ലോകത്തെ വീക്ഷിക്കൽ
വേദനിപ്പിക്കുന്ന വീഡിയോകൾ
ഹൃദയം തുറന്ന ശസ്ത്രക്രിയയുടെ സമയത്ത് രോഗി ഹൃദയസംഭനം മൂലം മരിക്കുന്നതും വിപ്ലവകാരികളെ സൈന്യങ്ങൾ വെടിവെച്ചുകൊല്ലുന്നതും ഇലക്ട്രിക് കസേരയിൽ ഒരു കുറ്റപ്പുള്ളി മരിക്കുന്നതും ഒരു മുതലയുടെ ക്രൂരമായ ആക്രമണം നിമിത്തം പാർക്കിലെ ഒരു സംരക്ഷണോദ്യോഗസ്ഥൻ മരിക്കുന്നതും ഇപ്പോൾ വാടകയ്ക്കു കിട്ടുന്ന വീഡിയോ ടേപ്പുകളിൽ ലഭ്യമായിരിക്കുന്ന യഥാർത്ഥ മരണങ്ങളുടെ ചില ദൃശ്യങ്ങളാണ്. മരണത്തിന്റെ മുഖങ്ങൾ എന്ന പേരിലുള്ള മൂന്ന് വാല്യങ്ങളുടെ ഒരു പരമ്പര ആളുകൾ മരിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ചലച്ചിത്രങ്ങളിൽ വെട്ടിത്തുറന്ന് കാണിക്കുന്നു. ഈ വീഡിയോ പരമ്പരകളോട് പൊതുജനങ്ങൾ പ്രതികരിക്കുന്നതെങ്ങനെയാണ്? “ഞങ്ങൾക്കത് ഷെൽഫിൽ വെച്ചുകൊണ്ടിരിക്കാൻ കഴിയുന്നില്ല. അത് വന്നാലുടൻ ആരെങ്കിലും അത് വാങ്ങുന്നു” എന്ന് വിർജീനിയായിലെ ഒരു വർത്തമാനപ്പത്രമായ വിർജീനിയൻ പൈലറ്റ് ആൻഡ് ദി ലഡജർ സ്റ്റാറിനോട് വിർജീനിയാ ബീച്ചിലെ ഒരു വീഡിയോ കടയിലെ ക്ലാർക്ക് പറയുകയുണ്ടായി. അതിലെ ദൃശ്യങ്ങൾ നിമിത്തം രോഷാകുലയായ ഒരു നിരീക്ഷക തദ്ദേശ കടകൾ അത്തരം വീഡിയോകൾ നീക്കം ചെയ്യുന്നതിനുവേണ്ടി ഒരു പ്രചരണ പ്രസ്ഥാനം തന്നെ തുടങ്ങി. ആ ചലച്ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയുകയിൽ അവൾ ഇപ്രകാരം പറഞ്ഞു: “അത് അക്രമം നിറഞ്ഞ അശ്ലീലമാണ്.”
വിലപിടിപ്പുള്ള സംരക്ഷണം
കട കുത്തിത്തുറന്നുള്ള മോഷണം മൂലം ഐക്യനാടുകളിലെ ചില്ലറക്കച്ചവടക്കാർക്ക് പ്രതിവർഷം മൂവായിരം കോടി ഡോളർ നഷ്ടം വരുന്നതിനാൽ അത്തരം മോഷണങ്ങൾ തടയുന്നതിനുവേണ്ടിയുള്ള സൂത്രങ്ങൾ ഉല്പാദിപ്പിക്കുന്ന ഒരു വ്യവസായം വളർന്നുവരുന്നതിൽ അതിശയമില്ല. ഇവയിൽ ശരവ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇ. എ. എസ്. (Electonic Article Surveillance) ഉല്പന്നങ്ങൾ ഉൾപ്പെടുന്നു. അവ തുണികളോ “തലമുടിപോലെ നേർമയേറിയ ഒരു കാന്തിക നൂലോ ഒരു കെട്ടുനാടയിൽ സംവിധാനം ചെയ്തിരിക്കുന്ന ഒരു ഇലക്ട്രോണിക് സർക്കിട്ടോ പോലുള്ളവയിൽ ബന്ധിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് തളികകളാണ്. നിങ്ങൾ അത് വിലകൊടുത്ത് വാങ്ങുമ്പോൾ ജോലിക്കാർക്ക് ഈ ശരവ്യങ്ങൾ നീക്കം ചെയ്യുന്നതിനോ സാധാരണ നിലയിലാക്കുന്നതിനോ കഴിയും. ഈ ശരവ്യങ്ങൾ ശരിയായ നിലയിലാക്കിയിട്ടില്ലെങ്കിൽ ഈ ഉപായങ്ങൾ ഉപയോഗിക്കുന്ന കടകളിലെ ഉപഭോക്താക്കൾ ഒരടയാളം കാണിക്കുന്ന ഒരു യൂണിറ്റിലൂടെ പുറത്തുപോകേണ്ടിയിരിക്കുന്നു. ഇതിനോടകം ഇതിന്റെ വില്പന 15,000 കോടി ഡോളറിൽ എത്തിയിരിക്കുന്നു.
