നിങ്ങളുടെ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തുക
“നീ എന്നിൽനിന്നു കേട്ട ആരോഗ്യപ്രദമായ വാക്കുകളുടെ മാതൃക ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ പിടിച്ചുകൊള്ളുക.”—2 തിമൊഥെയോസ് 1:13.
1. നല്ല ആത്മീയാരോഗ്യം നിലനിർത്തേണ്ട ഒരു മൂല്യവത്തായ സ്വത്തായിരിക്കുന്നതെന്തുകൊണ്ട്?
നല്ല ശാരീരികാരോഗ്യം ഒരു വിലയേറിയ സ്വത്താണ്. നാം ആരോഗ്യമുള്ളവരായിരിക്കുമ്പോൾ നമുക്ക് അനേകം കാര്യങ്ങൾ ചെയ്യാനും ജീവിതം കൂടുതൽ ആസ്വദിക്കാനും കഴിയും. എന്നാൽ നാം സ്ഥായിയായ രോഗമുള്ളവരോ ദുർബ്ബലരോ ആണെങ്കിൽ ജീവിതം വളരെയധികം പ്രയാസമായിരിക്കും. തീർച്ചയായും നല്ല ആരോഗ്യം നിലനിർത്തപ്പെടണം. അനേകർ തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കുകയോ രോഗത്തിനിടയാക്കുന്ന കാര്യങ്ങൾ ചെയ്യുകയോ ചെയ്യുന്നു. എന്നിരുന്നാലും, തങ്ങളെത്തന്നെ നന്നായി പരിപാലിക്കുന്നവർക്ക് സാധാരണയായി തങ്ങളുടെ ആയുഷ്ക്കാലത്തിന്റെ അധികഭാഗത്തും ഒരളവിലുള്ള നല്ല ആരോഗ്യവും ശക്തിയുമുണ്ട്.
2. (എ) ആത്മീയാരോഗ്യം ശാരീരികാരോഗ്യത്തെക്കാൾ വിലയുള്ളതായിരിക്കുന്നതെന്തുകൊണ്ട്? (ബി) വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലനിൽക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത്?
2 ആത്മീയാരോഗ്യം ശാരീരികാരോഗ്യത്തെക്കാൾ വളരെയധികം പ്രധാനമാണ്. ഏററവും നല്ല ശാരീരികാരോഗ്യത്തിനുപോലും നിത്യജീവനാകുന്ന ദൈവത്തിന്റെ ദാനം നേടിത്തരാൻ കഴികയില്ല. നല്ല ആത്മീയാരോഗ്യം ശുദ്ധാരാധനയിൽനിന്നും സൂക്ഷ്മപരിജ്ഞാനത്തിലധിഷ്ഠിതമായ വിശ്വാസത്തിൽനിന്നും സംജാതമാകുന്നതാണ്. (യോഹന്നാൻ 17:3; എബ്രായർ 11:6; യാക്കോബ് 1:27) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “പ്രായമുള്ള പുരുഷൻമാർ ശീലങ്ങളിൽ മിതത്വമുള്ളവരും ഗൗരവമുള്ളവരും സുബോധമുള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കട്ടെ.” (തീത്തോസ് 2:2) വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഉത്സുകമായ ശ്രമം ചെലുത്തുകയും നിതാന്തജാഗ്രത പാലിക്കുകയും വേണം. നല്ല ആത്മീയാരോഗ്യത്തിനുള്ള ഭീഷണികൾ നമ്മുടെ ഉള്ളിൽനിന്നോ പുറമേ നിന്നോ വരാവുന്നതാണ്. നാം ഈ രോഗബാധിതമായ ലോകത്തിൽ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തണമെങ്കിൽ നാം ഈ ഭീഷണികളെക്കുറിച്ച് അറിഞ്ഞിരിക്കണം.
ഈ ലോകം എത്ര രോഗബാധിതമാണ്?
3, 4. ഈ ലോകത്തിലും ആളുകളുടെ പ്രവർത്തനങ്ങളിലും ധാർമ്മികമായ രോഗം പ്രതിഫലിക്കുന്നതെങ്ങനെ?
3 ലോകം ധാർമ്മികമായി വളരെ രോഗാതുരമാണെന്നുള്ളതിന് സംശയമില്ല. ഈ ലോകത്തിന്റെ സകല “അവയവങ്ങളിലും”—അതിന്റെ മതങ്ങളിലും അതിന്റെ രാഷ്ട്രീയ പദ്ധതികളിലും അതിന്റെ വ്യാപാരപരമായ സ്ഥാപനങ്ങളിലും അതിന്റെ വിനോദത്തിലും—നാം മാരകമായ രോഗങ്ങൾ കാണുന്നു. ദൈവത്തോടും മനുഷ്യവർഗ്ഗക്ഷേമത്തിനുവേണ്ടി അവൻ നൽകിയിരിക്കുന്ന നിയമങ്ങളോടും അധികംപേർക്ക് ആദരവില്ല. ചരിത്രം പ്രകടമാക്കുന്നതുപോലെ, ധാർമ്മികജീർണ്ണത സുനിശ്ചിതമായി ശാരീരികരോഗങ്ങളുടെയും കുഴപ്പങ്ങളുടെയും ഒരു വർദ്ധനവിലേക്കു നയിക്കുന്നു. മിക്കവരും ഈ രോഗബാധിതമായ ധാർമ്മികാവസ്ഥക്കിടയാക്കുന്ന കാര്യങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ട് അതിനെ ഭേദപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നില്ലെന്നുള്ളത് വിരോധാഭാസമാണ്.
