കൂട്ടക്കൊല ഇരകളോ രക്തസാക്ഷികളോ?
ഇരകളും രക്തസാക്ഷികളും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ കൂട്ടക്കൊലയുടെ ഫലമായി കഷ്ടപ്പെട്ടവരെല്ലാം ഇരകളായിരുന്നു, എന്നാൽ പദത്തിന്റെ കൃത്യമായ അർത്ഥത്തിൽ ഒരു ന്യൂനപക്ഷം മാത്രമേ രക്തസാക്ഷികളായിരുന്നുള്ളു. എന്താണ് വ്യത്യാസം?
ഒരു ഇര “മറെറാരാളാൽ കൊല്ലപ്പെടുകയോ ദണ്ഡനത്തിനോ കഷ്ടപ്പാടിനോ വിധേയമാക്കപ്പെടുകയോ ചെയ്യുന്ന ആരെങ്കിലുമാണ്.” ഇരക്ക് സാധാരണയായി മറെറാന്നും തെരഞ്ഞെടുക്കാനില്ല.
ഒരു രക്തസാക്ഷി “മതതത്ത്വങ്ങൾ തള്ളിപ്പറയാതെ മരണമനുഭവിക്കാൻ തെരഞ്ഞെടുക്കുന്ന ഒരാൾ” അല്ലെങ്കിൽ “ഒരു വിശ്വാസമോ ലക്ഷ്യമോ തത്വമോ പുരോഗമിപ്പിക്കാൻ തനിക്ക് വളരെ പ്രധാനമായ എന്തെങ്കിലും ബലിചെയ്യുന്ന ഒരാൾ” ആണ്. (അമേരിക്കാൻ ഹെരിറേറജ ഡികഷണറി ഓഫ ദി ഇംഗ്ലീഷ ലാംഗ്വേജ) അങ്ങനെ, ഇര സാധാരണയായി സഹിക്കുന്നത് സ്വമേധയാ അല്ലാത്തപ്പോൾ രക്തസാക്ഷി സ്വമേധയാ ആണ്.
മൂന്നുതരം ഇരകൾ
നാസികളുടെ യഹൂദേതര ഇരകളെ സംബന്ധിച്ച ഒരു കോൺഫറൻസിൽ മാസച്ചൂസെററ്സ് യൂണിവേഴ്സിററിയിലെ ഡോ. ഗോർഡൻ സാൻ നാസികളുടെ ഇരകളെ മൂന്നു ശീർഷകങ്ങളിൻകീഴിൽ നിർവചിച്ചു: (1) തങ്ങൾ ആരായിരുന്നോ അതുനിമിത്തം കഷ്ടപ്പെട്ടവർ—യഹൂദൻമാർ, സ്ലാവ്സ്, ജിപ്സികൾ; (2) തങ്ങൾ ചെയ്തതുനിമിത്തം കഷ്ടപ്പെട്ടവർ—സ്വവർഗ്ഗസംഭോഗികൾ, രാഷ്ട്രീയപ്രവർത്തകർ, എതിർപ്പുകാർ; (3) തങ്ങൾ ചെയ്യാൻ വിസമ്മതിച്ചതുനിമിത്തം കഷ്ടപ്പെട്ടവർ—മനഃസാക്ഷിസംബന്ധമായ എതിർപ്പുണ്ടായിരുന്നവർ, യഹോവയുടെ സാക്ഷികൾ, മററുള്ളവർ.
ദശലക്ഷക്കണക്കിനു യഹൂദൻമാർ അവർ വംശീയമായ അർത്ഥത്തിൽ യഹൂദൻമാരായിരുന്നതുകൊണ്ടുമാത്രം കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തു. അവർ ഓർത്തഡോക്സ് യഹൂദൻമാരാണോ അതോ നിരീശ്വര യഹൂദൻമാരാണോയെന്നത് ഹിററ്ലറുടെ പിണിയാളുകൾക്കു കാര്യമല്ലായിരുന്നു. അവർ “അന്തിമ പരിഹാര”ത്തിന് അഥവാ നിർമ്മൂല നാശത്തിന് കുററംവിധിക്കപ്പെട്ടു—അങ്ങനെയാണ് യൂറോപ്പിൽനിന്ന് സകല യഹൂദൻമാരെയും നീക്കംചെയ്യുന്നതിനുള്ള ഹിററ്ലറുടെ രീതി വിളിക്കപ്പെട്ടത്. അങ്ങനെതന്നെ, ഹിററ്ലറുടെ കുരിശുയുദ്ധത്തിന് മുഖ്യമായി പോളണ്ടുകാരും റഷ്യാക്കാരും ഉക്രേനിയക്കാരുമായിരുന്ന സ്ലാവുകൾ “പരമോന്നത” ആര്യൻവംശത്തോടുള്ള താരതമ്യത്തിൽ ഒരു താണ വർഗ്ഗമായിരുന്ന സ്ലാവുകളായിരുന്നതുകൊണ്ടുമാത്രം കുററംവിധിക്കപ്പെട്ടു.
എന്നാൽ യൂറോപ്പിലെ യഹോവയുടെ സാക്ഷികളുടെ കേസ് വ്യത്യസ്തമായിരുന്നു. അവർ അനേകം ജനതകളിൽപെട്ടവരായിരുന്നു, എന്നാൽ അവരുടെ ക്രിസ്തീയ നിഷ്പക്ഷതാ നിലപാടു നിമിത്തവും ഏതെങ്കിലും രാഷ്ട്രത്തിന്റെ യുദ്ധശ്രമങ്ങളിൽ ഉൾപ്പെടുത്തപ്പെടുന്നതിനുള്ള വിസമ്മതം നിമിത്തവും ജർമ്മനിയിലെ നാഷനൽ സോഷ്യലിസ്ററ് വ്യവസ്ഥിതിക്ക് ഒരു സമാധാനവാദപരമായ ഭീഷണിയായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ‘നിർമ്മൂലനാശംവരുത്തേണ്ട ജാതി’ എന്ന് ഹിററ്ലർ അവരെ വിളിച്ചു. ആ “ജാതി” എത്ര വലുതായിരുന്നു, അവർ നിർമ്മൂലമാക്കപ്പെട്ടോ?
