വിപത്തുകൾ—സ്നേഹകർമ്മങ്ങൾക്കുള്ള സമയം
ജമയ്ക്കായിലെ “ഉണരുക” ലേഖകൻ
ശരാശരി 26 വൻവിപത്തുകളുടെ പ്രഹരം ലോകം പ്രതിവർഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു, അവയിൽ പ്രളയം ആണ് ഒന്നാം സ്ഥാനത്ത്. ഓരോ വർഷവും ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ തകരാറിലാക്കിക്കൊണ്ട് പ്രളയം മിക്കവാറും നിരന്തരമായി സംഭവിക്കുന്നു. ചെറുതോ വലുതോ ആയ ഒരു വിപത്ത് നിങ്ങളുടെ പ്രദേശത്ത് ആഞ്ഞടിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങൾ മറ്റുള്ളവരോട് സ്നേഹപരിഗണന കാണിക്കുമോ? അതെങ്ങനെ എന്ന് നിങ്ങൾക്കറിയാമോ? പിൻവരുന്ന സംഭവകഥ ഒരുപക്ഷേ നിങ്ങളെ സഹായിച്ചേക്കാം.
“വെള്ളം, വെള്ളം, റിയോ മിൻഹോ നദിയിൽ വെള്ളപ്പൊക്കം! സകലരും എഴുന്നേറ്റോടിക്കോ. പുഴ കവിഞ്ഞൊഴുകുന്നേ!” ജൂൺ 6, 1986 പുലർച്ചക്ക് ഈ പരിഭ്രാന്തമായ അലർച്ചയാണ് ടോണി ബരഗറെയും ഭാര്യയെയും തട്ടിയുണർത്തിയത്. ഇത് വ്യാജ മുന്നറിയിപ്പായിരുന്നില്ല. അവർ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റ് 3 വയസ്സുള്ള മകനെ വാരിയെടുത്ത് പുരമുകളിലേക്ക് അള്ളിക്കയറി. പലായനത്തിൽ ടോണിയും ഭാര്യയും ഒറ്റക്കായിരുന്നില്ല.
ജമയ്ക്കാ ദ്വീപിന്റെ തെക്കു ഭാഗത്തുള്ള മിക്ക നിവാസികളും ഉണർന്നെണീറ്റപ്പോൾ തങ്ങളുടെ കിടക്കയുടെ കീഴിൽ ചെളിവെള്ളം കലങ്ങിയൊഴുകുന്നതാണ് അവർ കണ്ടത്. സംഭവിച്ചതെന്താണ്? വെരെ സമതലത്തിനുമേൽ ഉയർന്നു നിൽക്കുന്ന കുന്നുകളിൽ കുറെ ദിവസം തുടർച്ചയായി മഴ പെയ്തു. റിയോ മിൻഹോ ആറ് അതിന്റെ തീരങ്ങളെ തകർത്ത് സമതലങ്ങളിൽ ടൺ കണക്കിന് ചെളിവെള്ളം ഒഴുക്കിവിടുമാറ് വെള്ളത്തിന്റെ കുത്തിയൊഴുക്ക്, ആറ്റിലെ ജലനിരപ്പുയർത്തി.
വിനാശം വിതക്കുന്ന പ്രളയജലം ഭവനങ്ങൾക്കുള്ളിലേക്ക് ഇരച്ചുകയറി ഫർണീച്ചറും ചിലപ്പോൾ വീടുകൾ മുഴുവനായും ഒഴുക്കിയും കന്നുകാലികളെ മുക്കിക്കൊന്നും കാർഷികവിളകൾ നശിപ്പിച്ചും നശിക്കാതെ ശേഷിച്ച ഭവനങ്ങളിൽ ചെളി കട്ടിയായ് നിക്ഷേപിച്ചും കൊണ്ട് അവശേഷിപ്പിച്ച വിനാശത്തിന്റെ രംഗങ്ങൾ പ്രഭാതത്തിൽ ദൃശ്യമായി. റോഡുകളും പാലങ്ങളും നശിപ്പിക്കപ്പെട്ടതു നിമിത്തം ചില ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോയി. വിനാശ ബാധിതരെ ഫിഷിംഗ് ബോട്ട്, മിലിററ്റി ഹെലികോപ്റ്റർ എന്നിവ മുഖേന രക്ഷപെടുത്തേണ്ടി വന്നു.
