എന്താണ് ആരോഗ്യം?
ഒരു വ്യക്തിക്ക് അസുഖം തോന്നാത്തതുകൊണ്ടുമാത്രം അയാൾക്ക് നല്ല ആരോഗ്യമുണ്ടായിരിക്കുമോ? ശരി, തികച്ചും ആരോഗ്യവാൻമാരായി തോന്നിയവരും ഏതോ അപ്രതീക്ഷിത കാരണത്താൽ പെട്ടെന്നു മരിച്ചവരുമായ വ്യക്തികളെ സംബന്ധിച്ച് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടല്ലോ. ഓരോ വർഷവും ഹൃദ്രോഗത്താൽ മരിക്കുന്നവരുടെ അഞ്ചിലൊന്നിന് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നതായി അശേഷവും സൂചനയില്ലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. സുഖമോ ആരോഗ്യമോ തോന്നുന്നത് ഒരുവന് നല്ല ആരോഗ്യമുണ്ടെന്നുള്ളതിന് ഉറപ്പല്ല.
ഉദാഹരണത്തിന് 22 വയസ്സുണ്ടായിരുന്ന ഒരു കോളജ് ബാസ്കററ്ബോൾ കളിക്കാരന്റെ കേസെടുക്കുക. പതിവു നിലവാരങ്ങളെല്ലാമനുസരിച്ച് അയാൾ ആരോഗ്യവാനായ ഒരു യുവാവാണെന്ന് പരിഗണിക്കപ്പെടാം. എന്നാൽ ഒരു രാത്രിയിൽ അയാൾ പെട്ടെന്ന് മരിച്ചു. മരണകാരണം മയക്കുമരുന്നിന്റെ അമിതഡോസായിരുന്നുവെന്ന് പരിശോധനകൾ വെളിപ്പെടുത്തി. ശാരീരികമായി അയാൾ നല്ല രൂപത്തിലായിരുന്നെങ്കിലും അയാൾ ആരോഗ്യാവഹമായ ഒരു ജീവിതമാണോ നയിച്ചുകൊണ്ടിരുന്നത്? അശേഷവുമല്ലായിരുന്നു.
യഥാർത്ഥത്തിൽ, അപ്പോൾ, ആരോഗ്യം കേവലം രോഗമില്ലാതിരിക്കുന്ന അവസ്ഥയെക്കാൾ ഉപരിയാണ്. തീർച്ചയായും, പാരമ്പര്യവും പരിസ്ഥിതിയും അവയുടെ പങ്കുവഹിക്കുന്നുണ്ട്, എന്നാൽ സാധാരണ സാഹചര്യങ്ങളിൽ ഒരുപക്ഷേ നമ്മുടെ ജീവിതരീതയാണ് നമ്മുടെ ആരോഗ്യത്തെ ഭരിക്കുന്ന അതിപ്രധാനമായ ഒററപ്പെട്ട സംഗതി. നാം എന്തു തിന്നുന്നു, നാം എത്ര പ്രവർത്തനനിരതരാണ്, നമുക്ക് എത്രമാത്രം വിശ്രമം ലഭിക്കുന്നു, നാം സമ്മർദ്ദത്തോട് എങ്ങനെ പ്രതികരിക്കുന്നു, എന്നിവയും വ്യക്തിപരമായ മററു പല ശീലങ്ങളും ഒന്നുകിൽ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു, അല്ലെങ്കിൽ അതിനു തകരാറുവരുത്തുന്നു. അങ്ങനെ ഒരു വലിയ അളവിൽ നമ്മുടെ ആരോഗ്യം നാം നേടുന്നിടത്തോളമാണ്. “ഒരു മനുഷ്യൻ വിതക്കുന്നതെന്തായാലും അത് അവൻ കൊയ്യുകയും ചെയ്യും” എന്ന ബൈബിൾതത്വം നമ്മുടെ ശാരീരികാരോഗ്യത്തിനും തുല്യശക്തിയിൽ ബാധകമാകുന്നു.—ഗലാത്യർ 6:7.
