എയ്ഡ്സ് ഒരു ആഗോള കൊലയാളി
എയ്ഡ്സ ഒരു ആഗോള വിപത്തായിത്തീരുന്നതിന്റെ വക്കോളമെത്തിയിരിക്കുകയാണെന്ന് ചില മെഡിക്കൽ പ്രാമാണികർ വിചാരിക്കുന്നു. “എയ്ഡ്സ് നമ്മുടെ ജീവിതകാലത്തെ ആരോഗ്യവിപത്തായിരിക്കാ”മെന്ന് ദി ന്യൂയോർക്ക് റൈറസ് അവകാശപ്പെട്ടു. ഒരു സൂക്ഷ്മ ജീവാണുശാസ്ത്രജ്ഞനായ ഡോ. വില്യം ഓ കോണോർ ഇങ്ങനെ പറഞ്ഞു: “നാം കൈകാര്യംചെയ്യുന്നത് ഒരുപക്ഷേ ലോകത്തെ ബാധിച്ചിട്ടുള്ളതിലേക്കും ഏററവും വലിയ പ്ലേഗായിരിക്കാം.”
ലോകാരോഗ്യ സംഘടനയിലെ ഡോ. ഹാഫ്ഡൻ മാഹ്ളർ ഇങ്ങനെ പ്രസ്താവിച്ചു: “സംഭവിച്ചിട്ടുള്ള ഏതു സമസ്തവ്യാപകവ്യാധിയും പോലെ മാരകമായ അതിഗുരുതരമായ ഒരു സമസ്തവ്യാപകവ്യാധിക്കു മുമ്പിലാണ് നാം നഗ്നരായി നിൽക്കുന്നത്. . . . എയ്ഡ്സിൽ എല്ലാം അധികമധികം മോശമായി വരുകയാണ്.”
ഓരോ വർഷവും കഴിയുന്തോറും മരണസംഖ്യ വർദ്ധിക്കുകയാണ്. താമസിയാതെ മരണസംഖ്യ അനേകം മടങ്ങു വർദ്ധിക്കും. ഇനി ഒരാളെ പോലും എയ്ഡ്സ് വൈറസ് ബാധിക്കാതിരുന്നാലും വാസ്തവമിതായിരിക്കും. എന്തുകൊണ്ട്? ഇപ്പോൾത്തന്നെ വൈറസ് പിടിപെട്ടിട്ടുള്ള ആളുകളുടെ വലിയ സംഖ്യനിമിത്തം തന്നെ. വൈറസ് ഒരാളുടെ ആയുഷ്ക്കാലം അയാളോടുകൂടെ തങ്ങിനിൽക്കുന്നു.
ഇപ്പോൾത്തന്നെ എത്ര പേർക്ക് വൈറസ് ഉണ്ട്? ലോകവ്യാപകമായി ഒരു കോടിയെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എയ്ഡ്സും മൂന്നാം ലോകവും എന്ന റിപ്പോർട്ട് താമസിയാതെ എയ്ഡ്സ് “5 കോടി മുതൽ 10 കോടി വരെ ആളുകളെ ബാധിച്ചിരിക്കു”മെന്ന് കാണക്കാക്കുന്നു.
ആഫ്രിക്കയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും സംഭവിച്ചിരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ആ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. എന്നാൽ എയ്ഡ്സ് ലാററിൻ അമേരിക്കയിലുമുണ്ട്, ഏഷ്യയിലും പ്രവേശിച്ചിരിക്കുന്നു. ഡൻമാർക്കിലെ പൊലിററക്കൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “തെക്കെ അമേരിക്കയിലും ഏഷ്യയിലും ഗൗരവമായ പരിമാണങ്ങളിൽ എയ്ഡ്സ് പൊട്ടിപ്പുറപ്പെടുന്നുവെങ്കിൽ അപ്പോൾ എന്താണു സംഭവിക്കുക? . . . ബാധിക്കപ്പെട്ടവരുടെ എണ്ണം 5-10 കോടി പോലെ കുറഞ്ഞതായിരിക്കുകയില്ല.” അങ്ങനെയുള്ള സംഖ്യകൾ പെരുപ്പിച്ചുപറയുന്നതായാൽ പോലും ഇപ്പോൾത്തന്നെ ദശലക്ഷങ്ങളെ ബാധിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. സമീപവർഷങ്ങളിൽ അനേക ദശലക്ഷങ്ങൾ കൂടെ ഉണ്ടായിരിക്കും.
കൂടാതെ, ഇപ്പോൾ എയ്ഡ്സ് വൈറസുള്ളവരിൽ ബഹുഭൂരിപക്ഷവും അതറിയുന്നില്ല. പ്രത്യക്ഷത്തിൽ അവർ നല്ല ആരോഗ്യമാസ്വദിക്കുന്നു, എന്നാലും മററുള്ളവരിൽ വൈറസ് കടത്തിവിടാൻ കഴിയും. അതുകൊണ്ട് എയ്ഡ്സ് ബാധിച്ചിട്ടുള്ളവരുടെ എണ്ണം വളരെയധികം ഉയരുമെന്ന് തീർച്ചയാണ്.
ഐക്യനാടുകളിലെ സർജൻ ജനറലായ സി. ഈ. കൂപ്പ് ഇങ്ങനെ പറഞ്ഞു: “യാതൊരു മുൻരോഗവും ഇത്ര പെട്ടെന്ന് ഇത്ര ദുർഗ്രഹവും ഇത്ര മാരകവും, തന്നിമിത്തം ചികിൽസയെയും വാകസിൻ നിർമ്മാണത്തെയും ഇത്രയേറെ ചെറുത്തുനിൽക്കുന്നതും ആയിരുന്നിട്ടില്ല.” അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “നമുക്ക് ഇപ്പോഴും ഒരു പ്രതിവിധിയില്ല, നമുക്ക് ഒരു വാക്സിനുമില്ല—നൂററാണ്ടിന്റെ അവസാനത്തിനുമുമ്പ് നമുക്ക് പൊതുവായ ഒന്നു ലഭ്യമാകാനിടയുമില്ല. അതു സംബന്ധിച്ചു തെററുപററരുത്. എയ്ഡ്സ് മാരകം ആണ്, അത് വ്യാപിക്കുകയുമാണ്.” ഡോ. കൂപ്പ് ഇങ്ങനെയും പറഞ്ഞു: “ഞാൻ ഏതാണ്ട് 50 വർഷങ്ങളോളം ഒരു ശസ്ത്രക്രിയാവിദഗ്ദ്ധൻ ആയിരുന്നിട്ടുണ്ട്, എയ്ഡ്സ് പോലെ ഒരു ഭീഷണി ഞാൻ ഒരിക്കലും കണ്ടിട്ടില്ല.” (g88 10/8)