ചൂതാട്ടം—ആരെങ്കിലും വിജയിക്കുന്നുവോ?
ഇറ്റലിയിലെ ഉണരുക! ലേഖകനിൽനിന്ന്
‘ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന്റേതായ ഈ കാലങ്ങളിൽ ഈ പ്രതിസന്ധിയുടെ സ്പർശമേൽക്കാത്ത ഒരു വ്യവസായം ഉണ്ട്’. കോറിയർ ഡെല്ലാ സെറാ ഇലസ്ട്രേറ്റോ എന്ന ഇറ്റാലിയൻ മാസിക ചൂതാട്ട വ്യവസായത്തെ ഉദ്ദേശിച്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഉവ്വ്, മറ്റു നിരവധി രാജ്യങ്ങളിലെന്നപോലെ ഇറ്റലിയിലും ചൂതാട്ടം വൻ ബിസിനസ്സ് ആണ്.
“നിയമവിധേയമാക്കപ്പെട്ട ചൂതുകളിയുടെ വിസ്ഫോടനത്തിൻ മദ്ധ്യെയാണ് ഐക്യനാടുകൾ” എന്ന് ഫോർച്യൂൺ മാസിക പറയുന്നു. “വമ്പിച്ച ലാഭം കൊയ്യുന്ന ഈ ഭാഗ്യക്കുറികൾ കഴിഞ്ഞ വർഷം [1983] . . . എകദേശം 21,00,000 ഡോളർ വരുമാനമുണ്ടാക്കി. കാനഡക്കാരിലും ഒട്ടനവധിപ്പേരെ ചൂതുകളി വശീകരിക്കുന്നു. ലാ പ്രെസ്സെ എന്ന വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് ക്യൂബെക്കിൽ ജീവിക്കുന്ന കുടുംബങ്ങൾ ഔഷധങ്ങൾക്കും ദന്തരക്ഷക്കും ചെലവഴിക്കുന്നതിനേക്കാൾ അധികം പണം ചൂതാട്ടത്തിനാണ് ചെലവിടുന്നത്!
ചൂതാട്ടത്തിൽ ഭാഗ്യക്കുറികൾ, റൗലറ്റ് ചക്രങ്ങൾ, പകിട, ചീട്ടുകളി എന്നിവയെല്ലാം ഉപയോഗിക്കാറുണ്ടെങ്കിലും ബോക്സിംഗ് മത്സരങ്ങളുടെയും ഫുട്ബോൾ മത്സരങ്ങളുടെയും കുതിരപ്പന്തയങ്ങളുടെയും മത്സരഫലമാണ് ചൂതുകളിക്കാർ വാതു വെക്കുന്ന എറെ പ്രചാരമുള്ള കാര്യങ്ങളിൽ ചിലത്. ദ കംപ്ലീറ്റ ഇലസ്ട്രേറ്റഡ് ഗൈഡ് റ്റു ഗാംബ്ലിംഗ് എന്ന പുസ്തകം വിവരിക്കുന്നതുപോലെ: “പന്തയത്തിന് നിശ്ചയിച്ചിറങ്ങിയിരിക്കുന്നവർ മഴത്തുള്ളികൾ രണ്ടുള്ളതിൽ ആദ്യം ജനാലപ്പാളിക്ക് കീഴെ എത്തുന്നത് ഏതായിരിക്കും എന്നോ അല്ലെങ്കിൽ ഒരു മറുകിൻമേൽ വളരുന്ന രോമം എത്രയായിരിക്കുമെന്നോ ഉള്ള കാര്യങ്ങളിൽ വരെ വാതു വയ്ക്കും.” ഇവ്വിധം, ഇറ്റലിയിൽ അവർ പ്രസിഡൻറ് തെരഞ്ഞെടുപ്പ്, സർക്കാർ വീഴുമോ ഇല്ലയോ തുടങ്ങിയവയെക്കുറിച്ചും പോപ്പിന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പോലും വാതു വയ്ക്കുന്നു! അതുപോലെ, ഒരു ഫുട്ബോൾ മത്സരത്തിന്റെ തലേ രാത്രി പന്തയക്കാർക്ക് വെറിപിടിച്ച സമയമാണ്, അപ്പോൾ അവർ വൻ തുകകൾ ഫുട്ബോൾ പൂളുകളിൽ ചെലവഴിക്കുന്നു. പത്രക്കാർ ഇതിനെ ‘ശനിയാഴ്ചയിലെ രാപ്പനി’ (Saturday Night Fever) എന്നു വിളിക്കുന്നു.
