സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ നട്ടുവളർത്തുക
സുരക്തിതത്വബോധമുള്ള, ശ്രദ്ധയുള്ള, സ്ഥിരതയുള്ള, ജാഗ്രതയുള്ള, അമിത ജാഗ്രതയുള്ള, ക്രമരഹിതനായ, സാഹസികനായ, അപകടകാരിയായ—ഇവയെല്ലാം ഡ്രൈവർമാരുടെ വർണ്ണനകളാണ്. നിങ്ങൾക്ക് ഏതാണ് ബാധകമാകുന്നത്? മിക്ക ഡ്രൈവർമാരും തങ്ങൾ സുരക്ഷിതത്വബോധമുള്ളവരും ശ്രദ്ധാലുക്കളുമായ ഡ്രൈവർമാരാണെന്ന് കരുതിയേക്കാം. എന്നാൽ അവരുടെ യാത്രക്കാരും മററ് റോഡുപയോക്താക്കളും അത്രതന്നെ അഭിനന്ദിക്കുന്നവരായിരിക്കാതിരുന്നേക്കാം.
സുരക്ഷിതമായി ഡ്രൈവുചെയ്യുന്നതിനത്യാവശ്യമായ ഒരു സംഗതി റോഡിൽ ഉപയോഗക്ഷമമായ ഒരു വാഹനമാണ്.
നിങ്ങളുടെ വാഹനം റോഡിൽ ഉപയോഗക്ഷമമോ?
ചില രാജ്യങ്ങൾ ക്രമമായി വാഹനങ്ങളുടെ യന്ത്രസംബന്ധമായ കണ്ടീഷൻ പരിശോധിക്കുന്നു. ഫലങ്ങൾ മിക്കപ്പോഴും അതിശയിപ്പിക്കുന്നതാണ്. ദൃഷ്ടാന്തമായി, ഫ്രാൻസിൽ, അഞ്ചുവർഷം പഴക്കമുള്ള വാഹനങ്ങളുടെ അടുത്ത കാലത്തെ ഒരു പരിശോധന 73 ശതമാനം ഒന്നുകിൽ ഇടത്തരമോ വളരെ മോശമോ അപകടകരം പോലുമോ ആയ അവസ്ഥയിലാണെന്ന് വെളിപ്പെടുത്തി.
നിങ്ങളുടെ സ്വന്തം വാഹനത്തെ പരിശോധിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, പറന്നുയരുന്നതിന് എല്ലാം റെഡിയാണെന്ന് ഉറപ്പുവരുത്താൻ എയർലൈൻ പയലററുകൾ ചെയ്യുന്നതുപോലെതന്നെ ഒരു ക്രമമായ നടപടിക്രമം അനുസരിക്കുന്നത് പ്രയോജനകരമാണെന്ന് നിങ്ങൾ കണ്ടെത്തും. നിർദ്ദിഷ്ട പരിശോധന 8-ാം പേജിൽ കാണിച്ചിട്ടുണ്ട്.
ശരിയായി ഇൻഷ്വർ ചെയ്തിട്ടുള്ളതും നിയമപരമായി സ്വീകാര്യവുമായ, റോഡിൽ യാത്രായോഗ്യമായ ഒരു വാഹനത്തോടുകൂടെ നിങ്ങൾക്ക് ഒരു സാധുവായ ഡ്രൈവിംഗ് പെർമിററ് ആവശ്യമാണ്. ഇതു കിട്ടുന്നതിന് നിങ്ങൾ ഒരു ടെസ്ററിനു വിധേയനാകേണ്ടതുണ്ട്. നിങ്ങൾ വിജയിക്കുമോ അതോ തോൽക്കുമോ?
ഡ്രൈവിംഗ് ടെസ്റ്റ്
ഡ്രൈവിംഗ് പഠിക്കുന്നവർ ടെസ്ററിനെ ഒരു കടമ്പയായി വീക്ഷിക്കുന്നു. തീർച്ചയായും അത് അവരുടെ ഇടയിലെ ഒരു മുഖ്യസംസാരവിഷയമാണ്. ടെസ്ററ് ഓരോ രാജ്യത്തും വ്യത്യസ്തമാണ്.