4 ഈ ലോകം എത്ര രോഗഗ്രസ്തമാണ്! ഉല്ലാസഹർഷങ്ങൾ തേടുന്നതിലും യാഥാർത്ഥ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിലും അനേകർ മദ്യത്തിലൂടെയും മയക്കുമരുന്നുദുരുപയോഗത്തിലൂടെയും തങ്ങളുടെ ജീവിതങ്ങളെ നശിപ്പിച്ചിരിക്കുന്നു. അക്രമം എല്ലായിടത്തുമുണ്ട്. ജീവന് വിലയില്ല, ജയിലുകൾ കുററപ്പുള്ളികളെക്കൊണ്ടു നിറഞ്ഞുകവിയുകയാണ്. അനേകം രാജ്യങ്ങളിൽ, വിവാഹബന്ധങ്ങളുടെ പകുതി വിവാഹമോചനത്തിൽ കലാശിക്കുന്നു. മാതാപിതാക്കളുടെ ശരിയായ മേൽനോട്ടമില്ലാത്ത കുട്ടികൾ ദുഷ്ക്കർമ്മികളായി വളരുന്നു. ലൈംഗികദുർമ്മാർഗ്ഗം വ്യാപകമായിരിക്കുന്നതുകൊണ്ട് എയ്ഡ്സും ലൈംഗികമായി പകരുന്ന മററു രോഗങ്ങളും ശീഘ്രമായി പരക്കുകയാണ്.
5. യെശയ്യാവ് പുരാതന യഹൂദയിലെ അവസ്ഥകളെ വർണ്ണിച്ചതെങ്ങനെ?
5 ദൈവം യെശയ്യാവിനെ നിശ്വസ്തനാക്കി വഴിപിഴച്ച യഹൂദയെക്കുറിച്ച് പ്രഖ്യാപിപ്പിച്ച സംഗതി ഈ രോഗബാധിതമായ ലോകത്തെക്കുറിച്ചും അവന് പറയാൻ കഴിയും: “പാപപൂർണ്ണമായ ജനതക്ക്, അകൃത്യഭാരമുള്ള ജനത്തിന്, ദുഷ്പ്രവൃത്തിചെയ്യുന്ന ഒരു സന്തതിക്ക്, വിനാശകാരികളായ പുത്രൻമാർക്ക്, ഹാ കഷ്ടം! അവർ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നു, അവർ ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവോടെ പെരുമാറിയിരിക്കുന്നു, അവർ പിന്നോക്കംമാറിയിരിക്കുന്നു. നിങ്ങൾ കൂടുതൽ മത്സരം കൂട്ടിച്ചേർക്കുന്നതുകൊണ്ട് ഇനിയും നിങ്ങൾ വേറെ എവിടെ പ്രഹരിക്കപ്പെടും? തല മുഴുവൻ ഒരു രോഗാവസ്ഥയിലാണ്, മുഴു ഹൃദയവും ദുർബലമാണ്. ഉള്ളംകാൽ മുതൽ തലവരെപോലും അതിൽ അവികലമായ സ്ഥാനമില്ല.”—യെശയ്യാവ് 1:4-6.
6. പുരാതന യഹൂദയിലും നമ്മുടെ നാളിലും നൻമ ചെയ്യാനുള്ള യഹോവയുടെ അഭ്യർത്ഥനയോട് എന്തു പ്രതികരണമുണ്ടായിരുന്നു?
6 അനുതപിക്കാനും “നൻമചെയ്യാൻ പഠിക്കാനു”മുള്ള യഹോവയുടെ അഭ്യർത്ഥന യഹൂദയിൽ പൊതുവേ ശ്രദ്ധിക്കപ്പെടാതെപോയി. (യെശയ്യാവ് 1:16-20) ഇത് ഒടുവിൽ യരൂശലേമിന്റെ നാശത്തിലേക്കും യഹൂദൻമാരുടെ ബാബിലോനിലെ അടിമത്വത്തിലേക്കും നയിച്ചു. ചുരുക്കം ചില വിശ്വസ്തർ മാത്രമേ രോഗബാധിതമായ ജനതയുടെ ഇടയിൽ ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും അനുഭവിച്ചുള്ളു. അതുപോലെ ഇന്നും, തലമുതൽ പാദംവരെ രോഗഗ്രസ്തമായ ഈ ലോകത്തിൽ നൻമചെയ്യാൻ പഠിക്കുന്നതിന് ചുരുക്കംചിലർ മാത്രമേ ആഗ്രഹിക്കുന്നുള്ളു. യഹോവയുടെ ഈ വിശ്വസ്തദാസൻമാർ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തുന്നതിന് ഇപ്പോൾ ഉത്സാഹപൂർവകമായ ശ്രമംചെയ്യുകയാണ്. ദൈവത്തിന്റെ വാഗ്ദത്തംചെയ്യപ്പെട്ട പുതിയ ലോകത്തിൽ പൂർണ്ണമായ ശാരീരികാരോഗ്യവും നിത്യജീവനും നേടാനുള്ള പ്രത്യാശയോടെ തന്നെ.—2 പത്രോസ് 3:13; വെളിപ്പാട് 21:1-4.
ഈ രോഗബാധിതമായ ലോകത്തിലെ ആത്മീയാപകടങ്ങൾ
7. (എ) ഏതപകടങ്ങൾ നമ്മുടെ വിശ്വാസത്തെയും ആത്മീയാരോഗ്യത്തെയും അപകടത്തിലാക്കുന്നു? (ബി) ആത്മീയാരോഗ്യത്തെ അപകടപ്പെടുത്തുന്ന മൂന്നു മുഖ്യ മൂലഘടകങ്ങളെ നേരിടുന്നതുസംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു?
