സിങ്കപ്പൂരിലെ പക്ഷികളുടെ ലോകം
“ആ പീരങ്കി പൊട്ടിക്കൂ!” തന്റെ സംരക്ഷകന്റെ ആജ്ഞയിങ്കൽ മനോഹരമായ നീല വദനത്തോടുകൂടിയ സഡൻ ഷോട്ട് എന്ന ആമസോൺതത്ത തന്റെ ശിരസ്സു കുനിക്കുന്നു. അവന്റെ ശക്തമായ കൊക്ക് കാഞ്ചിയിലമരുന്നു. പൊടുന്നനെ റ്റേബിൾ റ്റെന്നീസ് പന്തു പോലുള്ള ഒരു പ്ലാസ്റ്റിക്ക് പന്ത് ആ ലോഹക്കുഴലിൽനിന്നു ബഹിർഗ്ഗമിക്കുന്നു. പക്ഷേ അതിനു അധികദൂരം സഞ്ചരിക്കേണ്ടിവരുന്നില്ല. മിസ്റ്റർ ഹോൺ, സുന്ദരനായ ഒരു പെരുങ്കൊക്കൻപക്ഷി, അതിനായി അങ്ങനെ കാത്തുനിൽപ്പുണ്ട്. തലയുടെ സമർത്ഥമായ ഒരു വെട്ടിക്കലോടെ അവന്റെ അസാധാരണമായ ഓറഞ്ചുവർണ്ണത്തിലുള്ള കൊക്കു തുറക്കുകയും തികഞ്ഞ ലാഘവത്തോടെ അവൻ ആ പന്ത് വായുവിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്യുന്നു.
ആ ചെറിയ നടനശാലയിലെ സദസ്സ് പെട്ടെന്ന് കരഘോഷം മുഴക്കുമ്പോൾ പക്ഷികളുടെ സംരക്ഷകൻ അവയ്ക്ക് ഒരുക്കിവെച്ചിരിക്കുന്ന പയർമണികൾ സമ്മാനിക്കുന്നു.
എല്ലാവർഷവും ഏഴര ലക്ഷത്തോടടുത്തു ജനങ്ങൾ സിങ്കപ്പൂരിലെ ജുറോംഗ് പക്ഷികേന്ദ്രം സന്ദർശിക്കാറുണ്ട്. 50-ഏക്കർ (20 ഹെക്ടർ) വരുന്ന ഈ സ്ഥാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ചിരിക്കുന്ന 300 വർഗ്ഗങ്ങളിൽപ്പെട്ട 3,000-ത്തിലധികം വരുന്ന പക്ഷികളുടെ ഭവനമായി മാറിയിരിക്കുകയാണ്. അതെത്ര ആകർഷകവും ആനന്ദകരവുമായ സ്ഥലമാണ്!
