നല്ല ആരോഗ്യം—നിങ്ങൾക്ക് അതു സംബന്ധച്ച് എന്തു ചെയ്യാൻ കഴിയും?
“ഭാഗികമായി ആധുനികവൈദ്യശാസ്ത്രത്തിന്റെ വിശിഷ്ടമായ വിജയങ്ങളുടെ ഫലമായി ആരോഗ്യം ഒരു ജനസമുദായവും വ്യക്തികളും നേടിയെടുക്കുന്നതായിരിക്കുന്നതിനു പകരം ഡോക്ടർമാർ ജനങ്ങൾക്കു പ്രദാനംചെയ്യുന്ന ഒന്നാണെന്നുള്ള മനോഭാവം ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ പരന്നിരിക്കുന്നു.” ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക പത്രികയായ വേൾഡ ഹെൽത്തിൽ ഡോ. ഹാഫ്ദാൻ മാളർ എഴുതിയതാണത്.
തീർച്ചയായും, ഡോക്ടർമാരും ആശുപത്രികളും നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വളരെയധികം സംഭാവനചെയ്യുന്നുണ്ട്. എന്നിരുന്നാലും, അവർ അത്യന്താപേക്ഷിതമായി സൗഖ്യംവരുത്തുന്ന ധർമ്മമാണനുഷ്ഠിക്കുന്നത്. എന്തെങ്കിലും കുഴപ്പമുണ്ടാകുമ്പോഴാണ് നാം അവരുടെ സേവനങ്ങൾ തേടുന്നത്. എന്നാൽ നമുക്കു സുഖമുള്ളപ്പോൾ നാം അവരെക്കുറിച്ച് അപൂർവമായേ ചിന്തിക്കുന്നുള്ളു. അപ്പോൾ, നമുക്ക് നല്ല ആരോഗ്യം നേടിയെടുക്കാൻ എന്തു ചെയ്യാൻ കഴിയും?
ആരോഗ്യകരമായ ജീവിതത്തിനുള്ള മാർഗ്ഗരേഖകൾ
പൊതുവേ, നല്ല ആരോഗ്യം മൂന്നു മുഖ്യഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നതിനോട് വിദഗ്ദ്ധൻമാർ യോജിക്കുന്നു: സമീകൃതാഹാരം, നിരന്തരവ്യായാമം, ഉത്തരവാദിത്തത്തോടുകൂടിയ ജീവിതം. തീർച്ചയായും ഈ വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കു കുറവില്ല, അവയിലധികവും പ്രായോഗികവും പ്രയോജനകരവുമാണ്. ആഹാരക്രമവും വ്യായാമവും നമ്മുടെ ആരോഗ്യത്തോടു എങ്ങനെ ബന്ധപ്പെടുന്നുവെന്നതുസംബന്ധിച്ച പ്രസക്തങ്ങളും ആധുനികങ്ങളുമായ ചില ആശയങ്ങൾ “നിങ്ങളുടെ ആഹാരക്രമവും നിങ്ങളുടെ ആരോഗ്യവും,” “വ്യായാമം, കായികക്ഷമത, ആരോഗ്യം” എന്നീ ചതുരങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
സഹായകമായ ഒട്ടേറെ വിവരങ്ങൾ ലഭ്യമാണെങ്കിലും, സങ്കടകരമെന്നു പറയട്ടെ, നല്ല ആരോഗ്യം നേടുന്ന കാര്യം ആളുകളുടെ മുൻഗണനകളുടെ ലിസ്ററിൽ വളരെ ഉയർന്നുനിൽക്കുന്നില്ലെന്നു വസ്തുതകൾ പ്രകടമാക്കുന്നു. മററുള്ളവയുടെ കൂട്ടത്തിൽ, “തൂക്കം കുറക്കാൻ ആവശ്യമായതെന്തെന്ന് എല്ലാവർക്കുമറിയാം” എന്ന് വാഷിംഗ്ടണിലെ ഡിസീസ് പ്രിവൻഷൻ ആൻഡ് ഹെൽത്ത് പ്രൊമോഷൻ ഓഫീസിലെ ഡോ. മേരിയോൺ നെസിൽ പ്രസ്താവിച്ചു, “എന്നാൽ അമിതതൂക്കത്തിന് അധികം മാററമുണ്ടാകുന്നതായി തോന്നുന്നില്ല.” അവരുടെ ഓഫീസ് പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ 4ൽ ഏതാണ്ട് 1 ആൾക്ക് 20 ശതമാനത്തിൽ കൂടുതൽ അമിതതൂക്കമുണ്ട്.
സമാനമായി, “പൊതുവേ, 1977നും 1983നുമിടക്ക് ഹാനികരമായ ആരോഗ്യശീലങ്ങളിൽ ഒരു വർദ്ധനവുണ്ടായിട്ടുള്ളതായി തോന്നുന്നു”വെന്ന് ആരോഗ്യസ്ഥിതിവിവരക്കണക്കുകൾക്കുവേണ്ടിയുള്ള ഒരു യു. എസ്. ദേശീയ കേന്ദ്രത്താലുള്ള ഒരു പഠനം വെളിപ്പെടുത്തുന്നു. ഈ “ഹാനികരമായ ആരോഗ്യശീലങ്ങൾ” എന്തൊക്കെയാണ്? അവ വികലപോഷണം, സാംക്രമികരോഗങ്ങൾ, അല്ലെങ്കിൽ മലിനീകരണം എന്നിങ്ങനെ വ്യക്തിക്ക് നിയന്ത്രണമില്ലാത്ത പ്രശ്നങ്ങളല്ല. എന്നാൽ, അവ തികച്ചും വ്യക്തിയുടെ ഉത്തരവാദിത്തമായിരിക്കുന്ന ഘടകങ്ങളാണ്—പുകവലി, അമിതഭക്ഷണം, അമിതകുടി, മയക്കുമരുന്നു ദുരുപയോഗം എന്നിവപോലുള്ള നടപടികൾതന്നെ.
നല്ല ആരോഗ്യം നേടാൻ എന്തു ചെയ്യണമെന്നുള്ളതുസംബന്ധിച്ച് വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ വിവരങ്ങളെക്കാളധികം ആവശ്യമാണെന്ന് വ്യക്തമാണ്. നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തത്തിനനുസൃതമായി ജീവിക്കാനുള്ള ഒരു കൂടിയ പ്രചോദനം ആവശ്യമാണ്. നല്ല ആരോഗ്യത്തിനു സംഭാവനചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ മാത്രമല്ല, അതിനെ താറുമാറാക്കുന്ന കാര്യങ്ങളെ ഒഴിവാക്കാനും നാം പ്രേരിപ്പിക്കപ്പെടണം. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനു നമ്മെ സഹായിക്കുന്നതിനുള്ള അത്തരം പ്രചോദനവും പ്രേരക ശക്തിയും നമുക്ക് എവിടെ കണ്ടെത്താൻ കഴിയും?
