ഇന്നത്തെ യുവജനങ്ങൾ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
“യൗവനവർഷങ്ങൾ നിസ്സംശയമായി ജീവിതത്തിലെ ഏററവും കുഴപ്പിക്കുന്നതും സമ്മർദ്ദപൂരിതവുമായ സമയങ്ങളാണ് എന്ന് ഗവേഷണം പ്രകടമാക്കുന്നു.” ഡോ. ബററി. ബി. യംഗ്സ് സമ്മർദ്ദം കൈകാര്യംചെയ്യാൻ നിങ്ങളുടെ യുവജനങ്ങളെ സഹായിക്കൽ എന്ന പുസ്തകത്തിൽ അങ്ങനെയാണ് എഴുതിയത്. കഴിഞ്ഞ കാലങ്ങളിൽ യുവജനങ്ങൾക്ക് ചെറുപ്പം നിമിത്തം ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. എന്നിരുന്നാലും, ഈയിടെ അവർ 1990കളിൽ യുവത്വത്തിന്റെ വേദനകളും പ്രായപൂർത്തിയായവരുടെ പ്രയാസമേറിയ ജീവിതസമ്മർദ്ദങ്ങളും കൈകാര്യംചെയ്യേണ്ടിയിരിക്കുന്നു.
ലോകാരോഗ്യ മാസികയിൽ ഡോ. ഹെർബർട്ട് ഫ്രീഡ്മാൻ ഇങ്ങനെ എഴുതി: “കുട്ടിയിൽനിന്ന് മുതിർന്നവനിലേക്കുള്ള മാററം ഇത്ര നാടകീയമായ മാററങ്ങളോടുകൂടിയ ഒരു കാലത്ത് മുമ്പൊരിക്കലും നടന്നിട്ടില്ല, അത് ലോകജനസംഖ്യയുടെ അസാധാരണ വർദ്ധനവായിരിക്കാം, അതോടുകൂടെയുള്ള ത്വരിതമായ നഗരവൽക്കരണമായിരിക്കാം, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അവസ്ഥകൾ ഒററരാത്രികൊണ്ട് വരുത്തിക്കൂട്ടിയിട്ടുള്ള വാർത്താവിനിമയത്തിലെയും ഗതാഗതത്തിലെയും സാങ്കേതികവിപ്ലവങ്ങളായിരിക്കാം.”
കാത്തി എന്നു പേരുള്ള ഒരു കൗമാരക്കാരി ഇങ്ങനെ പറയുന്നു: “നമ്മുടേതുപോലെയുള്ള ഒരു കാലത്ത് വളർന്നുവരുന്നത് വളരെ പ്രയാസമാണ്.” മയക്കുമരുന്നാസക്തിയും ആത്മഹത്യയും മദ്യദുരുപയോഗവും “ഇടപെടാൻ പ്രയാസമായ നിർണ്ണായകകാലങ്ങളുടെ” സംഘർഷങ്ങളോടും സമ്മർദ്ദങ്ങളോടുമുള്ള ചില യുവജനങ്ങളുടെ പ്രതികരണങ്ങളാണ്.—2 തിമൊഥെയോസ് 3:1.
കുടുംബത്തിലെ വിപ്ലവം
ഡോ. യംഗ് ഇങ്ങനെ അനുസ്മരിക്കുന്നു: “ഞങ്ങളുടെ മാതാപിതാക്കൾക്ക് ഞങ്ങളോടുകൂടെ ചെലവഴിക്കാൻ സമയമുണ്ടായിരുന്നു. ശിശുവളർത്തലിന്റെ മുഴുസമയജീവിതവൃത്തികളുള്ള അമ്മമാരാണ് ഞങ്ങളിലനേകർക്കുണ്ടായിരുന്നത്.” എന്നാൽ ഇന്ന് “അനേകം സ്ത്രീകൾക്ക് വീട്ടിൽ കഴിഞ്ഞുകൊണ്ട് കുട്ടികളെ വളർത്താൻ കഴിയില്ല അല്ലെങ്കിൽ അതു തെരഞ്ഞെടുക്കാൻ കഴിയില്ല. അവർ ജോലിക്കാരാണ്, അവർക്ക് ജോലികളിലും കുടുംബങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. പകലിന് വേണ്ടത്ര മണിക്കൂറില്ല; എന്തെങ്കിലും ഒഴിവാക്കേണ്ടതുണ്ട്. മിക്കപ്പോഴും ഒഴിവാക്കപ്പെടുന്നത് ഒരു മാതാവിന് തന്റെ കുട്ടിക്ക് കൊടുക്കാൻ കഴിയുന്ന സമയവും പിന്തുണയുമാണ്. ജീവിതത്തിലെ ഏററം ആഘാതവിധേയമായ കാലത്ത് യുവപ്രായത്തിലുള്ള ഒരാൾ ശാരീരികവും മാനസികവും വൈകാരികവുമായ മാററങ്ങളെ നേരിടാൻ ഒററക്ക് വിടപ്പെടുന്നു.”—സമ്മർദ്ദം കൈകാര്യംചെയ്യാൻ നിങ്ങളുടെ യുവപ്രായക്കാരെ സഹായിക്കൽ.
