എയ്ഡ്സ് വാഹികൾ എത്രയധികം പേർക്കു മരിക്കാൻ കഴിയും?
എയ്ഡ്സ് ആദ്യമായി 1981-ൽ തിരിച്ചറിയപ്പെട്ടപ്പോൾ വൈറസുണ്ടായിരുന്നവരിൽ 5 മുതൽ 10 വരെ ശതമാനം രോഗബാധിതരായി മരിക്കുമെന്ന് ആരോഗ്യാധികൃതർ കണക്കാക്കി. എന്നാൽ വൈറസിന് ദീർഘമായ അടയിരിപ്പുകാലമുണ്ടെന്ന് തെളിഞ്ഞു. ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ അധികമോ വർഷമെടുത്തേക്കാം.
ഇപ്പോൾ കഴിഞ്ഞ എട്ടുവർഷത്തെ അനുഭവം വെച്ചുകൊണ്ട് എയ്ഡ്സുവാഹികളായവരുടെ 40 മുതൽ 50 വരെ ശതമാനം രോഗം ബാധിച്ചു മരിക്കുമെന്ന് ചില ഉദ്യോഗസ്ഥൻമാർ കണക്കുകൂട്ടുന്നു. എയ്ഡ്സും മൂന്നാം ലോകവും ഇങ്ങനെ പ്രസ്താവിച്ചു: “എച്ച്ഐവി-വാഹികളുടെ 50 ശതമാനത്തിന് അഞ്ചു വർഷംകൊണ്ടും 75 ശതമാനത്തിന് ഏഴു വർഷംകൊണ്ടും പൂർണ്ണവികസിത എയ്ഡ്സ് ബാധിക്കുമെന്ന് ഒരു കമ്പ്യൂട്ടർ മോഡൽ മുൻകൂട്ടിപ്പറഞ്ഞതായി പറയപ്പെടുന്നു.” (“ഹ്യൂമൻ ഇമ്മ്യൂണോളജി വൈറസ്” എന്നതിൽനിന്നാണ് “എച്ച്ഐവി” എന്ന പദം വരുന്നത്—എയ്ഡ്സ് വൈറസ് തന്നെ.)
പിന്നീട് ആ പ്രസിദ്ധീകരണം ഇങ്ങനെ പറഞ്ഞു: “അനേകം ചികിൽസാവിദഗ്ദ്ധരും രോഗാണുശാസ്ത്രജ്ഞൻമാരിൽ ഭൂരിപക്ഷവും എച്ച്ഐവി വാഹകരുടെ മരണസംഖ്യ 100%-ത്തോടു വളരെ അടുത്തുചെല്ലുമെന്ന് ഇപ്പോൾ വിശ്വസിക്കുന്നു. . . . ഓരോ വർഷവും കടന്നുപോകുമ്പോൾ മൂന്നോ നാലോ അഞ്ചോ വർഷം മുമ്പ് വൈറസ് ബാധിച്ച കൂടുതൽ പേർക്ക് തീർച്ചയായും രോഗം ബാധിക്കുന്നുവെന്ന വസ്തുതയിലാണ് എല്ലാവരും ഒടുവിൽ മരിക്കുമെന്നുള്ള വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. അത് ഭാഗികമായി എച്ച്ഐവി വൈറസിന്റെ തന്നെ പഠനങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു.” തീർച്ചയായും, അങ്ങനെയുള്ള വീക്ഷണങ്ങൾ കണക്കുകൂട്ടലുകളാണ്. അവ യാഥാർത്ഥ്യമായിത്തീരുമോയെന്ന് കാലം മാത്രമേ തെളിയിക്കുകയുള്ളു.
ഐക്യനാടുകളിലെ നാഷനൽ ഹെൽത്ത് ഇൻസ്ററിററ്യൂട്ടിലെ ഗവേഷകനായ ഡോ. അന്തോണി ഫോസി പരിശോധനയിൽ എച്ച്ഐവി ഉള്ളവരെന്നു തെളിഞ്ഞ വ്യക്തികളുടെ 90 ശതമാനത്തിന് അഞ്ചു വർഷത്തിനുള്ളിൽ ഏതെങ്കിലും തരം പ്രതിരോധപ്രവർത്തന തകരാറുണ്ടാകുന്നുവെന്ന് കാണുകയുണ്ടായി.
സമീപഭാവിയിലുണ്ടാകാവുന്ന 5 കോടി മുതൽ 10 കോടി വരെയുള്ള എയ്ഡ്സ് വാഹികളിൽ 50 ശതമാനം “മാത്രം” മരിച്ചാൽ പോലും അടുത്ത ദശാബ്ദത്തിലെ ഓരോ വർഷവും ഏതെങ്കിലും സമയത്ത് ദശലക്ഷങ്ങൾ മരിക്കുന്നതിനെ അതർത്ഥമാക്കും. ആഫ്രിക്കയിലെ മാത്രം സങ്കൽപ്പിത മരണസംഖ്യ കോടിക്കണക്കിനായേക്കാമെന്ന് ഒരു കേന്ദ്രം പ്രസ്താവിക്കുന്നു.