ഈ പന്തയക്കളിയിൽ പക്ഷെ, നേട്ടമുണ്ടാക്കുന്നതാരാണ്? കൈയ്യടക്കാൻ ദശലക്ഷങ്ങൾ—അതെ, ശതകോടികൾ—ആണുള്ളത് എന്ന വസ്തുത ചൂതാട്ടം എങ്ങനെയും മെച്ചമുള്ള ഏർപ്പാടാണെന്ന് സൂചിപ്പിക്കുന്നുണ്ടോ?
അവർ ചൂതാടുന്നത് എന്തുകൊണ്ട്?
ഷരോന്റെയും സ്റ്റീവിന്റെയും വിവാഹജീവിതം സന്തോഷഭരിതമായിരുന്നു. പക്ഷേ തങ്ങൾ കടബാധ്യതയിൽ ആണ്ടുപോയിരിക്കുന്നു എന്ന് ഷരോൻ കണ്ടെത്തിയപ്പോൾ അവൾ സ്റ്റീവിനോട് ചൂതാട്ടം ഉപേക്ഷിക്കണേ എന്ന് കെഞ്ചിപ്പറഞ്ഞു. അത് നിർത്താം എന്ന എണ്ണമറ്റ വാഗ്ദാനങ്ങൾ അയാൾ ലംഘിച്ചു. ഷരോന്റെ ആരോഗ്യം ക്ഷയിച്ചു, അവൾക്ക് നെഞ്ചുവേദന തുടങ്ങി. സ്റ്റീവ് അത് തെല്ലും പ്രശ്നമാക്കിയില്ല. അവൾ അഥവാ മരിക്കുന്നെങ്കിൽ അപ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് തുകകൊണ്ട് ചൂതാട്ടം കൊണ്ടുണ്ടായ തന്റെ കടബാധ്യതകൾ അടച്ചുതീർക്കാമല്ലൊ എന്നതായിരുന്നു അയാളുടെ ഏകചിന്ത.
മനുഷ്യലൈംഗികതയുടെ വൈദ്യശാസ്ത്ര വശങ്ങൾ എന്ന പുസ്തകത്തിൽ വിവരിക്കപ്പെട്ട ഈ യഥാർത്ഥ ജീവിതസംഭവം, ചൂതാട്ടത്തിന് ആളുകളുടെ മേൽ എത്ര മുറുകിയ പിടിയുണ്ടായിരിക്കാൻ കഴിയും എന്ന് നന്നായി ദൃഷ്ടാന്തീകരിക്കുന്നു. ചിലർക്ക് ചൂതാട്ടം അത്യന്തം വശ്യമാക്കിത്തീർക്കുന്നത് അവരുടെ ശുദ്ധ അത്യാഗ്രഹമാണ്. എങ്കിലും നിർബ്ബദ്ധ ചുതാട്ടം എന്ന ചെറുപുസ്തകം പറയുന്നതിങ്ങനെയാണ്: “ചൂതാട്ടം നടത്തുന്ന ആളുകൾ . . . ചില പ്രത്യേക സംതൃപ്തികൾക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്: സംഘർഷസമ്മർദ്ദങ്ങളിൽ നിന്നുള്ള ആശ്വാസം, ഒരു ഭാഗ്യപരീക്ഷണം നടത്തുന്നതിന്റെ ആനന്ദം, ഒരു വിജയപ്രതീക്ഷ പകരുന്ന പുളകാതിരേകം, മദ്യം ജനിപ്പിക്കുന്ന തരം ‘ജ്വലനാനുഭൂതി’ അഥവാ ‘ഉൻമാദലഹരി’, സാമൂഹ്യസമ്മതിയും ചങ്ങാത്തവും. വിജയമാണ് ഫലം എങ്കിൽ മറ്റു അനുഭൂതികളോടൊപ്പം അധികാരത്തിന്റെ അല്ലെങ്കിൽ സർവ്വശക്തിയുടെ പോലും തോന്നൽ ഉണ്ടാവുന്നു.”
