സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ—ആർ അവ കേൾക്കുന്നു?
സമ്പൂർണ്ണമായി തൂവൽ പതിച്ച ശിരോവസ്ത്രമണിഞ്ഞ ഒരു അമേരിക്കൻ ഇൻഡ്യൻ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ നിന്ന അതേ പ്രസംഗപീഠത്തിൽ എന്താണു ചെയ്തുകൊണ്ടിരുന്നത്? ബുദ്ധമതക്കാരനായ ദലായ് ലാമാ കാൻറർബറി ആർച്ച് ബിഷപ്പിനോടൊപ്പം ആസനസ്ഥനായിരുന്നതെന്തുകൊണ്ട്? ഒരു യഹൂദ റബ്ബിക്കും റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഒരു മെത്രാപ്പോലീത്തായിക്കും പൊതുവിൽ എന്തുണ്ടായിരിക്കാൻ കഴിയും? അങ്ങനെയുള്ള ഒരു സമ്മേളനത്തിൽ കത്തോലിക്കാസഭയുടെ ജോൺപോൾ II-ാമൻ പാപ്പാ ആദ്ധ്യക്ഷ്യം വഹിക്കുന്നതെന്തുകൊണ്ട്?
കുറച്ചുനാൾ മുമ്പ് പാപ്പാ, മറ്റ് മുഖ്യ മതങ്ങളുടെ നേതാക്കൻമാരോടുകൂടെ ഒരു പ്രാർത്ഥനാപീഠത്തിൽ കൂട്ടുചേരുന്നത് അചിന്ത്യമായിരിക്കുമായിരുന്നു. എന്നിരുന്നാലും, 1986-ന്റെ ഒടുവിൽ ഇറ്റാലിയൻ നഗരമായ അസ്സീസ്സിയിൽ അദ്ദേഹം “സമാധാനത്തിനുവേണ്ടി ലോകപ്രാർത്ഥനാദിന”ത്തിൽ ഈ മറ്റു മതങ്ങളോടെല്ലാം കൂട്ടുചേർന്നു. ഐക്യരാഷ്ട്രങ്ങൾ 1986-നെ അന്തരാഷ്ട്രസമാധാനവർഷമായി നിർദ്ദേശിച്ചതിന് ചേർച്ചയായി പാപ്പായാണ് ഈ സമ്മേളനത്തിനു പ്രോത്സാഹിപ്പിച്ചത്.
അസ്സീസ്സിയിൽ സമാധാനത്തിനുവേണ്ടി വ്യത്യസ്ത പ്രാർത്ഥനകൾ ഉണ്ടായിരുന്നു. എന്നാൽ ആരാണ് അവ കേട്ടത്? ക്രൈസ്തവലോകത്തിലെ ത്രിത്വ ദൈവമാണോ? അതോ യഹൂദൻമാരുടെ ദൈവമാണോ? മുസ്ലീങ്ങളുടെ അള്ളായാണോ? ജീവവാദികളുടെ വലിയ തള്ളവിരലും ഇരമ്പുന്ന ഇടിമുഴക്കവുമോ? ഈ ദൈവങ്ങളിലാരെങ്കിലും ഈ പ്രാർത്ഥനകൾ കേട്ടോ? അസ്സീസ്സിക്കുശേഷം കുറെ കാലം കഴിഞ്ഞ സ്ഥിതിക്ക് ഉത്തരങ്ങൾ സ്പഷ്ടമാണ്.
എന്തു നടന്നു?
