എയ്ഡ്സ് എന്തുകൊണ്ട് ഇത്ര മാരകമായിരിക്കുന്നു
എയ്ഡ്സിൽനിന്ന് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് മെച്ചമായി മനസ്സിലാക്കുന്നതിന് അത് ഇത്ര മാരകമായിരിക്കുന്നതെന്തുകൊണ്ടെന്ന് നാം അറിയേണ്ടതുണ്ട്. ഈ വൈറസിനോട് ഇടപെടുന്നത് മററു വൈറസുകളോട് ഇടപെടുന്നതിനേക്കാൾ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
രോഗം ഉളവാക്കുന്ന അണുക്കളിൽവെച്ച് ഏററവും ചെറുതാണ് വൈറസുകൾ, ബാക്ററീരിയാകളെക്കാൾപോലും വളരെ ചെറുത്. ഇൻഫ്ളുവൻസായും പോളിയോയും ജലദോഷവും വ്യത്യസ്ത വൈറസുകളാലാണ് ഉളവാക്കപ്പെടുന്നത്. ഒരു ആതിഥേയ കോശത്തിൽ ഒരു വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ, അത് ആ കോശത്തെ കൊല്ലുകയോ പിന്നീട് കൂടുതൽ പ്രവർത്തനനിരതമാകുന്നതുവരെ കേവലം “ഉറങ്ങുക”യോ ചെയ്തേക്കാം. എയ്ഡ്സ് വൈറസിന്റെ കാര്യത്തിൽ ലക്ഷണങ്ങൾ വികാസം പ്രാപിക്കുന്നതിനുമുമ്പ് അഞ്ചോ അധികമോ വർഷങ്ങൾ കടന്നുപോയേക്കാം.
ഇത്ര മാരകമായിരിക്കുന്നതെന്തുകൊണ്ട്?
എയ്ഡ്സ് വൈറസിനെ ഇത്ര മാരകമാക്കുന്നത് അത് പ്രമുഖ കോശങ്ങളെ ആക്രമിക്കുകയും തളർത്തുകയും ചെയ്യുന്നുവെന്നതാണ്, അവയിൽ രോഗനിവാരണത്തിനു സഹായിക്കുന്നതിന് ശരീരം ഉല്പാദിപ്പിക്കുന്ന വെളുത്ത രക്തകോശങ്ങളും ഉൾപ്പെടുന്നു. വെളുത്ത രക്തകോശങ്ങളാണ് (ററി-4 ലസികാണുക്കൾ എന്ന് അവ വിളിക്കപ്പെടുന്നു) രോഗങ്ങൾക്കെതിരെയുള്ള പ്രധാന സംരക്ഷണം.
ഈ വെളുത്ത കോശങ്ങളെ എയ്ഡ്സ് വൈറസ് തളർത്തിക്കളയുമ്പോൾ അവക്ക് അവയുടെ ജോലി നിർവഹിക്കാൻ കഴിയുന്നില്ല. അങ്ങനെ, ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ തകർക്കപ്പെടുന്നു. മുമ്പ് ജീവന് ഭീഷണിയല്ലാതിരുന്നേക്കാവുന്ന രോഗാണുബാധകൾ ഇപ്പോൾ അങ്ങനെയാണ്. അവയിൽ മററു വൈറസുകളും പരാദങ്ങളും ബാക്ററീരിയാകളും പൂപ്പലും വിവിധ കാൻസറുകളും ഉൾപ്പെടുന്നു.
മേലാൽ ഈ രോഗാണുബാധകളോടു പോരാടാൻ ശരീരത്തിനു കഴിയാത്തതുകൊണ്ട് ഇര മരിക്കുന്നതുവരെ അവ വളരുന്നു. ഈ രോഗാണുബാധകളെ അവസരവാദികളെന്നാണ് വിളിക്കുന്നത്. അവ ശരീരത്തിന്റെ തളർന്നുപോയ പ്രതിരോധവ്യവസ്ഥ പ്രദാനംചെയ്ത അവസരങ്ങളെ മുതലെടുക്കുന്നു. എയ്ഡ്സുള്ള ഒരാളിന് ഒരേ സമയത്ത് അങ്ങനെയുള്ള പല രോഗാണുബാധകളുണ്ടായേക്കാം.
