കൂട്ടക്കൊല—അതെ, അത യഥാർത്ഥത്തിൽ സംഭവിച്ചു!
അതിശയകരമായി, ആധുനിക ചരിത്രത്തിൽ വർണ്ണിക്കപ്പെടുന്നതുപോലെയുള്ള കൂട്ടക്കൊല നടന്നില്ലെന്ന് പറയുന്ന ആളുകളുടെ ഒരു ചെറിയ ന്യൂനപക്ഷമുണ്ട്. യഥാർത്ഥത്തിൽ അറുപതു ലക്ഷം മരിച്ചോ? ഒടുവിൽ സത്യം എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് ഹാർവുഡ് ഇങ്ങനെ പ്രസ്താവിക്കുന്നു: “നിർമ്മൂലനാശം വരുത്തുകയെന്ന ഔദ്യോഗിക ജർമ്മൻ നയത്തിന്റെ ഫലമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് 60 ലക്ഷം യഹൂദൻമാർ മരിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.”
അതുകൊണ്ട് ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ യഹൂദൻമാരെ നിർമ്മൂലമായി നശിപ്പിക്കാൻ ആജ്ഞാപിച്ചോ? നാല്പതു ലക്ഷം മുതൽ അറുപതു ലക്ഷം വരെ യഹൂദൻമാർ യഥാർത്ഥത്തിൽ തടങ്കൽപാളയങ്ങളിൽ മരിച്ചോ? ഗാസ്ചേമ്പറുകൾ (വിഷവാതകം നിറച്ച അറകൾ) പോലെയുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നോ? അതോ ഇവ ജർമ്മൻചരിത്രത്തിന്റെ വളച്ചൊടിക്കലുകൾ ആണോ?
ഈ സംഭവങ്ങൾ നടന്നിട്ടില്ലെന്ന് തിരുത്തൽവാദികളായ ചില ചരിത്രകാരൻമാർ വാദിച്ചിരിക്കുന്നു. കൂടിയാൽ യഹൂദൻമാരുടെ ഏതാനും ചില ആയിരങ്ങൾ മരിച്ചുവെന്നും ഭൂരിപക്ഷവും മററു രാജ്യങ്ങളിലേക്ക് കൊണ്ടുപോകപ്പെട്ടുവെന്നും അവർ വാദിക്കുന്നു.
കാനഡായിൽ നടന്ന അടുത്ത കാലത്തെ ഒരു കേസ് ഈ വിവാദത്തെ പ്രദീപ്തമാക്കി. കൂട്ടക്കൊല നടന്നിട്ടുണ്ടെന്നുള്ളതിനെ നിഷേധിച്ചുകൊണ്ട് “സാമൂഹികമോ വർഗ്ഗീയമോ ആയ സഹിഷ്ണുതക്ക് ഹാനിവരുത്താനിടയുള്ള തെററായ വിവരങ്ങൾ അറിഞ്ഞുകൊണ്ട് പ്രസിദ്ധപ്പെടുത്തി”യതിനാൽ, കാനഡായിൽ കുടിയേറിപ്പാർത്ത ഒരു ജർമ്മൻകാരൻ ശിക്ഷിക്കപ്പെട്ടുവെന്ന് റെറാറൊണ്ടോയിലെ ദി ഗ്ലോബ ആൻഡ മെയൽ റിപ്പോർട്ടുചെയ്തു. ഫലം 15 മാസത്തെ ജയിൽവിധിയും കൂട്ടക്കൊലയെ സംബന്ധിച്ച അയാളുടെ തിരുത്തൽ വീക്ഷണങ്ങൾ പ്രസിദ്ധീകരിക്കുന്നതുസംബന്ധിച്ചുള്ള ഒരു നിരോധനവുമായിരുന്നു.
പശ്ചിമജർമ്മനിയിൽ “നാഷനൽ സോഷ്യലിസ്ററ് ഭരണത്തിന്റെ അല്ലെങ്കിൽ ക്രൂരമോ സ്വേച്ഛാധിപത്യപരമോ ആയ മറേറതെങ്കിലും തരം ഭരണത്തിന്റെ ഇരകളെന്ന നിലയിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ട ആളുകളെ നിന്ദിക്കുകയോ ദുഷിക്കുകയോ അപകീർത്തിപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഏതൊരുവനും” എതിരായി പരാതിപ്പെടാൻ യഹൂദേതരരെപ്പോലും അനുവദിക്കുന്നതിന് 1985-ൽ ഒരു അപകീർത്തിവിരുദ്ധനിയമം ഭേദഗതിചെയ്യപ്പെട്ടു. ഈ നിയമത്തിന്റെ ഫലം “നാസി സ്വേച്ഛാധിപത്യഭരണകാലത്ത് തടങ്കൽപാളയങ്ങളിൽ യഹൂദൻമാരെ കൊലചെയ്തുവെന്നതിനെ നിഷേധിക്കുന്നത് ശിക്ഷാർഹമായ കുററമാക്കിത്തീർക്കുന്നു”വെന്നതാണ്. ഹാംബേർഗ്ഗർ അബൻബ്ലാററ പ്രസ്താവിച്ചതാണിത്.