ജലദോഷത്തിന് പുതിയ പ്രതിവിധി
നോർവേയിലെ മരം വെട്ടുകാർക്ക് വളരെ വിരളമായേ ജലദോഷം ഉണ്ടാകാറുള്ളു എന്ന് പറയുന്നതെന്തുകൊണ്ട്? ഡോക്ടർ ഒലവ് ബ്രാണ്ടൻ പറയുന്നതനുസരിച്ച് അതിനുള്ള ഉത്തരം അവർ ശ്വസിക്കുന്ന തടിപ്പുകയിൽ സ്ഥിതി ചെയ്യുന്നെന്ന് ലണ്ടൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ജലദോഷത്തിന്റെ ഒരു വൈറസിന് വളരെയധികം ഓക്സിജൻ ലഭിച്ചെങ്കിലേ പെരുകാൻ സാധിക്കയുള്ളു. എന്നാൽ വിറ്റാമിൻ ബിയ്ക്കും സിയ്ക്കും മാത്രമല്ല പോളിഫിനോളിനും ഇതിനെ നിരോധിക്കാൻ കഴിയുന്നതായി കരുതപ്പെടുന്നു. ഈ പദാർത്ഥങ്ങൾ നോർവേയിലെ തടികളുടെ പുകയിൽ കാണപ്പെടുന്നു. അത് മൂക്കിന്റെ ശ്ലേഷ്മകലകളിലേക്ക് ഓക്സിജൻ കടന്നു ചെല്ലാതെ നിയന്ത്രിക്കുന്നു. ഈ മൂന്ന് ഘടകങ്ങൾ ഉൾക്കൊള്ളുന്ന മരുന്നു തുള്ളികൾ നോർവേയിലെ 300 എയർഫോർസ് ഉദ്യോഗസ്ഥൻമാരിൽ പരീക്ഷിച്ചു നോക്കിയപ്പോൾ 82 ശതമാനത്തിന്റെയും ജലദോഷം ഭേദപ്പെട്ടതായി റിപ്പോർട്ടു ചെയ്തു. “ജലദോഷത്തിന്റെ ആദ്യലക്ഷണം കാണുമ്പോൾതന്നെ ഈ മരുന്നു തുള്ളികൾ ഉപയോഗിക്കുക എന്നതാണ് പ്രധാന സംഗതി. വൈറസ് മൂക്കിലെ ശ്ലേഷ്മകലകൾക്ക് കേടുവരുത്തുന്നതിനുമുമ്പുതന്നെ അവ ഉപയോഗിക്കേണ്ടിയിരിക്കുന്നു” എന്ന് ഗവേഷണ ഡയറക്ടറായിരിക്കുന്ന ഡോ. ആൻറൻ റോഡൽ ഊന്നിപ്പറഞ്ഞു. നോർവേയിൽ ഈ മരുന്നിന്റെ വില്പന കഴിഞ്ഞ വർഷം തുടങ്ങി.