7 ഈ ലോകത്തിന്റെ ധാർമ്മികരോഗം വളരെ സാംക്രമികമായതുകൊണ്ട് വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്. ക്രിസ്ത്യാനികൾ തങ്ങളുടെ അവകാശപ്പെടുത്തിയ അപൂർണ്ണതയോടും പോരാടേണ്ടിയിരിക്കുന്നു. (റോമർ 7:21-25) മാത്രവുമല്ല, “ലോകത്തിന്റെ ഭരണാധിപ”നായ സാത്താൻ ജഡത്തിന്റെ ദൗർബല്യങ്ങളറിയാവുന്നവനും പ്രലോഭനത്തിൽ വിദഗ്ദ്ധനുമാണ്. (യോഹന്നാൻ 14:30; 1 യോഹന്നാൻ 5:19) വിശ്വാസത്തെയും ആത്മീയാരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഈ മൂന്ന് മുഖ്യ അപകടങ്ങൾ—ജഡവും ലോകവും പിശാചും—അതിശക്തങ്ങളാണ്. എന്നാൽ നാം ലോകത്തിൽ ജീവിക്കുന്നുവെങ്കിലും “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുക സാദ്ധ്യമാണ്. നമുക്ക് ‘ദൈവാത്മാവു മുഖേന തുടർന്നു നടക്കാനും’ ജഡികമോഹം നിവർത്തിക്കാതിരിക്കാനും കഴിയും. ദിവ്യസഹായത്തോടെ നമുക്ക് “പിശാചിന്റെ കുതന്ത്രങ്ങൾക്കെതിരെ ഉറച്ചുനിൽക്കാനും” കഴിയും. (യോഹന്നാൻ 17:15, 16; ഗലാത്യർ 5:16; എഫേസ്യർ 6:11; 2 കൊരിന്ത്യർ 2:11) എന്നാൽ ഇപ്പോൾ നമുക്ക് വിശ്വാസത്തെയും ആത്മീയാരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഈ മൂന്ന് മുഖ്യ മൂലഘടകങ്ങളെ എങ്ങനെ നേരിടാൻ കഴിയുമെന്ന് പരിചിന്തിക്കാം.
8. ആത്മീയാരോഗ്യത്തിനെതിരെ പ്രവർത്തിക്കുന്ന നമ്മുടെ ഉള്ളിലെ ശക്തികളെ സംബന്ധിച്ച് യേശു വർണ്ണിക്കുന്നതെങ്ങനെ?
8 നമ്മുടെ അപൂർണ്ണ മാനുഷപ്രകൃതിക്കുള്ളിൽ പാപത്തിൽ കലാശിക്കാൻ കഴിയുന്നതും നമ്മെ ആത്മീയരോഗികളാക്കാൻ കഴിയുന്നതുമായ ശക്തികളുണ്ട്. (യാക്കോബ് 1:14, 15) ഇത് ആലങ്കാരികഹൃദയത്തിനുള്ളിൽ വിശേഷാൽ സത്യമാണ്. യേശു ഇങ്ങനെ പറഞ്ഞു: “ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന്, ഹാനികരമായ ന്യായവാദങ്ങൾ പുറപ്പെടുന്നു: ദുർവൃത്തികൾ, മോഷണങ്ങൾ, കൊലപാതകങ്ങൾ, വ്യഭിചാരങ്ങൾ, ദുരാഗ്രഹങ്ങൾ, ദുഷ്ടപ്രവർത്തനങ്ങൾ, വഞ്ചന, അഴിഞ്ഞ നടത്ത, അസൂയയുള്ള കണ്ണ്, ദൂഷണം, അഹങ്കാരം, ന്യായബോധമില്ലായ്മ എന്നിവ തന്നെ. ഈ ദുഷ്ട കാര്യങ്ങളെല്ലാം ഉള്ളിൽനിന്ന് പുറപ്പെടുകയും ഒരു മനുഷ്യനെ മലിനമാക്കുകയും ചെയ്യുന്നു.”—മർക്കോസ് 7:21-23.
9. (എ) ആലങ്കാരിക ഹൃദയത്തിൽ ഏതാഗ്രഹങ്ങളുടെ വേരുറച്ചിരിക്കുന്നു? (ബി) സദൃശവാക്യങ്ങൾ 4:20-23 അനുസരിച്ച് നമുക്ക് എങ്ങനെ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ കഴിയും?
9 ഹൃദയം ദുർമ്മോഹങ്ങളുടെ ഉറവാണെങ്കിലും, ദൈവഭക്തിയുള്ള ആളുകളിൽ അത് യഹോവയോടുള്ള ആദരവിന്റെയും നീതിയോടുള്ള സ്നേഹത്തിന്റെയും കൂടെ ഇരിപ്പിടമാണ്. (മത്തായി 22:37; എഫേസ്യർ 4:20-24) നമ്മുടെ കാര്യത്തിൽ നൻമയാണോ തിൻമയാണോ പ്രബലപ്പെടുന്നതെന്നുള്ളത് നാം നമ്മുടെ ഹൃദയങ്ങളിലേക്ക് എന്ത് സ്വീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദൈവവചനം ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “എന്റെ മകനേ, എന്റെ വാക്കുകൾക്ക് ശ്രദ്ധ തരികതന്നെ ചെയ്യുക. എന്റെ വചനങ്ങൾക്ക് നിന്റെ ചെവി ചായിക്കുക. അവ നിന്റെ കണ്ണുകളിൽനിന്ന് മാറിപ്പോകാതിരിക്കട്ടെ. അവയെ നിന്റെ ഹൃദയത്തിൻമദ്ധ്യേ സൂക്ഷിക്കുക. എന്തെന്നാൽ അവ അവയെ കണ്ടെത്തുന്നവർക്ക് ജീവനും അവരുടെ സർവജഡത്തിനും ആരോഗ്യവുമാകുന്നു. സൂക്ഷിക്കേണ്ട എല്ലാററിനെക്കാളുമധികമായി നിന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക, എന്തെന്നാൽ അതിൽനിന്നാകുന്നു ജീവന്റെ ഉറവുകൾ.”—സദൃശവാക്യങ്ങൾ 4:20-23.
