ലോകശക്തികളുടെ ദീർഘമായ അഭിഗമനം അവസാനത്തോടടുക്കുന്നു
ബൈബിൾ ഏഴ് ലോകശക്തികളെക്കുറിച്ചു പറയുന്നു. അവ ലോകചരിത്രത്തിലെ ആയിരക്കണക്കിനു വർഷങ്ങളിൽ ഒന്നിനുപിറകേ ഒന്നായി വന്ന ശക്തമായ സാമ്രാജ്യങ്ങളായിരുന്നു. നാം അവയിൽ അവസാനത്തേതിന്റെ—നമ്മുടെ നാളിലെ ആംഗ്ലോ അമേരിക്കൻലോകശക്തിയുടെ—കാലത്താണ് ജീവിക്കുന്നതെന്ന് ഈ പരമ്പരയിലെ മുൻ ലേഖനങ്ങൾ പ്രകടമാക്കിയിരിക്കുന്നു.a—വെളിപ്പാട്17:9, 10.
ഇതേ ആംഗ്ലോ-അമേരിക്കൻ ലോകശക്തി വെളിപ്പാടുപുസ്തകത്തിൽ നേരത്തെ “രണ്ടു കൊമ്പുള്ള” ഒരു മൃഗമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള ഈ ശക്തി ഏഴു ലോകശക്തികളെയും പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയമൃഗത്തിന് “ഒരു പ്രതിമ ഉണ്ടാക്കാൻ ഭൂവാസികളോടു പറയുന്നു.”—വെളിപ്പാട്13:11, 14.
ഈ പ്രവചനങ്ങൾക്ക് എങ്ങനെ നിവൃത്തിയുണ്ടായി, അവ നമുക്കിന്ന് എന്തർത്ഥമാക്കുന്നു? തുടർന്നുവരുന്ന ലേഖനത്തിന്റെ വിഷയം രസകരമായ ഉത്തരം നൽകുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നാലുവർഷത്തെ ഭീകരത അവസാനിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ടായ വുഡ്രോ വിൽസനും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ലോയിഡ് ജോർജ്ജും ഒരു സർവരാജ്യസഖ്യം സ്ഥാപിക്കണമെന്നു നിർദ്ദേശിച്ചു. അതിന്റെ ലക്ഷ്യം “അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും നേടുക”യും തദ്വാരാ അത്തരമൊരു യുദ്ധത്തിന്റെ ഭീകരത വീണ്ടുമൊരിക്കലും സംഭവിക്കാതെ തടയുകയെന്നതുമായിരുന്നു.
ഇതിനു മുൻകൈ എടുത്തത് ആരാണെന്ന് ശ്രദ്ധിക്കുന്നത് രസാവഹമാണ്. ഈ രണ്ടു നേതാക്കൻമാർ ബൈബിൾചരിത്രത്തിലെ ഏഴാം ലോകശക്തിയായ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോ അമേരിക്കൻ ലോകശക്തിയുടെ രണ്ടു ഭാഗങ്ങളുടെ തലവൻമാരായിരുന്നു. ഇതും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സ്ഥാപനത്തെസംബന്ധിച്ച മററു വസ്തുതകളും, നമ്മുടെ നാളിൽ എഴുന്നേൽക്കുകയും വീഴുകയും ചെയ്യുന്ന ഒരു അല്പായുസ്സായ “എട്ടാമത്തെ രാജാവിനെ”ക്കുറിച്ച് ബൈബിൾ പുസ്തകമായ വെളിപ്പാട് പറയുന്നതിനോട് അദ്ഭുതകരമായ ഒരു വിധത്തിൽ യോജിക്കുന്നു. ഈ രസകരമായ സമാന്തരങ്ങളിൽ ചിലത് എന്തൊക്കെയായിരുന്നു?—വെളിപ്പാട് 17:11.
വെളിപ്പാടിലെ പ്രവചനം കാട്ടുമൃഗത്തിന് “ഒരു പ്രതിമയുണ്ടാക്കാൻ ഭൂവാസികളോട്” “ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുള്ള” ഒരു “മൃഗം” പറയുമെന്ന് വെളിപ്പെടുത്തി. കാട്ടുമൃഗത്തിന്റെ തലകൾ ബൈബിൾ ചരിത്രത്തിലെ ഏഴു വൻലോകശക്തികളായിരുന്നു.
