ഒരു ഉദ്ദേശ്യം തേടിയുള്ള എന്റെ യാത്ര
ഞാൻ ഏതാണ്ട ഒരു മാസത്തോളം ശ്രീലങ്കയിലെ ഒരു മത്സ്യബന്ധനഗ്രാമത്തിലായിരുന്നു. അവിടെ പ്രശാന്തത കളിയാടിയിരുന്നു, യഥാർത്ഥത്തിൽ ഗ്രാമീണ രമണീയത മുററിനിന്നിരുന്നു. എനിക്ക് ഒരു ചെറിയ കുടിലാണുണ്ടായിരുന്നത്, എന്നാൽ പ്രതിദിനം കേവലം 11 രൂപക്ക് ഒരു അയൽക്കാരൻ എനിക്ക് ചോറും സസ്യക്കറികളും വല്ലപ്പോഴും മീനും തന്നിരുന്നു.
ഒരു പ്രഭാതത്തിൽ, എങ്ങുനിന്നുമല്ലാത്തതുപോലെ വെയിലേററു നിറംമങ്ങിയ ഒരു കോക്കേഷ്യൻ മണലിലൂടെ നടന്ന് എന്നെ സമീപിച്ചു. അയാൾ ഒരു സഹ ന്യൂസീലണ്ടുകാരനായിരിക്കുമെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. എന്നാൽ അയാളുടെ അഭിവാദനം അയാൾ ഒരു ആസ്ത്രേലിയക്കാരനാണെന്ന് എന്നെ പെട്ടെന്ന് ബോധ്യപ്പെടുത്തി.
“താമസിക്കാൻ സ്ഥലമുണ്ടോ?” എന്ന് ഞാൻ ചോദിച്ചു, പൗരസ്ത്യ ആതിഥ്യം എന്നിൽ കടന്നുകൂടിയതായി അതിശയിച്ചുകൊണ്ടുതന്നെ.
എന്റെ ക്ഷണം സ്വീകരിക്കാൻ അയാൾക്കു സന്തോഷമുണ്ടായിരുന്നതുപോലെ തോന്നി. അയാൾ അങ്ങനെ പാർപ്പുറപ്പിക്കുന്നതിന് തന്റെ ചുരുക്കം ചില സാമഗ്രികൾ അഴിച്ചുവെക്കാൻ തുടങ്ങി. എന്റെ ദൃഷ്ടി ബയണ്ടിട്ട ഒരു പച്ച പുസ്തകത്തിൻമേൽ പതിഞ്ഞു.
“അതെന്താണ്?” ഞാൻ ചോദിച്ചു.
“ഒരു ബൈബിൾ.”
എനിക്ക് പള്ളിയിൽ പോകുന്ന പശ്ചാത്തലമാണുണ്ടായിരുന്നത്. “പാശ്ചാത്യ മത”ത്തിന് സമർപ്പിക്കാനുള്ളതെല്ലാം എനിക്ക് അപ്പോൾത്തന്നെ അറിയാമെന്ന് ഞാൻ വിചാരിച്ചു. മാത്രവുമല്ല, അത് തികച്ചും കപടഭക്തി നിറഞ്ഞതെന്ന നിലയിൽ ഞാൻ അതിനെ തള്ളിക്കളയുകയും ചെയ്തിരുന്നു.
“നിങ്ങൾ ഇത്ര കനമുള്ള ഒരു സാധനവും ചുമന്നുകൊണ്ടു നടക്കാൻ മെനക്കെടുന്നതെന്തിന്?” ഞാൻ അല്പം പുച്ഛത്തോടെ ചോദിച്ചു.
“അതിൽ കുറെ അസാധാരണ വിവരങ്ങളുണ്ട്,” അഡ്രിയാൻ മറുപടി പറഞ്ഞു. “അത് ഇപ്പോഴത്തെ ലോകത്തിന്റെ അവസാനത്തെക്കുറിച്ചുപോലും പറയുന്നുണ്ട്!”
എനിക്കു സംശയമായിരുന്നു. “എന്നെ ഒന്നു കാണിക്കാമോ?”
അയാൾ അത് എന്നെ കാണിക്കുകതന്നെ ചെയ്തു. ഞാൻ അമ്പരന്നുപോയി!
എന്റെ യാത്ര തുടങ്ങുന്നു
ഇരുപത്തൊന്നുവയസ്സുകാരനായ ഒരു ന്യൂസീലണ്ടുകാരൻ അന്ന് 1976 നവംബറിൽ ശ്രീലങ്കയിൽ എന്തു ചെയ്യുകയായിരുന്നു? കൊള്ളാം, ഞാൻ അറിവു തേടി ഒരു യാത്രയിലായിരുന്നു, അത് എന്നെ അനേകം സ്ഥലങ്ങളിൽ കൊണ്ടെത്തിച്ചു: ചന്ദ്രിക വെളിച്ചംപകരുന്ന ഉഷ്ണമേഖലാ ഏഷ്യൻ ബീച്ചുകൾ മുതൽ പെനാംഗിലെ അഴുക്കുപിടിച്ച കറപ്പുഗുഹകൾവരെ; ആഫ്രിക്കൻ തീരത്തിനു വെളിയിലെ കപ്പൽചേതംമുതൽ പോർട്ട്സുഡാനിലെ തിരക്കുപിടിച്ച കമ്പോളങ്ങൾവരെ.
