ലോകം 1914-നുശേഷം
ഭാഗം 2: 1926-1934 ലോകവ്യാപക സാമ്പത്തിക മാന്ദ്യം,വീണ്ടും യുദ്ധത്തിലേക്കും
“എപ്പോഴെങ്കിലും ഭാഗ്യം ഐക്യനാടുകളിൻമേൽ പുഞ്ചിരിതൂകുന്നതായി തോന്നിയ ദിവസം അന്നായിരുന്നു.” യു. എസ്. പ്രസിഡൻഡ് ഹെർബർട്ട് ഹൂവർ തന്റെ സ്ഥാനമേറ്റ 1929-ലെ ദിവസത്തെ സംബന്ധിച്ച് ചരിത്രകാരനായ ഡേവിഡ് എ. ഷന്നോൻ വിവരിച്ചതപ്രകാരമാണ്. ഷന്നോൻ ഇപ്രകാരം വിശദീകരിക്കുന്നു: “അതു സമാധാനത്തിന്റെ ഒരു വർഷമായിരുന്നു, ചക്രവാളത്തിൽ യുദ്ധമേഘങ്ങൾ ഉണ്ടായിരുന്നില്ല, അമേരിക്കൻ സമ്പത്ത് സമുദ്രങ്ങൾക്കപ്പുറത്തേക്ക് ഉണർവോടെ വ്യാപിച്ചുകൊണ്ടിരിക്കയും ലോകത്തിന്റെ സാമ്പത്തികമായി സൗഭാഗ്യം കുറഞ്ഞഭാഗങ്ങളിലെ അവസ്ഥകൾ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കയും ചെയ്തുകൊണ്ടിരുന്നു.”
എന്നാൽ പ്രസിഡൻഡ് ഹൂവറുടെ അധികാരത്തിന്റെ അവസാനത്തോടെ, “ദേശീയ ചിന്താഗതി പാടേ മാറി. ശുഭാപ്തിവിശ്വാസത്തിനുപകരം വിഷാദാത്മകതയും സാഹസികതയും ഒരു വലിയ അളവിലുള്ള നൈരാശ്യവും വന്നുചേർന്നു. സംഭവിച്ചതെന്തായിരുന്നു?
‘കറുത്ത വ്യാഴാഴ്ച’—ഒരു യുഗത്തിന്റെ അവസാനം
ബുധനാഴ്ച, 1929 ഒക്ടോബർ 23-ാം തീയതി ന്യൂയോർക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഊഹക്കച്ചവടക്കാരായ അനേകർ പ്രകടമായ കാരണം കൂടാതെ അമിതവിലയുള്ള ഓഹരി വിൽക്കാൻ തുടങ്ങി. വ്യാഴാഴ്ച ഓഹരി ഉടമസ്ഥർ തങ്ങളുടെ ഓഹരികളുടെ വില കൂടുതൽ ഇടിയുന്നതിനുമുമ്പ് വിൽക്കുന്നതിനുള്ള ഉൽക്കണ്ഠയാൽ സംഭ്രാന്തരായി പലായനം ചെയ്തതിന്റെ ഫലമായി ഒറ്റ ആഴ്ചക്കകം ഓഹരിവിലയിൽ 1 കോടി 50 ലക്ഷത്തിലധികം ഡോളറുകൾ തുടച്ചു മാറ്റപ്പെട്ടു, അടുത്ത ഏതാനും മാസങ്ങൾക്കകം അനേക ലക്ഷങ്ങൾ കൂടിയും. അങ്ങനെ വലിയ സാമ്പത്തിക മാന്ദ്യത്തിനു തുടക്കം കുറിച്ചു.