“ചെറിയ മതവിഭാഗം”—നാസികൾക്കു ഭീഷണി
മേൽപ്രസ്താവിച്ച കോൺഫറൻസിൽ ഡോ. ക്രിസ്ററീൻ കിംഗ് നാസിജർമ്മനിയിലെ സാക്ഷികളെക്കുറിച്ചുള്ള വസ്തുതകൾ അവതരിപ്പിച്ചു. അവർ ഇങ്ങനെ റിപ്പോർട്ടുചെയ്തു: ‘2 കോടി റോമൻ കത്തോലിക്കരും 4 കോടി പ്രോട്ടസ്ററൻറുകാരും അടങ്ങിയ 6 കോടി 50 ലക്ഷം വരുന്ന ജനസംഖ്യയിൽ 20,000മുള്ള ഈ ചെറിയ മതവിഭാഗം അധികാരികളുടെ ശ്രദ്ധ പിടിച്ചുപററിയെന്നത് ആദ്യനോട്ടത്തിൽ അതിശയമായിത്തോന്നാം. എന്നാൽ നിങ്ങൾ അവരുടെ ശക്തമായ അമേരിക്കൻ ബന്ധങ്ങളും അവരുടെ സാർവദേശീയ അഭിലാഷങ്ങളും അവരുടെ കമ്യൂണിസ്ററ് അനുഭാവവും സീയോന്യാഭിലാഷ അനുഭാവങ്ങളും പരിചിന്തിക്കുമ്പോൾ അവരെ വെച്ചുപൊറുപ്പിക്കാവുന്നതല്ലെന്ന് പെട്ടെന്നു വ്യക്തമാകുന്നു.’ തീർച്ചയായും, യഹോവയുടെ സാക്ഷികൾ കമ്മ്യൂണിസ്ററുകാരോ സീയോന്യാഭിലാഷക്കാരോ അല്ലായിരുന്നു, പിന്നെയോ രാഷ്ട്രീയത്തിന്റെയും വർഗത്തിന്റെയും കാര്യങ്ങളിൽ നിഷ്പക്ഷരായിരുന്നു. എന്നിരുന്നാലും, നാസികൾക്ക് അത് മനസ്സിലായില്ല.
ഹിററ്ലർ അധികാരത്തിൽ വന്ന 1933-ലാണ് സാക്ഷികൾക്കെതിരായ പ്രസ്ഥാനം തുടങ്ങിയത്. 1934-ൽ ലോകത്തിലെല്ലായിടത്തുനിന്നുമുള്ള പ്രതിഷേധകമ്പികൾ കിട്ടിയശേഷം ഹിററ്ലർ “ഈ ജാതി ജർമ്മനിയിൽ നിർമ്മൂലമാക്കപ്പെടും!” എന്ന് അലറി. യഹോവയുടെ സാക്ഷികളുടെ പീഡനം വർദ്ധിച്ചു.
എസഎസ സംസ്ഥാനത്തിന്റെ ശരീരാപഗ്രഥനം എന്ന തങ്ങളുടെ പുസ്തകത്തിൽ ഹെൽമട്ട് ക്രോസ്നിക്കും മാർട്ടിൻ ബ്രോസ്വാററും ഇങ്ങനെ പ്രസ്താവിക്കുന്നു: “1935നു ശേഷം തടങ്കൽപാളയങ്ങളിലെ അന്തേവാസികളിൽ ഗണ്യമായ ഒരു സംഘമായിരുന്ന സംരക്ഷണതടങ്കലിലുണ്ടായിരുന്ന മറെറാരു വിഭാഗം ഇൻറർനാഷനൽ വെരീനിംഗംഗ ഡെർ ഏൺസറെറൺ ബൈബെൽ ഫോർഷർ [യഹോവയുടെ സാക്ഷികൾ] അംഗങ്ങളായിരുന്നു. 1933-ൽ മൂന്നാം ജർമ്മൻഭരണകൂടത്തിൽ ഈ സ്ഥാപനം പിരിച്ചുവിടപ്പെട്ടിരുന്നു. ഈ സ്ഥാപനം സമാധാനപ്രസ്ഥാനപ്രവർത്തനത്തിന്റെ ഒരു ഉപകരണമായി കരുതപ്പെട്ടിരുന്നതുകൊണ്ട് യഹോവയുടെ സാക്ഷികളുടെ സകല റിക്രൂട്ടിംഗും അഥവാ പ്രചാരണവും നിയമത്താൽ നിരോധിക്കപ്പെട്ടു.”
