ബൈബിളിന്റെ വീക്ഷണം
നിയമലംഘനം എപ്പോഴെങ്കിലും ന്യായീകരിക്കപ്പെടുമോ?
“നിങ്ങളുടെ സ്വന്തക്കാരെ ബലാൽസംഗം ചെയ്യുന്നതായും തല്ലിക്കൊല്ലുന്നതായും പട്ടാളക്കാർ നിങ്ങളുടെ മുഴുപട്ടണത്തെയും തകർത്ത് തരിപ്പണമാക്കുന്നതായും നിങ്ങളുടെ കുട്ടികളെ നിർബ്ബന്ധിച്ച് പട്ടാളത്തിൽ ചേർക്കുന്നതായും നിങ്ങൾ കാണുമ്പോഴും സ്വത്തുക്കളുടെ നാലിൽ മൂന്നു ഭാഗവും ജനസംഖ്യയുടെ രണ്ട് ശതമാനത്തിന്റെ അധീനത്തിലിരിക്കുന്നതായി നിങ്ങൾ മനസ്സിലാക്കുമ്പോഴും നിങ്ങൾക്ക് ഒരു ബൈബിളിലേക്ക് നോക്കിക്കൊണ്ട് യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ സാദ്ധ്യമല്ല” എന്ന് 30 വയസ്സുള്ള ഒരു കത്തോലിക്കാ മിഷനറി പറയുകയുണ്ടായി—ഇറ്റാലിക്സ് ഞങ്ങളുടേത്.
നിങ്ങൾ ഈ മിഷനറിയുടെ സ്ഥാനത്താണെങ്കിൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ സമാധാനപൂർണ്ണമായ ഒരു പ്രകടനത്തിലോ ഒരു സമരത്തിലോ പങ്കെടുക്കുമോ? എന്നാൽ ഇത് വേണ്ടത്ര മാറ്റം കൈവരുത്തുന്നില്ലെങ്കിലെന്ത്? അപ്പോൾ അക്രമമോ വിപ്ലവമോ നിയമലംഘനപ്രസ്ഥാനമോ ന്യായീകരിക്കപ്പെടുമോ? ഇന്നത്തെ “ധാർമ്മിക നേതാക്കൾ” എന്താണ് ശുപാർശ ചെയ്യുന്നത്? ഈ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക:
□ നിക്കാരഗ്വായിലെ ഒരു പുരോഹിതൻ താൻ ആളുകളെ സേവിക്കുന്നതിലൂടെയും വിപ്ലവത്തിലൂടെയും ദൈവത്തെ സേവിക്കുന്നതായി പറഞ്ഞു.
□ യേശുവിനെ ഒരു വിപ്ലവകാരിയെന്നനിലയിൽ ചിത്രീകരിക്കയും രാഷ്ട്രീയ കലാപത്തിന് പ്രേരിപ്പിക്കയും ചെയ്തതിനാൽ ഫിലിപ്പീൻസിൽ ഒരു പുരോഹിതനെ രാജ്യത്തുനിന്ന് പുറത്താക്കി.
□ മദ്ധ്യ അമേരിക്കയിൽ ഒരു ഗവൺമെൻറിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ പുരോഹിതൻമാരും കന്യാസ്ത്രീകളും ഗറില്ലകളുടെ പക്ഷം ചേർന്നു.
അവരുടെ പ്രവർത്തനങ്ങൾ വ്യക്തവും കൃത്യവുമായ ഒരു ദൂത് മുഴക്കുന്നു: നിയമലംഘനം ന്യായീകരിക്കാവുന്നതാണ് അല്ലെങ്കിൽ അത് ഒരു ക്രിസ്ത്യാനിയുടെ കടമയാണ്. എന്നാൽ നമ്മുടെ ലക്ഷ്യങ്ങളും ആന്തരങ്ങളും ആത്മാർത്ഥവും മനുഷ്യത്വപരവുമായിരിക്കുമ്പോൾ പോലും ഇത് നീതീകരിക്കാവുന്നതാണോ? ബൈബിളിന്റെ നിലപാടെന്താണ്?