കുഴപ്പം എന്തായിരുന്നു എന്നതു സംബന്ധിച്ച് സാമ്പത്തിക വിദഗ്ദ്ധൻമാർക്കും ചരിത്രകാരൻമാർക്കും അനേകം സിദ്ധാന്തങ്ങൾ ഉണ്ട്. എന്നാൽ, അവരിൽ ഒരാൾ ചൂണ്ടിക്കാണിച്ചതുപോലെ, സാമ്പത്തിക മാന്ദ്യത്തിന്റെ അനേകം കാരണങ്ങൾ “സമ്പൽ സമൃദ്ധമായ ഇരുപതുകളിൽ ആഴമായി ഉറപ്പിക്കപ്പെട്ടിരുന്നു” എന്നു വ്യക്തമാണ്. അവരുടെ സമൃദ്ധി “ഒരു ഇളകുന്ന അടിസ്ഥാനത്തിൻമേൽ പണിയപ്പെട്ടിരുന്നതുകൊണ്ട് . . . , ഓഹരി വില തകർന്നുതരിപ്പണമായി . . . [അവയ്ക്കു] അടിവരയിട്ടിരുന്ന സാമ്പത്തിക ജീർണ്ണത പെട്ടെന്ന് വെളിപ്പെട്ടു.”—ഐക്യനാടുകൾ ഇരുപതാം നൂറ്റാണ്ടിൽ, പേജ് 10, 12.
ഏതുവിധേനയും, ഇരച്ചുകയറിയ ഇരുപതുകളുടെ മത്തുപിടിച്ച ആണ്ടുകൾ പൊയ്പോയിരുന്നു. അവ ഉല്പാദിപ്പിച്ചിരുന്ന മത്തു പിടിപ്പിച്ചിരുന്ന പ്രതീക്ഷകളും പൊയ്പോയിരുന്നു. “1929-ലെ വലിയ ഓഹരി മൂല്യത്തകർച്ച നീർക്കുമിളയെ കുത്തിപൊട്ടിച്ചു,” ചരിത്രകാരൻമാരായ എഫ്. ഫ്രിഡലും, എൻ. പൊള്ളാക്കും പറയുന്നു. “ദശലക്ഷങ്ങളെ അവശ്യ ജീവിത വസ്തുക്കളുടെ അഭാവത്താൽ പ്രയാസമനുഭവിക്കാൻ ഇടയാക്കിക്കൊണ്ട് സമൃദ്ധിക്ക് ഹാനി സംഭവിച്ചതിനാൽ, ഇരുപതുകൾ ഒരു പൊള്ളയായ ഇടക്കാലം അഥവാ ഒരു ക്രൂര തമാശ—ഒരു അധാർമ്മിക ജാസ്യുഗം, സ്വർണ്ണകാളക്കുട്ടിയുഗം—യിൽ കവിഞ്ഞ യാതൊന്നുമല്ലെന്നു തോന്നി.”—ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ പ്രശ്നങ്ങൾ, പേജ് 115.
പെട്ടെന്ന് ദശലക്ഷങ്ങൾ തൊഴിൽ രഹിതരായിത്തീർന്നു. കടക്കാരായ ആളുകൾക്ക് ഭവനങ്ങൾ ഉൾപ്പെടെ തങ്ങൾ കടത്തിൽ വാങ്ങിയ വസ്തുക്കൾ നഷ്ടപ്പെട്ടു. കുടുംബങ്ങൾ ചെലവുകളിൽ നിന്നു രക്ഷപെടുന്നതിന് ചുരുണ്ടുകൂടുന്നു. ഓഹരി വിലകൾ ഇടിഞ്ഞതിനാൽ ഒറ്റ രാത്രികൊണ്ട് ഭാഗ്യങ്ങൾ തുടച്ചു മാറ്റപ്പെട്ടു. വ്യാപാര പ്രവർത്തനങ്ങൾ നിലച്ചു. ഐക്യനാടുകളിലെ ആയിരക്കണക്കിനു ബാങ്കുകൾ അവയുടെ കതകുകൾ അടച്ചപ്പോൾ ആത്മഹത്യകളുടെ ഒരു തിരമാല രാഷ്ട്രത്തെ നടുക്കി. ഒരു തമാശക്കാരൻ, തനിക്ക് “പണമില്ല” എന്ന് അടയാളപ്പെടുത്തിയ ചെക്കുകളാണ് മടങ്ങിക്കിട്ടികൊണ്ടിരുന്നത്, എന്നാൽ ഇപ്പോൾ അവ “ബാങ്ക് ഇല്ല” എന്ന് അടയാളപ്പെടുത്തി ലഭിച്ചുകൊണ്ടിരുന്നു” എന്നു പറഞ്ഞപ്പോൾ വലിയ ചിരി ഉയർന്നു.