നിസ്സംശയമായി, 1990കളിൽ കുടുംബസംവിധാനങ്ങൾക്ക് വിവാഹമോചനങ്ങളാലും (ഐക്യനാടുകളിലെ വിവാഹങ്ങളുടെ 50 ശതമാനം വിവാഹമോചനത്തിൽ കലാശിക്കുന്നു) അവിഹിതജനനങ്ങളാലും അവിവാഹിതരെങ്കിലും ഒരുമിച്ചു വസിക്കാനുള്ള ഇണകളുടെ വർദ്ധിച്ചുവരുന്ന പ്രവണതകളാലും മാററങ്ങളുണ്ടാകും. ഇപ്പോൾത്തന്നെ, ഐക്യനാടുകളിലെ നാലു കുടുംബങ്ങളിൽ ഒന്നുവീതം മാതാപിതാക്കളിലൊരാളുടെ നേതൃത്വത്തിലുള്ളതാണ്. കുടുംബങ്ങളിൽ വർദ്ധിച്ചുവരുന്ന എണ്ണം പുനർവിവാഹിതകുടുംബങ്ങളാണ്.
അങ്ങനെയുള്ള കുടുംബസംവിധാനങ്ങളിലെ കുട്ടികൾ വൈകാരികമോ മനഃശാസ്ത്രപരമോ ആയ തകാരാറുണ്ടാകുന്നതിന്റെ അപകടത്തിലാണോ? ദൃഷ്ടാന്തത്തിന്, മാതാപിതാക്കളിൽ ഒരാൾമാത്രമുള്ള കുടുംബങ്ങളിലെ കുട്ടികൾ പരമ്പരാഗതകുടുംബങ്ങളിൽ വളർത്തപ്പെടുന്ന യുവജനങ്ങളെ അപേക്ഷിച്ച് ഏകാന്തതക്കും സങ്കടത്തിനും അരക്ഷിതത്വത്തിനും കൂടുതൽ പ്രവണതയുള്ളവരാണ്. മാതാപിതാക്കളിലൊരാൾ മാത്രമുള്ള അനേകം കുടുംബങ്ങളും പുനർവിവാഹിതകുടുംബങ്ങളും പ്രത്യക്ഷത്തിൽ വലിയ ദൂഷ്യംകൂടാതെ പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് സത്യംതന്നെ. എന്നിരുന്നാലും, കുട്ടികൾ മാതാപിതാക്കൾ രണ്ടുപേരാലും വളർത്തപ്പെടാനാണ് ദൈവം ഉദ്ദേശിച്ചതെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (എഫേസ്യർ 6:1, 2) ഈ ആദർശയുക്തമായ സാഹചര്യത്തിൽനിന്നുള്ള മാററങ്ങൾ കൂടുതലായ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും വരുത്തിക്കൂട്ടുമെന്ന് തീർച്ചയാണ്.
അനേകം വികസ്വരരാജ്യങ്ങളിൽ കുടുംബജീവിതത്തിൽ ഒരു വിപ്ലവവും നടക്കുന്നുണ്ട്. അവിടത്തെ പരമ്പരാഗതഘടന വിപുലീകൃതകുടുംബമായിരുന്നു, അതിൽ മുതിർന്ന സകല കുടുംബാംഗങ്ങൾക്കും കുട്ടികളെ വളർത്തുന്നതിൽ ഒരു പങ്കുണ്ടായിരുന്നു. നഗരവൽക്കരണവും വ്യവസായവൽക്കരണവും വിപുലീകൃതകുടുംബബന്ധങ്ങളെ സത്വരം വിച്ഛേദിക്കുകയാണ്—യുവജനങ്ങൾക്കാവശ്യമുള്ള പിന്തുണയുടെ പ്രവാഹത്തെയും.
