ശാശ്വത രോഗശാന്തി അടുത്തിരിക്കുന്നു
വിസ്മയാവഹമായ ആധുനിക പുരോഗമനങ്ങളാൽ ഒരു പക്ഷേ വൈദ്യശാസ്ത്രം പോരാട്ടത്തിൽ ജയിച്ചേക്കാം—എന്നിട്ടും അതു യുദ്ധത്തിൽ തോൽക്കുന്നു. അൽപം കഴിവുകളും അനുഭവപരിചയവും നേടിയെടുത്തുവെന്ന് നമുക്കു തോന്നുമ്പോഴേക്കും ദൗർബ്ബല്യങ്ങൾ നമ്മെ ക്ഷയിപ്പിക്കുന്നു, വളരെ പെട്ടെന്ന് മരണം വന്നെത്തുകയും ചെയ്യുന്നു. എന്നാൽ അത് എല്ലായ്പ്പോഴും അങ്ങനെയായിരിക്കുകയില്ലെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. താൻ ‘മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളയും, തീർച്ചയായും സകല മുഖങ്ങളിൽനിന്നും കണ്ണുനീർ തുടച്ചു കളയുകയും ചെയ്യും’ എന്ന് ദൈവം തന്റെ പ്രവാചകനായ യെശയ്യാവു മുഖാന്തരം പ്രസ്താവിച്ചു.—യെശയ്യാവ് 25:8.
അതു വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നുവോ? 80 വർഷത്തെ ജീവിതം ദീർഘമാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ആയിരക്കണക്കിനു വർഷങ്ങൾ ജീവിക്കുന്ന വൃക്ഷങ്ങളുണ്ട്—നിങ്ങൾക്ക് എന്തുകൊണ്ട് പാടില്ല? ഒരു കൈ അറ്റുപോയാൽ പുതിയതൊന്ന് മുഴുവനായി വളർത്തുന്നതിനുള്ള പ്രാപ്തി ദൈവം ഉടുപ്പുറ്റിന് കൊടുത്തു. അവന് നിങ്ങളുടെ ശരീരത്തെ സമ്പൂർണ്ണമായ ആരോഗ്യത്തിലേക്കും പൂർണ്ണതയിലേക്കും പുന:സ്ഥിതീകരിക്കാൻ കഴിയുകയില്ലേ?
ഏകദേശം 2,000 വർഷം മുമ്പ് യേശുക്രിസ്തു ഭൂമിയിൽ അമ്പരിപ്പിക്കുന്ന അത്ഭുതങ്ങൾ പ്രവർത്തിച്ചു. അവൻ കുഷ്ഠം മാത്രമല്ല, “ജനങ്ങൾക്കിടയിലെ എല്ലാത്തരം രോഗത്തെയും എല്ലാത്തരം വൈകല്യത്തെയും” സുഖപ്പെടുത്തി. അവൻ “മുടന്തരും അംഗഭംഗമുള്ളവരും ഊമരും അന്ധരും...” ആയിരുന്ന ആളുകളെ സുഖപ്പെടുത്തിയെന്നും “ഊമർ സംസാരിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാണുന്നതും കണ്ടപ്പോൾ ജനക്കൂട്ടത്തിനു വിസ്മയം തോന്നി” എന്നും നിശ്വസ്തരേഖ പ്രസ്താവിക്കുന്നു. യേശുവിന് ജന്തുദാനികളുടെയോ അവയവമാറ്റിവയ്ക്കലിന്റെയോ ആവശ്യമുണ്ടായിരുന്നില്ല. രോഗബാധിതമായ അതേ അവയവങ്ങളെ അല്ലെങ്കിൽ ശരീരഭാഗങ്ങളെതന്നെ അവൻ സുഖപ്പെടുത്തി. കൂടാതെ അവൻ ക്ഷണനേരം കൊണ്ടാണ് സുഖപ്പെടുത്തിയത്, ചിലപ്പോൾ അകലെനിന്നുപോലും.a
യേശുവിന് സുഖപ്പെടുത്തുന്നതിനുള്ള ശക്തി മാത്രമല്ല, ഒപ്പം അതിനുള്ള മനസ്സൊരുക്കവും ഉണ്ടായിരുന്നു. ഒരവസരത്തിൽ ഒരു കുഷ്ഠരോഗി അവനോട് “നീ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്ക് എന്നെ ശുദ്ധമാക്കാൻ കഴിയും” എന്നു പറഞ്ഞു. യേശു അനുകമ്പയാൽ മനസ്സലിഞ്ഞ് “ഞാൻ ആഗ്രഹിക്കുന്നു, ശുദ്ധമാകുക” എന്ന് ഹൃദയസ്പർശിയായി മറുപടി പറഞ്ഞു. അവൻ മരിച്ചവരെ ഉയർപ്പിക്കുകപോലും ചെയ്തു—കുറഞ്ഞ പക്ഷം ഒരു അവസരത്തിലെങ്കിലും ശരീരം അഴുകാൻ തുടങ്ങിയശേഷം.—മർക്കോസ് 1:40-42; യോഹന്നാൻ 11:38-44.
