനങ്ങൾ എടുത്തുനോക്കേണ്ടതാണെന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ ഞാൻ ഒരിക്കലും അതു കണ്ടെത്തിയതായി തോന്നുന്നില്ല. എന്നാൽ ഒരു വഴികാട്ടിയായി ഉപയോഗിക്കുന്നതിന് ഏതു സമയത്തും എനിക്ക് എടുക്കാവുന്ന ഒരു പ്രസിദ്ധീകരണമാണുള്ളത്.”
യുവജനങ്ങൾ പുസ്തകത്തിന് ദർശനപരമായ ശക്തമായ ആകർഷണവുമുണ്ട്. “എനിക്ക് വർണ്ണചിത്രങ്ങൾ ഇഷ്ടമാണ്” എന്ന് 11 വയസ്സുകാരി ഹെദർ പറയുന്നു. ഫോട്ടോകൾ ലോകത്തിലെല്ലായിടത്തുംനിന്നുള്ള യുവജനങ്ങളെ ചിത്രീകരിക്കുന്നു. ഒരു കനേഡിയൻ യുവാവ് പറയുന്നു: “ചിത്രീകരണങ്ങൾ ഏററവും ആകർഷകങ്ങളാണ്, ഞങ്ങൾ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴത്തെ യഥാർത്ഥവികാരങ്ങളെ നന്നായി പ്രതിനിധാനംചെയ്യുകയും ചെയ്യുന്നു.” അനേകം യുവജനങ്ങൾ ഉടൻതന്നെ അതിന്റെ ഉള്ളടക്കം അകത്താക്കിത്തുടങ്ങിയത് ആശ്ചര്യമല്ല.
‘എനിക്ക് അതിന്റെ വായന നിർത്താൻകഴിഞ്ഞില്ല’
ഒരു 17വയസ്സുകാരി പെൺകുട്ടി ഹോട്ടലിലെ കടലാസിൽ ഇങ്ങനെ എഴുതി: “ഞങ്ങൾ കൺവെൻഷൻ കഴിഞ്ഞ് വീട്ടിലേക്കുള്ള പകുതി ദൂരം സഞ്ചരിച്ചിരിക്കുന്നു, ഇനി നാലു മണിക്കൂർ സമയത്തെ ഡ്രൈവിംഗ് ശേഷിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾത്തന്നെ പത്ത് അദ്ധ്യായങ്ങൾ വായിച്ചുകഴിഞ്ഞു.”
ഉള്ളടക്കത്താൽ അനേകർ ആകൃഷ്ടരായി:
“ഞാൻ ഉള്ളടക്കം വായിച്ചപ്പോൾ ഞാൻ എന്റെ സ്വന്തം ജീവിതത്തെതന്നെ നോക്കുന്നതുപോലെയായിരുന്നു. അങ്ങനെ ചോദ്യങ്ങളിലനേകവും ഞാൻ എന്നോടുതന്നെ ഏതെങ്കിലും സമയത്ത് ചോദിച്ചിട്ടുള്ളവ ആയിരുന്നു.”—പതിനാറുവയസ്സുകാരി കാത്തി.
“വായനാശീലമില്ലാത്ത” ചിലർപോലും സ്വാധീനിക്കപ്പെട്ടു:
“എനിക്ക് അത്രയൊന്നും വായിക്കാനിഷ്ടമില്ല. എന്നാൽ ഈ പുസ്തകം വളരെ നല്ലതായതുകൊണ്ട് ഞാൻ അതു വായിച്ചുതുടങ്ങുമ്പോൾ എനിക്കത് താഴെവെക്കാൻ കഴിയുന്നില്ല. ഞാൻ മൂന്നു ദിവസംകൊണ്ട് മിക്കവാറും മുഴുപുസ്തകവും വായിച്ചുകഴിഞ്ഞു.”—പതിനഞ്ചു വയസ്സുകാരി ജന്നിഫർ.
“ഞാൻ ഏററവും നല്ല വായനക്കാരനല്ല, ഒട്ടേറെ വായിക്കുന്നുമില്ല. കൺവെൻഷൻകഴിഞ്ഞു ഞാൻ വീട്ടിൽ ചെന്നപ്പോൾ ഞാൻ ക്ഷീണിതനായിരുന്നു, എനിക്കു കണ്ണുതുറക്കാൻകൂടെ കഴിയുമായിരുന്നില്ല. എന്നാൽ ഞാൻ ഈ പുസ്തകത്തിലൂടെ വിരലോടിക്കുകയും വായിച്ചുതുടങ്ങുകയുംചെയ്തു, ഒരു മുഴു അദ്ധ്യായവും വായിച്ചുതീർക്കുകയുംചെയ്തു! അതിനുശേഷം ഇന്നുരാത്രിവരെ എല്ലാ ദിവസവും ഓരോ അദ്ധ്യായം ഞാൻ വായിച്ചിരിക്കുന്നു—ഇന്ന് രണ്ടദ്ധ്യായം വായിച്ചു.”—പതിനേഴു വയസ്സുകാരൻ ററിഫാനി.
