ശൈത്യകാല മഴകൾ മരുപുഷ്പങ്ങളെ ആനയിക്കുന്നു—ഒപ്പം സസ്യ സംഭരണികളെ നിറയ്ക്കുകയും ചെയ്യുന്നു
ചില മരുവിത്തുകൾ വർഷപാതത്തെ അളക്കുന്നതായി കാണപ്പെടുന്നു. അര ഇഞ്ചോ (1.3 സെ. മീ) അതിൽ അധികമോ പെയ്യുന്നതുവരെ അവ മുളയ്ക്കുകയില്ല. അതിൽ കുറഞ്ഞമഴകൊണ്ട് അവയെ നന്നായി കുതിർക്കുവാൻ കഴിയും, പക്ഷേ അവ മുള പൊട്ടുന്നില്ല. കൂടാതെ ജലം വരുന്ന ദിശ അവയ്ക്കു അറിയാവുന്നതായി കാണപ്പെടുന്നു. മുകളിൽ നിന്ന് ആവശ്യത്തിന് ലഭിക്കുകയാണെങ്കിൽ അവ പൊട്ടി മുളയ്ക്കുന്നു; കീഴേ നിന്ന് നനയ്ക്കുകയാണെങ്കിൽ അവ അതിനു വിസമ്മതിക്കുന്നു. അവ കേവലം അനാവശ്യമായി അങ്ങനെ ചെയ്യുന്നതല്ല പ്രത്യുത ജ്ഞാനപൂർവ്വം പ്രവർത്തിക്കുകയാണ്. വസന്തകാലത്ത് മരുഭൂമിയെ കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളാൽ അലങ്കരിക്കുന്ന വാർഷിക പൂച്ചെടികളുടേതാണ് ഈ ബുദ്ധിയുള്ള വിത്തുകൾ.
പക്ഷേ അവ വർഷപാതത്തെ അളക്കുന്നത് എങ്ങനെ? ചിലപ്പോഴൊക്കെ മരുഭൂമിയിലെ മണ്ണിൽ ചിലതരം ലവണങ്ങൾ ഉണ്ടായിരിക്കും. അവയുടെ സാന്നിദ്ധ്യത്തിൽ ഈ വിത്തുകൾ പൊട്ടിമുളയ്ക്കാൻ വിസമ്മതിക്കുന്നു. ഈ ലവണങ്ങൾ ജലത്തിൽ ലയിക്കുന്നവയാണ്. ചെറുമഴകൾ വിത്തുകളെ കുതിർത്തേക്കാമെങ്കിലും അവ ലവണങ്ങളെ ഊറ്റിക്കളയുന്നില്ല. ഈ ലവണങ്ങളെ ലയിപ്പിച്ച്, വിത്തുകളിൽ നിന്നും അകലെ ആഴത്തിൽ മണ്ണിലേക്ക് വഹിച്ചുകൊണ്ടു പോകുന്നതിന് കൂടെക്കൂടെയുള്ള കനത്ത മഴകൾ വേണ്ടിവരുന്നു. കൂടാതെ മഴ മുകളിൽ നിന്ന് മണ്ണിനെ നനച്ച് ഇറങ്ങേണ്ടതാണ്; കീഴെനിന്നും മുകളിലേക്ക് നനച്ചു കയറുന്ന ജലം, ലവണങ്ങളെ ലയിപ്പിച്ചേക്കാമെങ്കിലും അവയെ വഹിച്ചുകൊണ്ടുപോകുന്നില്ല.
ചിലപ്പോൾ പ്രശ്നങ്ങൾ മണ്ണിന്റെ കാര്യത്തിലായിരിക്കുകയില്ല, പക്ഷേ വിത്തുകളിലായിരിക്കും. ചില മരുവിത്തുകളുടെ ആവരണത്തിൽ മുളപൊട്ടലിനെ തടസ്സപ്പെടുത്തുന്നതരം, ജലത്തിൽ ലയിക്കുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു ചെറുമഴ വിത്തുകളെ നനച്ചേക്കാമെങ്കിലും ഉപദ്രവകരങ്ങളായ സകല രാസപദാർത്ഥങ്ങളേയും നീക്കം ചെയ്യുവാൻ അനവധി കനത്ത വർഷപാതങ്ങൾ വേണ്ടി വരുന്നു. വിത്തുകളുടെ ആവരണങ്ങളിൽ അടങ്ങിയിരിക്കുന്ന തടസ്സമുണ്ടാക്കുന്ന ചില പദാർത്ഥങ്ങൾ കനത്ത മഴ കൊണ്ടുപോലും നീക്കം ചെയ്യപ്പെടുന്നില്ല; അതിനു ചില ബാക്ടീരിയാകളുടെ പ്രവർത്തനം വേണ്ടി വരുന്നു. വിത്തിൽ നീണ്ടുനിൽക്കുന്ന ഈർപ്പം ഉള്ളപ്പോൾ മാത്രമേ ഈ ബാക്ടീരിയാകൾ തങ്ങളുടെ ജോലി നിർവ്വഹിക്കുന്നുള്ളു. അതുകൊണ്ട് വളരെയധികം മഴയാണ് വീണ്ടും ആവശ്യമായിരിക്കുന്നത്.