കൂട്ടക്കൊല നടന്നുവെന്നതിന്റെ നിരസനം സാധാരണയായി “ആഷ്വിററ്സ് വ്യാജം” എന്നു വിളിക്കപ്പെടുന്നു. ആഷ്വിററ്സ് (ഇപ്പോൾ ഓസ്വീസിം) നാസികൾ കൂട്ടക്കൊല നടത്തിയ പോളണ്ടിലെ കുപ്രസിദ്ധ തടങ്കൽ പാളയമായിരുന്നു. പശ്ചിമജർമ്മൻ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് വലതുപക്ഷ തീവ്രവാദികൾ ഈ സംഭവങ്ങളെ മറക്കാനോ നിഷേധിക്കാനോ ശ്രമിച്ചിട്ടുണ്ട്, അങ്ങനെ “ആഷ്വിററ്സ് വ്യാജം” എന്ന പ്രയോഗമുണ്ടായി.
കുടിയേററമോ നിർമ്മൂലനാശമോ?
യൂറോപ്പിൽ വംശോല്പത്തിയുള്ള ദശലക്ഷക്കണക്കിനു യഹൂദൻമാരുടെ ഇന്നത്തെ അസ്തിത്വം യൂറോപ്യൻ യഹൂദസമൂഹത്തെ നശിപ്പിക്കുന്നതിൽ നാസികൾ വിജയിച്ചില്ലെന്നു തെളിയിക്കുന്നു. തടങ്കൽ പാളയങ്ങളിലെ നിർമ്മൂലനാശത്തിൽനിന്ന് അത്രയധികം യഹൂദൻമാർ രക്ഷപ്പെട്ടുവെന്നത് ചരിത്രകാരനായ വില്യം എൽ. ഷേറർ സ്ഥിരീകരിക്കുന്നു. അദ്ദേഹം തന്റെ ഇരുപതാം നൂററാണ്ടിലെ യാത്ര—1930-1940ലെ പേടിസ്വപനത്തിന്റെ വർഷങ്ങൾ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “എല്ലാ ആസ്ത്രിയൻ യഹൂദൻമാരും നാസിക്യാമ്പുകളിലും തുറുങ്കുകളിലും നശിച്ചില്ല. അനേകം യഹൂദൻമാർ അടിമത്വത്തിൽനിന്ന് വിടുതൽ നേടി വിദേശങ്ങളിൽ പോകാൻ അനുവദിക്കപ്പെട്ടു. സാധാരണയായി, അതിന് അവരുടെ സകല ആസ്തിയും ചെലവായി. . . . ഒരുപക്ഷേ വിയന്നായിലെ 1,80,000 യഹൂദൻമാരിൽ പകുതിയോളം പേർക്ക് കൂട്ടക്കൊല തുടങ്ങുന്നതിനു മുമ്പ് തങ്ങളുടെ സ്വാതന്ത്ര്യം വിലക്കുവാങ്ങാൻ കഴിഞ്ഞു. ഈ നയം 1930കളിൽ വിശേഷാൽ ഫലത്തിലുണ്ടായിരുന്നു.
എന്നിരുന്നാലും, റെയ്ൻഹാഡ് ഹേഡ്രിക്കിന്റെ കീഴിൽ യഹൂദ കുടിയേററ ഓഫീസ് സ്ഥാപിക്കപ്പെട്ടെങ്കിലും “പിന്നീട് അത് കുടിയേററത്തിന്റേതല്ല, പിന്നെയോ നിർമ്മൂല നാശത്തിന്റെ ഒരു ഏജൻസിയായിത്തീരുകയാണുണ്ടായത്, നാല്പതു ലക്ഷം യഹൂദൻമാരുടെ വ്യവസ്ഥാപിതമായ സംഹാരം സംഘടിപ്പിക്കുകയും ചെയ്തു”വെന്ന് ഷേറർ വിശദീകരിക്കുന്നു. ഈ “അന്തിമ പരിഹാരം” കാൾ അഡോൾഫ് ഐക്മാനാൽ നയിക്കപ്പെട്ടു, അയാൾ ഒടുവിൽ അയാളുടെ യുദ്ധ കുററകൃത്യങ്ങൾ നിമിത്തം ഇസ്രയേലിൽ വധിക്കപ്പെട്ടു.
