ലോകത്തെ വീക്ഷിക്കൽ
കത്തോലിക്കർ വത്തിക്കാനെ അവഗണിക്കുന്നു
വത്തിക്കാൻ ഈ വർഷം പ്രസിദ്ധീകരിച്ച ഒരു പുതിയ വിജ്ഞാപനം കത്തോലിക്കാ വൃത്തങ്ങളിലും വൈദ്യവൃത്തങ്ങളിലും ചൂടുപിടിച്ച വാഗ്വാദത്തിന് ഇട നൽകിയിരിക്കുന്നു. “ഉത്ഭവത്തിലെ മാനുഷജീവനോടും സന്താനോൽപ്പാദനത്തിന്റെ അന്തസ്സിനോടുമുള്ള ആദരവ്” എന്നാണ് അതിന്റെ ശീർഷകം. ഈ വിജ്ഞാപനം നിയമാനുസൃത വിവാഹിത ദമ്പതികളിൽ നിന്ന് ബീജവും അണ്ഡവും എടുത്ത് കൃത്രിമ ബീജസങ്കലനം നടത്തുന്നത് ഉൾപ്പെടെ ജീവശരീരത്തിന് വെളിയിൽ നടത്തുന്ന സകല രൂപത്തിലുമുള്ള ബീജസങ്കലനത്തേയും കുറ്റം വിധിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികളെ കരുതി ഇതുവരെ ഈ സമ്പ്രദായത്തെ അനുകൂലിച്ചിരുന്ന അനേകം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം സഭയുടെ നിലപാട് ക്ഷോഭിപ്പിക്കുന്നതായിരിക്കുന്നു. ഈ പുതിയ വത്തിക്കാൻ വിജ്ഞാപനം അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, സഭയുടെ പുതിയ നിലപാടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗർഭപാത്രത്തിനു പുറമേയുള്ള ബീജസങ്കലനത്തെ വിഘ്നപ്പെടുത്തുകയില്ല എന്ന് ഫ്രാൻസിലെ ലില്ലിയിലുള്ള ഒരു കത്തോലിക്ക ആശുപത്രിയുടെ വക്താവായ മൈക്കൽ ഫാലിസ് സൂചിപ്പിക്കുകയുണ്ടായി. സമാനമായ അഭിപ്രായങ്ങൾ ബെൽജിയം, സ്പെയിൻ, ഹോളണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിലും പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു റോമൻ വർത്തമാന പത്രമായ ലാ റിപ്പബ്ലിക്ക പ്രസ്താവിക്കുന്നതനുസരിച്ച് അവിടെ “ഇപ്പോൾ നടത്തപ്പെടുന്ന കൃത്രിമ ബീജസങ്കലനങ്ങളിൽ 75 ശതമാനത്തിലധികവും സഭ കുറ്റം വിധിക്കുന്ന തരത്തിലുള്ളവയാണ്, അത്തരം ബീജസങ്കലനം സ്വീകരിക്കുന്ന സ്ത്രീകളിൽ 70 ശതമാനം കത്തോലിക്കരുമാണ്”.
അവയുടെ മൂല്യത്തേക്കാളധികം
യു. എസ്. നാണ്യം പിൻവരുന്ന നിരക്കിൽ നിങ്ങൾക്കിപ്പോൾ വാങ്ങാൻ കഴിയും: $1നോട്ടുകൾ 4 എണ്ണം $7.50-ന്, 16 എണ്ണം $21.50-ന്, 32 എണ്ണം $40.50-ന്; $2നോട്ടുകൾ $12-ന് 4 എണ്ണവും $38.50-ന് 16 എണ്ണവും. ഇത്ര വില കൊടുക്കാൻ ആളുകൾ തയ്യാറാകുന്നതെന്തുകൊണ്ടാണ്? അത് പ്രസ്സിൽ നിന്ന് വരുന്ന കെട്ടുപൊട്ടിക്കാത്ത നോട്ടുകളുടെ പുതുമ കൊണ്ടാണ്. കഴിഞ്ഞ വർഷം ബ്യൂറോ ഓഫ് എൻഗ്രേവിംഗ് ആൻറ് പ്രിൻറിംഗ് കെട്ടു പൊട്ടിക്കാത്ത നോട്ടുകളുടെ വില്പനയിൽ $1,852,509 ഉണ്ടാക്കുകയുണ്ടായി.
