പാർക്കിൻസൻസ് രോഗവുമായി ജീവിക്കൽ
നിങ്ങൾ ആദ്യമായി എന്റെ അമ്മയെ ഇന്ന് കാണുകയാണെങ്കിൽ അമ്മക്ക് പാർക്കിൻസൻസ് ഡിസീസ് ഉണ്ടെന്ന് നിങ്ങൾ വിചാരിക്കാനിടയില്ല. ചില സമയങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും അമ്മക്ക് ഇപ്പോഴും ഷോപ്പിംഗിനു പോകാനും വീടു വൃത്തിയാക്കാനും സാധാരണ ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടാനും കഴിയും.
എന്നിരുന്നാലും 12-ൽ അൽപ്പവുംകൂടെ വർഷം മുമ്പ് അത് ഒരു വ്യത്യസ്ത കഥയായിരുന്നു. അമ്മയുടെ രോഗം കണ്ടുപിടിച്ചിരുന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ അമ്മയെ സന്ദർശിക്കാനാഗ്രഹിച്ചു. എന്നാൽ ആ രോഗത്തെപ്പററി എന്തെങ്കിലും വിവരമില്ലാതെ ചെല്ലാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് യാത്രക്കു മുൻപ് ഈ വ്യാധിയെക്കുറിച്ച് ഞാൻ വിപുലമായി വായിച്ചുമനസ്സിലാക്കി. എന്നിരുന്നാലും ഇതുപോലും ഞാൻ കണ്ട കാര്യത്തിനുവേണ്ടി എന്നെ ഒരുക്കിയില്ല.
എന്റെ ഓർമ്മയിലുള്ള ഊർജ്ജസ്വലയായ ആ സ്ത്രീ ഒരു യന്ത്രമനുഷ്യനെ പോലെയാണ് ചരിച്ചത്. അതെ, അമ്മയുടെ കൈകൾ വശങ്ങളിൽ നിശ്ചലമായി ചേർത്തുപിടിച്ചിരുന്നു, വിരലുകൾ അസ്വാഭാവികമായി നേരേ പിടിച്ചിരുന്നു. എപ്പോഴും ചെയ്തിരുന്നതുപോലെ അമ്മ നിവർന്നുതന്നെ നടന്നിരുന്നെങ്കിലും അടുത്തടുത്തു ചുവടുകൾ വെച്ച് കാലുകൾ നിരക്കിനീക്കിക്കൊണ്ടിരുന്നു. അമ്മയുടെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്ന ഊർജ്ജം പുറത്തു കാണപ്പെടാതെ വേദന കടിച്ചമർത്തി സാവധാനത്തിലായിരുന്നു അവരുടെ നീക്കം. എന്നിരുന്നാലും എനിക്ക് ഹൃദയത്തിൽ നിരാശയുളവാക്കിയത് അവരുടെ മുഖഭാവമായിരുന്നു. അത് മരനിർമ്മിതമായ, ഭാവഭേദമില്ലാത്ത, ഒരു മുഖംമൂടിപോലെ ആയിരുന്നു. അമ്മ ചിരിച്ചെങ്കിലും അത് അവരുടെ വായ്കൊണ്ടു മാത്രമായിരുന്നു. അവരുടെ കണ്ണുകളെ അത് ബാധിച്ചിരുന്നില്ല.
ശരിയായി രോഗനിർണ്ണയം ചെയ്യുന്നതിന് രണ്ടു വർഷമായി പല ഡോക്ടർമാരെ സന്ദർശിച്ചുകൊണ്ടിരുന്നതായി അമ്മ എന്നോടു പറഞ്ഞു. അനേകരുടെയും കാര്യത്തിലെന്നപോലെ അമ്മയുടെ പ്രാരംഭലക്ഷണങ്ങൾ അവ്യക്തമായിരുന്നു: സന്ധികളിലും മാംസപേശികളിലും കഠിനവേദനയും മുടി ഷാമ്പൂ ചെയ്യുന്നതിനും പല്ലുതേക്കുന്നതിനും പ്രയാസവും അനുഭവപ്പെട്ടിരുന്നു. ലക്ഷണങ്ങൾ വ്യക്തമായതോടെ കിടക്കയിൽ തിരിയുന്നതിന് അമ്മക്ക് പ്രയാസം തോന്നിത്തുടങ്ങി. എന്റെ അപ്പൻ അമ്മയെ സഹായിക്കേണ്ടിവന്നു. നടപ്പ് കൂടുതൽ പ്രയാസമായിത്തീർന്നു. തന്റെ ക്രിസ്തീയശുശ്രൂഷയിലെ പ്രവർത്തനനിരതമായ ജീവിതം അമ്മ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും തനിക്ക് വ്യക്തമായി സംസാരിക്കാൻപോലും കഴിയുന്നില്ലെന്ന് അവർ മിക്കപ്പോഴും കണ്ടെത്തി. അമ്മ തന്റെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടിവന്നു.