ഒരു ആഫ്രിക്കൻ ചെറുപ്പക്കാരി എഴുതുന്നു: “വളർച്ചയുടെ അർത്ഥമെന്തെന്ന് എന്നെ ബുദ്ധിയുപദേശിക്കാൻ അമ്മായിമാരോ മറേറതെങ്കിലും ബന്ധുവോ ഇല്ല. ഈ വിഷയം സ്കൂളിൽ കൈകാര്യംചെയ്യാനാണ് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നത്—സ്കൂൾ അത് മാതാപിതാക്കൾക്ക് വിടുന്നു. കുട്ടികൾ സമുദായത്തിന്റെ വകയാണെന്നുള്ള ബോധം മേലാൽ ഇല്ല.”a
സാമ്പത്തിക ഉത്ക്കണ്ഠകൾ
യുവജനങ്ങൾ ലോകസമ്പദ്സ്ഥിതിയെക്കുറിച്ചും ഉൽക്കണ്ഠപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ അഞ്ചു യുവജനങ്ങളിൽ നാലുപേർ വികസ്വരരാജ്യങ്ങളിലാണ് ജീവിക്കുന്നത്, അവർ ആജീവനാന്ത ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയുമാണ് അഭിമുഖീകരിക്കുന്നത്. ഇൻഡ്യയിൽ ജീവിക്കുന്ന 17 വയസ്സുകാരനായ ലൂവ് ഇങ്ങനെ പറയുന്നു: “നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ ഇടയിൽ ഇപ്പോൾ വളരെയധികം തൊഴിലില്ലായ്മയുണ്ട്, തന്നിമിത്തം ചെറുപ്പക്കാർ രോഗബാധിതരും അസന്തുഷ്ടരുമായിത്തീരുന്നതും ദുശ്ശീലങ്ങൾക്കിരയാകുന്നതും വീടുവിട്ടോടുന്നതും അല്ലെങ്കിൽ ആത്മഹത്യചെയ്യുന്നതുപോലും അതിശയമാണോ?
സമ്പൽസമൃദ്ധിയുള്ള പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങൾക്ക് അവരുടെ സ്വന്തം പണവ്യഥകളുണ്ട്. ദൃഷ്ടാന്തത്തിന്, ഇന്നത്തെ കുട്ടികൾ എന്ന മാസികയിൽ ഒരു യു.എസ്. യുവജന സർവ്വേ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “യുവജനങ്ങൾക്കു താത്പര്യമുള്ള പ്രത്യേക വിഷയങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ യുവജനങ്ങൾ പണത്തോടും ഭാവിയോടും ബന്ധപ്പെട്ട പ്രശ്നങ്ങൾ വേർതിരിച്ചുപറയാൻ പ്രവണതകാട്ടി.” യുവജനങ്ങളുടെ പത്ത് പ്രമുഖ താത്പര്യങ്ങളിൽ “കോളജിലെ ചെലവുവഹിക്കലും” “രാജ്യം [സാമ്പത്തിക] മാന്ദ്യത്തിലേക്കു നീങ്ങുന്നതും” “വേണ്ടത്ര ശമ്പളം കിട്ടാത്തതും” ഉൾപ്പെടുന്നു.
എന്നാൽ ഒടുവിൽ സാമ്പത്തികമായി ആനുകൂല്യമുള്ള യുവജനങ്ങൾക്കുപോലും കെടുതി അനുഭവപ്പെടുമെന്ന് ചില വിദഗ്ദ്ധൻമാർ വിശ്വസിക്കുന്നത് വിരോധാഭാസമാണ്. ന്യൂസ്വീക്ക് മാസിക ഇങ്ങനെ പ്രസ്താവിച്ചു: “80’കൾ ആയപ്പോഴേക്ക് യു.എസ്. ഹൈസ്കൂളിലെ മുതിർന്ന കുട്ടികളിൽ നാലിൽ മൂന്ന് വാരത്തിൽ ശരാശരി 18 മണിക്കൂർ വീതം ജോലിചെയ്യുകയും മിക്കപ്പോഴും പ്രതിമാസം 200ൽപരം ഡോളർ വീട്ടിൽ കൊണ്ടുപോകുകയുംചെയ്യുന്നുണ്ടായിരുന്നു.”—ഒരുപക്ഷേ അവരുടെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ പോക്കററ്മണി! ഈ “സമ്പാദ്യങ്ങൾ പെട്ടെന്നുതന്നെ കാറുകളും വസ്ത്രങ്ങളും സ്ററീരിയോകളും യുവജനങ്ങളുടെ പ്രശസ്തജീവിതത്തിനുള്ള മററു കരകൗശലനിർമ്മിതികളും വാങ്ങാൻ ഉപയോഗിക്കപ്പെടു”മെന്ന് മുൻകൂട്ടിപ്പറയാൻകഴിയും.