മററു പല രാജ്യങ്ങളിലുമെന്നപോലെ ഫ്രാൻസിൽ ഡ്രൈവിംഗ് പഠിക്കുന്നവർ രണ്ടു ഭാഗങ്ങളായി പരീക്ഷയിൽ ഉൾപ്പെടുന്നു, പ്രാക്ററീസും തിയറിയും. ജർമ്മനിയിൽ ഒരു അപകടരംഗത്ത് എന്തു ചെയ്യണമെന്നുള്ള പ്രഥമശുശ്രൂഷാ പ്രബോധനവും പരിശീലനത്തിൽ ഉൾപ്പെടുന്നു. അതിനുപുറമേ, അവിടത്തെ അധികാരികൾ നിയമപരമായി കുറഞ്ഞത് ഒന്നര മണിക്കൂർ രാത്രിയിലെ ഡ്രൈവിംഗിന് അനുശാസിക്കുന്നു. അതുപോലെതന്നെ, ഒരു മോട്ടോർവഴിയിൽ രണ്ടിൽപരം മണിക്കൂർസമയത്തെ ഡ്രൈവിംഗും. പഠിക്കുന്നയാൾ പരീക്ഷകന്റെ ടെസ്ററിൽ വിജയിക്കുകയാണെങ്കിൽ അയാൾക്ക് രണ്ടര വർഷത്തേക്കു വിലയുള്ള ഒരു പരീക്ഷണലൈസൻസ് കിട്ടുന്നു. യാതൊരു അപകടവുമില്ലാതെ ഈ കാലഘട്ടം കടന്നുപോകുകയാണെങ്കിൽ അയാൾക്ക് സ്ഥിരമായ ഒരു ലൈസൻസ് കൊടുക്കുന്നു.
ജപ്പാനിൽ യോഗ്യതയുള്ള ഡ്രൈവിംഗ് അദ്ധ്യാപകരിൽനിന്ന് 30 മുതൽ 60 വരെ മണിക്കൂർ സമയത്തെ പ്രായോഗികപരിശീലനം നിർബന്ധിതമാണ്. അതിനേതുടർന്ന് മൂന്നു ഭാഗങ്ങളുള്ള ഒരു ടെസ്ററുണ്ട്: മെഡിക്കലും (കാഴ്ച, വർണ്ണാന്ധത, കേൾവി എന്നിവക്ക്), ഡ്രൈവിംഗും (പ്രായോഗികസാമർത്ഥ്യത്തിന്), ലിഖിതവും (ട്രാഫിക്ക്ചട്ടങ്ങൾ സംബന്ധിച്ച്).
ദി റൈറസ് ഓഫ് ലണ്ടൻ അനുസരിച്ച്, “കഠിനമായ ബ്രിട്ടീഷ് ഡ്രൈവിംഗ് പരീക്ഷ കുപിതരായ നൂറുകണക്കിന് അമേരിക്കക്കാരെ [അവിടത്തെ നിവാസികൾ] പരാജയപ്പെടുത്തുകയാണ്.” 51 ശതമാനം വരുന്ന പരാജയനിരക്ക് (യു. എസ്. എയിലെ 15-നോടു താരതമ്യപ്പെടുത്തുമ്പോൾ) “ലോകത്തിലെ അതികർശനമായതിൽ ഒന്ന്” എന്ന് ഗണിക്കപ്പെടുന്നു.
വ്യത്യാസങ്ങൾ സാങ്കേതികകാര്യങ്ങളെ കവിഞ്ഞും പോകുന്നു. ന്യൂയോർക്കിൽ ഒരു ഡ്രൈവിംഗ്സ്കൂൾ നടത്തുന്ന ബെൻ യോഷിഡാ ഇങ്ങനെ തറപ്പിച്ചു പറയുന്നു: “ടോക്കിയോയിൽ ഡ്രൈവർമാർക്ക് സാങ്കേതികമായി എത്ര നന്നായി ഡ്രൈവുചെയ്യാൻ കഴിയും എന്ന വീക്ഷണത്തിലാണ് ഇൻസ്പെക്ററർ അവരെ പരിശോധിക്കുന്നത്, എന്നാൽ ഐക്യനാടുകളിൽ എത്ര സുരക്ഷിതമായി ഡ്രൈവുചെയ്യാൻ കഴിയുമെന്നു കാണാനാണ് പരിശോധിക്കുന്നത്.”
വ്യത്യാസങ്ങളെന്തൊക്കെയായിരുന്നാലും എല്ലാ ഡ്രൈവർമാരും സുരക്ഷിതമായ ഡ്രൈവിംഗിൽ ശ്രദ്ധചെലുത്തേണ്ടതാണ്. അവർക്ക് ഇത് എങ്ങനെ ചെയ്യാൻകഴിയും?
