‘നിങ്ങളുടെ കൈകൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു’
“നിങ്ങൾ അനേകം പ്രാർത്ഥനകൾ കഴിക്കുന്നുണ്ടെങ്കിലും ഞാൻ ശ്രദ്ധിക്കുന്നില്ല; നിങ്ങളുടെ കൈകൾതന്നെ രക്തച്ചൊരിച്ചിൽകൊണ്ടു നിറഞ്ഞിരിക്കുന്നു.” തന്നെ സേവിക്കുന്നുവെന്നവകാശപ്പെടുകയും എന്നാൽ നിർദ്ദോഷരക്തം ചൊരിയുന്നതിൽ ഉൾപ്പെടുകയും ചെയ്തവരോട് അങ്ങനെയാണ് സർവ്വശക്തനായ ദൈവം പറഞ്ഞത്.—യെശയ്യാവ് 1:15.
ഈ ലോകത്തിലെ മതങ്ങൾ നിർദ്ദോഷരക്തം ചൊരിഞ്ഞതിന്റെ കുറ്റംവഹിക്കുന്നുണ്ടോ? ഉവ്വ്, തീർച്ചയായുമുണ്ട്. നമ്മുടെ 20-ാം നൂറ്റാണ്ടിലെ ഓരോ യുദ്ധത്തിലും ഈ ലോകത്തിലെ മതങ്ങളും അവയിലെ വൈദികരും രക്തച്ചൊരിച്ചിലിനെ പിന്താങ്ങിയിട്ടുണ്ട്. ഇത് ഒരേ മതത്തിന്റെ അംഗങ്ങൾ അന്യോന്യം കൂട്ടക്കൊല നടത്തുന്നതിലേക്കുപോലും നയിച്ചിട്ടുണ്ട്.
എന്നിരുന്നാലും ‘വാൾ അതിന്റെ സ്ഥലത്ത് തിരികെ വെക്കാൻ’ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 26:52) അപ്പോസ്തലനായ പൗലോസ് “ഞങ്ങളുടെ യുദ്ധായുധങ്ങൾ ജഡികമല്ല” എന്നു പ്രസ്താവിച്ചു. (2 കൊരിന്ത്യർ 10:4) ദൈവവചനത്തിലെ ശക്തമായ സന്ദേശം സത്യമതം ആചരിക്കുന്നവർ അന്യോന്യം സ്നേഹിക്കണമെന്നും രക്തം ചൊരിയരുതെന്നുമാണ്: “ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും ഈ വസ്തുതയിൽനിന്ന് തെളിയുന്നു: നീതി പ്രവർത്തിക്കാത്ത ഓരോരുത്തരും ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല, തന്റെ സഹോദരനെ സ്നേഹിക്കാത്തവനും. എന്തെന്നാൽ നിങ്ങൾ ആരംഭം മുതൽ കേട്ടിരിക്കുന്ന ദൂത് ഇതാണ്, നിങ്ങൾക്ക് അന്യോന്യം സ്നേഹം ഉണ്ടായിരിക്കണം എന്നുതന്നെ; ദുഷ്ടനിൽനിന്ന് ഉത്ഭവിക്കുകയും തന്റെ സഹോദരനെ കൊല്ലുകയും ചെയ്ത കയീനെപ്പോലെയല്ല.”—1 യോഹന്നാൻ 3:10-12.
ഒരു മതം ഇത്തരം സ്നേഹം ആചരിക്കുന്നില്ലെങ്കിൽ അതിന്റെ പ്രാർത്ഥനകൾ ദൈവത്താൽ കേൾക്കപ്പെടുകയില്ല. ബൈബിൾ പറയുന്നു: “നാം അവന്റെ കല്പനകൾ അനുഷ്ഠിക്കുന്നതുകൊണ്ടും അവന്റെ ദൃഷ്ടിയിൽ പ്രസാദകരമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടും നാം എന്തു ചോദിച്ചാലും നമുക്ക് അവനിൽനിന്നു കിട്ടുന്നു.” (1 യോഹന്നാൻ 3:22) എന്നാൽ ഈ ലോകത്തിലെ മതങ്ങൾ ദൈവത്തിന്റെ കല്പനകൾ അനുഷ്ഠിച്ചിട്ടില്ല. പകരം, അവ ഈ നൂറ്റാണ്ടിലെ മാത്രം യുദ്ധങ്ങളിൽ പത്തുകോടി ആളുകളുടെ സംഹാരത്തിന് കൂട്ടുനിന്നിരിക്കുന്നു!