ജീവിതത്തിൽ ആദ്യഘട്ടങ്ങളിൽ വിജയം ലഭിക്കുന്നത് മിക്കപ്പോഴും ഒരു മറഞ്ഞ കെണി ഒരുക്കുന്നു. മിക്കയാളുകളും അത്തരം വിജയത്തെ കേവലം ഒരു “കന്നിഭാഗ്യം” എന്ന മട്ടിൽ അവഗണിക്കുമ്പോൾ ചില മടയൻമാർ അതിനെ ഒരു ശുഭശകുനമായി വ്യാഖ്യാനിച്ചേക്കാം. സൈക്കോളജി റ്റുഡേയിലെ ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “കനിവറ്റ കഠിന സാദ്ധ്യതകൾ— ചൂതാട്ടത്തിൽ ഏർപ്പെടുന്നവരിൽ 90 ശതമാനം ആളുകൾക്കും നഷ്ടം ഭവിക്കുന്നു എന്ന യാഥാർത്ഥ്യം—അവരുടെ ബോധത്തെ സ്പർശിക്കുന്നില്ല. ഈ പ്രതികൂല സാദ്ധ്യതകൾ അവർക്ക് ഏശുകയില്ല, അവർ വാസ്തവത്തിൽ വിശേഷപ്പെട്ടവർ ആണ് എന്ന് അവർക്ക് തോന്നുന്നു.” യാഥാർത്ഥ്യങ്ങളെ നേരിടുന്നതിൽ മിക്കവാറും രോഗഭാവത്തിലുള്ള ഈ വിസമ്മതം ആണ് ഒരു നിർബ്ബദ്ധ ചൂതുകളിക്കാരൻ ആയിത്തീരാനുള്ള ആദ്യ പടികളിലൊന്ന്.
അത്തരം ആളുകൾക്ക് ചൂതാട്ടം “ഒഴിവാക്കാനാകാത്ത ഒരു മയക്കുമരുന്നു”പോലെയാണ് എന്ന് ഇറ്റാലിയൻ വാർത്താപത്രമായ സ്റ്റാംപാ സീറാ പ്രസ്താവിച്ചു. അല്ലെങ്കിൽ ഇൽ ഗിയോർണാലേ ന്യോവോയിൽ ഗിയോവാനി ആർപ്പിനോ എഴുതിയതുപോലെ: “ഈ ദുശ്ശീലം പരിഹരിക്കാനാകാത്തവിധം ഒരുവന്റെ ശരീരത്തിൽ ഇഴുകിച്ചേരുന്നു.” അല്ലാത്തപക്ഷം വിരസമായിത്തീർന്നേക്കുമായിരുന്ന ഒരു ജീവിതഗതിയിൽ നിന്ന് ചൂതാട്ടം ഒരു വിടുതൽ ഏകുന്നു.
ഒരു ലഘുവിനോദമെന്ന നിലയിൽ ചൂതാട്ടത്തിലേർപ്പെടുമ്പോൾ പോലും പങ്കുപറ്റുന്നയാൾ ദുരഭിമാനത്തിനും നിഗളത്തിനും ഇരയായ്ത്തീർന്നുകൊണ്ട് താൻ പരാജയപ്പെട്ടാൽ കളി നിർത്താൻ കൂട്ടാക്കാതിരിക്കുകയോ താൻ ജയിച്ചുകഴിഞ്ഞും—ഒടുവിൽ വീണ്ടും തോൽക്കാൻ മാത്രം—കളി തുടരുകയോ ചെയ്യുന്നു.
പരാജയസാദ്ധ്യതകളെ കീഴടക്കൽ
താൻ ‘ജയിക്കാൻ വിധിക്കപ്പെട്ടവനാണ്’ എന്ന് ചൂതാട്ടക്കാരന് തോന്നിയേക്കാമെങ്കിലും അയാൾ പരാജയമടയുമെന്നു മിക്കവാറും തീർച്ചയാണെന്നുള്ളതാണ പരമാർത്ഥം! കാരണമോ? ലളിതമായ കണക്കുകൂട്ടൽ മാത്രം. ഒരു നാണയം പത്തു പ്രാവശ്യം തെറ്റിച്ചുവിടുക; അത് തലയോ വാലോ [നാണയത്തിന്റെ രണ്ടു വശങ്ങൾ] മേലെയായി എത്ര പ്രാവശ്യം വീതം വീഴും? സാമാന്യബോധത്തിൽ നിന്ന് അഞ്ചു പ്രാവശ്യം വീതം എന്നു പറഞ്ഞേക്കാം. ശ്രമിച്ചുനോക്കുക. അപൂർവ്വമായേ അങ്ങനെ സംഭവിക്കുന്നുള്ളൂ. ശരാശരികളുടെ നിയമം എന്നു വിളിക്കപ്പെടുന്ന തത്വം വലിയ സംഖ്യകളുടെ കാര്യത്തിൽ മാത്രമെ ബാധകമാകുകയുള്ളൂ. മറ്റു വാക്കുകളിൽ, അസംഖ്യം പ്രാവശ്യം ഒരു നാണയം തെറ്റിച്ചെറിഞ്ഞാൽ, ശരിയാണ്, തല മേലായും വാൽ മേലായും തുല്യതവണകളിൽ വീഴും. പക്ഷേ ഒരു ഹ്രസ്വഘട്ടത്തിൽ എതു വിധത്തിലും പ്രത്യക്ഷപ്പെടാം. അതുകൊണ്ട് ഒരു ടോസ് കൃത്യമായി എങ്ങനെയായിത്തീരും എന്ന് പറയുക വാസ്തവത്തിൽ അസാദ്ധ്യമാണ്.