എയ്ഡ്സിന്റെ ആദ്യ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു: മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഗ്രന്ഥിവീക്കം, തുടർച്ചയായ പനിയോ രാത്രിയിലെ വിയർക്കലോ; തുടർച്ചയായ അതിസാരം; അകാരണമായ തൂക്കനഷ്ടം; ത്വക്കിലെയോ ശ്ലേഷ്മസ്തരത്തിലെയോ ഭേദമാകാത്ത നിറംകെട്ട ക്ഷതങ്ങൾ; വിട്ടുമാറാത്ത അകാരണമായ ചുമ; നാക്കിലോ തൊണ്ടയിലോ വെളുത്ത പാട; എളുപ്പത്തിലുള്ള ചതവ് അല്ലെങ്കിൽ രക്തസ്രാവം. ഈ ആദ്യലക്ഷണങ്ങൾ മിക്കപ്പോഴും “എയ്ഡ് റിലേററഡ് കോംപ്ലക്സ്” അഥവാ ഏആർസി (എയ്ഡ്സിനോടു ബന്ധപ്പെട്ട സങ്കീർണ്ണതകൾ) എന്നു വിളിക്കപ്പെടുന്നു.
എയ്ഡ്സ് പൂർണ്ണ വികസിതമാകുമ്പോൾ മാരകരോഗങ്ങൾ പിടിപെടുന്നു. കൂടുതൽ സാധാരണമായവയിൽ പെടുന്നതാണ് ന്യൂമോസിസ്ററസ് കാരിനൈ എന്നറിയപ്പെടുന്ന പരാദാണുക്കൾ വരുത്തുന്ന ശ്വാസകോശരോഗങ്ങളും കപോസി സാർക്കോമായും. ആന്തരികാവയവങ്ങളെയും അതു ബാധിക്കുന്നു. കൂടാതെ, എയ്ഡ്സ് വൈറസിന് തലച്ചോറിനെയും ബാധിക്കാനും പക്ഷവാതവും അന്ധതയും ചിത്തോൻമാദവും ഒടുവിൽ മരണവും വരുത്തിക്കൂട്ടാനും കഴിയും. “എയ്ഡ്സ് വൈറസ് യു.എസിലെ കുറഞ്ഞപക്ഷം പത്തുലക്ഷം പേരുടെ തലച്ചോറിലുണ്ട്” എന്ന് ഒരു ജോൺസ് ഹോപ്ക്കിൻസ് നാഡീശാസ്ത്ര പ്രൊഫസ്സറായ ഡോ. റിച്ചാർഡ് ററി. ജോൺസൺ പ്രസ്താവിക്കുകയുണ്ടായി.
പൂർണ്ണവികസിത എയ്ഡ്സിനോടൊപ്പം വേദനയും അനിയന്ത്രിതമായ തൂക്കക്കുറവും ഉണ്ടാകുന്നു, ശരീരം ക്ഷീണിച്ചുക്ഷീണിച്ച് ഒടുവിൽ മരണം നേരിടുന്നു. ആഫ്രിക്കയിൽ, എയ്ഡ്സ് “‘മെലിവുരോഗ’ത്തോടു ബന്ധിപ്പിക്കപ്പെടുന്നു, അതിസാരത്തെ തുടർന്നുണ്ടാകുന്ന വലിയ തൂക്കനഷ്ടമാണത്” എന്ന് ദി ലാൻസററ പറയുന്നു. രോഗം തുടങ്ങിയാൽ ഒരു വർഷംകൊണ്ടോ അതിനുള്ളിലോ മരണം സംഭവിക്കുന്നു, അല്ലെങ്കിൽ പല വർഷങ്ങളെടുത്തേക്കാം.
വിട്ടുമാറാത്ത ഒരു വൈറസ്
എയ്ഡ്സ് വൈറസിനെ മറെറല്ലാററിനെക്കാളും മാരകമാക്കുന്നതിന് സംഭാവനചെയ്യുന്ന മറെറാരു ഘടകമുണ്ട്. മററു വൈറസുകൾക്ക് സാധാരണയായി ഇല്ലാത്ത അതിജീവനത്തിനുള്ള അന്തർനിർമ്മിത സംവിധാനങ്ങൾ അതിനുണ്ട്.
ദൃഷ്ടാന്തത്തിന്, മനുഷ്യരിൽ ഇൻഫ്ളുവൻസാ വൈറസ് ഏതാനും ദിവസത്തേക്കോ വാരങ്ങളിലേക്കോ മാത്രമേ ജീവിക്കുകയുള്ളു. അത് ആ പ്രത്യേക വൈറസിനാൽ രോഗി വീണ്ടും ബാധിക്കപ്പെടാതെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രതിവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. വ്യാധി ആക്രമിച്ചുകഴിഞ്ഞാൽ അത് അപ്രത്യക്ഷപ്പെടുന്നു. 1918ലെ ഫ്ളൂ എന്ന സമസ്തവ്യാധി ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളു. മഞ്ഞപ്പനിയുടെ വൈറസ് കൊതുകുകളെ ആശ്രയിക്കുന്നു, കാലമാററങ്ങളുണ്ടാകുമ്പോൾ അവയുടെ എണ്ണം കുറയുന്നു. മസൂരിയും അതിനു വിധേയമാകുന്ന ജനതതിയെ പെട്ടെന്ന് ബാധിച്ചിട്ട് അപ്രത്യക്ഷപ്പെടുന്നു.