ഒരു ഔദ്യോഗിക ഗൈഡ്ബുക്ക് വർണ്ണിക്കുന്നതനുസരിച്ച് ഈ കേന്ദ്രത്തിന്റെ അഞ്ചേക്കർഭാഗം (2 ഹെക്ടർ) “ലോകത്തിലെ ഏറ്റവും വലിയ നടന്നുകാണാവുന്ന പരിവൃത പക്ഷിശാല”യാണ്. വൃക്ഷങ്ങൾക്കു മേലെ വളരെ ഉയരത്തിൽ വിരിച്ചിരിക്കുന്ന കമ്പിവലയ്ക്കടിയിലൂടെ നാം സാവധാനം നടന്നുനീങ്ങുമ്പോൾ പക്ഷികളെ എവിടെയും കാണാം. ഉജ്ജ്വലവർണ്ണങ്ങളോടുകൂടിയ തത്തകൾ ഒച്ചയുണ്ടാക്കിക്കൊണ്ട് ചിലയ്ക്കുമ്പോൾ ഒരു ബ്ലൂ ബേർഡ് നിശ്ശബ്ദമായി മരംതോറും പാറിപ്പോകുന്നു. ഒരു കരിഞ്ചുവപ്പൻ ഗാലിനുൾ ജലത്താമര ഇലകൾക്കുമീതെ സമർത്ഥമായി നടക്കുന്നു, അതിന്റെ ബൃഹത്തായ പാദങ്ങൾ അതിനു കൃത്യമായ സന്തുലനം നൽകുന്നു. അനവധി നീർകോഴികൾ നൂറു അടി (30 മീറ്റർ) ഉയരത്തിൽനിന്നുള്ള ഒരു കൃത്രിമ വെള്ളച്ചാട്ടത്താൽ പോഷിപ്പിക്കപ്പെടുന്ന ഒരു അരുവിയിൽ മുങ്ങിക്കുളിക്കുന്നു. ആ വഴിയുടെ അവസാനം നാം പീലികൾ പൂർണ്ണമായി വിടർത്തി പ്രദർശിപ്പിച്ചുകൊണ്ട് ഗമയിൽ നിൽക്കുന്ന ഒരു മയിലിനെ കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു ടൂറിസ്റ്റ് സംഘത്തോടൊപ്പമെത്തുന്നു.
തികച്ചും വൈരുദ്ധ്യത്തോടെ നിശാചരങ്ങളുടെ വിഭാഗത്തിൽ പരിപൂർണ്ണ നിശ്ശബ്ദതയാണ്. നാം അതിലെ ഇരുണ്ട ഇടനാഴികളിലൂടെ പതുക്കെ സംസാരിച്ചുകൊണ്ട് നീങ്ങുമ്പോൾ അപൂർവ്വതരം മൂങ്ങകൾ നിശ്ചലരായി ഇരിക്കുന്നതു കാണാം. കറുത്ത തലപ്പാവും തവിട്ടുനിറവുമുള്ള നിശാകൊക്കുകൾ അവയുടെ കണ്ടൽ-ചതുപ്പു ചുറ്റുപാടിൽ ക്ഷമയോടെ ആരെയോ കാത്തുനിൽക്കുന്നതു കാണാം. എന്നാൽ നാം കാണാനാശിച്ച ഏറ്റവും അപൂർവ്വമായ പക്ഷി, ന്യൂസിലാണ്ടിന്റെ ദേശീയചിഹ്നമായ കിവി, നമുക്ക് അപ്രാപ്യമായിത്തന്നെ നിലകൊള്ളുന്നു. പിന്നെ നാം സാധാരണയായി കാണാത്ത തവിട്ടുനിറത്തിലുള്ള ഓസ്ട്രേലിയൻ ഫ്രോഗ്മൗത്ത് അപ്രതീക്ഷിതമായി നമ്മെ തുറിച്ചുനോക്കുന്നതു കാണാം.
വീണ്ടും തുറസ്സായ സ്ഥലത്തേക്കിറങ്ങിക്കഴിഞ്ഞാൽ മരാളങ്ങൾ നീന്തിക്കളിക്കുന്ന ഉജ്ജ്വലശോഭയാർന്ന തടാകം കടന്ന് നാം ശാന്തമായ നടപ്പാതകളിലേക്കു തിരിയുന്നു. മാംസഭുക്കുകളായ പക്ഷികളെ കണ്ടു നാം ആശ്ചര്യപ്പെടുന്നു. മുന്നോട്ടു നീങ്ങുമ്പോൾ ചെമ്പരത്തിയിൽനിന്നു വളരെ മൃദുവായി പൂന്തേൻ കുടിക്കുന്ന ഹമ്മിംഗ് ബേർഡിനെ കണ്ട് ശ്വാസമടക്കിനിന്നുപോകും. എങ്ങനെയാണ് ഏറ്റവും ചെറിയ പക്ഷിയായ ഇതിന്—ചിലതിനു ഒരൗൺസിൽ (28 ഗ്രാം) കുറഞ്ഞ ഭാരമേ കാണുകയുള്ളു—സെക്കണ്ടിൽ 70 പ്രാവശ്യം തന്റെ ചിറകടിക്കാൻ കഴിയുന്നത്? വാസ്തവത്തിൽ അത് രൂപകല്പനയുടെ ഒരു ഉജ്ജ്വലമായ അത്ഭുതംതന്നെയാണ്.
