ചെറുപ്പക്കാർ ചോദിക്കുന്നു . . .
എന്റെ വസ്തുക്കൾ വളരെ വൃത്തിയുള്ളതായിരിക്കേണ്ടതെന്തുകൊണ്ട്?
“അവസാനമായി ഞാൻ നിന്നോട് ഒന്നുകൂടെ പറയുകയാണ്. നിന്റെ മുറി വൃത്തിയാക്ക്!”
ഈവാക്കുകൾ നിങ്ങൾക്ക് സുപരിചിതമായി തോന്നുന്നുണ്ടോ? തോന്നിയേക്കാം. കാരണം വസ്തുക്കൾ വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിനുള്ള സ്വാഭാവിക പ്രവണത നമ്മിൽ ചുരുക്കം പേർക്കേ ഉള്ളു.
എന്നിരുന്നാലും അത്തരം ഒരു ഡിമാൻറ് നീതിയില്ലാത്തതായി നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ മുറി അൽപസ്വൽപം വൃത്തിയില്ലാത്തതായി കിടക്കുന്നത് നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. അതേസമയം വീടിന്റെ മറ്റു ഭാഗങ്ങളിലും നിരവധി ചട്ടങ്ങൾ ഉണ്ടായിരുന്നേക്കാവുന്നതിനാൽ, നിങ്ങളുടെ മുറി സൂക്ഷിക്കേണ്ടതെങ്ങനെയെന്നതു സംബന്ധിച്ചും ചട്ടങ്ങൾ ഉണ്ടായിരിക്കേണ്ടതല്ലേ? നിങ്ങൾ മറ്റ് ചെറുപ്പക്കാരെപ്പോലെ ലഹരിപാനീയങ്ങളും മയക്കുമരുന്നുകളും ഉപയോഗിക്കാത്തതിനാൽ വൃത്തിയില്ലായ്മ പോലുള്ള ഇത്തരം നിസ്സാര പിശകുകൾ വലിയ കാര്യമൊന്നുമല്ലെന്നുപോലും നിങ്ങൾ ചിന്തിച്ചേക്കാം. ഇതിലും വളരെ വൃത്തികേടായി മുറികൾ സൂക്ഷിക്കുന്ന കൂട്ടുകാരും നിങ്ങൾക്കുണ്ടായേക്കാമെന്നത് സത്യമല്ലേ? പിന്നെ, എന്തുകൊണ്ടാണ് ചില മാതാപിതാക്കൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഇത്ര ഒച്ചപ്പാടുണ്ടാക്കുന്നത്? അവർക്ക് അതിന് തക്കതായ കാരണങ്ങളുണ്ടോ?
ശുചിത്വം ശുചിത്വമില്ലായ്മക്കെതിര്
നിങ്ങളുടെ മാതാപിതാക്കൾ ഒരു പ്രത്യേക മനോരോഗവിദഗ്ദ്ധന്റെ ബുദ്ധിയുപദേശം പിൻപറ്റണമെന്ന് നിങ്ങൾ ആഗ്രഹിച്ചേക്കാം. അദ്ദേഹം മാതാപിതാക്കളോടിപ്രകാരം പറഞ്ഞു: “നിങ്ങൾക്ക് ഇഷ്ടമില്ലാത്ത മുറിയിലേക്ക് പോകാതിരിക്കുക എന്നതായിരിക്കണം നിങ്ങളുടെ ഏറ്റം നല്ല പ്രതിജ്ഞ.” എന്നിരുന്നാലും, ശുചിത്വം ആവശ്യപ്പെടാൻ മാതാപിതാക്കൾക്ക് നല്ല കാരണങ്ങളുണ്ടെന്ന് മറ്റുചിലർ മനസ്സിലാക്കുന്നു. സ്ത്രീകളുടെ വീട്ടുമാസികയിൽ മന:ശാസ്ത്രജ്ഞനായ പോൾ ആഡംസ് ഇപ്രകാരം പറയുന്നതായി ഉദ്ധരിക്കുന്നു: “ഒരു കുട്ടിയോട് തന്റെ മുറി ഏതാണ്ട് വൃത്തിയുള്ളതായിരിക്കണം എന്ന് പറയുന്നത് അർത്ഥവത്താണ്. നിയന്ത്രണങ്ങൾ വിശദീകരിക്കുക. എന്നാൽ തന്റെ കിടപ്പുമുറി അൽപ്പമെങ്കിലും വൃത്തിയാക്കി സൂക്ഷിക്കുക സാദ്ധ്യമല്ലെങ്കിൽ നിന്റെ ചില പ്രത്യേക പദവികൾ നഷ്ടപ്പെടും എന്നും പറയുക.”
ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളുടെ മുറിയിലും ചില ചട്ടങ്ങൾ വെക്കാൻ അവകാശമുണ്ടെന്ന് ഓർക്കുക. ഇല്ലേ? അവർ വളരെയധികം പണവും സമയവും ചെലവഴിച്ചതിനാൽ നിങ്ങൾക്ക് ഇപ്പോൾ സ്വന്തമായി മുറിയുണ്ട്. അവർ ഒരു പക്ഷേ അത് അലങ്കരിച്ചിരിക്കാം. അതുകൊണ്ട് അത് നിലനിർത്തുന്നതു സംബന്ധിച്ച് നിയമങ്ങൾ വെക്കാനും അവർക്ക് ന്യായമായ കാരണങ്ങളുണ്ട്. അവ അനുസരിക്കുന്നത് പ്രയോജനപ്രദമാണെന്ന് നിങ്ങൾ കണ്ടെത്തും.
ഹെൻറി ഡബ്ലിയു. ലോംഗ്ഫെലോ നിർമ്മാതാക്കൾ എന്ന തന്റെ കവിതയിൽ ഈ പറച്ചിലിന് തുടക്കമിട്ടു: “ഓരോന്നും അതാതിന്റെ സ്ഥാനത്തായിരിക്കുന്നത് നല്ലത്.” സ്പഷ്ടമായും ഇത് സാദ്ധ്യമാണെന്ന് നിങ്ങളുടെ മാതാപിതാക്കൾക്ക് തോന്നും. കാരണം “ഓരോന്നും അതാതിന്റെ സ്ഥാനത്തായിരിക്കുന്ന”തിനാൽ പ്രയോജനങ്ങളുണ്ട്. അവ എന്തെല്ലാമാണ്?
ശുചിത്വത്തിന്റെ ചില പ്രയോജനങ്ങൾ
വസ്തുക്കൾ കണ്ടുപിടിക്കുക എളുപ്പമാണെന്നുള്ളതാണ് ഒരു സ്പഷ്ടമായ പ്രയോജനം. മുറി വൃത്തിയായി സൂക്ഷിക്കാത്ത ഒരാൾ തന്റെ താക്കോലും ചീപ്പും തൂവാലയും മറ്റും കണ്ടുപിടിക്കാൻ വളരെ സമയം നഷ്ടപ്പെടുത്തിയേക്കാം. എങ്ങനെയോ കാലേൽ തട്ടി കട്ടിലിനടിയിലേക്കുപോയ ഒരു ഷൂസ് കണ്ടുപിടിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ! കൂടാതെ തുണികൾ വൃത്തിയുള്ളതായും ചുളുക്കമില്ലാത്തതായും ഇരിക്കും. അത് ശരിയായി തൂക്കിയിട്ടാൽ പഴക്കം നിൽക്കും. വസ്തുക്കൾ അതാതിന്റെ സ്ഥാനത്തു വെച്ചാൽ ചെരിപ്പിലോ ട്രൗസറുകളിലോ തട്ടി വീഴുന്ന അപകടവുമില്ല. നിങ്ങളുടെ മുറിയിൽ നിങ്ങളുടെ സഹോദരനോ സഹോദരിയോ താമസിക്കുമ്പോൾ ഇത് വിശേഷാൽ സത്യമാണ്.