ചില സംശയവാദികളും ഉണ്ടായിരുന്നു:
“ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ വായിക്കാൻ എനിക്കല്പം പ്രായം കടന്നുപോയെന്ന് ഞാൻ വിചാരിച്ചു. അങ്ങനെ ‘ലൈംഗികതയും ധാർമ്മികതയും’ എന്ന ഭാഗം 6 ഞാൻ വായിക്കാൻതുടങ്ങി. ഇത് വമ്പിച്ച ചില തീരുമാനങ്ങൾ എടുക്കാൻ എന്നെ അതിയായി സഹായിച്ചു. ഈ പുസ്തകം വായിക്കാൻ കഴിയാത്തതുപോലെ ആർക്കും പ്രായക്കൂടുതലില്ല!”—പത്തൊൻപതു വയസ്സുകാരി സബ്രീനാ.
തീർച്ചയായും അതു വായിച്ചുകഴിഞ്ഞപ്പോൾ അനേകരുടെയും വിചാരം അത് ഒരു പ്രാവശ്യം വായിച്ചാൽ പോരാ എന്നാണ്:
“ഒരു വർഷം മുമ്പ് ഞാൻ സ്നാപനമേററു, എന്നാൽ കാര്യങ്ങൾ പരുക്കനായി, ഞാൻ വിഷാദമഗ്നയായി. ഞാൻ ഒരിക്കൽ വീടുവിട്ടിറങ്ങിപ്പോകുകപോലുംചെയ്തു! അങ്ങനെ എനിക്ക് പുതിയ പുസ്തകം കിട്ടിയപ്പോൾ എനിക്ക് ആവശ്യമുള്ളതെന്തെന്ന് യഹോവക്കറിയാമെന്ന് എനിക്കുതോന്നി. അത് ഉഗ്രനാണ്! ഞാൻ ഇപ്പോൾത്തന്നെ അതു രണ്ടു പ്രാവശ്യം വായിച്ചുകഴിഞ്ഞു.”—ജെ. എസ്.
“ഞാൻ ഓരോ തിരുവെഴുത്തും പദാനുപദം പുസ്തകത്തിന്റെ അകത്ത് എഴുതിയിടുകയാണ്, അത് പുസ്തകം രണ്ടാം പ്രാവശ്യം വായിക്കുന്നത് കൂടുതൽ എളുപ്പമാക്കിത്തീർക്കും. ഇത് അതിശയോക്തിയല്ല: ഈ പുസ്തകം എന്നെ ഒരു മെച്ചപ്പെട്ടയാളാക്കിത്തീർത്തിരിക്കുന്നു.”—പതിനെട്ടുവയസ്സുകാരി ഐഡാ.
‘എന്തുചെയ്യണമെന്ന് നിങ്ങളോടു പറയുന്നതായി നിങ്ങൾക്ക് ഒരിക്കലും തോന്നുകയില്ല’
യുവജനങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ട് ഒരു വർഷത്തിലധികം കഴിഞ്ഞു. എന്നിട്ടും വിലമതിപ്പോടെയുള്ള അഭിപ്രായങ്ങൾ തുടർന്നും കിട്ടുന്നുണ്ട്. ഭാഗികമായി അതിന്റെ വിജയത്തിന്റെ കാരണം പുസ്തകം യുവജനങ്ങൾക്കുവേണ്ടിയാണെങ്കിലും അത് ബാലിശമല്ലെന്നുള്ളതാണ് എന്നതിനു സംശയമില്ല. വായനക്കാരോടു പ്രസംഗിക്കുകയാണെന്ന് അവർക്കു തോന്നാത്ത ഒരു രീതിയിലുമാണ് അതെഴുതപ്പെട്ടിരിക്കുന്നത്. ചില യുവജനങ്ങൾ ഇപ്രകാരമാണ് പറയുന്നത്:
“ഈ പുസ്തകത്തിന് ഫലിതത്തിന്റെ ഒരു സ്പർശംപോലുമുണ്ട്. ദൈവവചനമായ ബൈബിളിനാൽ പിന്താങ്ങപ്പെടുന്നതുകൊണ്ട് അത് ഏത് കൗമാരമാസികയെക്കാളും വളരെ മെച്ചമാണ്.”
“എന്തു ചെയ്യണമെന്ന് നിങ്ങളോടു പറയുന്നതായി നിങ്ങൾ ഒരിക്കലും വിചാരിക്കുകയില്ല; പകരം, നിങ്ങൾക്ക് പല സാദ്ധ്യതകളെയും ഓരോന്നിന്റെയും പരിണതഫലങ്ങളെയുംകുറിച്ച് അറിവുണ്ട്. യഹോവയുടെ വീക്ഷണം എല്ലായ്പ്പോഴും വ്യക്തമായി പ്രകടമാക്കപ്പെടുകയും തിരുവെഴുത്തുപരമായി പിന്താങ്ങപ്പെടുകയുംചെയ്തിരിക്കുന്നു.”
എഴുത്തിന്റെ ദൃഢതയെക്കുറിച്ചും തങ്ങളുടെ വികാരങ്ങളിൽ പ്രകടമാക്കിയിരിക്കുന്ന ഉൾക്കാഴ്ചയെക്കുറിച്ചും അനേകർ വിലമതിപ്പു പ്രകടമാക്കി.