ആ മതനേതാക്കളുടെ പ്രാർത്ഥനകൾ ഒക്ടോബർ 27-ാം തീയതി മദ്ധ്യ ഇറ്റലിയിലെ അസ്സീസ്സിയിൽ നടത്തപ്പെട്ട അന്താരാഷ്ട്ര പ്രാർത്ഥനാദിനത്തിന്റെ സമാപ്തിയായിരുന്നു. ഒരു വലിയ പ്ലാറ്റ്ഫോം കെട്ടിപ്പൊക്കിയിരുന്നു, അതിന്റെ പശ്ചാത്തലത്തിൽ 14 ഭാഷകളിൽ “സമാധാനം” എന്ന പദം എഴുതിയിരുന്നു. മദ്ധ്യഭാഗത്ത് പാപ്പാസഹിതം ഒരു വിസ്തൃതമായ അർദ്ധവൃത്താകൃതിയിൽ മുഖ്യമതങ്ങളിലെ 60-ൽപരം നേതാക്കൻമാർ തവണവച്ച് ഒരു പ്രസംഗപീഠത്തിൽനിന്ന് പ്രാർത്ഥിക്കുകയുണ്ടായി. റ്റെലിവിഷൻ ക്യാമറാകൾ ചടങ്ങ് ഒപ്പിയെടുത്തു. ലോകത്തെമ്പാടും 50 കോടി ആളുകൾ അതു നിരീക്ഷിച്ചതായി പറയപ്പെടുന്നു.
ആദ്യം പ്രാർത്ഥിച്ചവർ ബുദ്ധമതക്കാർ ആയിരുന്നു. അവർ “സൗഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു സാഗര”ത്തിനുവേണ്ടി അപേക്ഷിച്ചു. പിന്നീട്ഹിന്ദുക്കൾ “സകല ജീവികൾക്കും സമാധാനം” അപേക്ഷിച്ചു. മുസ്ലീങ്ങൾ “പ്രപഞ്ച കർത്താവായ ദൈവത്തിനു സ്തുതി” പ്രാർത്ഥിച്ചു.
ആഫ്രിക്കൻ ജീവവാദികൾ തങ്ങളുടെ ദൈവങ്ങളോട് സഹായം അഭ്യർത്ഥിച്ചപ്പോൾ “ഞങ്ങൾക്കു സമാധാനം നൽകേണമേ” എന്നായിരുന്നു അപേക്ഷ. അമേരിക്കൻ ഇൻഡ്യൻമാർ തങ്ങളുടെ സമാധാന പൈപ്പ് പുകച്ചപ്പോൾ “ഞങ്ങൾ വലിയ ആത്മാവിന്, ഭൂമാതാവിന് പൈപ്പ് അർപ്പിക്കുന്നു” എന്നു പറയുകയുണ്ടായി. “ഭൂമിക്കു സമാധാനം കൊടുക്കേണമേ” എന്ന് യഹൂദൻമാർ യാചിച്ചു.
“നമുക്ക് നമ്മുടെ കർത്താവായ ദൈവത്തോട് സമാധാനത്തിലും ഐക്യത്തിലും അഭ്യർത്ഥിക്കാം” എന്നായിരുന്നു കത്തോലിക്കരുടെയും ലൂഥറൻമാരുടെയും ഗ്രീക്ക് ഓർത്തഡോക്സ് പ്രതിനിധികളുടെയും പ്രാർത്ഥന. സിക്കുകാരും സൊരോസ്ട്രിയൻമാരും ഷിന്റോകളും ജൈനമതക്കാരും സാർവ്വത്രിക സമാധാനത്തിനായി പ്രാർത്ഥിച്ചു.
ചടങ്ങിന് പ്രാമുഖ്യത കൊടുക്കപ്പെടുന്നു
ലോകമതങ്ങളിലെ ഉന്നത സ്ഥാനീയരായ വൈദികർ ഒരേ സ്ഥലത്തു പ്രാർത്ഥിക്കാൻ സമ്മേളിച്ചത് ഇദംപ്രഥമമായിട്ടാണെന്ന് പ്രസ്സ് പ്രസ്താവിച്ചു. ഈ കാരണത്താൽ ഈ മീറ്റിംഗ് ഒരു “ചരിത്രപ്രധാനമായ അവസരം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. അവിടെ ബൈബിൾ പ്രവചനം നിവർത്തിച്ചുവെന്ന് ചിലർ വിശ്വസിച്ചു.
