സമ്മേളനഹോളുകൾ—അവ എന്തിന്റെ അടയാളം?
നിങ്ങളുടെ പ്രദേശത്ത് ഇങ്ങനെയുള്ള ഒന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ വാർത്താമാദ്ധ്യമങ്ങളിലൂടെ അവയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘എന്തിനെപ്പറ്റി കേട്ടിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സമ്മേളനഹാളുകളേപ്പറ്റിത്തന്നെ. ഈ സമ്മേളനഹോളുകൾ ലോകമെങ്ങും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുള്ളതാണ് വസ്തുത. ഇപ്പോൾ ലോകവിസ്തൃതമായി മേൽക്കൂരയോട് കൂടിയ 126 സമ്മേളന ഹാളുകളും 96 തുറസ്സായ സമ്മേളന ഇടങ്ങളുമുണ്ട്. ഇതു കൂടാതെ വേറെ 36 ഹാളുകളും അവയോടൊപ്പം 59 തുറസ്സായ സൗകര്യങ്ങളും നിർമ്മാണഘട്ടത്തിലുണ്ട്. യഹോവയുടെ സാക്ഷികൾ അവരുടെ വർദ്ധനവിന്റെ പാതയിലാണെന്നുള്ളതിന്റെ അടയാളമാണ് അവ.
അടുത്ത നാളിൽ ഉത്തര ഇംഗ്ലണ്ടിൽ തെക്കെ യോർക്ക്ഷയറിലെ മാൾട്ട്ബിക്ക് അടുത്തുള്ള ഹെല്ലാദി എന്ന സ്ഥലത്ത് ചതുഷ്-കോൺ ആകൃതിയിലുള്ള ഒരു വലിയ ഹാൾ ഉൽഘാടനം ചെയ്യപ്പെട്ടു. അതിന്റെ അസാധാരണ രൂപകൽപ്പന നിമിത്തം ജേർണൽ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സ്ട്രക്ച്ചറൽ എൻജിനീയേഴ്സ് എന്ന പത്രികയിൽ അതിനെ സംബന്ധിച്ചുള്ള ഒരു ലേഖനത്തിന് സ്ഥാനം പിടിക്കാൻ കഴിഞ്ഞു. നിർമ്മാണവേല പൂർത്തിയാക്കുന്നതിന് ഉപയോഗിക്കപ്പെട്ട സ്വമേധാ ശ്രമദാന പരിപാടിയിലും ലേഖകൻ ആകൃഷ്ടനായി. ലേഖനം ഇങ്ങനെ പറഞ്ഞു: “ഒരിക്കൽ ആ ഉരുക്കിന്റെ ഉൾച്ചട്ട പൂർത്തിയാക്കിക്കഴിഞ്ഞാൽ അന്തർദ്ദേശീയ ബൈബിൾ വിദ്യാർത്ഥികൾ [യഹോവയുടെ സാക്ഷികൾ] സ്വമേധാസേവകരുടെ ഒരു വലിയ സംഖ്യയെ സമാഹരിക്കുകയായി. അതിന്റെ അർത്ഥമോ, ഉൽസാഹത്തോടെ അതിശീഘ്രം കെട്ടിടം പൂർത്തിയാക്കിയിരിക്കും എന്നു തന്നെ. . . . വിദഗ്ദ്ധരായ പണിക്കാരും അർപ്പണ മനോഭാവമുള്ള സന്നദ്ധസേവകരും ഒന്നിച്ചു ചേർന്നാൽ എത്രവലിയ നേട്ടം കൈവരിക്കാം എന്നുള്ളതിന്റെ ഒരു വിശിഷ്ട ഉദാഹരണമാണ് ഈസ്റ്റ് പെന്നൈൻ സമ്മേളനഹാൾ.” സത്യത്തിൽ 11,000 സ്വമേധാസേവകർ ആ പണിസ്ഥലത്ത് പ്രവർത്തിച്ചു.
ലണ്ടന്റെ തെക്കുഭാഗത്തുള്ള സറേ പ്രദേശത്തെ ഹെയ്സ് ബ്രിഡ്ജിൽ 50 വർഷം പഴക്കമുള്ള ഒരു സ്കൂൾ കെട്ടിട സമുച്ഛയം വാങ്ങി, അത് ഒരു സമ്മേളന ഹാൾ ആയി രൂപമാറ്റം വരുത്തി. അത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് 28 ഏക്കർ വരുന്ന മനോഹരമായ ഒരു ഇംഗ്ലീഷ് നാട്ടിൻപുറത്താണ്. ബൈബിൾ സമ്മേളനങ്ങൾക്കും വിദ്യാഭ്യാസത്തിനും യോജിച്ച ഒരു ഉത്തമ പശ്ചാത്തലം തന്നെ.
