എയ്ഡ്സ് ഇത്ര വ്യാപകമായി പരന്നിരിക്കുന്നതെന്തുകൊണ്ട്?
എയ്ഡ്സ് ഇത്ര വ്യാപകമായിത്തീർന്നിരിക്കുന്നതെന്തുകൊണ്ട്? അത് എവിടെ, എങ്ങനെ, അല്ലെങ്കിൽ എപ്പോൾ ആരംഭിച്ചുവെന്ന് തീർച്ചയില്ലെങ്കിലും അതിന്റെ വ്യാപനത്തെ വിശദീകരിക്കുന്ന പൊതു മാതൃകകളുണ്ട്. ദൃഷ്ടാന്തമായി, ഐക്യനാടുകളിലും യൂറോപ്പിലും എയ്ഡ്സിന്റെ വ്യാപനത്തിന്റെ മുഖ്യമാർഗ്ഗം പുരുഷൻമാരുടെ സ്വവർഗ്ഗരതിപ്രവർത്തനമായിരുന്നു. ഈ സാംക്രമികരോഗം ആദ്യം തിരിച്ചറിയപ്പെട്ടപ്പോൾ അത് പൂർണ്ണമായും സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരുടെ ഇടയിലാണ് പ്രത്യക്ഷപ്പെട്ടത്. അടുത്ത കാലം വരെ മുതിർന്ന ഇരകളുടെ 70-ൽപരം ശതമാനം സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരായിരുന്നു.
പിന്നീട് എയ്ഡ്സ് സിരകളിൽ മയക്കുമരുന്നു കുത്തിവെക്കുന്ന ഉപയോക്താക്കളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുരുക്കം ചില വർഷങ്ങൾകൊണ്ട് എല്ലാ കേസുകളുടെയും 15-ൽപരം ശതമാനം ഈ സമൂഹത്തിൽനിന്നാണു വന്നത്, അതു വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ചില സ്ഥലങ്ങളിൽ, മയക്കുമരുന്നു കുത്തിവെക്കുന്നവരുടെ പകുതിപേർക്ക് എയ്ഡ്സ് വൈറസുണ്ട്. അതുകൊണ്ട്, സയൻസ മാസിക ഇങ്ങനെ പ്രസ്താവിച്ചു: “ഇന്നു രോഗബാധയുള്ളവരിൽ ബഹുഭൂരിപക്ഷവും ഒന്നുകിൽ സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരാണ്, അല്ലെങ്കിൽ മയക്കുമരുന്നു കുത്തിവെക്കുന്നവരാണ്.”
സാൻഫ്രാൻസിസ്ക്കോയിൽ സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരിൽ 50 ശതമാനം പേർക്ക് എയ്ഡ്സ്വൈറസുണ്ട്. നഗരത്തിലെ സ്വവർഗ്ഗസംഭോഗികളുടെ സമൂഹം എയ്ഡ്സ് മരണങ്ങളാൽ ശൂന്യമാക്കപ്പെടുകയാണ്. സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരെപ്പററിയുള്ള ഒരു ദീർഘകാലാധിഷ്ഠിത പഠനം ഏഴു വർഷംമുമ്പു എയ്ഡ്സ് വൈറസുള്ളവരായി രോഗനിർണ്ണയം ചെയ്യപ്പെട്ടവരിൽ 78 ശതമാനത്തിന് പൂർണ്ണവികസിത എയ്ഡ്സോ അതിന്റെ പ്രാരംഭലക്ഷണങ്ങളോ ചില പ്രതിരക്ഷാ തകരാറുകളോ ഉണ്ടായിരുന്നതായി പ്രകടമാക്കി. സ്വവർഗ്ഗസംഭോഗികളുടെ ഇടയിലെ പുതിയ കേസുകളുടെ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നിരിക്കെ, ഇപ്പോൾത്തന്നെ ബാധിക്കപ്പെട്ടവരുടെ കാര്യത്തിൽ ഒന്നുംതന്നെ ചെയ്യാൻ സാദ്ധ്യമല്ല.
ഹെയ്ററിയെ സംബന്ധിച്ച് ലോസ ഏൻജൽസ റൈറംസ ഇങ്ങനെ പ്രസ്താവിച്ചു: “കരീബിയനിലേക്ക് എയ്ഡ്സ് വൈറസ് അവതരിപ്പിക്കപ്പെട്ടത് മുഖ്യമായി ദ്വീപവാസികളും അമേരിക്കക്കാരും തമ്മിലുള്ള സ്വവർഗ്ഗസംഭോഗസമ്പർക്കങ്ങളാലാണെന്ന് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു.”