മിക്കയാളുകൾക്കും അറിയാൻപാടില്ലാതിരുന്നേക്കാമെങ്കിലും ഈ രോഗങ്ങളിലൊന്നും എന്ന തന്റെ പുസ്തകത്തിന്റെ (ഇംഗ്ലീഷ്) ആമുഖത്തിൽ ഒരു ഡോക്ടർ-ഗ്രന്ഥകാരനായ എസ്സ്.ഐ. മാക്മില്ല്യൻ ഇങ്ങനെ പ്രസ്താവിച്ചു: “ബൈബിളിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ചില സാംക്രമികരോഗങ്ങളിൽനിന്നും മാരകമായ അനേകം കാൻസറുകളിൽനിന്നും ആധുനികചികിൽസയുടെ ശ്രമങ്ങളെല്ലാമുണ്ടായിട്ടും പെരുകിവരുന്ന വൈകാരിക-ശാരീരികരോഗങ്ങളുടെ നീണ്ട നിരയിൽനിന്നും വായനക്കാരനെ രക്ഷിക്കാൻ കഴിയുമെന്നു കണ്ടെത്തുന്നത് അയാൾക്കു കൗതുകം ജനിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. . . . സമാധാനം ഗുളികരൂപത്തിലല്ല വരുന്നത്.”
ബൈബിൾ ഒരു മെഡിക്കൽ പാഠപ്പുസ്തകമോ ആരോഗ്യംസംബന്ധിച്ച ഒരു കൈപ്പുസ്തകമോ അല്ലെങ്കിലും അത് ആരോഗ്യകരമായ ശീലങ്ങളിലും നല്ല ആരോഗ്യത്തിലും കലാശിക്കുന്ന തത്വങ്ങളും മാർഗ്ഗരേഖകളും പ്രദാനംചെയ്യുകതന്നെ ചെയ്യുന്നുവെന്ന് ഈ പ്രസ്താവനകളിൽനിന്ന് നമുക്ക് കാണാൻ കഴിയും. ഈ തത്വങ്ങളിൽ ചിലത് ഏവയാണ്?
വികാരങ്ങളും ജീവിതവീക്ഷണവും
ദൃഷ്ടാന്തത്തിന്, “നമ്മുടെ ഭൂരിപക്ഷം രോഗങ്ങൾക്കും കാരണം ഭയം, സങ്കടം, അസൂയ, നീരസം, പക എന്നിങ്ങനെയുള്ള വികാരങ്ങളാണ് എന്ന് വൈദ്യശാസ്ത്രം തിരിച്ചറിയുന്നു”വെന്ന് മേലുദ്ധരിക്കപ്പെട്ട ഡോ. മാക്മില്യൻ പറഞ്ഞു. “60 ശതമാനം മുതൽ ഏതാണ്ട് 100 ശതമാനം വരെ വ്യത്യസ്തമാണ് കണക്കുകൾ.”
ഇതിനു പരിഹാരം വരുത്താൻ എന്തു ചെയ്യാൻ കഴിയും? രസാവഹമായി, ഏതാണ്ട് 3,000 വർഷം മുമ്പ് “ഒരു ശാന്തഹൃദയം ജഡശരീരത്തിന്റെ ജീവനാകുന്നു, എന്നാൽ അസൂയ അസ്ഥികൾക്കു ദ്രവത്വമാകുന്നു”വെന്ന് ബൈബിൾ ചൂണ്ടിക്കാട്ടി. (സദൃശവാക്യങ്ങൾ 14:30) എന്നാൽ ഒരുവന് ഒരു “ശാന്തഹൃദയം” കിട്ടുന്നതെങ്ങനെയാണ്? ബൈബിളിന്റെ ബുദ്ധിയുപദേശം ഇതാണ്: “ദ്രോഹകരമായ സകല കയ്പും കോപവും ക്രോധവും അലർച്ചയും അസഭ്യസംസാരവും സകല ചീത്തത്വത്തോടുംകൂടെ നിങ്ങളിൽനിന്ന് നീക്കപ്പെടട്ടെ.” (എഫേസ്യർ 4:31) മററു വാക്കുകളിൽ പറഞ്ഞാൽ, നല്ല ശാരീരികാരോഗ്യം ആസ്വദിക്കുന്നതിന് നാം നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണം.
തീർച്ചയായും ഇത് ചില ആധുനിക മനോരോഗവിദഗ്ദ്ധരുടെയും മനഃശാസ്ത്രജ്ഞൻമാരുടെയും ഉപദേശത്തിനു വിരുദ്ധമാണ്. നാം നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാതെ അവക്കനുസൃതമായി പ്രവർത്തിക്കണമെന്ന് അവർ മിക്കപ്പോഴും ശുപാർശചെയ്യുന്നു. ഞെരുക്കപ്പെടുന്നതായോ അലട്ടപ്പെടുന്നതായോ വിചാരിക്കുന്നയാൾക്ക് അരിശംതീർക്കുന്നതോ കോപം പ്രകടിപ്പിക്കുന്നതോ താൽക്കാലികമായ ആശ്വാസം കൈവരുത്തിയേക്കാം. എന്നാൽ അത് അയാളുടെ ചുററുപാടുമുള്ളവരോടുള്ള അയാളുടെ ബന്ധത്തോട് എന്തു ചെയ്യുന്നു? അത് അവരുടെ ഭാഗത്തുനിന്ന് ഏതു തരം പ്രതികരണത്തിനു തിരികൊളുത്തിയേക്കാം? ഉണ്ടാകാവുന്ന പിരിമുറുക്കവും മാനസികസംഘർഷവും ഊഹിക്കാൻ പ്രയാസമില്ല. എല്ലാവരും വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാതെ അവക്കനുസൃതമായി പ്രവർത്തിച്ചാലുണ്ടാകാവുന്ന ശാരീരികപരുക്കുകളുടെ കാര്യം പറയുകയും വേണ്ട. അത് ഒരിക്കലും അവസാനിക്കാത്ത ഒരു ദൂഷിതവലയം സൃഷ്ടിക്കമാത്രമേ ചെയ്യുന്നുള്ളു.
