ലോകം 1914-നു ശേഷം
ഭാഗം 7: 1960-1969 1960-കൾ—പ്രക്ഷുബ്ധമായ പ്രതിഷേധങ്ങളുടെ ഒരു കാലഘട്ടം
ശീത സമരത്തിന്റെ പിരിമുറുക്കങ്ങൾ പെട്ടെന്നു ശമിക്കുമെന്നതിനു യാതൊരു പ്രതീക്ഷയും കൊണ്ടുവരാതെ ആ വിമാനം തകർന്നു നിലം പതിച്ചു. അത് ഐക്യനാടുകളുടെ ഒരു യു-2 ചാരവിമാനമായിരുന്നു, 1960 മെയ് 1-ാം തീയതി അതിനെ സോവ്യറ്റ്യൂണിയൻ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു.
സോവ്യറ്റ് നേതാവായിരുന്ന നികിതാ ക്രൂഷ്ചേവ്, ഐക്യനാടുകൾ ക്ഷമ പറയുകയും അത്തരം പറക്കലുകൾ അവസാനിപ്പിച്ചു എന്ന് വാഗ്ദാനം ചെയ്യുകയും വേണം എന്ന് ആവശ്യപ്പെട്ടു. പ്രസിഡൻറ് ഐസൻഹോവറുടെ ഉത്തരത്തിൽ അസംതൃപ്തനായ അദ്ദേഹം മെയ് 16-ന് പാരീസിൽ ആരംഭിക്കാൻ പട്ടികപ്പെടുത്തിയിരുന്ന പൗരസ്ത്യ പാശ്ചാത്യ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനെ നിരസിച്ചുകൊണ്ട് പ്രതിഷേധിച്ചു.
അത് 1960-കളുടെ ഒരു ശുഭകരമായ തുടക്കമായിരുന്നില്ല. എന്നാൽ അത് പ്രതിഷേധത്തിന്റെയും ആളുകൾക്ക് യോജിക്കുന്നതിനുള്ള കഴിവില്ലായ്മയുടെയും—മിക്കവാറും ഒന്നിലും യോജിക്കുന്നതിനുള്ള കഴിവില്ലായ്മ—ഒരു ആത്മാവിനാൽ സ്വഭാവപ്പെടുത്തപ്പെട്ടിരുന്ന ഒരു പ്രത്യേക കാലഘട്ടമായിരുന്നു.
സമാധാനമെങ്കിലും മൂന്നു വിധത്തിലുള്ള യുദ്ധം
ശീതസമരം അപ്പോഴും വളരെയധികം സജീവമായിരുന്നു. അനന്തര സംഭവങ്ങൾ അത് അപ്രകാരം നിലനിർത്തി. 1961 ഓഗസ്റ്റിൽ സോവ്യറ്റുകൾ ബർലിൻ ഭിത്തി കെട്ടിപ്പൊക്കിക്കൊണ്ട് തങ്ങളുടെ അധിനിവേശ പ്രദേശത്തെ പശ്ചിമ ഭാഗത്തുനിന്ന് വേർപെടുത്തി. ഒരു വർഷം കഴിഞ്ഞ് അവർ ക്യൂബയിൽ സോവ്യറ്റ് മിസൈലുകൾ സ്ഥാപിക്കാൻ ശ്രമം നടത്തി. ഇത് യു. എസ്. നേവൽ “ക്വാറൻറീൻ” അഥവാ ഉപരോധത്തിന്റെ മുമ്പിൽ പരാജയപ്പെട്ടു. ചെക്കോസ്ലോവാക്യായിൽ വിദ്യാർത്ഥി പ്രക്ഷോഭണം ഒരു പുതിയ ഗവൺമെൻറ് രൂപീകരിക്കുന്നതിലേക്കു നയിക്കുന്നതിനു സഹായിച്ചു. എന്നാൽ 1968-ൽ സോവ്യറ്റുകൾ ഇടപെട്ടു, അഥവാ സർക്കാർ പരിഷ്കാരം പ്രേഗിലെ വസന്തത്തിൽ നിന്ന് പൂർണ്ണ പ്രകാശിതമായ ഗ്രീഷ്മത്തിലേക്കു തിരിഞ്ഞു.