ഫ്രാൻസിലെ ആദ്യത്തെ രണ്ട് സമ്മേളന ഹോളുകളിൽ ഒന്ന് പാരീസ് നഗരത്തിന് 30 മൈലുകൾ വടക്കുള്ള ക്രെയിൽ നഗരത്തിലാണ്. അതിൽ 1870 പേർക്കുള്ള ഇരിപ്പിട സൗകര്യം ഉണ്ട്. മറ്റേത് ഫ്രാൻസിന്റെ തെക്കുഭാഗത്ത് മെർസിലസ് നഗരത്തിന്റെ വടക്കു പടിഞ്ഞാറായി കുറെ മൈലുകൾ ദൂരത്തായുള്ള മാരിഗ്നേൻ എന്ന സ്ഥലത്താണ്. ഇവ രണ്ടും സ്വമേധാസേവകരാണ് പണിതത്. വാസ്തവത്തിൽ മെർസിലസിനടുത്തുള്ള ഹാൾ പൂർത്തിയാക്കാൻ മൊത്തം 3,50,000 മനുഷ്യസേവന മണിക്കൂറുകൾ (man-hours) വേണ്ടി വന്നു.
ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിൽ രാജ്യത്ത് അങ്ങോളമിങ്ങോളമായി ഒമ്പത് സമ്മേളന ഹാളുകൾ ഉണ്ട്. റൈൻ നദിയുടെ താഴ്വരയിൽ പുതിയ ഒന്ന് അടുത്തയിടയിൽ സ്ഥാപിച്ചു. അതിൽ 1,700 പേർക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്.
സാക്ഷികൾക്ക് പ്രാദേശികമായി അവരുടെ രാജ്യഹാളുകൾ ഉണ്ടെന്നിരിക്കെ അവർക്ക് ഇതുപോലുള്ള വലിയ ഓഡിറ്റോറിയങ്ങളുടെ ആവശ്യം എന്താണ്?
ഉദ്ദേശ്യം എന്താണ്?
അങ്ങേയറ്റം മലീമസവും ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളോട് വിരോധം പുലർത്തുന്നതുമായ ഒരു ലോകത്താണ് തങ്ങൾ ജീവിക്കുന്നതെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. വിദ്വേഷവും അവിശ്വാസവും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സ്ഥാനം കൈയടക്കിയിരിക്കുന്നു. സർവ്വാനുവാദവും കുത്തഴിഞ്ഞ ജീവിതരീതിയും വിശ്വസ്തതയുടെയും നിർമ്മലതയുടെയും സ്ഥാനം കൈയ്യടക്കിയിരിക്കുന്നു. അത്തരം മാറ്റങ്ങളോടൊപ്പം ലൈംഗിക രോഗങ്ങളും എയ്ഡ്സ് ബാധയും വന്നു ചേർന്നിരിക്കുന്നു. അതുകൊണ്ട് ബൈബിൾ വിദ്യാഭ്യാസവും പുതിയ വ്യവസ്ഥിതിയുടെ വാഗ്ദത്തവും പങ്കിടുന്നതിന് വേണ്ടി വലിയ തോതിലുള്ള യോഗങ്ങൾക്ക് കൂടിവന്ന് തങ്ങളുടെ ബോധ്യങ്ങളും വിശ്വാസവും ബലപ്പെടുത്താനുള്ള ഏറിയ കാരണം സാക്ഷികൾക്കുണ്ട്.—എബ്രായർ 10:23-25; 2 പത്രോസ് 3:13
മുൻ വർഷങ്ങളിൽ സർക്യൂട്ട് സമ്മേളനങ്ങൾ എന്നറിയപ്പെടുന്ന ഈ വലിയ കൂടിവരവുകൾക്കു വേണ്ടി സാക്ഷികൾ തീയറ്ററുകളും ഓഡിറ്റോറിയങ്ങളും വാടകയ്ക്ക് എടുക്കുക പതിവുണ്ടായിരുന്നു. (ഒരു സർക്യൂട്ടിൽ ഏതാണ്ട് 20 സഭകൾ ഉണ്ടായിരിക്കും) ഇന്ന് പലയിടങ്ങളിലും അത്തരം സൗകര്യങ്ങൾ മേലാൽ ലഭ്യമല്ല. അതുകൊണ്ട് ഐക്യനാടുകളിൽ ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പ് വസ്തു വാങ്ങി സമ്മേളന ഹാളുകൾ പണിതുയർത്തുന്ന ഒരു പ്രസ്ഥാനത്തിന് രൂപം നൽകപ്പെട്ടു. ലോകവ്യാപകമായി അധികമധികം ഹാളുകൾ ഉൽഘാടനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വസ്തുത, യഹോവയുടെ സാക്ഷികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വർദ്ധനവിന്റെ സൂചനയാണ്.