ഒരു ഇംഗ്ലീഷ് വനിത 50-ാം വയസ്സിൽ ഡ്രൈവിംഗ്ടെസ്ററിൽ പാസായി. ബ്രിട്ടനിലെ ഹൈവേ കോഡ്a നല്ലവണ്ണം പഠിച്ചുകൊണ്ട് തയ്യാറാകുന്നത് സഹായകമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഏതു വൈദഗ്ദ്ധ്യത്തിന്റെയും കാര്യത്തിലെന്നപോലെ ഒരു പാഠപ്പുസ്തകം പഠിക്കുന്നതിനെക്കാളുപരി ആവശ്യമാണെന്ന് അവർ കണ്ടെത്തി.
പരിശീലനം അത്യന്താപേക്ഷിതമാണ്. നിങ്ങൾ ഒരു പുതിയ ഡ്രൈവറാണെങ്കിൽ വിവിധ അവസ്ഥകളിൽ സുരക്ഷിതമായി ഡ്രൈവുചെയ്യാൻ പഠിക്കുക. ദൃഷ്ടാന്തമായി, കാലാവസ്ഥയ്ക്കു മാററമുണ്ടാകുമ്പോൾ റോഡിന്റെ ഉപരിതലാവസ്ഥക്കും മാററമുണ്ടാകുന്നു. ഒരു നിസ്സാരചാററൽ മാത്രം ഉണ്ടായാലും നിങ്ങളുടെ വാഹനത്തിന്റെ ടയറുകളുടെ പിടിമുറുക്കം ഉണങ്ങിയ റോഡിലെപ്പോലെ അത്ര ഫലപ്രദമായിരിക്കുകയില്ല. തൽഫലമായി, കുറഞ്ഞ വേഗതയും ഒപ്പം റോഡപകടങ്ങളെക്കുറിച്ചുള്ള വർദ്ധിച്ച ബോധവും അനുപേക്ഷണീയമായിത്തീരുന്നു. കനത്ത മഴ കൂടുതലായ പ്രശ്നങ്ങൾ ഉളവാക്കുന്നു. ദൃഷ്ടാന്തമായി വാഹനങ്ങൾക്കു പിന്നിൽ പൊങ്ങുന്ന എറിച്ചിൽ നിങ്ങളുടെ മുമ്പിലെ വ്യക്തമായ കാഴ്ചയെ തടസ്സപ്പെടുത്തുന്നു. അതെ, വിവിധ കാലാവസ്ഥകളോടു പരിചയപ്പെടുകയും നിങ്ങളുടെ ഡ്രൈവിംഗ് അതനുസരിച്ചു ക്രമീകരിക്കുകയും ചെയ്യുക.
ഒരുപക്ഷേ നിങ്ങൾ യോഗ്യതയുള്ള ഒരു മെക്കാനിക്കല്ലായിരിക്കാം. യഥാർഥത്തിൽ, “അഞ്ചു മോട്ടോർ ഡ്രൈവർമാരിൽ ഒരാൾക്കുപോലും അയാളുടെ കാർടയാറിന്റെ സമ്മർദ്ദങ്ങളെക്കുറിച്ചോ സേർവീസ് ഇടവേളകളെക്കുറിച്ചോ അറിവില്ല,” എന്ന് ലണ്ടനിലെ ഡയിലി മെയ്ൽ അവകാശപ്പെടുന്നു, ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “മൂന്നുപേരിൽ ഒരാൾപോലും ഒരു ഹാൻഡ്ബുക്ക് വായിക്കുന്നില്ല, മിക്കവാറും എല്ലാവരും ആധുനിക എൻജിനുകളിൽ കുഴങ്ങിപ്പോകുകയാണ്.” നിങ്ങളേസംബന്ധിച്ചെന്ത്?
ഇന്നത്തെ വാഹനങ്ങളുടെ യന്ത്രസംബന്ധമായ എല്ലാ സങ്കീർണ്ണവിശദാംശങ്ങളും അറിഞ്ഞിരിക്കേണ്ടയാവശ്യമില്ലെങ്കിലും അടിസ്ഥാനകാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് സഹായകമാണ്. ഇത് ‘കാർ സഹാനുഭൂതി’ വളർത്തിയെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കും.
നിങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുക
ഡ്രൈവിംഗ് ടെസ്ററ് പാസാകുന്നത് നിങ്ങൾക്ക് ഒരു നല്ല വിചാരം, ഒരു നേട്ടത്തിന്റെ ബോധം നൽകും. എന്നാൽ പിന്നീടെന്ത്? നിങ്ങൾ നിങ്ങളുടെ നിലവാരങ്ങൾ ഇടിയാൻ അനുവദിക്കുമോ? “മിക്കപ്പോഴും ടെസ്ററിൽ ജയിച്ചശേഷം പല ഡ്രൈവർമാരും അല്പം സാഹസികരായിത്തീരുന്നു”വെന്ന് ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ററർ പറയുന്നു. അദ്ദേഹം ഈ ബുദ്ധിയുപദേശം നൽകുന്നു: “നിങ്ങളുടെ പരിമിതികളും വ്യത്യസ്ത അവസ്ഥകളിലെ നിങ്ങളുടെ വാഹനത്തിന്റെ പരിമിതികളും അറിയുക. നിങ്ങൾ അതു കണ്ടുപിടിക്കുന്നതുവരെ നിങ്ങൾക്ക് ഒരു അപകടമുണ്ടാകാനിടയുണ്ട്.” ഒരു ഡ്രൈവർ ഇങ്ങനെ സമ്മതിച്ചു: “എന്റെ ടെസ്ററിനുശേഷം ആദ്യത്തെ ഏതാനും ആഴ്ചകളിൽ ഞാൻ ഡ്രൈവുചെയ്തതുപോലെ ചെയ്യുകയാണെങ്കിൽ ഞാൻ ഏറെ സുരക്ഷിതമായി ഓടിക്കുന്ന ഒരു ഡ്രൈവറായിരിക്കും.” അതെന്തുകൊണ്ട്? അയാൾ ഇങ്ങനെ സമ്മതിക്കുന്നു: “ഇപ്പോൾ ഞാൻ കൂടുതൽ ഭാഗ്യപരീക്ഷണങ്ങൾ നടത്തുന്നു.”
നിങ്ങൾ ടെസ്ററു പാസായിക്കഴിയുമ്പോൾ നിങ്ങൾ അടിസ്ഥാനപരമായി ഒരു സുരക്ഷിതഡ്രൈവറാണെന്നു പ്രകടമാക്കുന്നു. ഒരു നല്ല ഡ്രൈവറായിത്തീരുന്നതിന് നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഡ്രൈവിംഗിൽ തുടർന്നു ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവാറും തീർച്ചയായി നിങ്ങൾക്ക് അനുഭവപരിചയവും ഡ്രൈവിംഗ്വിദ്യയിലുള്ള ശ്രദ്ധയും കൊണ്ട് നിങ്ങളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ കഴിയും.
അപകടസാദ്ധ്യതകളെക്കുറിച്ച് എന്നും കൂടുതൽ ജാഗ്രത പുലർത്തുക. “പ്രതീക്ഷയുടെയും നിങ്ങളുടെ കാറിന്റെ മുമ്പിലും പിമ്പിലും ചുററിലും എന്തു നടക്കുന്നുവെന്നതിന്റെ അറിവിന്റെയും അഭാവമാണ് ഇന്നത്തെ ഡ്രൈവർമാരുടെ മുഖ്യ കുററം” എന്ന് ബ്രിട്ടീഷ് പോലീസ് ഡ്രൈവിംഗ് പരീക്ഷകനായ അലക്സ് മില്ലർ അവകാശപ്പെടുന്നു. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാൻ ശ്രമിക്കുക. ‘റോഡിനെ മനസ്സിലാക്കാൻ’ പഠിക്കുന്നത് സഹായിക്കും.—ഈ പേജിലെ ചതുരം കാണുക.
സുരക്ഷിതത്വത്തിൽ മനോഭാവം ഉൾപ്പെട്ടിരിക്കുന്നു
ഡ്രൈവിംഗ് പരീക്ഷകനായ മില്ലർ പറയുന്നതനുസരിച്ച് “പ്രകൃതമാണ് അതിപ്രധാന സംഗതി.” ആഫ്രിക്കയിലും യൂറോപ്പിലുമായി 30 വർഷത്തെ പരിചയസമ്പത്തുള്ള ഒരു ഡ്രൈവർ ഈ വിലയിരുത്തൽ നടത്തുന്നു: “ഡ്രൈവിംഗ് സ്വഭാവത്തിന്റെ ഒരു പ്രശ്നമാണ്. ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ശീലങ്ങൾ അയാൾ അനുദിനജീവിതത്തിൽ മററുള്ളവരോടു പെരുമാറുന്ന വിധത്തെ പ്രതിഫലിപ്പിക്കുന്നു.”
ഒരു കനേഡിയൻ ഡ്രൈവർ ശരിയായ മനോഭാവത്തിന്റെ മൂല്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് എഴുതുന്നു: “ഒരു ഡ്രൈവർലൈസൻസിനെ ഒരു ‘അവകാശ’മായിട്ടല്ല, ഒരു ‘പദവി’യായി കണക്കാക്കുമ്പോൾ ഗതാഗതമര്യാദ നമ്മുടെ പെരുവഴിയിലെ സുരക്ഷിതത്വത്തെ ഗണ്യമായി മെച്ചപ്പെടുത്തും.”
