ഓർമ്മിക്കൽ ലളിതമായിത്തീരുമ്പോൾ
അമ്മമാരെ, നിങ്ങളുടെ കൊച്ചുകുട്ടിക്ക് തിരുവെഴുത്ത് ഓർമ്മിക്കുക എത്ര എളുപ്പമാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?
“HUMPTY DUMPTY sat on a wall ” (“ഹംപ്റ്റി ഡംപ്റ്റി ഇരുന്നൊരു മതിലിൻമേൽ . . . ”) തുടർന്നെന്തുണ്ടായി? നിങ്ങൾക്കുമറിയാം—എല്ലാവർക്കും അറിയാം. നമ്മളെല്ലാം ഹംപ്റ്റി ഡംപ്റ്റിയെപ്പറ്റി പഠിച്ചത് നമ്മുടെ കുട്ടിക്കാലത്തായിരുന്നു. വിശേഷമായ സംഗതി, നാം ആ നേഴ്സറിക്കവിത ഈ നാൾ വരെ ഓർമ്മിച്ചു പോന്നിരിക്കുന്നു എന്നതാണ്. “രാജാവിന്റെ കുതിരകൾക്കോ രാജാവിന്റെ അനുചരൻമാർക്കോ” (“all the king’s horses and all the king’s men”) തിരികെ കൂട്ടിയോജിപ്പിക്കാൻ കഴിയാതെ പോയവൻ ആരായിരുന്നു എന്ന് ഇപ്പോൾ നിങ്ങൾ നിങ്ങളുടെ സ്വന്തമക്കൾക്ക് പറഞ്ഞു കൊടുക്കുന്നുപോലും ഉണ്ടായിരിക്കാം.
ആ നേഴ്സറിക്കവിത നിങ്ങൾ—അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തുള്ള മറ്റു ചിലർ—ഈ നാൾവരെ ഓർത്തിരിക്കാൻ അത്യന്തം ലളിതമായ രണ്ടേ രണ്ടു കാരണങ്ങളാണുള്ളത്. അവ ഓർത്തിരിക്കാൻ എളുപ്പമാണ്. അവ രസിപ്പിക്കുന്നതും ആണ്. പക്ഷെ കുട്ടികളുടെ കാര്യത്തിൽ ഓർമ്മിക്കൽ എന്നത് അതിൽ കവിഞ്ഞ ഒന്നാണ്. അത്,
സ്കൂൾ അദ്ധ്യാപകർ ഉന്നതമായി ശുപാർശ ചെയ്യുന്നു
സമർത്ഥരായ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ആറാം ക്ലാസ്സ് അദ്ധ്യാപകന് മന:പാഠമാക്കുന്നതിനെപ്പറ്റി ശക്തമായ അനുകൂലാഭിപ്രായമാണുള്ളത്. അദ്ദേഹം പറയുന്നു: “നമുക്ക് അക്കാര്യത്തെ നേരിട്ടു നോക്കാം. കുട്ടികൾ വളരെയധികം മന:പാഠമാക്കുന്നു. വളരെ ചെറിയ കുട്ടികൾ പോലും ഡസൻ കണക്കിന് പാട്ടുകളും പദങ്ങളും അന്തമില്ലാത്ത സ്പോർട്ട്സ് കണക്കുകളും അതുപോലുള്ള മറ്റ് കാര്യങ്ങളും മന:പാഠമാക്കുന്നു. അത്തരം ഓർമ്മിക്കൽ പലപ്പോഴും ഉപയോഗശൂന്യവും ചിലപ്പോൾ ഹാനികരവും ആയിരിക്കും. ആരോഗ്യാവഹവും ഔൽകൃഷ്ട്യം പകരുന്നതുമായ കാര്യങ്ങൾ കുട്ടികൾക്ക് ഉത്തമായ ഒരു ചിന്താ ശൈലി പ്രദാനം ചെയ്യുന്നു. അത് ആശ്ചര്യകരമായ ഒരു ശിക്ഷണമാണ്. അത് ആശയങ്ങൾ വികസിപ്പിക്കുകയും സൃഷ്ടിപരമായ വാസനകളെ ഉത്തേജിപ്പിക്കുകയും ചെയ്യും. അത് മേൽക്കുമേൽ പണിയാൻ തക്ക ഒരു അടിത്തറ ഉണ്ടാക്കുന്നു.”