അസ്സീസ്സി ഒരു കുന്നിൻ പുറത്തായിരുന്നതിനാൽ മീഖാ 4-ാം അദ്ധ്യായം 2-ാം വാക്യത്തിലെ പ്രതീകാത്മക മല അതാണെന്ന് അവർ ചിന്തിച്ചു. അസ്സീസ്സി സമ്മേളനം “മീഖാ പ്രവാചകൻ 2,700 വർഷം മുമ്പ് മുൻകൂട്ടിപ്പറഞ്ഞിരുന്ന ഒരു യോഗമായിരുന്നു: ‘അന്ത്യ [കാലത്ത്] കർത്താവിന്റെ ആലയം നിൽക്കുന്ന മലയായിരിക്കും ഏറ്റവും ഉയർന്നത് . . . സകല ജനങ്ങളും അതിന്റെ അടിവാരത്തിൽ കൂടിവരികയും നമുക്കു കർത്താവിന്റെ പർവ്വതത്തിലേക്കു കയറിപ്പോകാം. നാം ചെയ്യേണ്ടത് അവൻ നമ്മെ പഠിപ്പിക്കും’ എന്നു പറയുകയും ചെയ്യും” എന്ന് ഒരു റിപ്പോർട്ടു പ്രസ്താവിച്ചു.—വോസി ഡല്ലേ കോണ്ട്രാഡ്.
ഇൽ സബാട്ട എന്ന മാസിക ഉത്സാഹപൂർവ്വം ഇങ്ങനെ പറഞ്ഞു: “ബാബേൽഗോപുരത്തിനുശേഷം ഇത്തരമൊന്നു സംഭവിച്ചിരിക്കുന്നത് ആദ്യമായിട്ടാണ്. അന്ന് ആകാശങ്ങളോളം എത്താനുള്ള അവരുടെ ആഗ്രഹം നിമിത്തം അവർ ഭിന്നിപ്പിലായി. ഇന്ന്, ദൈവദാനമായ സമാധാനത്തിന് അവരെ തുറന്നിടുന്ന മതവികാരങ്ങളുടെ പേരിൽ മനുഷ്യർ ഐക്യപ്പെട്ടിരിക്കുന്നു.”
ഗൗരവമുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു
ആ സംഭവം പകിട്ടാർന്നതായിരുന്നുവെന്നതിനു സംശയമില്ല. ലാ നാസിയോൺ എന്ന ദിനപ്പത്രം ചോദിച്ചു: ആ സന്ദേശം അതിന്റെ ഉദ്ദേശ്യം സാധിച്ചോ? അത് അമ്പതുകോടി കാഴ്ചക്കാരുടെ ഹൃദയങ്ങളിലേക്ക് ആണ്ടിറങ്ങിയിരിക്കുമോ? അത് നേരിട്ടോ പരോക്തമായോ, ലോകത്തിലെ നേരിട്ടുള്ള സംഭവങ്ങളെയും ഭാവിയെയും നിർണ്ണയിക്കുന്നവരുടെ ഉറച്ച നിലപാടുകളിൽ ഒരു വിള്ളൽ ഉണ്ടാക്കിയിരിക്കുമോ?
ചിന്തകരായ ആളുകൾ തുളച്ചുകയറുന്ന മറ്റു ചോദ്യങ്ങൾ ചോദിക്കുന്നു: നടത്തപ്പെടുന്ന ആരാധനയുടെ രീതി പരിഗണിക്കാതെ ദൈവം എല്ലാ പ്രാർത്ഥനകളും സ്വീകരിക്കുന്നുവോ? ഏതെങ്കിലും കാര്യം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം തിട്ടപ്പെടുത്താതെ അതിനുവേണ്ടി പ്രാർത്ഥിക്കുന്നത് മതിയാകുമോ? ആളുകൾ ഈ മീറ്റിംഗിനാൽ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ പ്രേരിതരായോ? ഗതകാലം നമ്മെ എന്തു പഠിപ്പിക്കുന്നു? എല്ലാറ്റിനുമുപരി, ലോകസമാധാനം എങ്ങനെ നേടുമെന്നുള്ളതു സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു?
ഈ ലോക മതങ്ങളുടെ അസ്സീസ്സിയിലെ സമ്മേളനം യഥാർത്ഥത്തിൽ ഒരു ആധുനിക ബാബേൽ ഗോപുരം ആയിരുന്നോ? എന്നും നാം ചോദിക്കേണ്ടിയിരിക്കുന്നു. (g87 6/8)