നാസികൾ മനുഷ്യാധമവർഗ്ഗങ്ങൾ അഥവാ താണ വർഗ്ഗങ്ങൾ എന്ന് കരുതിയവരുടെ നിർമ്മാർജ്ജനത്തിനുള്ള ഏകമാർഗ്ഗം തടങ്കൽപാളയങ്ങളായിരുന്നില്ല. ഭയഹേതുകമായിരുന്ന എയൻസാററസിഗ്രൂപ്പനും (പ്രത്യേക കർമ്മസംഘങ്ങൾ) കൂടെ ഉണ്ടായിരുന്നു. അവർ ആക്രമണം നടത്തുന്ന സൈന്യങ്ങൾക്കു പിന്നിൽ പോയ നിർമ്മൂലനാശ സന്നദ്ധസംഘങ്ങൾ ആയിരുന്നു. “അവരുടെ മുഴുലക്ഷ്യവും യഹൂദൻമാരുടെ കൂട്ടത്തോടെയുള്ള സംഹാരമായിരുന്നു. . . . അധികംപേർക്ക് അവരുടെ വലയിൽവീഴാതെ രക്ഷപെടാൻ കഴിയാതെവണ്ണം മുന്നണിക്കു പിന്നിൽ നീങ്ങിക്കൊണ്ട് ഈ കർമ്മസംഘങ്ങൾ ആക്രമണത്തിന്റെ ആദ്യത്തെ ആറു മാസങ്ങളിൽ ഏതാണ്ട് അഞ്ചു ലക്ഷം യഹൂദൻമാരെ നിഷ്ക്കരുണം വെടിവെക്കുകയോ ബയണററുകൊണ്ടു കുത്തുകയോ ദഹിപ്പിച്ചുകളയുകയോ ദണ്ഡിപ്പിക്കുകയോ മുട്ടവടിക്ക് അടിച്ചുകൊല്ലുകയോ ജീവനോടെ കുഴിച്ചിടുകയോ ചെയ്തു.”—ബ്രൂസ് ക്വാറി എഴുതിയ ഹിററലേഴസ സാമുറേ—ദി വാഫൻ-എസ്സെസ്സ ഇൻ ആകഷൻ.
ആ സംഖ്യ വിശ്വസിക്കാൻ പ്രയാസമാണോ? അത് 3,000 പേരുടെ സംഘത്തിൽപെട്ട ഓരോരുത്തർക്കും ദിവസവും ശരാശരി ഒരാളിൽ കുറഞ്ഞ സംഖ്യയാണ്. ഈ പ്രത്യേക കർമ്മസംഘങ്ങൾ സോവ്യററ് പ്രദേശങ്ങളിൽ എത്തിയപ്പോൾ ഭാഗികമായ മരണസംഖ്യ “9,00,000-ൽ അധികം ആയിരുന്നു, ഇത് ചലനാത്മകപ്രവർത്തനങ്ങളിലെ യഹൂദ ഇരകളുടെ മൊത്തം സംഖ്യയുടെ മൂന്നിൽ രണ്ടു മാത്രമേ ആയിരിക്കുന്നുള്ളു.”—റോൾ ഹിൽബർഗ്ഗിനാൽ വിരചിതമായ യൂറോപ്യൻ യഹൂദൻമാരുടെ നാശം.
സേനാപതി ഏററുപറയുന്നു
തടങ്കൽപാളയങ്ങളിലെ വധനിർവഹണങ്ങളിൽ പങ്കെടുത്തവരിൽനിന്നുതന്നെ എന്തു സാക്ഷ്യമുണ്ട്? ആഷ്വിററ്സ് പാളയത്തിലെ മുൻ സേനാപതിയായിരുന്ന റുഡോൾഫ് ഹോസ് ഇങ്ങനെ പരാതിപ്പെട്ടു: ‘എന്നെ വിശ്വസിക്കുക, ആ മൃതദേഹ കൂമ്പാരങ്ങൾ കാണുന്നതും സ്ഥിരമായ ദഹനത്തിന്റെ മണമടിക്കുന്നതും എല്ലായ്പ്പോഴം ഉല്ലാസകരമായിരുന്നില്ല.’ അദ്ദേഹം “പ്രത്യേക യഹൂദ സേനാദളങ്ങൾ (സോണ്ടർകമാൻഡോസ) തങ്ങളുടെ സ്വന്തം ജീവൻ അല്പം നീട്ടിക്കിട്ടാൻ തങ്ങളുടെ സ്വന്തം വർഗ്ഗത്തിലെ അംഗങ്ങളെ വിഷവാതകപ്രയോഗത്താൽ കൊല്ലുന്നതിന് സഹായിക്കാൻ സന്നദ്ധരായിരുന്നുവെന്നതിനെ അതിശയത്തോടെ നിരാകരിക്കുകയുംചെയ്തു.” (യോവാക്കിം സി. ഫെസ്ററ് രചിച്ച ദി ഫേസ ഓഫ ദി തേർഡ റീക്കന്റെ 285-ാം പേജ്) ജർമ്മൻ ഗ്രന്ഥകാരനായ ഫെസ്ററ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “‘രഹസ്യപ്പോലീസ് ഭരണമേധാവിയുടെ [ഹെൻറിക്ക് ഹിംലർ] ഇച്ഛയാൽ ആഷ്വിററ്സ് ഏതു കാലത്തേതിലും ഏററം വലിയ മാനുഷസംഹാര കേന്ദ്രമായിത്തീർന്നു’വെന്ന ഹോസ്സിന്റെ പ്രസ്താവനയിൽ അല്ലെങ്കിൽ തന്റെ സ്വന്തം പാളയത്തിന് ട്രെംബ്ല്രിങ്കായിലേതിനെക്കാൾ പത്തു മടങ്ങു ശേഷിയുണ്ടായിരുന്നുവെന്ന് വിജയപ്രദനായ ആസൂത്രകന്റെ സംതൃപ്തിയോടെ അയാൾ ചൂണ്ടിക്കാണിക്കുമ്പോൾ വിദഗ്ദ്ധന്റെ ഏകപക്ഷീയ പൂർണ്ണതാവാദപരമായ അഹങ്കാരത്തിൽ കുറേ പുറത്തുവരുന്നു.”
ഹോസ്സ് തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതി: “ഞാൻ അറിയാതെ ജർമ്മൻ ഭരണകൂടത്തിന്റെ നിർമ്മൂലനാശ യന്ത്രത്തിന്റെ വലിയ ചങ്ങലയിലെ ഒരു കണ്ണിയായിത്തീർന്നു.” “രഹസ്യപ്പോലീസ് ഭരണമേധാവി [ഹിംലർ] യഹൂദൻമാരുടെ നിർമ്മൂലനാശപ്രക്രിയ നേരിൽ കാണാൻകഴിയേണ്ടതിന് ഉന്നതസ്ഥാനത്തുള്ള വിവിധ കക്ഷിനേതാക്കളെയും രഹസ്യപ്പോലീസ് ഉദ്യോഗസ്ഥൻമാരെയും ആഷ്വിററ്സിലേക്കയച്ചു. അവർക്കെല്ലാം തങ്ങൾ കണ്ടതിൽ ആഴമായ മതിപ്പുണ്ടായി.”a
എന്നിരുന്നാലും, പ്രത്യക്ഷത്തിൽ “യഹൂദപ്രശ്നത്തിന്റെ അന്തിമ പരിഹാരം” എന്ന പദപ്രയോഗവും ഗാസ്ചേമ്പറുകളിലെ അതിന്റെ ഭീതിജനകമായ യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസത്താൽ അവർ ബാധിക്കപ്പെട്ടു. അത് എങ്ങനെ സഹിച്ചുനിൽക്കാൻകഴിഞ്ഞുവെന്ന് ഹോസ്സിനോടു ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ ഉത്തരം പറഞ്ഞു: “സകല മാനുഷവികാരങ്ങളെയും അടിച്ചമർത്തുന്നതിനാൽ മാത്രമേ ഹിററ്ലറുടെ ആജ്ഞകൾ നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം നേടാൻ കഴിയുമായിരുന്നുള്ളുവെന്നതായിരുന്നു എന്റെ സുനിശ്ചിതമായ ഉത്തരം.”
അങ്ങനെ, കൂട്ടക്കൊല ഒരു യാഥാർത്ഥ്യമാണെന്നും താൻ ആഷ്വിററ്സിലെ പാളയകമാൻഡർ എന്ന നിലയിൽ അതിലെ കുററവാളികളിലൊരാളായിരുന്നുവെന്നും ആ വിദ്രോഹപ്രിയനായ ഏറാൻമൂളി, ഹോസ്സ്, ധീരമായി സമ്മതിച്ചു.
ആദ്യം പോളീഷിൽ പ്രസിദ്ധപ്പെടുത്തിയ മൂല്യങ്ങളും അക്രമവും എന്ന പുസ്തകത്തിൽ തടങ്കൽപാളയങ്ങളിലെ കൂട്ടക്കൊലകളും ദണ്ഡനവും അടിമപ്പണിയും നിമിത്തം 32,00,000 പോളീഷ് യഹൂദൻമാർക്ക് ജീവനഷ്ടം ഭവിച്ചുവെന്ന് വിവർത്തകയായ കാതറീൻ ലീച്ച് പ്രസ്താവിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “യൂറോപ്പിലെ യഹൂദൻമാരുടെ കൂട്ടക്കൊല നടന്നത് പോളണ്ടിന്റെ പ്രദേശത്തായിരുന്നു.”