ഒരു ചൂതുകളിക്കാരൻ ഇതംഗീകരിക്കാൻ വിസമ്മതിക്കുന്നു. ഒരു നാണയം ക്രമായി എട്ടു പ്രാവശ്യം തല മേലായി വീണുവെങ്കിൽ മിക്കവാറും മതാന്ധമായ തീക്ഷ്ണതയോടെ, ഏതായാലും അടുത്ത ടോസ്സിൽ വാൽ മേലായിത്തന്നെ വീഴും എന്നയാൾ വിശ്വസിച്ചേക്കാം. ഈ ബോധ്യത്തിലൂന്നിക്കൊണ്ട് അയാൾ ഒരു ജീവിതസമ്പാദ്യം മുഴുവൻ വാതു വച്ചേക്കാം. വാസ്തവത്തിൽ, ആ നാണയത്തിന് അതിന്റെ മുൻചെയ്തിയെപ്പറ്റി യാതൊരു ഓർമ്മയും ഇല്ല. ഓരോ തവണയും ടോസ് ചെയ്യുമ്പോൾ സാദ്ധ്യതകൾ പിന്നെയും പപ്പാതിയാണ്!
ആ സ്ഥിതിക്ക്, ഇതിലേറെ സങ്കീർണ്ണമായ ബ്ലാക്ജാക് അല്ലെങ്കിൽ റൗലറ്റ് കളികളിൽ എന്തു സംഭവിക്കും എന്ന് പ്രവചിക്കാൻ ഒരുമ്പെടുന്നത് ഫലശൂന്യമാണ്! ക്രമായി പരാജയപ്പെടാനുള്ള സാദ്ധ്യതകൾ എണ്ണമറ്റതാണ്. കുതിരപ്പന്തയമോ ഫുട്ബോൾ മത്സരമോ പോലെ പങ്കെടുക്കുന്നവരുടെ ചാതുര്യത്തെ അടിസ്ഥാനമാക്കി വാതു വയ്ക്കുന്ന മത്സരയിനങ്ങളിൽപോലും ഇത് സത്യമാണ്. “കാലവും മുൻകൂട്ടി കാണാത്ത സംഭവവും” പ്രവചനങ്ങളെ അമ്പേ തകിടം മറിക്കുന്നു. (സഭാപ്രസംഗി 9:11) “വ്യവസ്ഥാനുസരണമുള്ള” തന്ത്രങ്ങളിലൂടെ പരാജയസാധ്യതകളെ കീഴടക്കാനും സാധാരണഗതിയിൽ സാധ്യമല്ല. ഇറ്റലിയിൽ ഫുട്ബോൾ പൂളുകളിൽ പങ്കുപറ്റുന്നവരിൽ പകുതിയിലധികം പേർ ഒരേ സമയം നിരവധി കൂപ്പണുകൾ വിലക്കുവാങ്ങിക്കൊണ്ട് ഇങ്ങനെയൊരു ശ്രമം നടത്തുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു മത്സരത്തിൽ ഏക സുനിശ്ചിതമാർഗ്ഗം സർവ്വത്ര സാധ്യതകളും നോക്കി ഓരോന്നിനും കുറിയെടുക്കുക എന്നതാണ്. നിങ്ങൾ വിജയിക്കും എന്നുള്ളതിന് സംശയമില്ല. പക്ഷേ നിങ്ങൾ ചെലവഴിച്ച തുക സമ്മാനത്തുകയിലൂടെ നിങ്ങൾക്ക് വീണ്ടുകിട്ടുകയില്ല
ചൂതാട്ടത്തിൽ വിജയം കൊയ്യുന്നവർ ചൂതുകളിയുടെ സംഘാടകർ മാത്രമാണ്. മിക്കവാറും എല്ലായ്പ്പോഴും തന്നെ കാസിനോ (ചൂതുകളിശാല) ഒന്നാമത് വരത്തക്കവണ്ണം കാസിനോ ഉടമകൾ വിജയസാധ്യതകൾ ഓരോ കളിയിലും ക്രമീകരിച്ചു വയ്ക്കുന്നു. റിപ്പോർട്ടനുസരിച്ച് ഇറ്റലിയിലെ ഫുട്ബോൾ പൂളുകളിൽ നിക്ഷേപിക്കപ്പെടുന്ന തുകയുടെ വെറും 35 ശതമാനം മാത്രമെ സമ്മാനത്തുകയായി നൽകപ്പെടുന്നുള്ളൂ. പൂളുകൾ നടത്തുന്നവർ ബാക്കി ഭാഗം കൈയ്യടക്കും.