“ആയിരത്തിത്തൊള്ളായിരത്തി മുപ്പത്താറ് ഫെബ്രുവരിയിൽ യഹോവയുടെ സാക്ഷികളുടെ സകല മുൻനേതാക്കളും ‘രണ്ടു മാസത്തോളം’ സംരക്ഷണതടങ്കലിൽ ഇടപ്പെടണമെന്ന് ആജ്ഞ ഉണ്ടായി. 1937 മെയ് മദ്ധ്യത്തിൽ കൂടുതലായ നടപടികൾ സ്വീകരിക്കപ്പെട്ടു. രഹസ്യപ്പോലീസ് ഇങ്ങനെ ഓർഡറിട്ടു: നിയമവിരുദ്ധ യഹോവയുടെ സാക്ഷികളുടെ ലക്ഷ്യങ്ങളെ അല്ലെങ്കിൽ അതിന്റെ അനുയായികളുടെ ഐക്യത്തെ പുരോഗമിപ്പിക്കുന്ന ഏതൊരുവനും സംരക്ഷണതടങ്കലിൽ എടുക്കപ്പെടുകയും ഒരു ജുഡീഷ്യൽ അറസ്ററ്വാറണ്ട് പുറപ്പെടുവിക്കുന്നതിന് കോടതിമുമ്പാകെ സത്വരം വരുത്തപ്പെടുകയും ചെയ്യും.” മിക്ക കേസുകളിലും ഈ “സംരക്തണതടങ്കൽ” ഒരു തടങ്കൽപാളയത്തിലേക്കുള്ള മാററത്തിൽ കലാശിച്ചു.
ഗ്രന്ഥകാരൻമാർ ഇങ്ങനെയും കുറിക്കൊണ്ടു: “1937⁄8ൽ ഡാക്കൗവിലെ ബഹുഭൂരിപക്ഷം അന്തേവാസികളും രാഷ്ട്രീയതടവുകാരായിരുന്നു. അതേസമയം ആ നാളുകളിൽപോലും സാമൂഹ്യവിരുദ്ധരെന്നു വിളിക്കപ്പെട്ടവരുടെയും സ്വവർഗ്ഗസംഭോഗികളുടെയും യഹോവയുടെ സാക്ഷികളുടെയും പതിവു കുററപ്പുള്ളികളുടെയും തുല്യമായി വലിയ സംഖ്യകളുണ്ടായിരുന്നു.”
രണ്ടാം ലോകമഹായുദ്ധവും നിഷപക്ഷതയും
ജർമ്മനിയും സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും തമ്മിൽ 1939-ൽ യുദ്ധംപൊട്ടിപ്പുറപ്പെട്ടപ്പോൾ സാക്ഷികളെസംബന്ധിച്ച് കാര്യങ്ങൾ കുറേകൂടെ വഷളായി. എന്തു സംഭവിച്ചു?
ഡിൻസേക്ക്ളനിൽനിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഓഗസ്ററ് ഡിക്ക്മാൻ 1939-ൽ സാക്സെൻഹോസനിൽ സൂക്ഷിക്കപ്പെട്ടിരുന്ന 600 സാക്ഷികളിൽ ഒരുവനായിരുന്നു.a സെപ്ററംബറിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പാളയകമാൻഡറായ ബാരനോവ്സ്ക്കി സാക്ഷികളുടെ മനഃശക്തിയെ തകർക്കാനുള്ള അവസരം കണ്ടു. സൈന്യത്തിൽ ചേരാൻ ഓഗസ്ററ് വിസമ്മതിച്ചു. പാളയത്തിലെ സകല അന്തേവാസികളുടെയും മുമ്പാകെ യുവാവായിരുന്ന ഡിക്ക്മാനെ വധിക്കാൻ ബാരനോവ്സ്ക്കി ഹിംലറിൽനിന്ന് അനുവാദം ചോദിച്ചു. സാക്ഷികൾ ഒരു വധനിർവഹണം യഥാർത്ഥമായി കാണുകയാണെങ്കിൽ അനേകം സാക്ഷികൾ തങ്ങളുടെ വിശ്വാസം തള്ളിപ്പറയുമെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. മൂന്ന് രഹസ്യപ്പോലീസുകാർ ഡിക്ക്മാനെ പിമ്പിൽനിന്നു വെടിവെച്ചു. അനന്തരം പോലീസ് ഓഫീസർ കൈത്തോക്കുകൊണ്ട് തലയിലും വെടിവെച്ചു.
ഒരു ദൃക്സാക്ഷിയായ ഗസ്ററാവ് ആഷ്നർ പിന്നീട് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “അവർ ഡിക്മാനെ വെടിവെച്ചുകൊല്ലുകയും വിശ്വാസം തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്നില്ലെങ്കിൽ ഞങ്ങളെല്ലാം വെടിവെച്ചുകൊല്ലപ്പെടുമെന്ന് ഞങ്ങളോടു പറയുകയുംചെയ്തു. ഒരു സമയത്ത് 30-ഓ 40-ഓ പേർവീതം ഞങ്ങൾ മണൽകുഴിയിലേക്ക് കൊണ്ടുപോകപ്പെടുകയും എല്ലാവരും വെടിവെച്ചുകൊല്ലപ്പെടുകയുംചെയ്യും. അടുത്ത ദിവസം, രഹസ്യപ്പോലീസ് ഒന്നുകിൽ ഒപ്പുവെക്കുന്നതിനോ അല്ലെങ്കിൽ വെടിവെക്കപ്പെടുന്നതിനോ ഉള്ള ഒരു കുറിപ്പ് ഞങ്ങൾക്ക് എത്തിച്ചുതന്നു. ഒരൊററ ഒപ്പുംകൂടാതെ അവർ പോയപ്പോഴത്തെ അവരുടെ കുപിതമായ മുഖം നിങ്ങൾ കാണേണ്ടതായിരുന്നു. പൊതുജനസമക്ഷമുള്ള ഞങ്ങളുടെ വധത്താൽ ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് അവർ ആശിച്ചിരുന്നു. എന്നാൽ ഞങ്ങൾക്ക് അവരുടെ വെടിയുണ്ടകളെക്കാൾ ഭയം യഹോവയെ അപ്രീതിപ്പെടുത്തുന്നതിലായിരുന്നു. കൂടുതലായി ഞങ്ങളിലാരെയും അവർ പരസ്യമായി വെടിവെച്ചില്ല.”
