സാംസ്കാരിക വിടവ് നികത്താൻ കഴിയുമോ?
“ഞങ്ങൾക്കു വിസാ അനുവദിച്ചു. ഞങ്ങൾ അടുത്ത മാസം കാനഡായിലേക്കു താമസം മാററും.”
“നിങ്ങൾ കേട്ടോ? എന്റെ ഭർത്താവിന് പേർഷ്യൻ ഗൾഫ് സംസ്ഥാനങ്ങളിലേക്കു സ്ഥലംമാററം കിട്ടി. ഞങ്ങൾ താമസിയാതെ പോകും.”
“പ്രതിശ്രുതനെ കണ്ടെത്തി. അതെ, അയാൾ മദ്ധ്യപൂർവദേശത്തുള്ളയാളാണ്. ഞങ്ങളുടെ വിവാഹശേഷം ഞങ്ങൾ അയാളുടെ രാജ്യത്ത് പാർക്കാനാണ് പ്ലാൻചെയ്യുന്നത്.”
മൂന്ന് ദമ്പതികൾക്കും പൊതുവിലുള്ളതെന്തെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? മൂന്നു ദമ്പതികളും ഒരു സാംസ്കാരികവിടവിനെ അഭിമുഖീകരിക്കാൻ പോകുകയാണ്, അത് ഒരുപക്ഷേ അവർ നടത്താൻപോകുന്ന യാത്രയെക്കാൾ അകന്നതെന്ന് തെളിഞ്ഞേക്കാം.
നമ്മുടെ വല്യമ്മവല്യപ്പൻമാരുടെ നാളിൽ ഈ പ്രശ്നം മിക്കവാറും സ്ഥിതിചെയ്തിരുന്നില്ല. കാരണം ലോകജനസംഖ്യയുടെ ഒരു ചെറിയ അംശംമാത്രമേ തങ്ങളുടെ ജൻമസ്ഥലത്തുനിന്ന് വലിയ ദൂരേക്ക് യാത്രചെയ്തിരുന്നുള്ളു. എന്നാൽ ഇന്ന് അനേകർ ക്രമമായ അടിസ്ഥനത്തിൽ, മണിക്കൂറുകൾക്കുള്ളിൽത്തന്നെ, ഭൂഖണ്ഡങ്ങളേയും സമുദ്രങ്ങളേയും പിന്നിട്ട് സഞ്ചരിക്കാറുണ്ട്. അധികമധികം പേർ എന്നേക്കുമായി വീടുവിട്ടുപോകുന്നു.
കാരണങ്ങൾ നിരവധിയാണ്. അനേകം പാശ്ചാത്യ കമ്പനികൾ വികസ്വര രാജ്യങ്ങളിൽ ജോലിചെയ്യുന്നതിന് വിദഗ്ദ്ധരായ തൊഴിലാളികളെ അയച്ചിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള കരാറുകൾ നിമിത്തം മുഴു കുടുംബങ്ങളും സ്ഥലം മാററപ്പെട്ടിട്ടുണ്ട്. വികസ്വരരാജ്യങ്ങളിലെ വിദ്യാർത്ഥികൾ യൂറോപ്യൻ യൂണിവേഴ്സിററികളിലും അമേരിക്കൻ യൂണിവേഴ്സിററികളിലും പ്രത്യേകവൽകൃത പരിശീലനം തേടിയിട്ടുണ്ട്. സമീപവർഷങ്ങളിൽ ആഭ്യന്തര യുദ്ധങ്ങളും ദേശീയ പോരാട്ടങ്ങളും വർഗ്ഗീയമോ മതപരമോ ആയ പീഡനവും അനേകർ കാനഡാ, ആസ്ത്രേലിയാ, ഐക്യനാടുകൾ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ അഭയംതേടാനിടയാക്കിയിട്ടുണ്ട്.
സ്ഥലംമാററത്തിന്റെ കാരണമെന്തായിരുന്നാലും നവാഗതർക്ക് അവരുടെ സ്വന്തം സംസ്കാരവും അവരുടെ സ്വീകൃതഭവനത്തിലെ സംസ്കാരവും തമ്മിലുള്ള വിടവുനികത്താൻ ശ്രമിക്കേണ്ടിവരും.