തീർച്ചയായും ഈ ഹാനികരങ്ങളായ വികാരങ്ങളെ നിയന്ത്രിക്കുക എളുപ്പമല്ല, വിശേഷിച്ച് ഒരുവൻ കോപാവേശത്തിനു വഴിപ്പെടാൻ പ്രവണതയുള്ളവനാണെങ്കിൽ. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ തുടർന്നു പറയുന്നത്: “അന്യോന്യം ദയയുള്ളവരും കരുണാർദ്രമായ സഹതാപമുള്ളവരുമായി അന്യോന്യം സൗജന്യമായി ക്ഷമിക്കുക.” (എഫേസ്യർ 4:32) മററു വാക്കുകളിൽ പറഞ്ഞാൽ, നാം ഹാനികരങ്ങളായ നിഷേധാത്മകവികാരങ്ങളെ ക്രിയാത്മകവികാരങ്ങൾ കൊണ്ടു പ്രതിസ്ഥാപിക്കണമെന്ന് അതു പറയുന്നു.
മററുള്ളവരോടുള്ള അത്തരം ക്രിയാത്മകവികാരങ്ങൾ നമുക്ക് എന്തു ചെയ്യുന്നു? തകർന്ന ഹൃദയം എന്ന തന്റെ പുസ്തകത്തിൽ (ഇംഗ്ലീഷ്) ഡോ. ജയിംസ് ലിൻച് ഇങ്ങനെ എഴുതുന്നു: “കരുതൽ ജീവശാസ്ത്രപരമാണ്, ‘നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം’ എന്നുള്ള അനുശാസനം ഒരു ധാർമ്മിക അനുശാസനം മാത്രമല്ല—അത് ശരീരശാസ്ത്രപരമായ ഒന്നാണ്.” അങ്ങനെയുള്ള ക്രിയാത്മകബന്ധങ്ങൾ കൈവരുത്തുന്ന പ്രയോജനങ്ങൾ സംബന്ധിച്ച് ഒരു മനോരോഗവിദഗ്ദ്ധനായ റോബർട്ട് ടെയ്ലർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആവശ്യം നേരിടുന്ന സന്ദർഭങ്ങളിൽ നിങ്ങൾക്കാശ്രയിക്കാവുന്ന ആളുകളുണ്ടെന്നുള്ള അറിവിന് സുരക്ഷിതത്വത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രത്യാശയുടെയും സുപ്രധാനമായ ചില വികാരങ്ങൾ പ്രദാനംചെയ്യാൻ കഴിയും—അതെല്ലാം സമ്മർദ്ദത്തിനുള്ള നല്ല പ്രതിവിധിയായിരിക്കാൻ കഴിയും.” അങ്ങനെ, ആധുനികവൈദ്യശാസ്ത്രം വൈകാരിക-ശാരീരികരോഗങ്ങൾ എന്നു വിളിക്കപ്പെടുന്ന ചില രോഗങ്ങൾക്ക് ചില പ്രതിവിധികളുമായി മുന്നോട്ടുവരാൻ ശ്രമിച്ചേക്കാമെങ്കിലും ഒന്നാമതുതന്നെ അവ ഉണ്ടാകാതെ തടയാൻ ബൈബിളിലെ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾക്കു സഹായിക്കാൻ കഴിയും. ബൈബിൾമാർഗ്ഗരേഖകൾ ബാധകമാക്കാൻ സന്നദ്ധരാകുന്ന ഏവർക്കും വൈകാരികവും ശാരീരികവുമായി പ്രയോജനം കിട്ടും.
ശീലങ്ങളും ആസക്തികളും
നമ്മുടെ വൈകാരികവും ശാരീരികവുമായ ക്ഷേമത്തെ ബാധിക്കുന്ന മറെറാരു സംഗതി നാം നമ്മുടെ ശരീരത്തോടു പെരുമാറുന്ന വിധമാണ്. നമ്മുടെ ഭാഗത്തെ ന്യായമായ ശ്രമത്താൽ—ഉചിതമായ ഭക്ഷണത്താലും ആവശ്യമായ വ്യായാമവും വിശ്രമവും ഉണ്ടായിരിക്കുന്നതിനാലും ശുചിത്വംപാലിക്കുന്നതിനാലും മററും—നമ്മുടെ ശരീരം അതിനെത്തന്നെ പരിപാലിക്കും. എന്നിരുന്നാലും, നാം പതിവായി അതിനെ ദുരുപയോഗപ്പെടുത്തിയാൽ ഏതെങ്കിലുമൊരു സമയത്ത് അത് തകരും, നാം പരിണതഫലങ്ങളനുഭവിക്കുകയും ചെയ്യും.
ബൈബിളിന്റെ ബുദ്ധിയുപദേശം ഇതാണ്: “നമുക്ക് ജഡത്തിലെയും ആത്മാവിലെയും സകല അശുദ്ധിയും നീക്കി നമ്മെത്തന്നെ ശുദ്ധീകരിക്കാം.” (2 കൊരിന്ത്യർ 7:1) നമുക്ക് എങ്ങനെ അങ്ങനെയുള്ള ബുദ്ധിയുപദേശം ബാധകമാക്കാൻ കഴിയും? വാഷിംഗ്ടണിൽ പ്രവർത്തിക്കുന്ന വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ടിന്റെ പിൻവരുന്ന റിപ്പോർട്ടു പരിഗണിക്കുക: “വർഷംതോറും ലോകജനസംഖ്യയെക്കാൾ 2.1 ശതമാനം വേഗത്തിൽ വ്യാപിക്കുന്ന ഒരു സാംക്രമികരോഗമാണ് പുകവലി. . . .പുകയിലയുപയോഗത്തിലുള്ള വർദ്ധനവ് എൺപതുകളുടെ പ്രാരംഭത്തിൽ സാമ്പത്തികകാരണങ്ങളാൽ കുറഞ്ഞ കാലത്തേക്ക് ഒന്നു മന്ദീഭവിച്ചു, എന്നാൽ അതിന്റെ സത്വര വർദ്ധനവ് പുനരാരംഭിക്കുകയാണ്. നൂറുകോടിയിലധികമാളുകൾ ഇപ്പോൾ പുകവലിക്കുന്നുണ്ട്, വർഷംതോറും 5 ലക്ഷം കോടി സിഗരററുകൾ അവർ വലിച്ചുതീർക്കുന്നു, പ്രതിദിനം ശരാശരി അര പായ്ക്കററിൽ കൂടുതൽ.”
ഈ ‘പടരുന്ന സാംക്രമികരോഗ’ത്തിന്റെ ഫലമെന്താണ്? അനുബന്ധമായി ചേർത്തിരിക്കുന്ന ചതുരത്തിൽ ഗൗരവമാർന്ന ചിന്തക്കു വകനൽകുന്ന കുറെ വിവരങ്ങളടങ്ങിയിരിക്കുന്നു. ആ പട്ടിക ഒരു പ്രകാരത്തിലും പൂർണ്ണമല്ല, എന്നാൽ സന്ദേശം വ്യക്തമാണ്: പുകയിലആസക്തി ശക്തവും ചെലവേറിയതുമാണ്. അത് ആസക്തരുടെയും അവരുടെ ചുററുമുള്ളവരുടെയും ആരോഗ്യത്തെ താറുമാറാക്കുന്ന ഒരു മലിനീകരിക്കുന്ന ശീലമാണ്.