ഈ അത്ഭുതകരമായ ദൃഷ്ടാന്തങ്ങൾ എന്തു പ്രകടമാക്കുന്നു? ഇപ്പോൾ സ്വർഗ്ഗീയരാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്ന യേശുവിന് യഥാർത്ഥവും ശാശ്വതവുമായ രോഗശാന്തി കൈവരുത്തുന്നതിനുള്ള ശക്തി മാത്രമല്ല മനസ്സും ഉണ്ടെന്നുതന്നെ. ബൈബിൾ വാഗ്ദത്തം ചെയ്യുന്നതുപോലെ അവൻ പ്രവർത്തിക്കും.
മനുഷ്യന്റെ കാര്യങ്ങളിൽ പെട്ടെന്നു വരാൻപോകുന്ന ഒരു വിസ്മയാവഹമായ മാറ്റത്തെക്കുറിച്ച് ബൈബിൾ എന്ന ആ പുസ്തകം വിവരിക്കുന്നു—ലോകകാര്യങ്ങളിലുള്ള ദൈവത്തിന്റെതന്നെ ഇടപെടലും, മലിനീകരണം, രോഗം, കുറ്റകൃത്യങ്ങൾ, വിദ്വേഷം യുദ്ധങ്ങൾ എന്നിവയിൽ നിന്ന് വിമുക്തമായ ഒരു പറുദീസാഭൂമിയുടെ പുന:സ്ഥാപനവുമാണ് ആ മാറ്റങ്ങൾ. യഥാർത്ഥത്തിൽ നിലനിൽക്കുന്ന ആത്മീയവും ശാരീരികവുമായ രോഗശാന്തിയെക്കുറിച്ച് അതു പറയുന്നു. ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോൾ ജീവിച്ചിരുന്നവരും ലോകവ്യാപകമായ മാറ്റം നടക്കുമ്പോൾ തുടർന്നും ജീവിക്കുന്നവരുമായ ആളുകൾ ഉണ്ടെന്ന് ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു.—മത്തായി 24:3,14,34.
യഥാർത്ഥ ആരോഗ്യം
ബൈബിളിന്റെ അവസാനത്തെ അദ്ധ്യായങ്ങൾ ഒരു നീതിയുള്ള ഭരണം “സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്ന്” താഴേക്കു വരുന്നതിനെക്കുറിച്ചു പറയുന്നു—ഇവിടെ ഭൂമിയിൽതന്നെയുള്ള മനുഷ്യവർഗ്ഗത്തിന്റെ അടുക്കലേക്ക്. അനന്തരം ദൈവം “അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല. ദു:ഖമോ മുറവിളിയോ വേദനയോ ഇനി ഉണ്ടാകയില്ല. മുമ്പിലത്തെ സംഗതികൾ കഴിഞ്ഞു പോയിരിക്കുന്നു.” (വെളിപ്പാട് 21:2-4) ഒരു അക്ഷരീയ അർത്ഥത്തിലും, ഒപ്പം ഒരു ആത്മീയ അർത്ഥത്തിലും “കുരുടൻമാരുടെ കണ്ണുകൾ തുറക്കപ്പെടും. ബധിരരുടെ ചെവികൾ അടഞ്ഞിരിക്കയില്ല. അന്നാളിൽ മുടന്തൻ മാനിനെപ്പോലെ കയറും, ഊമന്റെ നാവ് സന്തോഷത്താൽ ആർപ്പിടും.” “‘എനിക്ക് രോഗമാകുന്നു’ എന്ന് ഒരു നിവാസിയും പറയുകയില്ല”.—യെശയ്യാവ് 35:5,6; 33:24
അങ്ങനെ കേവലം അൽപ്പകാലത്തേക്കുള്ള വൈദ്യസഹായവും രോഗശാന്തിയുമല്ല, പ്രത്യുത, എല്ലാവർക്കും യഥാർത്ഥ ആരോഗ്യം എന്നതാണ് ദൈവരാജ്യത്തിൻ കീഴിൽ ഈ ഭൂമിയിൽ ജീവിക്കുന്നവർക്കുവേണ്ടിയുള്ള വാഗ്ദത്തം. നിശ്ചയമായും, നേടിയെടുക്കാൻ യത്നിക്കേണ്ട മൂല്യവത്തായ ഒരു ലക്ഷ്യംതന്നെയാണത്! (g87 5/8)
[അടിക്കുറിപ്പുകൾ]
a പിൻവരുന്ന ബൈബിൾ ഭാഗങ്ങളിൽനിന്ന് ഈ സംഭവങ്ങൾ സംബന്ധിച്ച വിശ്വാസയോഗ്യമായ വിവരണങ്ങൾ നിങ്ങൾക്കു വായിക്കാൻ കഴിയും: മത്തായി 4:23; 15:21-31; മർക്കോസ് 5:25-34; 7:31-37; ലൂക്കോസ് 7:1-10; 13:11-13; യോഹന്നാൻ 9:1-32.