പ്രതിമാരാധന
നല്ല സ്കൂളുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ജാപ്പനീസ് വിദ്യാർത്ഥികൾ തങ്ങളുടെ ദൈവങ്ങളെ സമീപിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എങ്ങനെ? ടോക്കിയോയിലെ ഒരു വർത്തമാനപ്പത്രമായിരിക്കുന്ന അസാഹി ഷിംബൻ അനുസരിച്ച് ഒരു വിദ്യാർത്ഥി തന്റെ പേരും വിലാസവും സ്കൂൾ വർഷവും ആശിക്കുന്ന സ്കൂളിന്റെ പേരും ഒരു ടെലിഫോണിനോട് ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രതിമയുടെ യൂണിറ്റിൽ നിക്ഷേപിക്കുന്നു. അതിനുശേഷം ഈ വിവരങ്ങൾ ഒരു ഷിന്റോ ദേവാലയത്തിലേക്ക് എത്തിക്കുന്നു. അവിടെ ഒരു പുരോഹിതൻ അത് വായിക്കുകയും 20 ഡോളർ ഫീസ് വാങ്ങി അപേക്ഷ കഴിക്കയും ചെയ്യും. “അൾത്താരയ്ക്കു മുമ്പിൽ നിങ്ങൾ തന്നെ പ്രാർത്ഥിക്കുന്നത് അഭികാമ്യമാണ്” എന്ന് ദേവാലയത്തിലെ ഉദ്യോഗസ്ഥൻമാർ പറയുന്നു. എന്നിരുന്നാലും, ദേവാലയത്തിനടുത്ത് താമസിക്കുന്ന തന്ത്രശാലികളായ ആളുകൾ ആരാധകരെ പ്രതിനിധീകരിച്ച് പ്രാർത്ഥിക്കാൻ 140 ഡോളർ വാങ്ങുന്നു എന്ന് വിദ്യാഭ്യാസത്തിനുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു പ്രശസ്ത ജാപ്പനീസ് ദേവാലയത്തിലെ പുരോഹിതൻ വിശദീകരിച്ചു. ദേവാലയത്തോട് ബന്ധമില്ലാത്ത ആളുകൾ ആരാധനയെ ഒരു കച്ചവടമാക്കുന്നതിൽ പുരോഹിതൻമാർ എതിർപ്പ് പ്രകടിപ്പിച്ചു. അവർ ഇപ്രകാരം തീരുമാനിച്ചു: “പ്രതിമയും ഹൃദയവികാരത്തെ വെളിപ്പെടുത്തുന്നു. ഫലം ഒന്നുതന്നെ.” അതുകൊണ്ട് അവർ കുറഞ്ഞ ഫീസിന് പ്രാർത്ഥന ചെയ്തു തുടങ്ങി.
അതിജീവന കാർഡുകൾ
പർവ്വതങ്ങളിൽനിന്ന് നിപതിക്കുന്നവരെ കണ്ടുപിടിക്കുന്നത് ദീർഘനാളായി പർവ്വതാരോഹകരുടെയും മഞ്ഞിൻമേൽ തെന്നി ചരിക്കുന്നവരുടെയും ഉൽക്കണ്ഠയായിരുന്നു. വിവിധ രീതിയിൽ പ്രസാരണ സന്ദേശങ്ങൾ ലഭ്യമാണെങ്കിലും വളരെ കുറച്ചാളുകളെ അത്തരം രീതികൾ ഉപയോഗിക്കുന്നുള്ളു. കാരണം അവ വളരെ വിലവരുന്നതും, ഭാരമേറിയവയും, ബാറ്ററികൊണ്ടോടുന്നവയായിരിക്കുന്നതിനാൽ വലിപ്പമേറിയവയുമാണ്. എന്നാൽ ഫ്രാൻസിലെ ഒരു കൂട്ടം ഗവേഷകർ ഒരു പുതിയ പദ്ധതി ആവിഷ്ക്കരിക്കുകയാണ്—അതിജീവന കാർഡുകൾ. പർവ്വതാരോഹകർക്കും മഞ്ഞിൻമേൽ ചരിക്കുന്നവർക്കും തങ്ങളുടെ പുറത്തോ നെഞ്ചിലോ ഈ കാർഡുകൾ കൊണ്ടു നടക്കാവുന്നതാണ്. അതിന് വളരെ കുറച്ച് ഡോളറുകളെ വില വരുകയുള്ളു. അതിന് ബാറ്ററിയുടെ ആവശ്യമില്ല. അതിന് ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമേയുള്ളു. അവ പ്രവർത്തിക്കുന്നതെങ്ങനെയാണ്? അവ ദർപ്പണങ്ങളെപ്പോലെ പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് ദിനപ്പത്രമായ ലി ഫിഗാറോ റിപ്പോർട്ടു ചെയ്യുന്നു. അവയുടെ റേഡിയോ സിഗ്നലിലെ ഭാഗം സാമാന്യം ശക്തിയുള്ള ട്രാൻസ്മിറ്റർ ഉപയോഗിക്കുന്ന രക്ഷാസംഘത്തിലേക്ക് പ്രതിപതിക്കുന്നു. ഇതിനോടകം പൂർവ്വ മാതൃകകൾ കൊണ്ട് നടത്തിയ പരീക്ഷണങ്ങളിൽ മഞ്ഞുപാളികൾക്കുള്ളിൽ 30 അടി (9 മീ) ആഴത്തിൽ പോലും വീണുപോയിരിക്കുന്നവരെ കണ്ടുപിടിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.