ഇതുപോലുള്ള ഒരു സാഹചര്യം 1939 സെപ്ററംബർ 6-ാം തീയതി ബുച്ചൻവാൾഡ് പാളയത്തിൽ വികാസംപ്രാപിച്ചു. നാസി ഉദ്യോഗസ്ഥനായ റോഡിൽ സാക്ഷികളോട് ഇങ്ങനെ പറഞ്ഞു: “ഫ്രാൻസിനോ ഇംഗ്ലണ്ടിനോ എതിരായി യുദ്ധംചെയ്യാൻ നിങ്ങൾ വിസമ്മതിക്കുകയാണെങ്കിൽ നിങ്ങളെല്ലാം മരിക്കേണ്ടതാണ്!” അത് പരിശോധനയുടെ ഒരു നിമിഷമായിരുന്നു. ഗേററ്ഹൗസിൽ പൂർണ്ണസായുധരായി കാത്തുനിന്ന രണ്ടു രഹസ്യപ്പോലീസ് വിഭാഗങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, “ഒരൊററ യഹോവയുടെ സാക്ഷി പോലും ജർമ്മനിക്കുവേണ്ടി യുദ്ധംചെയ്യാനുള്ള ഓഫീസറുടെ അപേക്ഷക്ക് മറുപടികൊടുത്തില്ല. അല്പനേരം മൗനമുണ്ടായി. പിന്നീട് പെട്ടെന്ന് ‘കൈ ഉയർത്തുക! നിങ്ങളുടെ പോക്കററുകൾ കാലിയാക്കുക!’ എന്ന ആജ്ഞപുറപ്പെട്ടു,” നരകസിദ്ധാന്തവും പ്രയോഗവും എന്നതിൽ യൂജിൻ കോഗൻ റിപ്പോർട്ടുചെയ്യുന്നു. അവരെ വെടിവെച്ചോ? ഇല്ല, അവരെ രഹസ്യപ്പോലീസ് ആക്രമിക്കുകയും കൊള്ളയടിക്കുകയും അനന്തരം ഭീകരമായ കല്ലുവെട്ടുജോലിക്ക് നിയോഗിക്കുകയുംചെയ്തു. അവർക്ക് ഏതെങ്കിലും ആശുപത്രി ചികിൽസ നിരസിക്കപ്പെട്ടു.
മേലുദ്ധരിക്കപ്പെട്ട ഡോ. കിംഗ് ഇങ്ങനെ വിശദീകരിച്ചു: ‘എന്നിരുന്നാലും നാസികൾക്കുതന്നെ അതിശയമാകുമാറ് അവർക്ക് യഹോവയുടെ സാക്ഷികളെ നീക്കംചെയ്യാൻ കഴിഞ്ഞില്ല. അവരെ എത്ര കഠിനമായി ഞെരുക്കിയോ അത്രയധികം അവർ കടുപ്പമുള്ളവരായിത്തീർന്നു, അവരുടെ ചെറുത്തുനിൽപ്പിൽ അവർ വജ്രം പോലെ കടുത്തവരായിത്തീർന്നു. ഹിററ്ലർ അവരെ ഒരു അവസാനനാളിലെ യുദ്ധത്തിലേക്കു തള്ളിവിട്ടു. അവർ വിശ്വാസം കാത്തു. അവർ തങ്ങളുടെ ഇളംചുവപ്പു ത്രികോണത്താൽ (സൈനികതിരിച്ചറിയൽ) അവർ പാളയങ്ങളിൽ ശക്തമായ ശൃംഖലകൾ രൂപവൽക്കരിച്ചു; അങ്ങേയററത്തെ സമ്മർദ്ദങ്ങളിൻകീഴിലെ അതിജീവനത്തെക്കുറിച്ചു പഠിക്കുന്ന എല്ലാവർക്കും അവരുടെ അനുഭവം വിലപ്പെട്ട വിവരങ്ങളാണ്. എന്തെന്നാൽ അവർ അതിജീവിക്കുകതന്നെ ചെയ്തു.’
ആഷ്വിററ്സിനെ അതിജീവിച്ച അന്നാ പാവൽസ്ഷിൻസ്ക്കാ ആഷവിററസിലെ മൂല്യങ്ങളും അക്രമവും എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി: “ആഷ്വിററ്സിലെ വലിയ ജനസമൂഹത്തിൽ യഹോവയുടെ സാക്ഷികൾ ചെറിയ ഒരു അപ്രധാന കൂട്ടമായിരുന്നു . . . അതുകൊണ്ട്, അവരുടെ ത്രികോണബാഡ്ജിന്റെ ഇളംചുവപ്പുനിറം ആ ചെറുസംഘം അതിന്റെ യഥാർഥശക്തിയെ പ്രതിനിധാനംചെയ്യാത്തവിധം വളരെ വ്യക്തമായി മുന്തിനിന്നു. തടവുകാരുടെ ഈ ചെറിയ കൂട്ടം ആശയപരമായി ഉറച്ച ഒരു ശക്തിയായിരുന്നു, അവർ നാസിസത്തിനെതിരായ യുദ്ധത്തിൽ ജയിച്ചു. ഈ മതവിഭാഗത്തിന്റെ ജർമ്മൻകൂട്ടം ഭീഷണിപ്പെടുത്തപ്പെട്ട ഒരു ജനതയുടെ മാർവിൽ സ്ഥിതിചെയ്യുന്ന അജയ്യ പ്രതിരോധത്തിന്റെ ഒരു ദ്വീപായിരുന്നു. അവർ ഭയലേശമില്ലാത്ത അതേ ആത്മാവിൽ ആഷ്വിററ്സ് പാളയത്തിൽ പ്രവർത്തിച്ചു.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഹോവയുടെ സാക്ഷികളിലാരും തന്റെ മതവിശ്വാസങ്ങൾക്കും ബോദ്ധ്യങ്ങൾക്കും എതിരായി ഒരു ആജ്ഞ അനുഷ്ഠിക്കുകയില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു.”