രക്ഷാപ്രാവ്
കടലിൽ കാണാതെ പോയവർക്ക് ഒരു പ്രാവിന്റെ സഹായത്താൽ രക്ഷ ലഭിക്കുന്നത് താമസിയാതെ ഒരു യാഥാർത്ഥ്യമായിത്തീരും. ഓസ്റ്റ്രേലിയായിലെ ദ സിഡ്നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, പ്രോജക്റ്റ് സീ ഹണ്ട് എന്നു വിളിക്കപ്പെടുന്ന ഒരു അന്വേഷിച്ച്-രക്ഷിക്കൽ ഓപറേഷനുവേണ്ടി പ്രാവുകൾക്ക് പരിശീലനം ഇപ്പോൾ കൊടുത്ത് വരുകയാണ്. മനുഷ്യരോട് താരതമ്യത്തിൽ ഉന്നതമായ കാഴ്ചശക്തിയും ഏകാഗ്രതയുമുള്ളതുകൊണ്ട് പ്രാവുകൾ സ്ഥാനം കണ്ടുപിടിക്കുന്നതിൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. മൂന്ന് പ്രാവുകളെ, ഓരോന്നും വ്യത്യസ്ത ദിശകൾക്ക് അഭിമുഖമായി ഒരു ഹെലികോപ്ടറിന്റെ കീഴ്ഭാഗത്തു ഒരു മാടത്തിൽ പ്രതിഷ്ഠിക്കും. ലൈഫ് ജാക്കറ്റുകളുടെയും രക്ഷാബോട്ടുകളുടേയും നിറങ്ങൾ വേർതിരിച്ചറിയാൻ നേരത്തെ തന്നെ പരിശീലനം ലഭിച്ചിരിക്കുന്ന ഈ പ്രാവുകൾ, അങ്ങനെയുള്ള നിറമുള്ള വസ്തുക്കൾ കണ്ണിൽപ്പെടുമ്പോൾ ഒരു സൂചകത്തിൽ കൊത്തുകയും, സൂചകം പൈലറ്റിനെ ആ ദിശയിൽ പറക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് രണ്ടു മൈൽ (3 കി.മീ.) അകലെയുള്ള ഒരു വസ്തു സമുദ്രത്തിലെ ഒരു പൊട്ട് ആയി കാണപ്പെട്ടേക്കാം, പക്ഷെ സൂക്ഷ്മദൃഷ്ടിയുള്ള പ്രാവിന് അത് വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. പ്രാഥമിക പരീക്ഷണങ്ങളെല്ലാം ഇപ്പോൾ തന്നെ വിജയകരമെന്നു തെളിഞ്ഞിരിക്കയാണ്. സമുദ്രത്തിൽ വസ്തുക്കളെ കണ്ടുപിടിക്കുന്നതിൽ മനുഷ്യന്റെ വിജയ നിരക്കായ 40 ശതമാനത്തോടുള്ള താരതമ്യത്തിൽ പ്രാവുകൾ ഒരു ഉയർന്ന 90 ശതമാനം അവരുടെ രക്ഷാ പ്രവർത്തനത്തിൽ കൈവരിച്ചു!
