തോക്കുകൾ പുരുഷൻമാർക്കുമാത്രമല്ല
പരസ്യലോകത്തിൽ കൈകളിൽ ഒരു തോക്കേന്തിയ പരുക്കൻപുരുഷന്റെ പ്രതിച്ഛായ അനേകം വസ്തുക്കൾ വിററഴിക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒരു മുഴുശ്രേണിയും ഉൾപ്പെടുന്നു—പുകയില, കാറുകൾ, തുണികൾ, തോക്കുകൾ എന്നിവയും മററനേകവും. പരസ്യക്കാരന്റെ ഭാവനമാത്രമേ പരിമിതപ്പെടുത്തുന്നുള്ളു.
വിശേഷിച്ച് ഐക്യനാടുകളിൽ, പുരുഷൻമാർ അവരുടെ തോക്കുകളിൽനിന്ന് അഭേദ്യരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നഗരവീഥികളിൽ തങ്ങളുടെ കൈകളിലോ വശത്തോ തോക്കുകളോടെ ജയിച്ചടക്കുന്ന വീരൻമാരുടെ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വിശദീകരണക്കുറിപ്പുകൾ കൂടാതെതന്നെ കാടൻ പാശ്ചാത്യയുഗത്തെ വരച്ചുകാട്ടുന്ന ചിത്രങ്ങൾ ഒരു പുരുഷന്റെ അരയിൽ താഴ്ത്തി കെട്ടിയിരിക്കുന്ന സിക്സ്ഷൂട്ടർതോക്കിനാൽ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നു. പേരുകളിൽ “ഗൺ” എന്ന പദം ഉൾപ്പെടുത്തി അനേകം ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. റെറലിവിഷൻ ഷോകളും കെങ്കേമൻ നാടകാവതരണങ്ങളും സത്വരമായ വെടിയൊച്ചകളാൽ സജീവമാണ്—നല്ലവരും ദുഷ്ടരും ചിന്തനീയമായ ഏതു സാഹചര്യത്തിലും സ്ഥലത്തും നിറയൊഴിക്കുന്നു. റൈഫിളോ കൈത്തോക്കോ ധരിച്ച നിസ്സാരൻമാർ വീരൻമാരാക്കപ്പെടുന്നു, അവരുടെ പാദത്തിങ്കൽ മരിച്ചവർ കിടക്കുന്ന യഥാർത്ഥ രംഗങ്ങളും കാണാം.
എന്നാൽ ഇപ്പോൾ കൂടുതൽ സ്ത്രീകൾ തോക്കുകൾ കൈകാര്യംചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ, വനിതാ ഡിററക്ടീവുകളും രഹസ്യ ഏജൻറൻമാരും അനഭിലഷണീയ ഘടകങ്ങളുമായി വെടിവെയ്പ്പിലേർപ്പെടുകയും ഏറെ മാരകമായ ലക്ഷ്യങ്ങളും വെടിവെക്കാനുള്ള മികച്ച ശക്തിയും സഹിതം വിജയം നേടുകയുംചെയ്യുന്ന രംഗങ്ങളാൽ റെറലിവിഷൻ സെററുകൾ സജീവമാണ്.
അവർ പിസ്ററലും റൈഫിളും ഉപയോഗിക്കുന്നതിനുള്ള പരിശീലനസ്ഥലങ്ങളിലേക്കു പോയി പുരുഷൻമാരുടെ മുഴുകായ പോസ്റററുകളിൽ അവരുടെ കണ്ണുകൾക്കു മധ്യേതന്നെ റൗണ്ടുകൾ നിറയൊഴിക്കുന്നു.