10. നമ്മുടെ ജഡികദൗർബല്യങ്ങൾ നമ്മുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും ബാധിക്കുന്നതെങ്ങനെ?
10 നമ്മുടെ ജഡികദൗർബല്യങ്ങൾ നമ്മുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും ബാധിക്കുന്നു. നിരുത്സാഹത്താലും അക്ഷമയാലും നീരസത്താലും വല്ലപ്പോഴും ബാധിക്കപ്പെടാത്തതാരാണ്? നാം ഈ ജഡിക പ്രവണതകളെ സത്വരം തിരുത്തുകയാണെങ്കിൽ ആത്മീയാരോഗ്യം നിലനിർത്താൻ കഴിയും. എന്നാൽ അഹങ്കാരത്തിനും അതിമോഹത്തിനും പെട്ടെന്നുതന്നെ ഹൃദയത്തിൽ വേരുപിടിക്കാൻകഴിയും. അത്യാഗ്രഹവും അമിതോല്ലാസങ്ങൾക്കായുള്ള ആഗ്രഹവും ആഹ്ലാദത്തിമർപ്പുകളും നിയന്ത്രണം ഏറെറടുത്തേക്കാം. ദൈവം നമ്മെ നിർമ്മിച്ച വിധം നിമിത്തം ലൈംഗികമോഹം സ്വാഭാവികമായിരിക്കെ, അതിന് നമ്മെ തന്ത്രപൂർവം വഴിതെററിക്കാൻ കഴിയും. അങ്ങനെയുള്ള ആത്മീയരോഗം നമ്മിൽ വികാസംപ്രാപിക്കാതെ തടയാൻ നാം നമ്മുടെ ജീവിതത്തിൽ ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുകയും “ദുഷ്ടതയെ വെറുക്കാനും” “നൻമയോടു പററിനിൽക്കാനും” നമ്മേത്തന്നെ പരിശീലിപ്പിക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്.—റോമർ 12:9; ഗലാത്യർ 5:22, 23.
ആത്മീയരോഗത്തിന്റെ ബാഹ്യ ഉറവുകൾ
11. (എ) ഏത് ലൗകിക മനോഭാവങ്ങളും പ്രവർത്തനങ്ങളും വളരെ സാംക്രമികമാണ്? (ബി) യേശു പറയുന്നതനുസരിച്ച് നാം ഏത് വശങ്ങളിൽ നമ്മുടെ ഹൃദയങ്ങൾക്ക് ശ്രദ്ധകൊടുക്കണം?
11 ബാഹ്യഉറവുകളിൽനിന്ന് ആത്മീയരോഗാണുബാധ ഉണ്ടായേക്കാം. അത് ആത്മീയമായി മരിച്ചവരിൽനിന്ന് നമ്മിലേക്ക് വ്യാപിക്കാൻ കഴിയും. (എഫേസ്യർ 2:1-3) നാം അവരോട് വളരെ അടുത്തുകഴിയുന്നുവെങ്കിൽ നാം അവരുടെ മനോഭാവങ്ങളും ജീവിതശൈലികളും സ്വീകരിച്ചേക്കാം. ലൗകികമായി പുരോഗമിക്കുന്നതും പണത്തെ സ്നേഹിക്കുന്നതും ഭൗതികമായി ഏററവും നല്ലതാസ്വദിക്കുന്നതും ഉല്ലാസമനുഭവിക്കുന്നതുമാണ് ഈ ലോകജനങ്ങളുടെ ജീവിതത്തിലെ വലിയ കാര്യങ്ങൾ. എന്നാൽ അങ്ങനെയുള്ള കാര്യങ്ങൾക്കായുള്ള മോഹം വളരെ സാംക്രമികമാണ്. അവക്ക് പരിമിതമായി വിധേയമാകുന്നതുപോലും നമ്മെ ആത്മീയമായി അലസരാക്കിയേക്കാം. യേശു ഇങ്ങനെ മുന്നറിയിപ്പുനൽകി: “നിങ്ങളുടെ ഹൃദയങ്ങൾ അതിഭക്ഷണത്താലും ഭാരിച്ച കുടിയാലും ജീവിതോൽക്കണ്ഠകളാലും ഒരിക്കലും ഭാരപ്പെടാതിരിക്കാനും ആ ദിവസം പെട്ടെന്ന് ഒരു കെണിപോലെ നിങ്ങളുടെമേൽ ക്ഷണത്തിൽ വരാതിരിക്കാനും നിങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കുക. എന്തുകൊണ്ടെന്നാൽ അത് സർവഭൂമുഖത്തും വസിക്കുന്ന സകലരുടെയുംമേൽ വരും.”—ലൂക്കോസ് 21:34, 35.
12. തെററായ ആശയങ്ങളും ഉപദേശങ്ങളും ആത്മീയാരോഗ്യത്തിന് അപകടകരമായിരിക്കാൻ കഴിയുന്നതെങ്ങനെ?