ആരോഗ്യവും ജീവിതശൈലിയും
ഉദാഹരണത്തിന്, പല വലിയ ജാപ്പനീസ് കമ്പനികളിലും തൊഴിലാളികൾ ദിവസവും ഊർജ്ജിതമായ വ്യായാമമുറകൾ ശീലിക്കുന്നു. ഫലമോ? “ലോകത്തിൽ ഏററവും ആരോഗ്യമുള്ളവർ ജാപ്പനീസ്തൊഴിലാളികളാണെന്നുള്ള വീക്ഷണത്തിന് ഘനമേകുന്ന സ്ഥിതിവിവരക്കണക്കുകളുടെ ഗണ്യമായ തെളിവുകളുണ്ട” എന്ന് ഏഷ്യാവീക്ക എന്ന വാർത്താപത്രിക പറയുന്നു. മറിച്ച്, ജപ്പാനിൽ, “ഏകദേശമായി പറഞ്ഞാൽ ഓരോ നാലു മരണത്തിലും ഒന്നിനു കാരണം കാൻസറും ഓരോ അഞ്ചു മരണത്തിലും ഒന്നിനു കാരണം ഹൃദ്രോഗവും ആഘാതങ്ങളും പന്ത്രണ്ടിൽ ഒരു മരണത്തിനു കാരണം ശ്വസനരോഗവുമാണെന്ന്” റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. “52 ആണുങ്ങളിലൊരാൾ വീതം സ്വയം കൊല്ലുന്നു (സ്ത്രീകൾക്ക് ആത്മഹത്യ 70ൽ ഒന്നാണ്).”
ഈ പ്രസ്താവനകൾ പൂർവാപരയോജിപ്പില്ലാത്തവയോ പൂർവാപരവിരുദ്ധം പോലുമോ ആണെന്നു തോന്നുന്നുവോ? നാം വസ്തുതകൾ പരിശോധിക്കുമ്പോൾ യഥാർത്ഥത്തിൽ അല്ല. ജപ്പാനിൽ മുതിർന്നവരെല്ലാംകൂടെ വർഷംതോറും 30,000 കോടി സിഗറററുകൾ പുകക്കുമ്പോൾ അത് പ്രതിശീർഷ സിഗരററ് ഉപഭോഗത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത് (ഗ്രീസിന്റെ അടുത്ത സ്ഥാനത്ത്). കൂടാതെ, ഓരോ വർഷവും ജപ്പാൻകാർ 800 കോടി കുപ്പി ബിയറും 160 കോടി ക്വാർട്ട് സേക്ക് മദ്യവും കുടിക്കുന്നു. ഇത് ഓരോരുത്തരും വാരംതോറും ഏകദേശം അര ക്വാർട്ട് തനി ചാരായം കുടിക്കുന്നതിനു സമമാണ്. അങ്ങനെയുള്ള ഹാനികരമായ ശീലങ്ങൾക്ക് ജനങ്ങളുടെ ആരോഗ്യത്തിൻമേൽ ഗണ്യമായ ഫലമില്ലെങ്കിൽ അത് യഥാർത്ഥത്തിൽ അതിശയമാണ്.
ജപ്പാൻകാർക്ക് മററ് ഏതു ജനസമൂഹത്തെയും അപേക്ഷിച്ച് ഏററവും കൂടിയ ആയുർദൈർഘ്യമുണ്ടെന്നും അവരുടെ പുകയില-ചാരായ ഉപഭോഗം മററു ചിലരുടേതിലും താണതാണെന്നും വാദിക്കപ്പെട്ടേക്കാമെങ്കിലും അങ്ങനെയുള്ള തുലനങ്ങൾ ആത്യന്തികമായി അർത്ഥശൂന്യമാണ്. ആളുകൾ അകാലത്തിലും അനാവശ്യമായും മരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അവർ മററുള്ളവരെക്കാൾ ആരോഗ്യവാൻമാരായി കാണപ്പെട്ടേക്കാം, എന്നാൽ അവർ യഥാർത്ഥത്തിൽ ആരോഗ്യമുള്ളവരാണോ?
അപ്പോൾ, നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതരീതിയുടെയും ദൈനംദിനശീലങ്ങളുടെയും ആകെത്തുകയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സ്പഷ്ടമാണ്. നല്ല ആരോഗ്യത്തിൽ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ക്ഷേമത്തിൽ കലാശിക്കുന്ന ഒരു സന്തുലിതജീവിതരീതി ഉൾപ്പെട്ടിരിക്കുന്നു. അത് നമ്മുടെ പരിസ്ഥിതിയെ നേരിടുന്നതിനും നമ്മുടെ ദൈനംദിനപ്രവർത്തനങ്ങളിൽനിന്ന് ന്യായമായ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നു. അതു നേടിയെടുക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? (g89 12⁄8)
[6-ാം പേജിലെ ആകർഷകവാക്യം]
പാരമ്പര്യവും പരിസ്ഥിതിയും അവയുടെ പങ്കുവഹിക്കുന്നുണ്ട്, എന്നാൽ ഒരുപക്ഷേ നമ്മുടെ ജീവിതരീതിയാണ് നമ്മുടെ ആരോഗ്യത്തെ ഭരിക്കുന്ന അതിപ്രധാനമായ ഒററപ്പെട്ട സംഗതി
[5-ാം പേജിലെ ചിത്രം]
നല്ല ആരോഗ്യത്തിന്റെ ഒരു തോന്നൽ വഞ്ചകമായിരിക്കാം