ആ സ്ഥിതിക്ക്, ‘ഞാൻ ഭാഗ്യവാൻ’ അല്ലെങ്കിൽ ‘ഇതുവരെ ഞാൻ നിർഭാഗ്യവാനായിരുന്നു, പക്ഷേ ഇനിമുതൽ ഞാൻ നേടിത്തുടങ്ങും’ എന്നെല്ലാം പറയുന്നവർ സ്വയം വിഡ്ഢികളാക്കുകയാണ്. ചൂതാട്ടം ഒരു ഫലശൂന്യവ്യായാമം ആണ്. വാർത്താമാധ്യമങ്ങൾ വിജയികളായ അപൂർവ്വം ചിലയാളുകൾക്ക് വലിയ പ്രചാരം കൊടുക്കുമ്പോൾ പരാജയമടയുന്ന ദശലക്ഷങ്ങളെക്കുറിച്ച് നാം കേൾക്കുന്നതുതന്നെ അപൂർവ്വമായിട്ടാണ്.
ചൂതാട്ടവും ബൈബിളും
“വിഡ്ഢിത്തം, വഷളത്വം, അതിരാഗം, വിഭ്രാന്തി, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം, സാഹസം, വ്യാമോഹസ്വപ്നങ്ങൾ, ലംഘനം, ശമിപ്പിക്കുന്തോറും ഏറുന്ന അപകടസാധ്യതകൾകൊണ്ട് പന്താടാനുള്ള അതിമോഹം—ഇവയും ഇവയോടൊപ്പം സമ്പത്തിനുവേണ്ടിയുള്ള ദുരയും ദിവാസ്വപ്നങ്ങളും അധികാരഭാവവും എല്ലാം അടങ്ങുന്നതാണ് ചൂതാട്ടം.” ലാ റിപ്പബ്ലിക്കാ എന്ന മാസിക പറഞ്ഞതാണിത്. ഗവൺമെൻറുകൾ പലപ്പോഴും ചൂതാട്ടം നിയമവിരുദ്ധം ആക്കാറുണ്ടെങ്കിലും അവർ കാസിനോകൾക്ക് ലൈസൻസ് നൽകിക്കൊണ്ട് കപടമായി ഈ ഏർപ്പാട് അനുവദിക്കുകയും സ്വയം ലോട്ടറിയും മറ്റും നടത്തുകയും ചെയ്യുന്നു!
മനുഷ്യർ ഇക്കാര്യത്തെ എങ്ങനെ വീക്ഷിച്ചാലും ചൂതാട്ടം ക്രിസ്ത്യാനിത്വവുമായി പൊരുത്തപ്പെടുകയില്ല എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ചൂതാട്ടം കേവലം ഒരു സാമ്പത്തിക ആവശ്യം നിറവേറ്റുന്നതായി ചിലർ കരുതിയേക്കാം. പക്ഷേ, “ഞങ്ങൾക്ക് ഇന്നേ ദിവസത്തേക്കുള്ള ഞങ്ങളുടെ അപ്പം ഇന്ന് നൽകേണമേ” എന്ന് പ്രാർത്ഥിക്കാനാണ് യേശു നമ്മെ പഠിപ്പിച്ചത്. അത്യാഗ്രഹത്തോടെ ചൂതാട്ടത്തിലേർപ്പെടാനും അതിനുശേഷം ഇങ്ങനെ പ്രാർത്ഥിക്കാനും ഒരു വ്യക്തിക്ക് എങ്ങനെയാണ് സാധിക്കുക? അല്ലെങ്കിൽ, “മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മറ്റു കാര്യങ്ങളെല്ലാം [ഭൗതിക ആവശ്യങ്ങൾ] നിന്നോട് കൂട്ടപ്പെടും” എന്ന ബുദ്ധിയുപദേശം അയാൾക്ക് പിൻപറ്റാൻ എങ്ങനെ കഴിയും?—മത്തായി 6:11, 33.