ശീതസമരത്തിന്റെ മരവിപ്പിക്കുന്ന ശൈത്യം അനുഭവിച്ചതിനു പുറമെ ലോകം കൂടുതൽ “സാധാരണമായ” തരം യുദ്ധത്തിന്റെ ചൂടും അനുഭവിച്ചു. 1945-നും 1959-നും ഇടയ്ക്ക് കുറഞ്ഞപക്ഷം 54 സംഘട്ടനങ്ങൾ ആരംഭിച്ചു. ഇപ്പോൾ 1960-കളിൽ കോംഗൊയിലെയും നൈജീരിയായിലെയും ആഭ്യന്തരയുദ്ധങ്ങളും മദ്ധ്യപൗരസ്ത്യദേശത്തിലെ ആറുദിനയുദ്ധവും വിയറ്റ്നാം യുദ്ധവും ഉൾപ്പെടെ വേറെ 52 എണ്ണം അതിനോടു കൂട്ടാൻ കഴിയും.a
എന്നിരുന്നാലും, 1960-കൾ ഒരു മൂന്നാം തരത്തിലുള്ള യുദ്ധം കണ്ടു. അതുവരെ ലോകം സാമൂഹ്യമായ അഥവാ സിവിലിയൻ തലത്തിൽ താരതമ്യേന ശാന്തമായിരുന്നു. എന്നാൽ ഇപ്പോൾ യുദ്ധാനന്തര തലമുറയിലെ ചെറുപ്പക്കാർ പ്രായപൂർത്തിയിലേക്ക് വരികയായിരുന്നു. അവർ കണ്ട ലോകത്തെ ഇഷ്ടപ്പെടാതെയും അതിന്റെ പ്രശ്നങ്ങൾ ഫലപ്രദമല്ലാതെ കൈകാര്യം ചെയ്യുന്നു എന്ന വിചാരത്തിലും അവർ തങ്ങളുടെ സ്വന്തമായ ഒരു യുദ്ധത്തിൽ—പ്രതിഷേധത്തിന്റെ ഒരു യുദ്ധത്തിൽ—വ്യാപൃതരായി.
വിദ്യാർത്ഥികൾ മാർച്ച് ചെയ്യുന്നു
“ബോംബു നിരോധിക്കുക” എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മാർച്ചിൽ അനേകമൈലുകൾ അവർ താണ്ടി. പ്രതിഷേധത്തിനു യോഗ്യമെന്നു കരുതപ്പെട്ട എന്തും, ഒരു പദയാത്ര, കുത്തിയിരിപ്പ്, നിയമനിഷേധം എന്നിവയ്ക്ക് നീതീകരണമായിത്തീർന്നു. യുവജനങ്ങളിൽ ഭൂരിപക്ഷവും പ്രത്യക്ഷത്തിൽ താത്വികമായെങ്കിലും ഇത്തരം പോരാട്ടത്തെ പിന്താങ്ങി. 1968-ൽ ജർമ്മൻ യുവജനങ്ങൾക്കിടയിൽ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പ് അവരിൽ 67 ശതമാനവും ഇത്തരം കാര്യങ്ങൾക്ക് അനുകൂലമാണെന്നു തെളിഞ്ഞു. അത് ഡർ സ്പീജൽ എന്ന ജർമ്മൻ മാസിക ഇപ്രകാരം അഭിപ്രായപ്പെടാനിടയാക്കി: “പദയാത്രയുടെ സംഗതിയിൽ അവരിൽ മിക്കവരും തങ്ങളുടെ ഹൃദയങ്ങൾ മാത്രമല്ല മറിച്ച് അവരുടെ പാദങ്ങളും ആവശ്യമെങ്കിൽ അവരുടെ മുഷ്ടികളും അർപ്പിക്കാൻ തയ്യാറാണ്.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തെട്ട് ഈസ്റ്റർ വാരാന്ത്യത്തിൽ ഇരുപതിലേറെ ജർമ്മൻ നഗരങ്ങളിലെ തെരുവീഥികളിലൂടെ ആയിരക്കണക്കിന് പ്രതിഷേധപ്രകടനക്കാർ ചുവടുവെച്ചു നീങ്ങിയപ്പോൾ ഇതു വ്യക്തമാക്കപ്പെട്ടു. രണ്ടു പേർ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു. ഇത് ഒരു വർഷം മുമ്പ് ഇറാനിലെ ഷായ്ക്കും അദ്ദേഹത്തിന്റെ ഭരണകൂടത്തിനുമെതിരെ പൊന്തിവന്ന പ്രതിഷേധത്തിന്റെ ഉപോൽപ്പന്നമായിരുന്നു. ആ കാലത്ത് ജൂൺ 2-ാം തീയതി ബർലിനിൽ പ്രതിഷേധ പ്രകടനക്കാരും പോലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി ഒരാൾ കൊല്ലപ്പെടുകയും അനേകർക്കു പരിക്കേൽക്കുകയും ചെയ്തു.