കിഴക്കും പടിഞ്ഞാറും വിവാഹത്താൽ ഒന്നിക്കുമ്പോൾ
അനേകർ സ്വന്തം രാജ്യത്തിനു പുറത്ത് തങ്ങളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കവേ തങ്ങളുടെ ഇണയെ കണ്ടുമുട്ടുകയും വിവാഹാനന്തരം ഇണയെ വീട്ടിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു. ഉത്തമസാഹചര്യങ്ങളിൽപോലും വിവാഹത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് ഗ്രാഹ്യവും ക്ഷമയും ആത്മത്യാഗവും ബോധപൂർവകമായ ശ്രമവും ആവശ്യമാണ്. അതുകൊണ്ട് ഇണകൾ വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നു വരുന്നവരായിരിക്കുമ്പോൾ ദാമ്പത്യബന്ധം നിലനിൽക്കണമെങ്കിൽ ആ ഗുണങ്ങൾ കൂടിയ അളവിൽതന്നെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും സാംസ്കാരിമായ അനേകം മിശ്രവിവാഹങ്ങൾ തുടക്കംമുതലേ നാശത്തിനു വിധിക്കപ്പെടുന്നു. എന്തുകൊണ്ട്? നമുക്ക് ഒരു ദൃഷ്ടാന്തം പരിചിന്തിക്കാം:
അനുരാഗിണിയായ അമേരിക്കൻ സഹപാഠി സാമിയുമായി പ്രേമത്തിലാകുന്നത് വളരെ എളുപ്പമാണെന്ന് കണ്ടെത്തുന്നു. അയാളും വഴക്കത്തോടെ അവളെ ഒരു രാജകുമാരിയെപ്പോലെ കരുതുന്നു. സ്ഥലത്തെ യാതൊരു യുവാവും അത്ര ആദരവുള്ളവനായിരുന്നിട്ടില്ല. ആ കറുത്ത നേത്രങ്ങൾ—അവ അവളുടെ വികാരങ്ങളെ എത്ര ഉത്തേജിപ്പിക്കുന്നു! അയാളുടെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും നിഗൂഢമായ പൗരസ്ത്യദേശത്ത് അയാളോടൊത്തു വസിക്കാൻ പോകുന്നതും വളരെ ആകർഷകമായി തോന്നുന്നു.
അങ്ങനെയുള്ള ഒരു വിവാഹം വിജയിക്കുന്നതിന് എന്തു സാദ്ധ്യതയുണ്ട്? അവളുടെ ഭർത്താവ് തന്റെ രാജ്യത്തെക്കുറിച്ച് കുറെ വർണ്ണന കൊടുത്തിട്ടുണ്ടായിരിക്കാമെങ്കിലും തന്റെ ഭർത്താവിന്റെ ജൻമദേശത്തെ യഥാർഥ അവസ്ഥ സംബന്ധിച്ച് മണവാട്ടിക്ക് യഥാർഥത്തിൽ യാതൊരു അറിവുമില്ലായിരിക്കാം. അവൾ അയാളെ അയാളുടെ സ്വന്തം സാഹചര്യങ്ങളിൽ അല്ലെങ്കിൽ അയാളുടെ കുടുംബത്തോടുകൂടെ ഒരിക്കലും കണ്ടിട്ടില്ല. കടലിനക്കരെ ഒന്നോ രണ്ടോ പ്രാവശ്യം അവൾ സഞ്ചരിച്ചിരിക്കാമെങ്കിലും ഒരു വിദേശത്തെ അനുദിന ജീവിതം തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.