ഞാൻ കണ്ട കാഴ്ചയിൽ ഞെട്ടി, ഞാൻ കാര്യത്തിലേക്ക് ചുഴിഞ്ഞുനോക്കാൻ തുടങ്ങി. ഈ വ്യാധിക്കു കാരണമെന്താണ്? അതു ഭേദമാക്കാൻ കഴിയുമോ? എനിക്ക് അത് എന്നെങ്കിലും പിടിപെടുമോ? അത്തരം രോഗമുള്ള ഒരാൾക്ക് എത്ര സജീവമായ ഒരു ജീവിതം നയിക്കാൻകഴിയും?
അതിശയിപ്പിക്കുംവിധം നിരവധിയാളുകൾക്ക്—150 മുതൽ 200 വരെ ആളുകളിൽ ഒരാൾക്കു വീതം—പാർക്കിൻസൻസ് ഡിസീസ് പിടിപെടുന്നുണ്ടെന്ന് ഞാൻ പെട്ടെന്ന് മനസ്സിലാക്കി! അമേരിക്കൻ പാർക്കിൻസൻ ഡിസീസ് അസോസിയേഷന്റെ കണക്കനുസരിച്ച് ഐക്യനാടുകളിൽത്തന്നെ പത്തുലക്ഷം മുതൽ പതിനഞ്ചുലക്ഷം വരെ ആളുകൾക്ക് ഈ രോഗമുണ്ട്. ഭാഗ്യവശാൽ, ശരിയായ പരിപാലനത്താൽ ഇവരിൽ ബഹുഭൂരിപക്ഷത്തിനും സാമാന്യം നന്നായി കഴിഞ്ഞുകൂടാൻ സാധിക്കുന്നുണ്ട്.
അതെന്താണ്?
ജയിംസ് പാർക്കിൻസന്റെ പേരാണ് ഈ രോഗത്തിനിട്ടിരിക്കുന്നത്. അദ്ദേഹം ഈ അവസ്ഥയെ 1817-ൽ വർണ്ണിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വർണ്ണന ശ്രദ്ധേയമാംവിധം പൂർണ്ണവും കൃത്യവുമാണ്: “അനിച്ഛാപൂർവകമായ വിറയലോടുകൂടിയ ചലനം, അതോടൊപ്പം പ്രവർത്തനമില്ലാത്ത ഭാഗങ്ങളിൽ താങ്ങുള്ളപ്പോൾപോലും കുറഞ്ഞ മാംസപേശിബലവും; കൂടാതെ, ഉടലിനെ മുമ്പോട്ട് വളയ്ക്കാനും നടപ്പിൽനിന്ന് ഓട്ടത്തിലേക്കു കടക്കാനുമുള്ള ഒരു തള്ളലുമുണ്ട്, ഇന്ദ്രിയങ്ങൾക്കും ബുദ്ധിശക്തിക്കും കേടുഭവിക്കുന്നില്ലതാനും.”a
അവസാനഭാഗമാണ് എനിക്ക് വലിയ ആശ്വാസം നൽകിയത്: അമ്മക്ക് ഇന്ദ്രിയബോധങ്ങളും ബുദ്ധിശക്തിയും പിന്നെയും ഉണ്ടായിരിക്കും! നല്ല ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുന്നതിനുള്ള പ്രാപ്തി അമ്മക്കു നഷ്ടപ്പെടുകയില്ല, സംഗീതത്തിൽ ആനന്ദിക്കാം, ഒരു അനുഗൃഹീത ഗ്രന്ഥകാരനാൽ ഉള്ളിൽ തട്ടപ്പെടുകയോ രസിപ്പിക്കപ്പെടുകയോ ചെയ്യാം. അല്ലെങ്കിൽ അമ്മ വളരെയധികം ഇഷ്ടപ്പെടുന്ന സൃഷ്ടിയിലെ അനേകം മനോഹാരിതകളിൽ ഏതു വേണമെങ്കിലും ആസ്വദിക്കാം. ഞാൻ കണ്ട സ്വതഃപ്രേരിതചലനത്തിന്റെയും പ്രതികരണങ്ങളുടെയും അഭാവത്തിന് അമ്മയിൽ അപ്പോഴും വളരെ സജീവമായി നിന്ന സൂക്ഷ്മബുദ്ധിയുടെമേൽ ദോഷഫലമൊന്നുമുണ്ടായിരുന്നില്ല.
