ചെറുപ്പക്കാർ ചോദിക്കുന്നു . . .
പ്രാർത്ഥന വാസ്തവത്തിൽ സഹായിക്കുന്നുണ്ടോ?
“പ്രാർത്ഥിക്കുന്നവരിൽ ഏതാണ്ട് പകുതിയും തങ്ങൾക്കും തങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രത്യേക സഹായം ആവശ്യപ്പെടുന്ന സ്വർഗ്ഗത്തിലേക്കുള്ള ഒരു എളുപ്പ വഴിയായി പ്രാർത്ഥന ഉപകരിക്കുന്നു” എന്ന് ഒരു സർവ്വേ പറഞ്ഞു. എന്നാൽ അത്തരം പ്രാർത്ഥന വാസ്തവത്തിൽ സഹായിക്കുന്നുണ്ടോ? സഹായിക്കുന്നുണ്ടെന്ന് ഒരു യുവതിയായിരിക്കുന്ന പെഗ്ഗി കരുതി. അവൾ തന്റെ പ്രശ്നങ്ങൾ ദൈവത്തോട് പറഞ്ഞുകഴിഞ്ഞ് അവൾ ഇപ്രകാരം പ്രസ്താവിച്ചു: “ഞാൻ സമാധാനത്തോടെ കിടക്കയിലേക്ക് പോകും. എന്നാൽ അടുത്ത പ്രഭാതത്തിൽ ഞാൻ ഉണരുമ്പോൾ അതു സംബന്ധിച്ച് ചിന്തിക്കുന്നേയില്ല. ഞാൻ അതെല്ലാം മറന്നിരിക്കും.”
ഇതുപോലെ, ഒരുപക്ഷേ ഏതെങ്കിലും വ്യക്തിപരമായ ഒരു പ്രശ്നം അന്തിമാശ്രയമെന്നനിലയിൽ ദൈവത്തെ സമീപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടായിരിക്കാം. പെഗ്ഗിയെപ്പോലെ നിങ്ങളും തൽഫലമായി ആശ്വാസം കണ്ടെത്തിയേക്കാം. എന്നാൽ പെഗ്ഗിയുടെ പ്രാർത്ഥന അവളുടെ പ്രശ്നം പരിഹരിക്കുന്നതിന് അവളെ സഹായിച്ചില്ല. ഒരുപക്ഷേ നിങ്ങളുടെ സംഗതിയിലും ഇത് സത്യമായിരിക്കാം. അതുകൊണ്ട് പ്രാർത്ഥന എന്നത് അല്പം ആശ്വാസംപകരുന്ന എന്തെങ്കിലും മാത്രമായിരിക്കാം എന്ന് നിങ്ങൾ വിചാരിച്ചേക്കാം. നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം: ‘ഞാൻ കേവലം അന്തരീക്ഷത്തിലേക്ക് സംസാരിക്കുകയല്ലെന്ന് എനിക്കെങ്ങനെയറിയാം? എനിക്കുവേണ്ടി കരുതുന്ന ആരെങ്കിലുമുണ്ടോ? വാസ്തവത്തിൽ എന്നെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ?’
‘ദൈവം എന്നെക്കുറിച്ച് ചിന്തയുള്ളവനാണോ?
സ്വർഗ്ഗത്തിലെ ദൈവം നമ്മുടെ ചെറിയ പ്രശ്നങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണെന്ന് വിശ്വസിക്കുക അല്പം പ്രയാസമായി തോന്നിയേക്കാം. എന്നാൽ തന്റെ ഗിരി പ്രഭാഷണത്തിൽ യേശു ഇപ്രകാരം പറഞ്ഞു: “ആകാശത്തിലെ പക്ഷികളെ ഏകാഗ്രമായി നിരീക്ഷിക്കുക, എന്തുകൊണ്ടെന്നാൽ അവ വിത്തുവിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ കൂട്ടിവെയ്ക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അവയെ പോറ്റുന്നു. നിങ്ങൾ ഇവയെക്കാൾ വിശേഷതയുള്ളവരല്ലയോ?” യേശു തുടർന്നു പറഞ്ഞു: “കൂടാതെ, വസ്ത്രത്തെക്കുറിച്ച് നിങ്ങൾ ഉൽക്കണ്ഠപ്പെടുന്നതെന്തുകൊണ്ട്? വയലിലെ താമരകളിൽനിന്ന് ഈ പാഠം പഠിക്കുക, അവ എങ്ങനെ വളരുന്നു, അവ അദ്ധ്വാനിക്കുന്നില്ല, അവ നൂൽക്കുന്നുമില്ല. എന്നാൽ ശലോമോൻ പോലും അവന്റെ സകല മഹത്വത്തിലും ഇവയിലൊന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 6:26, 28, 29.