ഇതാണ് കൃത്യമായി ആംഗ്ലോ അമേരിക്കൻ ലോകശക്തി ചെയ്തത്. അത് വലിയ ഗവൺമെൻറുകളെപ്പോലെ കാണപ്പെടുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു സഖ്യമുണ്ടാക്കാൻ “ഭൂവാസികളെ” പ്രോത്സാഹിപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ അത് “കാട്ടുമൃഗത്തിന്റെ പ്രതിമ” മാത്രമായിരുന്നു. അതിന് അതിന്റെ അംഗരാഷ്ട്രങ്ങൾ കൊടുത്തതല്ലാതെ സ്വന്ത അധികാരമില്ലായിരുന്നു. അത് ലോകശക്തികളെപ്പോലെ ഏതോ വലിയ സൈനികവിജയത്താൽ അധികാരത്തിൽ വരുന്നതായി വർണ്ണിക്കപ്പെട്ടിട്ടില്ല. പകരം അത് ഏഴു ലോകശക്തികളിൽ നിന്ന് ഉത്ഭവിക്കുന്നു അഥവാ വരുന്നു. അതിന്റെ അസ്തിത്വത്തിന് അത് കടപ്പെട്ടിരിക്കുന്നത് അവയിൽ ഏഴാമത്തേതിനോടു മാത്രമല്ല പിന്നെയോ മുമ്പത്തെ ആറിന്റെയും ശേഷിപ്പുകൾ ഉൾപ്പെടുന്ന മററ് അംഗരാഷ്ട്രങ്ങളോടുമാണ്. ഈ രാഷ്ട്രീയ പ്രതിമ അതിന്റെ സ്ഥാപകർ പ്രത്യാശിച്ചിരുന്ന ഉയർന്ന ലക്ഷ്യങ്ങൾ പ്രാപിക്കുമോ?—വെളിപ്പാട് 17:11, 14.
സഖ്യത്തിന്റെ പരാജയം
സർവ്വരാജ്യസഖ്യം സാമൂഹ്യമണ്ഡലങ്ങളിൽ വളരെയധികം നേട്ടമുണ്ടാക്കി. എന്നിരുന്നാലും അതിന്റെ യഥാർത്ഥ ലക്ഷ്യം ഔദ്യോഗിക “സർവ്വരാജ്യസഖ്യ ഉടമ്പടി”യിൽ പ്രസ്താവിച്ചിരുന്ന പ്രകാരം “അന്താരാഷ്ട്ര സഹകരണത്തിന് പ്രോത്സാഹിപ്പിക്കുകയും അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും നേടുകയും ചെയ്യുക” എന്നതായിരുന്നു. ഇതിൽ അതു പരാജയപ്പെട്ടു.
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയൊന്നിൽ മഞ്ചൂറിയായിലേക്കു നീങ്ങുന്നതിൽ നിന്ന് ജപ്പാനെ തടയുന്നതിൽ അതു വിജയിച്ചില്ല. 1933-ൽ യുദ്ധത്തിലേർപ്പെടുന്നതിൽ നിന്ന് അത് ബൊളീവിയായെയും പരാഗ്വേയെയും തടഞ്ഞില്ല. 1936-ലെ എത്യോപ്യയുടെ ജയിച്ചടക്കലിൽനിന്ന് മുസോളിനിയെ തടയുന്നതിൽ അതു പരാജയപ്പെട്ടു. എന്നിരുന്നാലും സഖ്യത്തിന്റെ മരണപ്രഹരം 1939 സെപ്ററംബർ 1-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സംഭവിച്ചു.—സഖ്യം എന്തിനെ തടയാൻ സ്ഥാപിക്കപ്പെട്ടിരുന്നുവോ അത്തരം കൂട്ടനാശവും ദുരിതവുമായിരുന്നു അത്. ആ യുദ്ധത്തിൽ മരിച്ചവർ എത്രയായിരുന്നു? 1 കോടി 60 ലക്ഷം പടയാളികളും 3 കോടി 90 ലക്ഷം പൗരൻമാരുമുൾപ്പെടെ മൊത്തം 5 കോടി 50 ലക്ഷം പേർ കൊല്ലപ്പെട്ടു, അല്ലെങ്കിൽ ഒന്നാം ലോകമഹായുദ്ധത്തിലെ മരണസംഖ്യയുടെ ഏതാണ്ടു നാലിരട്ടി.