മുങ്ങിമരണം
പാളയങ്ങളിൽ പല പ്രകാരത്തിൽ മരണം ഭവിക്കാമായിരുന്നു—പട്ടിണി, രോഗം, കഴുത്തിലെ വെടിയുണ്ട, ഗാസ്ചേമ്പർ, പ്രഹരങ്ങൾ, തൂക്കിക്കൊല, ഗില്ലോട്ടിൻ, മുങ്ങൽ എന്നിവയാൽ. മുങ്ങൽ ഒരു പ്രത്യേകപരിഷ്ക്കാരമായിരുന്നു.
എഴുത്തുകാരനായ റെററൻസ് ഡസ് പ്രസ് വിശദീകരിക്കുന്നു: “തടവുകാർ വ്യവസ്ഥാപിതമായി അഴുക്കിന് വിധേയമാക്കപ്പെട്ടു. അവർ മനഃപൂർവം വിസർജ്ജനംകൊണ്ടുള്ള ആക്രമണത്തിനു വിധേയരാക്കപ്പെട്ടു. . . . നാസിക്യാമ്പുകളിലെ തടവുപുള്ളികൾ യഥാർത്ഥത്തിൽ തങ്ങളുടെ സ്വന്തം മാലിന്യത്തിൽ മുങ്ങിമരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ അമേദ്ധ്യത്താലുള്ള മരണം സാധാരണമായിരുന്നു. ഉദാഹരണത്തിന്, ബുച്ചെൻവാൾഡിൽ കക്കൂസുകൾ ഇരുപത്തഞ്ചടി നീളവും പന്ത്രണ്ടടി ആഴവും പന്ത്രണ്ടടി വീതിയും ഉള്ള തുറന്ന കുഴികളായിരുന്നു. . . . എപ്പോഴും നിറഞ്ഞുകവിഞ്ഞിരുന്ന ഈ കുഴികൾ രാത്രിയിൽ തടവുപുള്ളികൾ വററിച്ചിരുന്നു, കൈപിടിയുള്ള തൊട്ടികൾകൊണ്ടുമാത്രമാണ് അവർ പണിചെയ്തത്.” ഒരു ദൃക്സാക്ഷി ഇങ്ങനെ വിവരിക്കുന്നു: “ആ സ്ഥലം തെററുന്നതായിരുന്നു, വെളിച്ചവുമില്ലായിരുന്നു. ഈ ജോലിക്കു നിയമിക്കപ്പെട്ട മുപ്പതുപേരിൽ ശരാശരി പത്തുപേർ ഓരോ രാത്രിയിലെയും ജോലിക്കിടയിൽ കുഴിയിൽ വീണു. വീണവരെ പുറത്തു വലിച്ചെടുക്കാൻ മററുള്ളവർ അനുവദിക്കപ്പെട്ടില്ല. ജോലി പൂർത്തിയായി കുഴി ശൂന്യമാകുമ്പോൾ മാത്രമേ ശവങ്ങൾ നീക്കംചെയ്യാൻ അവർ അനുവദിക്കപ്പെട്ടുള്ളു.”
കൂടുതൽ കൂടുതൽ യൂറോപ്യൻരാജ്യങ്ങൾ കീഴടക്കപ്പെട്ടപ്പോൾ നിർമ്മൂലമാക്കൽ നാസിനയത്തിന്റെ ഭാഗമായിത്തീർന്നുവെന്ന് തെളിയിക്കാൻ വളരെക്കൂടുതൽ സാക്ഷ്യംകൂടെ ഉദ്ധരിക്കാൻ കഴിയും. ഈ വിഷയം സംബന്ധിച്ച ഗ്രന്ഥവിവരണങ്ങൾ അനന്തമാണ്, ചിത്രത്തെളിവോടുകൂടിയ ദൃക്സാക്ഷിവിവരണങ്ങൾ ഭീതിജനകങ്ങളാണ്. എന്നാൽ കൂട്ടക്കൊല ഒരു യഹൂദ അനുഭവം മാത്രമായിരുന്നോ? നാസികൾ പോളണ്ടാക്രമിച്ചപ്പോൾ അവർ യഹൂദൻമാരെ മാത്രം കൊല്ലാനാണോ ആഗ്രഹിച്ചത്? (g89 4⁄8)
[അടിക്കുറിപ്പുകൾ]
a അത്യന്തം മനഃസാക്ഷിബോധത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും അന്ധമായി അനുസരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്ന റുഡോൾഫ് ഹോസ്സ് തന്റെ യുദ്ധ കുററകൃത്യങ്ങൾ നിമിത്തം 1947 ഏപ്രിലിൽ ആഷ്വിററ്സിൽവെച്ച് തൂക്കിക്കൊല്ലപ്പെട്ടു.