അങ്ങനെയുള്ള യുവജനങ്ങൾ “വ്യക്തിപരമായ ഉത്തരവാദിത്വവും നേട്ടത്തിനുള്ള പ്രേരണയും വളർത്തിയെടുത്താലും . . . ഇല്ലെങ്കിലും പ്രശസ്തജീവിതം വെറുതെ ചോദിക്കുന്നതിനാൽമാത്രം ലഭ്യമാണെന്നുള്ള പ്രതീക്ഷകളോടെ വളർന്നുവരുന്നു”വെന്ന് എഴുത്തുകാരനായ ബ്രൂസ് ബാൾഡ്വിൻ കുറിക്കൊള്ളുന്നു. എന്നാൽ അവർ “വീടുവിടുമ്പോൾ പരുക്കൻ യാഥാർത്ഥ്യബോധത്തിലേക്കുണരുന്നു. യഥാർത്ഥത്തിൽ ഭവനത്തിലെ കൃത്രിമമായ ചുററുപാട് കമ്പോളത്തിലെ യഥാർത്ഥ പ്രതീക്ഷകളിൽനിന്നും പരിപക്വമായ മുതിർന്നരൂപത്തിലുള്ള പ്രവർത്തനത്തിന്റെ ആവശ്യങ്ങളിൽനിന്നും വളരെ അകന്നതായതുകൊണ്ട് അവർക്ക് സാംസ്കാരികഞെട്ടലിനോടു ബന്ധപ്പെട്ട എന്തെങ്കിലും അനുഭവപ്പെട്ടേക്കാം.”
മാറിക്കൊണ്ടിരിക്കുന്ന സംഹിതകളും മൂല്യങ്ങളും
ധാർമ്മികനിഷ്ഠകളിലെയും മററു മൂല്യങ്ങളിലെയും നാടകീയമായ മാററങ്ങളും യുവജനങ്ങളുടെ ഇടയിലെ കുഴപ്പത്തിന്റെ ഒരു ഉറവാണ്. “എന്റെ വല്യമ്മയുടെ യൗവനകാലത്ത് . . . ലൈംഗികതയെന്നത് കേട്ടുകേൾവിയില്ലാത്ത ഒരു പദമായിരുന്നു”വെന്ന് ശ്രീലങ്കയിൽനിന്നുള്ള ഒരു യുവതിയായ രമണി പറയുന്നു. “ദാമ്പത്യജീവിതത്തിലെ ലൈംഗികത കുടുംബത്തിലോ ഡോക്ടറോടുപോലുമോ ചർച്ചചെയ്തിരുന്നില്ല, ദാമ്പത്യബന്ധത്തിനു പുറത്ത് ലൈംഗികത ഇല്ലായിരുന്നു.” എന്നിരുന്നാലും, പഴയ വിലക്കുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. “യൗവനലൈംഗികത മിക്കവാറും ഒരു ജീവിതരീതി ആയിരിക്കുന്നു,” അവർ റിപ്പോർട്ടുചെയ്യുന്നു.