ദുരിതാശ്വാസത്തിനുള്ള ക്രമീകരണം
കിംഗ്സ്റ്റണിലുള്ള വാച്ച്ടവർ ബ്രാഞ്ച് ഓഫീസ്സിലെ സാക്ഷികൾ പ്രളയബാധിത പ്രദേശങ്ങളിലെ തങ്ങളുടെ സഹസാക്ഷികളെപ്പറ്റി ആശങ്കയുള്ളവരായിരുന്നു. അതുകൊണ്ട് പിറ്റെ ദിവസം രാവിലെ ബ്രാഞ്ച് കമ്മറ്റിയിലെ മൂന്നംഗങ്ങൾ കാറിൽ ഏറ്റവും ഹനിക്കപ്പെട്ട ഇടത്തേക്ക് പോയി. പ്രളയ ജലം ഒഴിവാക്കുന്നതിനുവേണ്ടി പല വളഞ്ഞ വഴികളിലൂടെ ചുറ്റിയതിന് ശേഷം ഒടുവിൽ അവർക്ക് പ്രളയ ബാധിത പ്രദേശത്തുള്ള ഒരു മൂപ്പനുമായി ബന്ധപ്പെടാൻ കഴിഞ്ഞു. അദ്ദേഹം അവരെ ഒരു പ്രത്യേക പയനിയർ ശുശ്രൂഷകനായ ടോണി ബർഗറിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവർ അവിടെ എത്തിയപ്പോഴേക്ക് ടോണിയും അദ്ദേഹത്തിന്റെ കുടുംബവും പുരമുകളിൽ നിന്ന് പലായനം ചെയ്ത് ഒരു അഭയാർത്ഥി കേന്ദ്രം എന്നനിലയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന അടുത്തുള്ള ഒരു പബ്ലിക് സ്കൂൾ കെട്ടിടത്തിൽ അഭയം കണ്ടെത്തിക്കഴിഞ്ഞിരുന്നു. പ്രളയ ബാധിതരായ സഹോദരങ്ങളിൽ ശേഷിച്ചവർ ആരൊക്കെയാണെന്ന് കമ്മറ്റിക്ക് ടോണി റിപ്പോർട്ടു ചെയ്തു. അവരുടെ അടിയന്തിര ആവശ്യങ്ങളെക്കുറിച്ച് ഒരു ശീഘ്ര നിർണ്ണയം നടത്തിയ ശേഷം അടുത്തുള്ളോരു സഭയിലെ മൂപ്പൻമാരുമൊത്ത് ഒരുക്കിയ ഒരു ഏർപ്പാടിലൂടെ പ്രളയബാധയനുഭവിച്ചവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്തു. ഉച്ചതിരിഞ്ഞ് അഞ്ച് മണി ആയപ്പോഴേക്ക് അവർക്ക് ഭക്ഷണം എത്തിച്ചേർന്നു.
വെള്ളപ്പൊക്കത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച ഭക്ഷണം, വസ്ത്രം, കുടിവെള്ളം എന്നിവയുടെ രൂപത്തിൽ സഹായമെത്തിക്കുന്നതിന് കിംഗ്സ്റ്റണിലുള്ള സർവ്വസഭകൾക്കും ഒരു അഭ്യർത്ഥന അയച്ചു. പ്രതികരണം ഉടനെയുണ്ടായി. ആവശ്യമായ വിഭവങ്ങളെല്ലാം ഉദാരമായ അളവിൽ ബ്രാഞ്ചിൽ എത്തിച്ചേർന്നു. അന്നുച്ചതിരിഞ്ഞ് സംഭാവനയായി എത്തിയ സാധനങ്ങളെല്ലാം ഒരു ട്രക്ക്ലോഡായി പ്രളയബാധിത സഹോദരങ്ങൾക്കായി അയച്ചുകൊടുത്തു.
സ്നേഹ പരിഗണനയുടെ പ്രവൃത്തികൾ
നഷ്ടം അനുഭവിച്ചവരുടെ ആവശ്യങ്ങളെക്കാൾ വളരെ കവിഞ്ഞ അളവിലായിരുന്നു ബ്രാഞ്ചിലേക്ക് അയക്കപ്പെട്ട സംഭാവനകൾ. ഒരു സാക്ഷിയുടെ വികലാംഗനും 13 വയസ്സുകാരനുമായ മകൻ ഈ വിപത്തിനെപ്പറ്റി കേട്ട ഉടനെ തന്റെ മുഴു സമ്പാദ്യമായ 160 യു. എസ്സ്. ഡോളർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. മറ്റൊരാൾ അവരുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ചിന്തിച്ച് ഒരു പ്ലാസ്റ്റിക് പൊതിയോടുകൂടിയ ബൈബിൾ സംഭാവന ചെയ്തു. “ഞങ്ങളുടെ സഹോദരങ്ങൾ കരുണാപൂർവ്വം ഞങ്ങൾക്ക് നൽകിയ സമ്മാനങ്ങൾ കണ്ടപ്പോൾ ഞങ്ങളുടെ കണ്ണു നിറഞ്ഞു,” ടോണി പറഞ്ഞു.
വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരാഴ്ച കഴിഞ്ഞ് ചെളി നിറഞ്ഞ വീടുകൾ ശുചിയാക്കുന്നതിനും ചത്ത മൃഗങ്ങളെ കുഴിച്ചിടുന്നതിനും വേണ്ടി സാക്ഷികളുടെ ഒരു സംഘം പ്രളയബാധിത പ്രദേശത്ത് മടങ്ങിയെത്തി. ആ സന്നദ്ധ സംഘത്തിൽ ഒരു കാൽ മാത്രമുണ്ടായിരുന്ന ഒരു സഹോദരിയും ഉണ്ടായിരുന്നു. അവൾ വികലാംഗ ആയിരുന്നെങ്കിലും 60 മൈലുകൾ സഞ്ചരിച്ച് തന്റെ ആത്മീയ സഹോദരങ്ങളെ സഹായിക്കാൻ സ്നേഹം അവളെ പ്രേരിപ്പിച്ചു.
ഒരു രാജ്യഹോളിന്റെ തറ മൂന്നടി കനത്തിൽ വെളിയിൽ പുതഞ്ഞു കിടന്നിരുന്നു. സഹോദരങ്ങൾ പക്ഷെ, “കൂടിവരവ് ഉപേക്ഷിക്കരുതെ”ന്ന് അറിഞ്ഞുകൊണ്ട് ശനിയാഴ്ച—പ്രളയത്തിന്റെ പിറ്റെ ദിവസം—അർദ്ധരാത്രിവരെ, ഞായറാഴ്ചത്തെക്കുവേണ്ടി ഹോൾ തയ്യാറാക്കി ഇടുന്നതിനു വേല ചെയ്തു, (എബ്രായർ 10:25) ഞായറാഴ്ച രാവിലെ 16 പേർ ഹാജരായതു കണ്ടപ്പോൾ അവർക്ക് എത്ര സന്തോഷമായിരുന്നു!
സഹോദരസ്നേഹത്തിന്റെ പ്രവൃത്തികളോടുള്ള പ്രതികരണം
ജമയ്ക്കൻ ഗവൺമെൻറ് പ്രളയബാധിതർക്ക് വേണ്ടി ഒരു ദ്വീപുവ്യാപകമായ ദുരിതാശ്വാസവും ദേശീയ ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. പക്ഷെ, യഹോവയുടെ സാക്ഷികൾ അവരുടെ ആത്മീയ സഹോദരങ്ങളെയും താത്പര്യക്കാരെയും അവരുടെ വീടുകൾ ശുചിയാക്കുന്നതിൽ സഹായിക്കാൻ കാണിച്ച വേഗത, “സാക്ഷികൾ ഗവൺമെൻറിനേക്കാൾ ത്വരിതഗതിയിൽ പ്രവർത്തിച്ചു” എന്നു അഭിപ്രായപ്പെടാൻ ഒരു നിരീക്ഷകനെ പ്രേരിപ്പിച്ചു.
ഒരു സ്ത്രീ അവളുടെ അയൽക്കാരിയായ സാക്ഷിയോട് ഇങ്ങനെ പറഞ്ഞു: “അവർ നിങ്ങൾക്ക് മോൺ ടേഗോ ഉൾക്കടൽ പ്രദേശത്തു നിന്നിത്രദൂരം [100 മൈലുകളിലധികം ദൂരം] കുടിവെള്ളം വഹിച്ചുകൊണ്ടുവന്നതോർത്തു നോക്കു!” പ്രദർശിപ്പിക്കപ്പെട്ട സ്നേഹവും പരിഗണനയും കണ്ടിട്ട് അവിശ്വാസിയായ ഒരു ബന്ധു ഇങ്ങനെ അഭിപ്രായപ്പെട്ടു: “അവരുടെ ആരാധനാ സമ്പ്രദായം ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ, എനിക്കൊന്നു പറയണമെന്നുണ്ട്, അവർ വളരെ സ്നേഹമുള്ളവരാണ്.” (g87 7/8)