“എന്റെ അപ്പൻ യാതൊരു രൂപത്തിലുമുള്ള പ്രിയവും എന്നോടു പ്രകടമാക്കിയിട്ടില്ല, എന്നാൽ ഈ പുസ്തകത്തിലടങ്ങിയിരിക്കുന്ന ബുദ്ധിയുപദേശം നമ്മുടെ പ്രയോജനത്തിനുവേണ്ടി നമ്മെ ബുദ്ധിയുപദേശിക്കുന്ന സ്നേഹവാനായ ഒരു പിതാവിൽനിന്ന് വരുന്നതുപോലെ തോന്നുന്നു.”—സ്റെറഫാനോ, ഇററലി.
“എന്നെ വളരെ നന്നായി അറിയാവുന്ന ഒരാളോടു സംസാരിക്കുന്നതുപോലെയുള്ള വികാരമാണ് എനിക്ക് പെട്ടെന്നുണ്ടായത്, അച്ചടിച്ച ഒരു പേജ് വായിക്കുന്നതിന്റെ തോന്നലല്ല.”—മിര്യാം, ഇററലി.
“ഉപയോഗിക്കപ്പട്ടിരിക്കുന്ന ദൃഷ്ടാന്തങ്ങളിലനേകവും വീടിനോടു വളരെ അടുത്തതായിരുന്നു. എനിക്ക് അവയോട് പൂർണ്ണമായും ബന്ധത്തിൽവരാൻകഴിഞ്ഞു.”—ഒരു കുമാരി.
“ഭരണസംഘത്തിൽ കൗമാരപ്രായക്കാരില്ലെന്ന് എനിക്കറിയാം. എന്നിരുന്നാലും, യുവജനങ്ങളെക്കുറിച്ച് നിങ്ങൾ എഴുതുന്നതെല്ലാം വളരെ കൃത്യമാണ്; അത് യഹോവതന്നെ നേരിട്ടു സംസാരിക്കുന്നതുപോലെയാണ്.”—പതിനഞ്ചുവയസ്സുകാരി ഓബ്രി.
യുവജനങ്ങൾക്കുവേണ്ടി മാത്രമല്ല
പല അദ്ധ്യായങ്ങൾ മുതിർന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക്, ലജ്ജ, വിഷാദം, ഏകാന്തത, തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങളിലേക്ക്, ഉള്ള ഉൾക്കാഴ്ച പ്രദാനംചെയ്യുന്നു. മുതിർന്ന അനേകരും പുസ്തകത്തോടുള്ള വിലമതിപ്പു പ്രകടമാക്കിയിരിക്കുന്നത് അതിശയമല്ല. യഹോവയുടെ സാക്ഷികളിലെ ഒരു സഞ്ചാരശുശ്രൂഷകന്റെ ഭാര്യ ഇങ്ങനെ പറയുകയുണ്ടായി:
“എന്റെ ഭർത്താവിനും എനിക്കും സ്വന്തം മക്കളൊന്നുമില്ല. എന്നിരുന്നാലും, വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്ന വിധം ഞങ്ങൾക്കും മൂല്യവത്താണെന്ന് ഞാൻ കണ്ടെത്തി. ഈ പുസ്തകത്തിന് അനായാസം ‘ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും’ എന്ന് പേരിടാമായിരുന്നു!”
പ്രായപൂർത്തിയായ മററുള്ളവർ സന്തോഷപൂർവം സമ്മതിക്കുന്നു:
“41ലെ എന്റെ യുവസഹജമായ ജീവിതത്തിന് വളരെ പ്രയോജനകരമായ വാചകങ്ങളും പദപ്രയോഗങ്ങളും തത്വങ്ങളുമുണ്ട്.”
“യുവജനങ്ങൾക്കുവേണ്ടി എഴുതപ്പെട്ട ഒരു പുസ്തകത്തിന് 61 വയസ്സുള്ള ഒരു സ്ത്രീയെ സഹായിക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിക്കുകയില്ല. എന്നാൽ കഴിഞ്ഞ കാലത്തെക്കുറിച്ച് ക്രിയാത്മകമായി ചിന്തിക്കാനും ഞാൻ എന്റെ മാതാപിതാക്കളെക്കുറിച്ച് പുലർത്തിയിരുന്ന നീരസം ഉപേക്ഷിക്കാനും അത് എന്നെ സഹായിച്ചു.”
“പ്രായമുള്ള ആളുകൾ ചോദിക്കുന്നു’വെന്നും ഞാൻ കണ്ടെത്തി. ഒരു ക്രിസ്ത്യാനിയായുള്ള എന്റെ നീണ്ട വർഷങ്ങളിൽ എന്നെത്തന്നെ മനസ്സിലാക്കാൻ ഇതിലധികം യാതൊന്നും എന്നെ സഹായിച്ചിട്ടില്ല. ആനുഷംഗികമായി, ഞാൻ 74 വയസ്സിന്റെ ചെറുപ്പുമുള്ളയാളാണ്.”
