ലോകത്തെ വീക്ഷിക്കൽ
ജർമനിയിലെ സഭകൾ കൂട്ടക്കൊലക്കുറ്റം സമ്മതിക്കുന്നു
1995 ജനുവരി പോളണ്ടിലുള്ള ഔഷ്വിറ്റ്സ് തടങ്കൽപ്പാളയം തുറന്നുവിട്ടതിന്റെ 50-ാം വർഷം കുറിച്ചു. യഹൂദൻമാരെയും സ്ലാവ് വർഗക്കാരെയും ജിപ്സികളെയും യഹോവയുടെ സാക്ഷികളെയും മറ്റു പലരെയും നാസികൾ ആസൂത്രിതമായി പീഡിപ്പിച്ചത് അവിടെ വെച്ചായിരുന്നു. ജർമനിയിലെ ചില സഭകൾ കുറേ കുറ്റം സമ്മതിക്കുന്നു. “കത്തോലിക്കരുടെയിടയിൽ വളരെയധികം തെറ്റും കുറ്റവും ഉണ്ടെന്നും ദേശീയ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട് കുറ്റകൃത്യങ്ങളോടു നിർവികാരരായിരിക്കാൻ തങ്ങളെത്തന്നെ അനുവദിച്ചവർ കുറച്ചുപേരല്ലെന്നും” സമ്മതിച്ചുപറഞ്ഞുകൊണ്ട് ജർമൻ ബിഷപ്പ്സ് കോൺഫറൻസ് “തങ്ങളുടെ രാജ്യത്തിന്റെയും സഭയുടെയും പാപപങ്കിലമായ ചരിത്രത്തെ” വർണിച്ചതായി സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്തു. “യഹൂദൻമാരെ അന്യപ്പെടുത്തിയതിന്റെയും അവരോടു ശത്രുത കാട്ടിയതിന്റെയും നീണ്ടചരിത്രത്തിൽ ക്രിസ്തീയ ദൈവശാസ്ത്രത്തിനും സഭയ്ക്കും പോലും പങ്കുണ്ടായിരുന്നുവെന്ന് തിരിച്ചറിയലിന്റെ ഈ അരോചക പ്രക്രിയയിലൂടെ നാം മനസ്സിലാക്കാൻ ഇടവന്നിരിക്കുന്നു”വെന്ന് ജർമനിയിലെ പ്രൊട്ടസ്റ്റൻറ് സഭകളുടെ കൗൺസിൽ അധ്യക്ഷൻ സമ്മതിച്ചുപറഞ്ഞു.
ബന്ധവിച്ഛേദനത്തിനുള്ള ഒരു തീർഥം
വിവാഹമോചനം നടത്താനോ അനാവശ്യമായ മറ്റു ബന്ധങ്ങൾ വേർപെടുത്താനോ ആഗ്രഹിക്കുന്ന ജനങ്ങൾ ടോക്കിയോക്ക് 80 കിലോമീറ്റർ വടക്കുള്ള അഷികാഗയിലെ ഷിന്റോ തീർഥത്തിലേക്കു കൂട്ടമായി ചെല്ലുന്നു. ബന്ധം പിരിക്കുന്ന തീർഥം എന്നറിയപ്പെടുന്ന അത് വിവാഹമോചനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന ജപ്പാനിലെ ഒരേ ഒരു ഷിന്റോ ക്ഷേത്രമാണെന്ന് ആസാഹി ഈവനിങ് ന്യൂസ് എന്ന പത്രം പറയുന്നു. ഓരോ ദിവസവും അനേകം ആരാധകർ അവിടെ എത്തിച്ചേരുന്നു. ഓരോരുത്തരും അവരവരുടെ അപേക്ഷ ഇമാ എന്നു പറയുന്ന തടികൊണ്ടുള്ള ഒരു കനം കുറഞ്ഞ ബോർഡിൽ എഴുതി തീർഥ പരിസരത്ത് തൂക്കിയിട്ടിട്ട് ഉത്തരത്തിനായി ദൈവങ്ങളോടു പ്രാർഥിക്കുന്നു. ഏതാണ്ട് നൂറു വർഷം മുമ്പ്, അതായത് ഈ തീർഥം സ്ഥാപിച്ച സമയത്ത് “ആ പ്രദേശത്തെ ധനിക വ്യാപാരികളുടെ ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർ കാമുകിമാരെ വിട്ട് തങ്ങളുടെയടുത്തേക്കു തിരികെവരുന്നതിനുവേണ്ടിയുള്ള പ്രാർഥനകളാണ് എഴുതിവച്ചിരുന്നത്” എന്നു പത്രം വിശദീകരിക്കുന്നു. എന്നാൽ, ഇന്ന്, ആത്മാർഥമായ അപേക്ഷകൾ അർപ്പിക്കപ്പെടുന്നതു മേലാൽ അനുരഞ്ജനത്തിനുവേണ്ടിയല്ല.