അതുകൊണ്ട് സ്ത്രീകൾക്കുവേണ്ടി രൂപകൽപ്പനചെയ്തിട്ടുള്ള കൈത്തോക്കുകൾ ഇപ്പോൾത്തന്നെ വിപണിയിലുണ്ടെന്നും നന്നായി വിററഴിക്കപ്പെടുന്നുണ്ടെന്നുമുള്ള അറിവ് നിങ്ങളെ ഞെട്ടിക്കരുത്. “വനിതകളേ, നിങ്ങൾ ഒരു പുരുഷന്റെ ദുർഗന്ധനിരോധകം ഉപയോഗിക്കുകയില്ല,” ഒരു വനിതാ റിപ്പോർട്ടർ എഴുതി, “എങ്കിൽപ്പിന്നെ ഒരു പുരുഷന്റെ തോക്ക് ഉപയോഗിക്കുന്നതെന്തിന്? നിങ്ങൾക്കു ഭാരം കുറഞ്ഞതും നിങ്ങളുടെ നഖം ഉടക്കാത്ത അരികുകളോടുകൂടിയതും ശക്തവും ഭംഗിയുള്ളതുമായ ഒരു തോക്കാണു വേണ്ടത്. ഒരുപക്ഷേ നിങ്ങൾക്കു വേണ്ടത് .38 കാലിബർ ലേഡിസ്മിത്ത് ആയിരിക്കാം . . . തിളക്കമുള്ള നീലനിറത്തിൽ അല്ലെങ്കിൽ മഞ്ഞുപോലെ തെളിച്ചമുള്ളതായി നിങ്ങൾക്കിഷ്ടപ്പെട്ട ബാരൽനിറത്തോടുകൂടിയത്.” വനിതകൾക്കു വേണ്ട തോക്കിനെസംബന്ധിച്ച് ഒരു വിദഗ്ദ്ധൻ തന്റെ അഭിപ്രായം പറഞ്ഞു: “ഒരു വനിതക്ക് തോക്ക് ഭംഗിയുള്ളതായിരിക്കണം. അത് കാഴ്ചക്കു നല്ലതായിരിക്കാൻ അവൾ ആഗ്രഹിക്കുന്നു, അവൾ തന്റെ പേഴ്സിലാണ് അത് വെക്കുന്നത്. അവൾ തന്റെ ഹാൻഡ്ബാഗിലെ പൗഡർഡപ്പിയും കണ്ണാടിയുമായി അതു കൂട്ടിമുട്ടാൻ ആഗ്രഹിക്കുന്നില്ല . . . സ്ത്രീകളിലനേകർ തങ്ങളുടെ വസ്തുക്കൾ നിറപ്പൊരുത്തവും ചേർച്ചയുമുള്ളതായിരിക്കാനാഗ്രഹിക്കുന്നു. അത് ദുഷ്ടവും ക്രൂരവുമായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല . . . അവൾ സംരക്ഷണത്തിനുവേണ്ടിയാണ് അത് വാങ്ങുന്നത്, അതേ സമയം അത് വിരൂപമായിരിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല.”
പ്രൗഢ വനിതക്കുവേണ്ടി വിശേഷാൽ രൂപകൽപ്പനചെയ്ത കൈത്തോക്കുകളിൽ ചിലത് .38 കാലിബറോടെ അഞ്ച് ഉണ്ട പായിക്കാൻകഴിയുന്നതും രണ്ടോ മൂന്നോ ഇഞ്ച് വീതം ബാരൽദൈർഘ്യമുള്ളതുമാണ്—അത് പേഴ്സിൽ നന്നായി ഒതുങ്ങും. ചിലത് മിനുസമുള്ളതും വരകളോടുകൂടിയ ഈട്ടിപ്പിടിയോടുകൂടിയതുമാണ്. മററു ചിലത് ചായമടിച്ചവയായിരിക്കാം. “അവ വളരെ മനോഹരമാണ്,” ഒരു സ്ത്രീ പറഞ്ഞു. “അവ കൈകാര്യം ചെയ്യാവുന്നതുമാണെന്ന് ഞാൻ വിചാരിക്കുന്നു.” ഇനി വനിതാ കൈത്തോക്കുകൾക്കുവേണ്ടിയുള്ള അറകൾ സഹിതം പുതിയ പേഴ്സുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. “പ്രത്യേക പേഴ്സില്ലാത്ത ഒരു വനിതാ കൈത്തോക്കുടമ കുഴപ്പം ക്ഷണിച്ചുവരുത്തുകയാണ്” എന്ന് ഒരു സ്ത്രീ പറയുകയുണ്ടായി. “നിങ്ങളുടെ ബാരലിൽ അവസാനം ബിസ്ക്കററ്തരികളും ജീരകവും, പുകവലിക്കുമെങ്കിൽ പുകയിലയും, ആയിരിക്കും അല്ലെങ്കിൽ ഒരു ലേഡീസ് ഹാൻഡ്ബാഗിന്റെ അടിയിൽ കൂനകൂടുന്ന എന്തും.” ഒരു തോക്കുധാരിയായ സ്ത്രീ ഒരു കുട കൊണ്ടുനടക്കുന്ന ഒരാളെപ്പോലെ സാധാരണമായിത്തീരുന്ന കാലത്തെ ചിലർ മുൻകൂട്ടിക്കാണുന്നുണ്ട്.