അനേകം ക്രിസ്തീയ മാതാപിതാക്കളിൽനിന്നും കത്തുകൾ ലഭിച്ചിട്ടുണ്ട്:
“എനിക്ക് മൂന്ന് യുവപ്രായക്കാരുണ്ട്. ഈ പുസ്തകം എന്റെ പ്രാർത്ഥനകൾക്കുള്ള ഉത്തരമായിരുന്നു. ഞങ്ങൾക്കുവേണ്ടി വന്നെത്തിയതിന് നിങ്ങൾക്കു നന്ദി. എന്റെ കുട്ടികളെ വലിച്ചുകൊണ്ടുപോകാൻ സാത്താൻ സകല ശ്രമവും നടത്തുകയാണ്. എന്നാൽ കാലാനുസൃതമായ ഈ പുസ്തകത്തിന്റെ സഹായത്താൽ വിദഗ്ദ്ധമായി എന്റെ പരമാവധി ചെയ്യാൻ ഞാൻ സജ്ജനാണ്.”
“ഈ വ്യവസ്ഥിതി അനുദിനം ഞങ്ങളെ ക്ഷീണിപ്പിക്കുകയാണ്. എന്റെ ഏററവും ഇളയ കുട്ടിക്ക് 12 വയസ്സുണ്ട്. ആത്മീയ കാര്യങ്ങളിലുള്ള അവന്റെ താത്പര്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യഥാർത്ഥമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കൺവെൻഷന്റെയും ഈ പുതിയ പുസ്തകത്തിന്റെയും ഫലമായി അവൻ സ്നാപനമേൽക്കാൻ പ്രവർത്തിക്കുന്നതു കാണുന്നത് എത്ര നല്ലതാണെന്ന് എനിക്ക് നിങ്ങളോടു പറയാൻ കഴിയുന്നില്ല.”
“എന്റെ കുട്ടികൾക്ക് അവരുടെ പ്രതികൾ കിട്ടിയപ്പോൾ എന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. മററു മതസംഘടനകൾ അവയുടെ യുവജനങ്ങളെക്കുറിച്ച് ഇത്രത്തോളം കരുതൽ പ്രകടമാക്കുന്നില്ല!”
“ഞാൻ മാതാപിതാക്കളിൽ ഒരാൾമാത്രമാണ്. ചിലപ്പോൾ എനിക്ക് ഭയവും ആ നിലയിൽ വേണ്ടത്ര യോഗ്യതയില്ലെന്നുള്ള തോന്നലുമുണ്ടായിരുന്നു. എന്റെ ഏററവും മൂത്ത പുത്രന് 11 വയസ്സു പ്രായമുണ്ട്. അവനെ ഇഷ്ടമില്ലാത്ത ഒരു അദ്ധ്യാപകനാണ് അവനുള്ളത്. ആ സാഹചര്യം കൈകാര്യംചെയ്ത ഒരു അദ്ധ്യായം യുവജനങ്ങൾ പുസ്തകത്തിൽ കണ്ടെത്തിയത് എത്ര ആശ്വാസകരമാണ്!”
ഓരോ അദ്ധ്യായത്തിന്റെയും അവസാനത്തിൽ കാണുന്ന “ചർച്ചക്കുള്ള ചോദ്യങ്ങൾ” എന്ന സവിശേഷതയുടെ ഫലപ്രദത്വത്തെക്കുറിച്ച് അനേകർ സാക്ഷ്യം പറഞ്ഞു:
“ഞങ്ങളുടെ ക്രമമായ കുടുംബബൈബിളദ്ധ്യയനത്തിന്റെ ഭാഗമായി ഞങ്ങൾ ഒരുമിച്ച് ഈ പുസ്തകം വായിക്കുന്നു. അത് ഞങ്ങളെയെല്ലാം കൂടുതൽ അടുപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് ചോദ്യങ്ങളുടെ കാര്യത്തിൽ പ്രയാസമില്ലെന്ന് ഞാൻ കാണുന്നു. അത് പ്രകടമാക്കുക അത്ര എളുപ്പമല്ലായിരിക്കാവുന്ന വികാരങ്ങളുടെ തുറന്നുപറയലിന് സഹായകമാണ്.”
യഥാർത്ഥത്തിൽ പ്രായോഗികമായ ഉത്തരങ്ങൾ!
ഈ പുസ്തകത്തിന്റെ മൂല്യത്തിന്റെ പരീക്ഷ അതിന്റെ ജനപ്രീതിയല്ല, പിന്നെയോ അതിന്റെ പ്രായോഗികതയാണ്. മററു വാക്കുകളിൽ പറഞ്ഞാൽ അതിലെ ഉത്തരങ്ങൾ യഥാർത്ഥത്തിൽ പ്രായോഗികമാണോ? ആണെന്ന് അനേകം യുവജനങ്ങൾ ഉത്സാഹപൂർവം ഉറപ്പിച്ചുപറയുന്നു:
“ഞാൻ ഈ പുസ്തകം വായിക്കുന്നതിനു മുമ്പ് ഞാൻ യഥാർത്ഥത്തിൽ എന്റെ അമ്മയുടെയും എന്റെ സഹോദരിയുടെയും കൂട്ടത്തിൽ രാജ്യഹാളിലേക്കു പോകുകയായിരുന്നു, കാരണം എനിക്ക് വീട്ടിൽ ഒററക്കിരിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഒരു കപടജീവിതം നയിക്കുകയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി വളരെ മെച്ചപ്പെട്ടിട്ടുണ്ട്.”