തന്റെ വർണ്ണനയുടെ തുടക്കത്തിൽ പാർക്കിൻസൻ “അനിച്ഛാപൂർവമായ വിറയലോടുകൂടിയ ചലന”ത്തെക്കുറിച്ച് പറയുകയുണ്ടായി. വിശേഷിച്ച് കൈകളുടെ ഈ സാവധാനത്തിലുള്ള താളാത്മക വിറയൽ ഞാനും മററുള്ള മിക്കവരും പാർക്കിൻസൻ ഡിസീസിനോടു ബന്ധപ്പെടുത്തുന്ന ലക്ഷണമാണ്, എന്തുകൊണ്ടെന്നാൽ അത് ഏററവും പ്രകടമാണ്. യഥാർത്ഥത്തിൽ, ഈ രോഗത്തിന്റെ വൈദ്യശാസ്ത്രപരമായ നാമം പരാലസിസ് അജിററാൻസ് എന്നാണ്. രണ്ടാമത്തെ പദം ഇളക്കത്തെ അഥവാ വിറയലിനെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അമ്മ അതിന്റെ ലക്ഷണമൊന്നും പ്രകടമാക്കിയില്ല, ഇന്നോളം പ്രകടമാക്കുന്നുമില്ല. ‘എന്തുകൊണ്ട്?’ ഞാൻ ജിജ്ഞാസാഭരിതനായി. ഏതോ അജ്ഞാതകാരണത്താൽ ഒരു ഗണ്യമായ ശതമാനത്തിന് ഒരിക്കലും വിറയൽ പിടിപെടുന്നില്ലെന്ന് ലോസ് ആൻജലീസിലെ കാലിഫോർണിയാ യൂണിവേഴ്സിററിയിൽ ന്യൂറോളജിയുടെ ഒരു സഹപ്രൊഫസ്സറായ ഡോ. ലിയോ ട്രഷ്യോക്കസ് എന്നോടു വിശദീകരിക്കുകയുണ്ടായി. മററുള്ളവരിൽ വിറയലാണ് മുഖ്യ ലക്ഷണം.
പാർക്കിൻസൻസ് ഡിസീസ് ഉള്ള എല്ലാവർക്കും മിക്കവാറും രണ്ടു ലക്ഷണങ്ങൾ ഉണ്ടാകുന്നു, എല്ലായ്പ്പോഴും അൽപ്പമെങ്കിലും വിറയൽ ഉണ്ടാകുന്നതിനുമുമ്പുതന്നെ: മാംസപേശികളുടെ മരവിപ്പും ബാധിക്കപ്പെട്ട മാംസപേശികൾ പകുതിപോലും സ്വയംപ്രവർത്തകമായി ഉപയോഗിക്കുന്നതിനുള്ള അബോധപൂർവകമായ ഒരു ചായ്വില്ലായ്മയുംതന്നെ. ഇത് ബ്രാഡികൈനെസ്യാ എന്നു വിളിക്കപ്പെടുന്ന ഒരു ചലനമാന്ദ്യത്തിൽ കലാശിക്കുന്നു. നടക്കുന്നതിനും സമനില പാലിക്കുന്നതിനുമുള്ള പ്രയാസത്തെ വ്യത്യസ്തമെങ്കിലും മുഖ്യലക്ഷണങ്ങളായി ചില നാഡീരോഗ വിദഗ്ധർ ഉൾപ്പെടുത്തുന്നു.
കോച്ചൽ യഥാർത്ഥത്തിൽ വ്യക്തിയുടെ മാംസപേശികളുടെ പരസ്പരമുള്ള നിരന്തര വലിയുടെ ഫലമാണ്. ശരീരത്തെ നേരെ നിർത്തുന്നതിനുപയോഗിക്കപ്പെടുന്ന മാംസപേശികളേക്കാളുപരിയായി അതിനെ വളയ്ക്കുന്ന മാംസപേശികളെ ബാധിക്കുന്നതുകൊണ്ട് പാർക്കിൻസൻസ്രോഗമുള്ള ഒരു വ്യക്തി ക്രമേണ കൂനുന്നു. അത് അയാളുടെ മാംസപേശികൾക്കും സന്ധികൾക്കും കഠിനവേദനയുളവാക്കുകയും ചെയ്യുന്നു.
അക്കിനേസ്യയും ഈ ലക്ഷണങ്ങൾക്കിടയാക്കുന്നു. ആരോഗ്യമുള്ള ആളുകളിൽ ഏററം അടിസ്ഥാനപരമായ പ്രവർത്തനങ്ങളായ എഴുന്നേൽപ്പ്, നടപ്പ്, തിരിയൽ, നിൽക്കൽ, എന്നിവക്കു പുറമെ ചിരിയോടുകൂടെ പോലും ഒട്ടേറെ പ്രതിവർത്തങ്ങളുണ്ടാകുന്നു. പാർക്കിൻസൻസ് രോഗികളിൽ ഈ പ്രതിവർത്തങ്ങളിൽ പലതും ഉണ്ടാകുന്നില്ല, അല്ലെങ്കിൽ അവയ്ക്ക് ബോധപൂർവകമായ ശ്രമം ആവശ്യമാണ്. (അതുകൊണ്ടാണ് അമ്മ തീരെ ഭാവവികാരങ്ങളില്ലാതെ യാന്ത്രികമായി കാണപ്പെട്ടത്). മാത്രവുമല്ല, ഒരുവൻ പല്ലുതേക്കുമ്പോഴത്തേതുപോലെയുള്ള ഹ്രസ്വമായ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലനങ്ങൾ അവർക്കു പ്രയാസമായിരിക്കുന്നത്. അവരുടെ കൈയക്ഷരം ആദ്യത്തെ ചുരുക്കം ചില അക്ഷരങ്ങൾക്കുശേഷം ചെറുതും ഒതുങ്ങിയതുമായിത്തീരുന്നു. അവർ മറെറവിടെയെങ്കിലും നോക്കുന്നതിന് തല തിരിക്കുന്നതിനു പകരം കണ്ണുകൾ ചലിപ്പിച്ചുകൊണ്ട് ഇരുന്നു തുറിച്ചുനോക്കാൻ പ്രവണതകാട്ടുന്നു. എന്നിരുന്നാലും അവർ ഒരിക്കലും മൂഢരോ അലസരോ അല്ല.