പ്രകോപന കാരണങ്ങൾ
പുതിയ മണവാട്ടിയുടെ ഏററവും വലിയ പ്രകോപനകാരണങ്ങളിലൊന്ന് തന്റെ സ്വദേശത്ത് വളരെ ആദരിക്കപ്പെട്ടിരുന്ന സ്വകാര്യതയുടെ അഭാവമായിരിക്കാനാണ് ഏററവുമധികം സാദ്ധ്യത. ഒരു മദ്ധ്യപൂർവദേശത്തെ ഇണയെ കിട്ടുകയെന്നാൽ അമ്മായിമാരും അമ്മാച്ചൻമാരും ഫസ്ററ് കസിനും സെക്കണ്ട് കസിനും തേർഡ് കസിനും ഉൾപ്പെട്ട അതീവതാല്പര്യംകാട്ടുന്ന ബന്ധുക്കളുടെ ഒരു മുഴുകുടുംബത്തെയും സ്വീകരിക്കുകയെന്നാണതിന്റെ അർത്ഥമെന്ന് അവൾ കണ്ടെത്തും. ഇവരും അടുത്ത അയൽക്കാരും മററു രാജ്യങ്ങളിൽ അപമര്യാദയെന്നു കരുതപ്പെടുന്ന തരം വളരെ ഋജുവായ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചേക്കാം. എന്നിരുന്നാലും, മെഡിറററേനിയൻ രാജ്യങ്ങളിലെ പൗരൻമാർ അങ്ങനെയുള്ള അന്വേഷണങ്ങളിൽ ഇടറുന്നില്ല. അവരെക്കുറിച്ച് അത്ര വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ അവരുടെ വികാരങ്ങൾ വ്രണിതമായേക്കാം. വിവാഹങ്ങൾ സന്താനപുഷ്ടിയുള്ളതായിരിക്കാൻ അവർ പ്രതീക്ഷിക്കുന്നതുകൊണ്ട് ഭാവിസന്താനത്തിന്റെ ലക്ഷണങ്ങൾക്കായുള്ള നിരന്തര സൂക്ഷ്മപരിശോധന പ്രതീക്ഷിക്കാവുന്നതാണ്.
ഒരു ഇംഗ്ലീഷ്കാരന്റെ ഭവനം അയാളുടെ ദുർഗ്ഗഹർമ്മ്യമാണെന്നു പറയപ്പെടുന്നു. എന്നാൽ ഒരു മദ്ധ്യപൂർവദേശത്തെ മമനുഷ്യന്റെ ഭവനം ചിലപ്പോൾ ഏറെയും ഒരു ഹോട്ടൽപോലെയാണെന്നും പറയപ്പെടുന്നു. സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പുകൂടാതെ ഏതു സമയത്തും കയറിവന്നേക്കാം. പലപ്പോഴും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തേക്കാം. അലമാരിയിൽ വേണ്ടത്ര ഭക്ഷ്യസ്റേറാക്കില്ലെങ്കിൽ എല്ലാവരെയും തീററാൻ അല്പം വൈദഗ്ദ്ധ്യം ആവശ്യമായി വരും.
പൗരസ്ത്യദേശത്ത് സ്ത്രീയുടെ സ്ഥാനം ഭവനത്തിലാണ്. ചില പൗരസ്ത്യരാജ്യങ്ങളിൽ സ്ത്രീകൾ വീടിനു വെളിയിൽ ജോലി ചെയ്തേക്കാമെന്നതു സത്യംതന്നെ, എന്നാൽ അവർ അപ്പോഴും സകല വീട്ടുജോലികളുംകൂടെ ചെയ്യാനാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീർച്ചയായും പുരുഷനാണ് കുടുംബത്തലവൻ, അയാളുടെ വാക്ക് നിയമമാണ്. ചില പേർഷ്യൻഗൾഫ് രാജ്യങ്ങളിൽ സ്ത്രീകൾ ഒററക്ക് വീട്ടിനു പുറത്തിറങ്ങാൻ അനുവദിക്കപ്പെടുന്നുപോലുമില്ല. അവർ പുറത്തുപോകുന്നുവെങ്കിൽ അവർ മുഖമുൾപ്പെടെ അടിതൊട്ടു മുടിവരെ മറച്ചിരിക്കണം.
പൗരസ്ത്യരീതികൾ പരിചിതമല്ലാത്ത ഒരാൾക്ക് മടുപ്പുതോന്നിക്കുന്ന ഒരു സംഗതി ക്രമീകരണത്തിന്റെ അഭാവവും ബസ് ലൈനുകളിലും സൂപ്പർമാർക്കററുകളിലും ഗതാഗതത്തിരക്കുള്ളിടത്ത് വണ്ടിയോടിക്കുമ്പോഴും ഗവൺമെൻറാഫീസുകളിലിരിക്കുന്നവരോട് ഇടപെടുമ്പോഴും അനുഭവപ്പെടുന്ന സർവസ്വാതന്ത്ര്യമനോഭാവമാണ്. “ആദ്യം വരുന്നവർക്ക് ആദ്യം” എന്ന തത്വം പരിചയിച്ചിട്ടുള്ള ഒരു വ്യക്തി സ്വാധീനത്തിനു പ്രാമുഖ്യതയുള്ള ഒരു വ്യവസ്ഥിതിയിൽ പരിതാപകരമായി നിരാശപ്പെട്ടേക്കാം.
