ഇന്നത്തെ യുവജനങ്ങൾ—1990കളിലെ വെല്ലുവിളികളെ നേരിടുന്നു
നവംബർ 1985. 103 രാജ്യങ്ങളിൽനിന്നുള്ള മാന്യൻമാർ “ലോകത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ആഗോളനയം” രൂപവൽക്കരിക്കുന്നതിന് ഐക്യരാഷ്ട്രങ്ങളുടെ മുഖ്യ ആസ്ഥാനത്ത് കൂടിവരുകയുണ്ടായി.—യു. എൻ. ക്രോണിക്കിൾ.
അഞ്ചുവർഷം കടന്നുപോയിരിക്കുന്നു, യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്നത്തേതിലും വലുതായി വളരുകയാണ്. രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ ഭിന്നതകളും പണത്തിന്റെ കുറവും സദാ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളും യുവജനങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനുള്ള ഗവൺമെൻറുകളുടെ സദുദ്ദേശ്യത്തോടുകൂടിയ ശ്രമങ്ങളെ വിഫലമാക്കിയിരിക്കുന്നു.
അതുപോലെതന്നെ മതം നൻമക്കുള്ള ഫലപ്രദമായ ഒരു സ്വാധീനമായിരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. യുവജനങ്ങളിൽ ഭൂരിപക്ഷവും (ഏതാണ്ട് 90 ശതമാനം) ദൈവത്തിൽ (അല്ലെങ്കിൽ ഒരു പ്രപഞ്ചാത്മാവിൽ) വിശ്വസിക്കുന്നുവെന്നിരിക്കെ, തങ്ങളുടെ ജീവിതത്തിൽ മതം വളരെ പ്രധാനമാണെന്ന് ഒരു ന്യൂനപക്ഷം മാത്രമേ പരിഗണിക്കുന്നുള്ളു. കൂടാതെ, വിവേചനാരഹിതമായ ലൈംഗികപെരുമാററത്തെ തടയാൻ മതം ഒന്നുംതന്നെ ചെയ്തിട്ടില്ല.
ഇനി യുവജനങ്ങൾക്ക് ഉപദേശംകൊടുക്കുന്ന വിദഗ്ദ്ധൻമാർ എന്നു വിളിക്കപ്പെടുന്നവർ ഉണ്ട്—മനഃശാസ്ത്രജ്ഞൻമാരും സാമൂഹികശാസ്ത്രജ്ഞൻമാരും ഉപദേശകരും മററും. ഉപദേശത്തിൽ കുറെ നല്ലതും സഹായകവുമാണ്. എന്നാൽ അവരുടെ ഉപദേശം ശാരീരികതാത്പര്യങ്ങളിൽ കേന്ദ്രീകരിക്കാൻ പ്രവണതകാട്ടുന്നു: കൗമാരിപ്രായക്കാരുടെ ഗർഭധാരണം, എയ്ഡ്സ് ഒഴിവാക്കൽ, മയക്കുമരുന്നു ദുരുപയോഗത്തിന്റെ ശാരീരികാപകടങ്ങൾ എന്നിവയിൽ. അവർ വളരെയധികം പ്രധാനമായി ഉൾപ്പെട്ടിരിക്കുന്ന ധാർമ്മികപ്രശ്നങ്ങളെ അപൂർവമായേ അഭിമുഖീകരിക്കുന്നുള്ളു. “വിദഗ്ദ്ധൻമാർ” പൊതുവേ ജനരഞ്ജകമായി നടപ്പിലുള്ള വികാരചായ്വുകൾ പിന്തുടരുന്നു അല്ലെങ്കിൽ “സുരക്ഷിത ലൈംഗികത” “കേവലം വേണ്ടെന്നു പറയുക” എന്നിങ്ങനെയുള്ള വശ്യമായ മുദ്രാവാക്യങ്ങൾ ആവർത്തിക്കുന്നു.
