ഗർഭച്ഛിദ്രം—അറിവ് ഉത്തരവാദിത്തം കൈവരുത്തുന്നു
എന്തെങ്കിലും ശരിയാണെന്ന് നിങ്ങൾക്ക് അറിവുള്ളപ്പോഴെല്ലാം നിങ്ങൾ സംസാരിക്കുന്നുവോ? അങ്ങനെ ചെയ്യുന്നതു നല്ലതാണ്, വിശേഷിച്ചു മറ്റുള്ളവരുടെ ക്ഷേമം അപകടത്തിലായിരിക്കുമ്പോൾ. ഈ മാസികയുടെ ഒരു മുൻലക്കത്തിൽ ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചശേഷം ഇംഗ്ലണ്ടിലെ ഒരു മാതാവു പിൻവരുന്നപ്രകാരം എഴുതി:
“[1986] ജൂലൈ 22-ലെ എവേക്ക് ലക്കത്തിൽ ‘ഒരു അജാതശിശുവിന്റെ അമ്മയിൽനിന്നുള്ള ഒരു കത്ത്’ ഞാൻ വായിച്ചുതീർന്നതേയുള്ളു. അത് എന്റെ ഹൃദയത്തെ ഭേദിച്ചു.
“എനിക്ക് ഒരിക്കലും ഒരു ഗർഭച്ഛിദ്രത്തിന്റെ അനുഭവം ഉണ്ടായിരുന്നിട്ടില്ല, എന്നാൽ എന്റെ ആദ്യത്തെ കുട്ടിയെ ഗർഭം ധരിച്ചിട്ട് നാലുമാസമായപ്പോൾ എന്റെ നാത്തൂൻ അവളുടെ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിട്ട് രണ്ടു മാസമായിരുന്നു. അവൾ തന്റെ രണ്ടു കൊച്ചു പെൺകുട്ടികളെ സ്കൂളിലാക്കിയതേയുണ്ടായിരുന്നുള്ളു, അവൾ ഒരു നല്ല ശമ്പളമുള്ള ജോലിയും കണ്ടെത്തിയിരുന്നു. അവൾക്ക് വാങ്ങേണ്ട ആവശ്യമുണ്ടായിരുന്ന വസ്തുക്കളുണ്ടായിരുന്നു: ഫർണീഷിംഗ്സ്, വീഡിയോകൾ, ഒരു പുതിയകാർ, പൂന്തോട്ടത്തിലേക്കുള്ള ചെടികൾ. എന്നാൽ ഒരു ശിശു ജനിച്ചാൽ അത് ജോലിക്ക് അറുതി വരുത്തുകയും അങ്ങനെ ഇവയെല്ലാം സമ്പാദിക്കുന്നതിനുള്ള ആദായം ലഭിക്കാതെവരുകയും ചെയ്യും. അതുകൊണ്ട് അവൾ ഒരു ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചു.
“ഗർഭച്ഛിദ്രത്തിനുള്ള ദിവസം അടുത്തുവന്നപ്പോൾ അവൾക്ക് ഉദ്വേഗമായി. എന്നാൽ അതിനെക്കുറിച്ചുള്ള ചിന്തയിൽ എനിക്ക് അധികമധികം അസുഖം തോന്നി. ഈ സമയമായപ്പോഴേക്ക് എന്റെ ശിശു എന്റെ ഉള്ളിൽ തൊഴിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. എന്റെ നാത്തൂന്റെ ഉള്ളിൽ ശിശു വളരുന്നതിനെക്കുറിച്ചും ഞാൻ ചിന്തിക്കുക പതിവായിരുന്നു. അവളുടെ ശിശു അവളുടെ ഗർഭാശയത്തിൽ സുരക്ഷിതമായി പറ്റിച്ചേർന്നു കിടന്ന് അതിന്റെ തള്ളയുടെ മൃദുലവും വിശ്രമദായകവുമായ ഹൃദയമിടിപ്പ് ശ്രദ്ധിക്കുന്നത് എനിക്ക് വിഭാവന ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് ആ പിഞ്ചു കുഞ്ഞ് അതിന്റെ ഭദ്രമായ കൊച്ചുലോകത്തിൽനിന്ന് പറിച്ചെടുക്കപ്പെട്ടു നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ എന്റെ മനസ്സ് പിൻവാങ്ങുമായിരുന്നു. ആ ചിന്തയിൽ ഞാൻ അഗാധമായി കരയുമായിരുന്നു. ഗർഭച്ഛിദ്രം നടന്നു. എന്റെ കൊച്ചു പുത്രിക്ക് ഒപ്പം വളരാൻ കഴിയുമായിരുന്ന അവളുടെ കസിനെ അവൾ ഒരിക്കലും അറിയുകയില്ല, അവർക്ക് അടുത്തടുത്ത പ്രായമാണുണ്ടായിരുന്നത്.