പ്രകോപനത്തിനു സാധ്യതയുള്ള മററു കാരണങ്ങളിൽ വ്യത്യസ്ത ഫലിതബോധവും കോപത്തിന്റെയോ സഹതാപത്തിന്റെയോ ക്ഷിപ്രവികാരപ്രകടനവും സാധാരണയായി ഉച്ചത്തിലുള്ള അനുദിന സംഭാഷണവുമാണ്.
ഒരു പ്രകോപനകാരണമാകുന്നത് ഒഴിവാക്കുക
മറിച്ച്, മണവാട്ടിതന്നെ സ്ഥലത്തെ ആചാരങ്ങൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ അവൾക്ക് ഒരു പ്രകോപനകാരണമായിത്തീരാൻ കഴിയും. പൗരസ്ത്യരാജ്യങ്ങളിലെ സ്ത്രീകൾ വിനീതമായി വസ്ത്രധാരണംചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നു. പുറംതുറന്നിടുന്നത് പ്രകോപനപരമാണ്. മുസ്ലീംരാജ്യങ്ങിൽ അഥവാ സമുദായങ്ങളിൽ ലഹരിപാനീയങ്ങൾ വിലക്കപ്പെട്ടിരിക്കുകയാണ്.
ഒരു സന്ദർശകൻ ഒരു മുറിയിൽ പ്രവേശിക്കുമ്പോൾ സന്നിഹിതരായിട്ടുള്ളള എല്ലാവരും അയാളെ അഭിവാദ്യംചെയ്യാൻ എഴുന്നേൽക്കുന്നു. അയാളുടെ നേരെ അശ്രദ്ധമായി തലകുലുക്കുന്നത് മുഖത്തടിക്കുന്നതുപോലെയാണ്. കൂടാതെ എന്തെങ്കിലും ലഘുഭക്ഷണം എല്ലായ്പ്പോഴും വിളമ്പുന്നു, വെറുതെ കയറിവരുന്ന ഒരു സന്ദർശകനുപോലും. അതുകൊണ്ട് ഒരു കപ്പു കാപ്പിവേണോയെന്നു ചോദിക്കുന്നത് നിരുൽസാഹപ്പെടുത്തുന്നതാണ്; അയാൾക്ക് വേണമെന്ന് എത്ര ആഗ്രഹമുണ്ടെങ്കിലും എല്ലായ്പ്പോഴും വേണ്ടെന്നു മാത്രമെ ഉത്തരംപറയുകയുള്ളു. ലഘുഭക്ഷണം സ്വതപ്രേരിതമായിട്ടാണ് നൽകപ്പെടുന്നതെങ്കിലും സന്ദർശകൻ നിരസിച്ചേക്കാം, കാരണം അയാൾ അത്യാഗ്രഹിയായി കാണപ്പെടാൻ ആഗ്രഹിക്കുന്നില്ല. ലഘുഭക്ഷണം സ്വീകരിക്കുന്നതിന് അയാളെ നിർബന്ധിക്കേണ്ടതുണ്ട്. നിർബന്ധിക്കുന്നില്ലെങ്കിൽ ആതിഥേയൻ അല്ലെങ്കിൽ ആതിഥേയ പിശുക്കുള്ളയാളാണെന്ന് പരിഗണിക്കപ്പെടും.
മദ്ധ്യപൂർവദേശത്തേക്കു നീങ്ങുമ്പോൾ ഒരു മണവാട്ടി അഭിമുഖീകരിക്കുന്ന ചുരുക്കം ചില പുതിയ ആചാരങ്ങളാണിവ. മററു രാജ്യങ്ങൾക്ക് വ്യത്യസ്ത ആചാരങ്ങളുണ്ടായിരിക്കും.
