ബൈബിളിന്റെ വീക്ഷണം
യഹോവയുടെ സാക്ഷികൾ—മറ്റു മതങ്ങളിൽ നിന്നും വിഭിന്നർ
“നോക്ക്, ഞാൻ തിരക്കിലാണ്, മാത്രമല്ല ഞാൻ യഹോവയുടെ സാക്ഷികളുമായി ഒരിക്കലും സംസാരിക്കാറുമില്ല.” അതായിരുന്നു ഒരു യഹോവയുടെ സാക്ഷി വാതിൽക്കൽ മുട്ടിയപ്പോഴുള്ള ഗൃഹനാഥന്റെ പ്രതികരണം.
സന്ദർശകൻ ദയാപൂർവ്വം പ്രതിവചിച്ചു: “നിങ്ങൾക്ക് തിരക്കാണ് എന്നു പറഞ്ഞത് ഞാൻ സമ്മതിച്ചു, എന്നാൽ ഞങ്ങളോട് സംസാരിക്കില്ല എന്നു നിങ്ങൾ പറയുന്നതെന്തുകൊണ്ടാണെന്ന് മാത്രം ഒന്നു ചോദിക്കട്ടെ?” പറയപ്പെട്ട കാരണങ്ങളെല്ലാം യഹോവയുടെ സാക്ഷികൾ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച കേവലം തെറ്റിദ്ധാരണകൾ മാത്രമാണെന്നു തെളിഞ്ഞു. ഇവ ദുരീകരിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു നല്ല സംഭാഷണം സാദ്ധ്യമായിത്തീർന്നു.
യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? അവരെ ഇതര മതങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നതെന്തെന്നും അതിന് നിങ്ങൾക്കുള്ള പ്രാധാന്യവും നിങ്ങൾക്ക് അറിയാമോ?
അവരുടെ വിശ്വാസങ്ങൾ
അവരുടെ വിശ്വാസങ്ങൾ—പാരമ്പര്യങ്ങളോ പുറജാതി ആശയങ്ങളോ ദേശീയത്വപരമായ ആദർശങ്ങളോ ആയി കൂടിക്കലരാത്ത—ദൈവത്തിന്റെ തെറ്റുപറ്റാത്ത നിശ്വസ്തവചനം എന്ന് തങ്ങൾ വിശ്വസിക്കുന്ന ബൈബിളിൽ പരിപൂർണ്ണമായി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതാണ് അടിസ്ഥാന വിശ്വാസങ്ങളിൽ ഉള്ള ചില പ്രധാന വ്യത്യാസങ്ങൾക്കു കാരണം.
ദിവ്യനാമത്തിന്റെ ഉപയോഗം: യഹോവ, ചിലർക്ക് യാഹ്വേ, എന്ന നാമം വിചിത്രമായി തോന്നിയേക്കാം, എങ്കിലും ബൈബിളിൽ അത് 7,000-ത്തിലധികം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് ദൈവാരാധകർ അവന്റെ വ്യക്തിപരമായ നാമം അറിയുന്നതിനും അതിനെ ഉപയോഗിക്കുന്നതിനും പ്രതീക്ഷിക്കപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. (സങ്കീർത്തനം 83:18) ക്രിസ്ത്യാനികൾ “അവന്റെ നാമത്തിനുവേണ്ടിയുള്ള ഒരു ജനത” ആകയാൽ, തന്റെ ശിഷ്യരെ പഠിപ്പിക്കുന്നതിൽ യേശു അതുപയോഗിച്ചു. (പ്രവൃത്തികൾ 15:14; യോഹന്നാൻ 17:26) ഇതിന്റെ വീക്ഷണത്തിൽ, ഈ നാമം ഉപയോഗിക്കുന്നത് നിമിത്തം യഹോവയുടെ സാക്ഷികളെ ഒരു വിചിത്ര ജനതയായി വീക്ഷിക്കുന്നതിനു പകരം, ഇതരമതങ്ങൾ എന്തുകൊണ്ട് സ്ഥിരമായി അതുപയോഗിക്കുന്നില്ല എന്നു ചോദിക്കുന്നതല്ലേ ഏറെ ഉചിതം?—മലാഖി. 3:16.