“നിങ്ങൾക്ക് സത്യത്തിൽനിന്ന് വിട്ടുപോകാൻ കഴിയും, എന്നാൽ അത് നിങ്ങളെ വിട്ടുപോകുന്നില്ല. 27-ാം വയസ്സിൽ ഞാൻ ഒററക്ക് ഭയചകിതനും അനുതാപമുള്ളവനുമായി രാജ്യഹാളിലേക്കു മടങ്ങിവരാൻ ശ്രമിച്ചു. എനിക്ക് ഗുരുതരമായ പല ദുശ്ശീലങ്ങളുണ്ടായിരുന്നു. ദൈവത്തിന് ഒരിക്കലും എന്നോടു ക്ഷമിക്കാൻ കഴികയില്ലെന്ന് എനിക്ക് തോന്നി. എന്നാൽ പ്രായമേറിയ ഒരു സഹോദരി എനിക്ക് പുതിയ യുവജനങ്ങൾ പുസ്തകം തന്നു. അത് എന്റെ സകല പ്രശ്നങ്ങളും ചർച്ചചെയ്യുന്നുണ്ടെന്നും അവ എങ്ങനെ കൈകാര്യംചെയ്യണമെന്ന് പറയുന്നുണ്ടെന്നും ഞാൻ കണ്ടെത്തി. ഞാൻ കരഞ്ഞു. ഈ പുസ്തകത്തോടുള്ള വിലമതിപ്പ് എനിക്ക് വേണ്ടത്ര പ്രകടമാക്കാൻകഴിയുന്നില്ല. പ്രായോഗികമായ ഉത്തരങ്ങൾ—എങ്ങനെയെന്നും!!!”
“ഈ പുസ്തകം എന്നെ കുറെ ഗൗരവമായി ചിന്തിപ്പിച്ചു. ആദ്യം ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായി എന്നെത്തന്നെ യഥാർത്ഥത്തിൽ പരിഗണിച്ചില്ല. എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ഞാൻ ലോകക്കാരുമായി കറങ്ങിനടക്കുകയായിരുന്നു. ഞാൻ മോഷ്ടിക്കുകപോലും പതിവായിരുന്നു. എന്നാൽ പുസ്തകം വായിച്ചശേഷം ഞാൻ ജീവിതത്തിൽ തെററാണ് ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞു. എന്നോടു ക്ഷമിക്കണമെന്ന് ഞാൻ യഹോവയോട് പ്രാർത്ഥിക്കുകയും ഈ വിശിഷ്ടമായ പുതിയ പുസ്തകം തന്നതിന് അവനു നന്ദികൊടുക്കുകയും ചെയ്തു.”
ഇവ കിട്ടിയ നൂറുകണക്കിനു കത്തുകളുടെ സാമ്പിളുകൾ മാത്രമാണ്. ചെറുപ്പക്കാരായ നിങ്ങളുടെ നല്ല പ്രതികരണങ്ങളാൽ ഞങ്ങൾ പ്രോൽസാഹിതരും ആഴത്തിൽ വികാരതരളിതരുമാകുകയാണ്. പ്രസ്പഷ്ടമായി, നിങ്ങൾ ശരിയായതു ചെയ്യാനാഗ്രഹിക്കുന്നു. യഹോവ തന്റെ വചനത്തിൽ സ്നേഹപൂർവം നൽകുന്ന മാർഗ്ഗനിർദ്ദേശത്തെ നിങ്ങൾ വിലമതിക്കുന്നു. ദൈവവചനത്തിൽനിന്നുള്ള ഉത്തരങ്ങൾ യഥാർത്ഥത്തിൽ പ്രായോഗികമാണെന്നും തെളിയുന്നു!
അതുകൊണ്ട് ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പര നിങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് ബൈബിളധിഷ്ഠിതമായ സാരവത്തായ ബുദ്ധിയുപദേശങ്ങൾ തുടർന്നുനൽകിക്കൊണ്ടിരിക്കുമെന്നറിയുന്നതിൽ നിങ്ങൾ സന്തോഷമുള്ളവരായിരിക്കും. ഒരൊററ ലേഖനംപോലും നഷ്ടപ്പെടുത്തരുത്! നിങ്ങൾ ഇതുവരെയും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ഈ പുസ്തകം വായിച്ചില്ലെങ്കിൽ അത് വായിക്കുകയും വീണ്ടും വായിക്കുകയുംചെയ്യുക.b അത് നിങ്ങളുടെ സഹപാഠികൾക്കു കൊടുക്കുക. സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുക. നിങ്ങളുടെ മാതാപിതാക്കളുമായി അദ്ധ്യായങ്ങൾ ചർച്ചചെയ്യുക. അതിലെ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുക. നിങ്ങൾ 16 വയസ്സുകാരി കെൻറിനോട് യോജിക്കുമെന്നുള്ളതിനു സംശയമില്ല, അവൾ ഇങ്ങനെയാണ് പറഞ്ഞത്: “ഇത് എന്റെ ജീവിതത്തിലെ ഏററം ഉപദേശപാത്രതയുള്ള വർഷങ്ങളിൽ എന്നെ സഹായിക്കുന്നതിന് ഒരു കൈപ്പുസ്തകം ഉള്ളതുപോലെയാണ്.” (g90 9⁄8)
[അടിക്കുറിപ്പുകൾ]
a ലോകവ്യാപകമായി 1989 ജൂണിൽ തുടങ്ങി നടത്തപ്പെട്ടു.
b ഈ മാസികയുടെ പ്രസാധകർക്കെഴുതുന്നതിനാൽ ലഭ്യം.