സാംസ്കാരിക വിടവു നികത്തൽ
വിവാഹം നിമിത്തം മറെറാരു രാജ്യത്തേക്കു മാറിപ്പാർക്കാൻ ആലോചിക്കുന്നവർക്കുവേണ്ടിയുള്ള ഒരു നല്ല നിർദ്ദേശം നേരിടാൻപോകുന്ന സാഹചര്യത്തെക്കുറിച്ച് മുന്നമേ അന്വേഷിക്കുക എന്നതാണ്. ആദ്യമായി നിങ്ങൾക്കു കഴിയുന്നിടത്തോളം ആ രാജ്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വായിക്കുക. അവിടെ ഒരു സന്ദർശനം നടത്തി നിങ്ങളുടെ പ്രതിശ്രുതവരനെ അയാളുടെ കുടുംബത്തോടുകൂടെ കാണുക. പരിചിതമായ സാഹചര്യത്തിൽ അറിയാനിടയായ ഒരാൾ അയാളുടെ സ്വന്തം സമുദായത്തിൽ തികച്ചും വ്യത്യസ്തനായ ഒരാളായി തോന്നിയേക്കാം. ആ മര്യാദക്കാരനും വിട്ടുവീഴ്ചചെയ്യുന്നവനുമായിരുന്ന ഇണ അയാളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും അത്രതന്നെ മര്യാദക്കാരനും വിട്ടുവീഴ്ചചെയ്യുന്നവനുമായിരിക്കുമോ?
അന്യോന്യം തികച്ചും തുറന്നിടപെടുന്നത് മർമ്മപ്രധാനമാണ്. പ്രകോപനത്തിന്റെ കാരണങ്ങൾ അവ ക്രമാതീതമായി വളരുന്നതിനുമുമ്പ് തുറന്നു പറയണം. എന്തു പരിഹാരംവരുത്താൻ കഴിയുമെന്നു കാണുക. സകല ശ്രമവും ചെയ്ത ശേഷവും ജീവിതശൈലികൾ തീർത്തും അസമാനമാണെന്നും ആവശ്യമായ മാററങ്ങൾ വരുത്താൻ തങ്ങൾക്കു കഴിയില്ലെന്നും ചിലർ കണ്ടെത്തിയേക്കാം. അങ്ങനെയെങ്കിൽ, ഇരുവരെയും അസന്തുഷ്ടരാക്കുന്ന ഒരു ആജീവനാന്ത ക്രമീകരണത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഇതു തിരിച്ചറിയുന്നതു മെച്ചമായിരിക്കും.
വിവാഹംചെയ്യാൻ നിശ്ചയിക്കുന്നവർക്ക് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ സഹായകമെന്നു തെളിയും: നിങ്ങളുടെ ഇണയുടെ ബന്ധുക്കളുടെ ഭാഷ പഠിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഭാഷ അതു മനസ്സിലാകാത്തവരുടെ സാന്നിദ്ധ്യത്തിൽ തുടർച്ചയായി സംസാരിക്കുന്നത് സംഭാഷണം അവരെക്കുറിച്ചാണെന്ന് അവരെ സംശയിപ്പിച്ചേക്കാം. നിങ്ങൾ പൂർണ്ണമായി വ്യാകരണം അറിയുന്നതുവരെ സംസാരിക്കാൻ താമസിക്കേണ്ടയാവശ്യമില്ല. നിങ്ങൾക്ക് അറിയാവുന്നത് ഉപയോഗിക്കുക, നിങ്ങളെ സഹായിക്കാൻ ആളുകൾക്ക് സന്തോഷമേയുള്ളുവെന്ന് നിങ്ങൾ കണ്ടെത്തും.