ഈ കാര്യത്തിലെ മുന്തിനിൽക്കുന്ന ഒരു ദൃഷ്ടാന്തമാണ് ജർമ്മനിയിലെ ലിപ്സ്പ്രിംഗിൽനിന്നുള്ള കുസറോവ് കുടുംബം. ഫ്രാൻസിനും ഹിൽഡായിക്കും 11 മക്കളടങ്ങിയ ഒരു വലിയ കുടുംബമുണ്ടായിരുന്നു, 6 ആൺകുട്ടികളും 5 പെൺകുട്ടികളും. നാസിഭരണത്തിൻകീഴിൽ 13 പേരടങ്ങിയ കുടുംബത്തിലെ 12 അംഗങ്ങൾ തുറുങ്കുകളിലും തടങ്കൽപാളയങ്ങളിലുമായി മൊത്തം 65 വർഷത്തേക്ക് വിധിക്കപ്പെട്ടു. 1940ൽ, 25-ാം വയസ്സിൽ, മനഃസാക്ഷിപരമായ എതിർപ്പുള്ളയാൾ എന്ന നിലയിൽ വില്ലം വെടിവെക്കപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞ് അയാളുടെ സഹോദരൻ 20 വയസ്സുകാരനായ വോൾഫ്ഗാംഗ് അതേ കാരണത്തിന് ബ്രാൻഡൽബർഗ്ഗ് തടങ്കലിൽ ശിരഃച്ഛേദം ചെയ്യപ്പെട്ടു. 1946-ൽ 28-ാം വയസ്സിൽ കാൾ-ഹെയ്ൻസ് സഹോദരൻ ഡാക്കൗവിൽനിന്ന് രോഗിയായി തിരിച്ചുവരുത്തപ്പെട്ടശേഷം ക്ഷയംബാധിച്ചു മരിച്ചു. മാതാപിതാക്കളും പെൺമക്കളുമെല്ലാം തുറുങ്കുകളിലും തടങ്കൽപാളയങ്ങളിലും ശിക്ഷയനുഭവിച്ചു. (രക്തസാക്ഷികളുടെ ഈ ശ്രദ്ധേയമായ കുടുംബത്തെസംബന്ധിച്ച വിശദവിവരത്തിന് 1985 സെപ്ററംബർ 1ലെ വാച്ച്ററവറിന്റെ 10-15വരെ പേജുകൾ കാണുക.)
നരകസിദ്ധാന്തവും ആചാരവും എന്ന തന്റെ പുസ്തകത്തിൽ യൂജിൻ കോഗൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “മനഃശാസ്ത്രപരമായി പറഞ്ഞാൽ, യഹോവയുടെ സാക്ഷികൾ ഉയർത്തിയ വെല്ലുവിളിയോട് രഹസ്യപ്പോലീസിന് ഒരിക്കലും കിടനിൽക്കാൻകഴിഞ്ഞില്ലെന്നുള്ള വസ്തുതയിൽനിന്ന് ഒരുവന് ഒഴിഞ്ഞുമാറാവുന്നതല്ല.”
ക്രിസ്തീയ സാക്ഷികളുടെ ഈ ചെറിയ കൂട്ടത്തിന് തങ്ങളുടെ ബൈബിൾവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിററ്ലറെ നേരിടാൻ കഴിഞ്ഞെങ്കിൽ, ദശലക്ഷക്കണക്കിനു പ്രോട്ടസ്ററൻറുകാരും കത്തോലിക്കരും ഈ കാര്യത്തിൽ പരാജയപ്പെട്ടതെന്തുകൊണ്ടെന്ന് ഒരുവൻ ചോദിക്കേണ്ടതുതന്നെയാണ്. നാസിസത്തിന് 6 കോടി ജർമ്മൻകാർ കൊടുത്ത പിന്തുണയെ പിൻവലിക്കുമായിരുന്ന വ്യക്തവും നിസ്തർക്കവുമായ മതനേതൃത്വവും മാർഗ്ഗനിർദ്ദേശവും എവിടെയായിരുന്നു? (13-ാംപേജിലെ ചതുരം കാണുക)
അവരെ പുലർത്തിയതെന്ത?
മുങ്ങിച്ചത്തവരും രക്ഷപെടുത്തപ്പെട്ടവരും എന്ന തന്റെ പുസ്തകത്തിൽ, പ്രിമോ ലേവി ഇങ്ങനെ പ്രസ്താവിക്കുന്നു: “അനുദിനജീവിതത്തിന്റെ [തടങ്കൽപാളയങ്ങളിലെ] ഞെരുക്കത്തിൽ [മതപരവും രാഷ്ട്രീയവുമായ] വിശ്വാസികൾ മെച്ചമായി ജീവിച്ചു . . . തങ്ങളുടെ വിശ്വാസത്തിന്റെ രക്ഷിക്കൽശക്തി എല്ലാവർക്കും പൊതുവായുണ്ടായിരുന്നു.”