ഈ ശീലം നിർത്താനുള്ള ശ്രമങ്ങൾ സംബന്ധിച്ചെന്ത്? പുകവലിവിരുദ്ധ പ്രസ്ഥാനങ്ങളൊക്കെയുണ്ടായിരുന്നിട്ടും ലോകവ്യാപകമായി നിസ്സാരമായ വിജയമേ ലഭിച്ചിട്ടുള്ളു. കാരണം പുകയിലശീലം തരണംചെയ്യുകയെന്നത് ഒരു കഠിനപോരാട്ടംതന്നെയാണ്. പുകവലിക്കുന്ന 4 പേരിൽ ഒരാൾക്കുമാത്രമേ ഈ ശീലത്തെ തരണംചെയ്യുന്നതിൽ എന്നെങ്കിലും വിജയംകിട്ടുന്നുള്ളുവെന്ന് ഗവേഷണം തെളിയിക്കുന്നു. പ്രത്യക്ഷത്തിൽ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പുകളൊന്നും വേണ്ടത്ര പ്രചോദകമല്ല.
എന്നിരുന്നാലും, മേലുദ്ധരിച്ച ബൈബിൾബുദ്ധിയുപദേശവും അതോടൊപ്പം തങ്ങളുടെ അയൽക്കാരെ തങ്ങളെപ്പോലെ സ്നേഹിക്കാനുള്ള ക്രിസ്ത്യാനികളോടുള്ള ഉദ്ബോധനവും ഇപ്പോൾ യഹോവയുടെ സാക്ഷികളായിരിക്കുന്ന ആയിരക്കണക്കിനാളുകളെ പുകവലി നിർത്താൻ പ്രേരിപ്പിച്ചിരിക്കുന്നു. അവർ ഓരോ വാരത്തിലും പല മണിക്കൂറുകളിലേക്കു കൂടിവരുന്ന അവരുടെ രാജ്യഹാളുകളിലായാലും അവരിൽ ആയിരങ്ങൾ പല ദിവസങ്ങളിലേക്കു കൂടിവരുന്ന അവരുടെ കൺവെൻഷനുകളിലായാലും നിങ്ങൾ ഒരു സിഗരററുമായി അവരിലൊരാളെ കാണുകയില്ല. ബൈബിളിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാനും ബാധകമാക്കാനുമുള്ള അവരുടെ സന്നദ്ധത മററുള്ളവർ പരാജയപ്പെടുന്നിടത്തു വിജയിക്കാനാവശ്യമായ തീരുമാനശേഷി അവർക്കു കൊടുത്തിരിക്കുന്നു.
ഹാനികരങ്ങളായ മററു ശീലങ്ങളിൽ അമിതമദ്യാസക്തിയും മയക്കുമരുന്നുദുരുപയോഗവും മാരകരോഗങ്ങൾക്കിടയാക്കാൻ സാദ്ധ്യതയുള്ള വിവേചനാരഹിതമായ ലൈംഗികതയും കുഴപ്പംചെയ്യുന്ന മററനേകം ആരോഗ്യ, സാമൂഹ്യ, പ്രശ്നങ്ങളും ഉൾപ്പെടുന്നു. ആരോഗ്യാധികൃതർക്ക് ഈ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നത് പ്രയാസമാണെങ്കിലും ബൈബിൾ ന്യായയുക്തവും പ്രായോഗികവുമായ ബുദ്ധിയുപദേശം പ്രദാനംചെയ്യുന്നുവെന്ന് നിങ്ങൾ കണ്ടെത്തും.a—സദൃശവാക്യങ്ങൾ 20:1; പ്രവൃത്തികൾ 15:20, 29; 1 കൊരിന്ത്യർ 6:13, 18.
സകല രോഗത്തിനും അറുതിവരുന്ന കാലം
എന്നിരുന്നാലും, നാം നല്ല ആരോഗ്യം നിലനിർത്താൻ എത്രയധികം ശ്രമിച്ചാലും, ഇക്കാലത്ത് നമുക്ക് രോഗം ബാധിക്കുകയും നാം മരിക്കുകയും ചെയ്യുന്നുവെന്ന കഠിനയാഥാർത്ഥ്യം നിലനിൽക്കുന്നു. എന്നിരുന്നാലും, മമനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവം മനുഷ്യൻ രോഗംപിടിപെട്ടു മരിക്കുന്നതെന്തുകൊണ്ടെന്നു മാത്രമല്ല, സകല രോഗങ്ങളും മാത്രമല്ല മരണം പോലും കീഴടക്കപ്പെടുന്ന, സത്വരം സമാഗതമാകുന്ന കാലത്തെക്കുറിച്ചും നമ്മോടു പറയുന്നു.—റോമർ 5:12.
യെശയ്യാവ് 33:24-ലെ ഒരു ബൈബിൾപ്രവചനം ഇങ്ങനെ വാഗ്ദാനംചെയ്യുന്നു: “‘എനിക്കു രോഗമാണ്’ എന്ന് യാതൊരു നിവാസിയും പറകയില്ല.” വെളിപ്പാട് 21:4ഉം ഇങ്ങനെ വാഗ്ദാനംചെയ്യുന്നു: “[ദൈവം] അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല.” അതെ, സ്രഷ്ടാവിന്റെ വാഗ്ദാനം ഇവിടെ ഭൂമിയിൽത്തന്നെയുള്ള ഒരു പുതിയ ലോകമാണ്, അവിടെ മനുഷ്യവർഗ്ഗം പൂർണ്ണതയിലേക്ക് ഉയർത്തപ്പെടും, ഉജ്ജ്വലമായ ആരോഗ്യവും നിത്യജീവനുമായിരിക്കും മനുഷ്യവർഗ്ഗത്തിന്റെ ഭാഗധേയം!—യെശയ്യാവ് 65:17-25. (g89 12⁄8)
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്ക് ദയവായി വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധപ്പെടുത്തിയ സന്തുഷ്ടി—അതെങ്ങനെ കണ്ടെത്താം? എന്ന പുസ്തകത്തിന്റെ 10-ാം അദ്ധ്യായം കാണുക.