മാതാപിതാക്കളെ സംബന്ധിച്ചെന്ത്? ഒട്ടേറെപ്പേർ ജീവിതവ്യാപാരത്തിൽ ലയിച്ചിരിക്കുകയാണ്. എന്തു മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കണമെന്നുള്ള അനിശ്ചിതത്വത്താൽ അല്ലെങ്കിൽ വൈകാരികകാര്യങ്ങൾ ചർച്ചചെയ്യുന്നതിലുള്ള അസുഖംനിമിത്തം വികാരസ്പർശിയായ പ്രശ്നങ്ങൾ ഉദിക്കുമ്പോൾ അനേകം മാതാപിതാക്കൾ ഒഴിഞ്ഞുമാറുന്നു. അപ്പോൾ, അനേകം യുവജനങ്ങൾ പരിചയഹീനരായ സമപ്രായക്കാരിലേക്ക് സഹായത്തിനായി നോക്കുന്നു.
യുവജനങ്ങൾക്ക് സഹായത്തിനുള്ള ഏററം നല്ല ഉറവ്
അപ്പോൾ യുവജനങ്ങൾക്ക് അവരെ പരിഭ്രമിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് എങ്ങനെ പ്രായോഗികമായ ഉത്തരങ്ങൾ ലഭിക്കും? ‘ഞാൻ മയക്കുമരുന്നുകളും മദ്യവും ഒന്നു പരീക്ഷിക്കണമോ’ ‘വിവാഹത്തിനു മുമ്പത്തെ ലൈംഗികത സംബന്ധിച്ചെന്ത്?’ ‘ഇത് യഥാർഥ സ്നേഹമാണോയെന്ന് എനിക്ക് എങ്ങനെ അറിയാം?’ ‘ഭാവി എനിക്ക് എന്ത് കൈവരുത്താനിരിക്കുന്നു?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുതന്നെ.
യുവജനങ്ങൾക്ക് ബുദ്ധിയുപദേശത്തിന്റെ ഏററം നല്ല ഉറവ് ദൈവവചനമായ ബൈബിളാണെന്നു കേൾക്കുമ്പോൾ ചിലർ അതിശയിച്ചേക്കാം. ബൈബിളോ? അതെ, അതിന് യുവജനങ്ങളോട് വളരെയധികം പറയാനുണ്ട്. (സദൃശവാക്യങ്ങൾ 1-7 വരെ അദ്ധ്യായങ്ങൾ; എഫേസ്യർ 6:1-3 കാണുക.) കൂടാതെ, അത് “യുവജനങ്ങളുടെ പ്രക്ഷുബ്ധമായ മോഹങ്ങ”ളെക്കുറിച്ച് അറിവുള്ള നമ്മുടെ സ്രഷ്ടാവിനാൽ നിശ്വസ്തമാണ്. (2 തിമൊഥെയോസ് 2:20-22, ഫിലിപ്സ്; 3:16) ഈ പുരാതനപുസ്തകത്തിന് 1990കളിലെ ജീവിതത്തിന് പ്രസക്തമായിരിക്കാൻ കഴിയുമെന്നുള്ള ആശയത്തെ തള്ളിക്കളയുന്നതിനു മുമ്പ് ഇതു പരിചിന്തിക്കുക: ഇന്നത്തെ “വിദഗ്ദ്ധൻമാർ” കൊടുക്കുന്ന ഉപദേശത്തിലധികവും ഇന്നു മുതൽ കേവലം 50 വർഷം കഴിയുമ്പോൾ വായിക്കപ്പെടാനും ആദരിക്കപ്പെടാനുമിടയുണ്ടോ? എന്നിരുന്നാലും, എഴുതപ്പെട്ടശേഷം ആയിരക്കണക്കിനു വർഷം കഴിഞ്ഞും ബൈബിളിനെ ഗൗരവമായി എടുക്കുന്നതിൽ തുടരുന്നു!
ബൈബിൾകാലങ്ങൾക്കുശേഷം മനുഷ്യസമുദായത്തിന് വളരെയധികം മാററമുണ്ടായിട്ടുണ്ടെന്നുള്ളത് സത്യംതന്നെ, എന്നാൽ മനുഷ്യപ്രകൃതിക്ക് മാററമുണ്ടായിട്ടില്ല. യുവസഹജമായ മോഹങ്ങൾ ഇപ്പോഴും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അങ്ങനെ ബൈബിൾ എന്നും ആധുനികമായിരിക്കുന്നു. അത് യുവജനങ്ങളെ ബാധിക്കുന്ന അനേകം പ്രശ്നങ്ങളുടെ അടിവേരിലേക്കുതന്നെ ഇറങ്ങുന്നു. അതേസമയം, അത് യുവജനങ്ങൾക്ക് ഭാവിക്കുവേണ്ടി ഒരു പ്രത്യാശ നൽകുന്നു.