നേതാക്കളും ജനങ്ങളും ശ്രദ്ധിക്കുമോ?
അസ്സീസ്സിയിലെ തന്റെ സമാപന പ്രസംഗത്തിൽ ജോൺപോൾ രണ്ടാമൻ ഇങ്ങനെ പറഞ്ഞു: “സമാധാനത്തിനായി ഞങ്ങൾ ദൈവത്തോടു കഴിച്ചിരിക്കുന്ന വിനീതമായ പ്രാർത്ഥന ഗൗനിക്കാൻ ഞങ്ങൾ ലോക നേതാക്കൻമാരെ ക്ഷണിക്കുന്നു.” രാഷ്ട്രീയ നേതാക്കൻമാരും അവരുടെ ജനവും പൊതുവേ ഈ അഭ്യർത്ഥനക്കു ചെവികൊടുക്കുമോ? കണ്ടുപിടിക്കാൻ നമുക്ക് ചരിത്രത്തിലേക്കു നോക്കാം.
സമാധാനത്തിനായുള്ള ഉടമ്പടികളും പ്രാർത്ഥനകളും പുത്തരിയല്ലെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. മദ്ധ്യയുഗങ്ങളിൽ സമാധാന കരാറുകൾ മിക്കപ്പോഴും ദൈവത്തിന്റെ യുദ്ധ വിരാമങ്ങൾ അഥവാ വിശുദ്ധ യുദ്ധ വിരാമങ്ങൾ എന്നു വിളിക്കപ്പെട്ടിരുന്നു. അവ ക്രൈസ്തവലോകത്തിന്റെ മതവിശേഷ ദിവസങ്ങളിലാണ് പ്രഖ്യാപിക്കപ്പെട്ടത്, ആ സമയത്ത് സകല പോരാട്ടങ്ങളും നിർത്തണമായിരുന്നു. എന്നാൽ കരാറുകളെ ലംഘിക്കുന്നവരെ സഭാഭ്രഷ്ടരാക്കുമെന്നുള്ള ഭീഷണിപോലും ആളുകളെക്കൊണ്ട് അവയെ ആദരിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല.
പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമൻ 1915-ൽ ഒന്നാം ലോകമഹായുദ്ധത്തിലെ “ഭയങ്കര കൂട്ടക്കൊല”ക്ക് അറുതിവരുത്താൻ രാഷ്ട്രങ്ങളോട് ഒരു അഭ്യർത്ഥന നടത്തി. “ദുഷ്ടബാധയുടെ വിരാമ”ത്തിനുവേണ്ടി അദ്ദേഹം ദൈവത്തോടു പ്രാർത്ഥിച്ചു. എന്നാൽ ദേശീയ നേതാക്കളോ അവരുടെ ജനങ്ങളോ കേട്ടനുസരിച്ചില്ല. യുക്ത്യാനുസൃതം, ദൈവം കേട്ടില്ല, എന്തുകൊണ്ടെന്നാൽ ഇരുപക്ഷങ്ങളിലെയും പോരാളികൾ ഒരേ മതത്തിലെ അംഗങ്ങളായിരുന്നു. അങ്ങനെ, ദൈവത്തിന്റെ കല്പനകൾക്കു തികച്ചും വിരുദ്ധമായി കത്തോലിക്കർ കത്തോലിക്കരെയും പ്രോട്ടസ്റ്റൻറുകാർ പ്രോട്ടസ്റ്റൻറുകാരെയും കൊന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കൊണ്ടിരുന്ന 1939-ലെ വസന്തത്തിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പാ “സമാധാനത്തിനുവേണ്ടിയുള്ള പൊതുപ്രാർത്ഥനകളുടെ ഒരു കുരിശുയുദ്ധം” സംഘടിപ്പിച്ചു. അടുത്ത ഓഗസ്റ്റിൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുമുമ്പ്, അതിഭയങ്കരയുദ്ധം ഒഴിവാക്കത്തക്കവണ്ണം “കുറ്റാരോപണങ്ങളിൽനിന്നും ഭീഷണികളിൽനിന്നും പരസ്പര അവിശ്വാസത്തിന്റെ കാരണങ്ങളിൽ നിന്നും” പിൻമാറാൻ അദ്ദേഹം ദേശീയനേതാക്കളോടും അവരുടെ ജനങ്ങളോടുമായി ഒരു അഭ്യർത്ഥന പുറപ്പെടുവിച്ചു.