ഇത്രയധികം വിധേയത്വം എന്തുകൊണ്ട?
സ്വവർഗ്ഗസംഭോഗികൾ എയ്ഡ്സിനോട് ഇത്ര വിധേയരായിരിക്കുന്നതെന്തുകൊണ്ട്? അവരുടെ ലൈംഗിക നടപടികൾ നിമിത്തംതന്നെ. എയ്ഡ്സ് അധര സംഭോഗത്താൽ പരക്കുന്നുണ്ടെങ്കിലും ഗുദസംഭോഗമാണ് (സോദോമ്യപാപം) സ്വവർഗ്ഗസംഭോഗികളുടെ ഇടയിൽ എയ്ഡ്സ് പരത്തുന്ന മുഖ്യരീതി.
മനുഷ്യ ഗുദം വിസർജ്ജ്യ വസ്തുക്കളുടെ—അമേദ്യത്തിന്റെ—നിർമ്മാർജ്ജനത്തിനുവേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്, ലൈംഗികവേഴ്ചക്ക് ഉപയോഗിക്കാനല്ല. അതിന് ബാഹ്യകോശങ്ങളുടെ ഒരു നേരിയ പാളിമാത്രമേ ഉള്ളു. ഗുദത്തെ ആവരണം ചെയ്യുന്ന കലയാണത്. ഗുദസംഭോഗം ഈ ആവരണം കീറിപ്പോകുന്നതിലും രക്തവാർച്ചയോടുകൂടിയ മുറിവുകളുണ്ടാകുന്നതിലും കലാശിക്കുന്നു. പങ്കാളിയിൽനിന്ന് മലദ്വാരത്തിലേക്ക് പ്രവേശിക്കുന്ന രോഗബാധിതമായ ശുക്ലത്തിന് എയ്ഡ്സിന്റെ ഒരു പ്രഭവമായിരിക്കാൻ കഴിയും, പുരുഷലിംഗത്തിലെ പരുക്കൾക്കും വ്രണങ്ങൾക്കും അങ്ങനെയായിരിക്കാൻ കഴിയും. കൂടാതെ, അത് സ്വീകരിക്കുന്നയാളിന്റെ ക്ഷതം ഭവിച്ച മലദ്വാര കലകൾ രോഗബാധിതമായ വാർച്ചകൾ മററു ലൈംഗികപങ്കാളികളിലേക്ക് രോഗാണുസംക്രമണം നടക്കാൻ അനുവദിക്കുന്നു.
അതിനുപുറമെ, സ്വവർഗ്ഗസംഭോഗികൾക്ക് മിക്കപ്പോഴും ഒരു ആയുഷ്ക്കാലത്ത് അനേകം—ശതക്കണക്കിനല്ല, സഹസ്രക്കണക്കിനുപോലും—പങ്കാളികളുണ്ട്. എയ്ഡ്സ് ബാധിച്ചു മരിക്കുന്നതിനു മുമ്പ് അനേകരെ രോഗബാധിതരാക്കിയ ഒരു യുവ സ്വവർഗ്ഗസംഭോഗി പത്തു വർഷത്തിനുള്ളിൽ പുരുഷൻമാരുമായി 2,500 സ്വവർഗ്ഗസംഭോഗ സമ്പർക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. ഒരു എയർലൈനിലെ അയാളുടെ ജോലി അയാൾക്കു വിപുലമായി യാത്രചെയ്യാനുള്ള സാദ്ധ്യതയുളവാക്കി. മറെറാരാൾ 20 വർഷംകൊണ്ട് 5,000 സ്വവർഗ്ഗസംഭോഗസമ്പർക്കങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. അങ്ങനെയുള്ള ആളുകൾ എയ്ഡ്സ് പരത്താൻ സാധ്യതയുണ്ടെന്ന് സ്പഷ്ടമാണ്.