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവരുടെ പ്രപഞ്ചം നമ്മുടേതിനെക്കാൾ വിസ്തൃതമായിരുന്നു, സ്ഥലകാലങ്ങൾ സംബന്ധിച്ച് കൂടുതൽ വിശാലമായിരുന്നു: എല്ലാററിനുമുപരിയായി കൂടുതൽ ഗ്രഹണക്ഷമമായിരുന്നു: അവർക്ക് ഒരു സഹസ്രാബ്ദ നാളെ ഉണ്ടായിരുന്നു . . . നീതിയും സഹതാപവും വിജയിച്ചിരുന്ന അല്ലെങ്കിൽ ഒരുപക്ഷേ വിദൂരമെങ്കിലും സുനിശ്ചിതമായ ഭാവിയിൽ വിജയിക്കുന്ന സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ഒരു സ്ഥലം ഉണ്ടായിരുന്നു.”
ഒരു ഭാവിസഹസ്രാബ്ദത്തിലുള്ള യഹോവയുടെ സാക്ഷികളുടെ വഴങ്ങാത്ത വിശ്വാസം മരണത്തിനു വിധിക്കപ്പെട്ട ജർമ്മൻ വിശ്വാസികളിൽനിന്നുള്ള ചുവടെ ചേർക്കുന്ന എഴുത്തുകളിൽനിന്ന് നന്നായി സംഗ്രഹിക്കാവുന്നതാണ്:
“എന്റെ പ്രിയ സഹോദരാ, കൊച്ചമ്മേ, മാതാപിതാക്കളേ, മറെറല്ലാ സഹോദരങ്ങളുമേ,
“നിങ്ങൾക്ക് ഈ എഴുത്തു കിട്ടുമ്പോഴേക്ക് ഞാൻ ജീവിച്ചിരിപ്പില്ലായിരിക്കും എന്ന വേദനാജനകമായ വാർത്ത ഞാൻ നിങ്ങൾക്ക് എഴുതേണ്ടിയിരിക്കുന്നു. ദയവായി അതിയായി സങ്കടപ്പെടരുത്. എന്നെ മരണത്തിൽനിന്ന് ഉയർപ്പിക്കുകയെന്നത് സർവശക്തനായ ദൈവത്തെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമാണ്. . . . എന്റെ ബലഹീനതയിൽ അവനെ സേവിക്കാൻ ഞാൻ ശ്രമിച്ചിരുന്നുവെന്നറിയുക. അവൻ അവസാനത്തോളം എന്നോടുകൂടെ ഉണ്ടെന്ന് എനിക്ക് പൂർണ്ണബോദ്ധ്യമുണ്ട്. . . . ഇപ്പോൾ എന്റെ പ്രിയപ്പെട്ട അമ്മേ, അപ്പാ, നിങ്ങൾ എനിക്കുവേണ്ടി ചെയ്തിട്ടുള്ള എല്ലാ നല്ല കാര്യങ്ങൾക്കുംവേണ്ടി ഞാൻ നിങ്ങളോടു രണ്ടുപേരോടും നന്ദിപറഞ്ഞുകൊള്ളട്ടെ. . . . യഹോവ നിങ്ങൾ ചെയ്തിട്ടുള്ള എല്ലാററിനും പ്രതിഫലം നൽകട്ടെ.
“(ഒപ്പ്) ലഡ്വിഗ് സൈറാനെക്ക്”
ലഡ്വിഗ് സൈറാനെക്ക് യഹോവയുടെ സാക്ഷികളിലൊരാളായിരുന്നതുകൊണ്ട് വധിക്കപ്പെട്ടു.
യോഹാന്നസ് ഹാംസ് ശിരഃച്ഛേദനയന്ത്രത്താലുള്ള മരണത്തിനു വിധിക്കപ്പെട്ട ശേഷം ഒരു സാക്ഷിയെന്ന നിലയിലുള്ള വിശ്വാസം തള്ളിപ്പറയുന്നതിന് അയാൾക്ക് ഏഴ് അവസരങ്ങൾ കൊടുക്കപ്പെട്ടു. 1940-ലെ അയാളുടെ വധത്തിന് അല്പംമുമ്പ് അയാൾ തന്റെ പിതാവായ മാർട്ടിന് ഈ എഴുത്തയച്ചു, അയാളും ഒരു സാക്ഷിയായിരുന്നതുകൊണ്ട് തടവിലാക്കപ്പെട്ടിരുന്നു.
“എന്റെ പ്രിയപ്പെട്ട അപ്പാ,
“ഇപ്പോഴും നമുക്ക് ഡിസംബർ 3 വരെ മൂന്നാഴ്ചയുണ്ട്, രണ്ടു വർഷം മുമ്പ് നമ്മൾ അവസാനമായി പരസ്പരം കണ്ടത് അന്നായിരുന്നല്ലോ. അപ്പൻ തടവറയുടെ അടിത്തറയിൽ പണിചെയ്യുകയും ഞാൻ തടവുമുററത്തുകൂടെ നടക്കുകയും ചെയ്തപ്പോഴത്തെ അപ്പന്റെ പ്രിയപ്പെട്ട പുഞ്ചിരി എനിക്ക് ഇപ്പോഴും കാണാൻ കഴിയും.
“ഈ സമയത്ത് ഞാൻ അപ്പനെ അഭിമാനത്തോടും കർത്താവിനോടുള്ള വിശ്വസ്തതയിൽ അങ്ങയുടെ ഭാരം വഹിക്കുന്ന വിധത്തിലുള്ള അത്ഭുതത്തോടുംകൂടെ കരുതിയിരിക്കുന്നു. ഇപ്പോൾ കർത്താവിനോട് മരണത്തോളമുള്ള എന്റെ വിശ്വസ്തത തെളിയിക്കുന്നതിനുള്ള അവസരം എനിക്കും നൽകപ്പെട്ടിരിക്കുന്നു, അതെ, മരണത്തോളം മാത്രമല്ല മരണത്തിലേക്കു പോലും.