12 ഈ ലോകത്തിന്റെ തെററായ ആശയങ്ങൾക്കും ഉപദേശങ്ങൾക്കും നമ്മെ ബാധിക്കാൻ കഴിയും. പൗലോസ് ഇങ്ങനെ മുന്നറിയിപ്പുനൽകി: “അവർ ആരോഗ്യാവഹമായ ഉപദേശങ്ങൾ പൊറുക്കാതെ അവരുടെ സ്വന്തം മോഹങ്ങൾക്കനുസൃതമായി തങ്ങളുടെ കർണ്ണങ്ങളെ രസിപ്പിക്കുന്നതിന് തങ്ങൾക്കായി ഉപദേഷ്ടാക്കളെ പെരുക്കുന്ന ഒരു കാലഘട്ടം ഉണ്ടാകും; അവർ സത്യത്തിൽനിന്ന് തങ്ങളുടെ ചെവികൾ തിരിച്ചുകളയും, അതേസമയം അവർ കള്ളക്കഥകളിലേക്ക് വ്യതിചലിപ്പിക്കപ്പെടുകയും ചെയ്യും.” (2 തിമൊഥെയോസ് 4:3, 4) വ്യാജോപദേശങ്ങൾ അർബുദം പോലെയാണ്. (2 തിമൊഥെയോസ് 2:16, 17) അത് ബാധിക്കുമ്പോൾ ശരീരത്തിന്റെ ഒരു ഭാഗത്ത് ജീവദായകമായ രക്തം കിട്ടാതിരിക്കുന്നതുകൊണ്ട് ആ ഭാഗം മൃതമാകുന്നു.
13. ആത്മീയരോഗം അർബുദംപോലെ വ്യാപിച്ചിരിക്കുന്നുവെങ്കിൽ എന്തു ചെയ്യണം?
13 അർബുദം എത്ര വേഗം വ്യാപിക്കുന്നു! മരണത്തെ തടയുന്നതിന് ഡോക്ടർ ശരീരത്തിന്റെ ഒരു ഭാഗം ഛേദിച്ചുകളയേണ്ടിവന്നേക്കാം. അതുകൊണ്ട് സംശയങ്ങളും പരാതികളും അല്ലെങ്കിൽ വിശ്വാസത്യാഗവും നിങ്ങളെ ആത്മീയമായി ദുഷിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെങ്കിൽ, അവയെ പെട്ടെന്ന് ഛേദിച്ചുമാററുക! (മത്തായി 5:29, 30 താരതമ്യപ്പെടുത്തുക.) സഭാമൂപ്പൻമാരിൽനിന്ന് സഹായം സ്വീകരിക്കുക. “ആരോഗ്യാവഹമായ വാക്കുകൾ അംഗീകരിക്കാത്ത”തുകൊണ്ട് “വാക്കുകളെക്കുറിച്ചുള്ള ചോദ്യംചെയ്യലുകളും വാദപ്രതിവാദങ്ങളും സംബന്ധിച്ച് മാനസികമായി രോഗം ബാധിച്ചവർ” എന്ന് പൗലോസ് വർണ്ണിച്ചവരെപ്പോലെയായിത്തീരരുത്.—1 തിമൊഥെയോസ് 6:3, 4.
14. സഭയുടെ ആത്മീയാരോഗ്യത്തെ സംരക്ഷിക്കുന്നതിന് എന്ത് ചെയ്യുന്നതാവശ്യമാണെന്ന് മൂപ്പൻമാർ കണ്ടെത്തിയേക്കാം?
14 സഭയുടെ ആത്മീയാരോഗ്യം സംരക്ഷിക്കുന്നതിന്, “ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ പ്രബോധിപ്പിക്കുകയും എതിർപറയുന്നവരെ ശാസിക്കുകയും” ചെയ്യേണ്ടയാവശ്യമുണ്ട്. (തീത്തോസ് 1:9, 13, 16; 2:1) ഒരുപക്ഷേ അങ്ങനെയുള്ള ആളുകളെ ആത്മീയമായ ആരോഗ്യാവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാൻ കഴിയും. (2 തിമൊഥെയോസ് 2:23-26) എന്നാൽ അവർ അനുതാപമില്ലാതെ വ്യാജോപദേശത്തെ പ്രോൽസാഹിപ്പിക്കുന്നുവെങ്കിലോ? അപ്പോൾ അവരെ ഫലത്തിൽ സമ്പർക്കനിരോധത്തിലാക്കേണ്ടതാണ്. അവർ പുറത്താക്കപ്പെടുന്നു. അവരുടെ ആത്മീയരോഗാണുബാധ നമ്മിലേക്കു വ്യാപിക്കാതിരിക്കാൻ നാം അവരിൽനിന്ന് അകന്നുനിൽക്കുന്നു.—റോമർ 16:17, 18; 1 കൊരിന്ത്യർ 5:9-13; തീത്തോസ് 3:9-11.
15. ദൈവജനത്തിന്റെ ആത്മീയാരോഗ്യത്തിന് തുരങ്കംവെക്കാൻ ശ്രമിക്കുമ്പോൾ ഏത് രണ്ടു മുഖ്യ സമീപനങ്ങൾ പിശാച് ഉപയോഗിച്ചിരിക്കുന്നു?
15 വിശ്വാസത്തിനും ആത്മീയാരോഗ്യത്തിനുമുള്ള അപകടത്തിന്റെ മൂന്നാമത്തെ ഉറവ് പിശാചാണ്. (എഫേസ്യർ 6:11, 12) നമ്മുടെ നാൾവരെയും അവൻ ജനപ്രക്ഷോഭണം, പ്രഹരങ്ങൾ, തടവിലാക്കൽ, മരണഭീഷണി എന്നിവ ഉൾപ്പെടെയുള്ള പീഡനത്തിലൂടെ യഹോവയുടെ ജനത്തിന്റെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. (വെളിപ്പാട് 2:10) യഹോവയുടെ ദാസൻമാരിലൊരാളുടെ നിർമ്മലതയെ ഈ തന്ത്രങ്ങളിലൂടെ ഭഞ്ജിക്കുന്നതിൽ സാത്താൻ അപൂർമായി വിജയിക്കുന്നതുകൊണ്ട് ചിലരെ വീഴിക്കാനിടയാക്കുന്നതിനുള്ള ശ്രമത്തിൽ സാത്താൻ താൻ ദൈവമായിരിക്കുന്ന ഈ ലോകത്തിന്റെ ആകർഷണങ്ങളെ ഉപയോഗിക്കുന്നു.—2 കൊരിന്ത്യർ 4:4; 11:3, 14.