നിങ്ങളുടെ പുതിയ സാഹചര്യത്തെ നിങ്ങൾ പിമ്പിൽ വിട്ടുകളഞ്ഞ ജീവിതവുമായി നിരന്തരം താരതമ്യപ്പെടുത്തരുത്. കാര്യങ്ങൾ ചെയ്യുന്നതിനുള്ള നിങ്ങളുടെ മുൻരീതി മാത്രമല്ല ഏകരീതിയെന്ന വസ്തുത അംഗീകരിക്കുക. അതു നിങ്ങൾക്കു കൂടുതൽ പരിചിതവും സുഖപ്രദവുമായിരിക്കാം, നിങ്ങളുടെ ചുററുപാടുമുള്ള എല്ലാവർക്കും ഒരു വ്യത്യസ്തരീതിയാണുള്ളത്. ദൃഷ്ടാന്തമായി, മദ്ധ്യപൂർവദേശത്ത് പ്രധാന ഭക്ഷണം ഉച്ചസമയത്താണ്, എന്നാൽ “സ്വന്ത വീട്ടിൽ” അത് വൈകുന്നേരത്തായിരിക്കാം. അതുകൊണ്ട് ഉച്ചസമയത്ത് ഭർത്താവിനെക്കൊണ്ട് ഒരു സാൻഡ്വിച്ച് തീററിക്കുന്നതിനു പകരം ഒരു ഭാര്യ ഉച്ചക്ക് ചൂടുള്ള ഒരു ഭക്ഷണം തയ്യാറാക്കാൻ പ്രതീക്ഷിക്കപ്പെടുന്നു, ഭാര്യ തന്നോടൊത്ത് അതിൽ പങ്കുപററാൻ അയാൾ സാധാരണയായി പ്രതീക്ഷിക്കുന്നു. ജീവിതത്തെ സുകരമാക്കുന്നതിന് ഇരു പങ്കാളികളും പൊരുത്തപ്പെടുകയാണാവശ്യമായിരിക്കുന്നത്.
ഭക്ഷണങ്ങളുടെ കാര്യം സംബന്ധിച്ചു പറഞ്ഞാൽ സ്ഥലത്തെ വിഭവങ്ങളോട് അഭിരുചി നട്ടുവളർത്തുന്നതും സഹായകമാണ്. ഒരുവന്റെ ഇണയെ പ്രീതിപ്പെടുത്തുന്നതിന് “ഒരിക്കലെങ്കിലും” ഒരു പുതിയ വിഭവം പരീക്ഷിക്കുന്നത് ഉല്ലാസപ്രദമാം വിധം അതിശയകരമായിരിക്കാൻ കഴിയും. അത് നന്നായി തയ്യാറാക്കാൻ പഠിക്കുന്നതും നിങ്ങൾ നിരന്തരം ഉണ്ടാക്കുന്നവയോടു കൂട്ടുന്നതും ദാമ്പത്യബന്ധത്തെ കൂടുതലായി അരക്കിട്ടുറപ്പിക്കും. പൗരസ്ത്യസംഗീതത്തോട് അല്പം താല്പര്യം നട്ടുവളർത്തുന്നതിനെക്കുറിച്ചും ഇതുതന്നെ പറയാൻ കഴിയും.
അതിനുപുറമേ, സ്ഥലത്തെ സാമൂഹികാചാരങ്ങൾ പഠിക്കാൻ സമയമെടുക്കുക. നിരീക്ഷിക്കുന്നതിനാൽമാത്രം ചിലത് പെട്ടെന്നു പഠിക്കാൻ കഴിയും. മദ്ധ്യപൗരസ്ത്യദേശത്തെ ആചാരങ്ങളിൽ ഇവ ഉൾപ്പെടുന്നു: സാധനങ്ങൾ എത്തിച്ചുതരുന്നവരോടു പോലും മര്യാദയോടുകൂടിയ സംസാരം; വെറുതെ സന്ദർശിക്കുന്നവർക്കുപോലും ഒരു കപ്പു കാപ്പിയോ ശീതളപാനീയമോ കൊടുക്കൽ; എഴുന്നേററ് സന്ദർശകർക്ക് ദൃഢമായി ഹസ്തദാനംചെയ്തുകൊണ്ടും ബന്ധുക്കളുടെ ഇരു കവിളത്തും ഉമ്മവെച്ചുകൊണ്ടും അഭിവാദ്യംചെയ്യുക.