ഞാൻ 1975-ൽ എന്റെ മാതാപിതാക്കളോടും എന്റെ ജീവിതവൃത്തിപോലെയുള്ള ജോലിയോടും വിടപറയുകയും ആസ്ത്രേലിയായിലേക്കു തിരിക്കുകയുംചെയ്തു. ലോകത്തിനു ചുററുമുള്ള ഒരു സഞ്ചാരത്തിന് പണമുണ്ടാക്കാൻ ഒരു ആസ്ത്രേലിയൻ ഖനിയിൽ ജോലിചെയ്യുകയെന്നതായിരുന്നു എന്റെ പ്ലാൻ. പ്ലാനനുസരിച്ചുതന്നെ എല്ലാം നീങ്ങി. ഒരു യുറേനിയം ഖനിയിൽ എനിക്കു ജോലി കിട്ടി. പണം വരാൻതുടങ്ങി. എന്നാൽ എന്റെ യാത്ര തുടങ്ങുന്നതിനു മുമ്പുതന്നെ എന്റെ ചിന്തക്കു മാററം ഭവിച്ചുതുടങ്ങി. ജീവിതത്തിന്റെ അർത്ഥംസംബന്ധിച്ച ചോദ്യങ്ങൾ എന്നെ അലട്ടിത്തുടങ്ങി. അതുകൊണ്ടു ഉത്തരംകണ്ടെത്താനുള്ള പ്രത്യാശയിൽ ഞാൻ തത്വശാസ്ത്രവും മതവും സംബന്ധിച്ച പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി.
ആദ്യത്തെ സ്റ്റോപ്പ്, ഇൻഡോനേഷ്യാ
ഖനിയിൽനിന്ന് ഞാൻ വേണ്ടത്ര പണം സമ്പാദിച്ചുവെന്ന് ഞാൻ വിചാരിച്ചപ്പോൾ ഞാൻ എന്റെ ആദ്യ സ്റേറാപ്പായ ഇൻഡോനേഷ്യയിലേക്കു തിരിച്ചു. ഇവിടെവെച്ച് ഞാൻ ഏഷ്യൻജീവിതരീതിയോട് കുറെയേറെ പ്രിയം വളർത്തി. അതിന്റെ സ്വഭാവമായ ഭൗതികവസ്തുക്കളിലുള്ള കുറഞ്ഞ ഊന്നലും സമ്മർദ്ദം വളരെ കുറഞ്ഞ ജീവിതശൈലിയും എനിക്കിഷ്ടപ്പെട്ടു. തീർച്ചയായും എനിക്കത് എളുപ്പമായിരുന്നു—വികലപോഷണമോ മോശമായ ശുചിത്വമോ കഠിന ദാരിദ്ര്യമോ എന്നെ ബാധിച്ചിരുന്നില്ല. സ്ഥലവാസികളിൽ ഭൂരിപക്ഷവും അവയോടു പോരാടേണ്ടതുണ്ടായിരുന്നു.
ബാലിയും സുമാട്രായും ജാവായും ഉൾപ്പെടെയുള്ള ഇൻഡോനേഷ്യൻദ്വീപുകളിലേക്ക് ഞാൻ ബസ്സിലും തീവണ്ടിയിലും ബോട്ടിലും കാളവണ്ടിയിലും കാൽനടയായും സഞ്ചരിച്ചു. ഞാൻ എത്ര ദീർഘമായി സഞ്ചരിച്ചോ അത്രയധികം പൊള്ളയാണ് പാശ്ചാത്യജീവിതരീതിയെന്ന് എനിക്കു തോന്നി. എന്നിരുന്നാലും, പൗരസ്ത്യജീവിതരീതി—അത്രതന്നെ ഭൗതികാസക്തമല്ലാഞ്ഞിട്ടും—എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കുമെന്ന് എനിക്കു യഥാർഥത്തിൽ കാണാൻ കഴിഞ്ഞില്ല.