ഗ്രന്ഥകാരനായ വില്യം ബറോസ് 1968-ൽ നല്ല കാരണത്തോടെ ഇപ്രകാരം പറഞ്ഞു: “ഈ യുവജന മൽസരം ചരിത്രത്തിൽ ഇതിനു മുമ്പ് ഒരിക്കലും ദർശിച്ചിട്ടില്ലാത്ത ഒരു ആഗോള പ്രതിഭാസമാണ്.” ആ വർഷം യുവജന പ്രക്ഷോഭണം ഫ്രാൻസിൽ ഒരു പൊതു പണിമുടക്കിലേക്കു നയിക്കുകയും അത് ഡിഗോളിന്റെ ഗവൺമെൻറിനെ മിക്കവാറും താഴെ ഇറക്കുകയും ചെയ്തു. ആ ദശകത്തിന്റെ ആരംഭത്തിൽ വിദ്യാർത്ഥി പ്രതിഷേധം ഒരു ഗവൺമെൻറിനെ യഥാർത്ഥത്തിൽ താഴെ ഇറക്കി, ദക്ഷിണ കൊറിയയുടെ, 200 ജീവൻ കൊടുത്തിട്ടാണെങ്കിലും. ജപ്പാനിലെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് 1968 വെൽറ്റ്പനോരമ എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ജപ്പാൻ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും അത്ര വ്യത്യസ്തമല്ല. ഏറ്റവും കൂടിയാൽ, ജപ്പാൻ വിദ്യാർത്ഥികൾ ബർക്കിലിയിലെയും പാരീസിലെയും ഫ്രാങ്ക്ഫർട്ടിലെയും തങ്ങളുടെ സഹവിദ്യാർത്ഥികളെക്കാൾ ഒരു വിധത്തിൽ അധികം ഭാവനാ സമ്പന്നരാണെന്നു മാത്രം.”
“സ്നേഹിക്കൂ, യുദ്ധം വേണ്ട”
ഈ പ്രതിഷേധത്തിലധികവും യുദ്ധത്തിനെതിരെയായിരുന്നു—പൊതുവെ യുദ്ധത്തിനും പ്രത്യേകിച്ച് വിയറ്റ്നാമിലെ യുദ്ധത്തിനും—ലക്തീകരിച്ചിരുന്നത്. 1946-ൽ വിയറ്റ്നാം ഒരു ഭാഗമായിരുന്ന ഇൻഡോചൈനയിൽ ഫ്രഞ്ചു കോളനി വാഴ്ചക്കെതിരെ ഒരു സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. എട്ടുവർഷങ്ങൾക്കുശേഷം ഒരു വെടിനിർത്തൽ കരാർ ആ രാജ്യത്തെ വിഭജിച്ചു, അതിനെ പുനരേകീകരിക്കുന്നതിന് തിരഞ്ഞെടുപ്പു നടത്തുന്നതുവരെയുള്ള ഒരു താൽക്കാലിക ഏർപ്പാടെന്നനിലയിൽ. ഒരു ഭാഗം കമ്മ്യൂണിസ്റ്റുകാരുടെയും മറുഭാഗം കമ്മ്യൂണിസ്റ്റിതരരുടെയും കീഴിൽ വന്നു. ജർമ്മനിയിലും കൊറിയയിലും എന്നപോലെ വൻശക്തികൾ രാഷ്ട്രീയമായി യുക്തമായ അതിർത്തിയിൽകൂടി ഒരു ശീതസമരത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.b
ശീതസമര പിരിമുറുക്കം ഒടുവിൽ വിയറ്റ്നാമിൽ തുറന്ന യുദ്ധമായി പൊട്ടിത്തെറിച്ചു. ആരംഭത്തിൽ ഐക്യ നാടുകൾ ദക്ഷിണഭാഗത്തിന് മിലിട്ടറി സഹായം മാത്രം നൽകി. എന്നാൽ 1960-കളിൽ അത് സേനയെ അയക്കാൻ തുടങ്ങി, ആ ദശകം അവസാനിക്കുന്നതിനുമുമ്പ് അഞ്ചുലക്ഷം എന്ന അത്യുച്ചത്തിലെത്തുകയും ചെയ്തു. ആ യുദ്ധം സുഖപ്പെടാൻ മടിക്കുന്ന ഒരു പഴുത്ത വ്രണം പോലെയായിത്തീർന്നു. “മെയിൽ (1965) ഒരു ചർച്ചയിൽ പങ്കെടുത്തിരുന്ന പന്തീരായിരം വിദ്യാർത്ഥികൾ [ഐക്യനാടുകളിൽ] ഒരു യുദ്ധവിരുദ്ധ റാലിയിലേക്കു തിരിയുകയും ആ ദശകത്തിന്റെ ശേഷിച്ചഭാഗത്തെ അടയാളപ്പെടുത്തിയ കൂട്ടമായ കാമ്പസ്സ് യുദ്ധവിരുദ്ധപ്രകടനങ്ങൾക്ക് മാതൃകവെക്കുകയും ചെയ്തു,” എന്ന് ചാൾസ് ആർ. മോറിസ്സ് ഏ ടൈം ഓഫ് പാഷൻ—അമേരിക്ക 1960-1980 എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. തങ്ങളുടെ നിലപാട് ഉയർത്തി ക്കാണിക്കുന്നതിന് ആയിരക്കണക്കിന് ചെറുപ്പക്കാർ മിലിട്ടറി സേവനത്തിനു ഹാജരാകുന്നതിനുള്ള തങ്ങളുടെ കാർഡുകൾ കത്തിച്ചു കളഞ്ഞു. ചിലർ അതിലും ഉപരിപോയി, എന്നുപറഞ്ഞുകൊണ്ട് മോറിസ്സ്, “യുദ്ധം തടയുന്നതിനുവേണ്ടി പരസ്യമായി തീയിൽ ചാടിമരിച്ച” രണ്ടു പുരുഷൻമാരുടെ ദൃഷ്ടാന്തം നൽകുന്നു.