16. നമ്മുടെ വിശ്വാസത്തിൻമേലും ആത്മീയാരോഗ്യത്തിൻമേലുമുള്ള പിശാചിന്റെ ആക്രമണങ്ങളെ ചെറുത്തുനിൽക്കുന്നതിന് നമുക്ക് എന്ത് സംരക്ഷണങ്ങളുണ്ട്?
16 പിശാചിന്റെ ആക്രമണങ്ങളെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? ദൈവത്തിൽനിന്നുള്ള സകല ആത്മീയ ആയുധവർഗ്ഗവും ധരിക്കുന്നതിനാൽ. വിശേഷാൽ നാം ‘വിശ്വാസമാകുന്ന വലിയ പരിച എടുക്കണം, അതുപയോഗിച്ചുകൊണ്ട് നമുക്ക്’ സാത്താൻ നമ്മുടെ നേരെ ചുഴററിയെറിയുന്ന ‘എരിയുന്ന സകല ബാണങ്ങളെയും കെടുത്താൻ കഴിയും.’ “ഞങ്ങളെ പ്രലോഭനത്തിലേക്ക് കൊണ്ടുവരരുതേ, എന്നാൽ ഞങ്ങളെ ദുഷ്ടനായവനിൽനിന്ന് വിടുവിക്കേണമേ” എന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയായി നാം പ്രാർത്ഥിക്കുകയും വേണം. (എഫേസ്യർ 6:11-18; മത്തായി 6:13) നാം ആ വിധത്തിൽ പ്രാർത്ഥിക്കുകയും നമ്മുടെ പ്രാർത്ഥനകൾക്കനുയോജ്യമായി പ്രവർത്തിക്കുകയുമാണെങ്കിൽ സാത്താന്റെ സകല തീയമ്പുകളെയും കെടുത്തുന്നതിൽ നമുക്ക് നമ്മുടെ സ്വർഗ്ഗീയപിതാവിന്റെ സഹായം പ്രതീക്ഷിക്കാൻ കഴിയും.
വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലനിൽക്കുക
17. ആത്മീയാരോഗ്യം നിലനിർത്തുന്നതിന് “തക്ക സമയത്തെ ആഹാരം” ഉൾക്കൊള്ളുന്നതും ക്രിസ്തീയപ്രവർത്തനങ്ങളിൽ നിരന്തരം പങ്കുപററുന്നതും എത്ര പ്രധാനമാണ്?
17 നല്ല ശാരീരികാരോഗ്യം നിലനിർത്തുന്നതിൽ രോഗനിരോധം ഒരു വലിയ ഘടകമാണ്. പോഷകഗുണമുള്ള ആഹാരവും ശരിയായ വ്യായാമവും മനസ്സിന്റെയും ശരീരത്തിന്റെയും പൊതുസംരക്ഷണവും മർമ്മപ്രധാനമാണ്. രോഗത്തിനെതിരായ സ്വാഭാവിക പ്രതിരോധങ്ങൾ ആരോഗ്യമുള്ള ഒരു ശരീരത്തിൽ കൂടുതൽ ശക്തമാണ്. അതുപോലെതന്നെ, ആത്മീയാരോഗ്യം നിലനിർത്തുന്നതിന് ദൈവം നിർദ്ദേശിക്കുന്ന ആഹാരക്രമം അനുസരിക്കുന്നതും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനംചെയ്യപ്പെടുന്ന പോഷണപ്രദമായ ‘തക്ക സമയത്തെ ആത്മീയാഹാര’ത്തെ വിലമതിക്കുന്നതും മർമ്മപ്രധാനമാണ്. ഈ ലോകത്തിലെ നിർഗ്ഗുണമായ ആത്മീയാഹാരത്തെ തള്ളിക്കളഞ്ഞുകൊണ്ട് നാം ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പഠിക്കുകയും ദൈവജനവുമായി നിരന്തരം കൂടിവരുകയും ചെയ്യേണ്ടതാണ്. (മത്തായി 24:45-47; എബ്രായർ 10:24, 25) ശുശ്രൂഷയിലും മററു ക്രിസ്തീയപ്രവർത്തനങ്ങളിലുമുള്ള “കർത്താവിന്റെ വേലയിൽ എല്ലായ്പ്പോഴും ധാരാളം ചെയ്യാനുണ്ടായിരിക്കുന്ന”തിൽനിന്ന് കിട്ടുന്ന വ്യായാമവും നമുക്കാവശ്യമാണ്.—1 കൊരിന്ത്യർ 15:58.
18. “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” എന്താണ്, നാം അത് ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?