‘ദൈവത്തിനെതിരായ ഒരു നില’
മാനുഷ ഗവൺമെൻറുകളോടും അധികാരങ്ങളോടുമുള്ള ബന്ധത്തിൽ ദൈവത്തിന് വളരെ സ്പഷ്ടമായ ഒരു നിലപാടാണുള്ളത്. ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ, ഉള്ള അധികാരങ്ങൾ ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ വെക്കപ്പെട്ടു നിലകൊള്ളുന്നു.” അതുകൊണ്ട് ഇപ്പോഴുള്ള ഏത് അധികാരത്തേയും ഏതു സമയത്തും മറിച്ചിടുന്നതിനോ നിലനിർത്തുന്നതിനോ വേണ്ട അധികാരം യഹോവയാം ദൈവത്തിനുണ്ട്. അവ തുടരുന്നെങ്കിൽ, അവൻ അതിനനുവദിച്ചിട്ടാണ്.—റോമർ 13:1.
ഈ യാഥാർത്ഥ്യം പ്രസ്താവിച്ചശേഷം തിരുവെഴുത്ത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട് അധികാരത്തോട് എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തിനെതിരായ ഒരു നില സ്വീകരിക്കുന്നു: അതിനെതിരായി ഒരു നില സ്വീകരിച്ചിട്ടുള്ളവർ തങ്ങൾക്കുതന്നെ ന്യായവിധി പ്രാപിക്കും.” (റോമർ 13:2) ഈ വാക്കുകളുടെ വീക്ഷണത്തിൽ ‘വിപ്ലവത്തിൽ പങ്കെടുക്കുന്നതിലൂടെ താൻ ദൈവത്തെ സേവിക്കുകയാണെന്ന്’ ഒരു വ്യക്തിക്ക് മനസ്സാക്ഷിപൂർവ്വം പറയാൻ കഴിയുമോ? അതുകൊണ്ട് ഇപ്പോഴുള്ള ഗവൺമെൻറധികാരികളെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾക്ക് ശുപാർശ ചെയ്യുകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുന്നതു മൂലം ഒരുവൻ ‘ദൈവത്തിനെതിരായ ഒരു നിലപാട്’ സ്വീകരിക്കുകയല്ലേ?
നമുക്ക് ഒരുത്തരത്തിനുവേണ്ടി ബൈബിൾ ചരിത്രത്തിലേക്ക് തിരിയാം. പൊതുയുഗത്തിനു മുമ്പ് ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യിസ്രായേലിന്റെമേൽ ആധിപത്യം നടത്തുന്നതിനും യരൂശലേമിലെ സെദെക്കിയാവിനെ ഒരു ആശ്രിതരാജാവാക്കുന്നതിനും യഹോവ ബാബിലോൺ സാമ്രാജ്യത്തെ അനുവദിച്ചു. എന്നാൽ 8 വർഷത്തെ അധീനത്തിനു ശേഷം അത്തരമൊരു ക്രമീകരണത്തിനെതിരെ മൽസരിക്കാൻ സെദെക്കിയാവ് പ്രേരിതനായി. അവൻ സഹായത്തിനു വേണ്ടി ഈജിപ്റ്റിൽ ആശ്രയിച്ചു. ദൈവജനത്തിന്റെ മേൽ ആധിപത്യം നടത്താൻ ഒരു വിദേശശക്തിയെ—ഒരു വിജാതീയ ശക്തിയെ—മേലാൽ അനുവദിക്കുന്നതല്ലെന്ന് അവൻ ഉറച്ചു. അവന്റെ ആന്തരങ്ങൾ ശുദ്ധമായിരുന്നു. എന്നാൽ ദൈവം അതിനെ എങ്ങനെയാണ് വീക്ഷിച്ചത്? സെദെക്കിയാവ് ദിവ്യാംഗീകാരമുള്ള ഒരു “സ്വാതന്ത്ര്യ പോരാളി”യാകണമായിരുന്നോ? വേണ്ടായിരുന്നു! എന്തുകൊണ്ടെന്നാൽ ബാബിലോണിനെതിരെ മൽസരിക്കുന്നതിലൂടെ അവൻ ദൈവത്തിനെതിരെയും മൽസരിക്കയായിരുന്നു. ഈ മൽസരം നിമിത്തം സെദെക്കിയാവ് ബാബിലോന്റെ ഒരു തടവു പുള്ളിയെന്ന നിലയിൽ മരിക്കുമെന്ന് യഹോവ കൽപ്പിച്ചു.—2 രാജാക്കന്മാർ 24:17-20; യെഹെസ്ക്കേൽ 17:15,16