സഹയാത്രികരിൽനിന്ന് ഞാൻ എൽഎസ്ഡി വാങ്ങി. ഞാൻ ഉത്തേജനത്തിനുവേണ്ടിയായിരുന്നില്ല മയക്കുമരുന്നുപയോഗിച്ചത്. ഞാൻ ഏതോ ഗൂഢമായ അറിവ് തേടുകയായിരുന്നു—ഏതോ രൂപത്തിലുള്ള പ്രബുദ്ധത. അതിന്റെ സ്വാധീനത്തിൻകീഴിലായിരിക്കുമ്പോൾ ജീവിതത്തെ യഥാതഥം പൂർണ്ണവ്യക്തതയോടെ ഞാൻ കണ്ടെന്ന് ഒരു നിമിഷനേരത്തേക്കു ഞാൻ വിചാരിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് അങ്ങേയററത്തെ മനംമടുപ്പുണ്ടായി. അതു കഴിയുമ്പോൾ ഉത്തരങ്ങളെന്ന നിലയിൽ ഈടുററതായി ഞാൻ യതൊന്നും കണ്ടില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ സുമാട്രാ വിട്ട് മലേഷ്യായിലേക്കു സഞ്ചരിച്ചു—സൗഹൃദമുള്ള നിവാസികളുള്ള ഒരു മനോജ്ഞമായ രാജ്യം. മലേഷ്യാ ഉപദ്വീപിന്റെ മദ്ധ്യത്തിലായി പെഹാംഗ്സംസ്ഥാനം കിടക്കുന്നു. അത് മഴവനംനിറഞ്ഞ ഒരു മലനാടാണ്. വഴിയോരങ്ങളിൽ ഓർച്ചിഡുകൾ വളർന്നുനിൽക്കും, അവ തണുത്ത ഈർപ്പമുള്ള വായുവിൽ തഴച്ചുവളരുന്നു. ഈ കളങ്കമേശാത്ത പ്രകൃതിരമണീയതകളിലൂടെ നടക്കുമ്പോൾ എന്റെ ചൈതന്യം പറന്നുയരുമായിരുന്നു.
തായ്ലണ്ടും ബർമ്മായും ഇൻഡ്യയും
മലേഷ്യയിൽനിന്നു ഞാൻ തായ്ലണ്ടിലേക്കും പിന്നീട് ബർമ്മയിലേക്കും നീങ്ങി. ഈ രാജ്യങ്ങളിലോരോന്നും അതിന്റെ പ്രത്യേകതകളോടും ഭക്ഷ്യങ്ങളോടും ആചാരങ്ങളോടും ജനങ്ങളോടുംകൂടെ എന്നെ സന്തോഷിപ്പിക്കുകയും ആകർഷിക്കുകയുംചെയ്തു. അവ വിസ്മയാവഹങ്ങളായിരുന്നെങ്കിലും ഞാൻ എന്റെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം കാണുന്നില്ലായിരുന്നു. അതുകൊണ്ട് ബർമ്മയിൽ അല്പകാലം മാത്രം താമസിച്ചശേഷം ഞാൻ ഇൻഡ്യയിലേക്കു കടക്കാൻ തീരുമാനിച്ചു.
ഹാ! മർമ്മങ്ങൾ നിറഞ്ഞ, ഭക്തിനിരതമായ പുരാതന ഇൻഡ്യ! ഒരുപക്ഷേ ഇതായിരിക്കാം ഞാൻ തേടുന്നതു കണ്ടെത്തുന്നതിനുള്ള സ്ഥലം. ജനനിബിഡമായ നഗരങ്ങൾ എന്നെ വിഷാദചിത്തനാക്കി. അതുകൊണ്ട് ഞാൻ എത്രയും പെട്ടെന്ന് ഗ്രാമത്തിലേക്കു നീങ്ങി. ഇവിടത്തെ ജീവിതത്തെ 20-ാം നൂററാണ്ട് അധികമൊന്നും സ്വാധീനിച്ചതായി തോന്നിയില്ല; ശക്തമായ ഒരു മതസ്വാധീനം എല്ലായിടത്തുമുണ്ടായിരുന്നു.
ഒരു ഹൈന്ദവ ഘോഷയാത്ര കടന്നുപോകവേ ഞാൻ ആകൃഷ്ടനായി വീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാവരും പീതാംബരധാരികളായിരുന്നു. പൂക്കൾ വഹിച്ചിരുന്നവർ ഘോഷയാത്രക്കു മുമ്പിൽ സുഗന്ധപ്പൂവിതളുകൾ വിതറി. ആളുകൾ നിലത്തെ ചുംബിച്ചു. കൗപീനങ്ങൾമാത്രം ധരിച്ചിരുന്ന ‘വിശുദ്ധൻമാർ’ തുടർച്ചയായി മന്ത്രം ജപിച്ചുകൊണ്ടിരുന്നു. സുഗന്ധതൈലം പൂശിയ അവരുടെ ശരീരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. എന്നാൽ വീണ്ടും ഞാൻ നിരാശനായി. ഭാരതീയരുടെ ഭക്തിയിൽ ആദരവു തോന്നിയെങ്കിലും ഞാൻ തേടിയിരുന്ന ഉത്തരങ്ങൾ എനിക്കു കിട്ടിയില്ല.