സർവ്വോപരി, കുടുംബത്തിലെ ഓരോ അംഗങ്ങളും തങ്ങളുടെ മുറി ശുചിയായും വൃത്തിയായും സൂക്ഷിക്കാനുള്ള കൃത്യം നിർവ്വഹിക്കുമ്പോൾ അത് മറ്റുള്ളവരുടെ ഭാരം കുറക്കുകയും അത് ഒരു സന്തുഷ്ട കുടുംബത്തിന് സംഭാവന ചെയ്യുകയും ചെയ്യും. ഇതു സംബന്ധിച്ച് 14 വയസ്സുള്ള കാരോളിൻ എഴുതുന്നു: “അമ്മയ്ക്ക് വീട്ടിൽ ധാരാളം ജോലിയുണ്ട് . . . എന്നെകൂടാതെ വീട്ടിൽ ആറ് കുട്ടികളുണ്ട്. അതിൽ ആർക്കും സ്വന്തം കാര്യം നോക്കാനറിയില്ല. അതെല്ലാം എന്റെ അമ്മ ചെയ്യണം. അമ്മയ്ക്കാണെങ്കിൽ പുറം വേദനയുണ്ടുതാനും.” ആ ഏഴ് കുട്ടികൾ “ഓരോന്നും അതാതിന്റെ സ്ഥാനത്ത് വെക്കുന്നെങ്കിൽ” അത് അമ്മയുടെ ഭാരം കുറക്കും, ഇല്ലേ?
മറ്റൊരു പ്രയോജനം, നിങ്ങൾ നിങ്ങളുടെ മുറി വൃത്തിയായി സൂക്ഷിക്കുന്നെങ്കിൽ മറ്റ് മണ്ഡലങ്ങളിലും നിങ്ങൾ ഒരു പക്ഷേ അതു തന്നെ ചെയ്യും. കാര്യങ്ങൾ വൃത്തിയായിരിക്കാനുള്ള നിങ്ങളുടെ പ്രകൃതം നിങ്ങളുടെ കുടുംബ കാറും മറ്റ് സ്വത്തുക്കളും സൂക്ഷിക്കുന്നതിലും നിങ്ങൾ പ്രദർശിപ്പിക്കും. അങ്ങനെ നിങ്ങൾ പക്വതയിലേക്ക് വളരുകപോലും ചെയ്തേക്കാം. എന്നെങ്കിലും നിങ്ങൾ ലൗകിക ജോലിയിൽ പ്രവേശിക്കുമ്പോൾ ശുചിത്വത്തിന്റെ സൽപ്പേര് നിങ്ങളുടെ പുരോഗതിക്ക് സഹായിച്ചേക്കാം—നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ടായിരുന്നേക്കാം, നിങ്ങൾക്കങ്ങനെ തോന്നുന്നില്ലേ?
നിങ്ങളുടെ മാതാപിതാക്കളുടെ ചട്ടങ്ങൾ പാലിക്കുന്നത് പ്രായോഗികമാണെന്ന് പിൻവരുന്ന വസ്തുതയും തെളിയിക്കുന്നു: മിക്കചെറുപ്പക്കാരും ഒരു കാറോടിക്കാൻ താൽപ്പര്യമുള്ളവരാണ്. എന്നാൽ എപ്പോൾ തുടങ്ങണം? നിയമപരമായി അനുവദിച്ചിരിക്കുന്ന വയസ്സിൽ എത്തുമ്പോൾ തന്നെ തുടങ്ങണമെന്ന് അതിനർത്ഥമില്ല. യൗവനത്തിന്റെ കുടുംബചെറുപുസ്തകത്തിൽ ഡോക്ടർ ജെ. ഇ. സ്കോവാൾട്ടറും, ഡബ്ലിയു. ആർ. അൻയാൻ ജൂനിയറും ഇപ്രകാരം എഴുതുന്നു: “ഒരു ചെറുപ്പക്കാരൻ ആശ്രയയോഗ്യനാണെന്നും അവന് നിയമങ്ങൾ പാലിക്കാൻ കഴിയുമെന്നും നമുക്ക് ബോദ്ധ്യം വന്നു കഴിയുമ്പോൾ, ഒരു പക്ഷേ ഈ ഗുണങ്ങൾ വാഹനമോടിക്കുന്ന സമയത്തും അവനെ സ്വാധീനിക്കുമെന്ന് കരുതാവുന്നതാണ്.” (ഇറ്റാലിക്സ് ഞങ്ങളുടേത്) അതുകൊണ്ട് നിങ്ങളുടെ സ്വന്തം മുറി വൃത്തിയായി സൂക്ഷിക്കുന്ന സംഗതിയിൽ നിയമങ്ങൾ അനുസരിക്കുന്നതും വിശ്വസ്തനും ആശ്രയയോഗ്യനുമായിരിക്കുന്നതിനുവേണ്ടി സ്വയം പരിശീലിക്കുന്നത് മൂല്യവത്താണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? “അൽപ്പത്തിൽ വിശ്വസ്തനായിരിക്കുന്ന ഒരു വ്യക്തി അധികത്തിലും വിശ്വസ്തനാണ്” എന്ന് ബൈബിൾ പറയുന്നു.—ലൂക്കോസ് 16:10.