ദൈവരാജ്യം: ഒരു യഥാർത്ഥ ഗവൺമെൻറ്—സ്വർഗ്ഗീയം എങ്കിലും—ക്രിസ്തുയേശു രാജാവായിട്ടുള്ളതും ഭൂമിമേൽ ആധിപത്യമുള്ളതുമായത്. അത് കേവലം ‘ഹൃദയത്തിലുള്ള എന്തോ ഒന്ന്’ അല്ല. “ഗവൺമെൻറ് അവന്റെ (ക്രിസ്തുവിന്റെ) തോളിൽ ആയിരിക്കും. (യെശയ്യാവ് 9:6, 7 പരിഷ്കൃത പ്രമാണ ഭാഷാന്തരം) അത് ദൈവത്തിന്റെ ന്യായമായ പരമാധീശത്വത്തെ സംസ്ഥാപിക്കും. എന്നെന്നേയ്ക്കുമായി ഐക്യവും ലോകസമാധാനവും പുനഃസ്ഥാപിച്ചുകൊണ്ട് അവൻ “ . . . ഈ (മാനുഷ) രാജ്യങ്ങൾക്കെല്ലാം ഒരു അവസാനം വരുത്തുന്ന ഒരു രാജ്യം സ്ഥാപിക്കും.”—ദാനിയേൽ 2:44.
മാനുഷദേഹി: ദേഹത്തിന്റെ മരണത്തെ എങ്ങനെയോ അതിജീവിക്കുന്ന അമൂർത്തവും അമർത്ത്യവുമായ എന്തോ ഒന്നല്ല, പ്രത്യുത, ആ വ്യക്തിതന്നെ അഥവാ, അവൻ ആസ്വദിക്കുന്ന ജീവൻ. സൃഷ്ടിച്ചപ്പോൾ “മനുഷ്യൻ ജീവനുള്ള ദേഹി ആയിത്തീർന്നു.” (ഉല്പത്തി 2:7; 1 കൊരിന്ത്യർ 15:45) “ദേഹിയുടെ അമർത്ത്യത പുരാതന ആഭിചാര വ്യവസ്ഥകളിൽ രൂപം കൊണ്ടതും തത്വജ്ഞാനിയായ പ്ലേറ്റോ വിപുലീകരിച്ചതുമായ ഒരു ഗ്രീക്ക് സങ്കൽപ്പമാണ്.” (പ്രസ്ബിറ്റേറയൻ ജീവിതം, മെയ് 1, 1970) അതുകൊണ്ട് മരിച്ചവർ എങ്ങും യഥാർത്ഥത്തിൽ കഷ്ടം അനുഭവിക്കുന്നില്ല. അവർ നിദ്രയിലാണ്. (സഭാപ്രസംഗി 9:5, 10) മരിച്ചവർക്ക് ഒരു ഭാവി ജീവിതത്തിനുള്ള പ്രത്യാശ, ഒരു മറുവിലയാഗം എന്നനിലയിലുള്ള ക്രിസ്തുയേശുവിന്റെ പങ്കിൽ കേന്ദ്രീകരിച്ചും, ഒരു പുനരുത്ഥാനത്തിനായുള്ള ദൈവത്തിന്റെ പ്രീതി ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചും ഇരിക്കുന്നു—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 17:31; 24:15; 1 കൊരിന്ത്യർ 15:13, 14)
ഭൂമിയുടെ ഭാവി: ഭൂമി, ദൈവത്തിന്റെ കൈയാലോ അല്ലെങ്കിൽ ഒരു ന്യൂക്ലിയർ സംഹാരത്താലോ ഒരു നിർജ്ജീവമായ കരിക്കട്ടയായി മാറുകയില്ല. ദൈവം “അതിനെ യാതൊന്നിനും വേണ്ടിയല്ലാതെ വെറുതെ സൃഷ്ടിച്ചില്ല.” അവൻ “നിവസിക്കപ്പെടുന്നതിന് അതിനെ നിർമ്മിച്ചു.” (യെശയ്യാവ് 45:18; സഭാപ്രസംഗി 1:4) അവന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിർവ്വഹിക്കപ്പെടുന്നത്” ദൈവരാജ്യം ശ്രദ്ധിക്കുന്നതായിരിക്കും. (മത്തായി 6:10) എന്നിട്ട്, “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കി എന്നേക്കും അതിൽ വസിക്കുകയും ചെയ്യും.”—സങ്കീർത്തനം 37:29.