എന്നാൽ പ്രാർത്ഥനകളും അഭ്യർത്ഥനകളുമൊന്നും കാത്തലിക്ക്, പ്രോട്ടസ്റ്റൻറ്, ജർമ്മനിയുടെ യുദ്ധയന്ത്രത്തെ നിശ്ചലമാക്കിയില്ല; അവ കാത്തലിക്ക് ഇറ്റലിക്കോ ഷിന്റോയിസ്റ്റ് ജപ്പാനോ സമാധാനത്തിലേക്കുള്ള വഴിയെ സൂചിപ്പിച്ചുമില്ല. ഏതെങ്കിലും മതത്തിലെ അംഗങ്ങൾ അതേ മതത്തിലെ മറ്റംഗങ്ങളെ കൊന്നാൽ സഭാഭ്രഷ്ടുണ്ടാകുമെന്നുള്ള ഭീഷണിയും പുറപ്പെടുവിച്ചില്ല. അങ്ങനെ സഹോദരനാലുള്ള സഹോദരന്റെ സംഹാരം ആറു വർഷം തുടർന്നു, ഓരോ രാഷ്ട്രത്തിലെയും വൈദികർ പിന്തുണകൊടുക്കുകയും ചെയ്തു.
അസ്സീസ്സിയിൽവച്ചുള്ള പാപ്പായുടെ അഭ്യർത്ഥനയോടുള്ള പ്രതികരണമായി ചില സ്ഥലങ്ങളിൽ 1986 ഒക്ടോബർ 27-ാം തീയതി പോരാട്ടം നിർത്തി. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ അതു തുടർന്നു. അനേകം ഉദാഹരണങ്ങളിലും ഇത് അസ്സീസ്സിയിൽ പ്രാതിനിദ്ധ്യമുണ്ടായിരുന്ന മതമുള്ള രാജ്യങ്ങളിലായിരുന്നു. ദൃഷ്ടാന്തമായി, കാത്തലിക്ക് ഐ ആർ എ ഗറില്ലാ പോരാളികൾ അയർലണ്ടിൽ ഒരു ബോംബാക്രമണം നടത്തി. സിക്കുകാർ ഇൻഡ്യയിൽ പൊരുതി. എത്യോപ്യാ, ലബനോൻ, ഇറാൻ, ഇറാക്ക് എന്നിവിടങ്ങളിലും മറ്റു ചിലടങ്ങളിലും രക്തച്ചൊരിച്ചിൽ തുടർന്നു. എന്നാൽ ആ ഒരു ദിവസത്തേക്ക് യുദ്ധവിരാമം പാലിച്ചിടത്തുപോലും അടുത്ത ദിവസംതന്നെ മരണവും ഭീകരപ്രവർത്തനവും വീണ്ടും വിതയ്ക്കപ്പെട്ടു. തീർച്ചയായും ഒരു വിചിത്ര സമാധാനം!
