ഒരു ആധുനിക ബാബേൽ ഗോപുരം
പുരാതന ബാബേൽഗോപുരം കുഴപ്പത്തിന്റെയും ഭിന്നതയുടെയും ഒരു പ്രതീകമായിത്തീർന്നു. ഏതാണ്ട് 4,000 വർഷം മുമ്പ് ദൈവം ജനത്തിന്റെ ഭാഷ കലക്കിയത് അവിടെ വച്ചായിരുന്നു. എന്തുകൊണ്ട്? അവനോടുള്ള അവരുടെ മത്സരം നിമിത്തം. അവർ ദൈവത്തോടുള്ള അനുസരണത്തെ തള്ളിക്കളയുകയും പകരം അപൂർണ്ണമനുഷ്യരുടെ പദ്ധതികളിൽ തങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിക്കുകയും ചെയ്തു. തന്നിമിത്തം ദൈവം അവരെ ചിതറിച്ചു.—ഉല്പത്തി 11:1-9.
അസ്സീസ്സിയിൽ സംഭവിച്ചത് വളരെ വ്യത്യസ്തമായിരുന്നോ? അവിടെ ആളുകൾ ഉചിതമായി പുനരൈക്യപ്പെട്ടിരുന്നോ? ഇരുനൂറുകോടിയിലധികം ആളുകളുടെ മതനേതാക്കൻമാർ യഥാർത്ഥത്തിൽ ലോകസമാധാനത്തെ പ്രോത്സാഹിപ്പിച്ചോ?
ഐക്യം ഉണ്ടായിരുന്നോ?
ഏതാനും ചില ദിവസങ്ങൾക്കു മുമ്പു മാത്രം ഒരു പ്രസംഗത്തിൽ പാപ്പാ ഇങ്ങനെ ഊന്നിപ്പറഞ്ഞിരുന്നു: ”അസ്സീസ്സിയിൽ നടക്കുന്നത് മതപരമായ ഏകീകരണമായിരിക്കുകയില്ല.” “ഞങ്ങൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാൻ കഴികയില്ല, അതായത് പൊതുപ്രാർത്ഥനയിൽ ഒത്തുചേരാവുന്നതല്ല, എന്നാൽ മറ്റുള്ളവർ പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾക്ക് സന്നിഹിതരായിരിക്കാൻ കഴിയും.”
അങ്ങനെ, സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിൽ പാലിക്കുന്ന മാനദണ്ഡം പ്രാർത്ഥിക്കുന്നതിന് ഒരുമിച്ചുകൂടുകയെന്നതാണ്, ഒരുമിച്ചു പ്രാർത്ഥിക്കുകയെന്നതല്ല എന്ന് പാപ്പാ സൂചിപ്പിച്ചു. ഒരു പൊതുപ്രാർത്ഥനയിൽ പങ്കെടുക്കുന്നതൊഴിവാക്കാൻ അദ്ദേഹം ആഗ്രഹിച്ചതായി ചിലർ നിരീക്ഷിച്ചു. ഈ വിധത്തിൽ, വിവിധ മതവിശ്വാസങ്ങളെ കൂട്ടികലർത്തുന്നതായി കത്തോലിക്കർ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയില്ല.
ഇത് അന്നു രാവിലെ മതനേതാക്കൻമാരോടായി പാപ്പാ നടത്തിയ സ്വാഗത പ്രസംഗത്തിൽ നിന്നു തെളിയുന്നു. അദ്ദേഹം ഇങ്ങനെ ദൃഢമായി ചൂണ്ടിക്കാട്ടി: “നാം ഇവിടെ കൂടിവന്നിരിക്കുന്നുവെന്ന വസ്തുത നമ്മുടെ ഇടയിലെ ഏതെങ്കിലും മതപരമായ അഭിപ്രായ ഐക്യം തേടുന്നതിനെയോ നമ്മുടെ വിശ്വാസത്തെ കൂടിയാലോചനക്ക് വിധേയമാക്കുന്നതിനെയോ സൂചിപ്പിക്കുന്നില്ല. മതങ്ങളെ അവയെക്കാളെല്ലാം മികച്ച ഒരു ഭൗമിക പദ്ധതിയിലെ പൊതു പ്രതിജ്ഞാബദ്ധതയുടെ തലത്തിൽ അനുരഞ്ജനപ്പെടുത്താൻ കഴിയുമെന്നും അതർത്ഥമാക്കുന്നില്ല.”
