സുരക്ഷിതമായ ഡ്രൈവിംഗ്—ഒരു അടിയന്തിരാവശ്യം
ഡ്രൈവിംഗിനെസംബന്ധിച്ച്, “ഇത്രയധികം അംഗഭംഗവും കഷ്ടപ്പാടും വരുത്തിക്കൂട്ടാവുന്നതും എന്നാൽ യഥാർത്ഥത്തിൽ കാര്യമായ വളരെക്കുറച്ച് പരിശീലനവും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നതുമായ മറെറാരു പ്രവർത്തനവുമില്ലെന്ന്” പറയപ്പെട്ടിട്ടുണ്ട്. നേരേ വരുന്ന ഒരു വാഹനത്തിന്റെ വഴിയിൽനിന്ന് നിങ്ങൾക്ക് എന്നെങ്കിലും ഒഴിഞ്ഞുമാറേണ്ടിവന്നിട്ടുണ്ടോ? ഒരു കാൽനടക്കാരനോ യാത്രക്കാരനോ ഒരു ഡ്രൈവറോ എന്ന നിലയിൽ നിങ്ങൾ ഒരു റോഡപകടം നേരിൽ കാണുകയും റോഡുകളിൽ നടക്കുന്ന കൂട്ടക്കൊലയിൽ ഉൽക്കണ്ഠ പ്രകടമാക്കുകയും ചെയ്തിട്ടുണ്ടോ?
ബ്രിട്ടനിൽ “കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്ക് ഏൽക്കുകയോ ചെയ്യുന്ന കാൽനടക്കാരുടെ എണ്ണം അഞ്ചു വർഷമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.”—ദി റൈറസ്.
“കാനഡായിലെ റോഡുകളിൽ . . . ഓരോ വർഷവും ഏതാണ്ട് 4,000 പുരുഷൻമാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നുണ്ട്.”—ദി റെററൊണ്ടോ സ്ററർ.
ഐക്യനാടുകളിൽ 1981 മുതൽ 1985 വരെ മോട്ടോർ വാഹനാപകടങ്ങൾ 2,33,200 പേരുടെ മരണത്തിനിടയാക്കി.—ദി വേൾഡ് ആൽമനാക്ക്, 1987.
“റയോ ഡി ജനീറോയിൽ [ബ്രസീൽ] ക്ഷയത്തെക്കാളും കാൻസറിനെക്കാളും ഹൃദ്രോഗത്തെക്കാളും കൂടുതൽ പേരെ . . . കാർ കൊല്ലുന്നു.—ഒ എസ്ററഡോ ഡി എസ്. പോളോ.
ഒരു ലോക അളവിൽ ഇത് എന്തായിത്തീരുന്നു?
ഡ്രൈവിംഗ്—ഒരു വില ഒടുക്കിക്കൊണ്ട്
ലോകവ്യാപകമായി, ഓരോ വർഷവും റോഡപകടങ്ങൾ കണക്കനുസരിച്ച് രണ്ടര ലക്ഷം മനുഷ്യജീവൻ കെടുത്തിക്കളയുന്നു! റെററൊണ്ടോ സ്ററർ പറയുന്നതനുസരിച്ച് “ഇത് ഓരോ വർഷവും യുദ്ധങ്ങളിലും കുററകൃത്യങ്ങളിലും വ്യാവസായികാപകടങ്ങളിലും കൊല്ലപ്പെടുന്ന എല്ലാവരെക്കാളും കൂടുതലാണ്.”
ബ്രിട്ടനിൽ ഒരൊററ റോഡുമരണത്തിന്റെ ചെലവ് 56,00,000 രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയധികം എന്തുകൊണ്ട്? വ്യക്തിയിൽ മുടക്കപ്പെട്ടിരിക്കുന്നതും അയാളുടെ നഷ്ടപ്പെട്ട സമ്പാദ്യപ്രാപ്തിയും വസ്തുനഷ്ടവും കൂടാതെ ആംബുലൻസിന്റെയും ആശുപത്രിയിലെയും മററു സേവനങ്ങളുടെയും ചെലവുണ്ട്. തീർച്ചയായും അരക്ഷിതമായ ഡ്രൈവിംഗ് ചെലവേറിയതാണ്!