“സുരക്ഷിതത്വം ഒരു മനോഭാവമാണെങ്കിൽ അപ്പോൾ താഴ്മ അതിന്റെ ഘടകങ്ങളിലൊന്നാണ്” എന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറിന്റെ ഒരു ഡ്രൈവിംഗ് മാന്വൽ പ്രസ്താവിക്കുന്നു. അനേകരെ സംബന്ധിച്ച് ഇത് ഒരു പ്രകൃതമാററത്തെ അർത്ഥമാക്കും. അതു സാദ്ധ്യമാണോ? അതെ. അതിൽ മററുള്ളവരെക്കുറിച്ചു ബോധവാനായിരിക്കുന്നത്, നിസ്വാർത്ഥനായിരിക്കുന്നത്, ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾപരമായ സുവർണ്ണചട്ടം അതെത്ര നന്നായി വെളിപ്പെടുത്തുന്നു: “അതുകൊണ്ട്, മനുഷ്യർ നിങ്ങൾക്ക് ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്നതെല്ലാം അതുപോലെതന്നെ നിങ്ങൾ അവർക്കും ചെയ്യണം.”—മത്തായി 7:12.
ഇത് എങ്ങനെ പ്രായോഗികമാകുന്നു? “റോഡിൽ ആളുകൾ ചൂടാകുമ്പോൾ യഥാർത്ഥത്തിൽ നല്ല ഗുണങ്ങൾ നട്ടുവളർത്തുക പ്രയാസമാണ്” എന്ന് ഇംഗ്ലണ്ടിലെ ഒരു ഡ്രൈവർ പ്രസ്താവിക്കുന്നു. നിങ്ങൾ അതിനോടു യോജിക്കുമെന്നുള്ളതിനു സംശയമില്ല. പകരം വീട്ടാനുള്ള ആഗ്രഹം ശക്തമാണ്. “എന്നിരുന്നാലും, എന്നെ സഹായിക്കാൻ ഞാൻ സംഗീതകാസററുകൾ ഉപയോഗിച്ചിട്ടുണ്ട്. ശാന്തത വരുത്താനുള്ള പ്രാപ്തി അതിശയകരമാണ്.”—9-ാം പേജിലെ ചതുരം കാണുക.
“പ്രകോപനത്തിന്റെ ഏതു വിചാരങ്ങളെയും നിയന്ത്രിക്കാൻ വളരെ കഠിനമായി ശ്രമിക്കുക” എന്നാണ് പരിചയസമ്പന്നനായ ഒരു ജാപ്പനീസ്ഡ്രൈവറുടെ ബുദ്ധിയുപദേശം. “ഏതെങ്കിലും കാരണത്താൻ നിങ്ങൾ അസ്വസ്ഥനാകുന്നുവെങ്കിൽ മൂളുകയോ പാടുകയോ ചെയ്യുക.”
മററുള്ളവരിൽനിന്ന് വളരെയധികം പ്രതീക്ഷിക്കരുത്. അപകടസ്ഥിതിവിവരക്കണക്കുകൾ അപകടകാരികളായ ഡ്രൈവർമാരിൽനിന്നുള്ള അപകടത്തെക്കുറിച്ച് വ്യക്തമായി മുന്നറിയിപ്പു നൽകുന്നുണ്ട്. സംരക്ഷണപൂർവം ഡ്രൈവുചെയ്യാൻ ഉറപ്പുണ്ടായിരിക്കുക, അല്ലെങ്കിൽ ഒരു ഡ്രൈവർ പറഞ്ഞതുപോലെ, “റോഡിലെ ഓരോരുത്തരും ഒരു അപകടസാദ്ധ്യതയാണെന്നുള്ളതുപോലെ ഡ്രൈവുചെയ്യുക.”
നിങ്ങൾക്ക് മററുള്ളവരിൽനിന്ന് പാഠം പഠിക്കാൻ കഴിയുമെന്നും തിരിച്ചറിയുക. അവരുടെ ഡ്രൈവിംഗിന്റെ ഗുണത്തെ വിശകലനം ചെയ്യുക. ഈ പേജിലെ ചതുരം കാണുക.