യുദ്ധത്തോടു താരതമ്യപ്പെടുത്തുന്നു
നഷ്ടപ്പെടുന്ന ജീവന്റെയും സമൂഹത്തിനു നേരിടുന്ന തകരാറിന്റെയും സാമ്പത്തിക നഷ്ടത്തിന്റെയും രൂപത്തിലുള്ള എയ്ഡ്സിന്റെ പരിണത ഫലങ്ങളെ വലിയ യുദ്ധങ്ങളുടെ പരിണത ഫലങ്ങളോടാണ് താരതമ്യപ്പെടുത്തുന്നത്.
ദൃഷ്ടാന്തത്തിന്, ഐക്യനാടുകളിൽ ഇപ്പോൾത്തന്നെ ഏതാണ്ട് 40,000 പേർ മരിച്ചിരിക്കുന്നു. പത്തു ലക്ഷം മുതൽ ഇരുപതു ലക്ഷം വരെ ആളുകൾക്ക് രോഗബാധയുള്ളതായി പറയപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽത്തന്നെ കണക്കാക്കപ്പെട്ട പ്രകാരം 2,50,000 മുതൽ 4,00,000 വരെ നിവാസികൾക്ക് വൈറസ്ബാധയുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ നവജാതശിശുക്കളിലെ ഏററം സാധാരണമായ പകർച്ചവ്യാധി എയ്ഡ്സ് ആയിത്തീർന്നിരിക്കുകയാണ്.
ഉയർന്ന അപകടസാദ്ധ്യതയുണ്ടായിരുന്ന ചില സമൂഹങ്ങളിൽ വർദ്ധനവിന്റെ നിരക്ക് മന്ദീഭവിക്കുകയും ഭിന്ന ലിംഗവർഗ്ഗ ഭോഗികളുടെ ഇടയിലെ എയ്ഡ്സ് സ്ഫോടനഭീതി സത്യമായി ഭവിക്കുകയും ചെയ്തിട്ടില്ലെന്നിരിക്കെ സമീപഭാവിയിൽ മരണസംഖ്യ പിന്നെയും വളരെ ഉയർന്നതു തന്നെയായിരിക്കും. 1991ന്റെ അവസാനമാകുമ്പോഴേക്ക് 2,00,000ത്തിൽ പരം അമേരിക്കക്കാർ എയ്ഡ്സ് ബാധയാൽ മരണമടയുമെന്ന് അററ്ലാൻറായിലെ രോഗ നിയന്ത്രണത്തിനുള്ള യു.എസ്. കേന്ദ്രങ്ങൾ കണക്കാക്കുന്നു. 1991 എന്ന ഒററ വർഷത്തിൽ അതു മുഖേന 50,000ത്തിൽപരം പേർ മരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇന്നുമുതൽ നാലു വർഷം മാത്രം കഴിഞ്ഞ് 1992-ൽ, ഒന്നാം ലോകമഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും വിയററ്നാം യുദ്ധത്തിലും മൊത്തം മരിച്ചതിനെക്കാൾ കൂടുതൽ അമേരിക്കക്കാർ മരിച്ചേക്കാം.
യഥാർത്ഥത്തിൽ, ദി ഫ്യൂച്ചറിസ്ററ ഇങ്ങനെ പ്രസ്താവിച്ചു: “ഈ നൂററാണ്ടിന്റെ അവസാനമാകുന്നതോടെ [എല്ലാ രാഷ്ട്രങ്ങളാലുമുള്ള] നമ്മുടെ എല്ലാ യുദ്ധങ്ങളാലും കൊല്ലപ്പെടുന്നതിനെക്കാൾ കൂടുതൽ പേരെ എയ്ഡ്സ് കൊന്നേക്കാം.”
നിശ്ചിതചെലവുകൾ വമ്പിച്ചതാണ്. ഐക്യനാടുകളിൽ ഓരോ രോഗിക്കും വർഷംതോറും 50,000മോ അധികമോ ഡോളർ എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് വരും വർഷങ്ങളിൽ രോഗികളെ പരിപാലിക്കുന്നതിന് ഓരോ വർഷവും അനേക ശതകോടി ഡോളറുകൾ ആവശ്യമായിവരും. ആരോഗ്യപാലന പദ്ധതികൾ രോഗികളുടെ മുഴുസംഖ്യയേയോ ചെലവിനെയോ നേരിടാൻ അപ്രാപ്തമായിരിക്കുമെന്ന് ചിലർ ഭയപ്പെടുന്നു.