ഇന്നു കൊല നിർത്തുകയും നാളെ വീണ്ടും തുടങ്ങുകയും ചെയ്യുന്നവരെ പരോക്തമായി അംഗീകരിക്കുന്ന അത്തരം നീക്കങ്ങളെ “സമാധാനത്തിന്റെ ദൈവ”ത്തിന് അനുഗ്രഹിക്കാൻ കഴിയുമോ? കയീൻ ഹാബേലിനെ കൊന്നശേഷം ദൈവം അവനെ അംഗീകരിച്ചോ? തീർച്ചയായുമില്ല!—എബ്രായർ 13:20.
സമാധാനത്തിനുവേണ്ടിയുള്ള ഒരു സ്വാധീനമല്ല
വിവിധരാഷ്ട്രങ്ങളിൽ അടുത്ത കാലത്തു നടത്തപ്പെട്ട സർവ്വേകൾ ലോകത്തിലെ മതങ്ങൾ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നവയല്ല, പിന്നെയോ യുദ്ധം ഇളക്കിവിടുന്നവയാണ് എന്ന് വളരെയധികം ആളുകൾ പരിഗണിക്കുന്നതായി സൂചിപ്പിക്കുന്നു. ഫ്രഞ്ച് ജനതകളുടെ 47 ശതമാനവും യിസ്രായേലികളുടെ 48 ശതമാനവും അങ്ങനെയാണു വിചാരിക്കുന്നത്.
സമാധാനത്തിനുവേണ്ടിയുള്ള മതങ്ങളുടെ ലോക കോൺഫറൻസിന്റെ സെക്രട്ടറി ജനറലായ ജോൺ റ്റെയ്ലർ ഫ്രഞ്ച് കത്തോലിക്കാ മാസികയായ എൽ ആക്ച്വലൈറ്റ് റിലിജിയസ് ഡാൻസ് ലി മോണ്ടിയിൽ ഇങ്ങനെ പറഞ്ഞു: “മതത്തിന് പോരാട്ട”ങ്ങളിൽ വെളിച്ചവും ധർമ്മവും എത്തിക്കാൻ കഴിയുമെന്നും യുദ്ധത്തിനും ആയുധീകരണത്തിനും എതിരായ ശക്തികളെ ഏകോപിപ്പിക്കുന്നതിൽനിന്ന് നമുക്ക് വലിയ പ്രയോജനം ലഭിക്കുമെന്നും ചിന്തിക്കാൻ തക്കവണ്ണം നാം നമ്മേത്തന്നെ വഞ്ചിച്ചു. എന്നാൽ ഈ പ്രശ്നങ്ങൾ പരിശോധിച്ചപ്പോൾ, യുദ്ധങ്ങൾക്കു കാരണം ആയുധീകരണങ്ങളല്ല, പിന്നെയോ മനുഷ്യരുടെ ഇടയിലെ വിദ്വേഷങ്ങളും ഭിന്നതകളുമാണെന്ന് ഞങ്ങൾ ക്രമേണ തിരിച്ചറിഞ്ഞു. . . . ഇവിടെയും മതം അതിന്റെ പങ്കുവഹിച്ചിരിക്കുന്നു.”
ചരിത്രകാരനായ ഏണസ്റ്റോ ഗാലി ഡല്ലാ ലോഗിയാ, ആവനീർ എന്ന കത്തോലിക്കാ ദിനപ്പത്രത്തിൽ കൂടുതൽ നിശിതമായി ഇങ്ങനെ പറഞ്ഞു: “മതം മനുഷ്യരുടെയും ജനങ്ങളുടെയും ഇടയിൽ ഒരു ഏകോപന ചട്ടക്കൂട് നിർമ്മിച്ചിട്ടുള്ളതായി തോന്നുന്നില്ല, നേരെ മറിച്ചാണു വാസ്തവം. നൂറ്റാണ്ടുകളായി അങ്ങനെതന്നെയാണ്. ഏറ്റവും വലിയ ഏക ദൈവവിശ്വാസമതങ്ങൾ സൈനിക കേന്ദ്രമില്ലാത്ത ഒരു യുദ്ധത്തിൽ അന്യോന്യം പൊരുതിയിട്ടുണ്ടെന്നു മാത്രമല്ല, അവയിൽ ചിലത്—മുഖ്യമായി ക്രിസ്ത്യാനിത്വവും ഇസ്ലാമും—അപരിഷ്കൃത ജനങ്ങൾ എന്നു വിളിക്കപ്പെട്ടവരുടെ ജഡാത്മ മതങ്ങളെ നിർമ്മൂലമാക്കുന്നതിന് തങ്ങളുടെ മുഴുശക്തിയും അർപ്പിച്ചിട്ടുണ്ട്. മതവും രാഷ്ട്രീയശക്തിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായതുകൊണ്ടാണ് ഇതു സംഭവിച്ചിരിക്കുന്നത്.”