എന്നുവരികിലും എയ്ഡ്സ് വൈറസ് വിട്ടുമാറാത്തതാണെന്ന് ഊഹിക്കപ്പെടുന്നു. അത് മനുഷ്യ ആതിഥേയന്റെ ഉള്ളിൽ ഒരായുഷ്ക്കാലം തങ്ങാനിടയുണ്ട്, താനേ അപ്രത്യക്ഷപ്പെടുന്നുമില്ല. ഇരയാകുന്നയാൾ പൂർണ്ണവികസിത എയ്ഡ്സിൽനിന്ന് മുക്തനാകുന്നില്ല, തന്നിമിത്തം രോഗത്തിന്റെ ഒരു ആവർത്തനത്തെ ചെറുത്തുനിൽക്കുന്ന തരം പ്രതിരക്ഷ കെട്ടുപണിചെയ്യാൻ അപ്രാപ്തമാണ്.
തന്നെയുമല്ല, എയ്ഡ്സ് വൈറസ് അതിന്റെ ജനിതക ഘടന സംബന്ധിച്ച് ഗണ്യമായ മാററം പ്രകടമാക്കിയിട്ടുണ്ട്, അങ്ങനെ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുക പ്രയാസമാക്കിത്തീർക്കുകയാണ്. സാധാരണായി വൈറസുകൾക്ക് രൂപഭേദം ഭവിക്കുന്നു, അതായത് അവയുടെ സ്വഭാവം മാറുന്നു. ദൃഷ്ടാന്തമായി, വിവിധങ്ങളായ അനേകം തരം ഇൻഫ്ളുവൻസാ ജലദോഷ വൈറസുകളുണ്ട്. ഇപ്പോൾത്തന്നെ ആഫ്രിക്കയിലും മററു ചിലടങ്ങളിലും രണ്ടാമതൊരു തരം എയ്ഡ്സ് വൈറസ് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഓരോ തരത്തിനും വ്യത്യസ്ത വാക്സിൻ ആവശ്യമായിരുന്നേക്കാം.
എന്നാൽ എയ്ഡ്സ് ഇത്ര സത്വരം വ്യാപിച്ചിരിക്കുന്നതെന്തുകൊണ്ടാണ്? മനുഷ്യകുടുംബത്തിലേക്കുള്ള അതിന്റെ ദുഷ്ട നുഴഞ്ഞകയററത്തെ സഹായിച്ച ഏതു നടപടികൾ ഉൾപ്പെട്ടിരിക്കുന്നു? (g88 10/8)
[7-ാം പേജിലെ ചതുരം]
എയ്ഡ്സിനു വഴിയൊരുക്കുന്ന ഘടകങ്ങൾ
ദ ലാൻസെററ എന്ന ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പറയുന്നതനുസരിച്ച് ലോകത്തെമ്പാടും ഓരോ വർഷവും 30 കോടിയിലധികം പേർ കൂടുതലായി ഗൊണോറിയാ, സിഫിലിസ്, ഹേർപ്പിസ്, ക്ലാമിഡിയാ എന്നിങ്ങനെയുള്ള ലൈംഗിക സാംക്രമിക രോഗങ്ങളാൽ ബാധിക്കപ്പെടുന്നു. ഇവ ഒരുപക്ഷേ ശരീരത്തെ എയ്ഡ്സ് വൈറസിന് കൂടുതൽ വശംവദരാക്കിക്കൊണ്ട് അതിനെ ക്ഷീണിപ്പിച്ചേക്കാം. വിനോദപരമോ നിയമവിരുദ്ധമോ ആയ മയക്കുമരുന്നുപയോഗവും ശരീരത്തിന് എയ്ഡ്സിനെതിരെയുള്ള പ്രതിരോധശക്തി കുറച്ചേക്കാം.
കൂടാതെ, അവികസിത രാജ്യങ്ങളിൽ ദാരിദ്ര്യം നിമിത്തമുള്ള പോഷണക്കുറവും ആരോഗ്യരക്ഷാ സൗകര്യങ്ങളുടെ കുറവും എയ്ഡ്സിനെതിരായ ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുന്നു. ആ പ്രദേശങ്ങളിലെ കോടിക്കണക്കിനാളുകളുടെ ആരോഗ്യം ഇപ്പോൾത്തന്നെ മോശമാണ്, അത് വൈറസ് കൂടുതലിരകളെ ബാധിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു.
[7-ാം പേജിലെ ചിത്രം]
സാധാരണഗതിയിൽ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയിലെ വെളുത്ത ററി-കോശങ്ങൾ ഉപദ്രവികളായ ആക്രമണകാരികളെ പൊരുതി തോല്പ്പിക്കുന്നു