[8, 9 പേജുകളിലെ ചതുരം]
നിങ്ങളുടെ ആഹാരവും നിങ്ങളുടെ ആരോഗ്യവും
നിങ്ങൾ അമിതമായി പുകവലിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുന്നുവെങ്കിൽ, നിങ്ങൾ തെരഞ്ഞെടുക്കുന്ന ആഹാരത്തിന് നിങ്ങൾ സ്വീകരിച്ചേക്കാവുന്ന ഏതു നടപടിയെക്കാളുമധികമായി നിങ്ങളുടെ ദീർഘകാല ആരോഗ്യസാദ്ധ്യതയെ സ്വാധീനിക്കാൻ കഴിയും.—ഡോ. സി. എവറെററ് കൂപ്പ്, മുൻ യു.എസ്. സർജൻ ജനറൽ.
സമീപവർഷങ്ങളിൽ, വ്യവസായവൽകൃത രാഷ്ട്രങ്ങളിലെ ആഹാരക്രമത്തിന്റെ ചില വശങ്ങൾക്ക് ആളുകളുടെ ആരോഗ്യത്തിൻമേലുള്ള ഹാനികരമായ ഫലങ്ങളെസംബന്ധിച്ച് ആരോഗ്യവിദഗ്ദ്ധൻമാർ വെട്ടിത്തുറന്നു സംസാരിച്ചിരിക്കുന്നു. പുകയില, മദ്യം, ഉപ്പ്, പഞ്ചസാര, എന്നിങ്ങനെയുള്ള വസ്തുക്കളിലേക്കു ശ്രദ്ധതിരിച്ചതിനു പുറമെ, അനേകമാളുകളുടെ ആഹാരത്തിൽ വളരെക്കൂടുതൽ കൊഴുപ്പും കൊളസ്റററോളും ഉണ്ടെന്നും നാരു വളരെ കുറവാണെന്നുമുള്ള വസ്തുതക്ക് പ്രത്യേക ഊന്നൽ കൊടുക്കപ്പെട്ടിരിക്കുന്നു.
ഡോ. കൂപ്പ് തുടരുന്നു: “ഭക്ഷണക്കൊഴുപ്പിന്റെ അമിതമായ ഉപഭോഗവും കൊറോണറി ഹൃദ്രോഗം, ചിലതരം കാൻസറുകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ആഘാതങ്ങൾ, പൂർണ്ണിപ്പ് എന്നിങ്ങനെയുള്ള സ്ഥായിയായ രോഗങ്ങൾസംബന്ധിച്ച അപകടസാദ്ധ്യതയോട് അതിനുള്ള ബന്ധവുമാണ് ഏററവും ഉൽക്കണ്ഠാജനകം.” സമാനമായി, ബ്രിട്ടീഷ് സർജനായ ഡോ. ഡനിസ് ബർക്കിററും മററു ചിലരും ആഹാരത്തിലെ നാരിന്റെ കുറവിന് കൊറോണറി ഹൃദ്രോഗം, ഉദരകാൻസർ, ജഠരാന്ത്ര ക്രമക്കേടുകൾ, പ്രമേഹം എന്നീ രോഗങ്ങളോടും മററു രോഗങ്ങളോടുമുള്ള ബന്ധത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്.
നമ്മുടെ ആഹാരം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിന്റെ വിശദാംശങ്ങളെല്ലാം മനസ്സിലായിട്ടില്ല, ആരോഗ്യവിദഗ്ദ്ധരുടെയെല്ലാം ഇടയിൽ പൂർണ്ണയോജിപ്പുമില്ല. എന്നിരുന്നാലും, തീർച്ചയായും നമ്മുടെ പരിഗണനയർഹിക്കുന്ന ചില വൈദ്യകവസ്തുതകളുണ്ട്.
കൊഴുപ്പു കുറക്കുക
രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്റററോളിനും കൊഴുപ്പുള്ള മദ്യത്തിനും ഹൃദ്രോഗത്തിന്റെ ഉയർന്ന സാദ്ധ്യതയോടു ബന്ധമുണ്ട്. ഹൃദ്രോഗമോ അതിന്റെ കുടുംബചരിത്രമോ ഉള്ളവർ അതിന്റെ അപകടം കുറക്കാനാഗ്രഹിക്കുന്നുവെങ്കിൽ രക്തത്തിലെ കൊളസ്റററോളിന്റെ അളവ് സുരക്ഷിത തോതിൽ നിലനിർത്തുന്നതു കൊള്ളാം. എന്തു ചെയ്യാൻ കഴിയും?
സാധാരണയായി ശുപാർശചെയ്യപ്പെടുന്ന പ്രഥമ പ്രതിരോധ നിര മാംസം, മുട്ട, ക്ഷീരോൽപന്നങ്ങൾ എന്നിങ്ങനെയുള്ള മൃഗഭക്ഷ്യങ്ങളിൽ കാണപ്പെടുന്നതും സസ്യാഹാരങ്ങളിൽ ഇല്ലാത്തതുമായ കൊളസ്റററോൾ കുറവുള്ള ഒരു ആഹാരക്രമം പിന്തുടരുകയാണ്. എന്നിരുന്നാലും കൊളസ്റററോൾ ധാരാളമുള്ള ആഹാരങ്ങൾ ഭക്ഷിക്കുന്നതിന് ഒരുവന്റെ രക്തത്തിലെ കൊളസ്റററോളിന്റെ അളവിൻമേൽ മിതമായ ഒരു ഫലമേയുള്ളുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആഹാരത്തിൽ പൂരിത കൊഴുപ്പുകൾ (മൃഗകൊഴുപ്പുകൾ, സസ്യകൊഴുപ്പുകൾ, പാമോയിൽ, വെളിച്ചെണ്ണ എന്നിവപോലെയുള്ളവ) ധാരാളമുണ്ടെങ്കിൽ, മിക്കയാളുകളിലും രക്തത്തിലെ കൊളസ്റററോൾ ഗണ്യമായി ഉയരും. അങ്ങനെ, ഇക്കാലത്തു ഊന്നൽ കൊടുക്കുന്നത് ‘കൊഴുപ്പു കുറക്കുന്ന’തിനാണ്. കൊഴുപ്പുകുറഞ്ഞ മാംസം കുറച്ചു ഭക്ഷിക്കുക, കാഴ്ചയിൽ പെടുന്ന കൊഴുപ്പു നീക്കംചെയ്യുക, കോഴിയിറച്ചിയിൽനിന്നു തൊലി നീക്കംചെയ്യുക, മുട്ടയുടെ മഞ്ഞക്കരുവിന്റെ ഉപയോഗം പരിമിതപ്പെടുത്തുക, തനി പാലും കടുപ്പമുള്ള പാൽക്കട്ടിയും പാമോയിലോ വെളിച്ചെണ്ണയോ അടങ്ങുന്ന സംസാധനംചെയ്ത ഭക്ഷ്യങ്ങൾ എന്നിവയും പരിമിതപ്പെടുത്തുക.