ഇതെല്ലാം സംബന്ധിച്ച് മരുപുഷ്പങ്ങളുടെ വിത്തുകൾ ഇത്ര സംവേദകത്വം ഉള്ളവയായിരിക്കുന്നത് എന്തുകൊണ്ട്? ആദ്യത്തെ ചെറുമഴയിൽതന്നെ അവ പൊട്ടിമുളച്ച് വളരാൻ തുടങ്ങിയാൽ അവയുടെ വേരുകൾ തഴോട്ട് ആഴത്തിൽ ജലം കണ്ടെത്തുകയില്ല. മരുഭൂമിയിലെ ഉഗ്രമായ സൂര്യതാപം ഈ സസ്യങ്ങളെ അവ പുഷ്പിച്ച് വിത്തു ഉളവാക്കുന്നതിനു മുമ്പുതന്നെ കരിച്ചുകളയും. എന്നാൽ നിലം താഴേക്ക് ആഴത്തിൽ നനയുന്നതുവരെ വിത്തുകൾ കാത്തുനിൽക്കുന്നതിന് ഇടയാക്കുന്നു എങ്കിൽ ഉപരിതലമണ്ണ് ഉണങ്ങിയിരിക്കുമ്പോൾ പോലും അവയുടെ വേരുകൾ ഈർപ്പം കണ്ടെത്തും.
അതുകൊണ്ട് അതിജീവനത്തിന് വേണ്ടിയാണ് മണ്ണിലെ ലവണങ്ങൾ കനത്ത മഴ വന്ന് അവയെ ഊറ്റിക്കളയുന്നതുവരെ വിത്തുകൾ കാത്തുനിൽക്കാൻ ഇടയാക്കുന്നത്. വിത്തുകളുടെ ആവരണങ്ങളിൽ അടങ്ങിയിരിക്കുന്ന തടസ്സപദാർത്ഥങ്ങളും, ഇതേ സേവനം തന്നെയാണ് നിർവ്വഹിക്കുന്നത്. വിത്തുകളുടെ ബാഹ്യാവരണങ്ങളിലുള്ള ഇതര പദാർത്ഥങ്ങൾ മുളപൊട്ടലിനെ തടസ്സപ്പെടുത്തുന്നു എങ്കിലും, മഴ വന്ന് വിത്തുകളെ കുതിർക്കുന്നതുവരെ തങ്ങളുടെ ജോലി നിർവ്വഹിക്കാതിരിക്കുന്ന ബാക്ടീരിയ അവയെ നീക്കം ചെയ്യുന്നു. ഈ വിവിധ മാർഗ്ഗങ്ങളാൽ, മുളപൊട്ടുന്നതിനു മുമ്പ് ആവർത്തിച്ചുള്ള കനത്ത മഴകൾക്കുവേണ്ടി വിത്തുകൾ കാത്തുനിൽക്കുന്നു.
സമൃദ്ധമായ ശൈത്യകാല മഴകൾ വരാത്തപ്പോൾ മരുഭൂമികൾ റോസ് പോലെ പുഷ്പിക്കുന്നതുമില്ല. എന്നാൽ അവ വരുമ്പോൾ, മൈലുകൾ അകലെനിന്നും എത്തിച്ചേരുന്ന സന്ദർശക വൃന്ദങ്ങളിൽനിന്നും ആശ്ചര്യ ശബ്ദങ്ങൾ ഉളവാക്കുന്നതരം വർണ്ണാഡംഭരത്തോടെ മരുഭൂമിയിൽ വസന്തം പൊട്ടിവിടരുന്നു. വിത്തുകളിൽ ഈ ജ്ഞാനം പകരുകയും, മരുപുഷ്പങ്ങളെ ആനയിക്കുന്ന ശൈത്യകാല മഴകളെ അയയ്ക്കുകയും ചെയ്യുന്ന സ്രഷ്ടാവിനോട്, ആശ്ചര്യം കൊള്ളുന്ന ഈ സന്ദർശക വൃന്ദം കൃതജ്ഞത പ്രകടിപ്പിക്കേണ്ടതല്ലേ?