ദൈവം പക്ഷികൾക്കും താമരകൾക്കും വേണ്ടി ഇത്രയധികം കരുതുന്നെങ്കിൽ അവൻ നമുക്കുവേണ്ടി നിശ്ചയമായും കരുതുകയില്ലേ? അവൻ നമ്മുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുകയില്ലേ? അതുകൊണ്ടാണ് ബൈബിൾ ദൈവത്തെ “പ്രാർത്ഥന കേൾക്കുന്നവൻ” എന്ന് വിളിക്കുന്നത്. (സങ്കീർത്തനം 65:2) നാം അവനോട് വിശ്വാസത്തോടെ, “അവന്റെ ഇഷ്ടപ്രകാരം എന്ത് അപേക്ഷിച്ചാലും അവൻ നമ്മെ കേൾക്കുന്നു” എന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു! (1 യോഹന്നാൻ 5:14) ഇത് തങ്ങളുടെ സംഗതിയിൽ സത്യമാണെന്ന് പല യുവാക്കളും കരുതുന്നു.
കെയ് എന്ന ഒരു യുവതി ഇപ്രകാരം പറയുന്നു: “വളരെ സന്തുഷ്ടയായിരിക്കാൻ പ്രാർത്ഥന എന്നെ സഹായിക്കുന്നു. നിങ്ങളുടെ ആന്തരിക വികാരങ്ങൾ ആരോടെങ്കിലും തുറന്നു പറയുന്നതുപോലെ നിങ്ങൾക്ക് തോന്നും. യഹോവ ഗ്രാഹ്യമുള്ളവനാണ്. അവന് മാത്രമേ നിങ്ങളെ സഹായിക്കാൻ കഴിയു. അതുകൊണ്ട് കാര്യങ്ങൾ തുറന്നുപറയാൻ യഹോവയെക്കാൾ മെച്ചപ്പെട്ട മറ്റാരുമില്ല.” അതുപോലെ, തന്റെ പ്രാർത്ഥന കേൾക്കപ്പെടുന്നുണ്ടെന്ന് യുവതിയായ പെഗ്ഗി (ആരംഭത്തിൽ പരാമർശിച്ച വ്യക്തിയല്ല) കരുതുന്നു. വ്യക്തിപരമായ ഒരു പ്രശ്നം അവൾ കൈകാര്യം ചെയ്തതെങ്ങനെയെന്ന് ശ്രദ്ധിക്കുക: “ഞാൻ അതിനെക്കുറിച്ച് കരഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ ഒരിക്കൽ കരച്ചിൽ നിർത്തിക്കഴിഞ്ഞപ്പോൾ ഞാൻ യഹോവയോട് സംസാരിക്കുന്നതായി എന്നെത്തന്നെ കണ്ടെത്തി. അവൻ എന്റെയടുത്തിരുന്ന് എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുന്നതുപോലെ എനിക്ക് തോന്നി.”
പ്രാർത്ഥന സഹായിക്കുന്ന വിധം
ഈ ചെറുപ്പക്കാർ സങ്കീർത്തനക്കാരന്റെ ബുദ്ധ്യുപദേശം പിൻപറ്റാൻ പഠിച്ചു: “നിങ്ങളുടെ ഭാരം യഹോവയിലേക്കിടുക.” (സങ്കീർത്തനം 55:22) എന്നാൽ പ്രാർത്ഥന വൈകാരികാശ്വാസത്തെക്കാൾ കൂടുതൽ പ്രയോജനങ്ങൾ കൈവരുത്തുന്നു. ഒരു യുവതിയായ മറിയ തന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്ന് പറയുന്നു: “എനിക്ക് പ്രശ്നങ്ങളുള്ളപ്പോഴെല്ലാം മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി എനിക്ക് യഹോവയിലേക്ക് തിരിയാൻ കഴിയും. അവൻ എന്നെ സഹായിക്കും എന്നെനിക്കറിയാം.”