ഇതു ചെയ്യപ്പെടുന്നതെങ്ങനെ?
യഹോവയുടെ സാക്ഷികളുടെ അണികളിൽ സമ്പന്നർ ഏറെയില്ല, ആ സ്ഥിതിക്ക് അവർക്ക് എങ്ങനെയാണ് ഈ വൻ കെട്ടിടങ്ങൾ നിർമ്മിക്കാനോ പരിഷ്കരിക്കാനോ കഴിയുക? ഓരോ നിർമ്മാണ പരിപാടിയും പേര് എടുത്തുപറയാതെ സ്വമേധയാ യഹോവയുടെ സാക്ഷികൾ തന്നെ നൽകുന്ന സംഭാവനകളുടെ അടിസ്ഥാനത്തിൽ ആണ് തുടങ്ങുന്നത്. അതുപോലെ ചെയ്യപ്പെടുന്ന നിർമ്മാണവേലയുടെ ഏറിയപങ്കും സ്വമേധാസേവനം ആണ്. ഇത് ഗണ്യമായി ചെലവ് ചുരുക്കുന്നതിന് സഹായിക്കുന്നു. ഇംഗ്ലണ്ടിലെ യോർക്ക് ഷയറിലെ നിർമ്മാണ പരിപാടിയെപ്പറ്റി ദ സ്ട്രക്ച്ചറൽ എൻജിനീയർ പറഞ്ഞതുപോലെ “ചെലവു കുറവും വളരെ ആകർഷകമായിരുന്നു: ടെൻറർ വിളിച്ചിരുന്നെങ്കിൽ ആ കേന്ദ്രത്തിന്റെ പണിക്ക് മൊത്തം 25 ലക്ഷം പൗണ്ട് (ഏകദേശം 4.5 കോടി രൂപ) ചെലവ് വരുമായിരുന്നു, പക്ഷെ യഥാർത്ഥ ചെലവ് അതിന്റെ പകുതി മാത്രമായി ചുരുങ്ങി.”
സ്പെയിനിൽ ഇപ്പോൾ മൂന്നു സമ്മേളന ഹാളുകൾ ഉണ്ട്—ഒന്ന് മാഡ്റിഡിൽ, രണ്ടെണ്ണം ബാർസിലോണയിൽ (ഒന്ന് നഗരത്തിനുള്ളിലും മറ്റേത് നഗരത്തിന് കുറെ മൈലുകൾ വെളിയിലും) രണ്ടെണ്ണം മുൻപ് ചലച്ചിത്ര തീയറ്ററുകൾ ആയിരുന്നു. മൂന്നാമത്തേത് ഉപയോഗിച്ചിട്ടില്ലാത്ത ഒരു ഫാക്ടറി കെട്ടിടവും. സ്വമേധാസേവനവും സ്വമേധയാ ഉള്ള സംഭാവനകളും അവയെ സമീപത്തുള്ള സഭകളിലെ ആയിരക്കണക്കിന് സാക്ഷികൾക്കായുള്ള ബൈബിൾ വിദ്യാഭ്യാസകേന്ദ്രങ്ങളായി മാറ്റി. ഏതൊരു രാഷ്ട്രത്തിലും സന്നദ്ധതയുടെ ആത്മാവ് സകലരെയും—ആബാലവൃദ്ധം ജനങ്ങളെ—ഈ സമ്മേളനഹാൾ നിർമ്മാണ പദ്ധതികളിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നു. (g87 9/8)
[20-ാം പേജിലെ ചിത്രങ്ങൾ]
മെക്കെൻഹീം, ജർമ്മനി
[21-ാം പേജിലെ ചിത്രങ്ങൾ]
മാരിഗ്നേയ്ൻ, ഫ്രാൻസ്
[22-ാം പേജിലെ ചിത്രങ്ങൾ]
ഹെയ്സ്ബ്രിഡ്ജ്, ഇംഗ്ലണ്ട്
ക്രെയ്ൽ, ഫ്രാൻസ്