ബൈബിൾ കൂടുതലായി ഇങ്ങനെ ബുദ്ധിയുപദേശം നൽകുന്നു: “നിങ്ങൾ ഇപ്പോൾ ഉള്ളതുകൊണ്ട് തൃപ്തരായിരിക്കെ, നിങ്ങളുടെ ജീവിതരീതി പണസ്നേഹത്തിൽ നിന്ന് വിമുക്തമായിരിക്കട്ടെ.” (എബ്രായർ 13:5) ചൂതാട്ടക്കാരൻ ഒരിക്കലും തൃപ്തനാകില്ല. വാസ്തവത്തിൽ അയാൾ അത്യാഗ്രഹി ആയിരിക്കും, അത്യാഗ്രഹികളെപ്പറ്റി ബൈബിൾ പറയുന്നത് അവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നാണ്.—1 കൊരിന്ത്യർ 6:9, 10.
ഉവ്വ്, തങ്ങൾ ചൂതാട്ടം നടത്തുന്നത് പണത്തിനു വേണ്ടിയല്ല ഒരു ആവേശത്തിനുവേണ്ടിയാണ് എന്ന് ചിലർ വാദിച്ചേക്കാം. ബൈബിൾ പക്ഷേ, ദിവ്യ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് “ദൈവപ്രിയരായിരിക്കുന്നതിനു പകരം ഉല്ലാസപ്രിയരായിത്തീരുന്ന”വരെ കുറ്റം വിധിക്കുക തന്നെ ചെയ്യുന്നു. (2 തിമൊഥെയോസ് 3:4, 5) കൂടുതലായി യേശു ഇങ്ങനെ പറഞ്ഞു: “നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക.” (മത്തായി 22:39) തന്റെ അയൽക്കാരന്റെ പണം അപഹരിക്കാൻ ശ്രമിക്കവെ ഒരു വ്യക്തിക്ക് അയാളെ എങ്ങനെ സ്നേഹിക്കാൻ കഴിയും? “വാങ്ങുന്നതിനേക്കാൾ അധികം സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്” എന്ന അടിസ്ഥാന തത്വത്തോട് ചൂതാട്ടത്തെ നമുക്കെങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?—പ്രവൃത്തികൾ 20:35.
ചൂതാട്ടക്കാർ “ഭാഗ്യദേവന്റെ” അനുഗ്രഹം ആണ് അഭ്യർത്ഥിക്കുന്നത് എന്ന പരമാർത്ഥവും വിസ്മരിക്കപ്പെടാവുന്നതല്ല, ഇത് ബൈബിൾ വ്യക്തമായി കുറ്റം വിധിക്കുന്ന ഒന്നാണ്.—യെശയ്യാവ് 65:11.
ഒടുവിൽ, ഒരു ക്രിസ്ത്യാനിയുടെ “പ്രയോജനപ്രദങ്ങളായ ശീലങ്ങളി”ൻമേൽ ചൂതാട്ടം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പരിചിന്തിക്കുക. (1 കൊരിന്ത്യർ 15:33) ക്രിസ്ത്യാനിയുടെ ജീവിതഗതിയിൽ കഠിനാദ്ധ്വാനവും മിതവ്യയവും ഉൾപ്പെട്ടിരിക്കുന്നു. (എഫേസ്യർ 4:28) അതിശയകരമായി അപ്പവും മീനും പെരുപ്പിച്ചതിനുശേഷം ശേഷിപ്പ് വന്നവ പാഴാക്കരുത് എന്ന് യേശു ആജ്ഞാപിച്ചപ്പോൾ താൻ പാഴ്ചെലവ് ഇഷ്ടപ്പെടുന്നവനല്ല എന്ന് അവൻ കാണിച്ചു. (യോഹന്നാൻ 6:12, 13) പക്ഷേ, യേശുവിന്റെ കാൽച്ചുവടുകളെ പിൻതുടരുന്നതിനു പകരം, ഒരു ചൂതാട്ടക്കാരൻ, “ഒരു ദുർമ്മാർഗ്ഗജീവിതം നയിച്ചുകൊണ്ട് തന്റെ സ്വത്തുക്കൾ നാനാവിധമാക്കിക്കളഞ്ഞ” യേശുവിന്റെ ഉപമയിലെ മുടിയനായ പുത്രനോട് ഏറെ സാദൃശം വഹിക്കുന്നു.—ലൂക്കോസ് 15:13.