അടുത്തതായി ശ്രീലങ്കയിലേക്ക്
പരുക്കൻ യാത്രയും ഞെരിക്കുന്ന ചൂടും മോശമായ ഭക്ഷണവും എന്നെ ശാരീരികമായി ക്ഷീണിപ്പിച്ചിരുന്നു. എനിക്ക് വിശ്രമിക്കാൻ ഒരു സ്ഥലം ആവശ്യമായിരുന്നു. അതിൽപരമായി എനിക്ക് ഞാൻ ചെയ്തുകൊണ്ടിരുന്നതിന് ഒരു കാരണം വേണമായിരുന്നു, യഥാർത്ഥത്തിൽ എന്തും ചെയ്യുന്നതിനും—ജീവിക്കുന്നതിനുതന്നെയും—ഒരു കാരണം വേണമായിരുന്നു.
ഇൻഡ്യയുടെ തെക്കെ അററത്തുനിന്ന് അല്പം മാറി പേരക്കായുടെ ആകൃതിയിൽ കിടക്കുന്ന മനോജ്ഞമായ ശ്രീലങ്കാദീപിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. മണൽനിറഞ്ഞ കടൽത്തീരങ്ങളും പളുങ്കുപോലെ ശുഭ്രമായ വെള്ളങ്ങളിലെ പവിഴപ്പുററുകളും തേയില വളരുന്ന ശീതളമായ പീഠഭൂമികളും ഉയരമേറിയ പർവതങ്ങളുമുള്ള ഒരു ഉഷ്ണമേഖലാദ്വീപാണത് എന്ന് വർണ്ണിക്കപ്പെട്ടിരുന്നു!
കിഴക്കൻ തീരപ്രദേശം എന്റെ ആവശ്യങ്ങൾക്കു പററിയതാണെന്ന് ശുപാർശചെയ്യപ്പെട്ടിരുന്നു. അങ്ങനെ ഞാൻ അവിടത്തെ ഒരു മത്സ്യബന്ധനഗ്രാമത്തിൽ പാർപ്പുറപ്പിച്ചു. അവിടെ വെച്ചാണ് ഞാൻ യാദൃച്ഛികമായി അഡ്രിയാനുമായി ഇടപെട്ടത്. എന്നാൽ അഡ്രിയാൻ എന്റെ ചോദ്യത്തിന് ഉത്തരമായി ബൈബിളിൽനിന്നു വായിച്ചപ്പോൾ ഞാൻ വിസ്മയിച്ചതെന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൻ അയാൾ എന്നെ കാണിച്ച രണ്ടു വേദഭാഗങ്ങൾ മത്തായി 24-ാം അദ്ധ്യായത്തിൽനിന്നും 2 തിമൊഥെയോസ് 3-ാം അദ്ധ്യായത്തിൽനിന്നുമായിരുന്നു. ഇവ പള്ളിയിൽ വായിക്കുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ലായിരുന്നു. എന്തിന്, ഇവിടെ അന്ത്യകാലത്ത് കുററകൃത്യം വർദ്ധിക്കുന്നതിനെക്കുറിച്ചും സ്നേഹം തണുത്തുപോകുന്നതിനെക്കുറിച്ചും ജനതകളുടെ ഇടയിൽ നിരന്തരമുള്ള പോരാട്ടങ്ങളെക്കുറിച്ചും ആളുകൾ ഭയചകിതരാകുന്നതിനെക്കുറിച്ചും മററുമുള്ള പ്രവചനമാണുണ്ടായിരുന്നത്! എനിക്ക് എന്റെ അതിശയം അടക്കാൻ കഴിഞ്ഞില്ല.
അഡ്രിയാൻ ചിരിച്ചു. “ഇനിയുമുണ്ട് കാര്യങ്ങൾ” അയാൾ പറഞ്ഞു.
നക്ഷത്രനിബിഡമായ ആകാശത്തിൻകീഴിലെ ഒരു കടൽത്തീരത്ത് ഞങ്ങൾ ഇരിക്കുകയും ഭീമാകാരമായ ഓറഞ്ചുവർണ്ണമായ ചന്ദ്രൻ ഉയരുന്നതു വീക്ഷിക്കുകയുംചെയ്തു. സ്രഷ്ടാവിനു നമ്മുടെ ഭൂമിയെക്കുറിച്ചുള്ള വലിയ ഉദ്ദേശ്യത്തെക്കുറിച്ച് തനിക്കറിയാവുന്നത് അഡ്രിയാൻ വിശദീകരിച്ചു. വിവിധ കാരണങ്ങളാൽ ആ ഉദ്ദേശ്യത്തിന് വിളംബം നേരിട്ടിരിക്കുന്നുവെങ്കിലും അത് നിവർത്തിക്കാൻ പോകുകയായിരുന്നു, വളരെ പെട്ടെന്നുതന്നെ.
അഡ്രിയാൻ പറഞ്ഞതെല്ലാം എനിക്കു മനസ്സിലായില്ല. എന്നാൽ ഈ സംഭാഷണത്തിലുടനീളം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ലാഞ്ഞ ഒരു വിധത്തിൽ എന്നെ പ്രേരിപ്പിച്ച എന്തോ ഒന്നുണ്ടായിരുന്നു. അടുത്ത ദിവസം ഞാൻ എന്റെ ഡയറിയിൽ എഴുതി: “ക്രിസ്ത്യനിത്വവുമായുള്ള എന്റെ ഇടപെടലുകളിൽ ആദ്യമായി എനിക്ക് സത്യം അനുഭവപ്പെടുന്നു. പ്രവചനം തെളിവാണ്; വ്യവസ്ഥിതിയുടെ അവസാനം വിദൂരത്തിലല്ല.”