“ഒരു ഡ്രൈവിംഗ് വിദഗ്ധനാകുന്നതിൽ വളരെയധികം മാജിക്കൊന്നുമില്ല” എന്ന് ജിം കെൻസി ദി റെററൊണ്ടോ സ്റററിൽ എഴുതുമ്പോൾ തറപ്പിച്ചുപറയുന്നു. “നിങ്ങൾക്കാവശ്യമായിരിക്കുന്നത് കുറേ അറിവും കുറേ സാമാന്യബോധവും മറേറയാളിനോടുള്ള കുറേ പരിഗണനയുമാണ്.” നിങ്ങൾ ഒരു പുതിയ ഡ്രൈവറായിരുന്നാലും പരിചയസമ്പന്നനായിരുന്നാലും റോഡ് സാമർത്ഥ്യംകാട്ടാനോ അക്ഷമക്കോ സ്വാർത്ഥതക്കോ ഉള്ള സ്ഥലമല്ലെന്ന് ഓർക്കുക.
‘കാർ സഹാനുഭൂതി’ വളർത്തിയെടുക്കുന്നതിനാലും ‘റോഡ് മനസ്സിലാക്കുന്നതിനാലും’ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലും പ്രതീക്ഷിക്കുന്നതിനാലും അതുപോലെതന്നെ ഒരു വിനീതമനോഭാവം നട്ടുവളർത്തുന്നതിനാലും നിങ്ങൾ സുരക്ഷിതമായി ഡ്രൈവുചെയ്യുന്നതിൽ വിജയിക്കും! (g88 1/8)
[അടിക്കുറിപ്പുകൾ]
a ബ്രിട്ടനിൽ 1931-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടശേഷം പലവട്ടം നവീകരിച്ചതും “ബൈബിൾ കഴിഞ്ഞാൽ ഏതു കാലത്തും ഏററവുമധികം വിൽപ്പനയുള്ളതുമായ 2-ാം നമ്പർ പുസ്തക”മായ ഈ ഗവൺമെൻറ് പ്രസിദ്ധീകരണം സകല റോഡുപയോക്താക്കൾക്കും വ്യക്തമായ സുരക്ഷിതത്വ മാർഗ്ഗരേഖകൾ നൽകുന്നു.
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ വാഹനം റോഡിൽ ഉപയോഗക്ഷമമോ?
ഒരുവൻ ഓരോ യാത്രയിലും പരിശോധിക്കേണ്ടവ:
ഉടമയുടെ മാന്വൽ അനുസരിച്ചുള്ള ആനുകാലികപരിശോധന:
വിൻഷീൽഡും ജനലുകളും: ശുദ്ധമോ? വിൻഷീൽഡ് വാഷർ നിറച്ചിരിക്കുന്നുവോ? വൈപ്പർബ്ളേഡുകൾ നല്ല അവസ്ഥയിലോ?
ലൈററുകളും ബ്രേക്ക്ലൈററുകളും റേറൺസിഗ്നലുകളും: പ്രവർത്തനക്ഷമമോ?
ടയറുകൾ: ആഴമുള്ള ഏതെങ്കിലും മുറിവുകളോ വിള്ളലുകളോ പിളർപ്പുകളോ വീക്കങ്ങളോ മററു കേടുകളോ ഉണ്ടോ?
ബ്രേക്കുകൾ: സ്ററാർട്ട്ചെയ്തശേഷം എത്രയും വേഗം പ്രവർത്തനക്ഷമമോയെന്ന് പരിശോധിക്കുക.
എൻജിൻ: ഓയിൽലെവൽ “ആഡ്”ലൈനിന് മീതെയാണോ? കണക്കിലധികം നിറയ്ക്കരുത്.
റേഡിയേററർ (ഏതെങ്കിലും ഉണ്ടെങ്കിൽ): ശീതകലെവൽ വേണ്ടത്ര ഉയർന്നതോ? വേണ്ടത്ര ഉറയ്ക്കൽസംരക്ഷണമുണ്ടോ?
ടയറുകൾ: വീർക്കൽമർദ്ദവും ട്രെഡ്ഡിന്റെ ആഴവും തേയ്മാനവും ശരിയോ?
ബാറററി: ഓരോ സെല്ലിലെയും ദ്രാവകലെവൽ ശരിയോ? അമിതമായി നിറയ്ക്കരുത്.