തങ്ങളുടെ ലൈംഗിക നടപടികൾ നിമിത്തം കരൾവീക്കം ഗോണോറിയാ, ഹേർപ്പിസ്, മുതലായ മററു രോഗങ്ങൾ സ്വവർഗ്ഗസംഭോഗികളുടെ ഇടയിൽ സാധാരണമാണ്. ഈ രോഗങ്ങൾ ശരീരത്തെ തകരാറിലാക്കുന്നു. അവ ശരീരത്തെ എയ്ഡ്സിനോടു കൂടുതൽ വിധേയത്വമുള്ളതാക്കുന്നതായി വിചാരിക്കപ്പെടുകയും ചെയ്യുന്നു.
സ്വവർഗ്ഗരതി പ്രകൃതിവിരുദ്ധമോ?
ഇതു സംബന്ധിച്ചു സംശയമുണ്ടാകാവുന്നതല്ല: സ്വവർഗ്ഗവേഴ്ചകൾ എയ്ഡ്സ് വ്യാപനത്തെ അതിയായി ത്വരിതപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള നടപടികൾ മനുഷ്യശരീരത്തിന്റെ ജീവശാസ്ത്രപരമായ രൂപകല്പനക്ക് എതിരാണ്.
അതുകൊണ്ട് സ്വവർഗ്ഗരതിശീലത്തെ കേവലം ‘മറെറാരു ജീവിതരീതി’യായി വീക്ഷിക്കാവുന്നതല്ല. അത് പ്രകൃതിവിരുദ്ധമാണ്, നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിധത്തിന്റെ ഒരു കോട്ടിമാട്ടലാണ്. ബൈബിൾ അതിനെ “അംഗീകാരമില്ലാത്ത ഒരു മാനസികാവസ്ഥ”യിൽനിന്നു സംജാതമാകുന്ന പ്രവൃത്തികളിൽ ഉൾപ്പെടുത്തിക്കൊണ്ടു പറയുന്നു: “ദൈവം അവരെ അപമാനകരമായ ലൈംഗികതൃഷ്ണകൾക്ക് ഏല്പിച്ചുകൊടുത്തു, എന്തുകൊണ്ടെന്നാൽ അവരുടെ സ്ത്രീകളും തങ്ങളുടെ തന്നെ സ്വാഭാവിക ഉപയോഗത്തെ സ്വഭാവവിരുദ്ധമായതിലേക്ക മാററി; അതുപോലെതന്നെ പുരുഷൻമാർ പോലും സ്ത്രീകളുടെ സ്വാഭാവിക ഉപയോഗം വിടുകയും അന്യോന്യം ആണോട് ആൺ ഉഗ്രമായി കാമം ജ്വലിക്കുകയും നികൃഷ്ടമായതു ചെയ്യുകയും തങ്ങളുടെ തെററിനു തക്ക പൂർണ്ണ പ്രതിഫലം തങ്ങളിൽത്തന്നെ പ്രാപിക്കുകയും ചെയ്തു.”—റോമർ 1:26-32.
കൂടാതെ പുരാതന ഇസ്രായേലിനോടുള്ള ദൈവത്തിന്റെ ന്യായപ്രമാണം ഇങ്ങനെ പ്രസ്താവിച്ചു: “ഒരു പുരുഷൻ ഒരു സ്ത്രീയോടുകൂടെ കിടക്കുന്നതുപോലെ ഒരു പുരുഷനോടുകൂടെ കിടക്കുമ്പോൾ ഇരുവരും ഒരു മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു.”—ലേവ്യപുസ്തകം 20:13.
സ്വവർഗ്ഗരതി അസ്വാഭാവികമാണെന്ന് ഈ അടിസ്ഥാനവസ്തുതയിൽനിന്ന് കാണാൻ കഴിയും: എല്ലാവരും സ്വവർഗ്ഗസംഭോഗികളാണെങ്കിൽ മനുഷ്യവർഗ്ഗം ഒരു തലമുറയിൽത്തന്നെ ചത്തൊടുങ്ങും.
ചിലർ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ദൈവം സ്വവർഗ്ഗരതിക്കാരിൽ എയ്ഡ്സ് ബാധ വരുത്തുകയാണെന്ന് പറയുകയാണോ? അല്ല, ബൈബിൾ അതു പറയുന്നില്ല. പകരം, അത് അവർ ‘വിതക്കുന്നതുതന്നെ കൊയ്യുന്ന’തിന്റെ സംഗതിയാണ്. (ഗലാത്യർ 6:7) ദൈവവചനം ഈ തത്വം പ്രസ്താവിക്കുന്നു: “അവർ തങ്ങളുടെ ഭാഗത്ത് വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു; . . . ന്യൂനത അവരുടെ സ്വന്തമാണ്.”—ആവർത്തനം 32:5.