സർവശക്തനായ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെങ്കിൽ, നാം ആ ഉദ്ദേശ്യത്തിനു ചേർച്ചയായി പ്രവർത്തിക്കുകയുമാണെങ്കിൽ നമുക്കും ജീവിതത്തിൽ ഒരു ഉദ്ദേശ്യമുണ്ടായിരിക്കാൻ കഴിയും. ഒരു പരദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത—അത് അല്പം വിദൂരമായിത്തോന്നിയാലും—തീർച്ചയായും മഹത്തായ ഒരു ഉദ്ദേശ്യമായിരിക്കും, കൂടുതൽ ആഴത്തിൽ അതു പരിശോധിക്കണമെന്ന് ഞാൻ തീരുമാനിച്ചു.
പിന്നീട് മറെറാരു തിരുവെഴുത്ത് എന്നെ അതിശയിപ്പിച്ചു. ദൈവത്തിന് വ്യക്തിപരമായ ഒരു നാമമുണ്ടെന്ന് അഡ്രിയാൻ എന്നോടു പറഞ്ഞു. അയാൾ എന്നെ സങ്കീർത്തനം 83:18 കാണിച്ചു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് ജനം അറിയും.” ഈ സ്രഷ്ടാവ് ഒരു വെറും ശക്തി മാത്രമല്ല, വ്യക്തിപരമായ ഒരു പേരുള്ള ഒരു യഥാർത്ഥ വ്യക്തിയാണെന്ന് ഞാനിപ്പോൾ മനസ്സിലാക്കിത്തുടങ്ങി.
പ്ലാനുകളിൽ മാറ്റം
എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോൾ ഇൻഡ്യയിലേക്കു മടങ്ങാനും പിന്നീട് ഹിമാലയം സന്ദർശിക്കാനും നേപ്പാൾ കാണാനും ഞാൻ പ്ലാൻചെയ്തിരുന്നു. എന്നാൽ ലോകത്തിനു ചുററും കപ്പൽയാത്ര നടത്തിക്കൊണ്ടിരുന്ന ഒരു അമേരിക്കൻദമ്പതികളെ സഹായിക്കാൻ അഡ്രിയാനും ഞാനും സമ്മതിച്ചു. തങ്ങളുടെ സമുദ്രയാത്രയുടെ അടുത്ത പാദമായ കെനിയയിലേക്ക് 56 അടി നീളമുള്ള ബോട്ടിൽ ഇൻഡ്യൻ ഓഷ്യനിലൂടെ സഞ്ചരിക്കുന്നതിന് അവർക്കു സഹായമാവശ്യമായിരുന്നു. സമുദ്രയാത്ര നടത്തുന്നതിനും അഡ്രിയാനുമായുള്ള ചർച്ചകളിലൂടെ ബൈബിളിൽനിന്നു കൂടുതൽ പഠിക്കാനുമുള്ള അവസരം കിട്ടിയതിൽ ഞാൻ സന്തുഷ്ടനായിരുന്നു.
എന്നാൽ അഡ്രിയാൻ ബൈബിളിൽനിന്ന് എന്നെ കാണിച്ചുകൊണ്ടിരുന്ന അത്ഭുതകരങ്ങളായ കാര്യങ്ങളെല്ലാം അയാൾ പഠിച്ചതെവിടെനിന്നായിരുന്നു? അയാൾ ആസ്ത്രേലിയായിൽവെച്ച് യഹോവയുടെ സാക്ഷികളോടുകൂടെ പഠിച്ചിരുന്നുവെന്ന് അയാൾ വിശദീകരിച്ചു. ഒരു സാക്ഷി ആകുന്ന ഘട്ടത്തോളം അയാൾ പുരോഗമിച്ചിരുന്നില്ല. എന്നാൽ ഒരു നാൾ അങ്ങനെയായിത്തീരുമെന്ന് അയാൾ ആശിച്ചു. ബൈബിളിന്റെ പിൻഭാഗത്ത് യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിലേർപ്പെടാൻ മേൽവിലാസങ്ങളുടെ ഒരു പട്ടിക ഉണ്ടായിരുന്നു. ഞങ്ങൾ ലിസ്ററ് പരിശോധിച്ചു.
“ഇതാ, ഇവിടെ, നെയ്റോബി കെനിയാ,” ഞാൻ പറഞ്ഞു. “നമ്മൾ ആഫ്രിക്കയിലെത്തിയാൽ ഉടനെ അവരെ സന്ദർശിക്കാൻ പോകുകയാണ്.”