എന്നാൽ ഒരു ക്രിസ്തീയ യുവാവ് ശുചിത്വം പാലിക്കേണ്ടതിന്റെ മുഖ്യകാരണം അപ്പോസ്തലനായ പൗലോസ് നൽകി. അവൻ ഇപ്രകാരം എഴുതി: “ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.” അവൻ ഇപ്രകാരം എഴുതി: “പ്രിയ മക്കൾ എന്നപോലെ ദൈവത്തിന്റെ അനുകാരികളായിരിക്കുക.”—1 കൊരിന്ത്യർ 14:33; എഫേസ്യർ 5:1.
ദൈവത്തിന്റെ പക്ഷത്തെ ഈ ക്രമം യിസ്രായേൽ ജാതിയുടെ ആരാധനക്കുവേണ്ടി ക്രമീകരിച്ച സമാഗമനകൂടാരത്തിൽ പ്രകടമായിരുന്നു. പുരോഹിതകുടുംബാംഗങ്ങൾ (ലേവ്യർ) മാത്രമേ സമാഗമനകൂടാരത്തിനുള്ളിൽ കടക്കാൻ അനുവദിച്ചിരുന്നുള്ളു. കൂടാതെ സമാഗമനകൂടാരത്തിലെ ഓരോ വസ്തുക്കളും ഏതെല്ലാം സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കണമെന്ന് എഴുതിവെക്കാൻ യഹോവ മോശയോടാവശ്യപ്പെട്ടു. ആ ഉപകരണങ്ങൾ കൊണ്ട് ലേവ്യരും പുരോഹിതൻമാരും എന്തു ചെയ്യണമെന്നും വിശദമായ നിർദ്ദേശങ്ങൾ നൽകി. (പുറപ്പാട് അദ്ധ്യായം 40) ഈ വിധത്തിൽ, മറ്റ് യിസ്രായേല്യർക്ക് യഹോവാരാധനയോടുള്ള ബന്ധത്തിൽ സമാഗമനകൂടാരത്തിൽ നടക്കുന്നതെന്തെന്ന് കുറഞ്ഞ പക്ഷം ഭാവനയിൽ ദർശിക്കാൻ കഴിയുമായിരുന്നു. ഇത് അവിടുത്തെ നടപടികളിൽ തങ്ങൾ ക്കൊരു പങ്കുണ്ടെന്നും അതിൽ ഉത്തരവാദിത്വമുണ്ടെന്നും തോന്നാൻ അവരെ സഹായിക്കും. അതുകൊണ്ട് യഹോവ ക്രമുള്ള ഒരു ദൈവമായിരുന്നതിനാൽ അവർ ദൈവത്തോട് വളരെ നന്ദിയുള്ളവരായിരിന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?
നിങ്ങളുടെ മുറി എന്തു ചെയ്യണം?