ഭിന്നലിംഗവർഗ്ഗ സംഭോഗികളും ബാധിക്കപ്പെടുന്നു
എന്നിരുന്നാലും, എയ്ഡ്സ് സ്വവർഗ്ഗഭോഗികളുടെ മാത്രം രോഗമല്ല. അത് ഭിന്ന ലിംഗവർഗ്ഗ സംഭോഗികളായ സ്ത്രീപുരുഷൻമാരിലേക്കും വ്യാപിച്ചിട്ടുണ്ട്. അതിന്റെ ഒരു വിധം മററു പുരുഷൻമാരുമായുള്ള ലൈംഗികസമ്പർക്കത്തിൽനിന്ന് അണുബാധയുണ്ടായ ഇരുലിംഗവർഗ്ഗ സംഭോഗികളായ പുരുഷൻമാർ വേഴ്ചയിലേർപ്പെടുന്ന സ്ത്രീകൾക്ക് രോഗബാധ ഉളവാക്കുന്നതാണ്.
മലിനമായ സിറിഞ്ചുകളും സൂചികളും പങ്കുവെക്കുന്ന മയക്കുമരുന്നുപയോക്താക്കളും മററുള്ളവരിലേക്ക് എയ്ഡ്സ് കടത്തിവിടുന്നു. അനന്തരം അവർക്ക് തങ്ങളുമായി വേഴ്ചയിലേർപ്പെടുന്ന സ്ത്രീപുരുഷൻമാർക്ക് രോഗബാധയുളവാക്കാൻ കഴിയും. അനേകം സ്ഥലങ്ങളിൽ, വേശ്യമാരുടെ ഒരു ഉയർന്ന ശതമാനത്തിന് എയ്ഡ്സുണ്ട്, അവർ അവരുടെ പററുപടിക്കാരിലേക്ക് അത് കടത്തിവിടുകയും ചെയ്യുന്നു.
ആഫ്രിക്കയിൽ ഭിന്നലിംഗവർഗ്ഗ സംഭോഗികളുടെയിടയിൽ എയ്ഡ്സ് വ്യാപകമായിട്ടുണ്ട്. പുരുഷൻമാരുടെയത്ര സ്ത്രീകൾക്കും അതുണ്ട്. യൂറോപ്പിലെയും ഐക്യനാടുകളിലെയും മററുള്ളിടങ്ങളിലെയും ഭിന്നലിംഗവർഗ്ഗ സംഭോഗികളുടെ ഇടയിലെ എയ്ഡ്സ് വ്യാപനം ആഫ്രിക്കയിലെപ്പോലെ അത്ര പ്രബലമല്ലെങ്കിലും ആ സമൂഹത്തിലും അതു വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, സ്വവർഗ്ഗസംഭോഗികളോ ഇരുവർഗ്ഗസംഭോഗികളോ അല്ലാത്ത അധികമധികം സ്ത്രീപുരുഷൻമാർക്ക് എയ്ഡ്സ് ബാധിക്കുന്നുണ്ട്, മററുള്ളവരിലേക്ക് കടത്തിവിടുന്നുമുണ്ട്. ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ന്യൂയോർക്ക് നഗരത്തിൽ എയ്ഡ്സ് 25-34 വയസ്സുകാരായ സ്ത്രീകളുടെ ഒന്നാം നമ്പർ കൊലയാളിയായിത്തീർന്നിരിക്കുന്നു.” സങ്കടകരമെന്നു പറയട്ടെ, എയ്ഡ്സ് വൈറസ്വാഹികളായ സ്ത്രീകളുടെ ഒരു വലിയ സംഖ്യ—ചിലർ 50 ശതമാനത്തോളം എന്നു പറയുന്നു—ഈ രോഗം ബാധിച്ച ശിശുക്കളെ പ്രസവിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ചുരുക്കം ചില ദശാബ്ദങ്ങളിൽ ലൈംഗിക ധാർമ്മികത സംബന്ധിച്ച് ഒരു അനുവാദാത്മക മനോഭാവം ഉണ്ടായിരിക്കുന്നതുകൊണ്ട് ദുർവൃത്തിയും വ്യഭിചാരവും സാധാരണമായിത്തീർന്നിരിക്കുകയാണ്. മിക്കപ്പോഴും സ്ത്രീപുരുഷൻമാർക്ക് അനേകം വ്യത്യസ്ത ലൈംഗിക പങ്കാളികളുണ്ട്. എയ്ഡ്സ് ബാധിച്ചിട്ടുള്ളവർക്ക് അതു മററുള്ളവരിലേക്കു പകരാൻ കഴിയും. അത്തരം വിവേചനാരഹിതമായ പെരുമാററവും ബൈബിളിൽ കുററംവിധിക്കപ്പെട്ടിരിക്കുകയാണ്.—1 കൊരിന്ത്യർ 6:9, 10; വെളിപ്പാട് 22:15.