“ഞാൻ ഒരു സ്വപ്നം കണ്ടു”
പ്രതിഷേധ പോരാട്ടത്തിൽ വിദ്യാർത്ഥികൾ നേതൃത്വമെടുത്തിരുന്നിരിക്കാം, എന്നാൽ അവർ ഒറ്റയ്ക്കായിരുന്നില്ല. ദൃഷ്ടാന്തത്തിന്, യു. എസ്സ്. പൗരാവകാശ പ്രസ്ഥാനത്തെ ദക്ഷിണ ബാപ്റ്റിസ്റ്റു പ്രസംഗകനായ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ നേതൃത്വത്തിൻ കീഴിൽ എല്ലാ പ്രായത്തിലുമുള്ള കറുത്തവരും വെളുത്തവരും പിന്താങ്ങി. 1963-ൽ വാഷിംഗ്ടണിൽ 2,00,000-ൽ പരം ആളുകൾ മാർച്ച് ചെയ്തു. അവിടെ കിംഗ് തന്റെ “ഞാൻ ഒരു സ്വപ്നം കണ്ടു” എന്ന പ്രസംഗത്താൽ അവർക്കു പ്രചോദനം നൽകി.
യു. എസ്. കോൺഗ്രസ്സ്, “ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യാവകാശ നിയമ നിർമ്മാണത്തിന്റെ ബഹിർഗമനം” എന്നു വിളിക്കപ്പെട്ടതുകൊണ്ട് യു. എസ്. കോൺഗ്രസ്സ് പ്രതികരിച്ചപ്പോൾ ഒരളവിലുള്ള വിജയം നേടി. 1964-ൽ കിംഗ് നോബൽ സമ്മാനാർഹനായപ്പോൾ വ്യക്തിപരമായ വിജയവും വന്നുചേർന്നു.
ഓരോരുത്തരും അവനവന്റെ കാര്യം ചെയ്യുന്നു
ചെറുപ്പക്കാർ കീഴ്നടപ്പനുസരിച്ചുള്ള വസ്ത്രത്തിന്റെയും ആകാരത്തിന്റെയും നിലവാരങ്ങൾ നിരസിച്ചുകൊണ്ടും ആ വ്യവസ്ഥിതിയോടുള്ള നിരസനം പ്രകടമാക്കി. ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നതനുസരിച്ച്, “ലണ്ടനിലെ കാർനബി സ്ട്രീറ്റിൽ 1957-ൽ ആരംഭിച്ച ഫാഷൻ വിപ്ലവം 1960-കളിലെ അനുവാദാത്മകവും യുവജനോത്മുഖവും വ്യവസ്ഥാപിതമായവക്കെതിരും ആയ ഫാഷനുകളിലേക്കു നയിച്ചു.” അനേകം സ്ത്രീകൾക്കും അത് ഇറക്കം കുറഞ്ഞ പാവാടകളുടെയും കാലുറകളുടെയും കാലമായിരുന്നു; പുരുഷൻമാർക്ക് താടിമീശയുടെയും നീണ്ട മുടിയുടെയും കാലവും; ഇരുകൂട്ടർക്കും ഉഭയലിംഗ ഫാഷനുകളുടെയും പിന്നീട് ഹിപ്പി രൂപം എന്നറിയപ്പെട്ട പൊതുവായ അലക്ഷ്യഭാവങ്ങളുടെയും കാലവുമായിരുന്നു.