മറ്റൊരു പ്രവചനം നിവർത്തിക്കുന്നു
ഒരു പ്രഭാതത്തിൽ ഞാൻ പതിവുപോലെ ഉണർന്ന് സമുദ്രത്തിൻമീതെ നോക്കാൻ ഡക്കിൽ കയറി. പതിവുള്ള കടുംനീലനിറത്തിനു പകരം ഇരുണ്ട കോഫീ-ബ്രൗൺ നിറം കണ്ടതിൽ ഞാൻ ഭയപ്പെട്ടുപോയി. ബ്രൗൺനിറത്തിലുള്ള ചേറിന്റെ വലിയ പിണ്ഡങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നു. ചെളിനിറഞ്ഞ ഗ്രീസിന്റെ ഒരു നേർത്ത പാളി കണ്ണെത്തുന്നടത്തോളം ദൂരത്തിൽ സമുദ്രത്തെ മൂടിയിരുന്നു. ഞങ്ങൾ ഒരു ക്രൂഡോയിൽ പ്രദേശത്താണ് ചെന്നിരുന്നത്!
ബ്രൗൺനിറത്തിലുള്ള ചെളി ബോട്ടിന്റെ ജലരേഖവരെ പററിപ്പിടിച്ചിരുന്നു. അന്നു മുഴുവനും പിറെറ ദിവസം കുറേനേരവും ഞങ്ങൾ അതിലേതന്നെ സഞ്ചരിച്ചു. അതിനു കുറഞ്ഞതു നൂറുമൈൽ നീളമുണ്ടായിരുന്നിരിക്കണം. ഗുഡ്ഹോപ്പ് മുനമ്പിനെ ചുററി പേർഷ്യൻഗൾഫിലേക്ക് ഓടുന്ന സൂപ്പർടാങ്കറുകൾ ചെന്നെത്തുന്നതിനുമുമ്പ് അവയുടെ കപ്പൽഭാരം പുറന്തള്ളുന്നുവെന്ന് സ്കിപ്പർ വിശദീകരിച്ചു. ഈ വിസർജ്ജ്യ ഓയിലിന്റെ അധികഭാഗവും പിന്നീട് തെക്കോട്ട് അൻറാർട്ടിക്ക് റീജിയനിലേക്ക് നീങ്ങുകയും സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ മുഖ്യകണ്ണിയായ പ്ലാങ്ക്ററന് കേടുവരുത്തുകയുംചെയ്യുന്നു.
അന്ത്യനാളുകളിൽ മനുഷ്യൻ ‘ഭൂമിയെ നശിപ്പിക്കു’മെന്നും എന്നാൽ ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്നും പറയുന്ന ബൈബിൾവാക്യങ്ങൾ എന്നെ കാണിക്കാൻ അഡ്രിയാൻ ഇതിനെ പ്രയോജനപ്പെടുത്തി. (വെളിപ്പാട് 11:18) ‘ഇനി എന്തിനെക്കുറിച്ചാണ് ബൈബിളിനു പറയാനില്ലാത്തത്?’ ഞാൻ സ്വയം ചിന്തിച്ചു.
സാക്ഷികളുമായുള്ള എന്റെ ആദ്യ സമ്പർക്കം
മാലദ്വീപിലും സെയ്ഷെല്ലിലും സ്റേറാപ്പുചെയ്തശേഷം ഞങ്ങൾ ഒരു മുഖ്യ തുറമുഖമായ മൊംബാസയിൽ നങ്കൂരമിട്ടു. ഏതാനും ദിവസത്തിനു ശേഷം ഞങ്ങൾ വാച്ച്ററവർ സൊസൈററിയുടെ കെനിയാ, നെയ്റോബിയിലെ ബ്രാഞ്ചാഫീസ് സന്ദർശിച്ചു. ഞങ്ങളെ ഊഷ്മളമായി സ്വീകരിക്കുകയും ആ കോംപ്ലക്സിന്റെ ഒരു പര്യടനത്തിന് അനുവദിക്കുകയും ചെയ്തു. ഒരു ഭിത്തിയിൽ കിഴക്കനാഫ്രിക്കയുടെ വലിയ ഭൂപടഷീററുകളുണ്ടായിരുന്നു, അവയിൽ വ്യത്യസ്തഭാഗങ്ങളിൽ പിന്നുകൾ കുത്തിയിരുന്നു. സാക്ഷികൾ മുഴു പ്രദേശത്തും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രാഞ്ച്കമ്മററി കോഓർഡിനേററർ വിശദീകരിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്തയാണ് അവർ പ്രസംഗിച്ചുകൊണ്ടിരുന്നത്.
“സെസെ-ഈച്ചയുള്ള രാജ്യമാണല്ലോ അത്!” എന്നു ഞാൻ പ്രതിഷേധിച്ചു. “ഇവിടെ മാസായി നാടോടിഗോത്രങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു!”
“അതു ശരിയാണ്. അതെല്ലാം ഞങ്ങൾ പ്രവർത്തിച്ചുതീർക്കും.”