നേത്രങ്ങൾ ഇരട്ടിപ്പണി ചെയ്യുന്നു
മനുഷ്യനേത്രത്തിന് ഒന്നിലധികം ധർമങ്ങളുണ്ടെന്നു ഗവേഷകർ പറയുന്നു. തീർച്ചയായും, നമുക്ക് ബോധപൂർവകമായ കാഴ്ച നൽകുന്നതാണ് ഒന്നാമത്തേത്. ശരീരത്തിന്റെ ദൈനംദിന ആന്തരിക ഘടികാരത്തെ നിയന്ത്രിക്കുന്ന പ്രകാശ ആവേഗങ്ങളെ രേഖപ്പെടുത്തുകയെന്നതാണ് അതിന്റെ മറ്റേ ധർമം. അടുത്തകാലത്തു കണ്ടുപിടിച്ച ഇത് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ റിപ്പോർട്ടു ചെയ്തിരുന്നു. ഈ രണ്ടാമത്തെ ധർമം കാഴ്ച പ്രാപ്തിയിൽനിന്നും സ്വതന്ത്രമായി നടക്കുന്നതിനാൽ തീർത്തും അന്ധരും പ്രകാശത്തിന്റെ തോന്നൽ പോലുമില്ലാത്തവരുമായ ആളുകൾക്കുപോലും സാധാരണഗതിയിൽ പ്രവർത്തിക്കുന്ന ജീവശാസ്ത്ര ഘടികാരങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. ഈ കണ്ടുപിടിത്തത്തിന് അന്ധരുടെ ചികിത്സാരീതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഉദാഹരണത്തിന്, തീർത്തും അന്ധരായ ആളുകളുടെ നേത്രങ്ങൾ നീക്കം ചെയ്ത് അവയ്ക്കുപകരം മുഖത്തിനു കൂടുതൽ ആകർഷകമായ കൃത്രിമ നേത്രങ്ങൾ വെക്കുന്നതാണ് ഒരു സാധാരണ രീതി. കൂടാതെ തീർത്തും അന്ധരായ ആളുകളിൽ പ്രകാശം രേഖപ്പെടുത്താനുള്ള റെറ്റിനയുടെ പ്രാപ്തിയെ തടയുന്ന ഗ്ലോക്കോമ പോലെയുള്ള അവസ്ഥകളുണ്ടോയെന്നു സാധാരണമായി പരിശോധന നടത്താറില്ല. അതിന്റെ ഫലമായി ഈ ആളുകളിൽ മിക്കവർക്കും തങ്ങളുടെ ആന്തരിക ഘടികാരത്തെ 24 മണിക്കൂർ രാപകൽ പരിവൃത്തിയിലേക്കു മേലാൽ ക്രമീകരിക്കാൻ കഴിയാതെവരുന്നു എന്ന് ഗവേഷണ സംഘത്തിന്റെ തലവനായ ഡോ. ചാൾസ് എ. ചേസ്ലർ പറഞ്ഞു. ഫലമോ, ഇത് ദീർഘമായ ജെറ്റ് വിമാനയാത്രയുടെ പ്രതികൂല ഫലങ്ങൾക്കു സമാനമായ സ്ഥിരമായ ഉറക്ക ക്രമക്കേടിലേക്കു നയിക്കുന്നു.