ആഫ്രിക്കയിൽ ഗുരുതരം
ആഫ്രിക്കയിൽ ഇപ്പോൾ എയ്ഡ്സ് ചെയ്യുന്നതുപോലെ അധികം കെടുതി യുദ്ധങ്ങൾ വരുത്തിക്കൂട്ടിയിട്ടില്ല. ബ്രിട്ടനിലെ ന്യൂ സയൻറിസ്ററ ഇങ്ങനെ പ്രസ്താവിക്കുന്നു: “എയ്ഡ്സ് ആഫ്രിക്കയിൽ അനിയന്ത്രിതമാണ്.” ഡൻമാർക്കിലെ പൊലിററക്കനിലെ ഒരു ലേഖനം ഇങ്ങനെ പറയുകയുണ്ടായി: “‘എന്തെങ്കിലും മാററമുണ്ടാകുന്നില്ലെങ്കിൽ ഈ രാജ്യത്തെ മുതിർന്ന ഓരോ രണ്ടു പേരിലും ഒരാൾ വീതം 2000-ാമാണ്ടിൽ എച്ച്ഐവി വൈറസുള്ളവരായിരിക്കു’മെന്ന് ഉഗാണ്ടായിലെ മുഖ്യ എയ്ഡ്സ് ഉദ്യോഗസ്ഥൻമാർ പ്രസ്താവിക്കുന്നു. ആഫ്രിക്കയിലെ മൊത്തം എയ്ഡ്സ് കേസുകളിൽ ഏതാണ്ടു പകുതിയോളം പ്രസവ വർഷങ്ങളിലുള്ള സ്ത്രീകളുടേതാണ്. റുവാണ്ടായിലെ അഞ്ച് എയ്ഡ്സ് കേസുകളിൽ ഒന്നിൽ വീതം ഉൾപ്പെട്ടിരിക്കുന്നത് കുട്ടികളാണ്. സാംബിയായിൽ, ഈ വർഷം 6,000 കുട്ടികൾ എയ്ഡ്സ് സഹിതം ജനിക്കുന്നതായിരിക്കും. നെയ്റോബിയിൽ പരിശോധന നടത്തപ്പെട്ട 800 വേശ്യമാരിൽ 10-ൽ 9 പേരെയും എച്ച്ഐവി ബാധിച്ചിരുന്നു. ഈ സ്ത്രീകൾ പ്രതിവർഷം ശരാശരി 1,000 പതിവുകാരോടുകൂടെ ഉറങ്ങുന്നു.”
“നാം യാതൊന്നും ചെയ്യുന്നില്ലെങ്കിൽ, ഈ ഭൂഖണ്ഡം മരിക്കും” എന്ന് ഒരു ബൽജിയൻ വിദഗ്ദ്ധനായ പീററർ പയററ് പറയുന്നു. ലോകാരോഗ്യ പ്രസ്ഥാനത്തിന്റെ തലവനായ യോനാഥാൻ മാൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ലോകം ഒരൊററ ഗ്രഹമല്ലെന്നുള്ള മട്ടിൽ ആഫ്രിക്കയെ കൈവിടുകയാണ് പോംവഴി. എന്നാൽ എല്ലാ രാജ്യങ്ങളിലും നിർത്തൽചെയ്യുന്നതിനു മുമ്പ് ഏതെങ്കിലും ഒരു രാജ്യത്ത് ഈ പകർച്ചവ്യാധി നിർത്തൽചെയ്യുക സാധ്യമല്ല.”
അങ്ങനെ ഒരു ആഗോള എയ്ഡ്സ് വിപത്ത് ഇപ്പോൾത്തന്നെ തുടങ്ങിയിരിക്കുന്നുവെന്ന് അനേകം വൈദ്യശാസ്ത്രാധികൃതർ വിചാരിക്കുന്നു. “യുദ്ധത്തിന്റെ സകല പരിണതഫലങ്ങളോടുംകൂടെ നമ്മെ ഭീഷണിപ്പെടുത്തുന്ന” ഒരു “ആഗോള പോരാട്ടം” എന്നാണ് യു.എൻ. സെക്രട്ടറി ജനറലായ ജാവ്യസ് പെരെസ് ഡി ക്വെയർ അതിനെ വിളിക്കുന്നത്.”
ചില വിധങ്ങളിൽ അത് യുദ്ധത്തെക്കാൾ ഗുരുതരമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവസാനം കാണാനില്ല, മരണങ്ങൾ തുടർന്നു പെരുകുന്നു, “മുറിവേററവർ” സൗഖ്യം പ്രാപിക്കുന്നില്ല. (g88 10/8)
[5-ാം പേജിലെ ആകർഷകവാക്യം]
‘എച്ച്ഐവി വാഹകരുടെ മരണസംഖ്യ 100 ശതമാനത്തോടു വളരെ അടുക്കുമെന്ന് അനേകർ ഇപ്പോൾ വിശ്വസിക്കുന്നു’
[5-ാം പേജിലെ ആകർഷകവാക്യം]
“ഈ നൂററാണ്ടിന്റെ അവസാനമാകുന്നതോടെ നമ്മുടെ എല്ലാ യുദ്ധങ്ങളാലും കൊല്ലപ്പെടുന്നതിനെക്കാൾ കൂടുതൽ പേരെ എയ്ഡ്സ് കൊന്നേക്കാം.”