മറ്റൊരു ഹൈസ്കൂൾ അദ്ധ്യാപകൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നന്നെ ചെറുപ്പമായിരിക്കുമ്പോഴേ ഉത്തേജിപ്പിക്കപ്പെടുകയോ വെല്ലുവിളിയെ നേരിടാൻ ഇടയാകുകയോ ചെയ്യാത്ത വിദ്യാർത്ഥികൾ ജൂണിയർ ഹൈസ്കൂളിൽ പ്രവേശിക്കുമ്പോഴേക്ക് ഏകദിശയിൽ ചിന്തിക്കുന്നവരും വെറും കായികതത്പരരും ആയിത്തീരുന്നു. മിക്കപ്പോഴും അവർക്ക് നന്നായി സംസാരിക്കാനാവില്ല. അവർ ബുദ്ധി മാന്ദ്യം ഉള്ളവരായിത്തീരാനും സാദ്ധ്യതയുണ്ട്.”
നിങ്ങളുടെ കുട്ടികൾ നിങ്ങളെപ്പോലെ തന്നെ തങ്ങളുടെ ജീവകാലമത്രയും തങ്ങൾ മന:പാഠമാക്കിയ കാര്യങ്ങൾ ഓർമ്മയിൽ കാക്കാൻ പ്രാപ്തരായിരുന്നേക്കാം. അതുകൊണ്ട്, അവർക്കു ഉപയോഗിക്കാൻ കഴിയുന്നതും അവർക്ക് ജീവനുള്ള കാലമത്രയും അവരെ സഹായിക്കുന്നതുമായ ചില കാര്യങ്ങൾ എന്തുകൊണ്ട് അവരെ അഭ്യസിപ്പിച്ചു കൂടാ? ചില ക്രിസ്തീയ കുടുംബങ്ങൾ വലിയ ആനന്ദത്തോടെ വൻപ്രയോജനം നേടിക്കൊണ്ട് ഇത് ചെയ്യുന്നുണ്ട്.
അവർക്കതു ചെയ്യാം നിങ്ങൾക്കുമതു ചെയ്യാം
ആൻഡ്രുവിന് 6 വയസ്സ് പ്രായമായപ്പോഴേക്ക് അവന് 80 ബൈബിൾ വാക്യങ്ങൾ പദാനുപദം മന:പാഠമാക്കാൻ അവന്റെ അമ്മ അവനെ സഹായിച്ചു.
“അത് ഒരു ഓട്ടപ്പന്തയം ഒന്നും ആയിരുന്നില്ല” എന്നു പറഞ്ഞുകൊണ്ട് അവൾ തുടരുന്നു, “ഞങ്ങളുടെ ഗതിവേഗം വളരെ സ്വാഭാവികയും അനായാസവും ആയിരുന്നു. സത്യത്തിൽ ആരോ ഒടുവിൽ “അവന് എത്ര വാക്യങ്ങൾ അറിയാം എന്നു ചോദിച്ചപ്പോഴാണ് എനിക്കു നിർത്തി കൂട്ടിയെടുക്കേണ്ടി വന്നത്. പുതിയ വാക്യങ്ങൾ ഹൃദ്യസ്ഥമാക്കുന്ന കാര്യം ആൻഡ്രു വളരെയധികം ആസ്വദിച്ചിരുന്നു, പട്ടിക പെട്ടെന്ന് നീളുകയും ചെയ്തു.”