സിനിമകൾക്ക് ഒരു “പാലക പുണ്യവാളൻ”
സിനിമാ വ്യവസായത്തിന് പെട്ടെന്നുതന്നെ തികച്ചും സ്വന്തമായ ഒരു “പാലക പുണ്യവാളൻ” ഉണ്ടായിരിക്കുന്നതാണെന്ന് സ്പെയിനിലെ മാഡ്രിഡിലുള്ള ഒരു പത്രമായ എൽ പയിസ് റിപ്പോർട്ടു ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തിന്റെ ആദ്യ ശതകം അനുസ്മരിക്കുന്നതിനുവേണ്ടി വത്തിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികളെ വിലയിരുത്തുകയാണ്. ഫ്രാൻസിസ് ഓഫ് അസ്സീസ്സിയാണു പ്രിയങ്കരൻ. ഭ്രൂണാവസ്ഥയിലുള്ള ഒരു “ഹോളിവുഡ് രംഗസംവിധാന”മായി ചില സിനിമാകൃത്തുക്കൾ കണക്കാക്കുന്ന യേശുവിന്റെ ജനന രംഗത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി വിനോദം ഒരു മാർഗമായി ഉപയോഗിച്ച ഒരു സലേഷ്യൻ പുരോഹിതനായ ജുവാൻ ബോസ്ക്കോയുടെ പേരാണു നിർദേശിക്കപ്പെട്ട മറ്റൊന്ന്. “ആദ്യത്തെ മഹദ് പ്രകടനങ്ങളിൽ ഒന്നായ മതവിചാരണയുടെ ഉപജ്ഞാതാവായ വിശുദ്ധ ഡൊമിങ്ങൊ ഡി ഗൂസ്മാനെ”യാണ് ഒരു സിനിമാ സംവിധായകൻ നിർദേശിച്ചത്. കൂടുതൽ അടുത്തകാലത്തെ ഒരു പ്രതിഭാസമായ ടെലിവിഷന് ഇപ്പോൾത്തന്നെ “പാലക വിശുദ്ധ”യായി “സാന്റാ” ക്ലാരയുണ്ട്. തടവിലായിരിക്കെ തടവറയുടെ ജനലിലൂടെ കുർബാന കണ്ടിരുന്നതുകൊണ്ടാണ് അവർ നാമനിർദേശം ചെയ്യപ്പെട്ടത്. എന്നിരുന്നാലും പ്രോഗ്രാമിങ്ങിന്റെമേൽ പുണ്യവാളൻമാർക്കു ശക്തി പ്രയോഗിക്കാൻ കഴിയുമെന്നതു സംബന്ധിച്ചു തെളിവൊന്നുമില്ല.
മരണാനന്തര ജീവിതമോ മനോവിഭ്രാന്തിയോ?
മരണവക്കത്തെത്തിയ രോഗികൾ പിന്നീട് മരണാനന്തരജീവിതത്തിന്റെ ക്ഷണികദൃശ്യം കണ്ടതായി അവകാശപ്പെടുന്ന “മരണവക്കത്തെ അനുഭവങ്ങ”ളെക്കുറിച്ചുള്ള വിവരണങ്ങൾ മാധ്യമങ്ങൾ പലപ്പോഴും പരസ്യപ്പെടുത്തുന്നു. അത്തരം അനുഭവങ്ങൾ മനോവിഭ്രാന്തികൾക്കിടയാക്കുന്ന ഓക്സിജന്റെ അഭാവംകൊണ്ടാണെന്നു ജർമനിയിലെ ഒരു നാഡീവിദഗ്ധ സംഘം നടത്തിയ പരീക്ഷണങ്ങൾ അടുത്തകാലത്തു സൂചിപ്പിക്കുകയുണ്ടായി. ഡെ കോയി എൻ ഏംലാൻഡെർ എന്ന ഡച്ച് പത്രം പറയുന്നതനുസരിച്ച്, അമിതമായി ശ്വാസോച്ഛ്വാസം ചെയ്തതുവഴി പരമാവധി 22 സെക്കൻഡ് നേരത്തേക്കു ബോധരഹിതരായ ആരോഗ്യമുള്ള 42 യുവജനങ്ങളെ ഈ സംഘം പഠനം നടത്തി. “മരണവക്കത്തെ അനുഭവങ്ങ”ളോട് അത്ഭുതകരമാം വിധം സമാനമായ തോന്നലുകളും കാഴ്ചകളും പിന്നീട് ഈ യുവജനങ്ങൾ വർണിച്ചു. ഉജ്ജ്വല വർണങ്ങളും പ്രകാശങ്ങളും കണ്ടതായും വിഹഗവീക്ഷണത്തിൽനിന്നു തങ്ങളെത്തന്നെ ദർശിച്ചതായും പ്രിയപ്പെട്ടവരെ ആനന്ദപൂർണമായ ഒരു പശ്ചാത്തലത്തിൽ കണ്ടതായും അതുപോലുള്ള മറ്റു കാര്യങ്ങളും ചിലർ റിപ്പോർട്ടു ചെയ്തു. സുബോധത്തിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കാത്തവണ്ണം ഈ തോന്നലുകൾ അത്രമാത്രം ആനന്ദകരവും ശാന്തിദായകവുമായിരുന്നെന്നു മിക്ക യുവജനങ്ങളും വിവരിക്കുകയുണ്ടായി.