ബൈബിൾ നമ്മുടെ സ്രഷ്ടാവിൽനിന്ന് വരുന്നതിനാൽ അതിന്റെ ഉപദേശം പ്രാവർത്തികം, പ്രായോഗികം, ആയിരിക്കുമെന്ന് നാം പ്രതീക്ഷിക്കും. ബൈബിളിന്റെ ഉപദേശം അനുസരിക്കുന്ന ഇന്നത്തെ ആയിരക്കണക്കിന് ക്രിസ്തീയ യുവാക്കളുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ അതങ്ങനെയാണെന്ന് തെളിയിക്കുന്നു! യുവജനങ്ങളെ സഹായിക്കുന്നതിന് വാച്ച്ററവർ സൊസൈററി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത് യുവജനങ്ങളുടെ താത്പര്യങ്ങളുടെ ഒരു വിപുലമായ സമാഹാരം ഉൾപ്പെടുത്തുന്നു. അതിലെ ഉപദേശങ്ങൾ പരസ്പരയോജിപ്പോടെ ബൈബിളിൽ അധിഷ്ഠിതമായിരിക്കുന്നു! ഈ പുസ്തകത്തോടുള്ള യുവ വായനക്കാരുടെ ഉത്സാഹപൂർവകമായ പ്രതികരണം ബൈബിൾപ്രബോധനത്തിന്റെ ഫലദായകത്വത്തിനു മാത്രമല്ല യുവജനങ്ങൾ ബൈബിൾ പ്രബോധനം ആഗ്രഹിക്കുന്നുവെന്നും അതിൽ തഴക്കുന്നുവെന്നുമുള്ള വസ്തുതക്കും സാക്ഷ്യംനൽകുന്നു. അടുത്ത ലേഖനം ലോകമാസകലമുള്ള യുവാക്കൾ ചെയ്ത ഹൃദയംഗമമായ പ്രസ്താവനകൾ അവതരിപ്പിക്കുന്നു.
നിങ്ങൾ ചെറുപ്പമായിരുന്നാലും പ്രായമുള്ളയാളായിരുന്നാലും ബൈബിൾ പരിചിതമാക്കാൻ നിങ്ങൾക്കു നിങ്ങളോടുതന്നെ കടപ്പാടുണ്ട്. യഹോവയുടെ സാക്ഷികൾ ഒരു സൗജന്യ ബൈബിളദ്ധ്യയനക്രമീകരണത്തിലൂടെ അങ്ങനെ ചെയ്യാൻ ദശലക്ഷങ്ങളെ സഹായിച്ചിട്ടുണ്ട്. അവർക്ക് നിങ്ങളെയും സഹായിക്കാൻ വളരെ സന്തോഷമുണ്ട്. ബൈബിളിന്റെ ഉപദേശം പരിചിതമാക്കുന്നതിനാലും പ്രായോഗികമാക്കുന്നതിനാലും യുവജനങ്ങൾക്ക് ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള പ്രായോഗികപരിഹാരങ്ങൾ മാത്രമല്ല, ദൈവപ്രീതി നേടാനുള്ള മാർഗ്ഗവും പഠിക്കാൻ കഴിയും, തന്നെ സേവിക്കാൻ ദൈവം യുവജനങ്ങളെ ക്ഷണിക്കുകയാണ്. (g90 9⁄8)
[8-ാം പേജിലെ ചതുരം]
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
ഇപ്പോഴത്തെ ചില പ്രശ്നങ്ങൾ സംബന്ധിച്ച് ഈ പുസ്തകത്തിൽ നൽകപ്പെട്ടിരിക്കുന്ന ബൈബിൾബുദ്ധിയുപദേശത്തിന്റെ മാതൃകകൾ മാത്രമാണിവ.