[11-ാം പേജിലെ ചതുരം/ചിത്രം]
ഉള്ളടക്കം
ഭാഗം 1
ഭവനമണ്ഡലം:
കുടുംബാംഗങ്ങളോടുള്ള ഇടപെടൽ
അദ്ധ്യായം പേജ്
1 ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ട’ത് എന്തുകൊണ്ട്?’ 11
2 എന്റെ മാതാപിതാക്കൾ എന്തുകൊണ്ട് എന്നെ മനസ്സിലാക്കുന്നില്ല 18
3 എന്റെ വീട്ടിലുള്ളവർ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻതക്കവണ്ണം എനിക്ക് എന്തു ചെയ്യാൻ കഴിയും? 26
4 ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞതെന്തുകൊണ്ട്? 34
5 എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും? 42
6 എന്റെ സഹോദരനോടും സഹോദരിയോടും പൊരുത്തപ്പെട്ടു പോകാൻ ഇത്ര പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? 50
7 ഞാൻ വീടു വിട്ടുപോകണമോ? 56
ഭാഗം 2
നിങ്ങളും നിങ്ങളുടെ സമപ്രായക്കാരും
8 എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും? 65
9 സമപ്രായക്കാരിൽനിന്നുള്ള സമ്മർദ്ദത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും? 73
ഭാഗം 3
നിങ്ങൾ എങ്ങനെ കാണപ്പെടുന്നുവെന്നതിലേക്ക് ഒരു എത്തിനോട്ടം
10 സൗന്ദര്യം എത്ര പ്രധാനമാണ്? 82
11 എന്റെ വസ്ത്രങ്ങൾ ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് വെളിപ്പെടുത്തുന്നുവോ? 90
ഭാഗം 4
എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്?
12 ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ട്? 98
13 എനിക്ക് ഇത്ര വിഷാദം അനുഭവപ്പെടുന്നതെന്തുകൊണ്ട്? 104
14 എനിക്ക് എങ്ങനെ എന്റെ ഏകാന്തതാബോധം അകററാൻ കഴിയും? 115
15 എനിക്ക് ഇത്ര ലജ്ജ അനുഭവപ്പെടുന്നതെന്തുകൊണ്ടാണ്? 121
16 ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത് ഒരു സാധാരണ സംഗതിയാണോ? 127
ഭാഗം 5
സ്കൂളും ജോലിയും
17 ഞാൻ സ്കൂൾപഠനം ഉപേക്ഷിക്കണമോ? 134
18 എനിക്ക് എന്റെ ഗ്രയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? 140
19 കുട്ടികൾ എന്നെ വെറുതെ വിട്ടേക്കാത്തത് എന്തുകൊണ്ടാണ്? 150
20 എനിക്ക് എന്റെ അദ്ധ്യാപകനോട് എങ്ങനെ പൊരുത്തപ്പെട്ടുപോകാൻ കഴിയും? 158
21 എനിക്ക് എങ്ങനെ ഒരു ജോലി സമ്പാദിക്കാൻ (നിലനിർത്താനും!) കഴിയും? 166
22 ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം? 174
ഭാഗം 6
ലൈംഗികതയും ധാർമ്മികതയും
23 വിവാഹത്തിനുമുമ്പേയുള്ള ലൈംഗികതസംബന്ധിച്ചെന്ത്? 181
24 എനിക്ക് എങ്ങനെ വിവാഹത്തിനു മുമ്പേയുള്ള ലൈംഗികത വേണ്ട എന്നു വയ്ക്കാൻ കഴിയും? 192
25 ഹസ്തമൈഥുനം—അത് എത്ര ഗൗരവതരമാണ്? 198
26 ഹസ്തമൈഥുനം—അതിനുള്ള പ്രചോദനത്തെ എനിക്ക് എങ്ങനെ ചെറുക്കാൻ കഴിയും? 205
27 സത്യസന്ധത—അത് വാസ്തവത്തിൽ ഏററം നല്ല നയമാണോ? 212
ഭാഗം 7
ഡെയിററിംഗ്, പ്രേമം, വിപരീതലിംഗവർഗ്ഗത്തിൽപെട്ടവർ
28 ഒരു മതിമോഹത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും? 219
29 എനിക്ക് ഡെയിററിംഗ് ആരംഭിക്കാറായോ? 225
30 ഞാൻ ഇപ്പോഴേ വിവാഹം കഴിക്കണമോ? 236
31 അത് യഥാർത്ഥസ്നേഹമാണോയെന്ന് എനിക്ക് എങ്ങനെ അറിയാം? 242
32 എനിക്ക് എങ്ങനെ വിജയകരമായി ഒരു കോർട്ടിംഗ് നടത്താൻ കഴിയും? 252
ഭാഗം 8
മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും കെണി