പകുതി ഭൂമിയും മനുഷ്യസ്പർശമേൽക്കാത്തത്
“മനുഷ്യന്റെ ഏറ്റവും നല്ല ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഭൗമഗ്രഹത്തിലെ കരപ്രദേശത്തിന്റെ പകുതിയിലധികവും ഇപ്പോഴും മനുഷ്യസ്പർശമേൽക്കാത്തതാണ്” എന്ന് ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “കരയുടെ ഒൻപതു കോടി ചതുരശ്ര കിലോമീറ്റർ [3,50,00,000 ചതുരശ്ര മൈൽ], അതായത് മുഴു കര പ്രദേശത്തിന്റെയും ഏതാണ്ട് 52 ശതമാനം, ഇപ്പോഴും മനുഷ്യസ്പർശമേൽക്കാതെ കിടക്കുന്നുവെന്ന്” ഒരു പുതിയ പഠനം “കണ്ടെത്തി.” ഗ്രഹത്തിന്റെ മൂന്നിലൊന്നു ഭാഗം മാത്രം മനുഷ്യസ്പർശമേൽക്കാത്തതായി പട്ടികപ്പെടുത്തിയ 1989-ലെ സർവേയുടെ ഫലങ്ങളെക്കാളും ഇതു വളരെ ഉയർന്നതായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അന്തർദേശീയ സംരക്ഷണ വിഭാഗത്തിലെ ലീ ഹാനാ നടത്തിയ ഏറ്റവും അടുത്തകാലത്തെ ഈ പഠനം നേരത്തെ ഉപയോഗിച്ചിരുന്ന ഏറ്റവും കുറഞ്ഞ 4,000 ചതുരശ്ര കിലോമീറ്ററിനു പകരം വെറും 1,000 ചതുരശ്ര കിലോമീറ്റർ ഉള്ള ചെറിയ പ്രദേശങ്ങൾ കൂടെ ഉൾപ്പെടുത്തി. “കൂടുതൽ അരിച്ചുപെറുക്കിയുള്ള ഒരു പഠനം ഗ്രഹത്തിന്റെ മനുഷ്യസ്പർശമേൽക്കാത്ത ഇതിനെക്കാൾ വലിയൊരു ശതമാനത്തെ വെളിപ്പെടുത്താൻ സാധ്യതയുണ്ട്” എന്ന് ആ ലേഖനം പ്രസ്താവിച്ചു. എന്നിരുന്നാലും മനുഷ്യസ്പർശമേൽക്കാത്ത കരയുടെ ഒരു നല്ല ഭാഗം “പാറയും മഞ്ഞുകട്ടയും കാറ്റിൽ പറക്കുന്ന മണലും” ആണെന്നും അത് മനുഷ്യർക്കും വന്യജീവികൾക്കും വാസയോഗ്യമല്ലാത്തതാണെന്നും ഹാനാ ചൂണ്ടിക്കാണിച്ചു. “മനുഷ്യന്റെ ഇടപെടൽ ഗ്രഹത്തിന്റെ വാസയോഗ്യമായ ഉപരിതലത്തിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തെ സ്വാഭാവിക പരിസ്ഥിതിക്കു കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു. സർവേയുടെ മൂന്നു വിഭാഗങ്ങൾ ഇവയാണ്: മനുഷ്യസ്പർശമേൽക്കാത്തത് (52 ശതമാനം), ഭാഗികമായി മനുഷ്യസ്പർശമേറ്റിട്ടുള്ളത് (24 ശതമാനം), അധീനപ്പെടുത്തിയിരിക്കുന്നത് (24 ശതമാനം).