ഈ കാരണങ്ങളാലും മറ്റു കാരണങ്ങളാലും ഗവൺമെൻറുകൾ ഒന്നുകിൽ മതനേതാക്കളെ അവഗണിക്കുന്നു അല്ലെങ്കിൽ അവരെ ഒരു അവശ്യ ശല്യമായി പൊറുക്കുന്നു. ലോകമതം തന്നെ മനുഷ്യന്റെ മേലോ ലോകാവസ്ഥകളുടെമേലോ പ്രയോജനകരമായ ഫലമില്ലാത്ത ഒരു പുറംപൂച്ചു മാത്രമാണ്.
പ്രാർത്ഥനാദിവസത്തിന്റെ പര്യവസാനത്തിൽ പാപ്പാതന്നെ ഈ രക്തച്ചൊരിച്ചിലിലെല്ലാം കത്തോലിക്കാമതത്തിനുള്ള ഉത്തരവാദിത്തം സമ്മതിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കത്തോലിക്കർ ഈ വിശ്വാസ പ്രഖ്യാപനത്തോട് എല്ലായ്പ്പോഴും വിശ്വസ്തരായിരുന്നിട്ടില്ലെന്ന് സമ്മതിക്കാൻ ഞാൻ തയ്യാറാണ്.” എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “ഞങ്ങൾ എല്ലായ്പ്പോഴും ‘സമാധാനമുണ്ടാക്കുന്നവർ’ ആയിരുന്നിട്ടില്ല. തന്നിമിത്തം, ഞങ്ങൾക്കും, ഒരുപക്ഷേ, ഒരർത്ഥത്തിൽ എല്ലാവർക്കും, അസ്സീസ്സിയിലെ ഈ അനുഭവം ഒരു പശ്ചാത്താപ പ്രകടനമാണ്.”
എന്നാൽ ആധുനികമതം, യുദ്ധത്തോടുള്ള അതിന്റെ മനോഭാവത്തിന് മാറ്റംവരുത്തിയിരിക്കുന്നുവെന്ന് അതിന്റെ പ്രവർത്തനങ്ങളാൽ പ്രകടമാക്കിയിട്ടുണ്ടോ? അത് യഥാർത്ഥത്തിൽ അപമാനകരമായ അതിന്റെ ഭൂതകാലത്തെക്കുറിച്ചു അനുതാപമുള്ളതാണോ? ഇപ്പോഴത്തെ യുദ്ധങ്ങളെ സംബന്ധിച്ച് സംസാരിച്ചുകൊണ്ട് എണസ്റ്റോ ഗല്ലി ഡല്ലാ ലോഗിയാ ഇങ്ങനെ ചൂണ്ടിക്കാട്ടി: “ഈ പോരാട്ടങ്ങളിൽ പത്തിൽ ഒൻപതും മതപരമായ പോരാട്ടങ്ങൾ കൂടെയാണ്, അല്ലെങ്കിൽ എല്ലാറ്റിനുമുപരി അങ്ങനെയാണ്.”