പുകവലി നിരോധിച്ചു
1987 സെപ്റ്റംബർ 1 മുതൽ “ബെൽജിയമിലുള്ള സകല പരിവൃത പൊതുസ്ഥലങ്ങളിലും പുകവലി നിരോധിക്കപ്പെട്ടിരിക്കും.” ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ അനുസരിച്ച് ബൗഡൂയിൻ രാജാവ് പുകവലി “സ്കൂളുകളിലും ആശുപത്രികളിലും വിശ്രമ സ്ഥാപനങ്ങളിലും വെയ്റ്റിംഗ് റൂമുകളിലും റെയിൽ റോഡ് സ്റ്റേഷനുകളിലും പൊതു ഉടമസ്ഥതയിലുള്ള സംസ്കാരിക സ്പോർട്ട്സ് കേന്ദ്രങ്ങളിലും നിരോധിക്കുന്നതിന്” ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിയമം ഒപ്പുവെച്ചു. യൂറോപ്യൻ സമൂഹരാഷ്ട്രങ്ങളുടെ ഇടയിൽ, പുകവലിക്കാരല്ലാത്തവരോട് പുകവലിക്കാർക്കുള്ള അനുപാതത്തിൽ ഒന്നാമനായ ഡെൻമാർക്കിനോട് തൊട്ട് പിന്നിലാണ്. ഏകദേശം 3-ന് 1 എന്ന തോതോടുകൂടി നിൽക്കുന്ന ബെൽജിയം നിയമം ലംഘിക്കുന്നവരിൽ ബെൽജിയൻ അധികാരികൾക്ക് $480 (യു. എസ്.) വരെ പിഴ ചുമത്താം.
ജീവരക്താ വാക്സിനുകൾ
ഡോ. റാൽഫ് ഹെന്ധേഴ്സൺ, താൻ സംവിധാനം ചെയ്തിരിക്കുന്ന വികസിത രോഗപ്രതിരോധ പരിപാടി ഇപ്പോൾതന്നെ ഓരോ വർഷവും, മസൂരി, വില്ലൻചുമ, റ്റെറ്റനസ് മുതലായവ നിമിത്തമുണ്ടാകുന്ന ദശലക്ഷം മരണങ്ങളെ തടയുന്നു എന്ന് സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന ഒരു ലോകാരോഗ്യസംഘടനാ കോൺഫറൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. എന്നിരുന്നാലും, രോഗപ്രതിരോധവൽക്കരണത്താൽ തടയുവാൻ കഴിയുമായിരുന്ന രോഗങ്ങളാൽ “പ്രതിവർഷം ദശലക്ഷക്കണക്കിന് കുട്ടികൾ ആവശ്യമില്ലാതെ തുടർന്നു മരിച്ചുകൊണ്ടിരിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. ഈ ദശകത്തിന്റെ സമാപ്തിയോടെ ലോകത്തിലെ സർവ്വകുട്ടികളേയും ഈ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ മലേറിയ, കുഷ്ഠം, കൂടാതെ പല്ലുവേദനയ്ക്കു പോലും എതിരെയുള്ള വാക്സിനുകളുടെ ഗവേഷണവുമായി മുന്നോട്ട് ആഞ്ഞു ശ്രമിക്കുകയാണ്. വാക്സിനുകൾക്ക് ആൻറിബയോട്ടിക്കുകളെ “2000-ാം ആണ്ടോടുകൂടി ഫലത്തിൽ കാലഹരണപ്പെടുത്താൻ” കഴിയും എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, എയ്ഡ്സ് സംബന്ധിച്ച ലോകാരോഗ്യസംഘടന (WHO)യുടെ കോ-ഓർഡിനേറ്ററായ ഡോ. ജോനാതാൻ മാൻ റിപ്പോർട്ടു ചെയ്തത്, എയ്ഡ്സിന് ഒരു ഫലപ്രദമായ വാക്സിൻ നിർമ്മിക്കാൻ വർഷങ്ങൾ തന്നെ വേണ്ടിവരും എന്നാണ്.