ആ കാലത്തെ സംഗീതങ്ങളിൽ ചിലതും മയക്കുമരുന്നുകളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിച്ചുകൊണ്ടും അനുവാദാത്മക ലൈംഗികതയെയും സ്വവർഗ്ഗരതിയെയും കുറ്റവിമുക്തമാക്കിക്കൊണ്ടും പ്രതിഷേധത്തിന്റെ ആത്മാവിനെ പ്രോൽസാഹിപ്പിച്ചു. റോക്ക് താരങ്ങളുടെയും പോപ്പ് സംഗീതജ്ഞൻമാരുടെയും ഫാഷനുകളും നടത്തയും അനുകരിച്ചുകൊണ്ട് അവരെ വിഗ്രഹങ്ങളാക്കിത്തീർത്തു. സാമൂഹ്യജീവിതം ജനസമ്മതിയുള്ളതായിത്തീർന്നു. നേരത്തെ അസ്വീകാര്യമായി കണക്കാക്കിയിരുന്ന ഇതും മറ്റുതരത്തിലുള്ളതുമായ ജീവിതശൈലികൾ ഇപ്പോൾ സ്വീകാര്യമായ പക്ഷാന്തരങ്ങളായി വീക്ഷിച്ചു. ഇവയെല്ലാം 1970-കളിലും 1980-കളിലും ഒരു ദു:ഖകരമായ ഫലം കൊയ്യാനിരുന്നു.
അഗ്ഗിയോർണമെന്റൊയും “യേശുവിന്റെ ജനവും”
അഗ്ഗിയോർണമെന്റൊ ഒരു നിഘണ്ടു നിർവചിക്കുന്നതനുസരിച്ച്, “1962-1965-ലെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ അംഗീകരിച്ച ലക്ഷ്യങ്ങളിലൊന്നായ റോമൻ കത്തോലിക്കാ ഉപദേശങ്ങളെയും സ്ഥാപനങ്ങളെയും കാലികമാക്കുന്നതിന് അല്ലെങ്കിൽ നവീകരിക്കുന്നതിനുള്ള നയം” ആണ്. ജോൺ XXIII-ാമൻ പാപ്പാ ഭാഗികമായി സഭ പഴഞ്ചനാണെന്നുള്ള ആരോപണത്തെ മന്ദീഭവിപ്പിക്കുന്നതിനും ഭാഗികമായി ചിലർ സഭയുടെ പഠിപ്പിക്കലുകൾക്കും ആചാരങ്ങൾക്കും എതിരെ പരസ്യപ്രതിഷേധം നടത്തുന്നതിനു വർദ്ധിച്ചുവരുന്ന വാസനയുടെ ഫലങ്ങളെ നിർവ്വീര്യമാക്കുന്നതിനും വേണ്ടി ഈ നയത്തിൽ ഉദ്യുക്തനായി. ഇതിൽ ഗണനീയരായ കത്തോലിക്കാ പുരോഹിതൻമാർപോലും ഉൾപ്പെട്ടിരുന്നു. ദൃഷ്ടാന്തത്തിന്, ജർമ്മൻ ദൈവശാസ്ത്രജ്ഞനായ ഹാൻസ്കുംഗിനെ തന്റെ അയാഥാസ്ഥിതിക വീക്ഷണങ്ങളെ വിശദീകരിക്കുന്നതിന് റോമിലേക്കു ക്ഷണിച്ചു എങ്കിലും പോകാൻ വിസമ്മതിച്ചു.
മതപരമായ പ്രതിഷേധങ്ങൾ മാമൂൽ മതങ്ങളെ കൂടുതൽ നന്നാക്കുന്നതിനുള്ള ശ്രമങ്ങളിൽ പരിമിതമായിരുന്നില്ല. യൂറോപ്പിലെയും അമേരിക്കയിലെയും അനേകം ചെറുപ്പക്കാർ പുതിയ വിഭാഗങ്ങളിലേക്കോ ഏഷ്യൻ തത്വശാസ്ത്രങ്ങളിലേക്കോ തിരിഞ്ഞുകൊണ്ട് കേവലം ഈ കൂട്ടങ്ങളെ മുഴുവനായും പുച്ഛിച്ചു തള്ളി. 1960-കളിൽ ദിവ്യപ്രകാശ മിഷൻ, ഹരേകൃഷ്ണാ, ദൈവത്തിന്റെ കുഞ്ഞുങ്ങൾ എന്നിവ പോലുള്ള സംഘങ്ങൾ ആരംഭിക്കുകയും ജനസമ്മതിയുള്ളതായി വളരുകയും ചെയ്തു.