ദൈവത്തിനുവേണ്ടിയുള്ള ചൂതാട്ടക്കാരോ?
യു.എസ്.എ.-യിലെ നെവേദയിലുള്ള ലാസ് വെഗാസിലേക്ക് ഓരോ വർഷവും ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഏതാണ്ട് 2.9 കോടി ആളുകൾ പ്രവഹിക്കുന്നു. തീർച്ചയായും ഭൂരിപക്ഷവും അങ്ങോട്ടു പോകുന്നതു ചൂതാട്ടത്തിനാണ്. എന്നാൽ അവരിൽ പലരും പ്രാർഥിക്കാനും ആരാധിക്കാനും ആഗ്രഹിക്കുന്നു. അതുകൊണ്ട് അടുത്തയിടെ ആ പ്രദേശത്തെ കത്തോലിക്കാ ഇടവക നഗരത്തിലെ ഏറ്റവും വലിയ നാലു ചൂതാട്ട-ഹോട്ടലുകളിൽനിന്നും ഒരു ബ്ലോക്കു മാത്രം അകലെയായി 35 ലക്ഷം ഡോളർ മുടക്കി, 2,200 സീറ്റുകളുള്ള, ഒരു പള്ളി പണിതു എന്ന് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. പള്ളിയിലെ ആരാധകരുടെ ഏതാണ്ട് 80 ശതമാനം വിനോദയാത്രികരാണ്. മിക്കവരും ചൂതാട്ടത്തിനുവേണ്ടി പട്ടണത്തിൽ വന്നതാണ്. ചൂതാട്ട ടോക്കണുകൾ പണപ്പിരിവിനുള്ള പാത്രത്തിലിടാൻ പള്ളി അവരെ ക്ഷണിക്കുന്നു. പള്ളിക്ക് ഒരു സമ്മാന കടയുമുണ്ട്. അവിടെ സന്ദർശകർ നാണയമായി ടോക്കണുകൾ ഉപയോഗിക്കാൻ ക്ഷണിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ രൂപമുള്ള ഒരു ചൂതാട്ട ടോക്കൺപോലും ഓർമക്കായി കട പ്രദാനം ചെയ്യുന്നു. ചൂതാട്ടസ്ഥലങ്ങളിലെല്ലാം ആഴ്ചതോറും കയറിയിറങ്ങി പള്ളിക്കു ദാനം കിട്ടിയ ടോക്കണുകളുടെ പണം വാങ്ങാനായി കുറേനാളത്തേക്കു പള്ളി ഒരു ഫ്രാൻസിസ്കൻ സന്യാസിയെ നിയമിച്ചിരുന്നു. ടോക്കൺ സന്യാസി എന്ന് അദ്ദേഹത്തിനു പേരിട്ടിരുന്നു.
കിടക്കയിൽത്തന്നെ വിശ്രമിക്കുന്നതിന്റെ കുഴപ്പങ്ങൾ
“ദീർഘനാൾ കിടക്കയിൽത്തന്നെ വിശ്രമിക്കുന്നതിന് രോഗികൾക്കു ഗുണത്തെക്കാളധികം ദോഷം ചെയ്യാൻ കഴിയും” എന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു. ഏതാണ്ട് 50 വർഷം മുമ്പ് ഡോക്ടർ സർ റിച്ചർഡ് അഷെർ സാധാരണമായ ഈ വൈദ്യ നടപടിയെ ചോദ്യം ചെയ്യുകയുണ്ടായി. രക്തം കട്ടയാകൽ, പേശികൾ ദുർബലമാകൽ, അസ്ഥികളിലെ കാൽസ്യം നഷ്ടമാകൽ, വൃക്കയിൽ കല്ലുകൾ, മലബന്ധം, വിഷാദം തുടങ്ങിയ ആരോഗ്യാപകടങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. അതിനുശേഷം നടത്തിയ പഠനങ്ങൾ ഈ മുന്നറിയിപ്പിനെ സ്ഥിരീകരിക്കുകയുണ്ടായി. ശ്വാസകോശത്തിലെ മാരകമായ വാഹികാരോധത്തെ (embolism) തുടർന്നുണ്ടാകുന്ന ധമനീ വീക്കത്തിനുള്ള അപകടസാധ്യത, മരണത്തിനു മുമ്പ് എത്രകാലം കിടക്കയിൽത്തന്നെ വിശ്രമിക്കുന്നു