ഇതവൾ എങ്ങനെയാണ് ചെയ്തത്? ഏത് പുസ്തകങ്ങളാണ് അവൾ ആദ്യം വായിച്ചത്? അതിന് എന്തെങ്കിലും എളുപ്പവിദ്യയുണ്ടോ?
“ഓ, ഇല്ല, ഇല്ല” എന്നവൾ എതിർത്തു പറയുന്നു. “ഒന്നും ഇതിലേറെ എളുപ്പം ആകയില്ല. ഞാൻ രണ്ടു പ്രാവശ്യം വാക്യം ചൊല്ലിക്കൊടുക്കുന്നു. അവനപ്പോൾ രണ്ട് പ്രാവശ്യം അത് ഏറ്റു ചൊല്ലുന്നു—ഒരു വിവാഹ പ്രതിജ്ഞ പോലെ. അനന്തരം ഞങ്ങൾ ഈ പരിപാടി രണ്ടോ മൂന്നോ പ്രാവശ്യം അവനത് ഹൃദ്യസ്ഥമാക്കുന്നതുവരെ ആവർത്തിക്കും. അവ പഠിക്കാൻ അവൻ എത്ര ഇഷ്ടപ്പെട്ടെന്നും എത്ര പെട്ടെന്ന് അവൻ അത് പഠിച്ചെടുത്തുവെന്നും കണ്ടപ്പോൾ എനിക്ക് വിസ്മയം തോന്നി!”
“അത്രയേ ഉള്ളോ?”
“അതെ, വാസ്തവത്തിൽ അക്കാര്യം അത്രയേ ഉള്ളു. ഒരു നല്ല അദ്ധ്യാപിക ആയതിനെച്ചൊല്ലി ആളുകൾ എന്നെ അഭിനന്ദിക്കുമ്പോൾ ഞാനൊന്നും തന്നെ വിശേഷവിധമായി ചെയ്തില്ല എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഞാൻ പുതിയ വാക്യങ്ങൾ എന്റെ മകന്റെ മുമ്പിൽ കേവലം വയ്ക്കുന്നതേ ഉള്ളു, അവൻ അവയെല്ലാം മധുരപലഹാരം പോലെ അകത്താക്കുന്നു.”
“ഓരോ വാക്യവും മന:പാഠമാക്കാൻ നിങ്ങളുടെ മകൻ വാസ്തവമായി ഇഷ്ടപ്പെടുന്നുവെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?”
“ഇല്ല, അവൻ ഇഷ്ടപ്പെടുന്നു എന്നു ഞാൻ അർത്ഥമാക്കുന്നില്ല—അവൻ അതിനെ സ്നേഹിക്കുകയാണ് ചെയ്യുന്നത്! എന്റെ ഭർത്താവും ഞാനും ഉൽസാഹപൂർവ്വം ക്രിയാത്മകമായി ആൻഡ്രുവിന് പ്രോൽസാഹനം നൽകുന്നു, അവൻ തന്റെ നേട്ടങ്ങളെപ്രതി വളരെ അഭിമാനം ഉള്ളവനാണ്. മറ്റു കുട്ടികൾ ഞങ്ങളുടെ മകനേക്കാൾ വേഗത്തിലോ താമസിച്ചോ പഠിച്ചേക്കാം, പക്ഷേ സകല കുട്ടികളുംഇത്തരം വേളകൾ അമ്മയോടും അച്ഛനോടും ഒപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടും എന്നു എനിക്ക് തീർച്ചയുണ്ട്.”