പ്രതിഷേധത്തിൽ നിന്ന് അക്രമത്തിലേക്കും ഭീകരപ്രസ്ഥാനത്തിലേക്കും
പ്രതിഷേധത്തിന്റെ ആത്മാവ് അധികാരത്തോടുള്ള—മാതാപിതാക്കൾ, വിദ്യാഭ്യാസം, ഗവൺമെൻറ്, മതം എന്നിവ—ആദരവിന് ലോകവ്യാപകമായ ഒരു തകർച്ച വെളിപ്പെടുത്തി. അത്, മിക്കപ്പോഴും അക്രമത്തിലേക്കു നയിച്ച ഒരു ആത്മാവിനെ പോഷിപ്പിച്ചു, അതിന് യുദ്ധരംഗത്തോ പുറത്തോ 1914 മുതൽ യാതൊരു കുറവുമില്ലായിരുന്നു.
അക്രമാസക്തമായ 1960-കളെ അടയാളപ്പെടുത്തിയ ചില സംഭവങ്ങളെ ഓർമ്മയിലേക്കു കൊണ്ടുവരാം: “ആഫ്രിക്കൻ ദേശീയതയുടെ കോംഗാളീസ് ചിഹ്നമായ പാട്രിക്ക് ലുമുംബായും ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രിയായിരുന്ന ഹെൻഡ്രിക്ക് എഫ്. വെർവൂഡും മൃഗീയമായി വധിക്കപ്പെട്ടു; വിയറ്റ്നാം പ്രസിഡണ്ട് ജോ ഡിൻ ഡിയെം ഒരു അട്ടിമറി വിപ്ലവത്തിനിടയിൽ വധിക്കപ്പെട്ടു; അഞ്ചു വർഷത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ ഐക്യനാടുകൾക്ക് കൊലയാളികളുടെ തോക്കുകളാൽ മൂന്നു നേതാക്കൻമാർ നഷ്ടപ്പെട്ടു: പ്രസിഡണ്ട് ജോൺ എഫ്. കെന്നഡി, പൗരാവകാശ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ, സെനറ്റർ റോബർട്ട് എഫ്. കെന്നഡി എന്നിവർ.
അധികാരത്തോടുള്ള ഈ എതിർപ്പ് അതിന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം നേടുന്നതിന് അക്രമത്തിലേർപ്പെടുന്നതിൽ നിന്ന് പിൻമാറിയില്ല. അത് ഭീകരപ്രവർത്തനത്തിനു അടിസ്ഥാനമിടാൻ സഹായിച്ചു. യഥാർത്ഥത്തിൽ, ഗ്രന്ഥകാരനും രാഷ്ട്രീയ വിശ്ലേഷകനുമായ ക്ലെയർ സ്റ്റെർലിംഗ് പറയുന്നതനുസരിച്ച്, ആധുനിക ഭീകര പ്രസ്ഥാനം 1968-ൽ ആരംഭിച്ചു—“വ്യക്തമായും കഴിഞ്ഞ ലോകയുദ്ധത്തിനുശേഷം സമൂഹത്തിൻമേൽ അതിന്റെ സ്വന്തം യുദ്ധം പ്രഖ്യാപിച്ച ഒരു തലമുറ ഉത്ഭവിച്ച വർഷം.”
സഹായത്തിനുവേണ്ടി ആകാശത്തിലേക്കു നോക്കുന്നു
ആകാശത്തെ കീഴടക്കൽ ഭൂമിയിലെ പ്രശ്നങ്ങളെ കീഴടക്കാൻ സഹായിക്കുമോ? ചിലർ വ്യക്തമായും അങ്ങനെ വിചാരിച്ചു. ശൂന്യാകാശയാത്ര അനുസ്യൂതം തുടർന്നു, പന്തയ ഓട്ടത്തിൽ കിഴക്കും പടിഞ്ഞാറും നേതൃത്വത്തിൽ മേൽപോട്ടും താഴോട്ടും ഇടവിട്ടു ചലിച്ചുകൊണ്ട് ശീതയുദ്ധത്തിൽ മുന്നേറി. 1961-ൽ സോവ്യറ്റുകൾ ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യത്തെ മനുഷ്യനെ ഇറക്കിയതു മുതൽ 1969-ൽ ഐക്യനാടുകൾ ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയതുവരെ ലോകം ഒരു ശൂന്യാകാശ നേട്ടത്തിൽ നിന്നു മറ്റൊന്നിലേക്കുള്ള മാറ്റത്താൽ വിസ്മയിക്കപ്പെട്ടു.
ആ ദശകം അവസാനിക്കാറായപ്പോൾ, കോളിയറുടെ 1970 വാർഷികപുസ്തകം ഇപ്രകാരം പറഞ്ഞു: “മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ നടന്ന വർഷമായ 1969 ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വലിയ പ്രശസ്തി കാണുന്ന വർഷവും ആണെന്നത് തികച്ചും ഉചിതമാണെന്നു തോന്നുന്നു . . . ഈ ഗ്രഹം ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിലേക്കും വലുത്. അക്വേറിയസ്സിന്റെ യുഗംc . . . നമ്മുടെ കാലത്ത് ആയിരിക്കാം, അല്ലായിരിക്കാം, ഭൂമിയിൽ സാഹോദര്യം വാഴും.”