പെഗ്ഗി, കെയ് എന്നിവരെപ്പോലെ മറിയയും യഹോവയുടെ ഒരു സാക്ഷിയാണ്. ഇവർ മൂവരും കുറെക്കാലത്തെ ബൈബിൾ പഠനത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവവുമായി വ്യക്തിപരമായ ഒരടുത്തബന്ധം വികസിപ്പിച്ചെടുത്തിരിക്കുന്നു. ഈ ചെറുപ്പക്കാർക്ക് ദൈവം വാസ്തവത്തിൽ “ഒരു സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റം അടുത്ത ഒരു തുണയുമാകുന്നു.” (സങ്കീർത്തനം 46:1) എന്നാൽ തന്റെ പ്രശ്നങ്ങൾ അത്ഭുതകരമായി നീക്കപ്പെടാൻ മറിയ പ്രാർത്ഥിക്കുന്നില്ലെന്ന് കുറിക്കൊള്ളുക. പകരം, അവൾ “മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി” പ്രാർത്ഥിക്കുന്നു. ഇത് പ്രാർത്ഥനയുടെ ഒരടിസ്ഥാനതത്വത്തിലേക്ക് വിരൽചൂണ്ടുന്നു.
യാക്കോബ് 1:2-5-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “എന്റെ സഹോദരൻമാരേ, നിങ്ങൾക്ക് വിവിധ പീഡാനുഭവങ്ങൾ നേരിടുമ്പോൾ അതെല്ലാം സന്തോഷമെന്നു പരിഗണിച്ചുകൊൾക. നിങ്ങളുടെ വിശ്വാസത്തിന്റെ ഈ പരിശോധിക്കപ്പെട്ട ഗുണം സഹിഷ്ണുത കൈവരുത്തുന്നുവെന്ന് നിങ്ങൾക്ക് അറിവുള്ളതുകൊണ്ടുതന്നെ. . . . അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവുണ്ടെങ്കിൽ അവൻ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ അവൻ നിന്ദിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നു. അത് അവന് നൽകപ്പെടുകയും ചെയ്യും.” “വിവിധ പീഡാനുഭവങ്ങളിൽ”നിന്ന് ഒഴിഞ്ഞു മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ യാക്കോബ് നമ്മെ പ്രോത്സാഹിപ്പിച്ചില്ല. എന്നാൽ ആ പീഡാനുഭവത്തെ നേരിടുന്നതിനുള്ള ജ്ഞാനത്തിനായി നമുക്ക് “ദൈവത്തോട് ചോദിച്ചുകൊണ്ടിരിക്കാം.” ആ ജ്ഞാനത്തിനുവേണ്ടി ചോദിക്കുന്നതിനാൽ നമ്മെ ഒരു മൂഢൻ എന്നനിലയിൽ ദൈവം ‘നിന്ദിക്കു’ന്നില്ല. പകരം, അത്തരം ജ്ഞാനം ഔദാര്യമായി നൽകപ്പെടു”മെന്ന് അവൻ നമുക്ക് വാഗ്ദാനം ചെയ്യുന്നു.
അങ്ങനെയെങ്കിൽ, നിങ്ങൾ ഒരു വിഷമമേറിയ സാഹചര്യത്തെ—അദ്ധ്യാപകനുമായി ഒരു പ്രശ്നം, അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുമായി ഒരു ഭിന്നത—അഭിമുഖീകരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. കുറഞ്ഞപക്ഷം, ദൈവദൃഷ്ടിയിൽ പ്രധാനമായതിൽ നിങ്ങളുടെ മനസ്സും ഹൃദയവും കേന്ദ്രീകരിക്കാൻ പ്രാർത്ഥന നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ പ്രശ്നത്തെ ശരിയായി വീക്ഷിക്കാൻ നിങ്ങളെ സഹായിക്കും. പരിശുദ്ധാത്മാവ് ‘അവൻ നിങ്ങളെ പഠിപ്പിച്ചതെല്ലാം ഓർമ്മപ്പെടുത്തു’മെന്നും യേശു വാഗ്ദാനം ചെയ്തു. (യോഹന്നാൻ 14:26) സമാനമായി, നിങ്ങൾ മാർഗ്ഗനിർദ്ദേശത്തിനായി പ്രാർത്ഥിക്കുന്നെങ്കിൽ, ദൈവത്തിന് നിങ്ങളുടെ പ്രശ്നത്തോട് ബന്ധപ്പെട്ട ദൈവിക തത്വങ്ങളോ തിരുവെഴുത്തുകളോ ഓർമ്മയിലേക്കു വരുത്താൻ കഴിയും. നിശ്ചയമായും ദൈവം നിങ്ങളുടെ പക്ഷത്തെ കുറെ ശ്രമവും പ്രതീക്ഷിക്കും—അതായത് ബൈബിളിൽ ഗവേഷണം ചെയ്യുന്നതും പക്വതയുള്ള ബുദ്ധിയുപദേശം തേടുന്നതും ചിലപ്പോൾ “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകിക്കൊണ്ട്, ദൈവത്തിന് നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നതിനു കഴിയും. അങ്ങനെ നിങ്ങൾക്ക് അവ സഹിക്കാവതാകും.—2 കൊരിന്ത്യർ 4:7.