പൂരിതകൊഴുപ്പുകൾക്ക് രക്തത്തിലെ കൊളസ്റററോളിന്റെ അളവ് ഉയർത്താനുള്ള പ്രവണതയുണ്ടെങ്കിലും അപൂരിത ദ്രാവക എണ്ണകൾക്കും (ഒലിവ്, സൊയാബീൻ, സൂര്യകാന്തി, ചോളം, എന്നിവയുടെ എണ്ണകളും മററ് സസ്യ എണ്ണകളും) കൊഴുപ്പുള്ള മത്സ്യത്തിനും ഷെൽഫിഷിനും വിപരീത പ്രവർത്തനമാണുള്ളത്. ഇവയിൽ ചിലതിന് രക്തത്തിലെ നല്ല കൊളസ്റററോൾ എന്നു വിളിക്കപ്പെടുന്നതിന്റെ, എച്ച്.ഡി.എൽ-ന്റെ, (ഉയർന്ന സാന്ദ്രതയുള്ള ലിപോപ്രോട്ടീൻ) ആപേക്ഷിക അളവുയർത്താൻ പോലും സഹായിച്ചേക്കാം. അല്ലെങ്കിൽ ഹാനികരമായ കൊളസ്റററോളിന്റെ, എൽ.ഡി.എൽ-ന്റെ (സാന്ദ്രത കുറഞ്ഞ ലിപോപ്രൊട്ടീൻ) അളവു കുറക്കാൻ സഹായിച്ചേക്കാം.
കൂടുതൽ നാര് ഭക്ഷിക്കുക
കൊഴുപ്പു കുറക്കുകയെന്നത് കഥയുടെ ഒരു ഭാഗം മാത്രമാണ്. വളരെയധികം സംസ്ക്കരിച്ച ഭക്ഷ്യങ്ങൾ—വെള്ളമാവും പഞ്ചസാരയും രാസചേരുവകളും മററും അടങ്ങിയത്—നാര് ഒട്ടും ഇല്ലാത്തവയാണ്. ഫലം നാഗരികതയുടെ രോഗങ്ങൾ എന്നു വിളിക്കപ്പെടുന്ന മലബന്ധം, പ്രമേഹം, ഹൃദ്രോഗം എന്നിവയാണ്. “ആഹാരത്തിൽ നാര് കുറച്ചു ഭക്ഷിക്കുന്നവർക്ക് കൂടുതൽ നാരു ഭക്ഷിക്കുന്നവരെ അപേക്ഷിച്ച് എല്ലാ കാരണങ്ങളാലുമുള്ള മരണത്തിന്റെ മൂന്നു മടങ്ങു മരണസാദ്ധ്യതയുണ്ടായിരുന്നു”വെന്ന് ലാൻസെററിലെ ഒരു റിപ്പോർട്ടു പറയുന്നു.
ആഹാരത്തിലെ നാര് രണ്ടു വിധങ്ങളിൽ അതിന്റെ ധർമ്മം അനുഷ്ഠിക്കുന്നു. അത് നമ്മുടെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്നുപോകുമ്പോൾ വെള്ളം വലിച്ചെടുക്കുന്നു, അതു നമ്മുടെ ദഹനപഥത്തിലൂടെ പെട്ടെന്നു നീങ്ങുന്നു. അത് ഹാനികരമായ അനേകം വസ്തുക്കളെ വഹിച്ചുകൊണ്ടുപോകുകയും ശരീരത്തിൽനിന്നുള്ള അവയുടെ നീക്കത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോഗ്യാധികൃതർ വിചാരിക്കുന്നു. ലയിച്ചുചേരുന്ന ചില നാരുകൾ രക്തത്തിലെ പഞ്ചസാരയുടെയും ഹാനികരമായ കൊളസ്റററോളിന്റെയും അളവുകൾ കുറച്ചുനിർത്തുന്നതായി കാണപ്പെടുന്നു—പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഒരു അനുഗ്രഹംതന്നെ.
നാരുകളെക്കുറിച്ചുള്ള ഈ അറിവിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം? സാദ്ധ്യമെങ്കിൽ, നിങ്ങളുടെ ആഹാരത്തിലെ പഴങ്ങളുടെയും സസ്യങ്ങളുടെയും മുഴു-ധാന്യ ഉൽപ്പന്നങ്ങളുടെയും അനുപാതം വർദ്ധിപ്പിക്കുക. വെളുത്ത ബ്രഡ്ഡിൽനിന്ന് മുഴുവനായും ഗോതമ്പുറൊട്ടിയിലേക്കു മാറുക. പ്രഭാതഭക്ഷണത്തിന് ധാന്യങ്ങൾകൂടെ ഉപയോഗിക്കുക. ബീൻസും നാരിന്റെ വിശിഷ്ടമായ ഉറവാണ്. സ്ററാർച്ചിന്—ഉരുളക്കിഴങ്ങിനും അരിക്കും—കാൻസറിനെതിരായ ഗുണങ്ങളുണ്ടായിരുന്നേക്കാം.
തീർച്ചയായും, നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന നിങ്ങളുടെ ആഹാരത്തിന്റെ മററനേകം വശങ്ങളുണ്ട്. എന്നിരുന്നാലും, മിക്കയാളുകളുടെയും ആഹാരത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമായിരിക്കുന്നത് കൊഴുപ്പിന്റെ കുറക്കലും നാരിന്റെ വർദ്ധിപ്പിക്കലുമാണ്.
[10, 11 പേജുകളിലെ ചതുരം]
വ്യായാമവും കായികക്ഷമതയും ആരോഗ്യവും
ഒരു വാരത്തിൽ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും (500 കലോറിയോളം ഉപയോഗിച്ചുകൊണ്ട്) വ്യായാമംചെയ്തവർക്ക് വ്യായാമംചെയ്യാഞ്ഞവരെ അപേക്ഷിച്ച് 15 മുതൽ 20 വരെ ശതമാനം മരണനിരക്ക് കുറവായിരുന്നുവെന്ന് 17,000 പേരിൽ നടത്തിയ 40 വർഷത്തെ ഒരു പഠനം കണ്ടെത്തി. തീവ്രമായ വ്യായാമം ചെയ്തവർക്ക് (വാരത്തിൽ 2,000 കലോറികൾ എരിച്ചുകൊണ്ട്) മൂന്നിലൊന്നോളം കുറഞ്ഞ മരണനിരക്കാണുണ്ടായിരുന്നത്. മററു പഠനങ്ങളും ഇതേ നിഗമനത്തിൽ എത്തിയിരിക്കുന്നു: നിരന്തരവ്യായാമം ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും കൊറോണറി ഹൃദ്രോഗത്തിന്റെയും ഒരുപക്ഷേ കാൻസറിന്റെ പോലും അപകടസാദ്ധ്യത കുറക്കുന്നു. നിരന്തര വ്യായാമം, അമിതതൂക്കത്തിനും കുറഞ്ഞ ആത്മാഭിമാനത്തിനും സമ്മർദ്ദത്തിനും ഉൽക്കണ്ഠക്കും വിഷാദരോഗത്തിനുമെതിരായ പോരാട്ടത്തിൽ സഹായിക്കുന്നു.