സാമ്പത്തിക തകർച്ച ലോകവ്യാപകവും അതിന്റെ ഫലങ്ങൾ ദൂരവ്യാപകവുമായിരുന്നു. യഥാർത്ഥത്തിൽ, ഐക്യനാടുകളും ലോകസംഭവങ്ങളിൽ അതിന്റെ സ്ഥാനവും 1918-1943 എന്ന പുസ്തകം, “ഈ സാമ്പത്തിക തകർച്ച ഓരോ രാജ്യത്തെയും സാമൂഹ്യവും രാഷ്ട്രീയവും ആഭ്യന്തരവും അന്തർദ്ദേശീയവുമായ ജീവിതത്തിന്റെ ഓരോ വശത്തെയും സ്പർശിച്ചു” എന്ന് അവകാശപ്പെടുന്നു.
ഇതിനിടയിൽ ജപ്പാനിൽ പട്ടാള മേധാവിത്വവിശ്വാസികൾ ഈ സാമ്പത്തിക അവസ്ഥയെ തങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിച്ചുകൊണ്ടുമിരുന്നു. ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ ഇപ്രകാരം പറയുന്നു: “സൈനിക വിജയത്താലുള്ള വികസനത്തിലൂടെ ജപ്പാന്റെ സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കുമെന്ന ആശയം 1929-ലെ വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് കറൻസി സമ്പാദിച്ചു.” ‘30-കളിലെ അനിശ്ചിതത്വം ഈ പട്ടാള മേധാവിത്വവിശ്വാസികൾക്ക്—സിവിൽ ഭരണകൂടത്തിന്റെ അംഗീകാരംപോലുമില്ലാതെ—മഞ്ചൂറിയായെ ആക്രമിക്കുന്നതിനും കേവലം അഞ്ചു മാസങ്ങൾ കൊണ്ട് കീഴടക്കുന്നതിനും സാധിക്കത്തക്കവണ്ണം നിയന്ത്രണം ലഭിച്ചു. ജപ്പാനെ കേറി ആക്രമിച്ചരാജ്യമെന്നു മുദ്രകുത്തിയ സർവ്വരാജ്യസഖ്യത്തിന്, മഞ്ചൂറിയായിൽ നിന്ന് പിൻമാറിക്കൊണ്ടല്ല പകരം സഖ്യത്തിൽ നിന്നു പിൻമാറിക്കൊണ്ടായിരുന്നു അത് മറുപടി നൽകിയത്.
ഞാൻ മുമ്പേ!
ഉല്ലാസങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടും ഭൗതികത്വത്തെ ഉന്നമിപ്പിച്ചുകൊണ്ടും ഇരച്ചുകയറിയ ഇരുപതുകൾ ആത്മീയതയെ ഞെരുക്കിക്കളഞ്ഞ ഞാൻ—മുമ്പേ മനോഭാവം പോറ്റിവളർത്തി. എന്നാൽ, മേൽപറഞ്ഞ ചരിത്ര പുസ്തകമായ ഐക്യനാടുകളും ലോക സംഭവങ്ങളിൽ അതിനുള്ള സ്ഥാനവും 1918-1943, പേർ നൽകിയ, “1929-ൽ ആരംഭിച്ച സാമ്പത്തിക ഭൂകമ്പം” ഇപ്പോൾ ഈ മനോഭാവത്തെ കൂടുതൽ പ്രബലമാക്കിത്തീർത്തു. എങ്ങനെ? എന്തുകൊണ്ടെന്നാൽ, സാമ്പത്തികമാന്ദ്യം, വളർച്ച പ്രാപിച്ചേക്കാമായിരുന്ന ഏതു സാമൂഹ്യതാല്പര്യങ്ങളുടെയും ആശയത്തെ തകർക്കുകയും ഓരോ കുടുംബവും, മറ്റുള്ളവയുടെ മേലുള്ള ഫലമെന്തായിരുന്നാലും, അതിന്റെ സ്വന്തം നിലനിൽപ് എന്ന ലക്ഷ്യം വെക്കാനിടയാക്കുകയും ചെയ്തു. ഏറ്റവും പുറകിലേക്ക് ആർ തള്ളപ്പെട്ടാലും ഓരോരുത്തനും അവനവനുവേണ്ടി, നമുക്കു ഹാനിതട്ടാതെ രക്ഷപ്പെടുക!”