എന്നിരുന്നാലും സഖ്യത്തിന്റെ ഉടമ്പടി പ്രാബല്യത്തിലാകുന്നതിനു മുമ്പ് 1919-ൽതന്നെ യഹോവയുടെ സാക്ഷികൾ (അന്ന് ബൈബിൾ വിദ്യാർത്ഥികൾ എന്നാണ് അറിയപ്പെട്ടിരുന്നത്) സഖ്യം പരാജയപ്പെടേണ്ടതാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള മനുഷ്യ ശ്രമങ്ങളാൽ സമാധാനം വരാൻ കഴിയുമായിരുന്നില്ല. പിന്നീട് വെളിപ്പാട് 17 അനുസരിച്ച് ലോകശക്തികളുടെ നിരയുടെ പരിസമാപ്തിയായി “എട്ടാമത്തെ രാജാവ്” പ്രത്യക്ഷപ്പെടുന്നു എന്ന് ഇംഗ്ലണ്ട് ലണ്ടനിലെ അവരുടെ 1926-ലെ കൺവെൻഷനിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രസംഗകൻ ചൂണ്ടിക്കാണിച്ചതുപോലെ “കർത്താവ് അതിന്റെ ജനനത്തെയും അതിന്റെ ഹ്രസ്വമായ അസ്തിത്വത്തെയും അതിന്റെ നിത്യമായ അവസാനത്തെയും മുൻകൂട്ടിപ്പറഞ്ഞിരുന്നു.
അതു തിരികെ വരുന്നു!
ഈ എട്ടാമത്തെ രാജാവിനെക്കുറിച്ച് നിശ്വസ്ത പ്രവചനം ഇങ്ങനെ പറഞ്ഞിരുന്നു: “നീ കണ്ട കാട്ടുമൃഗം ഉണ്ടായിരുന്നതും, എന്നാൽ ഇല്ലാത്തതും ഇനി അഗാധത്തിൽ നിന്ന് കയറാനിരിക്കുന്നതുമാകുന്നു, അതു നാശത്തിലേക്കു പോകേണ്ടതുമാണ്.”—വെളിപ്പാട് 17:8.
അന്ന് ഉറങ്ങിക്കിടന്നിരുന്ന സമാധാന സുരക്ഷിതത്വ സ്ഥാപനം അതിന്റെ പ്രവർത്തനരാഹിത്യമാകുന്ന അഗാധത്തിൽ നിന്ന് കയറിവരുമെന്ന് 1942 എന്ന യുദ്ധമദ്ധ്യ വർഷം മുതൽ യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. വച്ച്ടവർ സൊസൈററിയുടെ പ്രസിഡണ്ട് ആ വർഷത്തിൽ 52 നഗരങ്ങളിലെ ഒരു സദസ്സിനോട് ഇങ്ങനെ പറഞ്ഞു: “ഇപ്പോഴും നാൽപ്പതംഗങ്ങൾ സഖ്യത്തോടു പററിനിൽക്കുന്നതായി അവകാശപ്പെടുന്നെങ്കിലും അതു ഫലത്തിൽ ജീവൻ നിലച്ച അവസ്ഥയിലാണ്. . . അത് ‘ഇല്ല.’” എന്നാൽ അത് “അഗാധത്തിൽ നിന്ന് കയറി വരു”മോ? ഈ ബൈബിൾ പ്രവചനത്തിൽ തന്റെ വാക്കുകൾ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ലോകരാഷ്ട്രങ്ങളുടെ സംഘടന വീണ്ടും എഴുന്നേററുവരും.”
പ്രവചനം പ്രസ്താവിച്ചിരുന്നതുപോലെ എട്ടാമത്തെ രാജാവ് 1920 മുതൽ 1939 വരെ “ഉണ്ടായിരുന്നു.” അത് 1939 മുതൽ രണ്ടാം ലോമഹായുദ്ധം അവസാനിച്ച 1945 വരെ ‘ഇല്ലായിരുന്നു.’ പിന്നീടത് സഖ്യത്തിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രങ്ങളെന്ന നിലയിൽ പുനരുജ്ജീവിപ്പിക്കപ്പെട്ടതിനാൽ “അഗാധത്തിൽനിന്ന്” കയറി.