അത്തരം വിശ്വാസങ്ങളെ ആശ്ലേഷിക്കുന്നവർക്ക് ദൈവത്തോടും ജീവിതത്തോടും സഹമനുഷ്യനോടും ഉള്ള മനോഭാവത്തിൽ മാറ്റം അനുഭവപ്പെടും. ജീവിതത്തിന് ഉദ്ദേശ്യവും അർത്ഥവും ഉണ്ടാകുന്നു.
അവരുടെ അനുഷ്ഠാനങ്ങൾ
ഇവയും ബൈബിളിൽ അധിഷ്ഠിതമാണ്. അവയിൽ ചിലത് വിചിത്രമെന്ന് വീക്ഷിച്ചേക്കാമെങ്കിലും ഈ അനുഷ്ഠാനങ്ങൾ സത്യാരാധനയുടെ പ്രധാനപ്പെട്ട തിരിച്ചറിയിക്കൽ അടയാളങ്ങളാണ്.
പരസ്യശുശ്രൂഷ: അനേകർ ഇതിനെ പ്രവർത്തനത്തിലും സംഘടനയിലും ഉള്ള ഒരു മുഖ്യ വ്യത്യാസമായി ഉയർത്തിക്കൊണ്ടുവരാറുണ്ട്. എങ്കിലും, ഈ വേലയിൽ യഹോവയുടെ സാക്ഷികൾ “പോയി . . . ശിഷ്യരാക്കുക” എന്ന യേശുവിന്റെ കല്പന അനുസരിക്കുന്നു. അപ്പോസ്തലിക മാതൃക അനുകരിച്ചുകൊണ്ട്, ശുശ്രൂഷകരായി യോഗ്യത പ്രാപിക്കുന്ന ഏവർക്കും “പരസ്യമായും വീടുതോറും” പഠിപ്പിക്കാൻ കഴിയും. (മത്തായി 28:19, 20; പ്രവൃത്തികൾ 20:20) ചില സഭകൾക്ക് പരമ്പരാഗതമായ പുരോഹിത—അയ്മേനി തിരിവുണ്ട്, പക്ഷേ “ . . . ഈ ‘തട്ട്—വിഭജന’ വേർതിരിവിന് അല്പംപോലും ന്യായീകരണമില്ല;” എന്ന് തിയോളജി റ്റുഡേ പ്രസ്താവിക്കുന്നു. പ്രത്യുത, എൻസൈക്ലോപീഡിയ കനേഡിയാനാ പറയുന്നപ്രകാരം: “യഹോവയുടെ സാക്ഷികളുടെ വേല, ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ യേശുവും അവന്റെ ശിഷ്യൻമാരും ആചരിച്ചിരുന്ന ആദിമ ക്രിസ്ത്യാനിത്വത്തിന്റെ പുനരുജ്ജീവനവും പുനസ്ഥാപനവുമാണ്. . . . സകലരും സഹോദരങ്ങളാണ്.”