[5-ാം പേജിലെ ആകർഷകവാക്യം]
“[അടിമപ്പണിക്യാമ്പുകളിലേക്കു മാററപ്പെട്ട] തടവുകാർ ആഷ്വിററ്സിലെ ഗാസ്ചേമ്പറുകളിലേക്ക് നേരിട്ടു മാററപ്പെട്ടിരുന്നെങ്കിൽ അവർ ഒട്ടേറെ ദുരിതങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുമായിരുന്നു.”—റുഡോൾഫ് ഹോസ്സ്, ആഷ്വിററ്സ് സേനാപതി
[8-ാം പേജിലെ ആകർഷകവാക്യം]
“കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു, എല്ലായ്പോഴും കൂടുതൽ, അവരെ കൊല്ലുന്നതിനുള്ള സൗകര്യങ്ങൾ ഞങ്ങൾക്കില്ലായിരുന്നു. . . . മുഴുഭാരവും കൈകാര്യംചെയ്യാൻ ഗാസ്ചേമ്പറുകൾക്ക് കഴിവില്ലായിരുന്നു.”—രഹസ്യപ്പോലീസ് ഉദ്യോഗസ്ഥനായ ഫ്രാൻസ് സുചോമെൽ
[6-ാം പേജിലെ ആകർഷകവാക്യം]
‘എന്നെ വിശ്വസിക്കുക, ആ മൃതദേഹകൂമ്പാരങ്ങൾ കാണുന്നതും സ്ഥിരമായ ദഹനത്തിന്റെ മണമടിക്കുന്നതും എല്ലായ്പ്പോഴം ഉല്ലാസകരമായിരുന്നില്ല.’—റുഡോൾഫ് ഹോസ്സ്
[6-ാം പേജിലെ ചതുരം]
തെളിവിന് കൂലി
“നാസികൾ യഹൂദൻമാരായ ഇരകളെ തടങ്കൽപാളയങ്ങളിൽ വിഷവാതകമുറിയിലിട്ടു കൊന്നുവെന്നതിന്റെ ‘തെളിവിന്’ വാഗ്ദാനംചെയ്യപ്പെട്ട 50,000 ഡോളറിന്റെ പ്രതിഫലം ഒരു കോടതിവിധിയുടെ വ്യവസ്ഥപ്രകാരം ഒരു ആഷ്വിററ്അതിജീവകന് കൊടുക്കണമെന്ന് അതിജീവകന്റെ വക്കീൽ ഇന്നു പറയുകയുണ്ടായി.
“[ലോസ് ആൻജലിസിലെ] സുപ്പീരിയർ കോടതിയിലെ ജഡ്ജ് റോബർട്ട് വെങ്കേ ഇൻസ്ററിററ്യൂട്ട് ഫോർ ഹിസ്റേറാറിക്കൽ റിവ്യൂ ആഷ്വിററ്സ് അതിജീവകനായ മെൽ മേമെൽസ്ററീന് കൊടുക്കണമെന്നാവശ്യപ്പെടുന്ന വിധി അംഗീകരിച്ചു. . . .
“കൂട്ടക്കൊല ഒരിക്കലും സംഭവിച്ചില്ലെന്നു പറയുന്ന ഇൻസ്ററിററ്യൂട്ട് പ്രതിഫലവാഗ്ദാനംനിമിത്തം ഉണ്ടായ വേദനയെയും കഷ്ടപ്പാടിനെയും പ്രതി മി. മേമെൽസ്ററീന് 1,00,000 ഡോളറുംകൂടെ കൊടുക്കണമെന്ന് വക്കീൽ പറഞ്ഞു. . .
“‘ഈ കേസിലെ മി. മേമെൽസ്ററീനിന്റെ വിജയം കൂട്ടക്കൊലയെ അതിജീവിച്ചവർ തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനും തങ്ങളുടെ ജീവനെ സംബന്ധിച്ച സത്യം സംസ്ഥാപിക്കുന്നതിനും നിയമവ്യവസ്ഥമുഖേന പോരാടുമെന്ന് ചരിത്രത്തെ വളച്ചൊടിക്കുകയും യഹൂദൻമാർക്കു ദുരിതവും കഷ്ടപ്പാടും വരുത്തിക്കൂട്ടുകയും ചെയ്യുന്നവരായി ലോകത്തിലെങ്ങുമുള്ള സകലർക്കും ഇപ്പോൾ ഒരു വ്യക്തമായ താക്കീതു കൊടുക്കും’ [വക്കീൽ ഗ്ലോറിയാ ആൽഫ്രെഡ് പറഞ്ഞു].”—ദി ന്യൂയോർക്ക് റൈറംസ്, ജൂലൈ 25, 1985.