സമുന്നത പ്രത്യാശകൾ നിറവേറിയില്ല
അമ്പതു രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ 1945 ജൂൺ 26-ാം തീയതി സാൻഫ്രാൻസിസ്കോയിൽവെച്ച് ഐക്യരാഷ്ട്ര ചാർട്ടറിൽ ഒപ്പുവെച്ചു. അതിന്റെ ആമുഖം ഇങ്ങനെയാണു തുടങ്ങിയത്: “നമ്മുടെ ആയുഷ്കാലത്ത് മനുഷ്യവർഗ്ഗത്തിന് രണ്ടുപ്രാവശ്യം അവർണ്ണനീയമായി ദുഃഖം കൈവരുത്തിയ യുദ്ധയാതനയിൽനിന്ന് ഇനിയുള്ള തലമുറകളെ രക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഐക്യരാഷ്ട്രങ്ങളിലെ ജനങ്ങളായിരിക്കുന്ന നാം. . . ”
യു.എൻ-നു വേണ്ടി കെട്ടിപ്പടുത്ത പ്രത്യാശകൾ സകല യാഥാർത്ഥ്യത്തിലും കവിഞ്ഞതായിരുന്നു. മുൻ യു. എസ്സ് സ്റേറററ് സെക്രട്ടറിയായിരുന്ന കോർഡെൽ ഹൾ “നമ്മുടെ നാഗരികതയുടെ അതിജീവനത്തിന്റെ തന്നെ” താക്കോൽ അതിലാണുള്ളത് എന്ന് പറയുകയുണ്ടായി. “ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ നിലനിൽക്കുന്ന സമാധാനം കൈവരുത്താനുള്ള. . . പരമോന്നതമായ അവസരം” എന്നാണ് യു.എസ്സ്. പ്രസിഡണ്ടായിരുന്ന ഹാരി ട്രൂമാൻ അതിനെ വിളിച്ചത്. “ഒരുപക്ഷേ മനുഷ്യൻ ഉൽപ്പാദിപ്പിച്ചിട്ടുള്ളതിലേക്കും അതിപ്രധാനമായ പ്രമാണം” എന്നും “നാഗരികതയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവ്” എന്നും യു.എൻ. ചാർട്ടർ വിളിക്കപ്പെട്ടു. “ഈ ലക്ഷ്യം അമിതമായിരുന്നു: നിരാശ അനിവാര്യമായിരുന്നു” എന്ന് നാൽപ്പതുവർഷം കഴിഞ്ഞ് യു.എസ്സ് സ്റേറററ് ഡിപ്പാർട്ടുമെൻറിലെ ഗ്രിഗറി ജെ. നെവൽ പറയുകയുണ്ടായി.
സഖ്യത്തെപ്പോലെ യു.എൻ-ഉം സാമൂഹ്യമണ്ഡലങ്ങളിൽ വളരെയധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അത് സമാധാനത്തിനു ഉറപ്പു നൽകുകയോ യുദ്ധം നിർത്തുകയൊ ചെയ്തിട്ടില്ല. “ഐക്യരാഷ്ട്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന മുഴു അടിസ്ഥാനത്തിനും തുരങ്കംവെക്കപ്പെട്ടിരിക്കുന്നു” എന്ന് 1962-ൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോൾഡ് മാക്ക്മില്ല്യൻ ബ്രിട്ടീഷ് കോമൺസ്സഭയോട് പറയുകയുണ്ടായി.
ആദ്യമൊക്കെ അനേകർ മിക്കവാറും മതപരമായ തീക്ഷ്ണതയോടെ ഈ സ്ഥാപനത്തെ വീക്ഷിച്ചു. ദൈവരാജ്യത്തിനുമാത്രം ചെയ്യാൻ കഴിയുമെന്ന് ബൈബിൾ പറയുന്നത് ഈ “പ്രതിമ” ചെയ്യുമെന്ന് അവർ വിശ്വസിച്ചു: നിലനിൽക്കുന്ന സമാധാനവും നീതിയും യഥാർത്ഥമായി ഏകീകൃതമായ ഒരു ലോകവും സ്ഥാപിക്കുക എന്നതുതന്നെ. സമാധാനത്തിന്റെ യഥാർത്ഥ ഉറവ് മനുഷ്യശ്രമങ്ങളായിരിക്കാവുന്നതല്ലെന്ന് കാണിച്ചുതരുന്ന ബൈബിൾ പ്രവചനങ്ങളോട് അവർ ശക്തമായി വിയോജിച്ചു. എന്നിരുന്നാലും, യു.എന്നിന് 40 വയസ്സായപ്പോൾ “അത് നാം 1945-ൽ പ്രത്യാശിച്ചിരുന്നതിനെക്കാൾ വളരെ കുറഞ്ഞതോതിലേ ഫലകരമായിരിക്കുന്നുള്ളു” എന്ന് ചരിത്രകാരനായ തോമസ് എം. ഫ്രാങ്ക് പറയുകയുണ്ടായി. യു.എസ് സ്റേറററ് സെക്രട്ടറി ആയിരുന്ന ജോർജ്ജ് പി. ഷുൽസ് അഭിപ്രായപ്പെട്ടതുപോല: “ഐക്യരാഷ്ട്രങ്ങളുടെ ജനനം തീർച്ചയായും ലോകത്തെ ഒരു പരദീസായായി രൂപാന്തരപ്പെടുത്തിയില്ല.”