ദൈവത്തോട് പ്രാർത്ഥിക്കേണ്ട വിധം
നിങ്ങൾ ദൈവവുമായി ഒരു അടുത്ത സൗഹൃദം ആസ്വദിക്കുന്നതിനും അവൻ നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നുവെന്ന് അറിയുന്നതിനും ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ കെയ്, പെഗ്ഗി, മറിയ എന്നിവരെപ്പോലെ നിങ്ങളും ബൈബിൾ പഠിച്ചുതുടങ്ങണം. ഇത് യഹോവയാം ദൈവത്തിന്റെ വ്യക്തിത്വ ഗുണങ്ങൾ അറിയുന്നതിന് നിങ്ങളെ സഹായിക്കും. ദൈവം വളരെ സ്നേഹവാനും ദയാലുവുമാണെന്ന് നിങ്ങൾ അറിയുമ്പോൾ അവനെ പ്രാർത്ഥനയിൽ സമീപിക്കാൻ നിങ്ങൾക്ക് വലിയ ആഗ്രഹം തോന്നും.
‘എന്നാൽ ഞാൻ അവനോട് പറയുന്നത് എന്താണ്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ദൈവത്തോടുള്ള പ്രാർത്ഥന ഒരടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതുപോലെയായിരിക്കാൻ കഴിയും. നിങ്ങളുടെ മനസ്സിൽ വലിയ ഒരു പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ അടുത്ത കൂട്ടുകാരനോട് തുറന്നുപറയുകയില്ലേ? നിങ്ങളുടെ ആന്തരിക വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുകയില്ലേ? ദൈവം നിങ്ങൾക്ക് ആശ്രയിക്കാൻ കൊള്ളാവുന്ന ഒരു സുഹൃത്താണ്. നിങ്ങളുടെ ആഴമേറിയ ചിന്തകൾ തുറന്നു പറഞ്ഞാൽ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ അവൻ നിങ്ങളെ മനസ്സിലാക്കും. അവന് ഏതൊരു മനുഷ്യനെക്കാളും കൂടുതൽ ജ്ഞാനവും ശക്തിയുമുള്ളതിനാൽ അവന് നിങ്ങളെ വാസ്തവമായി സഹായിക്കാൻ കഴിയും!
എന്നാൽ നിങ്ങളുടെ പ്രാർത്ഥനയുടെ പ്രമുഖ വിഷയം എല്ലായ്പ്പോഴും നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കണമോ? കർത്തൃപ്രാർത്ഥന എന്നറിയപ്പെടുന്ന ഒരു മാതൃകപ്രാർത്ഥന യേശു നമുക്ക് നൽകി. നാം അത് ബൈബിളിൽ മത്തായി 6:9-13-ൽ കാണുന്നു. പ്രഥമ പ്രധാന സംഗതി ദൈവനാമത്തിന്റെ—യഹോവ—വിശുദ്ധീകരണം (അല്ലെങ്കിൽ വിശുദ്ധമാക്കൽ) ആയിരുന്നു. അടുത്തത് ദൈവരാജ്യം (അല്ലെങ്കിൽ സ്വർഗ്ഗീയ ഗവൺമെൻറ്) വരുന്നതും ദൈവേഷ്ടം സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും ചെയ്യപ്പെടുന്നതുമായിരുന്നു. ഈ പ്രമുഖ കാര്യങ്ങൾ ചർച്ച ചെയ്തശേഷം മാത്രമാണ് യേശു ആഹാരം, ക്ഷമതേടൽ, പരിശോധന സഹിക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്. നിങ്ങളുടെ പ്രാർത്ഥനകളും ഇതേ പ്രാമുഖ്യതകൾ പ്രതിഫലിപ്പിക്കണം. നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ മാത്രം ചിന്തയുള്ളവരല്ലെന്ന് ദൈവത്തെ കാണിക്കുക.