രക്തം—രോഗാണുബാധയുടെ മറ്റൊരു ഉറവ
മററു ചിലർക്ക് രക്തം കുത്തിവെയ്പിലൂടെ രോഗാണുബാധയുണ്ടായി. കാനഡായിലെ മെഡിക്കൽ പോസററ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “രോഗനിയന്ത്രണകേന്ദ്രങ്ങളുടെ എയ്ഡ്സ് ശാഖയിലെ മെഡിക്കൽ സാംക്രമിക രോഗ വിദഗ്ദ്ധനായ ഡോ. തോമസ് പീററർമാൻ . . . 1978-1984 വരെ 12,000 അമേരിക്കക്കാർക്ക് എയ്ഡ്സ് വൈറസ് ബാധിച്ചുവെന്ന് കണക്കാക്കി.”
രക്തം സ്വീകരിച്ച ഇവരിൽ അനേകർ മരിച്ചു അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുകയാണ്. 1985-ൽ പുതിയ പരിശോധനാരീതികൾ അവതരിപ്പിക്കപ്പെടുന്നതിനുമുമ്പ് രക്തം സ്വീകരിച്ചവർ എയ്ഡ്സ് പരിശോധന നടത്താൻ വിവിധ ആശുപത്രികൾ ബുദ്ധിയുപദേശിച്ചിട്ടുണ്ട്.
അററ്ലാൻറായിലെ ഫെഡറൽ രോഗനിയന്ത്രണകേന്ദ്രങ്ങളിലെ പഠനങ്ങൾ 1985-ന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ ഗുരുതരമായ ഹിമോഫീലിയ ബാധിച്ച 10,000 അമേരിക്കക്കാരിൽ മിക്കവർക്കും എയ്ഡ്സ് വൈറസ് ബാധിച്ചിരുന്നതായി കണക്കാക്കി. കൂടാതെ, ശക്തികുറഞ്ഞ ഹിമോഫീലിയ ബാധിച്ചവരുടെ 30 മുതൽ 50 വരെ ശതമാനത്തിനും അണുബാധയുണ്ടായി. ബ്രസീലിലെ ഹിമോഫീലിയാരോഗികളുടെ പകുതിയിലധികം എയ്ഡ്സ് വൈറസ് ബാധിച്ചവരായിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു.
ന്യൂയോർക്ക് ഹോസ്പിററൽ—കോണൽ മെഡിക്കൽ സെൻററിലെ ഡോ. മാർഗറററ് ഹിൽഗാർട്ട്നർ ഇങ്ങനെ പറയുകയുണ്ടായി: “ഗുരുതരമായ ഹീമോഫീലിയാ പിടിപെട്ട ഒരു രോഗി ഓരോ വർഷവും 8,00,000 മുതൽ 10 ലക്ഷം വരെ വ്യത്യസ്ത ആളുകളുടെ രക്തത്തിന് വിധേയരാക്കപ്പെടുന്നു. മരുന്നുകമ്പനികൾ രക്ഷ ഉല്പന്നങ്ങൾ ചൂടാക്കുന്ന നടപടി തുടങ്ങുന്നതിനുമുമ്പ് രോഗാണുബാധയുടെ അപകടസാദ്ധ്യത അവിശ്വസനീയമായി ഉയർന്നതായിരുന്നു.” അവർ ഇങ്ങനെയും പറഞ്ഞു: “യുവ ഹിമോഫീലിയാരോഗികളിൽ ഞങ്ങൾ കൂടുതൽ കൂടുതൽ ആത്മഹത്യ കാണുന്നു. അവർ വളരെ കുപിതരാണ്. അവർ ബലിയാടുകളാണെന്ന് വിചാരിക്കുന്നു.”