ലോകസ്പീഡ് റിക്കാർഡ്
ഏറ്റവും വേഗതയേറിയ യാത്രാ ട്രെയിനിന്റെ ലോക സ്പീഡ് റിക്കാർഡ്, ജാപ്പനീസ് ദേശീയ റെയിൽവേയുടെ ഒരു പരീക്ഷണ “ലീനിയർ കാർ” സ്ഥാപിച്ചിരിക്കുന്ന മണിക്കൂറിൽ 249 മൈൽ (400കി.മീ.⁄മണി.) ആണ്. പഴയ റിക്കാർഡ് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടേതായിരുന്നു. ഈ “ലീനിയർ കാർ” ട്രാക്കിന് ഏതാനും ഇഞ്ചുകൾ മുകളിലൂടെ ഒരു കാന്തിക കുഷ്യനുമേലെ ഒഴുകിനീങ്ങുന്നു. അത് കാന്തിക ശക്തിയാലാണ് ചലിക്കുന്നത്. റെയിലുകളുടെയോ മുകളിലൂടെ പോകുന്ന വൈദ്യുത കമ്പികളുടെയോ ആവശ്യമില്ലാത്തതിനാൽ, ഇതിന്റെ നിർമ്മാണച്ചെലവ് പ്രശസ്ത ബുള്ളറ്റ് ട്രെയിനുകളുടേതിനേക്കാൾ തുലോം കുറവായിരിക്കും. ശബ്ദ മലിനീകരണവും പ്രകമ്പന മലിനീകരണവും നിർമ്മാർജ്ജനം ചെയ്യപ്പെടുക കൂടി ചെയ്യും എന്ന് പറയപ്പെടുന്നു. യോമിയൂറി ഷിംബൺ പറയുന്നതനുസരിച്ച് ഈ “ലീനിയർ കാർ” അതിന്റെ ചിത്രം എടുക്കുവാൻ മുകളിലൂടെ പറന്നുകൊണ്ടിരുന്ന പ്രസ്സ് ഹെലികോപ്ടറുകളെ വേഗതയിൽ കവച്ചുവെക്കുകയുണ്ടായി. മണിക്കൂറിൽ 321 മൈൽ 517 കി.മീ.⁄മണി.) യാത്രക്കാർ ഇല്ലാതെ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിനിന്റെ ലോക റിക്കാർഡ് ഇപ്പോൾ തന്നെ ജാപ്പനീസ് ദേശീയ റെയിൽവേയ്ക്ക് ഉണ്ട്.
പ്രസവപൂർവ്വ ശ്രദ്ധ
ഒരു ഗർഭിണിയായ സ്ത്രീയുടെ വൈകാരിക ആവശ്യങ്ങൾക്ക് ശ്രദ്ധ നൽകുന്നത് അവളുടെ ശാരീരികമായ ക്ഷേമം സംരക്ഷിക്കുന്നതുപോലെതന്നെ, ജനിക്കാൻ പോകുന്ന ശിശുവിന്റെ ആരോഗ്യകരമായ വികാസത്തിന് പ്രധാനമാണെന്ന് ഇംഗ്ലണ്ടിലെ മിഡിൽ സെക്സ് ആശുപത്രിയിലെ പ്രസവ ചികിൽസാ ന്യൂറോഫിസിയോളജിസ്റ്റ് ഡോ. മൈക്കൽ ക്ലെമൻറ് പ്രസ്താവിക്കുന്നു. അമ്മയുടെ ഗർഭാശയത്തിലുള്ള ശിശുവിന്റെ പ്രതികരണങ്ങൾ വിവേചിക്കാൻ കഴിയുന്ന മോണിറ്ററിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച്, മയക്കുമരുന്നുകൾ സിഗരറ്റുകൾ, മദ്യം മുതലായവ എല്ലാം ഗർഭസ്ഥ ശിശുവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അതേസമയം, അതിന്റെ വികസനത്തിന്റെ ആദ്യഘട്ടങ്ങളിൽ കേൾപ്പിക്കുന്ന ശാന്തമായ സംഗീതത്തിന് ഒരു സംതൃപ്തനായ ശിശുവിനെ ഉളവാക്കുവാൻ സഹായിക്കുന്നതിനു കഴിയും എന്നും ഗവേഷകൻ കണ്ടെത്തിയതായി ദ റ്റൈംസ് ഓഫ് ലണ്ടൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു ഫ്രഞ്ച് പ്രസവചികിൽസാ വിദഗ്ദ്ധനായ പ്രൊഫസർ മൈക്കെൽ ഓഡെൻറ് ഇതിനോട് യോജിച്ചുകൊണ്ട് ജനിക്കാത്ത ശിശുവിന് പോലും വേണ്ടി പാടുന്ന അമ്മയുടെ താരാട്ട് പാട്ടുകളുടെ പ്രാധാന്യത്തിലേക്ക് ഒരു പുനരുണർവ്വിന് ശുപാർശ ചെയ്യുന്നു.