സത്യക്രിസ്ത്യാനികൾ ചൂതാട്ടത്തിന്റെ സകലരൂപങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു. യേശു പറഞ്ഞതുപോലെ: “അത്യൽപ്പത്തിൽ വിശ്വസ്തനായ വ്യക്തി അധികത്തിലും വിശ്വസ്തൻ, അത്യൽപ്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.”—ലൂക്കോസ് 16:10.
രസകരമാംവിധം, യഹോവയുടെ സാക്ഷികൾ, നിർബ്ബദ്ധ ചൂതാട്ടത്തിന്റെ കെണിയലകപ്പെട്ട അനേകരെ അതിൽ നിന്ന് വിടുതൽ നേടാൻ സഹായിച്ചിട്ടുണ്ട്. (മുൻ പേജ് കാണുക) ചൂതാട്ടം ഉളവാക്കുന്ന ആഡ്രിനാലിൻ ദ്രാവകത്തിന്റെ ഇരച്ചുകയറ്റം അത്തരം ആളുകൾ മേലാൽ അനുഭവിക്കുന്നില്ല, മറിച്ച്, ഇന്ന് അവർക്ക് ജീവിതത്തിൽ ഒരു യഥാർത്ഥ ഉദ്ദേശ്യമുണ്ട്. ആരോഗ്യത്തെയും കുടുംബത്തെയും തകർക്കുന്ന ഒരു നടപടിയിൽ ഏർപ്പെടുന്നതിനു പകരം അവർ “സൽപ്രവൃത്തികളിൽ” സമ്പന്നരായിരിക്കുന്നു. മറ്റൊരുത്തൻ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം തട്ടിയെടുക്കുന്നതിനുള്ള പദ്ധതിക്ക് ഒരുങ്ങുന്നതിനു പകരം അവർ “പങ്കിടാൻ ഒരുക്കമുള്ളവർ” ആണ്. അവർക്ക് ചൂതാട്ടത്തിന്റെ മായാലോകത്തിൻമേലല്ല “യഥാർത്ഥ ജീവിതത്തിൻമേലാണ് ദൃഢമായ പിടി”യുള്ളത്. (1 തിമൊഥെയോസ് 6:18, 19) ഇപ്രകാരം അവർ യഥാർത്ഥ വിജയികളായിത്തീർന്നിരിക്കുന്നു! (g87 9/8)
[25-ാം പേജിലെ ആകർഷകവാക്യം]
“കനിവറ്റ കഠിന സാദ്ധ്യതകൾ—ചൂതാട്ടത്തിൽ ഏർപ്പെടുന്നവരിൽ 90 ശതമാനം ആളുകൾക്കും നഷ്ടം ഭവിക്കുന്നു എന്ന യാഥാർത്ഥ്യം—അവരുടെ ബോധത്തെ സ്പർശിക്കുന്നില്ല. ഈ പ്രതികൂല സാദ്ധ്യതകൾ അവർക്ക് ഏശുകയില്ല, അവർ വാസ്തവത്തിൽ വിശേഷപ്പെട്ടവർ ആണ് എന്ന് അവർക്ക് തോന്നുന്നു.”—സൈക്കോളജി റ്റുഡേ.
[26-ാം പേജിലെ ചതുരം]
ഞാൻ ഒരു ചൂതുകളിക്കാരനായിരുന്നു
ഞാൻ എന്റെ പന്ത്രണ്ടാം വയസ്സിൽ പോക്കർ കളിയിൽ (ഒരു തരം ചീട്ടുകളി) ആസക്തനായിത്തീർന്നു. ഞാൻ വിവാഹിതനായതിനുശേഷം ഈ ശീലം തുടർന്നുപോന്നു. വൈകിട്ട് ഒമ്പത് മണിക്ക് കളി തുടങ്ങിയാൽ രാവിലെ അഞ്ചു മണിക്കോ ആറുമണിക്കോ മാത്രമെ അവസാനിപ്പിക്കുമായിരുന്നുള്ളു. അതിനു ശേഷം ക്ഷീണിച്ചു കോച്ചി ഞാൻ ജോലിക്കു പോകാൻ ശ്രമിച്ചിരുന്നു. മിക്കപ്പോഴും ഞാൻ ജയിക്കാറില്ലായിരുന്നു.