ഈ ജുറോങ് പക്ഷികേന്ദ്രത്തിലെ നിവാസികൾക്ക് സംരക്ഷണം നൽകുകയെന്നത് ഒരു ഭീമായ ജോലിയാണ്. ശരിയായ ആഹാരവും പരിസരവും ശ്രദ്ധാപൂർവം കരുതേണ്ടതാണ്. സിങ്കപ്പൂരിന്റെ ഉഷ്ണമേഖലാചൂട് ഉണ്ടായിട്ടുപോലും ദക്ഷിണമേരിക്കയുടെ പശ്ചിമതീരത്തെ ശീതജലങ്ങളിൽനിന്നുള്ള ഹാംബോൾട്ട് പെൻഗ്വിനുകൾ തദ്ദേശീയ വാനമ്പാടികളെപ്പോലെ സംതൃപ്തമായി പെറ്റുപെരുകുന്നു.
ഇപ്പോൾ നാം തന്റെ സൈക്കിളിൽ കാൽ കവച്ചിരിക്കുന്ന മാക്ക് എന്ന അമേരിക്കൻ തത്തയെ കാണാനെത്തുന്നു. ആ മേൽക്കൂര മേഞ്ഞ വേദിയിലൂടെ അവൻ ചവിട്ടിപ്പോകുമ്പോൾ കൊച്ചു കുട്ടികൾ സന്തോഷംകൊണ്ട് ആർത്തുവിളിക്കുന്നു. “ഇതു ചെയ്യാൻ മാക്കിനെ പഠിപ്പിക്കുന്നതിന് 3 മാസം വേണ്ടിവന്നു” എന്ന് ഇവിടത്തെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “കൂടാതെ, ഞങ്ങൾ ഒരു വർഷം 50 മുതൽ 60 വരെ പക്ഷികളെ പരിശീലിപ്പിക്കുന്നു.” പരിശീലകർ ദയയും ക്ഷമയുമുള്ളവരായിരിക്കണം. പക്ഷികൾക്കു പ്രതിഫലം കൊടുക്കും, എന്നാൽ ഒരിക്കലും ശിക്ഷ കൊടുക്കാറില്ല. “രണ്ടു പക്ഷിപരിശീലകരെക്കൂടി ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.”
പക്ഷേ അതിനേതായാലും ഞങ്ങളില്ല. ഞങ്ങൾക്ക് വേഗംതന്നെ വടക്കുള്ള ഞങ്ങളുടെ നാട്ടിലേക്ക്, പൂന്തോട്ടത്തിനു നിറം പകരുന്ന ഓറഞ്ച്വർണ്ണ നെഞ്ചോടുകൂടിയ അമേരിക്കൻകുരുവിയുടെ അരികിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു. എന്നിട്ട്, ഈ വർണ്ണോജ്ജ്വല പ്രദർശനത്തിന്റെ ഓർമ്മകൾ അയവിറക്കുന്നത് എത്ര രസമായിരിക്കും.—സംഭാവനചെയ്യപ്പെട്ടത്. (g87 7/8)
[22, 23 പേജുകളിലെ ചിത്രങ്ങൾ]
കറുത്ത തലപ്പാവോടുകൂടിയ നിശാകൊക്ക്
സ്വർണ്ണവും നീലയും നിറമുള്ള തത്ത
തവിട്ടു കിവി
ഗ്രേറ്റർ ഫെമ്ലിംഗോ