നിങ്ങളുടെ കുട്ടിക്കുള്ള പ്രയോജനങ്ങൾ ചിന്തിക്കുക
ബൈബിൾ പറയുന്ന കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുമ്പോൾ നിങ്ങൾ അവനെ യഹോവയുടെ ശിക്ഷണത്തിലും മാനസ്സിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടു”വരികയായിരിക്കും ചെയ്യുന്നത്. (എഫേസ്യർ 6:4) നിങ്ങൾ അവന്റെ ഇളം മനസ്സിൽ ദൈവത്തിന്റെ ചിന്തകൾ നടുകയായിരിക്കും ചെയ്യുന്നത്, കാലക്രമത്തിൽ നിങ്ങളുടെ കുട്ടിയുടെ ചിന്താശൈലി ദൈവത്തിന്റെ ചിന്താശൈലി ആയിത്തീരും. അത് പ്രവൃത്തിക്കുന്ന വിധം നമുക്കു കാണാം:
ഒരുപക്ഷേ നിങ്ങളുടെ കുട്ടി ആദ്യമായി മത്തായി 24:14 മന:പാഠമാക്കാൻ അവനെ സഹായിക്കാൻ നിങ്ങൾ ഉദ്ദേശിച്ചേക്കാം. ഈ വാക്യം മറ്റു കുട്ടികൾക്കും എളുപ്പമായിരുന്നു, കാരണം ഇത് കുട്ടികൾ പല പ്രാവശ്യം കേട്ടിരിക്കാനിടയുള്ളതാണ്. ആദ്യം പലപ്രാവശ്യം നിങ്ങൾ വാക്യം വെറുതെ വായിച്ച് അതു ചൊല്ലാൻ കുട്ടിയെ സഹായിക്കുക. തുടർന്ന് അത് സംബന്ധിച്ച അവന്റെ വിജ്ഞാനശേഖരത്തോട് കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കാനാകും.
ഉദാഹരണത്തിന് അവൻ മത്തായി 24:14 ചൊല്ലിത്തീർന്നശേഷം ഒന്നോ രണ്ടോ വാചകത്തിൽ “സുവാർത്ത എന്താണെന്ന് നിങ്ങൾ പറയുക.” പിന്നീടൊരു ഘട്ടത്തിൽ നിങ്ങൾക്ക് ചുരുക്കമായി ദൈവരാജ്യത്തെ നിർവ്വചിക്കാൻ കഴിയും. വേറൊരു സന്ദർഭത്തിൽ സത്യക്രിസ്ത്യാനികൾ പ്രസംഗവേല നടത്തുന്ന ലോകത്തിലെ മറ്റൊരു പ്രദേശത്തെക്കുറിച്ചും അവർ അവിടെ ചെയ്യുന്ന വേല എങ്ങനെയെന്നും നിങ്ങൾക്ക് വർണ്ണിക്കാം. പഠനവേളകൾ ഹ്രസ്വവും അനൗപചാരികവും രസകരവും ആയിരിക്കട്ടെ. ഒരിക്കലും കർക്കശക്കാരനായ ഒരു ഡ്രിൽ മാസ്റ്റർ ആയിരിക്കേണ്ട ആവശ്യമില്ല. അന്തരീക്ഷം ലഘുവും ആകസ്മികവും ആയി കാക്കുക. നിങ്ങൾക്ക് വഴിയേ ചില കുടുംബ കളികളും കണ്ടുപിടിക്കാൻ കഴിയും.
ക്ഷമയോടെ നിങ്ങളുടെ കുട്ടി പഠിക്കുന്ന വാക്യങ്ങൾ, അവൻ നന്നായി അഭ്യസിക്കുന്നതുവരെ ആവർത്തിക്കുക. നാളുകൾ കഴിയുന്നതോടെ ആദ്യമാദ്യം പഠിച്ച ചില വാക്യങ്ങൾ അവൻ ആവർത്തിക്കാൻ ഇഷ്ടപ്പെടില്ല. കാരണം അവയെല്ലാം അവൻ നല്ലവണ്ണം അറിഞ്ഞിരിക്കുന്നു. അതു നല്ലതാണ്—അവന്റെ താൽപ്പര്യം നിലനിർത്താൻ ഒന്നുരണ്ടു പുതിയ വാക്യങ്ങൾ പഠിപ്പിക്കുക. ഈ ഘട്ടമാകുമ്പോഴേക്ക് അവന് ഒരു പ്രിയപ്പെട്ട വാക്യത്തോട് പ്രത്യേക പ്രതിപത്തി തോന്നുന്നതിനും അത് അവൻ ഒരു സഭാമീറ്റിംഗിൽ പങ്കിടാൻ ആകാംക്ഷ കാണിക്കുന്നതിനും ഇടയായിത്തീരും. അവന്റെ മാതാപിതാക്കൾ വയൽസേവനത്തിൽ കണ്ടുമുട്ടിയ ആരോടെങ്കിലും സംസാരിക്കുന്നതിന് അവൻ ഉൽസാഹം കാണിച്ചേക്കാം.