[9-ാം പേജിലെ ചതുരം]
ഡ്രൈവിംഗിനു ശല്യം
കാറിലെ റേഡിയോയും കാസററ് റെക്കോർഡറുകളും അതിനൂതനവാർത്തകളും സംഗീതവും നൽകുന്നു. അവ ഡ്രൈവറുടെ ശ്രദ്ധയ്ക്കു പ്രതിബന്ധംസൃഷ്ടിക്കുന്നുവോ? അഭിപ്രായങ്ങൾ വ്യത്യസ്തങ്ങളാണ്. എന്ത് പ്രക്ഷേപണം ചെയ്താലും തങ്ങൾക്ക് ശ്രദ്ധാകേന്ദ്രീകരണമുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു. മററു ചിലർ ഭാരിച്ച ഗതാഗതമുള്ളടത്ത് ഡ്രൈവ് ചെയ്യുമ്പോൾ അവയുടെ ഉപയോഗത്തെ പശ്ചാത്തലസംഗീതമായി മാത്രം പരിമിതപ്പെടുത്താനിഷ്ടപ്പെടുന്നു. ഇത് ഡ്രൈവിംഗ് മാന്വലിന്റെ മുന്നറിയിപ്പിനനുയോജ്യമാണ്: “ഗൗരവമായ ശ്രദ്ധിക്കൽ നിങ്ങളുടെ ശ്രദ്ധാകേന്ദ്രീകരണത്തെ ബാധിക്കാം.” അപ്പോൾ കാർ ഫോണിന്റെ ഉപയോഗംസംബന്ധിച്ചെന്ത്? അത് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഫോൺ വിളിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നതിനു മുമ്പ് നിർത്തുക.”b
[അടിക്കുറിപ്പുകൾ]
b ഡ്രൈവുചെയ്യുമ്പോൾ റോഡിൽനിന്ന് തങ്ങളുടെ ശ്രദ്ധയെ പതറിക്കാത്തപ്പോൾ ഒരു “ഹാൻഡ്സ് ഫ്രീ” സെററ് മാത്രം ഉപയോഗിക്കാൻ ബ്രിട്ടനിലെ ഡ്രൈവർമാർ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു.
[10-ാം പേജിലെ ചതുരം]
റോഡ് മനസ്സിലാക്കുക
പഠിക്കുന്നവരെയും യോഗ്യതയുള്ള ഡ്രൈവർമാരെയും സഹായിക്കാനുദ്ദേശിച്ചുള്ള ചെറുപുസ്തകങ്ങളുടെ ഒരു പരമ്പരയിൽ ബ്രിട്ടനിലെ റോസ്പാ (അപകടനിവാരണത്തിനുള്ള റോയൽ സൊസൈററി) ആദ്യമായി ഉയർന്ന സുരക്ഷിതത്വ മാനദണ്ഡങ്ങളിലെത്തുന്ന വാഹനങ്ങളുൽപ്പാദിപ്പിക്കുന്നതിനുള്ള മോട്ടോർവ്യവസായ മുതൽമുടക്ക് സമ്മതിച്ചുപറയുന്നു. എന്നാൽ “ഓടിക്കുന്ന ഡ്രൈവറോളം മാത്രമേ ഒരു കാറിനു സുരക്ഷിതമായിരിക്കാൻ കഴിയുകയുള്ളു”വെന്ന് അത് ഡ്രൈവർമാരെ ഓർമ്മിപ്പിക്കുന്നു. എല്ലാ ഡ്രൈവർമാരും റോഡ് മനസ്സിലാക്കാൻ അത് ശുപാർശചെയ്യുന്നു. ഇത് എങ്ങനെ ചെയ്യാൻകഴിയും? എന്താണുൾപ്പെട്ടിരിക്കുന്നത്?
1. റോഡിന്റെയും ഗതാഗത അവസ്ഥകളുടെയും പ്രാരംഭസൂചനകൾ അന്വേഷിക്കുക. മിക്കസമയത്തും സാദ്ധ്യതയുള്ള അപകടങ്ങൾ സംബന്ധിച്ചു തന്നെ ജാഗ്രവത്താക്കുന്ന വിവരങ്ങൾ തേടി ഒരു ഡ്രൈവർ മുന്നോട്ടുനോക്കണം. എന്നിരുന്നാലും റോഡിന്റെ വശത്തു സംഭവിക്കുന്നതിനെക്കുറിച്ചും അയാൾ അറിയണം.