എന്നതുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പോസ്റ്റ്മാർട്ടം പരിശോധനകൾ പ്രകടമാക്കുന്നു. അതേസമയം തീവ്രമായ നടുവേദനയ്ക്കൊപ്പം സയാറ്റിക് നാഡിക്കും വേദനയുണ്ടാകുക, ഗർഭധാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുക എന്നീ സന്ദർഭങ്ങളിൽ ഡോക്ടർമാർ കിടക്കയിൽത്തന്നെയുള്ള വിശ്രമം ശുപാർശചെയ്യുന്നു. വാസ്തവത്തിൽ തീവ്രവും ഗുരുതരവുമായ മറ്റു രോഗങ്ങളുടെ കാര്യത്തിലും വിശ്രമമെടുക്കുകയല്ലാതെ നിർവാഹമില്ല. നിർണായകഘട്ടം കഴിഞ്ഞുകിട്ടിയാൽപ്പിന്നെ എഴുന്നേൽക്കുന്നതും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുമൊക്കെ സുഖം പ്രാപിക്കലിനെ ത്വരിതപ്പെടുത്തുന്നുവെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങൾ
ലോക ബാങ്കിന്റെ ഒരു റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രം സ്വിറ്റ്സർലൻഡ് ആണ്. അതിന്റെ ആളോഹരി മൊത്ത ദേശീയ ഉത്പന്നം—അതായത് ഉത്പാദിപ്പിക്കപ്പെട്ട എല്ലാ സാധനങ്ങളുടെയും നടത്തിയ സേവനങ്ങളുടെയും മൂല്യം—1993-ൽ 36,410 ഡോളർ ആയിരുന്നു. ലിസ്റ്റിൽ ഏഴാമത്തെ സ്ഥാനം വഹിക്കുന്ന ഐക്യനാടുകളുടേതിനെക്കാളും ഏതാണ്ട് 12,000 ഡോളർ കൂടുതലായിരുന്നു ഇത്. സ്വിറ്റ്സർലൻഡിനെ തുടർന്നു വരുന്നത് ലക്സെംബെർഗ്, ജപ്പാൻ, ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഐക്യനാടുകൾ, ഐസ്ലൻഡ്, ജർമനി, കുവൈറ്റ് എന്നീ രാജ്യങ്ങളാണ്. മൊസാംബിക്ക് ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രമായിത്തന്നെ തുടർന്നു. അവിടെ ഓരോ വ്യക്തിയും ഉത്പാദിപ്പിക്കുന്നത് 80 ഡോളർ മാത്രമാണ്. മധ്യ പൗരസ്ത്യദേശത്തെ എണ്ണവില താഴ്ന്നുകൊണ്ടിരിക്കുന്ന അനേകം എണ്ണോൽപ്പാദക രാഷ്ട്രങ്ങളുടെ പേര് ഏറ്റവും പുതിയ ഈ ലിസ്റ്റിലെ ഏറ്റവും മുന്തിയ പത്തു സമ്പന്ന രാഷ്ട്രങ്ങളിൽ പെടാതെപോയിരിക്കുന്നതു ശ്രദ്ധേയമാണ്. എന്നാൽ വാങ്ങൽ പ്രാപ്തി പരിഗണിക്കുമ്പോൾ ഈ ലിസ്റ്റ് വ്യത്യാസപ്പെടുന്നു. ഐക്യനാടുകളിൽ സാധനസാമഗ്രികളുടെ വില ഏറ്റവും ധനികമായ രാഷ്ട്രങ്ങളുടേതിനെക്കാളും കുറവായതുകൊണ്ട് അമേരിക്കക്കാരുടെ പണത്തിന്, ലക്സെംബെർഗ് ഒഴിച്ച്, മറ്റേതു രാഷ്ട്രങ്ങളുടെതിനെക്കാളും മൂല്യം കൂടുതലാണ്. അപ്പോൾ ലിസ്റ്റ് ഇങ്ങനെ മാറുന്നു: ലക്സെംബർഗ്, ഐക്യനാടുകൾ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഹോങ്കോങ്, ജപ്പാൻ, ജർമനി, സിംഗപ്പൂർ, കാനഡ.