“കൊല്ലുന്നതിനുള്ള പ്രാപ്തി”
“ബ്രിട്ടനിൽ ഓരോ വർഷവും ഏതാണ്ട് 5,000 ജീവൻ തുടച്ചുനീക്കപ്പെടുന്നത് വിസ്മയാവഹമാണ്—എന്നാൽ മാദ്ധ്യമത്തിൽനിന്നും ബ്രിട്ടനിലെ പൊതുജനങ്ങളിൽനിന്നും ഒരു മുറുമുറുപ്പുമുണ്ടാകുന്നില്ലാത്തത് അതിശയമാണ്” എന്ന് ബ്രിട്ടനിലെ മുൻ ട്രാൻസ്പോർട്ട് സ്റേറററ് സെക്രട്ടറിയായ ജോൺ മൂർ കണ്ടെത്തുന്നു. ‘ഒരു വാഹനംകൊണ്ടുള്ള കഥകഴിക്കൽ നരഹത്യയുടെ ഒരു സ്വീകാര്യമായ രൂപമായിത്തീരുന്നതിന്റെ അപകടമുണ്ട്’ എന്ന് ചില റോഡുസുരക്ഷിതത്വ സമ്മർദ്ദസമൂഹങ്ങൾ അവകാശപ്പെടുന്നു.
ഈ പ്രകടമായ ശ്രദ്ധയില്ലായ്മയുണ്ടെങ്കിലും ഒരു നിഗമനം അനിവാര്യമാണ്: നിങ്ങൾ എങ്ങനെ ഡ്രൈവ് ചെയ്യുന്നുവെന്നത് ആരുടെയെങ്കിലും, ഒരുപക്ഷേ നിങ്ങളുടെതന്നെ, ജീവന്റെ നിലനിൽപ്പിനോ മരണത്തിനോ ഇടയാക്കിയേക്കാം. സ്കോട്ട്ലണ്ടിലെ സ്ട്രാത്ത്ക്ലൈഡ് പോലീസിന്റെ സീനിയർ ഡ്രൈവിംഗ് പരിശോധകനായ അലക്സ് മില്ലർ ഇങ്ങനെ വിശദീകരിക്കുന്നു: “ഓരോ കാറും ഡ്രൈവർക്ക് കൊല്ലാനുള്ള ശക്തി കൊടുക്കുന്ന ഒരു മാരകായുധമാണ്.”
ഒരു ഡ്രൈവറെന്ന നിലയിൽ അത് നിങ്ങളെസംബന്ധിച്ച് എന്തർത്ഥമാക്കുന്നു? അത് വളരെ ചിന്തോദ്ദീപകമാണ്, അല്ലേ? എന്നിരുന്നാലും വാഹനങ്ങളോടിക്കുന്ന അനേകരും അതിന് അല്പമായ ശ്രദ്ധയേ കൊടുക്കുന്നുള്ളു, വിശേഷിച്ചും കുടിച്ചുകൊണ്ട് ഡ്രൈവു ചെയ്യുന്നവർ.
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിൽനിന്ന് ഈ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു: “1984-ൽ ആളുകൾ കൊല്ലപ്പെടുകയോ വികലരാക്കപ്പെടുകയോ ചെയ്ത 40,332 റോഡപകടങ്ങളും ഗുരുതരമായ വസ്തുനാശം ഉൾപ്പെട്ട 20,000 അപകടങ്ങളുമുണ്ടായി—എല്ലാററിലും കുടിച്ചിരുന്ന ഡ്രൈവർമാരായിരുന്നു ഉൾപ്പെട്ടിരുന്നത്.” ബ്രിട്ടനിൽ ഓരോ 3 റോഡുമരണത്തിലും 1 വീതം മദ്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു.
അങ്ങനെയുള്ള സ്ഥിതിവിവരക്കണക്കുകൾ കുടിയൻമാരായ ഡ്രൈവർമാരെ പിൻതിരിപ്പിക്കുന്നുണ്ടോ? ഇംഗ്ലണ്ടിലെ ഒരു പോലീസ് വക്താവ് പറയുന്നതനുസരിച്ച് ഇല്ല, അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “ഒരു ഭാഗ്യപരീക്ഷണം നടത്താനും തങ്ങളെത്തന്നെയും തങ്ങളുടെ കുടുംബങ്ങളെയും റോഡുപയോഗിക്കുന്ന മററുള്ളവരെയും അപകടപ്പെടുത്താനും ഒരുക്കമുള്ള ഗണ്യമായ എണ്ണം ഡ്രൈവർമാരുണ്ട്.” “[ബ്രിട്ടനിലെ] പുരുഷജനസംഖ്യയുടെ ഏതാണ്ട് 10 ശതമാനം കുറഞ്ഞപക്ഷം ആഴ്ചയിലൊരിക്കൽ [രക്തത്തിലെ മദ്യത്തിന്റെ] നിയമപരമായ പരിധി ലംഘിച്ചുകൊണ്ട് കാറോടിക്കുന്നു”വെന്ന് എഡിൻബർഗ്ഗ് യൂണിവേഴ്സിററിയിലെ പ്രൊഫസ്സർ റോബർട്ട് കെൻഡൽ അവകാശപ്പെടുന്നു. അത് ശുദ്ധ സ്വാർത്ഥതയല്ലെങ്കിൽ പിന്നെയെന്താണ്?