18 വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി നിലനിൽക്കുന്നതിന്, ദൈവത്തിന്റെ ആത്മീയകരുതലുകളെ പൂർണ്ണമായി ഉപയോഗിക്കുക. പൗലോസ് തിമൊഥെയോസിനോടു പറഞ്ഞതുപോലെ: “നീ എന്നിൽനിന്നു കേട്ട ആരോഗ്യപ്രദമായ വാക്കുകളുടെ മാതൃക ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ പിടിച്ചുകൊള്ളുക. ഈ നല്ല സൂക്ഷിപ്പുധനം നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവുമുഖാന്തരം കാത്തുകൊള്ളുക.” (2 തിമൊഥെയോസ് 1:13, 14) ഒരു ഭാഷക്ക് പദങ്ങളുടെ ഒരു മാതൃകയുണ്ട്. സമാനമായി, ബൈബിൾസത്യത്തിന്റെ “നിർമ്മലഭാഷ”ക്ക് രാജ്യം മുഖാന്തരമുള്ള യഹോവയുടെ നീതിമത്ക്കരണം എന്ന വിഷയത്തിൽ മുഖ്യമായി അടിസ്ഥാനപ്പെട്ടിരിക്കുന്ന ഒരു മാതൃകയുണ്ട്. (സെഫന്യാവ് 3:9) നാം നമ്മുടെ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തണമെങ്കിൽ നാം ഹൃദയത്തിലും മനസ്സിലും ഈ ആരോഗ്യപ്രദമായ വാക്കുകളുടെ മാതൃക സൂക്ഷിച്ചുകൊള്ളണം. അതല്ലെങ്കിൽ അതിന് നമുക്കുള്ള പ്രാധാന്യംസംബന്ധിച്ച് മങ്ങലേൽക്കും. പ്രസ്പഷ്ടമായി ഇത് കൊരിന്തിലെ സഭയിൽ സംഭവിച്ചു, അവിടെ അവർ ആത്മീയ ഗ്രഹണത്തിൽ കുറവുള്ളവരായിരുന്നതിനാൽ ചിലർ “ദുർബലരും രോഗികളും” ആയിരുന്നു.—1 കൊരിന്ത്യർ 11:29-32.
19. (എ) ആത്മീയരോഗം വളർന്നിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം? (ബി) ഒരു വ്യക്തി ആത്മീയമായി രോഗിയാണെങ്കിൽ മൂപ്പൻമാർക്ക് എന്തു ചെയ്യാൻ കഴിയും?
19 നിങ്ങൾ ആത്മീയരോഗം വളർത്തിയിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം? സ്നേഹമസൃണമായ സഹായം തീർച്ചയായും ആവശ്യമാണ്, ലഭ്യവുമാണ്, എന്തുകൊണ്ടെന്നാൽ യാക്കോബ് പറയുന്നു: “നിങ്ങളുടെ ഇടയിൽ രോഗിയായ ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ പ്രായമേറിയ പുരുഷൻമാരെ തന്റെ അടുക്കലേക്ക് വിളിക്കട്ടെ, അവർ യഹോവയുടെ നാമത്തിൽ അവനെ എണ്ണ പൂശി അവനെ സംബന്ധിച്ച് പ്രാർത്ഥിക്കട്ടെ.” (യാക്കോബ് 5:14) അതെ, മൂപ്പൻമാരുടെ സഹായം തേടുക. ആത്മീയവൈദ്യൻമാർ എന്ന നിലയിൽ ആത്മീയരോഗത്തിന്റെ അടിവേരിലേക്കുതന്നെ ഇറങ്ങാൻ അവർക്ക് നിങ്ങളെ സഹായിക്കാൻകഴിയും. അവർ സൗമ്യമായും എന്നാൽ ഫലപ്രദമായും ദൈവവചനത്തിലെ സൗഖ്യദായകമായ എണ്ണ പൂശും. നിങ്ങൾ പാപങ്ങൾ ചെയ്തിട്ട് അനുതാപമുള്ളയാളാണെങ്കിൽ യഹോവ സത്യമായും ക്ഷമിക്കുകതന്നെ ചെയ്യുന്നുവെന്ന് ഉറപ്പുണ്ടായിരിക്കുക. (സങ്കീർത്തനം 103:8-14) മൂപ്പൻമാർ നിങ്ങളോടുകൂടെയും നിങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുമ്പോൾ എന്തു പ്രതീക്ഷിക്കാൻ കഴിയും? യാക്കോബ് ഉത്തരം നൽകുന്നു: “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന സുഖമില്ലാത്തയാളെ സൗഖ്യമാക്കും, യഹോവ അവനെ എഴുന്നേൽപ്പിക്കും. കൂടാതെ, അയാൾ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, അത് അയാളോടു ക്ഷമിക്കപ്പെടും.”—യാക്കോബ് 5:15.
ആത്മീയാരോഗ്യം നിത്യജീവനിലേക്കു നയിക്കുന്നു
20. (എ) ഒന്നാം നൂററാണ്ടിലെ ഭരണസംഘം ആത്മീയാരോഗ്യം നിലനിർത്തുന്നതുസംബന്ധിച്ച് എന്ത് ബുദ്ധിയുപദേശം നൽകി? (ബി) നാം പുതിയ ലോകത്തിലെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുമ്പോൾ നമ്മെ എന്ത് സഹായിക്കും?