സാധാരണയായി നടപ്പിനും സമനില പാലിക്കുന്നതിനും ഗണ്യമായ പ്രയാസവും ഉണ്ടാകുന്നു. മററുള്ളവരെപ്പോലെ എന്റെ അമ്മക്കും നീട്ടി ചവിട്ടിത്തുടങ്ങുന്നതിനുമുമ്പ് പല ചെറിയ ചുവടുകൾ വെക്കേണ്ടതുണ്ട്. പലരും നിരന്തരമായി അടുപ്പിച്ചുചവിട്ടിയാണ് നടക്കുന്നത്. അനേകർക്കും ദ്രുതഗതിയുണ്ട്. (ലാററിനിൽ ധൃതികൂട്ടുക എന്നർത്ഥമുള്ള ഫെസ്ററനേറിൽനിന്നുണ്ടായ ഇംഗ്ലീഷിലെ ഫെസ്ററിനേററിംഗ് ഗയിററ്). മുന്നോട്ടായാനുള്ള പ്രവണതനിമിത്തം അവരുടെ സത്വരമായ ചുവടുകളുടെ വേഗത വർദ്ധിച്ച് ഏതാണ്ട് ഓട്ടമായിത്തീരുന്നു. അവർക്ക് എവിടെയെങ്കിലും പിടിക്കാൻ കഴിയാത്തപക്ഷം—അല്ലെങ്കിൽ മററാരെങ്കിലും അവരെ പിടിക്കാത്തപക്ഷം—അവർ വീഴും. നിയന്ത്രണത്തോടെ നടക്കുമ്പോൾ പോലും സമനിലയിൽ മാററം സൂചിപ്പിക്കുന്ന എന്തും—ഒരു മാർഗ്ഗതടസ്സമോ ചലിക്കുന്ന ഒരു ഗോവണിയോ തറയിലെ ഒരു വരപോലുമോ—വ്യക്തിയുടെ സമനില നഷ്ടപ്പെട്ടിട്ട് വീഴാനോ തരിച്ചുനിന്നുപോകാനോ ഇടയാക്കിയേക്കാം.
എന്തു ചെയ്യാൻ കഴിയും?
ഈ അധൈര്യപ്പെടുത്തുന്ന ലക്ഷണങ്ങൾ അടുത്തകാലം വരെ സത്യമായിരുന്നതുപോലെ മേലാൽ രോഗിയെ അത്രതന്നെ വികലപ്പെടുത്തുന്നില്ല. യഥാർത്ഥത്തിൽ 20 വർഷം തന്നെ പഴക്കമില്ലാത്ത വൈദ്യശാസ്ത്രപുരോഗതികൾ നിമിത്തം ഇപ്പോൾ പാർക്കിൻസൻസ് രോഗികൾക്ക് അവരുടെ ക്ലേശം ഗണ്യമാക്കാതെ വളരെ ഉൽപ്പാദകമായ ഒരു ജീവിതം നയിക്കാൻകഴിയും.
ഈ ലക്ഷണങ്ങൾക്ക് കാരണം തലച്ചോറിലെ രണ്ട് രാസവസ്തുക്കളായ ഡോപ്പമൈനും അസററിൽക്കൊലൈനും തമ്മിലുള്ള അസന്തുലിതാവസ്ഥയായിരിക്കുന്നതിനാൽ (15-ാം പേജിലെ ചതുരം കാണുക.) സാധാരണയായി ഡോക്ടർമാർ ആ സന്തുലനം പുനഃസ്ഥിതീകരിക്കാൻ ശ്രമിക്കും. എങ്ങനെ? രക്തത്തിലൂടെ തലച്ചോറിന് ഡോപ്പമൈൻ കൊടുക്കുന്നതിനാൽ. എന്നിരുന്നാലും ഡോപ്പമൈനിനു മാത്രം രക്ത-മസ്തിഷ്കതടസ്സമെന്നറിയപ്പെടുന്നതിനെ തരണം ചെയ്യാൻ കഴികയില്ല, അതുകൊണ്ട് അത് ശരീരത്തിൽ തന്നെ ഉപയോഗിക്കപ്പെടുന്നു. എന്നാൽ ലിവോഡോപ്പാ അഥവാ എൽ-ഡോപ്പാ എന്നറിയപ്പെടുന്ന മറെറാരു പദാർത്ഥത്തിന് കടന്നുകൂടാൻകഴിയും. അത് സാധാരണഗതിയിലുള്ള ചയാപചയത്താൽ മസ്തിഷ്കത്തിനകത്തും പുറത്തും ഡോപ്പമൈൻ ആയി മാററപ്പെടുന്നു.