അങ്ങനെയെങ്കിൽ നിങ്ങളുടെ മുറി അടുക്കും ചിട്ടയുമുള്ളതായിരിക്കാൻ എന്തു ചെയ്യണം? മുമ്പ് വിശദീകരിച്ചപ്രകാരം നിങ്ങളുടെ മാതാപിതാക്കൾക്ക് ചില പ്രത്യേക ചട്ടങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾക്കുതന്നെ ചെയ്യാൻ കഴിയുന്ന അനേക കാര്യങ്ങളുണ്ട്. കൺദൃഷ്ട്യാ കാണുന്ന കാര്യങ്ങളിൽ ആദ്യം ശ്രദ്ധിക്കുക: അവിടെയും ഇവിടെയും കിടക്കുന്ന തുണികൾ എടുത്ത് തൂക്കിയിടുക. ഹാംഗറുകൾ ഷർട്ടുകളും ബ്ളൗസുകളും ഡ്രസ്സുകളും വൃത്തിയുള്ളതാക്കിവെക്കാൻ സഹായിക്കും. ചെരുപ്പു വെക്കാനുള്ള ഒരു പെട്ടി ഉണ്ടായിരിക്കുന്നത് അവ അതാതിന്റെ സ്ഥാനത്തായിരിക്കാൻ സഹായിക്കും. അത് തുണികൾ വെക്കുന്ന ഉള്ളറയുടെ ഭംഗി വർദ്ധിപ്പിക്കും. മുഷിഞ്ഞ തുണികൾ എന്തു ചെയ്യണം? ഒരു മൂലയിലേക്ക് എറിയുന്നതിനുപകരം, അവ സൂക്ഷിക്കുന്നതിനുവേണ്ടി ഒരു പെട്ടിയോ ബാഗോ ഉണ്ടായിരിക്കുന്നതു സംബന്ധിച്ചെന്ത്? പിന്നീട് കിടക്ക. പ്രതിദിനം ചുരുക്കം ചില മിനിറ്റുകൾ ചെലവഴിക്കുന്നെങ്കിൽ വലിച്ചുവാരിയിട്ടിരിക്കുന്ന ഒരു കിടക്കയും മനോജ്ഞമായ ഒരു കിടക്കയും തമ്മിലുള്ള വ്യത്യാസം കാണാവുന്നതാണ്. മനോഹരമായ ഒരു കിടക്കയുണ്ടായിരിക്കാൻ എന്തുകൊണ്ട് ആഗ്രഹിച്ചുകൂടാ?
ഇനി ബാഹ്യമായി കാണാൻ കഴിയാത്തവ സംബന്ധിച്ചെന്ത്? ആദ്യമായി മുറിയിലെ അൽമാരയുടെ ഒരു വലിപ്പിൽ ശ്രദ്ധിക്കുക. അതിനുള്ളിലുള്ള ഉപയോഗമില്ലാത്ത വസ്തുക്കളെല്ലാം വെളിയിൽ കളഞ്ഞിട്ട് മറ്റുള്ളവ അതാതിന്റെ സ്ഥാനത്തു വെക്കുക. നിങ്ങൾ വലിപ്പിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് ബാഗുകളോ കടലാസ് പെട്ടികളോ വെക്കാൻ ഇഷ്ടപ്പെട്ടേക്കാം. അവയിൽ ഒന്ന് നിങ്ങളുടെ അടിവസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനും മറ്റൊന്ന് സോക്സ് വെക്കുന്നതിനും മറ്റുള്ളവ മറ്റുകാര്യങ്ങൾക്കുമായി ഉപയോഗിച്ചേക്കാം. ചുരുക്കം നാളുകൾക്കുള്ളിൽ നിങ്ങളുടെ മുറിയുടെ ഭംഗി വർദ്ധിക്കുകയും നിങ്ങൾ അതിൽ അഭിമാനം കൊള്ളുകയും ചെയ്യും.
യുവാക്കളേ—നിങ്ങളുടെ ഭാവിയിലേക്ക് നോക്കുക
അടുക്കും ചിട്ടയുമുള്ളവരായിരിക്കുന്നതിനു വേണ്ടി ഇത്രയും സമയവും ശ്രമവും ചെലുത്തുന്നത് വളരെ മൂല്യവത്താണോ? ഇപ്പോൾ 20-കളിലായിരിക്കുന്ന കരോൾ അവളുടെ പ്രായം ഓർക്കുന്നു. തന്റെ മുറി വളരെ വൃത്തിയുള്ളതല്ലെങ്കിൽ (ഉദാഹരണത്തിന്, സോക്സുകളും അടിവസ്ത്രങ്ങളും നന്നായി മടക്കി അൽമാരയുടെ വലിപ്പിനുള്ളിൽ വെച്ചിട്ടില്ലെങ്കിൽ) തന്റെ അമ്മ അൽമാരയുടെ വലിപ്പിനുള്ളിലുള്ളതെല്ലാം വെളിയിലേക്കിട്ടിട്ട് അവയെല്ലാം വളരെ ഭംഗിയായി മടക്കിവെക്കാൻ ആവശ്യപ്പെടും. അല്ലെങ്കിൽ ഒരു ശിക്ഷയെന്ന നിലയിൽ, കാരോളിനെ ആ വാരാന്ത്യം നിലത്തിരുത്തും.