അവരുടെ എണ്ണം പെരുകുകയാണ്
അടുത്ത കാലത്തെ ഒരു അവലോകനം 1983നും 1986നുമിടക്ക് ഐക്യനാടുകളിലെ സ്ത്രീകളുടെ ഇടയിലെ തോക്കിന്റെ ഉടമാവാകാശം “53 ശതമാനം ഉയർന്ന് 1 കോടി 20 ലക്ഷത്തിലധികമായി” എന്ന് പ്രകടമാക്കി. ആ മൂന്ന് വർഷക്കാലത്ത്, “കൂടുതലായി 20 ലക്ഷം സ്ത്രീകൾകൂടെ തോക്കു വാങ്ങുന്നതിനെക്കുറിച്ചു പരിഗണിക്കുകയായിരുന്നു”വെന്നും അവലോകനം പ്രകടമാക്കി. ചില വനിതാമാസികകളിൽ വീട്ടിലേക്കു മടങ്ങിവരവേ മുൻവാതിലിങ്കൽ ഒരു ജനാല തകർക്കപ്പെട്ടിരിക്കുന്നതായി കാണുന്ന ഒരു സ്ത്രീയെ ചിത്രീകരിച്ചുകൊണ്ട് സ്ത്രീകൾക്കുള്ള സംരക്ഷണത്തിന്റെ ആവശ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കപ്പെട്ടു. അവൾ ഒററക്കാണോ വസിക്കുന്നത്? ഒരു നുഴഞ്ഞുകയററക്കാരൻ അവളെ അഭിമുഖീകരിക്കുന്നുവെങ്കിൽ തന്നേത്തന്നെ സംരക്ഷിക്കാൻ അവൾക്ക് ഒരു തോക്കുണ്ടോ? ഒരു പരസ്യത്തിന്റെ അടിയിലെ തീരുവവിമുക്ത നമ്പർ ഒരു തോക്കുനിർമ്മാതാവിന്റേതാണ്, അയാൾ സ്ത്രീകൾക്ക് മികച്ച തോക്കുകൾ വാഗ്ദാനംചെയ്യുന്നു.
“ഈ പരസ്യങ്ങൾ ഒരു മുറിവിൽ ഉപ്പൊഴിക്കുന്നതുപോലെയാണ്” എന്ന് ഒരു സ്ത്രീ പറഞ്ഞു. കാരണം ഒട്ടനവധി സ്ത്രീകൾ ഒററക്ക് ജീവിക്കുന്നതുകൊണ്ട് അല്ലെങ്കിൽ ഇണ നഷ്ടപ്പെട്ടവരാകയാൽ മിക്കപ്പോഴും നല്ല കാരണത്താൽ അക്രമാസക്തകുററകൃത്യങ്ങൾക്ക് വിധേയരാണെന്ന് വിചാരിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും ബലാൽസംഗം വർദ്ധിക്കുകയാണ്. പല സ്ത്രീകളുടെയും പേഴ്സുകൾ തട്ടിപ്പറിക്കുന്നു, മിക്കപ്പോഴും പിച്ചാത്തിചൂണ്ടിത്തന്നെ. തെരുവുകളിലും പാർക്കുകളിലും ഓഫീസ് കെട്ടിടങ്ങളിലും പകൽമണിക്കൂറുകളിൽ സ്ത്രീകളുടെമേൽ ആക്രമണം നടക്കുന്നു. സ്ത്രീകൾ ഒററക്കു പാർക്കുന്ന ബഹുശാലാഭവനങ്ങളും വീടുകളും അന്തേവാസികൾ ഉറങ്ങുന്ന സമയത്ത് വെട്ടിപ്പൊളിക്കപ്പെടുന്നു. “ഞങ്ങൾ ഞങ്ങളെത്തന്നെ സംരക്ഷിക്കാൻ പഠിക്കുന്നതാണ് മെച്ചം,” ഒരു സ്ത്രീ പറഞ്ഞു, “എന്തുകൊണ്ടെന്നാൽ വർദ്ധിതമായി അക്രമാസക്തമായിക്കൊണ്ടിരിക്കുന്ന ഒരു ജനസമുദായത്തിൽ ഞങ്ങൾ കൂടുതൽ സഞ്ചരിക്കുമ്പോൾ ഞങ്ങൾ ഞങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതുണ്ട്.”