33 മദ്യപാനം—എന്തുകൊണ്ടായിക്കൂടാ? 262
34 മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തതെന്തുകൊണ്ട് 272
ഭാഗം 9
ഒഴിവുസമയങ്ങൾ
35 ഞാൻ എന്തു വായിക്കുന്നു എന്നത് പ്രധാനമാണോ? 283
36 ററി.വി. വീക്ഷിക്കുന്നതിലെ എന്റെ ശീലത്തെ എനിക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും? 289
37 വല്ലപ്പോഴുമൊക്കെ എനിക്ക് എന്തുകൊണ്ട് അല്പം ഉല്ലാസം ആസ്വദിച്ചുകൂടാ? 296
ഭാഗം 10
നിങ്ങളുടെ ഭാവി
38 ഭാവി എനിക്ക് എന്തു കൈവരുത്തും? 305
39 എനിക്ക് ദൈവവുമായി എങ്ങനെ അടുക്കാൻ കഴിയും? 311
[12-ാം പേജിലെ ചതുരം]
‘പുസ്തകത്തിലെ എനിക്കിഷ്ടപ്പെട്ട ഭാഗം
(താഴെ പട്ടികപ്പെടുത്തിയിരിക്കുന്ന) യുവജനങ്ങൾപുസ്തകത്തിന്റെ പത്തു ഭാഗങ്ങളിൽ ഏതാണ് തങ്ങളെ വിശേഷാൽ സഹായിച്ചതെന്ന് അനേകം യുവജനങ്ങൾ അഭിപ്രായം പറഞ്ഞു:
ഭവനമണ്ഡലം: “ഞാനും എന്റെ സഹോദരിയും എല്ലായ്പ്പോഴും വഴക്കടിക്കുന്നു. എന്നാൽ ഈ പുസ്തകം എന്റെ സഹോദരിയോട് എപ്പോഴും നന്നായി പെരുമാറാൻ എന്നെ സഹായിച്ചിരിക്കുന്നു. ഞങ്ങൾ വഴക്കടിക്കുകയാണെങ്കിൽ, ഞങ്ങൾ ഖേദമുണ്ട് എന്നും ഞങ്ങൾ പറഞ്ഞത് കാര്യമായിട്ടല്ലെന്നും പറയുന്നു.”
“എന്റെ സഹോദരി ആഗ്രഹിച്ചതെല്ലാം അവൾക്ക് കിട്ടുന്നുണ്ടെന്ന് ഞാൻ വിചാരിക്കുക പതിവായിരുന്നു, എന്നാൽ എനിക്ക് അവളോട് അസൂയയായിരുന്നുവെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ മാതാപിതാക്കൾ അന്യായം കാട്ടുകയായിരുന്നില്ലെന്നും അവരുടെ സ്നേഹം എല്ലായിടത്തുമായി പരത്താൻ ആവോളം ശ്രമിക്കുകയായിരുന്നെന്നുംകൂടെ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.”
“ഞാൻ മുഖാന്തരമല്ല എന്റെ ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞതെന്ന് മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു.”
നിങ്ങളും നിങ്ങളുടെ സമപ്രായക്കാരും: “എനിക്ക് ഒരു സുഹൃത്തുവേണമെങ്കിൽ ഞാൻ ഒരു സുഹൃത്തായിരിക്കണമെന്ന് മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു. കൂടാതെ, ചീത്ത സഹവാസമായിരിക്കുന്ന കുട്ടികളോടുകൂടെ സമയം കളയരുതെന്നും ഞാൻ പഠിച്ചു.”
നിങ്ങൾ എങ്ങനെ കാണപ്പെടുന്നുവെന്നതിലേക്ക് ഒരു എത്തിനോട്ടം: “എനിക്ക് അമിതതൂക്കമുണ്ടെന്ന് ഞാൻ വിചാരിച്ചു, ഞാൻ ദിവസങ്ങളോളം ഒന്നും കഴിക്കാതിരിക്കുമായിരുന്നു. എന്നാൽ ഞാൻ അടുത്ത ദിവസം എല്ലാം വെട്ടിവിഴുങ്ങുകയും വീണ്ടും തൂക്കം വർദ്ധിപ്പിക്കുകയുംചെയ്യുമായിരുന്നു. ഞാൻ വിരൂപയും അഴകില്ലാത്തവളുമാണെന്ന് ഞാൻ തീരുമാനിച്ചു. ‘സൗന്ദര്യ’ത്തെക്കുറിച്ചുള്ള ഭാഗം വായിക്കാൻ ഒരു പ്രിയ സുഹൃത്ത് എന്നോടു പറഞ്ഞു. ഞാൻ അതു വായിച്ചപ്പോൾ എന്റെ മുഖത്തു കണ്ണുനീർ ഒഴുകി. ഇപ്പോൾ ഞാൻ എന്റെ മുൻഗണനകൾ നേരെയാക്കി. ഞാൻ എന്റെ സൗന്ദര്യത്തിലല്ല, എന്റെ ദൈവസേവനത്തിലാണ് ഇപ്പോൾ കേന്ദ്രീകരിക്കുന്നത്.”
എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്?: “എനിക്ക് ശക്തമായ ആത്മഹത്യാവിചാരങ്ങൾ ഉണ്ടാകത്തക്ക ഘട്ടംവരെ എനിക്ക് ഗുരുതരമായ വിഷാദം അനുഭവപ്പെട്ടു. ഇപ്പോൾ ഞാൻ എന്റെ ഭയങ്ങളെ നേരിടാൻതുടങ്ങിയിരിക്കുന്നു, ഞാൻ വൈദ്യസഹായം തേടിയിരിക്കുന്നു. ഈ ‘നിരന്തരഭീതി’ക്ക് ഒരു അറുതിവരുമെന്ന് വായിച്ചതിൽ എനിക്ക് വളരെ ആശ്വാസംതോന്നി.”