പ്രത്യക്ഷത്തിൽ അധികമധികം ആളുകൾ സഹായത്തിനുവേണ്ടി ആകാശത്തിലേക്കു നോക്കിക്കൊണ്ടിരുന്നു. ഭൗമോപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനനുസരിച്ച് ഭൂഖണ്ഡങ്ങൾ തമ്മിൽ അപ്പഴപ്പോഴുള്ള ആശയവിനിയമം മിക്കവാറും സാധ്യമാക്കിത്തീർത്തു. അത്രത്തോളം ഭൗതിക ആകാശങ്ങൾ രാഷ്ട്രങ്ങളെ ഒരുമിച്ച് അടുപ്പിക്കുകയും ചെയ്തു. എന്നാൽ അവ ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവയെ ഒരുമിച്ചു കൂട്ടിച്ചേർത്തില്ല. രാഷ്ട്രങ്ങൾ അപ്പോഴും “യാതൊരു ഉടമ്പടിക്കും വഴിതുറക്കാതെ” എന്നത്തേതിലും അകൽച്ചയിൽ ആയിരുന്നു.—2 തിമോഥെയോസ് 3:1-3.
എന്തുകൊണ്ട്? അതിന്റെ തന്നേ പ്രകൃതത്താൽ, പ്രതിഷേധത്തിന്റെ ആത്മാവിനാൽ—1960-കളുടെ ആത്മാവിനാൽ—യോജിപ്പിക്കാൻ സാധ്യമല്ല. അത് വിഘടിക്കുന്നു. ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മനുഷ്യർ യോജിപ്പിലായിരിക്കണം. ഈ ഐക്യം നേടുന്നതിന് അവർ സഹായം തേടണം, ഭൗതികമൊ ജ്യോതിശാസ്ത്രപരമൊ ആയ ആകാശങ്ങളിൽ നിന്നല്ല, ദൈവികഗവൺമെൻറിന്റെ സ്വർഗ്ഗത്തിൽ നിന്ന്.
യഹോവയുടെ സാക്ഷികൾ—1960-ലെ അവരുടെ ശരാശരി എണ്ണത്തിൽ നിന്ന് 1969-ൽ 48 ശതമാനം വർദ്ധിച്ചു—അതു തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. 1960-കളെ അടയാളപ്പെടുത്തിയ പ്രക്ഷുബ്ധമായ പ്രതിഷേധത്തിന്റെ ആത്മാവിനാൽ പിടിക്കപ്പെടുന്നതിനെ ഒഴിവാക്കാൻ തങ്ങളെ സാധ്യമാക്കിത്തീർത്തുകൊണ്ട് ക്രിസ്തീയ കീഴ്പ്പെടൽ കൈകാര്യം ചെയ്യുന്ന റോമർ 13-ാം അദ്ധ്യായത്തിന്റെ തക്ക സമയത്തെ ഒരു വിശദീകരണം ലഭിച്ചതിൽ അവർ എത്ര നന്ദിയുള്ളവരായിരുന്നു!—വാച്ച്ടവർ, നവമ്പർ 1, നവമ്പർ 15, ഡിസംബർ 1, 1962 കാണുക.
യഹോവയുടെ സാക്ഷികൾ, 1960-കളുടെ അവസാനത്തിലേക്കു വന്നതോടെ, അക്വേറിയസിന്റെ ഒരു യുഗത്തെക്കുറിച്ചല്ല, എന്നാൽ “ഭൂമിയിൽ സാഹോദര്യം വാഴുന്ന” ദൈവരാജ്യത്തിൻ കീഴിലെ ഒരു യുഗത്തെക്കുറിച്ചു സംസാരിക്കുന്നതിൽ തിരക്കുള്ളവരായിരുന്നു. അവർ ഇതു വ്യക്തിപരമായി അനുഭവിക്കാൻ ജീവിച്ചിരിക്കുമോ? നിങ്ങളോ? “ലോകം 1914-നു ശേഷം” എന്ന ഈ പരമ്പരയിലെ, “ലോകം തകരുമ്പോൾ നിങ്ങളുടെ പ്രത്യാശ അധികം ശോഭിതമായിത്തീരട്ടെ!” എന്ന ഞങ്ങളുടെ അടുത്ത ലക്കത്തിലെ അവസാന ലേഖനം നഷ്ടപ്പെടുത്തരുത്. (g87 6/8)
[അടിക്കുറിപ്പുകൾ]
a ഐക്യരാഷ്ട്ര ഉറവിടങ്ങൾ, 1945-നും 1985-നും ഇടയ്ക്ക് 160 യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി പട്ടികപ്പെടുത്തുന്നു.