നിരന്തരവ്യായാമം ഇതെല്ലാം ചെയ്യുന്നതായി തോന്നുന്നതിന്റെ കാരണം അത് ഒരു വ്യക്തിയുടെ ശാരീരികപ്രാപ്തിയും സഹനശക്തിയും വർദ്ധിപ്പിക്കുന്നുവെന്നതാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, നിരന്തര വ്യായാമം ഒരുവനെ ശാരീരികക്ഷമതയുള്ളവനാക്കിത്തീർക്കുന്നു. ക്ഷമത നല്ല ആരോഗ്യത്തിന് ഉറപ്പുനൽകുന്നില്ലെന്നിരിക്കെ, ക്ഷമതയുള്ള ഒരു ശരീരം രോഗത്തിന് അടിപ്പെടാൻ സാദ്ധ്യത കുറവാണ്. അത് രോഗബാധിതമാകുമ്പോൾ പെട്ടെന്നു സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നു. ശാരീരികക്ഷമത ഒരുവന്റെ മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് സംഭാവനചെയ്യുകയും വാർദ്ധക്യത്തിന്റെ ഫലങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്തേക്കാം.
എന്ത, എത്രത്തോളം?
വ്യായാമത്തെ സംബന്ധിച്ച സാധാരണ ചോദ്യങ്ങൾ ഏതുതരം വ്യായാമം, എത്രത്തോളം? എന്നിവയാണ്. അത് യഥാർത്ഥത്തിൽ ഒരുവൻ എന്തു സാധിക്കാനാഗ്രഹിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ഒളിമ്പിക്ക് അത്ലററ് കായികക്ഷമതക്കുവേണ്ടി ദീർഘകാലം കഠിനപരിശീലനം നടത്തണം. മിക്കയാളുകളെ സംബന്ധിച്ചും ലക്ഷ്യം ഭാരം കുറക്കുക, ശാരീരികാകാരം നേടുക, മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കുക, അല്ലെങ്കിൽ കേവലം സുഖംതോന്നുക എന്നിവയായിരിക്കാം. അവർക്ക്, കായികക്ഷമത നിലനിർത്താൻ വാരത്തിൽ മൂന്നു പ്രാവശ്യം 20 മുതൽ 30 വരെ മിനിററ് നേരത്തെ വ്യായാമം മതിയെന്നുള്ളതിനോട് മിക്ക ആരോഗ്യാധികൃതരും യോജിക്കുന്നു. എന്നാൽ ഏതുതരം വ്യായാമം?
കായികക്ഷമതയിൽ ഒരുവന്റെ ശാരീരികപ്രാപ്തിയും പ്രായവും സഹനവും ഉൾപ്പെടുന്നു, തന്നിമിത്തം വ്യായാമം ഒരുവന്റെ ഹൃദയമിടിപ്പിന്റെ നിരക്കും ശ്വസനവും വർദ്ധിപ്പിക്കുന്നതിനു ലക്ഷ്യംവെക്കണം. ഇതാണ് സാധാരണയായി വായവ വ്യായാമം എന്നു വിളിക്കപ്പെടുന്നത്. ഓട്ടം, ചുറുചുറുക്കോടെയുള്ള നടപ്പ്, വായവ നൃത്തം, റോപ്പ്സ്കിപ്പിംഗ്, നീന്തൽ, സൈക്ലിംഗ് എന്നിവ സാധാരണ വായവ വ്യായാമങ്ങളുടെ രൂപങ്ങളാണ്. ഓരോന്നിനും സൗകര്യം, സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും ചെലവ്, പരിക്കിനുള്ള സാദ്ധ്യത എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
മററു രൂപങ്ങളിലുള്ള വ്യായാമം മാംസപേശികളെ ബലിഷ്ഠമാക്കുകയും ശരീരത്തിനു രൂപസൗകുമാര്യം കൊടുക്കുകയും ചെയ്യുന്നു. ഇവയിൽ ഉപകരണങ്ങളും ഭാരങ്ങളുമുപയോഗിച്ചുള്ള വ്യായാമങ്ങൾ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള വ്യായാമങ്ങൾ ഒരുവന്റെ ശാരീരികബലത്തെയും സഹനശക്തിയെയും വർദ്ധിപ്പിക്കുന്നു. അവക്ക് ഒരുവന്റെ നിലയെയും ആകാരത്തെയും മെച്ചപ്പെടുത്താനും കഴിയും—ഇതെല്ലാം ശാരീരികക്ഷമതക്കുള്ള അന്വേഷണത്തിൽ ഗുണകരമാണ്.
ശരീരബലത്തിനും രൂപഭംഗിക്കും വേണ്ടിയുള്ള വ്യായാമങ്ങൾസംബന്ധിച്ചെന്ത്? നമ്മിൽ മിക്കവരും നമ്മുടെ വിദ്യാലയജീവിതകാലംമുതൽ അവ നന്നായി ഓർക്കുന്നുണ്ടല്ലോ. അവ നമുക്കു വളരെ ഗുണംചെയ്തു, ആ കാലത്തു നാം അവയെ വിലമതിച്ചിരുന്നാലും ഇല്ലെങ്കിലും. ശരീരം നിവർക്കൽ, തിരിയൽ, പിരിക്കൽ, എന്നിവ ശരീരത്തിനു അയവുവരുത്തുന്നു. ചാട്ടവും തൊഴിയും ഹൃദയമിടിപ്പു വർദ്ധിപ്പിക്കുന്നു. ഇരിക്കലും എഴുന്നേൽക്കലും ശരീരം ഉയർത്തലും മാംസപേശികളെ ബലിഷ്ഠമാക്കുന്നു. ഒരുവന് പ്രായംകൂടുമ്പോൾ അങ്ങനെയുള്ള വ്യായാമങ്ങളിലേർപ്പെടുന്നതിന്റെ ഒരു ഗുണം അയാൾക്ക് അയവുള്ളവനായി ദീർഘകാലം പ്രവർത്തനനിരതനായിരിക്കാൻ കഴിഞ്ഞേക്കാമെന്നതാണ്.