ചികിത്സാപരമായ ഡോസുകളിൽ എൽ-ഡോപ്പാ മാത്രം കഴിച്ചാൽ അതിന് നിരവധി പാർശ്വ ഫലങ്ങളുണ്ടാകും. ഇതിനു കാരണം അതിലധികവും തലച്ചോറിലെത്തുന്നതിനു മുമ്പ് ഡോപ്പമൈനായി രൂപാന്തരപ്പെടുന്നു എന്നതാണ്. ഈ പാർശ്വഫലങ്ങളെ തടയുന്നതിന് നിരോധകങ്ങൾ ചേർക്കപ്പെടുന്നു.
ഈ ചികിൽസാരീതി ഫലപ്രദമാകുന്നുണ്ടോ? പലപ്പോഴും ഉവ്വ്. പാർക്കിൻസൻസ് രോഗത്തിന്റെ വികലപ്പെടുത്തുന്ന മുഖ്യ ലക്ഷണങ്ങൾ (അയവില്ലായ്മ, ആക്കിനെസ്യാ, നടപ്പിലും സമനിലപാലിക്കുന്നതിലുമുള്ള പ്രയാസം, ചിലപ്പോൾ വിറയൽ എന്നിവ) മിക്കപ്പോഴും കുറയുന്നു, ചിലപ്പോൾ നാടകീയമായിത്തന്നെ. യഥാർത്ഥത്തിൽ, ഇപ്പോഴത്തെ പാർക്കിൻസൻസ് രോഗികൾക്ക് മറേറതൊരാളെയും പോലെയുള്ള ആയുർദൈർഘ്യമുണ്ടായിരിക്കാൻ കഴിയും. എന്നാൽ ഈ ചികിൽസാരീതി പൂർണ്ണമായി പ്രാവർത്തികമാകുന്നുണ്ടോ? നിർഭാഗ്യവശാൽ ഇല്ല. എത്രമാത്രം ഡോപ്പമൈൻ കൃത്യമായി ആവശ്യമായിരിക്കുന്നുവെന്നും അങ്ങനെയുള്ള കൃത്യമായ ഡോസുകളിൽ അതുൽപ്പാദിപ്പിക്കാൻ കഴിയുമെന്നും ശരീരത്തിനു മാത്രമേ അറിയാവൂ; അത് വായിലൂടെ പ്രദാനംചെയ്യുന്നത് അത്രയും ഗുണപ്രദമായിരിക്കുന്നില്ല.
ചിലയാളുകൾക്ക് എൽ-ഡോപ്പയോട് ഹാനികരമായ സത്വരപ്രതികരണങ്ങളുള്ളതുകൊണ്ടും നല്ല ഫലമുള്ളവരിൽപോലും അതിന്റെ ഫലപ്രദത്വം വർഷങ്ങൾകൊണ്ട് കുറയുന്നതുകൊണ്ടും മററു ചികിൽസകളും ഉപയോഗിക്കപ്പെടുന്നു.
രോഗിക്കു ചെയ്യാൻ കഴിയുന്നത്
എന്നാൽ മറെറന്തെങ്കിലും ചെയ്യാൻകഴിയുമോ? ഉവ്വ്, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻകഴിയും. അവയിലൊന്ന് ക്രമമായ വ്യായാമമാണ്. ചലനം പ്രയാസവും മിക്കപ്പോഴും വേദനാകരവുമായതുകൊണ്ടും സമനിലപാലിക്കൽ ഒരു പ്രശ്നമായിരിക്കാവുന്നതുകൊണ്ടും ഒരു പാർക്കിൻസൻസ്രോഗിയുടെ പ്രവണത തന്റെ പ്രവർത്തനങ്ങളെ കർശനമായി പരിമിതപ്പെടുത്താനായിരിക്കും. എന്നിരുന്നാലും വ്യായാമമില്ലെങ്കിൽ എല്ലാം വഷളാകുന്നു. മാംസപേശികളും സന്ധികളും മുറുകി അയവില്ലാത്തവയായിത്തീർന്നേക്കാം. രക്തചംക്രമണത്തിനു കുഴപ്പമുണ്ടാകുകയും അത് മററു രോഗങ്ങളിലേക്കു നയിക്കുകയും ചെയ്തേക്കാം. പിന്നോക്കം വലിഞ്ഞ് ഒടുവിൽ മുഴുവനായി മററുള്ളവരെ ആശ്രയിക്കാനുള്ള ഒരു പ്രവണത വികാസം പ്രാപിച്ചേക്കാം.