ഒമഹയിലെ നെബ്രാസ്ക്കാ റീജിയനൽ ഹിമോഫീലിയാകേന്ദ്രത്തിലെ യോനാഥാൻ ഗോൾഡ്സ്മിത്ത് “നിങ്ങൾ ഒരു ജീവശാസ്ത്ര ഉല്പന്നം കൈകാര്യം ചെയ്യുന്നതുകൊണ്ട്” കുത്തിവെക്കുന്ന ഔഷധം “എല്ലായ്പ്പോഴും അപകടകരമായിരുന്നിട്ടുണ്ട്” എന്ന് പറയുകയുണ്ടായി. “എന്നാൽ ഇതാണ് ഏററം മോശം. അത് ചികിൽസാവിദഗ്ദ്ധരിൽ സങ്കടം ജനിപ്പിച്ചിരിക്കുന്നു. ഇതുപോലെയെന്തെങ്കിലും സംഭവിക്കാൻ നാം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.”
രക്തപ്പകർച്ചയിലൂടെ എയ്ഡ്സ് ബാധിച്ചിട്ടുള്ള വിവാഹിതർക്ക് ലൈംഗിക ബന്ധങ്ങളിലൂടെ തങ്ങളുടെ ഇണകളിലേക്ക് രോഗം കടത്തിവിടാൻ കഴിയും. രക്തപ്പകർച്ചകളിലൂടെ എയ്ഡ്സ് കിട്ടിയ വിവാഹിത പുരുഷൻമാരുടെ ഒരു പഠനത്തിൽ അവരുടെ ഭാര്യമാരുടെ 14 ശതമാനത്തിനും വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തപ്പെട്ടു.
ആഫ്രിക്കയിൽ, എയ്ഡ്സ് വൈറസുള്ള സ്ത്രീപുരുഷൻമാരിൽ 10 ശതമാനത്തിന് രക്തപ്പകർച്ച നടത്തിയ രോഗാണുബാധിത രക്തത്തിൽ നിന്നോ വാക്സിനേഷന് ഉപയോഗിക്കുന്നതുപോലെയുള്ള മലിനമായ സൂചികളുടെ ഉപയോഗത്തിൽ നിന്നോ കിട്ടിയതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. അവിടെ ഏതാണ്ട് അമ്പതു ലക്ഷം എയ്ഡ്സ്വാഹകരുണ്ടായിരിക്കാമെന്ന് ചിലർ കണക്കാക്കുന്നതുകൊണ്ട് സെൻട്രൽ ആഫ്രിക്കയിൽ മലിന രക്തത്തിൽനിന്ന് എയ്ഡ്സ് വൈറസ് കിട്ടിയ 5,00,000ത്തിൽപരം പേർ ഉണ്ടെന്ന് അതിന് അർത്ഥമുണ്ടായിരിക്കാം.
ഇപ്പോൾ എയ്ഡ്സ് വളരെ വ്യാപകമായിരിക്കുന്നതുകൊണ്ട് തങ്ങളെത്തന്നെ സംരക്ഷിക്കാൻ ആളുകൾക്ക് എന്തുചെയ്യാൻ കഴിയും? (w88 10/8)
[10-ാം പേജിലെ ആകർഷകവാക്യം]
ആഫ്രിക്കയിൽ ഭിന്നവർഗ്ഗസംഭോഗികളിൽ എയ്ഡ്സ് പരക്കെ വ്യാപിച്ചിട്ടുണ്ട്
[10-ാം പേജിലെ ആകർഷകവാക്യം]
ആഫ്രിക്കയിൽ വൈറസുള്ളവരുടെ 10 ശതമാനത്തിന് അതു കിട്ടിയത് രോഗാണുബാധിതമായ രക്തത്തിൽനിന്നാണ്
[9-ാം പേജിലെ ചിത്രങ്ങൾ]
എയ്ഡ്സ് ആദ്യം പരന്നത് മുഖ്യമായി സ്വവർഗ്ഗസംഭോഗികളിൽനിന്നും മയക്കുമരുന്നാസക്തരിൽനിന്നുമായിരുന്നു. രക്തപ്പകർച്ചകളും എയ്ഡ്സ് പരത്തിയിട്ടുണ്ട്