ഒടുവിൽ, വിനോദപരമായ സ്പോർട്ട്സുണ്ട്—റെറന്നിസ്, റാക്വെററ് ബോൾ, സോഫ്ററ്ബോൾ, സ്കേററിംഗ്, എന്നിവയും മററനേകം പ്രവർത്തനങ്ങളും. അങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ഗുണം അവ വിരസമായ വ്യായാമരൂപങ്ങളെക്കാളുപരി വിനോദമാണെന്നുള്ളതാണ്. തന്നിമിത്തം അത് ഒരുവൻ നിരന്തരം വ്യായാമംചെയ്യാനിടയാക്കുന്നതിനാവശ്യമായ ഘടകമായിരിക്കാം. ഒരുവൻ എത്ര വിദഗ്ദ്ധമായും ഊർജ്ജസ്വലമായും അവയിലേർപ്പെടുന്നുവെന്നതിനെ ആശ്രയിച്ച് അവ മററു വ്യായാമരൂപങ്ങളെപ്പോലെ സ്ഥായിയായ ഉപയോഗം നൽകുകയോ നൽകാതിരിക്കുകയോ ചെയ്തേക്കാം. എന്നിരുന്നാലും, അവ ശരീരത്തെ പരുവപ്പെടുത്താൻ സഹായിക്കുകയും സംഘടനത്തെ മെച്ചപ്പെടുത്തുകയും വഴക്കത്തെയും ചുറുചുറുക്കിനെയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വളരെയധികം വ്യായാമരൂപങ്ങൾ തെരഞ്ഞെടുക്കാനുള്ളതുകൊണ്ട് വിജയരഹസ്യം സ്ഥിതിചെയ്യുന്നത് നിങ്ങൾക്കാസ്വാദ്യമായ ഒന്നോ ഒരു കൂട്ടമോ തെരഞ്ഞെടുക്കുന്നതിലാണ്. ഇത് നിങ്ങളുടെ ഉദ്ദേശ്യങ്ങളോടു പററിനിൽക്കാൻ സഹായിക്കും, എന്തുകൊണ്ടെന്നാൽ വ്യായാമംചെയ്യാൻ തുടങ്ങുന്ന മുതിർന്നവരുടെ 60 മുതൽ 70 വരെ ശതമാനം ഏതാണ്ട് ഒരു മാസത്തിനുള്ളിൽ നിർത്തിപ്പിരിയുന്നുവെന്ന് പഠനങ്ങൾ പ്രകടമാക്കുന്നു. വ്യായാമത്തിന്റെ അളവല്ല, ക്രമമാണ് കാര്യമായിട്ടുള്ളതെന്ന് ഓർക്കുക. വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത വ്യായാമങ്ങളിലേർപ്പെടുന്നതിനാൽ നിങ്ങൾ നിങ്ങളുടെ ശരീരത്തിന് ആകമാനമായ വികാസം കൊടുക്കുകയും നിങ്ങൾ സമീകൃതമായ രീതിയിൽ കായികക്ഷമതയുള്ളവരായിത്തീരുകയും ചെയ്യും.
നിങ്ങളുടെ പ്രവർത്തനത്തിന്റെ തെരഞ്ഞെടുപ്പ് നിങ്ങളുടെ പ്രായത്താലും തുടക്കത്തിലെ നിങ്ങളുടെ പൊതു ആരോഗ്യാവസ്ഥയാലും ഭരിക്കപ്പെടണം. തീർച്ചയായും, ആരോഗ്യപ്രശ്നങ്ങളുള്ളവർ വ്യായാമപരിപാടിക്കു തുടക്കമിടുന്നതിനു മുമ്പ് തങ്ങളുടെ ഡോക്ടറോട് ആലോചനചോദിക്കേണ്ടതാണ്. എങ്ങനെയായാലും, സാവധാനത്തിൽ ആരംഭിക്കുകയും പുരോഗതി നേടുന്നതനുസരിച്ച് വർദ്ധിപ്പിക്കുകയും ചെയ്യുക. നിങ്ങൾ തെരഞ്ഞെടുക്കുന്ന വ്യായാമരൂപങ്ങളെപ്പററി പഠിക്കുക—ഈ വിഷയംസംബന്ധിച്ച പുസ്തകങ്ങൾക്കും നിർദ്ദേശങ്ങൾക്കും കുറവില്ല. നിങ്ങൾ നിങ്ങളുടെ ശ്രമങ്ങളിൽനിന്ന് ആസ്വാദനവും പ്രയോജനവും നേടും.
[12-ാം പേജിലെ ചതുരം]
പുകവലിയുടെ ചെലവ
◻ പുകയില മുതിർന്നവരുടെയിടയിൽ പരിസ്ഥിതിയിലെ മറേറതൊരു വിഷവസ്തുവിനെക്കാളുമധികമായി കഷ്ടപ്പാടും മരണവും വരുത്തിക്കൂട്ടുന്നു.
◻ ലോകവ്യാപകമായ ജീവഹാനി ഇപ്പോൾ പ്രതിവർഷം 25 ലക്ഷത്തോടടുക്കുന്നു, സകല മരണങ്ങളുടെയും ഏതാണ്ട് 5 ശതമാനം.
◻ [ഐക്യനാടുകളിലെ] ആരോഗ്യചെലവുകളും സാമ്പത്തിക നഷ്ടങ്ങളും 3,800 കോടി മുതൽ 9,500 കോടി ഡോളർവരെയാണ്, അല്ലെങ്കിൽ, പായ്ക്കററിന് 1.25 മുതൽ 3.15 ഡോളർവരെയാണ്. ഈ മൊത്തങ്ങളിൽ പുകയിലക്കുതന്നെയുള്ള വില ഉൾപ്പെടുന്നില്ല—അത് പ്രതിവർഷം ഏതാണ്ട് 3,000 കോടി ഡോളറാണ്.
◻ നിഷ്ക്രിയ വലിക്കാർക്ക് ഒരുപക്ഷേ പുകയ്ക്ക് വിധേയരാകാതിരുന്നെങ്കിൽ സംഭവിക്കാമായിരുന്നതിന്റെ മൂന്നിരട്ടി ശ്വാസകോശകാൻസർമരണം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്.
◻ തള്ളമാരാലുള്ള പുകവലി അവരുടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രാപ്തികൾ കുറയ്ക്കുന്നു, അനേകം രാജ്യങ്ങളിൽ കുട്ടികളുടെ അഞ്ചിലൊന്നിലധികം ഈ വിധത്തിൽ പുകയ്ക്കു വിധേയരാണ്.