ഐക്യനാടുകളിലെ 510 ഹൈസ്കൂൾ (സെക്കണ്ടറി) വിദ്യാർത്ഥികളിൽ ഒരു സർവേ നടത്തിയപ്പോൾ അവരുടെ രണ്ടാമത്തെ ഉത്ക്കണ്ഠ “അവർക്ക് എയ്ഡ്സ് പിടിപെട്ടേക്കാമെന്നതായിരുന്നുവെന്നത് അതിശയമല്ല! എന്നാൽ ഇപ്പോൾ പുതിയ ധാർമ്മികനിഷ്ഠയുടെ വാതിൽ തുറന്നിട്ടിരിക്കുന്നതുകൊണ്ട് ഏകഭാര്യാത്വം ആചരിച്ചുകൊണ്ട് ആ വാതിൽ അടക്കുന്നതിനെക്കുറിച്ചുള്ള സംസാരത്തെ അധികം യുവാക്കൾ ഗൗരവമായി എടുക്കുന്നതായി തോന്നുന്നില്ല—വിവാഹം വരെ കാത്തിരുന്നുകൊണ്ട് അങ്ങനെചെയ്യാൻ അത്രയുംകൂടെ കൂട്ടാക്കുന്നില്ല. ഒരു ഫ്രഞ്ച് യുവാവ് ഇങ്ങനെ ചോദിച്ചു: “ഞങ്ങളുടെ പ്രായത്തിൽ ജീവിതകാലം മുഴുവൻ വിശ്വസ്തരായിരിക്കാൻ ഞങ്ങൾക്ക് പ്രതിജ്ഞാബദ്ധരായിരിക്കാൻകഴിയുമോ?” അങ്ങനെ എയ്ഡ്സും ലൈംഗികമായി പകരുന്ന മററു രോഗങ്ങളും അനേകം യുവജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും തുടർന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും.
ഏതു തരം ഭാവി?
യുവജനങ്ങൾക്ക് ശല്യകരമായ മറെറാരു ഉത്ക്കണ്ഠയുണ്ട്. പാഴായിപ്പോയ ഒരു ഭൂമി അവകാശപ്പെടുത്തുന്നതിന്റെ പ്രതീക്ഷ—ഓസോൺ തീർന്നുപോയ അതിന്റെ അന്തരീക്ഷവും ഒരു ആഗോള ഗ്രീൻഹൗസ് ഫലത്തിൻകീഴിൽ കുതിച്ചുയരുന്ന അതിന്റെ താപനിലയും ഉരിഞ്ഞുകളഞ്ഞ അതിന്റെ തഴച്ചുനിന്ന വനങ്ങളും ശ്വസിക്കാനും കുടിക്കാനും കൊള്ളുകയില്ലാത്ത അതിലെ വായുവും വെള്ളവും—അനേകം യുവജനങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഏതൽക്കാലത്ത് കുറഞ്ഞുവരുകയാണെങ്കിലും ന്യൂക്ലിയർയുദ്ധഭീഷണി മനുഷ്യവർഗ്ഗത്തിന് ഒരു ഭാവി ഉണ്ടായിരിക്കുമോ എന്നുപോലും ചിലരെ സംശയിപ്പിക്കുന്നു!
അപ്പോൾ, ഇന്നത്തെ യുവാക്കളെ വമ്പിച്ച മാററങ്ങളാണഭിമുഖീകരിക്കുന്നത്. സഹായവും നടത്തിപ്പും മാർഗ്ഗനിർദ്ദേശവുമില്ലെങ്കിൽ അവരുടെ ഇപ്പോഴത്തെയും ഭാവിയിലെയും സന്തുഷ്ടി ഗുരുതരമായ അപകടത്തിലാണ്. ഭാവിയിലേക്കുള്ള പ്രത്യാശയില്ലെങ്കിൽ യാതൊരു സുരക്ഷിതത്വബോധവും നേടാൻ കഴിയില്ല. ഭാഗ്യവശാൽ, ഇന്നത്തെ യുവജനങ്ങൾക്ക് സഹായം അനായാസം ലഭ്യമാണ്. (g90 9⁄8)
[അടിക്കുറിപ്പുകൾ]
a വികസ്വരരാജ്യങ്ങളിലെ യുവജനങ്ങളിൽനിന്നുള്ള ഈ ഉദ്ധരണിയും മററുദ്ധരണികളും ലോകാരോഗ്യ മാസികയുടെ 1989 മാർച്ച് ലക്കത്തിൽനിന്ന് എടുത്തവയാണ്.
[6-ാം പേജിലെ ചിത്രം]
വിവാഹമോചനത്തിലൂടെയും വേർപാടിലൂടെയുമുള്ള കുടുംബത്തകർച്ചകൾ അനേകം യുവജനങ്ങൾക്ക് ആവശ്യമായിരിക്കുന്ന മാതാപിതാക്കളുടെ പിന്തുണ അവർക്ക് നഷ്ടമാക്കിയിരിക്കുന്നു