[7-ാം പേജിലെ ചതുരം]
സാക്സെൻഹോസൻ—“സുരക്ഷിത തടവുപാളയം”?
സാക്സെൻഹോസൻ യഥാർത്ഥത്തിൽ ഒരു സംഹാരപാളയമായിരുന്നോ? അതോ അത് ഒരു “സുരക്ഷിത തടവുപാളയം” ആയിരുന്നോ?
കൂട്ടക്കൊലയെ അതിജീവിച്ച യഹൂദ ഇരയായ മാക്സ് ലീബ്സ്റെററിന്റെ ഉത്തരം:
“എന്റെ പ്രസ്താവന ഈ പാളയത്തിലെ എന്റെ വ്യക്തിപരമായ അനുഭവത്തെയും ഞാൻ നേരിൽ കണ്ടതിനെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സാക്സെൻഹോസൻ എങ്ങനെയായിരുന്നുവെന്ന് കണ്ടുപിടിക്കുന്നതിന് എനിക്ക് പുറത്തുനിന്നുള്ള ഒരാളുടെ ഒരു വർഗ്ഗീകരണം ആവശ്യമില്ല. മാദ്ധ്യമങ്ങളും നാസിഗവൺമെൻറും അത് ഒരു സ്ക്കൂററ്ഷാഫ്ററ്ലാഗർ, അതായത് ഒരു ‘സുരക്ഷിത തടവുപാളയം’ ആണെന്ന് അവകാശപ്പെട്ടുവെന്നതു സത്യംതന്നെ. ചുവടെ ചേർക്കുന്ന അനുഭവങ്ങൾ സ്വയം അനുകൂലമായി സംസാരിക്കുന്നു:
“ആയിരത്തിത്തൊള്ളായിരത്തിനാൽപ്പതു ജനുവരിയിൽ ഗെസ്ററപ്പോ (രഹസ്യസംസ്ഥാനപോലീസ്) എന്നെ പ്ഫോർഷീമിൽനിന്ന് കാൾസ്റൂഹെയിലെ തുറുങ്കിലേക്കു കൊണ്ടുവന്നപ്പോൾ എന്നെ ഒരു സംഹാരപാളയത്തിലേക്കു കൊണ്ടുപോകുകയാണെന്ന് ഗസ്ററപ്പോ എന്നോടു പറഞ്ഞു. ഗസ്ററപ്പോ എന്നോടു അസഭ്യം പറഞ്ഞു: ‘ഡു സ്ററിംക്ജുഡൂ വിർസ്ററ് ഡോർട്ട് വെറെക്കെൻ കോംസ്ററ് നിക്ററ് മെർ സൂറുക്ക്!’ (നീ നാറുന്ന യഹൂദനാണ്. നീ ഒരു മൃഗത്തെപ്പോലെ മരിക്കും. നീ ഒരിക്കലും മടങ്ങിവരുകയില്ല!)
“സാക്സെൻഹോസനിൽ ഞങ്ങൾ എത്തിയപ്പോഴത്തെ ദുഷ്പെരുമാററം മനുഷ്യഗ്രഹണത്തിനതീതമാണ്. യഹൂദൻമാർ മുഖ്യപാളയത്തിനുള്ളിലെ ഒരു വേറിട്ട പാളയത്തിലേക്ക് അയക്കപ്പെട്ടു. അവർക്ക് മററുള്ളവരെക്കാൾ ഹീനമായ അവസ്ഥകളാണുണ്ടായിരുന്നത്. ഉദാഹരണത്തിന്, യഹൂദൻമാർക്ക് ഉറങ്ങാനുള്ള ഷെൽഫുകളില്ലായിരുന്നു, തറയിൽ വൈക്കോൽചാക്കുകൾ മാത്രം. മത്തി അടുക്കുന്നതുപോലെ കിടക്കേണ്ടിവരത്തക്കവണ്ണം ബാരക്കുകളിൽ അത്ര തിക്കലായിരുന്നു. ഒരു മമനുഷ്യന്റെ പാദങ്ങൾ മറെറാരാളുടെ തലയിലായിരുന്നു. രാവിലെ ജീവനുള്ളവരുടെ അടുത്തു മരിച്ചവർ കിടക്കുന്നതു കാണപ്പെട്ടു. യഹൂദൻമാർക്ക് വൈദ്യശുശ്രൂഷ ഇല്ലായിരുന്നു.