വ്യക്തികളിൽ അത്തരത്തിലുള്ള ഒരു അഹന്തയോടുകൂടിയ സ്വകേന്ദ്രീകൃതമായ പരിഗണനാതീതമായ മനോഭാവം പൊതുവേ അവജ്ഞയോടുകൂടി വീക്ഷിക്കപ്പെടുന്നു. എന്നാൽ ദേശഭക്തിയുടെ കപടഭാവത്തിൽ ദേശീയ സംഘടനകളുടെ സമാനമായ ഒരു മനോഭാവത്തെ മിക്കപ്പോഴും നീതിയുക്തമെന്നും ചിലപ്പോൾ ആഗ്രഹിക്കത്തക്കതെന്നും പരിഗണിക്കപ്പെടുന്നു. വലിയ സാമ്പത്തികമാന്ദ്യം അത്തരം ഒരു ആത്മാവിനെ പോഷിപ്പിച്ചു.
ചരിത്രകാരനായ ഹെർമൻ ഗ്രാമൽ, “ലോക സാമ്പത്തിക കുഴപ്പം, സർവ്വരാജ്യസഖ്യത്തിൽ പ്രകടമായിരുന്ന അന്തർദ്ദേശീയ ഗ്രാഹ്യത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിന് ഒരു മാരകമായ പ്രഹരമേല്പിച്ചു,” എന്ന് പറയുന്നു, കൂടാതെ ഇത് “ഒറ്റയായ രാഷ്ട്രങ്ങളുടെ പക്ഷത്ത് അഹന്തയുടെ ഒരു തത്വദീക്ഷയില്ലാത്ത വികാസത്തിന്” വഴിയൊരുക്കുകയും ചെയ്തു. അയാൾ പറയുന്നു, “മിക്ക രാഷ്ട്രങ്ങളും ന്യായരഹിതമായ—എന്നാൽ മനസ്സിലാക്കാവുന്ന—സംഭ്രാന്തി വർദ്ധിക്കുന്നതിനിടയാക്കിയ സ്വയ നിലനിൽപ്പിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനയില്ലായ്മയിലേക്ക് തള്ളിവിടപ്പെട്ടു.”—യൂറോപ്പാ സ്വീഷെൻ ഡെൻ ക്രിഗെൻ (യുദ്ധങ്ങൾക്കിടയിലെ യൂറോപ്പ്), പേജ് 237.
ഒരുപക്ഷേ ഏതാനും വർഷങ്ങൾക്കുശേഷം നാസി ജർമ്മനിയിലെ ഹെൻറിച്ച് ഹിമ്മലെർ ഒരു പ്രസംഗത്തിലൂടെ ഇപ്രകാരം പറഞ്ഞപ്പോൾ പ്രകടമാക്കപ്പെട്ടതുപോലെ ഈ മനോഭാവം ഇത്ര ‘പച്ച’യായി വെളിവാക്കപ്പെട്ടില്ല: “ബഹുമാനം, അന്തസ്സ്, വിശ്വസ്തത, സഖിത്വം എന്നിവ,” അയാൾ പറഞ്ഞു, “രക്തബന്ധത്തിലുള്ളവരെപ്പോലുള്ളവരോട് ഇടപെടുമ്പോൾ പ്രകടിപ്പിക്കണം, എന്നാൽ മറ്റാരോടും ആവശ്യമില്ല. ഒരു റഷ്യാക്കാരനോ ചെക്കൊസ്ളോവക്കിയാക്കാരനോ എന്തു സംഭവിക്കുന്നു എന്നത് എനിക്ക് അല്പംപോലും താല്പര്യമുള്ള കാര്യമല്ല. . . . ജനതകൾ സമൃദ്ധിയിലോ കന്നുകാലികളെപ്പോലെ മാരകമായ പട്ടിണിയിലോ കഴിയുന്നു എന്നത് അവർ നമ്മുടെ സംസ്കാരത്തിനുവേണ്ടി അടിമകളെപ്പോലെ നമുക്ക് ആവശ്യമായിരിക്കുന്നടത്തോളം മാത്രമേ എനിക്ക് താല്പര്യമുള്ളു . . . പട്ടാള ടാങ്കുകൾക്കെതിരെയുള്ള കിടങ്ങുകൾ കുഴിച്ചുകൊണ്ടിരിക്കുമ്പോൾ 10,000 റഷ്യൻ സ്ത്രീകൾ ശ്വാസംമുട്ടിമരിക്കുന്നുവോ ഇല്ലയോ എന്നതിൽ ജർമ്മനിക്കുവേണ്ടിയുള്ള കിടങ്ങുകൾ പൂർത്തിയായിട്ടുണ്ടോ എന്നു മാത്രമാണ് എനിക്കു താല്പര്യമുള്ളത്.”