ഇതിലെല്ലാം നമുക്കൊരു ഗുണപാഠം ഉണ്ട്. ഈ വാർഷിക ചെടികളുടെ തൈകൾ പൊങ്ങിവരുമ്പോൾ ചതുരശ്ര അടിയൊന്നിൽ ആയിരങ്ങൾ കണ്ടേക്കാം. അവ പരസ്പരം കൊന്നൊടുക്കുന്നില്ല. പരിണാമത്തിന്റെ നിഷ്ഠൂരമായ “അർഹമായതിന്റെ അതിജീവന”ത്തിന്റെ ഒരേർപ്പാടും ഇല്ല! അവ ഇണങ്ങിചേരുന്നു. കുറച്ചുമാത്രം ആവശ്യപ്പെട്ടുകൊണ്ട്, സ്ഥലവും ജലവും പങ്കിട്ട് അവ ഓരോന്നും ചെറുതായി വളരുന്നു. ഒരു ചെറുപ്രദേശത്ത് 10 വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെട്ട 300 സസ്യങ്ങൾ കാണപ്പെട്ടു. ഓരോന്നിനും ഏറ്റവും കുറഞ്ഞത് ഒരു പുഷ്പം വീതം ഉണ്ടായിരുന്നു. അവ ഏറ്റവും കുറഞ്ഞത് ഒരു വിത്തുവീതം ഉല്പാദിപ്പിച്ചിരുന്നു. മനുഷ്യർ പുഷ്പങ്ങളെക്കാൾ ഇത്രയധികം ജ്ഞാനികളാണെങ്കിൽ വ്യത്യസ്ത വർഗ്ഗങ്ങൾക്ക് ഒരുമിച്ചു വസിക്കാനും പങ്കിടാനും എന്തുകൊണ്ട് കഴിയുന്നില്ല?
സംഭരണികളെ നിലനിർത്തുന്ന സസ്യങ്ങൾ
പിന്നെ, മഴയുള്ള അപൂർവ്വ ദിവസങ്ങളിൽ ജലം സംഭരിച്ചുകൊണ്ട്, മരുഭൂമിയുടെ ദീർഘമായ വരണ്ട ഇടവേളകളെ അതിജീവിക്കുന്ന നീരു നിറഞ്ഞ കള്ളിമുൾചെടികളും ഉണ്ട്. ചിലവ ഭൂഗർഭ സംഭരണികൾ ഉപയോഗിക്കുമ്പോൾ, മറ്റു ചിലവ കട്ടിയുള്ള കാണ്ഡങ്ങളിൽ അതു ശേഖരിക്കുന്നു. ഈ ഹരിത കാണ്ഡങ്ങൾക്ക് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനും, പ്രകാശ സംശ്ലേഷണം നിർവ്വഹിക്കുന്നതിനും, ആസ്യരന്ധ്രങ്ങൾ അഥവാ ശ്വസന സുഷിരങ്ങൾ തുറന്നുവയ്ക്കേണ്ടതുണ്ട്. എങ്കിലും വിലപ്പെട്ട ജലം ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടുന്നതിനാൽ ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു. ആസ്യരന്ധ്രങ്ങൾ പകൽ സമയ ചൂടിൽ അടച്ചും, തണുത്ത രാവുകളിൽ മാത്രം തുറന്നും സൂക്ഷിക്കപ്പെടുന്നതിനാൽ ഈ നഷ്ടം പരമാവധി കുറയ്ക്കപ്പെടുന്നു. കൂടാതെ, മരുഭൂമിയിലെ കള്ളിച്ചെടികളിൽ ആസ്യരന്ധ്രങ്ങൾ കാണ്ഡോപരിതലത്തിനടിയിൽ നിമ്നങ്ങളിലായി ആഴ്ന്നിരിക്കുന്നത് ജലനഷ്ടം വീണ്ടും പരിമിതപ്പെടുത്തുന്നു.