പിന്നീട് അയാൾ എന്നെ മത്തായി 24-ാം അദ്ധ്യായം കാണിച്ചു. അതിന്റെ ആദ്യഭാഗം അഡ്രിയാൻ എന്നെ കാണിച്ചതായി ഞാൻ ഓർക്കുന്നു. അയാൾ എന്നെക്കൊണ്ട് 14-ാം വാക്യം വായിപ്പിച്ചു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ‘ശരി, ഈ ആളുകൾ യഥാർത്ഥത്തിൽ അതു ചെയ്യുന്നതായി തോന്നുന്നു,’ ഞാൻ വിചാരിച്ചു!
അറിവിന് ഒരു ഫലമുണ്ട്
ഞാൻ പഠിച്ച സംഗതികൾനിമിത്തം ഭൂഗോളത്തിൽ അലഞ്ഞുനടക്കുന്നതിന്റെ ആകർഷണം ഒട്ടേറെ നഷ്ടപ്പെട്ടു. എന്നിട്ടും അഡ്രിയാനും ഞാനും തുടരുകയും സുഡാനും ഈജിപ്ററും സന്ദർശിക്കുകയും ഒടുവിൽ ഇസ്രയേലിൽ വന്നെത്തുകയുംചെയ്തു. 1977 മെയ് ആയി. ഞങ്ങൾ ബോട്ടുയാത്ര നിർത്താൻ തീരുമാനിച്ചു. ആ തീരുമാനമെടുത്തതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു, കാരണം അതു പിന്നീട് താമസിയാതെ മുങ്ങിപ്പോയി.
യഹോവയുടെ സാക്ഷികളോടു കൂടുതൽ സമ്പർക്കത്തിൽവരേണ്ടതിന്റെ ആവശ്യം തോന്നിയതിനാൽ അഡ്രിയാൻ ആസ്ത്രേലിയായിലേക്കു മടങ്ങാൻ തീരുമാനിച്ചു. അയാൾ വിട്ടുപോയതോടെ എങ്ങനെയോ കാര്യങ്ങൾ പഴയപടി ആയിരുന്നില്ല. അയാളുടെ സഖിത്വത്തിന്റെ നഷ്ടം ഞാൻ പ്രതീക്ഷിച്ചതിലധികമായിരുന്നു. ഞാൻ സൈപ്രസും ഗ്രീസും ഇററലിയും ജർമ്മനിയും സന്ദർശിച്ചു. ഈ സ്ഥലങ്ങളെല്ലാം വിസ്മയാവഹമായിരുന്നെങ്കിലും നിരന്തരയാത്ര എന്നെ എന്നെത്തേതുംപോലെ തൃപ്തിപ്പെടുത്തുന്നതായി തോന്നിയില്ല. ഇത് യഥാർത്ഥത്തിൽ ഒരു ജീവിതോദ്ദേശ്യം കണ്ടെത്താനുള്ള മാർഗ്ഗമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ചെയ്യേണ്ട ഏകസംഗതിയേ ഉണ്ടായിരുന്നുള്ളു: ഒരു സ്ഥിരമായ ജീവിതരീതിയിലേക്കു മടങ്ങുകയും ഒരു നിരന്തര ബൈബിളദ്ധ്യയനത്തിലൂടെ യഹോവയാം ദൈവത്തെക്കുറിച്ച് ആത്മാർത്ഥമായി കൂടുതൽ പഠിച്ചുതുടങ്ങുകയുംചെയ്യുക. ഒടുവിൽ ഞാൻ ഇംഗ്ലണ്ടിലെ ലണ്ടനിൽ എത്തി. ആസ്ത്രേലിയായിലേക്ക് ഒരു വിമാന ടിക്കററു വാങ്ങുകയുംചെയ്തു. താമസിയാതെ ഞാൻ വീണ്ടും യുറേനിയം ഖനിയിൽ ജോലിയിലായി, ബൈബിൾ പഠിക്കുന്നുമുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരു ബൈബിളദ്ധ്യയനം നടത്താൻ ഒരു സാക്ഷി ആഴ്ചയിലൊരിക്കൽ ഏററവും അടുത്ത പട്ടണത്തിൽനിന്ന് 40 മൈൽ കാറോടിച്ചുവരുമായിരുന്നു
ജീവിതോദ്ദേശ്യം കണ്ടെത്തുന്നു
ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തിയൊൻപതിന്റെ പ്രാരംഭത്തിൽ അഡ്രിയാനുമായി വീണ്ടും ചേരുന്നതിന്റെ സന്തോഷം എനിക്കുണ്ടായി. ഈ പ്രാവശ്യം ന്യൂ സൗത്ത് വെയിൽസിന്റെ മദ്ധ്യതീരത്തുള്ള വോയ്വോയിലെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽതന്നെ. ആ വർഷം ജൂലൈയിൽ ഞങ്ങൾ ഒരുമിച്ചു സ്നാപനമേററു. അതിനുശേഷം ക്രിസ്തീയമാർഗ്ഗത്തിൽ ഞങ്ങൾ പുരോഗതി നേടി. ഞങ്ങൾ രണ്ടുപേരും നല്ല ക്രിസ്തീയപെൺകുട്ടികളെ വിവാഹംകഴിച്ചു. പിന്നീട് എന്റെ ഭാര്യയായ ജൂലിയും ഞാനും പയനിയർമാരെന്ന നിലയിൽ മുഴുസമയ പ്രസംഗവേലയിൽ പങ്കെടുത്തുതുടങ്ങി. അഡ്രിയാന്റെ ഭാര്യയും പയനിയർസേവനത്തിൽ പ്രവേശിച്ചു.
