സമ്മർദ്ദ വിധേയമാകുന്ന സസ്യങ്ങൾ
ചില ചെടികളെ കീടങ്ങൾ പെട്ടെന്ന് കടന്നാക്രമിക്കുന്നത് അല്ലെങ്കിൽ അവ പെട്ടെന്ന് രോഗം ബാധിച്ച് മരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയെ കൈകാര്യം ചെയ്തതിൽ എന്തോ അപാകത സംഭവിച്ചിരിക്കാമെന്നോ വേണ്ടതിലധികം വെള്ളമൊഴിച്ചിരിക്കാമെന്നോ അല്ലെങ്കിൽ ഏതോ രോഗമോ, അന്തരീക്ഷ മലിനീകരണമോ ആയിരിക്കാം അവയെ കൊന്നതെന്നോ നിങ്ങൾ തീർച്ചയായും കരുതിയിരിക്കും. പക്ഷേ ഈ ദ്രോഹകാരികൾ ചെടികളെ സമ്മർദ്ദത്തിനടിപ്പെടുത്തുന്നു എന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ദൃശ്യലക്ഷണങ്ങൾ പോലും കാണിച്ചു തുടങ്ങുന്നതിന് മുമ്പേ അവ മൗനമായി “സമ്മർദ്ദ സൂചനകൾ” പുറപ്പെടുവിച്ചുകൊണ്ടിരുന്നു എന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?
ഇങ്ങനെയാണ് ഈസ്റ്റേൺ, പെൻസിൽവേനിയായിലെ ദ എക്സ്പ്രസ്സ് എന്ന പത്രത്തിൽ ചാൾസ് ബി. ഫോണി റിപ്പോർട്ട് ചെയ്യുന്നത്. വയൽ⁄തോട്ടം എന്ന അദ്ദേഹത്തിന്റെ പംക്തിയിൽ പറയുന്നപ്രകാരം “ചെടികൾ എപ്പോഴാണ് സമ്മർദ്ദവിധേയമാകുന്നത് എന്ന് അവ നമ്മളോടു പറയും—ഒരു മുന്നറിയിപ്പിന്റെ അടയാളം നൽകും—എന്ന് ചില ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുന്നതായി ഐക്യനാടുകളുടെ കൃഷി ഡിപ്പാർട്ട്മെൻറ് റിപ്പോർട്ട് ചെയ്യുന്നു.” “ഒരു ചെടി എങ്ങനെയാണ് സഹായത്തിന് വേണ്ടി കേഴുന്നത് എന്ന് തങ്ങൾ കണ്ടെത്തിയതായി ഈ ശാസ്ത്രജ്ഞൻമാർ കരുതുന്നു.”
ചെടികൾ സമ്മർദ്ദത്തിനടിപ്പെടുമ്പോൾ അവ ഈതലീൻ വാതകം പുറപ്പെടുവിക്കുന്നതായി തോന്നുന്നു. ഈ വാതക വിസർജ്ജ്യത്തെ ചില കീടങ്ങൾക്ക് തിരിച്ചറിയാനാകുമെന്നും തോന്നുന്നു. ഈതലീൻ വാതകം പുറപ്പെടുവിക്കുന്ന രോഗ ബാധിതരായ വൃക്ഷങ്ങൾ ആർത്തിയോടെയെത്തുന്ന ചെല്ലികൾക്ക് ഉടനെ ഇരയായിത്തീരുന്നു. ഗ്യാസ് ക്രൊമാറ്റോഗ്രാഫ്—വിവിധ വാതക വിസർജ്ജ്യങ്ങളെ തരം തിരിച്ചറിയിക്കുന്ന ഒരു ഉപകരണം—ഉപയോഗിച്ചുകൊണ്ട് ചെടികൾ എത്രമാത്രം വാതകം ബഹിർഗ്ഗമിപ്പിക്കുന്നു എന്ന് തങ്ങൾക്ക് അളക്കാൻ കഴിയും എന്ന് ഈ ഗവേഷകർ കരുതുന്നു. ഇപ്രകാരം ഒരു സസ്യം സമ്മർദ്ദത്തിൻ കീഴിലാണോ എന്നും അതിൻ കീഴിൽ അതിന് ചെറുത്തു നിൽക്കാൻ കഴിയുന്നുണ്ടോ ഇല്ലയോ എന്നും അവർക്ക് നിർണ്ണയിക്കാൻ കഴിയുന്നു. സ്പഷ്ടമായും, മനുഷ്യരെപ്പോലെതന്നെ സസ്യങ്ങളെയും കവിഞ്ഞ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. (g87 8/22)