വ്യക്തികളും രാഷ്ട്രങ്ങളും അത്തരം ഞാൻ—മുമ്പേ മനോഭാവവും “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക” എന്ന ദൈവനിയമത്തോടുള്ള അത്തരം അനാദരവും പ്രകടമാക്കുമ്പോൾ എങ്ങനെ സമാധാനം നേടുന്നതിനോ പരിരക്ഷിക്കുന്നതിനോ സാദ്ധ്യമായിത്തീരും? (ലൂക്കോസ് 10:27) “നിന്റെ ന്യായപ്രമാണത്തെ സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമുണ്ട്” എന്ന് ബൈബിൾ സങ്കീർത്തനം 119:165 പറയുന്നു. എന്നാൽ ഈ സ്നേഹം ഇല്ലാതിരുന്നതിനാൽ രാഷ്ട്രങ്ങൾക്ക് എളുപ്പത്തിൽ ഒരു പുതിയ യുദ്ധത്തിനുവേണ്ടി ആസൂത്രിതമായി നീങ്ങാൻ കഴിയുമായിരുന്നു. അർത്ഥവത്തായി, സ്നേഹത്തിന്റെ അഭാവവും ഞാൻ—മുമ്പേ മനോഭാവവും സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുകളെ” അടയാളപ്പെടുത്തേണ്ടിയിരുന്നു.—2 തിമൊഥെയോസ് 3:1-5; മത്തായി 24:3, 12.
മനുഷ്യൻ ആരിൽ ആശ്രയിക്കണം?
പ്രകടമായ ദുഷിച്ച ലോകാവസ്ഥകൾ, ഇരച്ചുകയറിയ ഇരുപതുകളിൽ ആളുകൾ പുറം തിരിഞ്ഞുകളഞ്ഞ ദൈവത്തിലേക്കു തിരിച്ചു പോകുന്നതിന് ഇടയാക്കിയോ? ചില സംഭവങ്ങളിൽ അതിനിടയാക്കി. വാച്ച്ടവർ സൊസൈറ്റിയുമായി സഹവസിച്ചിരുന്ന ക്രിസ്ത്യാനികൾ 1931-ൽ സ്വീകരിച്ച നാമായ യഹോവയുടെ സാക്ഷികൾ നൽകിയ ദൂതിന് അനേകം ആളുകൾ പ്രതികരണമുള്ളവരായിത്തീർന്നു. എന്നാൽ രാഷ്ട്രമെന്നനിലയിൽ മൊത്തത്തിൽ പ്രതികരണം കാണിച്ചില്ല, തങ്ങളുടെ ആശ്രയം ദൈവത്തിലല്ല “മഹാൻമാരിൽ” ആയിരുന്നു അവർ വെച്ചത്.
ദൃഷ്ടാന്തത്തിന് ഇൻഡ്യയിൽ 1930-കളുടെ ആരംഭത്തിൽ മോഹൻദാസ് ഗാന്ധിക്ക് തന്റെ തീവ്രമായ അക്രമരഹിത ആഭ്യന്തര നിയമ നിഷേധപ്രസ്ഥാനത്തിന് വർദ്ധിച്ച പിൻതുണ ലഭിച്ചുകൊണ്ടിരുന്നു. അദ്ദേഹം നേടിയിരുന്ന, ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള വിമോചനം ഒരു സുസ്ഥിരവും സമാധാനപൂർണ്ണവുമായ ഇൻഡ്യയിലേക്ക് നയിക്കുമെന്നു അനേകരും പ്രത്യാശിച്ചു. അങ്ങനെ സംഭവിച്ചോ?