അങ്ങനെ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനകൾ നിഷ്പ്രയോജനകരമാണ്. രാഷ്ട്രീയ നേതാക്കൻമാരോ ജനങ്ങളോ അവയെ ശ്രദ്ധിക്കുകയും അവയ്ക്കനുയോജ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നില്ല; ദൈവവും അങ്ങനെ ചെയ്യുന്നില്ല, എന്തുകൊണ്ടെന്നാൽ അവൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിങ്ങൾ അനേകം പ്രാർത്ഥനകൾ കഴിക്കുന്നുണ്ടെങ്കിലും ഞാൻ ശ്രദ്ധിക്കുന്നില്ല; നിങ്ങളുടെ കൈകൾതന്നെ രക്തച്ചൊരിച്ചിൽകൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവ് 1:15) അതുകൊണ്ടാണ് ഐക്യരാഷ്ട്രങ്ങൾ പ്രോത്സാഹിപ്പിച്ചതും ഈ ലോകത്തിലെ മതങ്ങൾ പിന്താങ്ങിയതുമായ അന്താരാഷ്ട്ര സമാധാനവർഷം അത്ര വലിയ പരാജയമായിത്തീർന്നത്. (g87 6/8)
[10-ാം പേജിലെ ചതുരം]
ഇറ്റലിയിലെ ഒരു സർവ്വേ
ഉണരുക! മാസിക വിവിധ ഇറ്റാലിയൻ നഗരങ്ങളിൽ ഒരു സർവ്വേ നടത്തി. ആ സമയത്ത് ശതക്കണക്കിനാളുകളുമായി കൂടിക്കാഴ്ച നടത്തി, ഭൂരിപക്ഷവും കത്തോലിക്കരായിരുന്നു. സമാധാനത്തിനും വെടി നിർത്തലിനും വേണ്ടിയുള്ള അസ്സീസ്സി പ്രാർത്ഥനാദിനം പോലെയുള്ള നീക്കങ്ങൾ യുദ്ധങ്ങളെയും ആയുധീകരണങ്ങളെയും നിർമ്മാർജ്ജനം ചെയ്യാൻ സഹായിക്കുമോയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് 70 ശതമാനം പറഞ്ഞു. അത് ആദ്യനടപടി മാത്രമാണെന്ന് 17 ശതമാനം പറഞ്ഞു. 10 ശതമാനം മാത്രമേ അത് ക്രിയാത്മകമായ ഒരു നടപടിയാണെന്ന് വിചാരിച്ചുള്ളു.
വടക്കൻ ഇറ്റാലിയൻ നഗരമായ ബർഗ്ഗമോയിൽനിന്നുള്ള ഒരു പുരോഹിതൻ ഇങ്ങനെ പറഞ്ഞു: “ഈ നീക്കം അതിന്റെ സന്ദേശത്തെ മുന്നോട്ടു കൊണ്ടുപോകുകയാണെങ്കിൽ, വളരെ പ്രയോജനകരമായിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നു. അത് ഒറ്റപ്പെടുത്തരുതാത്ത ഒരു നല്ല തുടക്കമാണ്.”
എന്നാൽ അതേ പ്രദേശത്തുനിന്നുള്ള ഒരു കത്തോലിക്കാ യുവതി ഇങ്ങനെ പറഞ്ഞു: “മതപരമായ കാരണങ്ങളാലും വർഷങ്ങളായും പൊരുതിക്കൊണ്ടിരിക്കുന്നവരും അനന്തരം തങ്ങളുടെ ആയുധങ്ങൾ താഴെ വച്ചിട്ട്, അടുത്ത ദിവസം തങ്ങൾ പോരാട്ടം നടത്തുമെന്നുള്ള തികഞ്ഞ അറിവോടെ ലോകസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നവരുമായ ജനങ്ങളുടെ കപടഭക്തിയെ ഒരുവന് അവഗാഢമായി ശ്രദ്ധിക്കാതിരിക്കാൻ കഴികയില്ല.” ബ്രസ്ക്യായിൽനിന്നുള്ള ഒരു യുവാവ് ഇങ്ങനെ പറഞ്ഞു: “ഇവപോലുള്ള മീറ്റിംഗുകൾ മതപരമായ ഉദാസീനതയോടു പോരാടുന്നതിൽ സഹായകമായിരിക്കുന്നില്ല. ദൈവം തങ്ങളെ ശ്രദ്ധിക്കാൻ മതങ്ങളാഗ്രഹിക്കുന്നുവെങ്കിൽ അവ രാഷ്ട്രീയത്തിൽ കുറഞ്ഞ താൽപ്പര്യമേ പ്രകടമാക്കാവൂ.”