ഏതു പുതിയ സാഹചര്യത്തിലും നിങ്ങളിൽനിന്ന് എന്തു പ്രതീക്ഷിക്കപ്പെടുമെന്ന് നിങ്ങളുടെ ഇണയോടു ചോദിക്കുക. ദൃഷ്ടാന്തമായി, മാതാപിതാക്കളെയും ഇണയുടെ ബന്ധുക്കളെയും അഭിവാദ്യംചെയ്യുമ്പോൾ അവരുടെ കൈ ചുംബിക്കുന്നത് മുതിർന്ന മക്കളുടെ പോലും ആചാരമാണെന്ന് ഭർത്താവ് ഒരു മണവാട്ടിയോടു പറഞ്ഞു. അത് ആദരവിന്റെ പ്രാദേശികമായ അടയാളമാണ്. അവൾ ആദ്യത്തെ ചുരുക്കം ചില പ്രാവശ്യം അതനുസരിച്ചപ്പോൾ ബുദ്ധിമുട്ടു തോന്നി. എന്നാൽ പിന്നീട് അത് ശീലമായി. കൂടാതെ അത് ഇണയുടെ ബന്ധുക്കളെ വളരെ പ്രീതിപ്പെടുത്തിയെന്നുമാത്രമല്ല നല്ല കുടുംബബന്ധങ്ങൾക്കിടയാക്കുകയുംചെയ്തു.
ശരിയായ മനോഭാവം പ്രധാനം
നിങ്ങളുടെ അയൽക്കാർ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഉചിതമെന്നു തോന്നുന്നതിലധികം താൽപര്യംകാട്ടിയേക്കാമെന്ന വസ്തുത പ്രയാസസമയങ്ങളിൽ അവർ എല്ലായ്പ്പോഴും വന്നെത്തുന്നുവെന്നതിനാൽ സമീകരിക്കപ്പെടുന്നു. ദൃഷ്ടാന്തമായി, ഒരു ലബനോൻകാരനെ വിവാഹംകഴിച്ച ഒരു അമേരിക്കൻ വനിത ഒരു ദിവസം ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വീടു നിറയെ ആളുകളെ കണ്ടു. അവരുടെ ഭർത്താവ് ജോലിസ്ഥലത്തു വച്ച് രോഗബാധിതനാകുകയും പ്രയാസപ്പെട്ടു വീട്ടിലെ ഗേററിങ്കലെത്തുകയുംചെയ്തപ്പോൾ അയാളുടെ ദുർബലാവസ്ഥ മനസ്സിലാക്കിയ ഒരു അയൽക്കാരൻ വീട്ടിൽ എത്താനും കിടക്കയിൽ കിടക്കാനും അയാളെ സഹായിച്ചു. അയൽക്കാരൻ പിന്നീട് അയൽപക്കത്തെല്ലാം അപകടസൂചന അറിയിച്ചു. ചിലർ ഡോക്ടറെ കൊണ്ടുവരാൻ പോയപ്പോൾ മററു ചിലർ അയാളെ ആശ്വസിപ്പിക്കുകയും കുറിച്ച മരുന്നു വാങ്ങാൻ പോകുകയുംചെയ്തു. ശ്രദ്ധയുള്ള തന്റെ അയൽക്കാരെക്കുറിച്ച് ആ സ്ത്രീ എത്ര സന്തോഷിച്ചു!
അതുകൊണ്ട് വ്യത്യസ്തരീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആളുകളുടെ അവകാശത്തെ അംഗീകരിക്കുക. വ്യത്യാസം അതിൽത്തന്നെ അങ്ങനെയുള്ള രീതികളെ നല്ലതോ ചീത്തയോ ശരിയോ തെറേറാ ആക്കുന്നില്ലെന്നോർക്കുക!
ബൈബിളിന്റെ ബുദ്ധിയുപദേശപ്രകാരമുള്ള ജീവിതം സാംസ്കാരികവിടവു നികത്തുന്നതിൽ വമ്പിച്ച സഹായമാണെന്നു തെളിഞ്ഞിട്ടുണ്ട്. തന്റെ ശിരസ്സായി ഭർത്താവിനെ ബഹുമാനിക്കുന്ന സ്ത്രീയും സ്വന്ത ശരീരത്തെപ്പോലെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവും അവരുടെ ബന്ധത്തിൽ വിജയം കണ്ടെത്തും. (1 കൊരിന്ത്യർ 11:3; എഫേസ്യർ 5:21-33) അവർ പുതിയ ജീവിതരീതിയോട് പൊരുത്തപ്പെടുന്ന കാലഘട്ടത്തിൽ വിശേഷാൽ ക്ഷമയും ഗ്രാഹ്യവും പ്രകടമാക്കാൻ ശ്രദ്ധിക്കും.