അതേവർഷംതന്നെ ചൈനീസ് പ്രസിഡൻറായിരുന്ന ചിയാംഗ് കൈഷെക്ക് മെതോഡിസ്റ്റ് സഭയുടെ ഒരു അംഗമായിത്തീർന്നു. ക്രിസ്ത്യാനിത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ചൈനയും ക്രിസ്ത്യൻ രാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുമായി ഒരു അടുത്ത സഖ്യത്തിനുള്ള വഴി തുറക്കുമെന്ന് അനേകരും പ്രത്യാശിച്ചു. അങ്ങനെ സംഭവിച്ചോ?
വത്തിക്കാനിൽ നടത്തപ്പെട്ട ഒരു ചടങ്ങിൽ, 1932-ൽ മുസോളിനി താൻ അധികാരത്തിൽ വന്നതിന്റെ പത്താമത്തെ വാർഷികം ആഘോഷിച്ചു. അവിടെ ചൊരിയപ്പെട്ട പാപ്പായുടെ അനുഗ്രഹം ദൈവഭക്തരായ ഇറ്റലിക്കാരുടെയും തങ്ങളുടെ നേതാവിന്റെയും തങ്ങളുടെ ദേശത്തിന്റെയും നിലനിൽക്കുന്ന സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കപ്പെട്ടു എന്ന് അനേകരും പ്രത്യാശിച്ചു. അങ്ങനെ സംഭവിച്ചോ?
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിരണ്ടിൽതന്നെ ഐക്യനാടുകളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് തന്റെ പ്രജകൾക്ക് കാര്യങ്ങൾ വീണ്ടും മുന്നേറത്തക്കവണ്ണം ഒരു പുതിയ പരിപാടി വാഗ്ദാനം ചെയ്തു. ഒരു വർഷം കഴിഞ്ഞ് അദ്ദേഹം യു. എസ്. നിരായുധീകരണ പദ്ധതികൾ വിവരിക്കയും ലോകത്തോട് പോരാട്ടത്തിനുള്ള ആയുധങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് അഭ്യർത്ഥിക്കയും ചെയ്തു. ഈ പുതിയ പരിപാടി തൊഴിലില്ലായ്മയും ദാരിദ്ര്യവും അവസാനിപ്പിക്കയും സമാധാനം ആനയിക്കയും ചെയ്യുമെന്ന് അനേകരും പ്രത്യാശിച്ചു. അങ്ങനെ സംഭവിച്ചോ?
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിമൂന്നിൽ ഹിറ്റലർ ജർമ്മനിയുടെ പുതിയ ചാൻസലർ ആയിത്തീർന്നു. അതിനുശേഷം ഉടൻതന്നെ അദ്ദേഹം നടത്തിയിട്ടുള്ളതിലേക്കും ഏറ്റവും ശക്തമായ സമാധാന പ്രസംഗമെന്ന് പേർ പറയപ്പെട്ട പ്രസംഗത്തിൽ യുദ്ധത്തെ, “ഇപ്പോഴത്തെ സാമൂഹികവും രാഷ്ട്രീയവുമായ ക്രമത്തെ തകർക്കാൻ ഇടയാക്കുന്ന ‘അപരിമിതമായ ഭ്രാന്ത്‘” എന്ന് ഇടിച്ചു പറഞ്ഞു. “ജർമ്മനി സമാധാനത്തിന്റെ ഏതു പവിത്രമായ ഉടമ്പടിയോടും യോജിക്കുന്നതിന് തയ്യാറാണ്, എന്തുകൊണ്ടെന്നാൽ അവൾ ആക്രമണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല, സുരക്ഷിതത്വം നേടാൻ മാത്രമേ ചിന്തിക്കുന്നുള്ളു.” എന്നു പറഞ്ഞുകൊണ്ട് റൂസ്വെൽറ്റിന്റെ നിർദ്ദേശത്തിനു ചേർച്ചയായി നിരായുധീകരണത്തിനുള്ള ജർമ്മനിയുടെ മനസ്സൊരുക്കത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ നയം ജർമ്മൻ രാഷ്ട്രത്തിന്റെ മഹത്വവും മാന്യതയും പുന:സ്ഥാപിക്കയും സമാധാനമാർഗ്ഗങ്ങളിലൂടെ അതിന്റെ ഊർജ്ജസ്വലനായ നേതാവിന്റെ ഭരണക്രമം ഒരു ആയിരം വർഷത്തേക്ക് ഉറപ്പുനൽകുകയും ചെയ്യുമെന്ന് അനേകരും പ്രത്യാശിച്ചു. അങ്ങനെ സംഭവിച്ചോ?