“സമാധാനത്തിന് കൂടുതൽ ഫലപ്രദമായി സംഭാവന ചെയ്യാൻ മതം എന്തു ചെയ്യണം?” എന്ന ചോദ്യത്തിന് ഉത്തരമായി “അവ ലൗകികമായ സകല കൂട്ടുത്തരവാദിത്തത്തിൽനിന്നും മാറിനിൽക്കുകയും ആയുധങ്ങൾ കൂടാതെ ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുകയും വേണം” എന്ന് റ്റൂറിനിൽ നിന്നുള്ള ഒരു കത്തോലിക്കൻ പറയുകയുണ്ടായി. ക്രമോനായിൽനിന്നുള്ള ഒരു കത്തോലിക്കാ യുവതി: “യുദ്ധങ്ങളിലും രാഷ്ട്രീയത്തിലും ഉൾപ്പെടാതിരിക്കുന്നതിനാൽ സഭകൾ നല്ല ദൃഷ്ടാന്തം വെക്കണമായിരുന്നു. എന്നാൽ ഇപ്പോൾ തീരെ വൈകിപ്പോയി” എന്നു പ്രസ്താവിച്ചു.
“പാപ്പായുടെ സമാധാന നീക്കങ്ങളെ സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?” എന്നു ചോദിച്ചപ്പോൾ നെസാറോ പ്രോവിൻസിൽനിന്നുള്ള ഒരു അഭിഭാഷകൻ ഇങ്ങനെ മറുപടി പറഞ്ഞു: “സഭ ലോകത്തിൽ കത്തോലിക്കാ മതത്തെ പ്രചരിപ്പിക്കാൻ അതിന്റെ സ്വന്തം പ്രയോജനത്തിനായി സമാധാനത്തിന്റെ പ്രശ്നത്തെ ഉപയോഗിക്കുകയാണ്.” “അതുകൊണ്ട് പ്രയോജനമില്ല. അവർ ഒരു യുദ്ധം ആഗ്രഹിക്കുന്നുവെങ്കിൽ, ഏതായാലും അവർ അതു തുട ങ്ങും” എന്ന് 84 വയസ്സുള്ള ഒരു കത്തോലിക്കാ സ്ത്രീ പറഞ്ഞു.
മതത്തിന്റെ “രാഷ്ട്രീയ ലക്ത്യങ്ങളെ”ക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് മിലാൻ പ്രസിദ്ധീകരണമായ ഇൽ കോരിയർ ഡല്ലാ സെരാ ഈ സുപ്രധാന പ്രസ്താവന ചെയ്തു: “സഭ സമാധാനവാദത്തെ മുതലെടുക്കുകയും നിലവിലുള്ള മുഖ്യ രാഷ്ട്രീയ പ്രശ്നങ്ങൾ സംബന്ധിച്ച പൊതുജനാഭിപ്രായവാദപ്രതിവാദങ്ങൾക്കു കീഴ്പെട്ടിരിക്കുന്നതിനു പകരം അതിനെ നിയന്ത്രിക്കാൻ തന്നെ അനുവദിക്കുന്ന നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.” (g87 6/8)
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ലോകത്തിൽ നിന്നെല്ലാമുള്ള ആളുകൾ പ്രാർത്ഥിച്ചു
അനേകം ചെറുപ്പക്കാർ ലോകസമാധാനത്തിൽ തൽപ്പരരാണ്