തീർച്ചയായും, അപ്പോൾ, അസ്സീസ്സിയിൽ കൂടിവന്നവരാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന മതോപദേശങ്ങളിലെ അനേകം വ്യത്യാസങ്ങളെ അനുരഞ്ജിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായിരിക്കയില്ല. തന്നിമിത്തം മതപരമായ ഐക്യം അസാദ്ധ്യമായിരിക്കും. ‘മതപരമായ ഭാഷകളുടെ’ കുഴപ്പം തുടരും. അതുകൊണ്ട്, തീർച്ചയായും പുരാതന ബാബേൽ ഗോപുരത്തോട് ഒരു ശ്രദ്ധേയമായ സമാനത ഉണ്ട്.
വിശ്വാസങ്ങളുടെ ഒരു സാമ്പിൾ എടുത്താൽ മതപരമായ അനൈക്യം പ്രസ്പഷ്ടമാണ്. ദൃഷ്ടാന്തമായി, ബുദ്ധമതം ഒരു ആളത്വമുള്ള ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കാതെ, സ്വയാസ്തിത്വവിലോപനത്തിലൂടെ സമ്പാദിക്കുന്ന പരമാനന്ദമാണ്, നിർവ്വാണമാണ് മനുഷ്യന്റെ അന്തിമലക്ഷ്യം എന്നു പഠിപ്പിക്കുന്നു. ഹിന്ദുക്കൾ ദശലക്ഷക്കണക്കിനു ദൈവങ്ങളിലും നിർവ്വാണത്തിലേക്കു നയിക്കാൻ കഴിയുന്ന തുടർച്ചയായ പുനരവതാര ചക്രങ്ങളിലും വിശ്വസിക്കുന്നു. കത്തോലിക്ക്, ഓർത്തഡോക്സ്, പ്രോട്ടസ്റ്റൻറ് മതങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നു. എന്നാൽ ഒരു ദൈവം മാത്രമേയുള്ളുവെന്നും അത് അള്ളായാണെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു; എന്നിരുന്നാലും ദൈവത്തിന് ഒരു പുത്രൻ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. യഹൂദൻമാർ ഏക ദൈവത്തിൽ വിശ്വസിക്കുന്നു, എന്നാൽ യേശുവിനെ മശിഹായായി സ്വീകരിക്കുന്നില്ല. ആഫ്രിക്കൻ മതങ്ങൾ ചെടികൾക്കും മൃഗങ്ങൾക്കും അചേതന വസ്തുക്കൾക്കും ഒരു ആത്മാവുണ്ടെന്നു വിശ്വസിക്കുന്നു. അമേരിക്കൻ ഇൻഡ്യൻസ് പ്രകൃതി ശക്തികളെ ആരാധിക്കുന്നു.
എന്നിരുന്നാലും, യഥാർത്ഥ സമാധാനം കുറഞ്ഞപക്ഷം വ്യത്യസ്ത ജനങ്ങളുടെ ഒരു അടിസ്ഥാന കൂടിവരവിനെ അഥവാ ഐക്യപ്പെടലിനെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും അസ്സീസ്സിയിൽ കൂടിവന്ന മതങ്ങൾക്ക് ഒരു പൊതുപ്രാർത്ഥനയിൽ യോജിക്കാൻപോലും കഴിയാത്തവിധം അവ ദയനീയമായി വിഭജിക്കപ്പെട്ടിരുന്നു! തീർച്ചയായും ദൈവത്തിന് ഈ വിരുദ്ധ ആശയങ്ങളെയെല്ലാം അംഗീകരിക്കാൻ കഴികയില്ല, എന്തുകൊണ്ടെന്നാൽ “ദൈവം കലക്കത്തിന്റെയല്ല, പിന്നെയോ സമാധാനത്തിന്റെ ഒരു ദൈവമാകുന്നു”വെന്ന് അപ്പോസ്തലനായ പൗലോസ് എഴുതി.—1 കൊരിന്ത്യർ 14:33.
ദൈവം കേൾക്കുന്നുണ്ടോ?
ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ ഏക സത്യദൈവത്തിന്, യഥാർത്ഥ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ഉദ്ദേശ്യമില്ലാത്ത മതനേതാക്കളുടെ പ്രാർത്ഥനകൾ എങ്ങനെ ആനുകൂല്യത്തോടെ കേൾക്കാൻ കഴിയും? സത്യാരാധന ആചരിക്കുന്ന എല്ലാവരും “യോജിപ്പിൽ സംസാരിക്കണമെന്നും [അവരുടെ] ഇടയിൽ ഭിന്നതകൾ ഉണ്ടായിരിക്കാതെ [അവർ] ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കണമെന്നും” ദൈവത്തിന്റെ സ്വന്തം നിശ്വസ്തവചനം വ്യക്തമായി പ്രസ്താവിക്കുന്നു.—1 കൊരിന്ത്യർ 1:10.