കൂടാതെ, സർവ്വരാജ്യസഖ്യം എന്ന “മഹത്തായ” സംഘടനയുണ്ടായിരുന്നു. അതു സംബന്ധിച്ച് 1932 മെയ് 15-ലെ വാച്ച്ടവർ മാസിക ഇപ്രകാരം പറഞ്ഞു: “മതപുരോഹിതൻമാരുടെ ഉപദേശപ്രകാരം ഭൂരാജാക്കൻമാർ, . . . ഒരു സർവ്വരാജ്യസഖ്യത്തിൽ ഒന്നിച്ചു ചേരുകയും വ്യാമിശ്രവും ദുരിതപൂർണ്ണവുമായ ലോകത്തെ അതിന്റെ ഇന്നത്തെ വിഷമസ്ഥിതിയിൽ നിന്ന് വിടുവിക്കുന്നതിന് അതിലും മനുഷ്യന്റെ വൈദഗ്ദ്ധ്യത്തിലും ആശ്രയിക്കയും ചെയ്യുന്നു.” സഖ്യം നിശ്ചയമായും ലോകത്തെ അതിന്റെ വിഷമസ്ഥിതിയിൽനിന്ന് വിടുവിക്കുമെന്ന് അനേകരും—യഹോവയുടെ സാക്ഷികൾ അവരിൽ ഉൾപ്പെട്ടിരുന്നില്ല—പ്രത്യാശിച്ചു. അങ്ങനെ സംഭവിച്ചോ?
രണ്ടായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “മഹാൻമാരിൽ—സഹായിക്കാൻ കഴിയാത്ത കേവലം മർത്ത്യരായവരിൽ—ആശ്രയിക്കരുത്.” സംഭവാനന്തര വീക്ഷണത്തിൽനിന്ന് ഈ വാക്കുകളുടെ ജ്ഞാനത്തോട് നിങ്ങൾ യോജിക്കുന്നില്ലേ?—സങ്കീർത്തനം 146:3, മോഫറ്റ്.
സാമ്പത്തികമാന്ദ്യം ഉണ്ടായിരുന്നില്ലേ . . .
“മുപ്പതുകളിലെ സംഭവങ്ങൾക്കും പ്രവണതകൾക്കും ഉള്ള മുഴു ഉത്തരവാദിത്വവും സാമ്പത്തികമാന്ദ്യത്തിന്റെ പടിക്കൽ വെക്കുന്നത് ബുദ്ധിമോശമായ ഒരു അമിത സരളീകരണമായിരിക്കും.” ഐക്യനാടുകളും ലോക സംഭവങ്ങളിൽ അതിനുള്ള സ്ഥാനവും 1918-1943 എന്ന പുസ്തകത്തിൽ എഴുത്തുകാർ അപ്രകാരമാണ് പറയുന്നത്. “എന്നിരുന്നാലും മാന്ദ്യത്തിന്റെ വർഷങ്ങളിലെ വ്യാപകമായ ദാരിദ്ര്യവും അരക്ഷിതത്വവും ഈ അരങ്ങ് ഒരുക്കുകതന്നെ ചെയ്തു, നടൻമാർക്ക് ചില ശക്തമായ ഇനങ്ങൾ പ്രദാനം ചെയ്തു, ദുരന്ത ഇതിവൃത്തത്തിനുള്ള വലിയ രംഗങ്ങൾ കൂട്ടപ്പെട്ടു, സദസ്സിന് കയ്യടിക്കുന്നതിനുള്ള പുതിയ നായകൻമാരെയും പരിഹസിക്കുന്നതിനുള്ള പുതിയ വില്ലൻമാരെയും നൽകി” എന്ന് അവർ സമ്മതിക്കുന്നു. സാമ്പത്തിക മാന്ദ്യമില്ലായിരുന്നെങ്കിൽ രണ്ടാം ലോകമഹായുദ്ധമുണ്ടാകാതിരിക്കുന്നതിന് വളരെ സാദ്ധ്യതയുണ്ടായിരുന്നു എന്ന് അവർ നിഗമനം ചെയ്യുന്നു.