സമാധാനത്തിന്റെ യഥാർഥ തടസ്സങ്ങളായ ദേശീയത്വത്തെയും അത്യാഗ്രഹത്തെയും ദാരിദ്ര്യത്തെയും വർഗ്ഗീയതയെയും സ്വേച്ഛാഭരണത്തെയും ലോകത്തിലെ സാത്താന്റെ സ്വാധീനത്തെയും നീക്കംചെയ്തിട്ടില്ലാത്തതുകൊണ്ട് യു.എൻ. വിജയിച്ചിട്ടില്ല. ഭാവി ശോഭനമായിരിക്കുന്നതുകൊണ്ടല്ല പിന്നെയോ അവർക്ക് മെച്ചപ്പെട്ട പ്രത്യാശയില്ലാത്തതുകൊണ്ടാണ് ആളുകൾ ഈ ഗവൺമെൻറുകളോടു പററിനിൽക്കുന്നത്.—വെളിപ്പാട് 12:12.
ഐക്യരാഷ്ട്രങ്ങളുടെ അസ്തിത്വവും അതിനുവേണ്ടി ആളുകൾ ചെയ്തിട്ടുള്ള ശ്രമങ്ങളും ഭൂമിയിലെ ജനങ്ങൾ എത്ര അഗാധമായി ഒരു മാററത്തിന്റെ ആവശ്യം തിരിച്ചറിയുന്നുണ്ടെന്ന് പ്രകടമാക്കുന്നു. ആ മാററം വ്യത്യസ്തവും കൂടുതൽ ഫലകരവുമായ ഒരു വിധത്തിൽ വരും. ഏതു വിധത്തിൽ?
സ്ഥിരമായ ഭരണാധിപത്യം
തുടർച്ചയായ ഏഴ് “രാജാക്കൻമാർ” അഥവാ ലോകശക്തികൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് ബൈബിൾ പറയുന്നുവെന്നോർക്കുക. അതിനുശേഷമുള്ള ഒരു വലിയ ലോകശക്തിയെക്കുറിച്ച് പറഞ്ഞിട്ടില്ല. താൽക്കാലികമായ “എട്ടാമത്തെ രാജാവ്. . . നാശത്തിലേക്കു പോകുന്നു”വെന്നുപോലും ബൈബിൾ പറയുന്നു.—വെളിപ്പാട് 17:10, 11.
എന്നാൽ ഒരു മെച്ചമായ പ്രത്യാശ ഉണ്ടെന്നും ബൈബിൾ പറയുന്നു. ആളുകൾ അത്യധികമായി അന്വേഷിക്കുന്ന സമാധാനവും നീതിയും ഏകീകൃതലോകവും കൈവരുത്തുന്നത് മറെറാന്നായിരിക്കുമെന്ന് അതു വാഗ്ദാനംചെയ്യുന്നു. അതു പറയുന്നു: “ആ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. . . അത് ഈ [പരാജയപ്പെടുന്ന മനുഷ്യ]രാജ്യങ്ങളെയെല്ലാം തകർത്തവസാനിപ്പിക്കും, അതുതന്നെ അനിശ്ചിതകാലം നിൽക്കും.”—ദാനിയേൽ 2:44.
ഈ ഭരണാധിപത്യത്തെക്കുറിച്ചാണ് യേശു പറഞ്ഞത്, അവന്റെ അനുഗാമികൾ “നിന്റെ രാജ്യം വരേണമേ” എന്നു പറഞ്ഞ് പ്രാർത്ഥിച്ചതും അതിനുവേണ്ടിയാണ്. (മത്തായി 6:10) ഈ രാജ്യം മനുഷ്യരുടെ ഹൃദയത്തിലെ നൻമക്കുള്ള ഏതോ സ്വാധീനമല്ല. പകരം, അത് ഒരു യഥാർത്ഥ സ്വർഗ്ഗീയഭരണാധിപത്യം, ആത്മീയ മണ്ഡലത്തിൽനിന്നുള്ള ഭൂമിയുടെ ഭരണം, ആയിരിക്കും. അത് ഭൂമിയിലെ നമ്മുടെ ജീവിതരീതിക്ക് മാററം വരുത്തും.—വെളിപ്പാട്21:1-4.