ചൂതാട്ടം എന്റെ കുടുംബ ജീവിതത്തെയും വ്യക്തിത്വത്തെയും തകർക്കാൻ തുടങ്ങി. പോക്കർ കളിയിൽ ധാരാളം വീമ്പിളക്കുക ആവശ്യമായിരുന്നു. പക്ഷേ ഞാൻ വീമ്പ് മുഴക്കാറുണ്ടായിരുന്നതു കൂടാതെ യഥാർത്ഥ ജീവിതത്തിലുടനീളം വ്യാജം പറഞ്ഞും നടന്നു. അങ്ങനെയിരിക്കെ പണത്തിന് വലിയ ആവശ്യം നേരിട്ടു. ഞാൻ ജയിക്കുമായിരുന്നപ്പോഴെല്ലാം കിട്ടിയ പണം ഉടനെ ചെലവഴിക്കാനുള്ള പ്രേരണയുണ്ടായിരുന്നതുകൊണ്ട് പണം അധികനാൾ എന്റെ കീശയിൽ നീണ്ടുനിന്നില്ല. താമസിയാതെ എന്റെ വിവാഹ ജീവിതം തകർന്നു.
അനന്തരം 1972-ൽ യഹോവയുടെ സാക്ഷികളിൽപെട്ട രണ്ടുപേർ എന്റെ വാതിൽക്കൽ മുട്ടി. അവർ സംസാരിച്ചപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘ഒന്നും കാണാതെ ആരും യാതൊന്നും ചെയ്യുകയില്ല. ഇവർക്ക് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം.’ (ഒരു പോക്കർ കളിക്കാരൻ സകല കാര്യങ്ങളിലും സംശയാലു ആയിരിക്കാൻ സ്വയം പരിശീലിപ്പിക്കുന്നു!) കാലം കടന്നുപോയതോടെ ഇത് സത്യമായിരുന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ അവരുടെ ഒരു സഭായോഗത്തിന് പോയി, എനിക്ക് എല്ലാം മനസ്സിലായിരുന്നില്ല എങ്കിലും അവരുടെ ചിട്ട, ഐക്യം, ദയ എന്നിവ എന്നിൽ മതിപ്പുളവാക്കി.
ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. ചൂതാട്ടത്തിന്റെ കാര്യമോ? എനിക്ക് ഒരു പരിപൂർണ്ണ ബന്ധവിച്ഛേദം നടത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, ബൈബിൾ സത്യം നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ചൂതാട്ടം നടത്തുന്നതിനുള്ള ഉൾപ്രേരണ നിങ്ങൾക്ക് നഷ്ടപ്പെടുന്നു. അങ്ങനെ ഒരു വലിയ യത്നത്തിന്റെ ഫലമായി ഞാൻ അത് നിർത്തി. ഞാൻ 1975-ൽ സ്നാനം എൽക്കുകയും ചെയ്തു. എനിക്ക് കൈവന്ന അനുഗ്രഹങ്ങൾ നിസ്സീമമാണ്. എന്റെ ആരോഗ്യം അഭിവൃദ്ധിപ്പെട്ടു—എന്റെ വ്യക്തിത്വവും അങ്ങനെ തന്നെ. മേലിൽ എന്റെ ജീവിതത്തെ ഭരിക്കുന്നത് ചൂതാട്ടമല്ല പിന്നെയോ ആത്മീയ താത്പര്യങ്ങളാണ്. മുൻപ് എന്റെ ചൂതുകളിക്കൂട്ടുകാർ മാത്രമെ എന്നെ മാനിച്ചിരുന്നുള്ളൂ. പക്ഷേ ഇന്ന് ഞാൻ ഒരു മൂപ്പനായി സേവിക്കുന്ന സഭയിലെ അംഗങ്ങളാൽ ഞാൻ സ്നേഹിക്കപ്പെടുന്നു. ചൂതാട്ടക്കാരൻ സദാ നഷ്ടപ്പെടുന്നവനാണ് എന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു. ഇത് കാണാൻ ബൈബിൾ സത്യമാണ് എന്നെ സഹായിച്ചത്.—സംഭാവന ചെയ്യപ്പെട്ടത്.
[27-ാം പേജിലെ ചിത്രം]
ചൂതാട്ടം നടത്തുകയും അതേ സമയം തന്നെ “ഇന്നേ ദിവസത്തേക്കുള്ള ഞങ്ങളുടെ അപ്പം ഞങ്ങൾക്ക് ഇന്നു നൽകേണമേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഒരു ക്രിസ്ത്യാനിക്ക് യോജിച്ചതാണോ?