എന്നാൽ ഒരു ലോക സാമ്പത്തിക മാന്ദ്യമുണ്ടായിരുന്നു, ഒരു രണ്ടാം ലോക മഹായുദ്ധവും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രസ്പഷ്ടമായി സർവ്വരാജ്യസഖ്യത്തിന് മതപരമായ പിന്തുണയുണ്ടായിരുന്നെങ്കിലും, അതു കാത്തുസൂക്ഷിക്കാൻ രൂപസംവിധാനം ചെയ്തിരുന്നതനുസരിച്ച് സമാധാനം നേടുന്നതിൽ അതു പരാജയപ്പെട്ടു. അതിന്റെ തുടക്കത്തിൽതന്നേ സഖ്യം തകർന്നു. എന്നാൽ അത് വേഗത്തിൽ മരിക്കയില്ല. അത് സാവകാശം അതിന്റെ മരണത്തിലേക്ക് പ്രാഞ്ചിപ്പോകും. അതു സംബന്ധിച്ച് ഞങ്ങളുടെ അടുത്ത ലക്കത്തിൽ വായിക്കുക. (g87 3/22)
[19-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1929—അക്കാഡമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സൈൻസസ് (ഓസ്കാർഡ്) അവാർഡുകൾ ആദ്യമായി ഹോളിവുഡിൽ നൽകപ്പെട്ടു
1930—പ്ലൂട്ടോ ഗ്രഹം കണ്ടുപിടിക്കപ്പെട്ടു
ഉറുഗ്വെ സോക്സേഴ്സ് ലോകകപ്പിന്റെ ആദ്യവിജയി
1931—ചൈനയിലെ വെള്ളപ്പൊക്കം 8,000-ത്തിൽപരം പേർ മരിക്കുന്നതിനും 2 കോടി 30 ലക്ഷത്തിൽപരം പേർ ഭവനരഹിതരായിത്തീരുന്നതിനും ഇടയാക്കി
നിക്കാരാഗ്വെയിൽ ഭൂകമ്പത്തിൽ 2000-ൽപരം പേർ മരിച്ചു
ആ കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന, ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് പൂർത്തീകരിച്ചു
1932—ന്യൂട്രോണിന്റെയും ഡ്യൂട്ടെറിയത്തിന്റെയും (ഉയർന്ന ആപേക്ഷിക സാന്ദ്രതയുള്ള ഹൈഡ്രജൻ) കണ്ടുപിടുത്തം ന്യൂക്ലിയർ ഊർജ്ജതന്ത്രം ഉളവാകാൻ ഇടയാക്കി
1933—ജർമ്മനി സർവ്വരാജ്യസഖ്യത്തിൽനിന്ന് പിൻമാറി; ഹിറ്റ്ലറെ ചാൻസലറായി പ്രഖ്യാപിച്ചു; ഡാക്കവുവിൽ ആദ്യത്തെ തടങ്കൽപ്പാളയം തുറന്നു; ജർമ്മനിയും വത്തിക്കാനും തമ്മിലുള്ള സഖ്യം ഒപ്പു വെക്കപ്പെട്ടു; ബർലിനിൽ അനഭിലഷണീയ പുസ്തകങ്ങളുടെ പരസ്യ ദഹിപ്പിക്കൽ
1934—ഐക്യനാടുകളിൽ കൂട്ടുചേർന്നുള്ള ഭീകരപ്രവർത്തനത്തെ ചെറുക്കുന്നതിന് എഫ്. ബി. ഐ. (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) സംഘടിപ്പിക്കപ്പെട്ടു
ചൈനീസ് ചെങ്കുപ്പായ സൈന്യത്തിന്റെ 90,000 പടയാളികൾ യെനാനിലേക്കുള്ള അതിന്റെ സുദീർഘ പടനീക്കമാരംഭിക്കുന്നു
[18-ാം പേജിലെ ചിത്രം]
തീരെകുറച്ചു സമയത്തിനുള്ളിൽ, ദശലക്ഷങ്ങൾ തൊഴിൽ രഹിതരായിത്തീർന്നു
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
A. Rothstein/Dover