അതെ, വിവിധസാഹചര്യങ്ങളിൽ ആരുടെ ആചാരങ്ങൾ അനുസരിക്കണമെന്നുള്ളതിൽ അഭിപ്രായവ്യത്യാസങ്ങൾ പൊന്തിവന്നേക്കാവുന്ന സമയങ്ങളുണ്ടാകും. എന്നാൽ ദൈവവചനത്തെ ആദരിക്കുന്ന ഇണകൾ ബൈബിളിൽ പ്രായോഗികമായ തത്വത്തിനുവേണ്ടി അന്വേഷിക്കുകയും അതനുസരിക്കാൻ ശ്രമിക്കുകയും ചെയ്യും. സംഗതി വ്യക്തിപരമായ ഇഷ്ടത്തിന്റേതായിത്തീരുന്നുവെങ്കിൽപോലും 1 കൊരിന്ത്യർ 13:4, 5-ലെ ബൈബിൾതത്വം ബാധകമാക്കാൻ കഴിയും: “സ്നേഹം . . . സ്വന്തം താല്പര്യങ്ങൾ അന്വേഷിക്കുന്നില്ല.”—1 കൊരിന്ത്യർ 10: 23, 24 കൂടെ കാണുക.
എന്നിരുന്നാലും നിങ്ങൾ മറെറാരു രാജ്യത്തേക്കു മാറിപ്പാർത്തിരിക്കുകയാണെങ്കിൽ നിങ്ങളാണ് വിദേശിയെന്നും പൊരുത്തപ്പെടുത്തലിലധികവും നിങ്ങളാണു വരുത്തേണ്ടതെന്നും എല്ലായ്പ്പോഴും മനസ്സിൽ പിടിക്കുക. മററുള്ള എല്ലാവരും നിങ്ങളുടെ ജീവിതനിലവാരങ്ങളോടോ രീതിയോടോ പൊരുത്തപ്പെടാൻ പ്രതീക്ഷിക്കാവുന്നതല്ല. അതേസമയം, നിങ്ങൾക്ക് നിങ്ങളുടെ സംസ്കാരത്തിൽനിന്നുള്ള കാര്യങ്ങൾ നിങ്ങളുടെ പുതിയ സുഹൃത്തുക്കൾക്കു പങ്കുവെക്കാൻ കഴിയും.
അതുകൊണ്ടു സാംസ്കാരികവിടവു നികത്താൻ കഴിയുമോ? അങ്ങനെ ചെയ്തിട്ടുള്ളവരും ഇരു സംസ്കാരങ്ങളിലെയും നല്ലതിനെ സംയോജിപ്പിച്ചുകൊണ്ട് തങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കിയിട്ടുള്ളവരുമായവരുടെ ദൃഷ്ടാന്തങ്ങൾ ഉവ്വ് എന്ന് ഉത്തരം നൽകുന്നു. (g88 8/22)
[19-ാം പേജിലെ ചതുരം]
എങ്ങനെ പൊരുത്തപ്പെടാം
✔ നാട്ടുഭാഷ ഉപയോഗിക്കുക
✔ സ്ഥലത്തെ ആചാരങ്ങൾ പഠിക്കുക
✔ പുതിയ ഭക്ഷണങ്ങൾ പരീക്ഷിച്ചുനോക്കുക
✔ മുൻജീവിതരീതിയോടുള്ള താരതമ്യം ഒഴിവാക്കുക
✔ മനോഭാവം ശരിപ്പെടുത്തുക, ക്രിയാത്മകമായി ചിന്തിക്കുക
✔ ബൈബിൾതത്വങ്ങൾ ബാധകമാക്കുക
[17-ാം പേജിലെ ചിത്രം]
ഇണകൾ വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നു വരുമ്പോൾ വിവാഹം വിജയപ്രദമാക്കാൻ പ്രത്യേകശ്രമം ആവശ്യമാണ്
[18-ാം പേജിലെ ചിത്രം]
പൗരസ്ത്യരാജ്യങ്ങളിൽ എന്തെങ്കിലും ലഘുഭക്ഷണം എല്ലായ്പോഴും വിളമ്പുന്നു, വെറുതെ സന്ദർശിക്കുന്ന ഒരാൾക്കുപോലും