ഗവൺമെൻറിൽനിന്ന് മോഷണം
അടുത്ത കാലത്ത് നടത്തിയ കാനഡാ ഗവൺമെൻറിന്റെ ആസ്തികളുടെ ഒരു പരിശോധന പ്രതിവർഷം ഗവൺമെൻറ് സ്വത്തുക്കളിൽ 30-40 ലക്ഷം ഡോളർ നഷ്ടപ്പെടുന്നതായി വെളിപ്പെടുത്തി. വസ്തുക്കൾ നഷ്ടപ്പെടുന്നതായി അധികാരികൾ വിവരിക്കുന്നെങ്കിലും അവ “സാദ്ധ്യതയനുസരിച്ച് മോഷ്ടിക്കപ്പെടുന്നു” എന്ന് സമ്മതിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന വസ്തുക്കളിൽ ലഹരിപാനീയങ്ങളും കളർ ടെലിവിഷനുകളും ടൈപ്പ്റ്റൈറ്റുകളും മേശവിളക്കുകളും ഡിക്റ്റെഫോണുകളും 35 എം എം ക്യാമറകളും പ്രൊജക്റ്ററുകളും കാൽക്കുലേറ്ററുകളും ഒരു ബോട്ടിന്റെ യന്ത്രവും ഒരു ഫ്രിഡ്ജും ഉൾപ്പെടുന്നതായി ടൊറൊണ്ടോ സ്റ്റാർ റിപ്പോർട്ടു ചെയ്തു. സമ്പദ്വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്നവർ കാനഡയിലെ തൊഴിലില്ലാത്തവർക്കുവേണ്ടിയുള്ള ഇൻഷുറൻസിൽനിന്ന് ഏതാണ്ട് 600 ലക്ഷം ഡോളർ മോഷ്ടിച്ചതായി മറ്റൊരു ഗവൺമെൻറ് റിപ്പോർട്ട് പറയുന്നു. വർത്തമാനപ്പത്രമായ ഗ്ലോബ് ആൻഡ് മെയിൽ അനുസരിച്ച് “അവിടെ വഞ്ചനയുടെ 1,80,458 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.” സന്തോഷകരമെന്നു പറയട്ടെ അതിൽ “323 ലക്ഷം ഡോളർ കണ്ടുപിടിച്ചിട്ടുണ്ട്.”
പ്രത്യേക കരച്ചിലുകൾ
ഒരു മാതാവിന് മറ്റ് ശിശുക്കളിൽ നിന്ന് തന്റെ സ്വന്തം ശിശുവിന്റെ കരച്ചിൽ തിരിച്ചറിയാൻ കഴിയുമോ? കഴിയുമെന്ന് ലണ്ടനിലെ സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാരീസിലെ ലാ പിറ്റി സൽപെട്രി ആശുപത്രിയിലെ ബാല മനോരോഗ വിദഗ്ദ്ധനായിരിക്കുന്ന ഡോ. അലെയ്ൻ ലാസർട്രിക്സിന്റെ നിഗമനമനുസരിച്ച് ഒരു മാതാവിന്റെ സഹജാവബോധം അതിലധികമുണ്ട്. ശിശുവിന്റെ കരച്ചിലിൽനിന്നും ഒരു മാതാവിന് അതിന്റെ കാരണവും തിരിച്ചറിയാൻ കഴിയും—അതായത് വിശന്നിട്ടാണോ, നനഞ്ഞിട്ടാണോ, ദേഷ്യം കൊണ്ടാണോ, രോഗം കൊണ്ടാണ്ടോ എന്ന്. വിശക്കുമ്പോഴുള്ള ഒരു ശിശുവിന്റെ കരച്ചിലിന് സാധാരണയായി 270-450 ഹെർട്ട്സ് ഉച്ചസ്വരവും 80-85 ഡെസിബൽ വ്യാപ്തവും ഉണ്ടായിരിക്കും. ഇതുപോലെ വേദനകൊണ്ടും ദേഷ്യം കൊണ്ടും നിരാശകൊണ്ടും ഉല്ലാസം കൊണ്ടുമുള്ള കരച്ചിലുകൾക്കും അതിന്റേതായ അനുപമ സ്വരസവിശേഷതകളുണ്ടെന്ന് ഡോക്ടർ അവകാശപ്പെടുന്നു. ചില പ്രത്യേക രോഗങ്ങൾ കണ്ടുപിടിക്കാൻ ശിശുവിന്റെ കരച്ചിൽ സഹായകമാണെന്ന് അദ്ദേഹം കുറിക്കൊണ്ടു.