യു.എസ്. റെറലിവിഷനിൽ അഭിമുഖംനടത്തപ്പെട്ട ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഞാൻ ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു. ആരോ എന്നെ പിമ്പിൽനിന്ന് കടന്നുപിടിച്ചു. അയാളുടെ കൈയിൽ ഒരു പിച്ചാത്തി ഉണ്ടായിരുന്നു. അയാൾ എന്നെ തള്ളിയിട്ട് എന്റെ പേഴ്സ് പിടിച്ചുപറിച്ചു. അപ്പോൾ അവിടെവെച്ചുതന്നെ ഞാൻ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞു.” ഒരു തോക്കു കൊണ്ടുനടക്കാനുള്ള പെർമിററിന് അപേക്ഷിച്ച ശേഷവും ഒരു വെടിപരിശീലനസ്ഥലത്ത് ലക്ഷ്യപരിശീലനം നടത്തിയശേഷവും അവരുടെ വീക്ഷണമെന്തായിരുന്നു? “ആക്രമണവിധേയത്വത്തെക്കുറിച്ചുള്ള എന്റെ സകല ബോധവും എനിക്കു നഷ്ടപ്പെട്ടു. എനിക്ക് ഒരു തോക്കുണ്ട്, ഞാൻ അതുപയോഗിച്ച് വെടിവെക്കുകയാണ്, അത് ഭയങ്കരമാണ്, ഞാൻ സ്വയം ചിന്തിച്ചു. എനിക്കു ഭയം തോന്നുന്നില്ല. ഈ ലോഹക്കഷണം എന്റെ കൈകളിലുള്ളപ്പോൾ എനിക്ക് യഥാർത്ഥത്തിൽ എന്നെത്തന്നെ സംരക്ഷിക്കാൻ കഴിയും.”
ഐക്യനാടുകളിലെ 1 കോടി 20 ലക്ഷത്തിൽപരം സ്ത്രീകളുടെ ചിന്ത ഇതാണെന്ന് സ്പഷ്ടമാണ്. എത്ര പേർക്കുകൂടെ നിയമവിരുദ്ധ ആയുധങ്ങൾ ഉണ്ടെന്ന് ആരറിയുന്നു? ലോകവ്യാപകമായ സംഖ്യകൾ വമ്പിച്ചതായിരിക്കാൻ കഴിയും. എന്നാൽ ഈ ചിന്ത വസ്തുതകൾ പ്രകടമാക്കുന്നതിനെക്കുറിച്ചുള്ള അധികമായ ഗവേഷണത്തിന്റെ ഫലമാണോ? നിങ്ങൾ പോയി ആത്മരക്ഷക്കുവേണ്ടി ഒരു ആയുധം വാങ്ങുന്നതിനുമുമ്പ്, പോലീസ് ഉദ്യോഗസ്ഥൻമാരും സ്ഥിതിവിവരക്കണക്കുകളും പ്രകടമാക്കുന്നതെന്തെന്ന് പരിചിന്തിക്കുക. (g90 5⁄22)