പൊതു വാഹനഗതാഗതപദ്ധതികൾക്കു പ്രോൽസാഹിപ്പിച്ചുകൊണ്ട് പ്രശ്നപരിഹാരം വരുത്താനാണ് ബ്രിട്ടനിലെ ചില ലഹരിപാനീയ ഉൽപ്പാദകർ ശ്രമിക്കുന്നത്. കുടിയന്റെ ശാരീരികാവസ്ഥ എന്തായിരുന്നാലും അയാളെ തനിക്കിഷ്ടമുള്ള ശാലയിൽനിന്നും തിരിച്ചും കൊണ്ടുപോകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ബസ് അല്ലെങ്കിൽ കാർവാടകക്കമ്പനികൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു സംഘതലത്തിൽ, കുടിക്കാനാഗ്രഹിക്കുന്ന ചുരുക്കംചില ഡ്രൈവർമാർ അവരുടെയിടയിൽ ആർ തങ്ങളെ തിരികെ ഡ്രൈവ്ചെയ്ത് കൊണ്ടുപോകുമെന്ന് മുന്നമേ നിശ്ചയിച്ചുകൊണ്ട് അപകടമൊഴിവാക്കാൻ ശ്രമിക്കുന്നു. അയാൾ ലഹരിപിടിക്കാത്ത പാനീയങ്ങൾ മാത്രം കുടിച്ചുകൊണ്ട് സുബോധം പാലിക്കാൻ സമ്മതിക്കുന്നു. അഭിനന്ദനാർഹമായിരിക്കാമെങ്കിലും ഈ ശ്രമങ്ങൾ വിജയിക്കുന്നുണ്ടോ? അങ്ങനെയുള്ള മുൻകൈകൾ “ഗണ്യമായ ഏതെങ്കിലും വിധത്തിൽ കുടിയും ഡ്രൈവിംഗും കുറയ്ക്കാൻ പര്യാപ്തമല്ല” എന്ന് ഗ്ലാസ്ഗോ ഹെറൾഡിലെ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ആ സ്ഥിതിക്ക് കുടിയനായ ഡ്രൈവറുടെ പ്രശ്നത്തിനുള്ള പരിഹാരമെന്താണ്? “ഒടുവിൽ നാം കുടിയെയും ഡ്രൈവിംഗിനെയും സാമൂഹ്യവിരുദ്ധമാക്കണ”മെന്ന് വാർവിക്ക് ഷെയർ പോലീസ് ചീഫായ പീററർ ജോസ്ലിൻ നിഗമനം ചെയ്യുന്നു. “‘കുടിച്ചശേഷം ഡ്രൈവുചെയ്യരുത്’ എന്നു മാത്രമാണ് ഞങ്ങളുടെ ബുദ്ധിയുപദേശം” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇത് പ്രായോഗികമായ ഒരു നിർദ്ദേശമാണോ? ചില രാജ്യങ്ങൾ കുടിയനായ ഡ്രൈവർക്ക് കഠിനശിക്ഷകൾ കൊടുത്തുകൊണ്ട് ട്രാഫിക്ക് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നു. സ്വീഡനിലെ നിയമം അപകടകാരിയായ ഡ്രൈവറിൽനിന്ന് കാർ പിടിച്ചെടുക്കുന്നതിന് അധികൃതർക്ക് അധികാരം കൊടുക്കുന്നു, അക്രമാസക്ത കുററവാളിയിൽനിന്ന് അവർ പിച്ചാത്തിയോ തോക്കോ പിടിച്ചെടുക്കുന്നതുപോലെതന്നെ. കേസ് കോടതിയിലെത്തുംമുമ്പ് ഡ്രൈവർമാർ വീണ്ടും കുററങ്ങൾ ചെയ്തേക്കാമെന്ന് വിശ്വാസമുള്ളപ്പോഴെല്ലാം ശ്വാസപരീക്ഷണത്തിൽ തോൽക്കുന്ന ഡ്രൈവർമാരെ നിരോധിക്കുന്നതിനുള്ള ഒരു നീക്കത്തെ ബ്രിട്ടീഷ് മാജിസ്ട്രേററ്സ് അസോസിയേഷൻ പിന്തുണക്കുന്നതായി റിപ്പോർട്ടുണ്ട്.
എന്നിരുന്നാലും, സുരക്ഷിതമായ ഡ്രൈവിംഗിൽ ലഹരിയില്ലാതിരിക്കുന്നതിലധികം ഉൾപ്പെടുന്നു. (g88 1/8)
[3-ാം പേജിലെ ചിത്രം]
ലോകവ്യാപകമായി ഓരോ വർഷവും റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഐസ്ലാൻഡിലെ ജനസംഖ്യയെക്കാൾ കൂടുതലാണ്