“എന്റെ നാത്തൂനെ സംബന്ധിച്ചെന്ത്? അവൾക്ക് ജോലി നഷ്ടപ്പെട്ടു, എന്നാൽ മറ്റൊന്നു കിട്ടി. അവൾ പിന്നീട് പല ജോലികൾ നോക്കി. അവൾക്ക് വീഡിയോയും പുതിയ കാറും ചെടികളും പുതിയ വസ്ത്രങ്ങളും മറ്റും കിട്ടി. എന്നാൽ അവൾ ഒരു വിഷാദാവസ്ഥയിലായി ഭർത്താവിനെയും കുട്ടികളെയും വിട്ടുപോകുകയും ഏതാനും ദിവസങ്ങൾക്കുശേഷം തിരികെ ചെല്ലുകയും ചെയ്തു. എന്നാൽ അവൾ സന്തുഷ്ടയല്ല. അവൾ എന്നെ സന്ദർശിക്കുമ്പോൾ, അവളുടെ രണ്ടു പെൺമക്കളും എന്റെ പുത്രിയും 11 മാസം പ്രായമുള്ള എന്റെ പുത്രനും ഒത്തുകൂടി കളിക്കുന്നു. അവർ എന്റെ പുത്രിയെക്കുറിച്ച് ‘മമ്മീ, അവൾ സുന്ദരിയല്ലേ? ഞങ്ങൾക്ക് ഒരു കൊച്ചു സഹോദരിയോ സഹോദരനോ ഉണ്ടായിരുന്നെങ്കിൽ’ എന്ന് പറയുന്നു. ഈ സമയത്ത് ഞാൻ അവളുടെ മുഖഭാവം ഒളിച്ചുനിന്നു നോക്കുമായിരുന്നു. ഗർഭച്ഛിദ്രസമയത്ത് അവൾ ചെയ്യുന്നതെന്താണെന്ന് യഥാർത്ഥത്തിൽ അവൾ അറിഞ്ഞിരുന്നില്ലാഞ്ഞതുകൊണ്ട് അവളെ ആശ്വസിപ്പിക്കണമെന്ന് എനിക്ക് തോന്നും. എന്നാൽ എന്റെ നാത്തൂൻ അവളുടെ കുട്ടിയുടെ ജീവനെക്കാളുപരി പണത്തെയാണ് ഇഷ്ടപ്പെട്ടത്. അവൾക്കതിൽ പശ്ചാത്താപമുണ്ടെന്ന് ഈ കാരണത്താൽ ഞാൻ വിചാരിക്കുന്നു.
“എന്നിരുന്നാലും, ഇത് എന്നോടുതന്നെ ഞാൻ വളരെ ഗൗരവമുള്ള ഒരു ചോദ്യം ചോദിക്കുന്നതിലേക്കു നയിക്കുന്നു. ഞാൻ ഇതുവരെ സ്നാനപ്പെട്ടിട്ടില്ലെങ്കിലും ഞാൻ എന്നേക്കുറിച്ചുതന്നെ യഹോവയുടെ സാക്ഷികളിലൊരാളായി ചിന്തിച്ചേക്കാം. എന്നാൽ ഞാൻ ഇനി ബഹുദൂരം പോകേണ്ടതുണ്ടെന്ന് എനിക്ക് കാണാൻ കഴിയും, എന്തുകൊണ്ടെന്നാൽ യഥാർത്ഥസാക്ഷികൾ യേശുവിനെപ്പോലെയാണ്. അവർക്ക് മറ്റുള്ളവർ ആരായിരുന്നാലും, എന്തു ചെയ്തിരുന്നാലും, അവരോടെല്ലാം സ്നേഹവും സഹതാപവുമുണ്ട്. മറ്റുള്ളവരോട് അവർക്കുള്ള വിചാരംപോലെ എനിക്കുമുണ്ടെന്ന് എനിക്ക് യഥാർത്ഥമായി പറയാൻ കഴിയുന്നതും അഭിമാനപൂർവ്വം ഞാൻ യഹോവയുടെ നാമം വഹിക്കുന്നതുമായ ദിവസത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞാൻ ഇത്രയും നാൾ വേലിയിൽ ഇരിക്കുകയല്ലായിരുന്നെങ്കിൽ എന്റെ നാത്തൂനോടു സാക്ഷീകരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരിക്കുമായിരുന്നു, ആ ശിശുവിനെ രക്ഷിക്കാനും കഴിഞ്ഞേക്കുമായിരുന്നു.”
ഈ ലേഖന പരമ്പര ആ ഉദ്ദേശ്യംതന്നെ സാധിക്കട്ടെയെന്നാണ് ഉണരുക!യുടെ പ്രസാധകരുടെ ആത്മാർത്ഥമായ പ്രത്യാശ. (g87 4/8)