ദൈവം ഈ ഛിദ്രിച്ച മതങ്ങളെ ശ്രദ്ധിക്കുകയാണെങ്കിൽ അവൻ സ്വയം പരസ്പരവിരുദ്ധമായി പ്രവർത്തിക്കുകയായിരിക്കും. അത് അവൻ കുറ്റംവിധിക്കുന്നതിന്റെ—ഭിന്നതയുടെ—അംഗീകാരത്തെ സൂചിപ്പിക്കും. എന്നാൽ സത്യത്തിന്റെ ദൈവത്തിന് ഒരു ഇരട്ടത്താപ്പുനയം സംബന്ധിച്ച് കുറ്റക്കാരനാകാവുന്നതല്ല. അവൻ സ്വന്ത വചനത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയില്ല, എന്തുകൊണ്ടെന്നാൽ “ദൈവത്തിന് ഭോഷ്കു പറയാൻ കഴികയില്ല.” (തീത്തോസ് 1:2) അതുകൊണ്ട്, അവൻ അത്തരം ഭിന്നിച്ച ആരാധനയിലെ പ്രാർത്ഥനകളെ അനുകൂലമായി കേൾക്കുന്നില്ല.
തന്റെ ഇഷ്ടത്തിനു ചേർച്ചയിലായ ആരാധന മാത്രമേ ദൈവം അംഗീകരിക്കുന്നുള്ളുവെന്ന് ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. യേശു പറഞ്ഞു: “എന്നോട് ‘കർത്താവേ, കർത്താവേ, എന്നു പറയുന്ന ഏവനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, എന്നാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ പ്രവേശിക്കും.” തന്നെ “ആത്മാവോടും സത്യത്തോടുംകൂടെ” ആരാധിക്കുന്നവരെ മാത്രമേ ദൈവം അന്വേഷിക്കുന്നുള്ളു അഥവാ അംഗീകരിക്കുന്നുള്ളു എന്നും അവൻ പറഞ്ഞു. അവന്റെ വചനം അനുഷ്ഠിക്കുന്നതിനാലും അവന്റെ കല്പനകൾ അനുസരിക്കുന്നതിനാലുമാണ് അങ്ങനെ ആരാധിക്കുന്നത്. അതുകൊണ്ട് ദൈവം തന്റെ ഇഷ്ടം ചെയ്യാത്ത മതങ്ങളെ അംഗീകരിക്കാതിരിക്കുന്നു, അവൻ ബാബേൽഗോപുര പണിക്കാരെ അംഗീകരിക്കാഞ്ഞതുപോലെതന്നെ. അവരും അവന്റെ ഇഷ്ടം ചെയ്യുകയായിരുന്നില്ല. അങ്ങനെയുള്ളവരെ അവൻ പരിത്യജിക്കുന്നു. ദൈവത്തിന്റെ ഇഷ്ടത്തിനു പകരം സ്വന്ത ഇഷ്ടം ചെയ്യുന്നവരോടു “അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ” എന്ന് യേശു പറഞ്ഞതുപോലെതന്നെ—മത്തായി 7:21-23; യോഹന്നാൻ 4:23, 24.
അങ്ങനെ, അസ്സീസ്സിയിൽ കൂടിവന്ന മതങ്ങളുടെ ആത്മീയാവസ്ഥ ദൈവം സത്യാരാധകരിൽനിന്ന് ആവശ്യപ്പെടുന്നതിന്റെ എതിരാണ്. ഒരേ മനസ്സിലും ചിന്തയിലും ഐക്യപ്പെട്ടിരിക്കുന്നതിനു പകരം, അവ, ബാബേൽഗോപുരത്തിങ്കൽ നിലവിലിരുന്നതുപോലെ, അനൈക്യത്താൽ ഛിദ്രിച്ചിരിക്കുകയാണ്.
നാം ചരിത്രസാക്ഷ്യം പരിശോധിക്കുമ്പോൾ, ദൈവം ഈ ലോകത്തിലെ ബാബേൽതുല്യ മതങ്ങളുടെ പ്രാർത്ഥനകൾ ആനുകൂല്യത്തോടെ കേൾക്കുന്നില്ലെന്നുള്ള വസ്തുത കൂടുതൽ സ്പഷ്ടമായിത്തീരുന്നു. ആ സാക്ഷ്യം എങ്ങനെയുള്ള ചിത്രമാണ് അവതരിപ്പിക്കുന്നത്? (g87 6/8)
[6-ാം പേജിലെ ചിത്രം]
ഒരു ബാബിലോന്യ ക്ഷേത്രഗോപുരം