സെദെക്കിയാവിന്റെ കാര്യം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നല്ല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നാൽ പോലും നിയമലംഘനങ്ങൾക്ക് മാനുഷ പ്രശ്നങ്ങൾ എന്നേക്കുമായി പരിഹരിക്കാൻ സാദ്ധ്യമല്ലെന്ന് ചരിത്രസംഭവങ്ങൾ പലപ്രാവശ്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പലപ്പോഴും കലാപങ്ങളും വിപ്ലവങ്ങളും സ്ഥിതിഗതികൾ വഷളാക്കുന്നു എന്നുള്ളതാണ് വസ്തുത. ഒരു വിപ്ലവത്തിലെ വിജയത്തിനു ശേഷം “വിമോചകർ” തന്നെ അന്തിമമായി മർദ്ദനത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും കുറ്റക്കാരായിത്തീരുന്ന അനേക കേസുകളുണ്ട്. കാലാന്തരത്തിൽ, മർദ്ദിതരുടെ ഒരു പുതുതലമുറ വീണ്ടും മൽസരിക്കാൻ തുടങ്ങുന്നു. അത്തരം ദുഷിച്ച ഒരു ഗതി അനേകരാജ്യങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യം 154 വർഷങ്ങളിലെ അതിന്റെ 189-ാമത് വിപ്ലവം അടുത്ത കാലത്ത് നേരിടുകയുണ്ടായി.
മനുഷ്യന്റെ പരാജയം—എന്തുകൊണ്ട്?
ആത്മാർത്ഥരായ മനുഷ്യർക്ക് മനുഷ്യവർഗ്ഗത്തെ മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും വിടുവിക്കാൻ കഴിയാത്തതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്ക് ഈ രണ്ടു സംഗതികളില്ല—ജ്ഞാനവും ശക്തിയും. ബൈബിൾ നമുക്കിപ്രകാരം മുന്നറിയിപ്പു നൽകുന്നതിൽ അതിശയമില്ല: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുത്, രക്ഷിപ്പാൻ കഴിയാത്ത ഭൗമനുഷ്യപുത്രനിലും അരുത്.—സങ്കീർത്തനം 146:3
ദൃഷ്ടാന്തത്തിന്, നിങ്ങൾ ഓപ്പറേഷനുവേണ്ടി ഒരാശുപത്രിയിൽ കാത്തിരിക്കുന്നതായി വിചാരിക്കുക. നിങ്ങൾ വേദനയാലും അസ്വസ്ഥതയാലും നിലവിളിക്കുകയാണ്. അപ്പോൾത്തന്നെ അതുവഴി കടന്നുപോകുന്ന ഒരു പരിചാരകൻ ഒരു കത്തിയെടുത്ത് വേദനയിൽനിന്ന് രക്ഷിക്കുന്നതിനുവേണ്ടി സഹായം വാഗ്ദാനം ചെയ്യുന്നു. ഓപ്പറേഷൻ നടത്താൻ നിങ്ങൾ അയാളെ അനുവദിക്കുമോ? ഒരിക്കലുമില്ല! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അയാളുടെ സ്നേഹവും അനുകമ്പയും മാത്രം ഇത്തരം വലിയൊരു ജോലി നിർവ്വഹിക്കാൻ അയാളെ യോഗ്യനാക്കുകയില്ല. അയാളുടെ പ്രവർത്തനങ്ങൾ നിങ്ങളുടെ കഷ്ടപ്പാട് വർദ്ധിപ്പിക്കുകയേയുള്ളു. ചിലപ്പോൾ നിങ്ങളെ മാരകമായ അപകടത്തിലാക്കുകപോലും ചെയ്തേക്കാം. അതുകൊണ്ട് അത്തരം പ്രവർത്തനം ധിക്കാരപരവും വളരെ നിന്ദ്യവുമായിരിക്കും. അത് യോഗ്യതയുള്ള ഒരു ഡോക്ടർ ഓപ്പറേഷൻ നടത്തുന്നതിനുവേണ്ടി ഒരു പ്രത്യേക സമയം മാറ്റിവെച്ചിട്ടുണ്ടെന്നുള്ള യാഥാർത്ഥ്യത്തെ അവഗണിക്കുന്നതുമായിരിക്കും. മറിച്ച് ഉടൻതന്നെ സഹായം എത്തിച്ചേരുന്നതാണെന്ന് ഉറപ്പുനൽകുന്നതായിരിക്കും വളരെ നല്ല സംഗതി.
സമാനമായി, ഇന്ന് സത്യ ക്രിസ്ത്യാനികൾ നിയമലംഘനത്തിൽ ഏർപ്പെടുന്നില്ല. അവർ ദൈവത്തിന്റെ യോഗ്യതയുള്ള ഇടപെടൽ വരുന്ന ദിവസത്തിനും സമയത്തിനും വേണ്ടി കാത്തിരിക്കുന്നു. നിലനിൽക്കുന്ന പരിഹാരം മനുഷ്യവർഗ്ഗത്തിനെത്തിക്കാനുള്ള ശക്തിയും ജ്ഞാനവും അവനുമാത്രമേയുള്ളു. അതുകൊണ്ട് ഇപ്പോൾ യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗ പ്രവർത്തനത്താൽ അനീതി നിമിത്തം കഷ്ടതയനുഭവിക്കുന്നവർക്ക് വിമോചനം സമീപമാണെന്ന് ഉറപ്പു നൽകുന്നു.—യെശയ്യാവ് 9:6,7; 11:3-5.
അതിനിടയ്ക്ക്, നമുക്ക് സമ്മർദ്ദത്തിൽ നിന്ന് സ്വതന്ത്രമാകുന്നതിനും നമ്മുടെ അവകാശങ്ങൾ സാധിച്ചുകിട്ടുന്നതിനും വേണ്ടി ലഭ്യമായിരിക്കുന്ന ഏത് സമാധാനപൂർണ്ണവും നിയമപരവുമായ മാർഗ്ഗം അവലംബിക്കാവുന്നതാണ്. എന്നാൽ അവ പരാജയപ്പെട്ടാലും നിയമലംഘനത്തിലേർപ്പെടുന്നത് ശരിയായിരിക്കയില്ല. അതിനോടുള്ള ചേർച്ചയിൽ, അപ്പോസ്തലനായ പൗലോസ് ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “നിങ്ങളെ കഴിയാവുന്നിടത്തോളം സകല മനുഷ്യരോടും സമാധാനത്തിലിരിക്കുക. പ്രിയരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിനിടം കൊടുക്കുക. എന്തുകൊണ്ടെന്നാൽ ‘പ്രതികാരം എനിക്കുള്ളത്. ഞാൻ പകരം ചെയ്യും എന്ന് യഹോവ പറയുന്നു’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.” അനുസരണമുള്ള യഥാർത്ഥ ക്രിസ്ത്യാനികൾ ഈ ബുദ്ധിയുപദേശം സ്വീകരിക്കും.—റോമർ 12:18,19. (g87 9/8)
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Reuters/Bettmann Newsphotos