ഭീമൻ കളിപ്പാട്ടങ്ങൾ
ഇപ്പോഴുള്ള പ്രവണതയനുസരിച്ച്, കളിപ്പാട്ടങ്ങളുടെ ലോകം ഭീമൻമാരാൽ ആക്രമിക്കപ്പെട്ടിരിക്കുന്നു. കളിപ്പാട്ടനിർമ്മാതാക്കൾ, ഏറ്റവും ഭീകരമായ പ്ലാസ്റ്റിക് രൂപങ്ങളെ ഉണ്ടാക്കാൻ മൽസരിക്കുന്നതായി ഒരു ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാറോ കുറിക്കൊണ്ടു. “അവ എത്രയും ഭീകരമായി കാണപ്പെടുന്നുവോ അത്രയും തന്നെ കുട്ടികൾ അവയെ ഇഷ്ടപ്പെടുന്നു,” എന്ന് വിൽപനക്കാർ അവകാശപ്പെടുന്നു. കഴിഞ്ഞ ശൈത്യകാലത്ത്, മുഖ്യ കളിപ്പാട്ടങ്ങൾ ചീത്ത, ദുഷ്ട കുടുംബത്തിൽ (വർഗ്ഗം) പെട്ടവയായിരുന്നു. അവയിൽ രക്തഭൂതങ്ങൾ, മതിലിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന മനുഷ്യനീരട്ടകൾ, ഗോറില്ലയുടെയും കാട്ടുപന്നിയുടെയും ഒരുതരം സങ്കരമായ രോമാവൃതരായ യോദ്ധാക്കൾ എന്നിവ അടങ്ങിയിരുന്നു.” ഇതിന് ആക്ഷേപം വല്ലതും? വിൽപ്പനയനുസരിച്ച് ഒന്നും തന്നെയില്ല. ഒരു ഫ്രഞ്ച് സ്ഥാപനം തനിയെ ഒരു ദശലക്ഷത്തിലധികം ഈ ഭീകര കളിപ്പാട്ടങ്ങൾ വിറ്റു. ലെ ഫിഗാറോ ഇപ്രകാരം അഭിപ്രായപ്പെട്ടു. “ഈ ക്രിസ്തുമസ്സ് ഭീമൻമാർ ബില്ലിൽ മുന്തി നിൽക്കുന്നു. അധികമധികം വിരൂപവും കൂടുതൽ ബീഭൽസവും (ഈ കളിപ്പാട്ടങ്ങൾ) കുട്ടികളെ സന്തോഷിപ്പിക്കുകയും, മന:ശ്ശാസ്ത്രജ്ഞൻമാരെ അന്ധാളിപ്പിക്കുകയും മാതാപിതാക്കളെ വിഷമിപ്പിക്കുകയും ചെയ്യുന്നു.