20 “നിങ്ങൾക്ക് നല്ല ആരോഗ്യം!” യഹോവയുടെ ജനത്തിന്റെ ഒന്നാം നൂററാണ്ടിലെ ഭരണസംഘം ക്രിസ്ത്യാനികളിൽനിന്ന് ആവശ്യപ്പെട്ടിരുന്ന “അവശ്യ കാര്യങ്ങൾ” പ്രസ്താവിച്ചുകൊണ്ട് അതിന്റെ ലേഖനം പര്യവസാനിപ്പിച്ചത് ആ വാക്കുകളോടെയായിരുന്നു. അവർ “വിഗ്രഹങ്ങൾക്ക് ബലിചെയ്യപ്പെട്ടവയും രക്തവും ശ്വാസം മുട്ടിച്ചുകൊല്ലപ്പെട്ടവയും ദുർവൃത്തിയും വർജ്ജിച്ചുകൊണ്ടിരിക്കണ”മായിരുന്നു. (പ്രവൃത്തികൾ 15:28, 29) നല്ല ആത്മീയാരോഗ്യത്തിനുവേണ്ടിയുള്ള ആ കുറിപ്പടി ഇപ്പോഴും സാധുവാണ്. നാം പുതിയ ലോകത്തിന്റെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുമ്പോൾ, നാം ഈ രോഗബാധിത ലോകത്തിൽ തീക്ഷ്ണമായി രാജ്യസുവാർത്ത പ്രസംഗിക്കുകയും യഹോവയുടെ നാമത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെങ്കിൽ നമുക്ക് നമ്മുടെ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്താൻ കഴിയും. ഈ വിധത്തിൽ തിരക്കുള്ളവരായിരിക്കുന്നത് ഇപ്പോൾ വളരെയടുത്തിരിക്കുന്ന പുതിയ ലോകത്തിലെ അനുഗ്രഹത്തിനുവേണ്ടി അക്ഷമരായിത്തീരുന്നതിൽനിന്ന് നമ്മെ തടയും. “നീട്ടിവെക്കപ്പെടുന്ന പ്രതീക്ഷ ഹൃദയത്തെ രോഗബാധിതമാക്കുന്നു, എന്നാൽ ആഗ്രഹിക്കപ്പെട്ട കാര്യം അതു വരികതന്നെ ചെയ്യുമ്പോൾ ഒരു ജീവവൃക്ഷമാകുന്നു” എന്നത് സത്യംതന്നെ.—സദൃശവാക്യങ്ങൾ 13:12.
21. ഈ രോഗബാധിത ലോകത്തിൽ തങ്ങളുടെ വിശ്വാസവും ആത്മീയാരോഗ്യവും വിജയപ്രദമായി നിലനിർത്തുന്നവർക്ക് ഏതനുഗ്രഹങ്ങൾ കരുതിവെക്കപ്പെട്ടിരിക്കുന്നു?
21 യഹോവ തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി കരുതിവെച്ചിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങൾ നഷ്ടപ്പെടുത്തരുത്. ലോകസ്വാധീനങ്ങളുടെ സകല ചെറുത്തുനിൽപ്പും നമ്മുടെ ജഡികദൗർബല്യങ്ങളുമായുള്ള നമ്മുടെ മൽപ്പിടുത്തവും പിശാചിന്റെ എരിയുന്ന ബാണങ്ങളുടെ പിന്തിരിപ്പിക്കലും വ്യർത്ഥമായിരിക്കുകയില്ല. യഹോവയുടെ പുതിയ ലോകത്തിൽ “‘എനിക്കു രോഗമാണ്’ എന്ന് യാതൊരു നിവാസിയും പറയുകയില്ലാ”ത്ത കാലം നിങ്ങൾ നിങ്ങളുടെ സ്വന്തം കണ്ണുകൾകൊണ്ട് കാണും. (യെശയ്യാവ് 33:24) “നമ്മുടെ രോഗങ്ങൾ വഹിക്കുകയും നമ്മുടെ വ്യാധികൾ ചുമക്കുകയുംചെയ്ത”വനായ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെയുള്ള ദൈവത്തിന്റെ കരുതൽ നിമിത്തം ഇത് സത്യമായിരിക്കും. (മത്തായി 8:17 യെശയ്യാവ് 53:4) പ്രതീകാത്മകമായ “ജീവജലനദി”യിൽനിന്ന് കുടിക്കാനും “ജനതകളുടെ സൗഖ്യമാക്കലിനുവേണ്ടിയുള്ള” ഇലകളോടുകൂടിയ “ജീവവൃക്ഷ”ത്തിൽനിന്ന് ഭക്ഷിക്കാനും നിങ്ങൾക്ക് കഴിയും. (വെളിപ്പാട് 22:1, 2) നിങ്ങളുടെ വിശ്വാസവും ആത്മീയാരോഗ്യവും നിലനിർത്തിയതിന് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം പൂർണ്ണതയിലും സന്തുഷ്ടിയിലുമുള്ള അനന്തജീവിതമായിരിക്കും. (w89 10⁄1)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിരിക്കുന്നത് നല്ല ശാരീരികാരോഗ്യമുള്ളവരായിരിക്കുന്നതിനെക്കാൾ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ വിശ്വാസത്തെയും ആത്മീയാരോഗ്യത്തെയും അപകടത്തിലാക്കുന്ന മൂന്ന് മുഖ്യ അപകടങ്ങളേതെല്ലാം?
◻ നല്ല ആത്മീയാരോഗ്യത്തിന് ആലങ്കാരികഹൃദയവുമായി എന്തു ബന്ധമുണ്ട്?
◻ ഒരുവൻ ആത്മീയമായി രോഗിയാണെങ്കിൽ, എന്തു ചെയ്യണം?
[24-ാം പേജിലെ ചിത്രം]
രോഗബാധിതമായ ഒരു ലോകത്തിൽപോലും, ശക്തമായ വിശ്വാസവും നല്ല ആത്മീയാരോഗ്യവും ഉണ്ടായിരിക്കുക സാദ്ധ്യമാണ്
[26-ാം പേജിലെ ചിത്രം]
നല്ല ആത്മീയാരോഗ്യം തീക്ഷ്ണമായ ക്രിസ്തീയ പ്രവർത്തനത്തിലും തക്ക സമയത്തെ ആത്മീയാഹാരം നിരന്തരം ഉൾക്കൊള്ളുന്നതിലും ആശ്രയിച്ചിരിക്കുന്നു