സ്കൂളും ജോലിയും: “എനിക്ക് എന്റെ ഗ്രയിഡുകൾ സംബന്ധിച്ചും സ്കൂളിലെ കളിയാക്കൽ സംബന്ധിച്ചും പ്രശ്നമുണ്ടായിരുന്നു. സ്കൂളിലെ ബുദ്ധിയുപദേശം ഉപയോഗിക്കാൻ ഞാൻ ആസൂത്രണംചെയ്യുകയാണ്.”
ലൈംഗികതയും ധാർമ്മികതയും: “തെററുചെയ്യുന്നതിന് കൗമാരപ്രായക്കാരുടെമേൽ ധാരാളം സമ്മർദ്ദങ്ങൾ ചെലുത്തപ്പെടുന്നുണ്ട്, എന്നാൽ ബൈബിൾ തത്വങ്ങൾ ബാധകമാക്കുന്നതിനാൽ എനിക്ക് എന്റെ സമപ്രായക്കാരെ ചെറുത്തുനിൽക്കാൻ കഴിയും.”
“എനിക്ക് സ്വയംഭോഗത്തിന്റെ പ്രശ്നമുണ്ട്. അത് എനിക്ക് വലിയ ക്ലേശത്തിനിടയാക്കുന്നു. എന്നാൽ ഞാൻ ഈ ബുദ്ധിയുപദേശം ബാധകമാക്കാൻ ഒരു യഥാർത്ഥശ്രമം ചെയ്യുകയും എന്റെ സ്വർഗ്ഗീയപിതാവിനുവേണ്ടി എന്നാൽ കഴിയുന്നതുപോലെ ഏററം നല്ല ചെറുപ്പക്കാരനായിരിക്കാൻ ശ്രമിക്കുകയുംചെയ്യും.”
ഡെയിററിംഗ്, പ്രേമം, വിപരീതലിംഗവർഗ്ഗത്തിൽപെട്ടവർ: “ഇപ്പോൾ കുറെ കാലമായി എനിക്ക് ഒരു പെൺകുട്ടിയിൽ ഒരു അഭിനിവേശത്തെക്കാൾ ഉപരി തോന്നുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് വിഡ്ഢിത്തം പ്രവർത്തിക്കുകയോ അവളെ ബുദ്ധിമുട്ടിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാലും, നിങ്ങൾ വർണ്ണിച്ച വികാരങ്ങൾ എനിക്കുണ്ടായിരുന്നു. ഇത് വെറും ഭ്രമമാണെന്നും എനിക്ക് ഡെയിററിംഗ് നടത്തത്തക്ക പ്രായമായിട്ടില്ലെന്നും തിരിച്ചറിയാൻ ഈ പുസ്തകം എന്നെ സഹായിച്ചു.”
മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും കെണി: “ഞാൻ ഹൈസ്കൂളിൽ പുതിയ ആളാണ്, അവർ ഇപ്പോൾത്തന്നെ എനിക്ക് മയക്കുമരുന്നുകൾ വാഗ്ദാനംചെയ്തു. വേണ്ടെന്നു പറയാൻ ഈ പുസ്തകം എന്നെ സഹായിക്കുന്നു.”
ഒഴിവുസമയങ്ങൾ: “തിങ്കൾ മുതൽ വെള്ളിവരെ ഞാൻ ററി.വി. കാണുക പതിവായിരുന്നു. എന്റെ ററി.വി. കാഴ്ച കുറക്കാൻ പുസ്തകം എന്നെ സഹായിച്ചു—ഇപ്പോൾ ഞായറാഴ്ചയും വെള്ളിയാഴ്ചയും മാത്രം.”
നിങ്ങളുടെ ഭാവി: “ബൈബിൾ വിരസമാണെന്ന് ഞാൻ വിചാരിച്ചിരുന്നു—എന്നാൽ മേലാൽ അങ്ങനെയല്ല. ഞാൻ എല്ലാ ദിവസവും 15 മിനിററ് അത് വായിക്കാൻ ശ്രമിക്കുന്നു!”
“അത് എന്റെ പ്രാർത്ഥനകളിൽ എന്നെ യഥാർത്ഥമായി സഹായിച്ചിരിക്കുന്നു. ഇപ്പോൾ എനിക്ക് വളരെ അടുത്ത ഒരു സുഹൃത്തിനോടെന്നപോലെ യഹോവയോട് സംസാരിക്കാൻ കഴിയും.”
[10-ാം പേജിലെ ചിത്രങ്ങൾ]
യുവജനങ്ങൾപുസ്തകം പ്രദാനംചെയ്തതിൽ യഹോവയും അവന്റെ സ്ഥാപനവും നൽകിയ ‘സംരക്ഷണത്തിന്റെയും പിന്തുണ’യുടെയും ഒരു പ്രതീകമെന്ന നിലയിൽ ഫ്രാൻസിൽനിന്നുള്ള ഒരു കൂട്ടം യുവജനങ്ങൾ അയച്ചുതന്നതാണ് ഈ ഫോട്ടോ (വലത്ത്)