b ദാനിയേൽ 11-ൽ ബൈബിൾ, കമ്മ്യൂണിസ്റ്റു ചേരി രാഷ്ട്രങ്ങളെ ആലങ്കാരികമായി “വടക്കേ രാജാവ്” എന്നും എതിർചേരിയെ “തെക്കേ രാജാവ്” എന്നും പരാമർശിക്കുന്നു. 1958-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക്, ഇൻക്., പ്രസിദ്ധീകരിച്ച “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടും” എന്ന പുസ്തകത്തിന്റെ 264-307 പേജുകൾ കാണുക.
c അക്വേറിയസ് യുഗത്തെ ഇപ്രകാരം നിർവചിക്കുന്നു, “ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സ്വാതന്ത്ര്യപ്പുലരിയെ അടയാളപ്പെടുത്തുന്നതായി ജ്യോതിശാസ്ത്രജ്ഞൻമാർ വിവരിച്ച ലോകത്തിന്റെ ഒരു നവയുഗപ്പിറവി, ഭൂമിയിൽ സാഹോദര്യഭരണം, ബാഹ്യാകാശത്തിന്റെ പിടിച്ചടക്കലും.”
[17-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1960—ഭയങ്കര ഭൂകമ്പങ്ങൾ മൊറോക്കൊയിലും ചിലിയിലും ആഘാതമേൽപ്പിച്ചു.
അഡോൾഫ് ഐക്മാനെ അർജൻറീനയിൽ വെച്ച് പിടികൂടുകയും യിസ്രായേലിലേക്ക് തിരികെ കൊണ്ടു പോകയും പിന്നീട് അയാൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ കുറ്റം ചുമത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു.
1961—ഐക്യരാഷ്ട്രങ്ങളുടെ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമർഷോൾഡ് ആഫ്രിക്കയിലെ ഒരു വിമാന തകർച്ചയിൽ മരണമടഞ്ഞു.
1962—ആദ്യത്തെ സജീവ വാർത്താവിനിമയ ഉപഗ്രഹമായ ടെൽസ്റ്റാറിന്റെ നിവർക്കൽ
1963—പൂർവ്വപാകിസ്ഥാനിൽ കൊടുങ്കാറ്റും ജലപ്രളയവും 30,000 പേരെ കൊന്നു.
1964—XVIII-ാമതു ഒളിംപിക് ഗയിംസ് ജപ്പാനിലെ ടോക്കിയോയിൽ അരങ്ങേറി വലിയ വിജയികൾ യു. എസ്സ്. എസ്സ്. ആറും (96 മെഡലുകൾ) യു. എസ്സ്. എ. യും (90 മെഡലുകൾ) ആയിരുന്നു.
1965—പോൾ VI-ാമൻ പാപ്പാ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർത്തിവെക്കയും യു. എൻ. ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ സമാധാനത്തിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്തു.
1966—ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ചു.
1967—ദക്ഷിണാഫ്രിക്കയിലെ ഡോക്ടർ ക്രിസ്റ്റ്യൻ ബർണാഡ് ആദ്യത്തെ വിജയകരമായ ഹൃദയം പറിച്ചു നടീൽ നിർവ്വഹിച്ചു.
1968—മയക്കുമരുന്ന് അനേകം അംഗവൈകല്യ ശിശുക്കളുടെ ജനനത്തിനിടയാക്കിയശേഷം താലിഡോമൈഡ് കോടതിക്കേസ് ആരംഭിച്ചു.
1969—സോക്കർ ഗയിമിനെ തുടർന്ന് ആയിരത്തിലധികം പേർ മരിക്കയും എൽസാൽവഡോറും ഹോണ്ടുറാസും തമ്മിൽ സോക്കർ യുദ്ധം എന്നു വിളിക്കപ്പെട്ട പോരാട്ടം ആരംഭിക്കയും ചെയ്യുന്നു.
ഐർലണ്ടിലെ ബൽഫാസ്റ്റിൽ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും തമ്മിൽ രക്തം ഒഴുക്കിയ ലഹള
[15-ാം പേജിലെ ചിത്രം]
1960—കളിലെ ഹിപ്പിപ്രസ്ഥാനം
[കടപ്പാട്]
UPI/Bettmann Newsphotos
[16-ാം പേജിലെ ചിത്രം]
ന്യൂയോർക്കിലെ യുദ്ധവിരുദ്ധ റാലി
[കടപ്പാട്]
UPI/Bettmann Newsphotos