“എന്റെ മരണവിധി ഉച്ചരിച്ചുകഴിഞ്ഞു. പകലിലും രാത്രിയിലും എന്നെ ബന്ധിച്ചിരിക്കുകയാണ്—കൈയാമത്തിൽനിന്നുള്ള പാടുകളാണ് (കടലാസ്സിൽ) കാണുന്നത്—എന്നാൽ ഇപ്പോഴും ഞാൻ പൂർണ്ണമായി ജയിച്ചടക്കിയിട്ടില്ല. . . . എന്റെ ഭൗമികജീവനെ രക്ഷിക്കാൻ എനിക്ക് ഇപ്പോഴും ഒരു അവസരമുണ്ട്, എന്നാൽ അതിനാൽ യഥാർത്ഥജീവൻ നഷ്ടപ്പെടുത്തുകയേയുള്ളു.
“പ്രിയപ്പെട്ട അപ്പാ, അങ്ങ് വീണ്ടും വീട്ടിലെത്തുമ്പോൾ എന്റെ പ്രിയപ്പെട്ട ലിസനെ (അയാളുടെ ഭാര്യ) തീർച്ചയായും വിശേഷാൽ പരിപാലിച്ചുകൊള്ളണം, എന്തുകൊണ്ടെന്നാൽ അവളുടെ പ്രിയൻ മടങ്ങിച്ചെല്ലുകയില്ലെന്നുള്ള അറിവ് അവൾക്ക് വിശേഷാൽ പ്രയാസമായിരിക്കും. അങ്ങ് ഇതു ചെയ്യുമെന്ന് എനിക്കറിയാം, ഞാൻ മുമ്പുകൂട്ടി നന്ദിപറയുകയാണ്. എന്റെ പ്രിയപ്പെട്ട അപ്പാ, ഞാൻ ആത്മാവിൽ അങ്ങയെ വിളിക്കുകയാണ്, ഞാൻ വിശ്വസ്തനായിരിക്കാൻ ശ്രമിച്ചിരിക്കുന്നതുപോലെ, വിശ്വസ്തനായിരിക്കുക. ഇനിയും നാം വീണ്ടും പരസ്പരം കാണും. അവസാനത്തോളം ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നതായിരിക്കും.
അങ്ങയുടെ പുത്രൻ യോഹാന്നസ്.”
ഒരു ദുഷ്ടഭരണകൂടത്തിൻകീഴിൽ മനഃസാക്ഷിപരമായ എതിർപ്പു പ്രകടമാക്കാൻ മുതിർന്ന യഹോവയുടെ സാക്ഷികളിലെ ശതക്കണക്കിനു രക്തസാക്ഷികളിൽ രണ്ടുപേർ മാത്രമാണിത്. അവരുടെ കൂട്ടമായ രക്തസാക്ഷിത്വത്തിന്റെ കഥ വാല്യങ്ങൾ നിറയാനുണ്ടായിരിക്കും.b (g89 4/8)
[അടിക്കുറിപ്പുകൾ]
a ഓഗസ്ററ് ഡിക്ക്മാന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വിശദ വിവരണത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി പ്രസിദ്ധപ്പെടുത്തിയ 1974-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം പേജ് 165-8 കാണുക.
b തടങ്കൽപാളയങ്ങളിലെ യഹോവയുടെ സാക്ഷികളുടെ രേഖ സംബന്ധിച്ച കൂടുതൽ വിശദമായ ഒരു റിപ്പോർട്ടിന് 1974-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകത്തന്റെ പേജ് 108-212-ഉം 1989-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകത്തിന്റെ പേജ് 111-34ഉം കാണുക.
[13-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ ഹിററലറുടെ ഇരകളായിരുന്നു
മെയ്14, 1985ലെ “ന്യൂയോർക്ക് റൈറംസിൽ”നിന്ന്
എഡിററർക്ക്:
ജർമ്മൻകാരായ എന്റെ ഭാര്യയും ഞാനും കൂടെ നാസിതടങ്കൽപാളയങ്ങളിൽ മൊത്തം 17 വർഷം ചെലവഴിച്ചു. ഞാൻ ഡാക്കൗയിലും മാത്തോസനിലുമായിരുന്നു, എന്റെ ഭാര്യയായ ജർട്രൂർഡ്, റാവൻസ്ബ്രൂക്കിലായിരുന്നു. നാസി കുററവാളികൾ ചെയ്യാഞ്ഞ കാര്യങ്ങൾ ചെയ്തതുകൊണ്ട് കഷ്ടപ്പെട്ട യഹൂദേതരരായ ആയിരക്കണക്കിനു ജർമ്മൻകാരിൽപെട്ടവരായിരുന്നു ഞങ്ങൾ. ഹിററ്ലറുടെ നിർബന്ധിതവിഗ്രഹാരാധനയോടും സൈനികത്വത്തോടും മനഃസാക്ഷിപരമായ എതിർപ്പു പ്രകടിപ്പിച്ചവരായിരുന്നു ഞങ്ങൾ. ഞങ്ങളിൽപെട്ട ആയിരങ്ങൾ പാളയങ്ങളെ അതിജീവിച്ചെങ്കിലും അനേകർ അതിജീവിച്ചില്ല.