ഈ കാരണങ്ങളാൽ ക്ഷേമാവസ്ഥയും ചലനക്ഷമതയും നിലനിർത്തുന്നതിന് ക്രമമായ ഒരു വ്യായാമപരിപാടി അത്യന്താപേക്ഷിതമാണെന്ന് നാഡീരോഗവിദഗ്ധർ പറയുന്നു. തീർച്ചയായും ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്. എന്നാൽ പൊതുവേ, മിതമായ ദൂരത്തിലുള്ള നടപ്പ്, നീന്തൽ, വിശേഷിച്ച് അവയവങ്ങൾ നീട്ടിയും നേരേയാക്കിയുമുള്ള വ്യായാമങ്ങൾ എന്നിങ്ങനെയുള്ള അനുദിന ലളിത വ്യായാമങ്ങൾ, മാംസപേശികളുടെ അയവും ബലവും രാസപരമായ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള തലച്ചോറിന്റെ പ്രാപ്തിയും നിലനിർത്താൻ സഹായിക്കുന്നു.
നടക്കുന്നതിലും സംസാരിക്കുന്നതിലും എഴുതുന്നതിലും പാർക്കിൻസൻസ്രോഗം വരുത്തിക്കൂട്ടുന്ന ഏകോപനത്തിന്റെ പ്രശ്നങ്ങൾക്ക് ബോധപൂർവകമായ ശ്രമത്താൽ കുറെ പരിഹാരം വരുത്താൻ കഴിയും. യുക്ലാ സ്കൂൾ ഓഫ് മെഡിസിനും അമേരിക്കൻ പാർക്കിൻസൻസ് ഡിസീസ് അസോസിയേഷനും ഇവയിലോരോന്നിനും സാവധാനത്തിലും കരുതിക്കൂട്ടിയുമുള്ള ചലനങ്ങൾ നടത്താൻ ശുപാർശചെയ്യുന്നു, അവ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്ന സ്വതഃപ്രേരിത പ്രതിവർത്തങ്ങൾക്ക് കുറേ അളവിലെങ്കിലും പരിഹാരം കാണാൻ പഠിക്കുന്നതിന് തലച്ചോറിലെ ഉയർന്ന ചാലകകേന്ദ്രങ്ങളെ അനുവദിക്കുന്നു.
മറ്റുള്ളവർക്കു ചെയ്യാൻകഴിയുന്നത്
മററുള്ളവർക്കും സഹായിക്കാൻ കഴിയും. നടക്കാൻ പ്രയാസമുള്ളവരെ സഹായിക്കുന്നതിന് പാർക്കിൻസൻസ് രോഗമുള്ളവർക്കായുള്ള ഒരു മാന്വൽ ഈ നിർദ്ദേശം നൽകുന്നു: “സൗമ്യമായ ഒരു കൈത്താങ്ങലോ കൈയിൽ പിടിക്കാനുള്ള ഒരു അനുവാദമോ മാത്രമായിരിക്കാം രോഗിയെക്കൊണ്ട് വീണ്ടും നടത്തിച്ചുതുടങ്ങാനാവശ്യമായിരിക്കുന്നത്. ഇടക്ക് സഹായിക്കുന്നതിനു പകരം രോഗി സഹായിക്കുന്നയാളുടെ കൈയിൽ അല്ലെങ്കിൽ ഭുജത്തിൽ എപ്പോഴും പിടിക്കേണ്ടതാണ്, കാരണം രോഗിയുടെ കൈയിൽ അല്ലെങ്കിൽ ഭുജത്തിൽ പെട്ടെന്ന് കടന്നു പിടിക്കുന്നത് മിക്കപ്പോഴും കൂടുതലായി രോഗിയുടെ സമനില തെററിക്കുന്നു.”
പ്രോൽസാഹനം വിശേഷാൽ സഹായകമാണ്. ഹാരിസണിന്റെ പ്രിൻസിപ്പിൾസ് ഓഫ് ഇന്റേണൽ മെഡിസിൻ (1983) പ്രസ്താവിക്കുന്നപ്രകാരം: “വൈകാരികഘടകങ്ങൾ ലക്ഷണങ്ങളുടെ കാഠിന്യത്തെ ഗണ്യമായി സ്വാധീനിക്കുന്നു, അതായത് ഉൽക്കൺഠയും പിരിമുറുക്കവും അസന്തുഷ്ടിയും അവയുടെ കാഠിന്യം കൂട്ടുന്നു, രോഗി ഒരു സംതൃപ്ത മനസ്ഥിതിയിലായിരിക്കുമ്പോൾ കാഠിന്യം ഏററം കുറഞ്ഞിരിക്കുന്നു. . . . രോഗത്തിന്റെ സമ്മർദ്ദത്തെ നേരിടുന്നതിനും അതിന്റെ സ്വഭാവം ഗ്രഹിക്കുന്നതിനും രോഗം ഗണ്യമാക്കാതെ രോഗിക്ക് മിക്കപ്പോഴും വളരെയധികം വൈകാരികപിന്തുണ ആവശ്യമാണ്.” അങ്ങനെ സ്നേഹപൂർണ്ണമായ പരിഗണനയും പരിപാലനവും ഉറപ്പുകൊടുക്കലും പാർക്കിൻസൻസ് രോഗത്തോടൊത്ത് ജീവിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നതിൽ ബഹുദൂരം പോകുന്നു.
വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിന്റെ കാരണങ്ങൾ ഇപ്പോഴും മനസ്സിലായിട്ടില്ല, തന്നിമിത്തം ഒരു പ്രതിവിധി പ്രദാനം ചെയ്യാൻകഴിയുന്നില്ല. എന്നിരുന്നാലും സ്രഷ്ടാവിന് മനസ്സിലാകുന്നുണ്ടെന്നും അവൻ ക്രിസ്തുയേശു മുഖാന്തരമുള്ള തന്റെ രാജ്യത്തിൻകീഴിൽ അങ്ങനെയുള്ള ഒരു പ്രതിവിധി നൽകുമെന്നുമുള്ള അറിവിനാൽ എന്റെ അമ്മ നിലനിർത്തപ്പെടുന്നു. (യെശയ്യാവ് 33:24; ലൂക്കോസ് 9:11; വെളിപ്പാട് 21:1-4) ആ കാലംവരെ അമ്മയും മററനേകരും പാർക്കിൻസൻസ് രോഗത്തെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുകയാണ്.—സംഭാവനചെയ്യപ്പെട്ടത്. (g88 1/8)
[അടിക്കുറിപ്പുകൾ]
a അടുത്തകാലത്തെ പഠനങ്ങൾ അനുസരിച്ച്, സൗമ്യമായ മാനസിക തകർച്ച സുസ്ഥാപിതമായ പാർക്കിൻസൻസ് രോഗവുമായി വിരളമായി ബന്ധപ്പെടുന്നില്ല. ഈ ഭാഗികമായ ബുദ്ധിഭ്രമം, ചികിത്സ ഉണ്ടായിരുന്നാൽതന്നെ സംഭവിച്ചേക്കാം. ഉചിതമായ മാനസിക ഉത്തേജനവും സംഭാഷണവും അവഗണിച്ചാൽ കൂടുതൽ ദൃഢമാകുകയും ചെയ്യും.
[14-ാം പേജിലെ ചതുരം]
പാർക്കിൻസൻസ് രോഗികൾക്ക് ശാരീരിക സഹായങ്ങൾb
◼ മുന്നോട്ടു ചായ്വുള്ള, ഉറപ്പുള്ള കസേരകളിൽനിന്ന് ഇറങ്ങുന്നതാണ് താണതും കുഴിഞ്ഞതും മാർദ്ദവമുള്ളതുമായ കസേരകളിൽനിന്ന് ഇറങ്ങുന്നതിനേക്കാൾ എളുപ്പം.
◼ കിടക്കയ്ക്കും കക്കൂസിനും അരികെയുള്ള ഒരു കൈപിടി എഴുന്നേൽക്കാൻ രോഗിയെ സഹായിക്കുന്നു.
◼ കിടക്കയുടെ അററത്തു ബന്ധിച്ചിരിക്കുന്ന ഒരു കയറിന് എഴുന്നേൽക്കാനും തിരിയാനും രോഗിയെ സഹായിക്കാൻകഴിയും.
◼ ഷവർ ഉപയോഗിച്ചു കുളിക്കുമ്പോൾ ആവശ്യമായ വസ്തുക്കൾ ഒരു ഷവർപെട്ടിയിൽ തോളിന്റെ ഉയരത്തിൽ വെച്ചേക്കുന്നത് സഹായകമായിരിക്കാം—സോപ്പ് ഒരു കയറിലും ഒരു സ്പോഞ്ച് ഒരു കൈപിടിയിലും.
◼ വസ്ത്രത്തിൽ വെൽക്രോപോലെ വലിച്ചകററാവുന്ന ഉടുപ്പുകൾ ബട്ടൺസുകളെക്കാളും സിപ്പറുകളേക്കാളും കൈകാര്യം ചെയ്യാൻ എളുപ്പമാണ്.
[അടിക്കുറിപ്പുകൾ]
b അമേരിക്കൻ പാർക്കിൻസൻസ് ഡിസീസ് അസോസിയേഷൻ പ്രസിദ്ധീകരിച്ച അനുദിനജീവിതപ്രവർത്തനങ്ങളിൽ പാർക്കിൻസൻസ് രോഗമുള്ളവരെ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സജ്ജീകരണവും സഹായികളും എന്ന ചെറുപുസ്തകത്തിൽ നിർദ്ദേശിച്ചത്.