“എന്റെ പിതാവ് മൂന്നു ബാരക്കുകൾക്കപ്പുറത്താണെന്ന് ഞാൻ കേട്ടു. അദ്ദേഹം വൈക്കോൽചാക്കുകൂനയുടെ പിന്നിൽ കിടക്കുന്നതു ഞാൻ കണ്ടു. അദ്ദേഹത്തിന്റെ കാലുകളിൽ നീരുവെച്ചു വെള്ളമൊലിക്കുകയും കൈകൾ മരച്ചുപോകയും ചെയ്തിരുന്നു. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ഞാൻ ദഹനസ്ഥലത്തേക്കു തോളിൽ ചുമന്നുകൊണ്ടുപോകേണ്ടിവന്നു. അവിടെ അവർക്കു ദഹിപ്പിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ ശവങ്ങൾ കുനകൂട്ടിയിട്ടിരിക്കുന്നതു ഞാൻ കണ്ടു.
“മനുഷ്യത്വമില്ലാത്ത പെരുമാററത്താൽ ആയിരങ്ങൾ മരിച്ചു. അനേകരെസംബന്ധിച്ചും സാക്സെൻഹോസനിൽ മരിക്കുന്നത് ആഷ്വിററ്സിലെ ഗാസ്ചേമ്പറുകളിൽ മരിക്കുന്നതിനെക്കാൾ ഹീനമായിരുന്നു.”
[8-ാം പേജിലെ ചതുരം]
“അവരുടെ കണികപോലും ശേഷിക്കരുത്”
“അവസാനത്തെ സമൂഹശവക്കുഴി തുറന്നപ്പോൾ ഞാൻ എന്റെ മുഴുകുടുംബത്തെയും തിരിച്ചറിഞ്ഞു. അമ്മയും എന്റെ സഹോദരിമാരും. മൂന്നു സഹോദരിമാർ അവരുടെ കുട്ടികൾ സഹിതം. അവരെല്ലാം അവിടെയായിരുന്നു. അവർ ഭൂമിയിൽ നാലു മാസം കിടന്നു, ശീതകാലത്തായിരുന്നു അത്.” “വിൽനാ രഹസ്യപ്പോലീസിന്റെ തലവൻ ഞങ്ങളോടു പറഞ്ഞു: ‘തൊണ്ണൂറായിരം പേർ അവിടെ കിടപ്പുണ്ട്, അവരുടെ കണികപോലും അശേഷം ശേഷിക്കരുത്.’”—യഹൂദ അതിജീവകരായ മോട്ക്കെ സെയിൽഡിന്റെയും ഇസ്സാക്ക് ഡൂജിന്റെയും സാക്ഷ്യം.
“ഞങ്ങൾ അടുത്തുചെന്നയുടനെ അവർ ഗാസ്ചേമ്പറുകളുടെ വാതിൽ തുറക്കുകയായിരുന്നു, ആളുകൾ ഉരുളക്കിഴങ്ങുകൾ പോലെ വീണുചിതറി . . . ഒരോ ദിവസവും ശവങ്ങൾ സമൂഹശവക്കുഴികളിലേക്കു വലിച്ചുകൊണ്ടുപോകാൻ നൂറു യഹൂദൻമാർ വീതം തെരഞ്ഞെടുക്കപ്പെട്ടു. സന്ധ്യക്ക് ഉക്രേനിയക്കാർ ആ യഹൂദൻമാരെ ഗാസ്ചേമ്പറുകളിലേക്ക് ഓടിച്ചുകൊണ്ടുപോകുകയോ വെടിവെച്ചുകൊല്ലുകയോ ചെയ്തു. ഓരോ ദിവസവും! . . . കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു, എല്ലായ്പോഴും കൂടുതൽ, അവരെ കൊല്ലുന്നതിനുള്ള സൗകര്യങ്ങൾ ഞങ്ങൾക്കില്ലായിരുന്നു. . . . മുഴുഭാരവും കൈകാര്യംചെയ്യാൻ ഗാസ്ചേമ്പറുകൾക്ക് കഴിവില്ലായിരുന്നു.”—രഹസ്യപ്പോലീസ്ഉദ്യോഗസ്ഥനായ ഫ്രാൻസ് സുചോമെൽ, (അണ്ടർസ്ചാർഫൂറർ) ട്രെബ്ല്രിങ്കാ സംഹാരപാളയത്തെക്കുറിച്ചുള്ള തന്റെ ആദ്യ ധാരണകൾ സംബന്ധിച്ച്.
(ഈ ഉദ്ധരണികൾ ഷോവാ എന്ന ഡോക്കുമെൻററി ഫിലിമിലെ അഭിമുഖസംഭാഷണങ്ങളിൽനിന്ന് എടുത്തിട്ടുള്ളവയാണ്.)