ഹിററ്ലറുടെ നാസിഭരണത്തിൻകീഴിൽ കഷ്ടപ്പെട്ട സാധാരണക്കാരായ ജർമ്മൻകാരെക്കുറിച്ചുള്ള താങ്കളുടെ അടുത്ത കാലത്തെ എഴുത്തുകൾ (ഏപ്രിൽ 25-ലെ സബിനാ ലീററ്സ്മാനാലുള്ളതും ഏപ്രിൽ 30-ലെ അന്നാ ഈ. റീസ്ഗീസിനാൽ ഉള്ളതും) ഗസ്ററപ്പോയാൽ ഘോരമായി പീഡിപ്പിക്കപ്പെട്ടതും സാധാരണയായി അവഗണിക്കപ്പെടുന്നതുമായ ഒരു ന്യൂനപക്ഷത്തെക്കുറിച്ചു പറയാൻ എന്നെ പ്രേരിപ്പിക്കുന്നു. അവർ ഏൺസ്റെറ ബൈബൽ ഫോർഷർ (ആത്മാർത്ഥതയുള്ള ബൈബിൾ അദ്ധ്യേതാക്കൾ) അഥവാ ജഹോവാസ് സ്യൂഗൻ (യഹോവയുടെ സാക്ഷികൾ) എന്നറിയപ്പെട്ടിരുന്നു.
ഹിററ്ലർ 1933-ൽ അധികാരത്തിൽ വന്ന ഉടനെ അദ്ദേഹം രാഷ്ട്രീയത്തിലെയും യുദ്ധത്തിലെയും നിഷ്പക്ഷത നിമിത്തം യഹോവയുടെ സാക്ഷികളെ വ്യവസ്ഥാപിതമായി പീഡിപ്പിക്കാൻ തുടങ്ങി. തത്ഫലമായി ജർമ്മൻ സാക്ഷികളിലെ ആയിരങ്ങൾ കൂട്ടക്കൊലയുടെ ഇരകൾ മാത്രമല്ല രക്തസാക്ഷികളുമായിത്തീർന്നു. അതിസൂക്ഷ്മമായ വ്യത്യാസമുള്ളതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ മതവ്യത്യാസങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു കടലാസ്സിൽ ഒപ്പുവെക്കാൻ സന്നദ്ധരായിരുന്നെങ്കിൽ ഞങ്ങൾക്ക് ഏതു സമയത്തും തടങ്കൽപ്പാളയം വിട്ടുപോകാൻ സാധിക്കുമായിരുന്നു.
ഹിററ്ലർവാഴ്ചയെ ചെറുത്തുനിൽക്കുകതന്നെ ചെയ്ത ചില ജർമ്മൻകാരുടെ നെഞ്ചിൽ എരിഞ്ഞിരുന്നത് ഏതു തരം ആത്മാവായിരുന്നുവെന്ന് ചുരുങ്ങിയ രണ്ടു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കും. ബാഡ് ലിപ്പ്സ്പ്രിംഗിൽനിന്നുള്ള 25 വയസ്സുകാരനായ വില്ലം കുസ്സറോവ് ഹിററ്ലറുടെ സൈന്യത്തിൽ സേവിക്കാൻ വിസമ്മതിച്ചതുകൊണ്ട് 1940 ഏപ്രിൽ 27-ാം തീയതി വെടിവെച്ച് കൊല്ലപ്പെട്ടു.
രണ്ടുവർഷം കഴിഞ്ഞ് വില്ലമിന്റെ സഹോദരനായ വോൾഫ്ഗാംഗ് അതേ കാരണത്താൽ ബ്രാൻഡൻബർഗ് തടവറയിൽ ശിരഃച്ഛേദം ചെയ്യപ്പെട്ടു. ഹിററ്ലുടെ കണക്കുകൂട്ടലിൽ മനസ്സാക്ഷിപരമായി എതിർപ്പുള്ളവരെ വെടിവെച്ചുകൊല്ലുന്നത് അപ്പോഴേക്കും മാന്യത കൂടിയ നടപടിയായിരുന്നു. വോൾഫ്ഗാംഗിന് 20 വയസ്സായിരുന്നു.
ദൈവനാമത്തിൽ ദുർഭരണത്തിനെതിരെ ചെറുത്തു നിൽക്കാൻ മുതിർന്നതിനാൽ സമാനമായ വിധികളനുഭവിച്ച നൂറുകണക്കിന് ജർമ്മൻ സ്ത്രീപുരുഷൻമാരെക്കുറിച്ച് എനിക്കു പറയാൻ കഴിയും. ചെറുത്തുനിൽക്കാനും എണ്ണപ്പെടാനും വെറും ആയിരങ്ങൾക്കു പകരം തത്വബോധമുള്ള ദശലക്ഷക്കണക്കിന് ജർമ്മൻകാർ ഇല്ലാഞ്ഞതെന്തുകൊണ്ടെന്നുള്ളത് ഒരുപക്ഷേ മററുള്ളവർ ഉത്തരം പറയേണ്ട ഒരു ചോദ്യമാണ്.
മാർട്ടിൻ പോയററ്സിംഗർ
ബ്രൂക്ലിൻ, മെയ് 1, 1985.
[15-ാം പേജിലെ ചിത്രം]
കുസറോവ് കുടുംബം—വില്ലം (വലത്തുനിന്ന് രണ്ടാമത്) വെടിവെച്ചുകൊല്ലപ്പെട്ടു; വാഷ്ഗാംഗ് (ഇടത്തുനിന്ന് മൂന്നാമത്) ശിരഃച്ഛേദം ചെയ്യപ്പെട്ടു; കാൾ-ഹെയിൻസ് (ഇടത്തുനിന്നു രണ്ടാമത്) ഡാക്കൗവിൽ നിന്ന് മോചിതനായശേഷം ക്ഷയം ബാധിച്ചു മരിച്ചു.
[16-ാം പേജിലെ ചിത്രം]
(1988-ൽ മരിച്ച) മാർട്ടിൻ പോയററ്സിംഗറും അദ്ദേഹത്തിന്റെ ഭാര്യ ജർട്രൂഡും നാസിതടങ്കൽപാളയങ്ങളിൽ ഏതാണ്ട് 9 വർഷംവീതം ചെലവഴിച്ചു