വിരളമായ മരുവർഷപാതങ്ങൾ അപൂർവ്വമായെ ഉപരിതലത്തിനടിയിലേക്ക് വളരെ ആഴത്തിൽ ആഴ്ന്നിറങ്ങാറുള്ളു. അതുകൊണ്ട് കള്ളിമുൾ ചെടികളുടെ വേരുകൾ സാധാരണയായി ആഴം കുറഞ്ഞതും, സാദ്ധ്യമാകുന്നിടത്തോളം ജലം വലിച്ചെടുക്കാൻ തക്കവണ്ണം വിശാലമായി വ്യാപിച്ചു കിടക്കുന്നതും ആകുന്നു. അവയുടെ ആന്തരിക സംഭരണികൾ നിറയുമ്പോൾ ഈ ചെടികൾ വികസിക്കുകയും, വരണ്ട ഇടവേളകളിൽ ജലം ഉപയോഗിച്ചു കഴിയുമ്പോൾ അവ സങ്കോചിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ധാരാളം സസ്യങ്ങളിൽ ഇലകൾ മുള്ളുകളായി ചുരുങ്ങിയിരിക്കുന്നു. അവ തിന്നാനോ, കുടിക്കാനോ ഇരതേടി എത്തുന്നവരെ അകറ്റി നിർത്തുകയും ചെയ്യുന്നു.
ഈ മരുസമൂഹത്തിൽ ഏറ്റവും ശ്രദ്ധേയമായത് ഭീമാകാരമായ സാഗ്വാരോ ആണ്. അതിന്റെ ആയുസ്സ് 200 സംവത്സരങ്ങളോളവും, ഉയരം 50 അടിയോളവും, (15 മീ) തൂക്കം 10 ടണ്ണോളവും എത്തുന്നു. അതിന്റെ അഞ്ചിൽ നാലുഭാഗം ജലമാണ്. അതിന്റെ തടിയിൽ താരതമ്യേന കുറച്ച് ബാഷ്പീകരണ പ്രതലങ്ങളെ കാണുന്നുള്ളു. അത് ജലം ശേഖരിക്കുകയോ ഉപയോഗിച്ചു തീരുകയോ ചെയ്യുന്നതനുസരിച്ച് വികസിക്കുകയോ, സങ്കോചിക്കുകയോ ചെയ്യുവാനനുവദിക്കുന്നതരം അക്കോഡിയന്റേതുപോലെയുള്ള ചുരുക്കുകളോടു കൂടിയതാണ്. കൂടാതെ, ഈ ഞൊറിവുകളോടു കൂടിയ പ്രതലം സൂര്യന്റെ കിരണങ്ങൾക്കു വിഷയീഭവിക്കുന്ന പരന്ന ഭാഗങ്ങളെ ഒഴിവാക്കുകയും, സ്വയം തണലേകുകയും ചെയ്യുന്നു.
അന്തിമമായി, ഈ കള്ളിമുൾ ചെടികൾ തങ്ങളുടെ പരിസരത്തേക്ക് ഓരോ വർഷവും ആനയിക്കുന്ന ഒരു മഹത്തായ സമ്മാനം മനോജ്ഞമായ വർണ്ണപുഷ്പങ്ങളുടെ ഒരു സമൃദ്ധിയാണ്. അതുകൊണ്ട് കനത്ത ശൈത്യകാല മഴകളാൽ മഹത്തായ പ്രദർശനങ്ങളിലേയ്ക്ക് പ്രമോദിപ്പിക്കപ്പെടുന്ന പോപ്പി ചെടികളും മറ്റു വസന്തകാല ചെടികളും ചെയ്യുന്നതുപോലെ, ഓരോ വർഷവും ഈ ജലസംഭരണം നടത്തുന്ന വാർഷിക സസ്യങ്ങളും മരുഭൂമികൾ റോസാ പുഷ്പങ്ങളെപ്പോലെ വിടരുന്നതിന് സംഭാവന ചെയ്യുന്നു. (g87 5/22)
[26, 27 പേജുകളിലെ ചിത്രങ്ങൾ]
അരിസോണായിലെ സ്വർണ്ണ പോപ്പീസും നീല ലൂപ്പിൻസും ബൃഹത്തായ സാഗ്വാരോസും
പശു നാവ് കള്ളിമുൾച്ചെടി
മുതുകിൽ മുള്ളുകളോടുകൂടിയ കള്ളിമുൾച്ചെടി
വീപ്പക്കുറ്റിപോലുള്ള കള്ളിമുൾച്ചെടി
[18-ാം പേജിലെ ചിത്രങ്ങൾ]
പുഷ്പിക്കുന്ന സാഗ്വാരോയിൽ കള്ളിമുൾച്ചെടി കുരുവി
കുസുമങ്ങൾ, സാധാരണയായി അഗ്രത്തിൽ, ഈ സാഗ്വാരോയെ മൂടുന്നു