2. സ്ഥലത്തെയും കാലാവസ്ഥയെയും സമയത്തെയും മററ റോഡുപയോക്താക്കളെയും നിരീക്ഷിക്കുക. പട്ടണത്തിലോ ഗ്രാമത്തിലോ നിങ്ങൾ എവിടെയാണെന്നുള്ളത് നിങ്ങളുടെ ഡ്രൈവിംഗിനെ സ്വാധീനിക്കണം. നനഞ്ഞതും മഞ്ഞുള്ളതുമായ റോഡുകൾ കൂടുതൽ അപകടകരങ്ങളാണ്. മൂടൽമഞ്ഞിന്റെ ശകലങ്ങൾ വിശേഷാൽ അപകടകരമാണ്. ശക്തമായ കാററ് നിങ്ങളെ നിങ്ങളുടെ ട്രാഫിക്ക് ലെയ്നിൽനിന്ന് അടിച്ചുമാററിയേക്കാം. സൂര്യനിൽനിന്നോ നേരേവരുന്ന ഒരു കാറിന്റെ ഹെഡ്ലൈററിൽനിന്നോ ഉള്ള കണ്ണഞ്ചിക്കുന്ന പ്രകാശം നിങ്ങളെ താൽക്കാലികമായി അന്ധനാക്കുകയോ കുറഞ്ഞപക്ഷം നിങ്ങളുടെ കാഴ്ചയെ കർശനമായി കുറയ്ക്കുകയോ ചെയ്തേക്കാം. അവധിക്കാലം അനേകം പരിചയരഹിതരായ ഡ്രൈവർമാരെ റോഡുകളിലിറക്കുന്നു. കാൽനടക്കാരെയും മൃഗങ്ങളെയും സൂക്ഷിക്കുക. നിങ്ങൾ ഓവർടേക്ക് ചെയ്യുന്ന ബസ്സിന്റെ മുമ്പിൽ കുറുകെ കടക്കുന്ന കാൽനടക്കാരെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന നിഴലുകൾ ശ്രദ്ധിക്കുക
3. നിങ്ങൾ നിരീക്ഷിക്കുന്നത് നിങ്ങളുടെ ഡ്രൈവിംഗിനെ എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടിപ്പറയുക. ഇതിനെ എങ്ങനെ നേരിടാമെന്ന് സശ്രദ്ധം മുൻകൂട്ടി നിശ്ചയിക്കുക, ഈ സാഹചര്യങ്ങളിൽ സുരക്ഷിതമായി ഓടിക്കുക.
“വിദഗ്ധഡ്രൈവർമാർ നിരന്തരം ഈ ടെക്ക്നിക്ക് ഉപയോഗിക്കുന്നു. . . . അത് നിങ്ങളുടെ ഡ്രൈവിംഗ്നിലവാരത്തെ മെച്ചപ്പെടുത്തേണ്ടതാണ്” എന്ന് റോസ്പാ അവകാശപ്പെടുന്നു. അതിൽപരമായി, “അത് അപകടസാദ്ധ്യതകളെ കുറയ്ക്കാൻ സഹായിക്കുന്നതായി അറിയപ്പെടുന്നു.”
[11-ാം പേജിലെ ചതുരം]
വിദഗ്ധരിൽ നിന്നുള്ള സഹായക നിർദ്ദേശങ്ങൾ
നിങ്ങളുടെ യാത്രക്കാർക്ക് സുഖകരവും ആയാസരഹിതവുമായ ഒരു സവാരികൊടുക്കുന്നതിൽ അഭിമാനിക്കുക.
മെച്ചപ്പെടുത്തേണ്ട ഒരു വൈദഗ്ധ്യമായി ഡ്രൈവിംഗിനെ വീക്ഷിക്കുക.
നിങ്ങളുടെ വാഹനം അത്യുത്തമ കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്തുക.
വളരെ മുമ്പോട്ടും ഇടയ്ക്കും അടുത്തും നോക്കുക.
നിങ്ങളുടെ വാഹനത്തിന്റെ പിമ്പിലും വശത്തും സംഭവിക്കുന്നതെന്തെന്ന് കാണാൻ കണ്ണാടികളിൽ നോക്കുക
നിങ്ങളുടെ കാഴ്ചയിലെ ഇരുണ്ട സ്ഥാനം സൂക്ഷിക്കുക.
തിരിക്കുകയോ ലെയ്നുകൾ മാറുകയോ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കണ്ണാടിയിൽ നോക്കുകയും നേരത്തെ സിഗ്നൽകൊടുക്കുകയും ചെയ്യുക.
ആവശ്യമെങ്കിൽ, ദിശ മാറുന്നതിനു മുമ്പ് കണ്ണാടികളിൽമാത്രം ആശ്രയിക്കാതെ ശരീരം തിരിച്ച് പരിശോധിക്കുക.
ക്ഷമപ്രകടമാക്കുക. ശാന്തനായിരിക്കുക.
സുരക്ഷിതമായ ഡ്രൈവിംഗിന്റെ അർത്ഥം ട്രാഫിക്ക് നിയമങ്ങൾ അനുസരിക്കുകയെന്നാണ്.
[7-ാം പേജിലെ ചിത്രം]
ഡ്രൈവിംഗ് ടെസ്ററ് നിങ്ങൾ സുരക്ഷിതമായി ഡ്രൈവുചെയ്യുമെന്ന് ഉറപ്പുവരുത്താനാണ്