ക്രിസ്തീയ നിഷ്പക്ഷത: ഈ കാര്യം സംബന്ധിച്ച് അല്പമേ അറിയപ്പെടുന്നുള്ളുവെങ്കിൽതന്നെയും യഹോവയുടെ സാക്ഷികൾ രാഷ്ട്രീയം സംബന്ധിച്ചും തന്റെ സഹമനുഷ്യനെ ദ്വേഷിക്കാൻ ഇടയാക്കുന്ന ഏറ്റുമുട്ടലിന്റെ എല്ലാ രൂപങ്ങൾ സംബന്ധിച്ചും നിഷ്പക്ഷരായി നിലകൊള്ളുന്നു. (യോഹന്നാൻ 18:36; യെശയ്യാവ് 2:2-4) ആദിമ ക്രിസ്ത്യാനികളെ സംബന്ധിച്ച് ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ പറയുന്നു: “അവർ സാമ്രാജ്യത്തിന്റെ ആഭ്യന്തര ഭരണകാര്യത്തിലോ സൈനിക പ്രതിരോധത്തിലോ എന്തെങ്കിലും പങ്കുവഹിക്കുന്നതിന് വിസമ്മതിച്ചിരുന്നു.” അതുകൊണ്ട്, മൗലികമായി ആദ്യം കാണപ്പെടാവുന്നത് യഥാർത്ഥത്തിൽ ലോകത്തിന്റെ ഭാഗമല്ലാതെ ആയിരിക്കേണ്ടുന്നവരുടെ സമാധാനപരമായ പങ്കാണ്.”—യോഹന്നാൻ 17:16.
വർഗ്ഗീയത: “വർഗ്ഗവിവേചനം—ചില സഭകളിൽ ഇപ്പോഴും ഒരു പ്രശ്നമായിരിക്കുന്നു—യഹോവയുടെ സാക്ഷികൾക്കു ഒരു പ്രശ്നമല്ല, എന്ന് ദക്ഷിണ ഐക്യനാടുകളിലെ ഒരു വർത്തമാനപത്രം പ്രസ്താവിക്കുകയുണ്ടായി. തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളോടുള്ള യഥാർത്ഥസ്നേഹം ഒരു ലോകവ്യാപക സാഹോദര്യത്തിൽ അവരെ ഒന്നിപ്പിക്കുന്നു. മറ്റേതൊരുവനെയുംപോലെ അപൂർണ്ണരാണെങ്കിലും, അവർ തങ്ങളുടെ ഇടയിൽ തന്നെ യേശുവിന്റെ പഠിപ്പിക്കൽ ബാധകമാക്കാൻ യത്നിക്കുന്നു: “നിങ്ങളുടെ ഇടയിൽതന്നെ സ്നേഹമുണ്ടെങ്കിൽ, ഇതിനാൽ നിങ്ങളെന്റെ സാക്ഷികളാകുന്നുവെന്ന് സകലരുമറിയും.”—യോഹന്നാൻ 13:35.
അവരെ അറിയാൻ ശ്രമിക്കുക.
തീർച്ചയായും, യഹോവയുടെ സാക്ഷികളെ ഗുണകരമായി വിഭിന്നരാക്കുന്ന എല്ലാകാര്യങ്ങളും ഇവിടെ ചർച്ച ചെയ്തിട്ടില്ല. ആയതിനാൽ എന്തുകൊണ്ട് ഈ ക്രിസ്ത്യാനികളെ ഒന്നു മെച്ചമായി അറിയാൻ ശ്രമിച്ചുകൂടാ? ഒരു സന്തുഷ്ടമായ വർത്തമാന ഭാവി ജീവിതങ്ങൾക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രതീക്ഷകൾ, ദൈവത്തിന്റെ മാനദണ്ഡങ്ങളിലെത്തിച്ചേരാൻ അവശ്യം വിഭിന്നം ആയിരിക്കേണ്ടുന്ന മതത്തെ കൃത്യമായി തിരിച്ചറിയുന്നതിൽ ബന്ധപ്പെട്ടിരിക്കുന്നു.—മത്തായി 7:21. (g87 2/8)