[15-ാം പേജിലെ ചതുരം/ചിത്രം]
പാർക്കിൻസൻസിന് കാരണമെന്ത്?
ചികിൽസാവൃത്തി 1960-കൾ വരെയും അറിയാനാഗ്രഹിച്ചതാണിത്. യഥാർത്ഥത്തിൽ മൂലകാരണം ഇപ്പോഴും അറിയപ്പെടുന്നില്ല. എന്നാൽ ലക്ഷണങ്ങളുടെ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
മസ്തിഷ്കകാണ്ഡത്തിൽ നിങ്ങളുടെ ചെവിയുടെ മേൽഭാഗനിരപ്പിൽ സബ്സ്ററാൻഷ്യാ നിഗ്രാ അഥവാ കറുത്തവസ്തു എന്നു വിളിക്കപ്പെടുന്ന ഒരു ഇരുണ്ട നാഡീകലയുടെ പ്ലെയ്ററുണ്ട്. സബ്സ്ററാൻഷ്യാ നിഗ്രാ മസ്തിഷ്കത്തിനുവേണ്ടിയുള്ള ഒരു ഫീഡ്ബാക്ക്സിസ്ററത്തിന്റെ ഭാഗമാണ്. അത് ശരീരചലനത്തെ ക്രമീകരിക്കുന്നതിന് തലച്ചോറിന്റെ വളരെ ഉള്ളിൽ ഉപയോഗിക്കപ്പെടുന്നതായി ഡോപ്പമൈൻ എന്നു വിളിക്കപ്പെടുന്ന നാഡീസംപ്രേഷണത്തിനുവേണ്ടിയുള്ള രാസ സന്ദേശവാഹകനെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.
പാർക്കിൻസൻസ്രോഗികളിൽ ഈ നാഡീകലയുടെ 80-ശതമാനമോ കൂടുതലോ നഷ്ടപ്പെടുന്നു. ഡോപ്പമൈൻ കുറവുനിമിത്തം മറെറാരു നാഡീസന്ദേശവാഹകനായ അസററിൽക്കൊളൈനുമായുള്ള വിലപ്പെട്ട ഒരു സന്തുലനവും നഷ്ടപ്പെടുന്നു. ഇതാണ് ലക്ഷണങ്ങൾ വരുത്തിക്കൂട്ടുന്നത്.
സബ്സ്ററാൻഷ്യാ നിഗ്രാ അധ:പതിക്കുന്നതെന്തുകൊണ്ടെന്നും അതു മാത്രം അധ:പതിക്കുന്നതെന്തുകൊണ്ടെന്നുമുള്ളത് ഇപ്പോഴും ഒരു മർമ്മമാണ്. ഈ രോഗത്തിലേക്കുള്ള ചായ്വ് പാരമ്പര്യമായിരിക്കാമെന്നുള്ളതിന് ഇപ്പോൾ കുറെ തെളിവുണ്ടെങ്കിലും ഈ രോഗം പാരമ്പര്യമല്ലെന്ന് സ്പഷ്ടമാണ്. ചില കേസുകളിൽ ലക്ഷണങ്ങൾ പാർക്കിൻസൻസ് നിമിത്തമേ ആയിരിക്കുന്നില്ല, പിന്നെയോ ഉന്നത രക്തസമ്മർദ്ദവും മാനസികസമനിലയില്ലായ്മയും നിയന്ത്രിക്കാൻ ചിലപ്പോൾ ഉപയോഗിക്കപ്പെടുന്ന റിസേർപ്പൈൻ, ഫെനോത്തയാസിൻ മുതലായ ചില മരുന്നുകളോടുള്ള പ്രതികൂല പ്രതികരണം നിമിത്തമാണ്. ഈ മരുന്നുകളുടെ പിൻവലിക്കൽ മിക്കപ്പോഴും സാധാരണനില കൈവരുത്തുന്നു. അടുത്ത കാലത്തെ മററു ചില കേസുകൾ ഹെറോയിൻപോലെ കാണപ്പെടുന്നതും പ്രവർത്തിക്കുന്നതുമായ പുതിയ “ഡിസൈനർഡ്രഗ്ഗുകൾ” നിമിത്തമാണ്. ഇവയുടെ ദുഷിച്ച ഇനങ്ങൾ ഉപയോഗിക്കപ്പെട്ടപ്പോൾ ഉപയോക്താക്കളിൽ മാററിയെടുക്കാൻ കഴിയാത്തവിധം സബ്സ്ററാൻഷ്യാ നിഗ്രായെ നശിപ്പിക്കുകയും യഥാർത്ഥ പാർക്കിൻസൻസ് രോഗവുമായി തിരിച്ചറിയാൻകഴിയാത്ത ഒരു അവസ്ഥ ഉളവാക്കുകയും ചെയ്തു.
[ചിത്രം]
സബ്സ്ററാൻഷ്യാ നിഗ്രാ