ഞങ്ങളുടെ സ്നാപനത്തിനു ശേഷം ആത്മീയമായി ഉല്പ്പാദനക്ഷമമായിരുന്ന എട്ടിലധികം വർഷം കടന്നുപോയി. ജീവിതോദ്ദേശ്യം കണ്ടെത്താൻ പലരെ സഹായിക്കുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു. ദൃഷ്ടാന്തമായി, ഒരു റോക്ക് സംഗീതസംഘത്തിലെ അംഗങ്ങളുമായും അവരുടെ സുഹൃത്തുക്കളിൽ ചിലരുമായുമുള്ള ഒരു ബൈബിളദ്ധ്യയനം അവരിൽ അഞ്ചുപേർ സത്യം സ്വീകരിക്കുന്നതിലും ഒരേ അവസരത്തിൽതന്നെ സ്നാപനമേൽക്കുന്നതിലും കലാശിച്ചു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ ജൂലിയും ഞാനും സാക്ഷികൾ കുറവായിരുന്ന ന്യൂ സൗത്ത്വെയിൽസിലെ ഒരു ഭാഗത്ത് സേവിക്കാൻ പോയി. അവിടെ ആദിവാസികളിലും കൃഷിസ്ഥല ഉടമകളിലും ചെറിയ ഗ്രാമപട്ടണങ്ങളിൽ വസിക്കുന്ന ആളുകളിലും സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം പരത്തുന്നതിനുള്ള അവസരം ഞങ്ങൾക്കു കിട്ടി. ഇത് മാതാപിതാക്കളിൽനിന്നും ഏഴു സഹോദരീസഹോദരൻമാരിൽനിന്നും വളരെ അകലെ പോകേണ്ടിവന്ന ജൂലിക്ക് ഒരു ക്രമീകരണംതന്നെ വരുത്തേണ്ടതാവശ്യമാക്കിത്തീർത്തു. എന്നിരുന്നാലും, തന്റെ കുടുംബത്തിലെ വേറെ അഞ്ചുപേരും മുഴുസമയ രാജ്യസേവനത്തിൽ പങ്കെടുക്കുന്നുണ്ടെന്നുള്ള അറിവിൽ അവൾ സന്തുഷ്ടയാണ്. 1987-ൽ അച്ചടിശാലയും ബഥേൽഭവനവും നീട്ടിപ്പണിയുന്നതിൽ പങ്കെടുക്കുന്നതിന് ആസ്ത്രേലിയായിലെ ബഥേൽകുടുംബത്തോടു ചേരാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടതിൽ ഞങ്ങൾ അതീവ സന്തുഷ്ടരായി.
ജൂലിയിലും എന്നിലും സഞ്ചാരത്തോടുള്ള പ്രിയം ഇപ്പോഴുമുണ്ട്. എന്നാൽ ഭൂമി മനോഹരമായ ഒരു ഉദ്യാനഭവനമായിത്തീരുന്ന സമയത്തിനുവേണ്ടി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്. അന്ന് സഞ്ചാരത്തിനു സമയമുണ്ടായിരിക്കും. അത് ഇപ്പോൾ ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന എന്തിനെക്കാളുമേറെ പ്രതിഫലദായകമായിരിക്കും. അതിനിടയിൽ, ഉദ്ദേശ്യവും സ്നേഹവുമുള്ള ഒരു ദൈവമായ യഹോവയെ സേവിക്കുകയെന്ന എല്ലാററിനെക്കാളും പ്രതിഫലദായകമായ ഉദ്ദേശ്യത്തിൽ സുരക്ഷിതത്വത്തോടെ മുന്നേറുമ്പോൾ ജൂലിയും ഞാനും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം തുടർന്നും അനുഭവിക്കുന്നുണ്ട്.—ഡേവിഡ് മോഫററ പറഞ്ഞത്. (g88 8/22)
[23-ാം പേജിലെ ചിത്രം]
ഞാൻ അഡ്രിയാനെ കണ്ട ശ്രീലങ്കൻ ഗ്രാമം
[24-ാം പേജിലെ ചിത്രം]
ന്യൂ സൗത്ത് വെയിൽസിൽ മോറിയിലെ ഞങ്ങളുടെ പയനിയർനിയമനത്തിൽ എന്റെ ഭാര്യയോടൊത്ത്