പക്ഷേ അവനോട് ധൃതി കാണിക്കുകയോ അവന്റെമേൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്യരുത്. ചെറിയ കുട്ടികൾ വ്യത്യസ്ഥ തോതിൽ ആണ് വളരുന്നത്. ചിലർക്ക് അവരുടെ വാക്യങ്ങൾ നന്നായി അറിയാം. പക്ഷെ വീടിന് വെളിയിൽ അതൊക്കെ പറഞ്ഞവതരിപ്പിക്കുന്നതിന് അവർക്ക് ലജ്ജയായിരിക്കാം. ഏതായാലും പ്രധാനസംഗതി കുട്ടി മറ്റുള്ളവരിൽ മതിപ്പുളവാക്കുന്നു എന്നതല്ല പിന്നെയോ നിങ്ങൾക്കും അവനും ദൈവത്തിന്റെ വചനം പറയുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നതിന് ഒരു ഊഷ്മളവും സ്നേഹനിർഭരവും ആയ സന്ദർഭം ലഭിക്കുന്നു എന്നതാണ്.
മറ്റു സന്ദർഭങ്ങളിൽ ആവശ്യമായ തിരുത്തലോ ശിക്ഷണമോ നൽകുന്ന ഒരു ബൈബിൾ വാക്യം, ഒരു പക്ഷെ മാതാപിതാക്കളോടുള്ള ബഹുമാനമോ അല്ലെങ്കിൽ മറ്റുള്ളവരോടൊത്ത് സമാധാനത്തിലുള്ള സഹജീവനമോ ഉയർത്തിക്കാട്ടുന്ന ഒരു വാക്യം അഭ്യസിക്കാൻ നിങ്ങൾക്കവനെ പരിശീലിപ്പിക്കാം. ഉൽപ്പത്തി 1:1ഓ വെളിപ്പാട് 21:3,4-ഓ പോലുള്ള കാതലായ ബൈബിൾ വാക്യങ്ങൾക്കും അവയുടേതായ സ്ഥാനമുണ്ട്.
സത്യത്തിൽ, നിങ്ങളോ നിങ്ങളുടെ കുട്ടിയോ ആസ്വദിച്ച് നേട്ടമനുഭവിക്കാത്തതായ യാതൊരു വാക്യവും ബൈബിളിലില്ല, കാരണം “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാകയാൽ അഭ്യസനത്തിനും ശാസനക്കും കാര്യങ്ങൾ നേരേയാക്കുന്നതിനും നീതിയിലെ ശിക്ഷണത്തിനും പ്രയോജനമുള്ളതാകുന്നു.” (2 തിമോഥെയോസ് 3:16) അത് നിങ്ങളുടെ കുട്ടിയെ വളരെയധികം സഹായിക്കുന്നതുകൊണ്ടും അത് എളുപ്പം ആയിരിക്കുന്നതുകൊണ്ടും അത് നിങ്ങൾക്കിരുകൂട്ടർക്കും ആസ്വാദ്യമാകയാലും ഇപ്പോൾത്തന്നെ എന്തുകൊണ്ട് തുടങ്ങിക്കൂടാ? (g87 7/22)