പൂർവ്വകാലത്തേക്ക് പിൻതിരിഞ്ഞു നോക്കുമ്പോൾ തന്റെ അമ്മ നീതിയില്ലാത്തവളായിരുന്നുവെന്ന് കാരോളിന് തോന്നുന്നുണ്ടോ? “ഒരിക്കലുമില്ല, ഞാൻ അതിൽ നിന്ന് ധാരാളം പഠിച്ചു. തുണി തേക്കുന്നതെങ്ങനെയെന്നും അവ ഭംഗിയായി സൂക്ഷിച്ചുവെക്കുന്നതെങ്ങനെയെന്നും എനിക്കിപ്പോൾ അറിയാം. അമ്മയുടെ നിലവാരം ഒരു പക്ഷേ ഇല്ലായിരിക്കാം, എങ്കിലും എന്റെ മുറിയുടെ കതക് അഭിമാനത്തോടെ തുറന്നിടാൻ എനിക്ക് സാധിക്കും.”
ഭാവിയിൽ കാരോളിന് കുട്ടികൾ ഉണ്ടാകുമ്പോൾ അവൾ അവരെ ശുചിത്വം സംബന്ധിച്ച് എന്ത് പഠിപ്പിക്കും? അവൾ വിശദീകരിച്ചു: “അവരുടെ അലമാരയുടെ വലിപ്പ് ഞാൻ പരിശോധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ അവരുടെ മുറി ഭംഗിയുള്ളതാണെങ്കിൽ അത് മതിയാകും.” ചെറുപ്പക്കാർക്കുവേണ്ടി എന്തു ബുദ്ധിയുപദേശമാണ് തന്റെ പക്കലുള്ളത് എന്ന് ചോദിച്ചപ്പോൾ കാരോൾ ഇപ്രകാരം ഉത്തരം പറഞ്ഞു: “ശുചിത്വം സംബന്ധിച്ച നിങ്ങളുടെ മാതാപിതാക്കളുടെ നിലവാരം പിൻപറ്റുക. അത് നിങ്ങൾ സ്പഷ്ടമായും നിങ്ങളുടെ ശീലമാക്കും.”
മനുഷ്യൻ ശീലങ്ങളുടെ ഒരു സൃഷ്ടിയാണെന്ന് പറയപ്പെടുന്നു. ഈ ശീലങ്ങളിൽ ചിലത് പ്രയോജനപ്രദമാണ്, ചിലത് അങ്ങനെയല്ല. അതുകൊണ്ട് എൽബർട്ട് ബുദ്ധിപൂർവ്വം ഇങ്ങനെ എഴുതി: “നിങ്ങളുടെ മേൽ മേധാവിത്വം നടത്താൻ നിങ്ങൾ ഇഷ്ടപ്പെടുന്ന ശീലം മാത്രം നട്ടുവളർത്തുക.”
ഏതു ശീലം നിങ്ങളുടെ മേൽ അധികാരം നടത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ശുചിത്വത്തിന്റെയോ ശുചിത്വമില്ലായ്മയുടെയോ? ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ശുചിത്വത്തിന്റെ പ്രയോജനങ്ങൾ മനസ്സിൽ പിടിക്കുക. അതിന് തിരുവെഴുത്തുപരമായ ഒരടിസ്ഥാനമുണ്ട്, അത് പണവും സമയവും സംരക്ഷിക്കുന്നു, സ്വാത്മബഹുമാനം കെട്ടുപണി ചെയ്യുന്നു, നിങ്ങളോടുള്ള ആദരവ് മറ്റുള്ളവരിൽ കെട്ടുപണി ചെയ്യുകയും ചെയ്യും. അന്തിമമായി, യുവ കാരോളിൻ പ്രകടിപ്പിച്ച ആശയം അത്ര മോശമല്ല: “എന്റെ അമ്മക്ക് വാസ്തവത്തിൽ എന്റെ സഹായം ആവശ്യമാണ്. ഞാൻ അവളെ സഹായിക്കുമ്പോൾ അവൾ അത് വളരെവിലമതിക്കുന്നു.” (g87 8/22)
[10, 11 പേജുകളിലെ ചിത്രങ്ങൾ]
നിങ്ങൾ ഏത് ഇഷ്ടപ്പെടും: ഇതോ . . . അല്ലെങ്കിൽ ഇതോ?