എന്നിരുന്നാലും, യേശു മുന്നറിയിപ്പു നൽകി: “എന്നാൽ പ്രാർത്ഥിക്കുമ്പോൾ ജനതകളിലെ ആളുകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും പറയരുത്, എന്തുകൊണ്ടെന്നാൽ അവർ അനേകം വാക്കുകൾ ഉപയോഗിക്കുന്നതുകൊണ്ട് അവർ കേൾക്കപ്പെടുമെന്ന് അവർ സങ്കൽപ്പിക്കുന്നു.” (മത്തായി 6:7) സുദീർഘവും സങ്കീർണ്ണവുമായ പ്രാർത്ഥനകൾ ദൈവത്തെ ആകർഷിക്കുന്നില്ല. ഒരു പുസ്തകത്തിൽ നിന്ന് വായിക്കുന്ന പ്രാർത്ഥനകളും പ്രാസനിബദ്ധമായ പ്രാർത്ഥനകളും അവനെ ആകർഷിക്കുന്നില്ല. വാക്കുകളുടെ തെരഞ്ഞെടുപ്പ് പ്രധാനമല്ല. സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുക.” (സങ്കീർത്തനം 62:8) നിങ്ങൾ തരണം ചെയ്യാൻ കഠിനമായി ശ്രമിക്കുകയും അതേസമയം ഇപ്പോഴും നിങ്ങളിൽ കുടികൊള്ളുന്നതുമായ ഏതെങ്കിലും ബലഹീനതകൾ നിങ്ങൾക്കുണ്ടോ? നിങ്ങളെ അസന്തുഷ്ടരാക്കുന്ന എന്തെങ്കിലും കുടുംബപ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ? ദിവ്യസഹായത്തിനുവേണ്ടി ദൈവമുമ്പാകെ “ഹൃദയം പകരാൻ” കഴിയുന്ന ചില കാര്യങ്ങളാണിവ.
അതേസമയം നാം ദൈവത്തിന്റെ ഉത്തരം സ്വീകരിക്കാൻ മനസ്സുള്ളവരായിരിക്കുകയും വേണം. നിങ്ങൾ കാണാത്ത കാര്യങ്ങൾ തന്റെ ജ്ഞാനത്താൽ യഹോവ കണ്ടേക്കാം. അതുകൊണ്ട് നിങ്ങൾ എന്തെങ്കിലും ആവശ്യപ്പെട്ടിട്ട് നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ യഹോവ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് അതിനർത്ഥമില്ല. ഒരുപക്ഷേ നിങ്ങൾ അപേക്ഷിച്ചത് നിങ്ങൾക്ക് നിലനിൽക്കുന്ന പ്രയോജനം ചെയ്യുന്നതല്ലായിരിക്കാം. സദൃശവാക്യം പറഞ്ഞപ്രകാരം: “നിങ്ങളുടെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക. നിങ്ങളുടെ സ്വന്തവിവേകത്തിൽ ഊന്നരുത്.” (സദൃശവാക്യം 3:5) അതിനെക്കുറിച്ച് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുക, നിങ്ങൾക്ക് അന്തിമമായി ദൈവിക മാർഗ്ഗനിർദ്ദേശം ലഭിക്കും.
പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിന്റെ ഒരു നിരന്തര ഭാഗമായിത്തീരുമ്പോൾ അതിന് നിങ്ങളെ യഹോവയാം ദൈവവുമായുള്ള ഒരു അടുത്ത സന്തുഷ്ടബന്ധത്തിലേക്ക് വരുത്താൻ കഴിയും. അത് ഒരു നിധിതന്നെയാണ്. ഇതിനോടകം പ്രാർത്ഥനയുടെ ഈ സ്വഭാവം വികസിപ്പിച്ചിട്ടില്ലെങ്കിൽ, അത് തുടങ്ങാനുള്ള നല്ലോരു സമയം ഇതാണ്. അവനുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സംബന്ധിച്ച് എന്തുകൊണ്ട് അവനോട് പ്രാർത്ഥിച്ചുകൂടാ? അവൻ നിശ്ചയമായും നിങ്ങളെ സഹായിക്കും.—യാക്കോബ് 4:8. (g87 3/22)
[23-ാം പേജിലെ ചിത്രം]
“എനിക്ക് പ്രശ്നമുള്ളപ്പോഴെല്ലാം മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിലേക്ക് തിരിയാൻ കഴിയും. അവൻ എന്നെ സഹായിക്കുമെന്ന് എനിക്കറിയാം.”