ആ പുതിയ ഭരണാധിപത്യം പ്രവർത്തിക്കുന്ന വിധവും അതു ഉളവാക്കുന്ന സമാധാനവും നീതിയും ഏകീകൃതലോകവും സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്നതായിരിക്കും ഈ പരമ്പരയിലെ അടുത്തതും അവസാനത്തേതുമായ ലേഖനത്തിന്റെ വിഷയം. (w88 6/1)
[അടിക്കുറിപ്പുകൾ]
a ഈ ലോകശക്തികളെക്കുറിച്ച് ഈ മാസികയുടെ മുൻലക്കങ്ങളിൽ ചർച്ചചെയ്തിരുന്നു: (1) ഈജിപ്ററ്,മാർച്ച് 1, 1989; (2) അസ്സീറിയാ, ആഗസ്ററ് 1, 1989; (3) ബാബിലോൻ, സെപ്ററംബർ 1, 1989; (4) മെദോ-പേർഷ്യാ, ഒക്ടോബർ 1, 1989; (5) ഗ്രീസ്, നവംബർ 1, 1989; (6) റോമാ, ഡിസംബർ 1, 1989; (7) ആംഗ്ലോ-അമേരിക്കൻ ലോകശക്തി, ജനുവരി 1, 1990.
[30-ാം പേജിലെ ചതുരം]
യുദ്ധത്തിന്റെ വ്യാപതി
സർവരാജ്യസഖ്യത്തിന്റെ മരണത്തെ കുറിച്ച രണ്ടാം ലോകമഹായുദ്ധം അമ്പരപ്പിക്കുന്ന തോതിൽ ജീവഹാനി വരുത്തി. യുദ്ധസമയത്തെ സൈനികമരണവും വിവിധരാജ്യങ്ങളിലെ 1940-ലെ ജനസംഖ്യയും തമ്മിലുള്ള അനുപാതം നൽകിക്കൊണ്ട് ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ (1954-ലെ പതിപ്പ്) മരണസംഖ്യയുടെ വ്യാപ്തി ചിത്രീകരിച്ചു. സംഖ്യകളിൽ ഇവ ഉൾപ്പെടുന്നു: ഐക്യനാടുകൾക്ക് അതിന്റെ 1940-ലെ ജനസംഖ്യയിൽ ഓരോ 500 അംഗത്തിലും ഒരു സൈനികൻ വീതം യുദ്ധത്തിൽ മരിച്ചു; ചൈനക്ക് 200-ൽ ഒന്ന്; യുണൈററഡ് കിംഗ്ഡത്തിന് 150-ൽ ഒന്ന്; ഫ്രാൻസിന് 200-ൽ ഒന്ന്; ജപ്പാന് 46-ൽ ഒന്ന്; ജർമ്മനിക്ക് 25-ൽ ഒന്ന്; യു.എസ്.എസ്. ആർ.ന് 22-ൽ ഒന്ന്. പൗരൻമാരുടെ അപായം മിക്കപ്പോഴും സൈനികനഷ്ടത്തെ കവിഞ്ഞുവെന്ന് നാം പരിഗണിക്കുമ്പോൾ മനുഷ്യശ്രമങ്ങൾ തീർച്ചയായും യഥാർത്ഥസമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതിൽ എങ്ങനെ പരാജയപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് അനായാസം കാണാൻ കഴിയും.
[31-ാം പേജിലെ ചതുരം]
‘യു.എൻ-ന്റെ രൂപവൽക്കരണത്തിനുശേഷം 2 കോടി ആളുകൾ യുദ്ധങ്ങളിൽ മരിച്ചിട്ടുണ്ട്, ആ പരാജയത്തിന്റെ ചെലവിനെ സാക്ഷ്യപ്പെടുത്തുന്ന ഒരു ദുഃഖവസ്തുത തന്നെ.’—തോമസ് എം ഫ്രാങ്ക് എഴുതിയ “നേഷൻ എഗൻസ്ററ് നേഷൻ”