വിമുക്തഭടൻമാരും ടെലിവിഷൻ പോരാട്ടവും
വാർത്തകളിലും ടെലിവിഷനിലും അക്രമവും പോരാട്ടവും ക്രമായി പ്രദർശിപ്പിക്കുന്നു. വിശേഷിച്ച് സിനിമകൾ പോരാട്ടങ്ങളെ സ്തുത്യർഹമായി അവതരിപ്പിക്കുന്നു. എന്നിരുന്നാലും കൈപ്പേറിയ ഭീതികൾ അനുഭവിച്ചറിഞ്ഞ വിമുക്ത ഭടൻമാർ പലപ്പോഴും അത്തരം ടെലിവിഷൻ പരിപാടികൾ ആസ്വദിക്കാൻ പരാജയപ്പെടുന്നു. ഒന്നാം ലോക മഹായുദ്ധപോരാളിയും ഇപ്പോൾ 91 വയസ്സ് പ്രായമുള്ളവനുമായ സ്റ്റാൻ നോർത്ത് സെൻറ് ലൂയിസ് മാസികയോട് ഇപ്രകാരം പറഞ്ഞു: “ടെലിവിഷനിൽ വെടിവെയ്പ്പും സേനകളും പ്രദർശിപ്പിക്കുമ്പോൾ ഞാൻ അത് ഓഫ് ചെയ്യുന്നു.” കാരണമെന്താണ്? “എനിക്കത് നിരീക്ഷിക്കാൻ വയ്യ. ഞാൻ അത് ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നില്ല” നോർത്ത് വിശദീകരിച്ചു.
വിട്ടുമാറാത്ത ഉറക്കമില്ലായ്മ
സ്ഥായിയായ ഉറക്കമില്ലായ്മ അനുഭവിച്ച ഒരു മനുഷ്യൻ ഒൻപത് മാസം ഉറങ്ങാൻ കഴിയാതെ അവസാനം മരിച്ചതായി അയർലണ്ടിലെ ഡബ്ലിനിലുള്ള ഈവനിംഗ് പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. മരണകാരണം വിവരിച്ചുകൊണ്ട് ഇറ്റലിയിലുള്ള ബൊളൊഗ്നാ മെഡിക്കൽ സ്കൂളിലെ സിരാശാസ്ത്രവിദഗ്ദ്ധനായിരിക്കുന്ന പ്രൊഫസർ എലിയോ ലഗർസി ശരീരത്തിനും മസ്തിഷ്കത്തിനുമിടയ്ക്ക് സന്ദേശങ്ങൾ എത്തിക്കുന്ന ഒരു മസ്തിഷ്ക നാഡീകന്ദമായിരിക്കുന്ന മദ്ധ്യ മസ്തിഷ്കഭാഗത്തെ ബാധിക്കുന്ന വിരളമായ ഈ രോഗത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. സന്ദേശങ്ങൾക്ക് തടസ്സമുണ്ടായിക്കഴിയുമ്പോൾ “ഓഫ് ചെയ്യാൻ പറ്റാത്ത ഒരു യന്ത്രം പോലെ മസ്തിഷ്കം പ്രവർത്തിക്കുന്നു.” ഈ വ്യക്തി രോഗത്തെ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അയാൾ 1822-മുതൽ ഉറക്കമില്ലായ്മ നിമിത്തം മരിച്ച തന്റെ കുടുംബാംഗങ്ങളിലെ 14-ാമത്തെ വ്യക്തിയായിത്തീർന്നു. ഈ സംഭവത്തിലെ ലഗർസിയുടെ റിപ്പോർട്ട് വിട്ടുമാറാത്ത ഉറക്കമില്ലായ്മയുള്ളവരിൽ മസ്തിഷ്ക നാഡീകന്ദവും പാരമ്പര്യവും പ്രവർത്തിക്കുന്ന വിധം ശ്രദ്ധിക്കാൻ മറ്റ് ശാസ്ത്രജ്ഞൻമാരെ ജാഗരൂകരാക്കിയിട്ടുണ്ട്. ലഗർസി വിശദീകരിക്കുന്നു: “ഞങ്ങൾക്ക് ഈ രോഗത്തിന്റെ കാരണമറിയാം. പക്ഷേ അത് നിർത്തുന്നതെങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല.” (g87 5/22)