രക്ത നിരോധനം
കഴിഞ്ഞ ഏപ്രിൽ 21-ന് മെക്സിക്കൻ ഗവൺമെൻറ്, അവിടുത്തെ ജനങ്ങളുടെ ഇടയിൽ എയ്ഡ്സ് എന്ന മാരകരോഗം വ്യാപിക്കും എന്ന് ഭയന്ന് രക്തത്തിന്റെയും അതിന്റെ ഉപോൽപന്നങ്ങളുടെയും വാണിജ്യപരമായ വിൽപന നിരോധിക്കുകയുണ്ടായി എന്ന് ദ ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എയിഡ്സിന്റെ വൈറസ് ലൈംഗികബന്ധത്തിലൂടെ അല്ലെങ്കിൽ രക്തത്തിലൂടെയാണ് വ്യാപിക്കുന്നത്. മെക്സിക്കോയിലെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന എയ്ഡ്സ് കേസുകളുടെ എണ്ണം ഇതരരാജ്യങ്ങളിലേതിനോട് താരതമ്യപ്പെടുത്തുമ്പോൾ ചെറുതാണെങ്കിലും, അവസ്ഥകൾ വഷളാകുന്നതിന് മുൻപ് പ്രതിരോധ നടപടികൾ എടുക്കുന്നതിന് ഈ രോഗത്തിന്റെ സ്വഭാവം ഞങ്ങളെ നിർബന്ധിതരാക്കുന്നു” എന്ന് ആരോഗ്യമന്ത്രി ഗിള്ളെർമോ സോബെറോൺ പറയുകയുണ്ടായി. പണത്തിനുവേണ്ടി സംഭാവന ചെയ്യപ്പെടുന്ന രക്തത്തിൽ എയ്ഡ്സ് വൈറസ് വഹിക്കുന്നതിന്റെ കൂടുതലായ അപകടം ഉണ്ട് എന്ന് ഗവൺമെൻറ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. രക്തബാങ്കുകൾ ഇനിയും പ്രവർത്തിച്ചേക്കും, പക്ഷേ രക്തം വിൽക്കുന്നതിന് പകരം സ്വമേധയാ സംഭാവന ചെയ്യപ്പെടുകയാണെങ്കിൽ മാത്രം.
പുകവലിക്കാരോട് കർക്കശമാകുന്നു
മിക്ക ആസ്ത്രേലിയൻ ആശുപത്രികളിലും, ഫണ്ടും താമസസൗകര്യവും കുറവായിരിക്കെ, പുകവലിസംബന്ധമായ രോഗങ്ങളുള്ളവരും പുകവലി തുടരുന്നവരുമായ ആളുകൾക്ക് ഒരു ദിവസം ആശുപത്രി പ്രവേശനം നിഷേധിച്ചെന്നു വരാം. ദ മെഡിക്കൽ ജേർണൽ ഓഫ് ഓസത്രേലിയയിൽ വന്ന ഒരു ലേഖനത്തിൽ, റോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റലിലെ ഒരു സീനിയർ നെഞ്ച് ഭിഷഗ്വരനായ ഡോ. പീറ്റർ ഗയാനൂറ്റ്സോസ് ഇപ്രകാരം വിശദീകരിച്ചു: “പുകവലി തുടരുന്നവർക്ക് മേലാൽ ആശുപത്രി കിടക്കകൾ ലഭ്യമാകാത്ത സാഹചര്യങ്ങൾ അത്ര-വിദൂരമല്ലാത്ത—ഭാവിയിൽ അഭിമുഖീകരിക്കാൻ സാദ്ധ്യതയുണ്ട്.” സ്ഥിരപുകവലിക്കാരെ ആശുപത്രിയിൽ കിടക്കാൻ അനുവദിക്കുന്നത് വസ്തുവകകളുടെ ഗുരുതരമായ ദുരുപയോഗമാണ്, അത് പലപ്പോഴും പുതുതായി ജനിച്ച ശിശുക്കൾക്ക് ഇന്റെൻസീവ് കെയർ സൗകര്യങ്ങൾ ലഭ്യമല്ലാതാക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. പുകവലിസംബന്ധമായ രോഗങ്ങളുള്ള രോഗികളെക്കുറിച്ചുള്ള ഒരു പഠനം, തങ്ങളുടെ അസുഖം പുകവലി നിമിത്തമാണെന്ന് രോഗനിർണ്ണയം ചെയ്തതിനുശേഷവും 22 ശതമാനം പേർ അതിൽ തുടർന്നതായി കണ്ടെത്തുകയുണ്ടായി. (g87 8/8)