സമസ്തവ്യാപക എയ്ഡ്സ് വ്യാധി: “ദുർമ്മാർഗ്ഗം ഒഴിവാക്കുക. ഒരു മനുഷ്യൻ [അല്ലെങ്കിൽ സ്ത്രീ] ചെയ്യുന്ന മററ് ഏതു പാപവും അവന്റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാൽ ലൈംഗികദുർമ്മാർഗ്ഗം സംബന്ധിച്ച് കുററക്കാരനായ മനുഷ്യൻ തന്റെ സ്വന്തം ശരീരത്തിനെതിരെ പാപം ചെയ്യുന്നു.”—1 കൊരിന്ത്യർ 6:18, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ; സദൃശവാക്യങ്ങൾ 5:3-20 താരതമ്യം ചെയ്യുക.
മദ്യദുരുപയോഗം: “കനത്ത വീഞ്ഞുകുടിയൻമാരുടെ ഇടയിൽ, മാംസത്തിന്റെ അതിഭക്ഷകരുടെ ഇടയിൽ, ചെന്നെത്തരുത്. എന്തെന്നാൽ ഒരു അമിതകുടിയനും ഒരു പെരുവയറനും ദാരിദ്ര്യത്തിലാകും, നിദ്രാലുത്വം ഒരുവനെ പഴന്തുണിയുടുപ്പിക്കും. അതിന്റെ ഒടുവിൽ [വീഞ്ഞ്] ഒരു സർപ്പത്തെപ്പോലെ കടിക്കുന്നു, അത് ഒരു അണലിയെപ്പോലെ വിഷം ഒലിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 23:20, 21, 32.
തൊഴിൽ: “തന്റെ വേലയിൽ വിദഗ്ദ്ധനായ മനുഷ്യനെ നീ കണ്ടിരിക്കുന്നുവോ? രാജാക്കൻമാരുടെ മുമ്പാകെയാണ് അവൻ നിലയുറപ്പിക്കുന്നത്; അവൻ സാധാരണക്കാരനായ മനുഷ്യരുടെ മുമ്പാകെ നിലയുറപ്പിക്കുകയില്ല.”—സദൃശവാക്യങ്ങൾ 22:29.
“നിങ്ങൾ ചെയ്യുന്നത് എന്തുതന്നെ ആയിരുന്നാലും, മനുഷ്യർക്കല്ല, യഹോവക്കെന്നപോലെ അതിൽ മുഴുദേഹിയോടെ പ്രവർത്തിക്കുക.”—കൊലോസ്യർ 3:23.
ന്യൂക്ലിയർവിനാശത്തെക്കുറിച്ചുള്ള ഭയം: “ആകാശങ്ങളുടെ സ്രഷ്ടാവ്, സത്യദൈവമായവൻ, ഭൂമിയെ രൂപപ്പെടുത്തിയവനും അതിനെ നിർമ്മിച്ചവനും, അതിനെ ഉറപ്പായി സ്ഥാപിച്ചവൻ, വ്യർത്ഥമായി അതിനെ സൃഷ്ടിക്കാഞ്ഞവൻ, നിവസിക്കപ്പെടാൻതന്നെ അതിനെ രൂപപ്പെടുത്തിയവൻ, പറഞ്ഞിരിക്കുന്നതിതാണ്.”—യെശയ്യാവ് 45:18; 55:10, 11; സഭാപ്രസംഗി 1:4.
സാമ്പത്തിക അനിശ്ചിതത്വം: “അവർ തീർച്ചയായും വീടുകൾ പണിയുകയും അതിൽ പാർക്കുകയുംചെയ്യും; അവർ തീർച്ചയായും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അവയുടെ ഫലം ഭക്ഷിക്കുകയുംചെയ്യും. അവർ പണിയുകയും മററാരെങ്കിലും പാർക്കുകയുംചെയ്യുകയില്ല; അവർ നടുകയും മററാരെങ്കിലും ഭക്ഷിക്കുകയുമില്ല. . . . അവർ വ്യർത്ഥമായി അദ്ധ്വാനിക്കുകയില്ല.”—യെശയ്യാവ്65:21-23